വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രബോധിപ്പിക്കുന്നതിൽ അർപ്പിതനായിരിക്കുക’

‘പ്രബോധിപ്പിക്കുന്നതിൽ അർപ്പിതനായിരിക്കുക’

‘പ്രബോധിപ്പിക്കുന്നതിൽ അർപ്പിതനായിരിക്കുക’

ശിഷ്യന്മാരോടുള്ള യേശുവിന്റെ പിൻവരുന്ന വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌’ എന്നും വിളിക്കുന്നു. അതു ശരിതന്നെ; കാരണം, ഞാൻ അങ്ങനെയാണ്‌.” (യോഹ. 13:13) താൻ ഒരു അധ്യാപകനാണെന്ന കാര്യം ഊന്നിപ്പറയുകയായിരുന്നു അവൻ. സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ്‌ അവൻ തന്റെ അനുഗാമികളോട്‌ ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ.” (മത്താ. 28:19, 20) അപ്പൊസ്‌തലനായ പൗലോസും, ദൈവവചനം പഠിപ്പിക്കുന്നവരായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയുണ്ടായി. അവൻ ക്രിസ്‌തീയ മൂപ്പനായ തിമൊഥെയൊസിനെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “പരസ്യമായി വായിക്കുന്നതിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നതിലും അർപ്പിതനായിരിക്കുക. . . . ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക; ഇവയിൽ വ്യാപൃതനായിരിക്കുക. അങ്ങനെ, നിന്റെ അഭിവൃദ്ധി സകലരും കാണാൻ ഇടയാകട്ടെ.”—1 തിമൊ. 4:13-15.

അന്നത്തെപ്പോലെ ഇന്നും നമ്മുടെ വയൽശുശ്രൂഷയുടെയും ക്രിസ്‌തീയയോഗങ്ങളുടെയും ഒരു മുഖ്യ സവിശേഷതയാണ്‌ അധ്യാപനം. നമുക്കെങ്ങനെ ‘പ്രബോധിപ്പിക്കുന്നതിൽ’ അർപ്പിതരായിരിക്കാൻ കഴിയും? അങ്ങനെ ചെയ്യുന്നത്‌, ദൈവവചനം പഠിപ്പിക്കുന്നതിൽ ‘അഭിവൃദ്ധിപ്പെടാൻ,’ പഠിപ്പിക്കൽ പ്രാപ്‌തികൾ മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌?

മഹാനായ അധ്യാപകനെ അനുകരിക്കുക

യേശുവിന്റെ പഠിപ്പിക്കൽ രീതി അവന്റെ ശ്രോതാക്കളിൽ പലരെയും ആകർഷിച്ചു. ഒരിക്കൽ നസറെത്തിലെ സിനഗോഗിൽ കൂടിവന്നവരിൽ അവന്റെ വാക്കുകൾ എന്തു പ്രഭാവംചെലുത്തി എന്നു നോക്കുക. സുവിശേഷ എഴുത്തുകാരനായ ലൂക്കോസ്‌ അതേക്കുറിച്ച്‌ ഇപ്രകാരം രേഖപ്പെടുത്തുന്നു: “എല്ലാവരും അവനെക്കുറിച്ചു മതിപ്പോടെ സംസാരിച്ചു. അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ കേട്ടു വിസ്‌മയിച്ചു.” (ലൂക്കോ. 4:22) യേശുവിന്റെ ശിഷ്യന്മാർ പ്രസംഗവേലയിൽ തങ്ങളുടെ ഗുരുവിന്റെ മാതൃകയാണ്‌ അനുകരിച്ചിരുന്നത്‌. “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുവിൻ” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. (1 കൊരി. 11:1) യേശുവിന്റെ പഠിപ്പിക്കൽ രീതികൾ അനുകരിച്ചതിനാൽ ‘പരസ്യമായും വീടുതോറും പഠിപ്പിക്കുന്നതിൽ’ പൗലോസ്‌ നിപുണനായിത്തീർന്നു.—പ്രവൃ. 20:20.

“ചന്തസ്ഥലത്ത്‌” പഠിപ്പിക്കുന്നു

പരസ്യമായി പഠിപ്പിക്കാനുള്ള പൗലോസിന്റെ പ്രാപ്‌തി വിളിച്ചോതുന്ന ഒരു വിവരണം പ്രവൃത്തികൾ 17-ാം അധ്യായത്തിൽ നാം കാണുന്നു. ഗ്രീസിലെ ഏഥൻസിൽ പൗലോസ്‌ നടത്തിയ സന്ദർശനത്തെക്കുറിച്ചുള്ളതാണ്‌ അത്‌. ആ നഗരത്തിലെ തെരുവുകളിലാകട്ടെ, പൊതുസ്ഥലങ്ങളിലാകട്ടെ, എവിടെയും ബിംബങ്ങളായിരുന്നു. പൗലോസിന്റെ മനസ്സ്‌ ആകെ അസ്വസ്ഥമായതിൽ അതിശയിക്കാനില്ല! പക്ഷേ അവൻ തന്റെ വികാരങ്ങളെ നിയന്ത്രിച്ചു. ‘അവൻ സിനഗോഗിലും ദിവസേന ചന്തസ്ഥലത്തു കണ്ടുമുട്ടിയവരുമായും ന്യായവാദം ചെയ്‌തുപോന്നു’ എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (പ്രവൃ. 17:16, 17) എത്ര നല്ലൊരു മാതൃക! എല്ലാ പശ്ചാത്തലങ്ങളിലുംപെട്ട ആളുകളോടു നാം സംസാരിക്കുന്നെങ്കിൽ അവരിൽ ചിലരെങ്കിലും ശ്രദ്ധിക്കാനും കാലക്രമത്തിൽ വ്യാജമതത്തിന്റെ കെട്ടുപൊട്ടിച്ച്‌ പുറത്തുകടക്കാനും സാധ്യതയുണ്ട്‌; എന്നാൽ, അവരെ കുറ്റപ്പെടുത്താതെ ആദരവോടെ വേണം സംസാരിക്കാൻ.—പ്രവൃ. 10:34, 35; വെളി. 18:4.

ചന്തസ്ഥലത്ത്‌ പൗലോസ്‌ കണ്ടുമുട്ടിയ പലർക്കും സുവാർത്ത കേൾക്കാൻ അത്ര താത്‌പര്യമുണ്ടായിരുന്നില്ല. പൗലോസ്‌ പ്രസംഗിച്ച സത്യത്തോടു യോജിക്കാത്ത പല തത്ത്വചിന്തകരും അവന്റെ ശ്രോതാക്കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിലർ അവനോട്‌ തർക്കിച്ചു. അപ്പോൾപ്പോലും, അവർ പറഞ്ഞത്‌ അവൻ കണക്കിലെടുത്തു. അവനെ “വിടുവായൻ” (അക്ഷരാർഥം, “വിത്തു കൊത്തിയെടുക്കുന്നവൻ”) എന്ന്‌ ചിലർ വിളിക്കുകയുണ്ടായി. എവിടെനിന്നെങ്കിലുമൊക്കെ അൽപ്പാൽപ്പം വിവരങ്ങൾ ശേഖരിച്ച്‌ അവ പറഞ്ഞുനടക്കുന്നവൻ എന്ന അർഥത്തിലാണ്‌ ഈ വാക്ക്‌ അന്ന്‌ ഉപയോഗിച്ചിരുന്നത്‌. “ഇവൻ അന്യദൈവങ്ങളെക്കുറിച്ചു ഘോഷിക്കുന്നവനാണെന്നു തോന്നുന്നു” എന്ന്‌ മറ്റു ചിലർ പറഞ്ഞു.—പ്രവൃ. 17:18.

ശ്രോതാക്കളുടെ കളിയാക്കിക്കൊണ്ടുള്ള സംസാരമൊന്നും പൗലോസിന്റെ ധൈര്യം ചോർത്തിക്കളഞ്ഞില്ല. മറിച്ച്‌, അവന്റെ “ഉപദേശം” വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ലഭിച്ച അവസരം പാഴാക്കാതെ അവൻ ചിന്തോദ്ദീപകമായ ഒരു പ്രഭാഷണംനടത്തി. അവന്റെ പ്രബോധനപാടവം വിളിച്ചോതുന്ന ഒന്നായിരുന്നു അത്‌. (പ്രവൃ. 17:19-22; 1 പത്രോ. 3:15) ആ പ്രഭാഷണം നമുക്കൊന്ന്‌ വിശദമായി പരിശോധിക്കാം. നമ്മുടെ പ്രബോധനപാടവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പാഠങ്ങൾ അതിലുണ്ട്‌.

യോജിക്കാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തുക

പൗലോസ്‌ പറഞ്ഞു: “ഏഥൻസിലെ പുരുഷന്മാരേ, എല്ലാ വിധത്തിലും മറ്റുള്ളവരെക്കാൾ മതനിഷ്‌ഠയുള്ളവരാണ്‌ നിങ്ങളെന്നു ഞാൻ കാണുന്നു; ഞാൻ . . . നിങ്ങളുടെ ആരാധനാമൂർത്തികളെ നിരീക്ഷിക്കുകയുണ്ടായി; അവയുടെകൂടെ, ‘അജ്ഞാതദേവന്‌’ എന്ന്‌ എഴുതിയിരിക്കുന്ന ഒരു ബലിപീഠവും ഞാൻ കണ്ടു. നിങ്ങൾ പൂജിക്കുന്ന ആ അജ്ഞാതനെക്കുറിച്ചുതന്നെയാണ്‌ ഞാൻ ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നത്‌.”—പ്രവൃ. 17:22, 23.

തന്റെ ചുറ്റുമുണ്ടായിരുന്ന കാര്യങ്ങൾ പൗലോസ്‌ നന്നായി നിരീക്ഷിച്ചു. അതിലൂടെ അവന്‌ തന്റെ ശ്രോതാക്കളെക്കുറിച്ച്‌ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്‌. ചുറ്റുപാടുകൾ നന്നായി നിരീക്ഷിക്കുന്നെങ്കിൽ വീട്ടുകാരനെക്കുറിച്ച്‌ നമുക്കും ചില കാര്യങ്ങൾ മനസ്സിലാക്കാനാകും. മുറ്റത്തു കിടക്കുന്ന കളിപ്പാട്ടങ്ങളോ വാതിൽക്കൽ കാണുന്ന ചിത്രങ്ങളോ ഒക്കെ ഇതിനു നമ്മെ സഹായിച്ചേക്കാം. വീട്ടുകാരന്റെ സാഹചര്യങ്ങളെക്കുറിച്ച്‌ ഒരു ഏകദേശ ധാരണ ലഭിക്കുന്നെങ്കിൽ എന്തു പറയണമെന്നു മാത്രമല്ല, അത്‌ എങ്ങനെ പറയണമെന്നും നമുക്ക്‌ തീരുമാനിക്കാനാകും.—കൊലോ. 4:6.

കുറ്റംവിധിക്കുന്ന രീതിയിലല്ല പൗലോസ്‌ സംസാരിച്ചത്‌. എന്നാൽ ഏഥൻസിലുള്ളവരുടെ ആരാധന ശരിയായ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമല്ലെന്ന്‌ പൗലോസിന്‌ അറിയാമായിരുന്നു. സത്യദൈവത്തെ അവർക്ക്‌ എങ്ങനെ ആരാധിക്കാൻ കഴിയുമെന്ന്‌ പൗലോസ്‌ സ്‌പഷ്ടമായി അവരോടു പറഞ്ഞു. (1 കൊരി. 14:8) ശ്രോതാക്കളെ കുറ്റംവിധിക്കാതെ, എന്നാൽ അതേസമയം സ്‌പഷ്ടമായി രാജ്യസുവാർത്ത ഘോഷിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌.

നയമുള്ളവരായിരിക്കുക, പക്ഷപാതം ഒഴിവാക്കുക

പൗലോസ്‌ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനാകയാൽ കൈപ്പണിയായ ആലയങ്ങളിൽ വസിക്കുന്നില്ല. അവൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നവനായതുകൊണ്ട്‌ അവന്‌ ഒന്നിന്റെയും ആവശ്യമില്ല; ആ നിലയ്‌ക്ക്‌ അവൻ മനുഷ്യകരങ്ങളാൽ ശുശ്രൂഷിക്കപ്പെടേണ്ടതുമില്ല.”—പ്രവൃ. 17:24, 25.

‘സ്വർഗത്തിനും ഭൂമിക്കും നാഥൻ’ എന്നാണ്‌ പൗലോസ്‌ യഹോവയെ പരാമർശിച്ചത്‌ എന്ന കാര്യം ശ്രദ്ധിക്കുക; നയപൂർവം അവൻ ജീവദാതാവായ യഹോവയിലേക്ക്‌ അവരുടെ ശ്രദ്ധതിരിക്കുകയായിരുന്നു. സകല ജീവന്റെയും ഉറവിടം യഹോവയാണെന്ന്‌ മനസ്സിലാക്കാൻ വ്യത്യസ്‌ത മത-സാംസ്‌കാരിക പശ്ചാത്തലങ്ങളിൽപ്പെട്ട സത്യതത്‌പരരെ സഹായിക്കുക—എത്ര വലിയൊരു പദവി!—സങ്കീ. 36:9.

പൗലോസ്‌ അടുത്തതായി ഇങ്ങനെ പറഞ്ഞു: “അവൻ ഒരു മനുഷ്യനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ അധിവാസത്തിന്‌ നിശ്ചിത കാലഘട്ടങ്ങളും അതിർത്തികളും നിർണയിച്ചു; അവർ അവനെ അന്വേഷിക്കേണ്ടതിനും തപ്പിത്തിരഞ്ഞ്‌ അവനെ കണ്ടെത്തേണ്ടതിനുംതന്നെ; അവനോ നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.”—പ്രവൃ. 17:26, 27.

തന്നെ ‘തപ്പിത്തിരഞ്ഞ്‌ കണ്ടെത്താനുള്ള’ അവസരം സകല ജനതകളിലുംപെട്ട ആളുകൾക്ക്‌ യഹോവ പക്ഷപാതം കൂടാതെ നൽകുന്നു. കണ്ടുമുട്ടുന്ന സകലരോടും പക്ഷപാതമില്ലാതെ സംസാരിച്ചുകൊണ്ട്‌, നാം ആരാധിക്കുന്ന ദൈവം എങ്ങനെയുള്ളവനാണെന്ന്‌ നമുക്കു കാണിച്ചുകൊടുക്കാനാകും. സ്രഷ്ടാവിൽ വിശ്വസിക്കുന്ന ആളുകളെ അവനുമായി ഒരു അടുത്തബന്ധത്തിലേക്കുവരാൻ നാം സഹായിക്കുന്നു; അത്‌ അവർക്ക്‌ നിത്യാനുഗ്രഹങ്ങൾ കൈവരുത്തും. (യാക്കോ. 4:8) എന്നാൽ ദൈവമുണ്ടോയെന്ന്‌ സംശയിക്കുന്ന ആളുകളെ നമുക്കെങ്ങനെ സഹായിക്കാനാകും? ഇക്കാര്യത്തിലും നമുക്ക്‌ പൗലോസിന്റെ മാതൃക പിൻപറ്റാം. അവൻ അടുത്തതായി പറഞ്ഞത്‌ എന്താണെന്നു നോക്കുക.

“അവൻ മുഖാന്തരമല്ലോ നാം ജീവിക്കുകയും ചരിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്‌. നിങ്ങളുടെ കവിവര്യന്മാരിൽ ചിലരും, ‘നാം അവന്റെ സന്താനങ്ങളത്രേ’ എന്നു പറഞ്ഞിരിക്കുന്നുവല്ലോ. അങ്ങനെ, നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കെ, . . . പൊന്നിലോ വെള്ളിയിലോ കല്ലിലോ രൂപപ്പെടുത്തിയ എന്തെങ്കിലുംപോലെയാണ്‌ ദൈവം എന്നു വിചാരിക്കരുത്‌.”—പ്രവൃ. 17:28, 29.

ഏഥൻസിലുള്ളവർക്ക്‌ അറിയാമായിരുന്ന, അവർ മാനിച്ചിരുന്ന ചില കവികളുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ പൗലോസ്‌ അവരുടെ ശ്രദ്ധ പിടിച്ചെടുത്തു. സമാനമായി, ശ്രോതാക്കൾ അംഗീകരിക്കാൻ സാധ്യതയുള്ള ചില വസ്‌തുതകൾ പറഞ്ഞുകൊണ്ട്‌ നമുക്ക്‌ സംഭാഷണം തുടങ്ങാവുന്നതാണ്‌. ഉദാഹരണത്തിന്‌, “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ” എന്ന, എബ്രായർക്കുള്ള ലേഖനത്തിൽ പൗലോസ്‌ പറഞ്ഞ ദൃഷ്ടാന്തം ഇന്നും ഫലപ്രദമാണ്‌. (എബ്രാ. 3:4) ലളിതമായ ഈ ദൃഷ്ടാന്തത്തിലൂടെ, യുക്തിയുക്തം ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്‌ ദൈവമുണ്ടെന്ന വസ്‌തുത അംഗീകരിക്കാൻ അവരെ സഹായിച്ചേക്കാം. ഫലപ്രദമായ പഠിപ്പിക്കൽ, പ്രചോദനം പകരുന്നതായിരിക്കും. പൗലോസ്‌ നടത്തിയ പ്രഭാഷണത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു അത്‌.

അടിയന്തിരത ഊന്നിപ്പറയുക

പൗലോസ്‌ പ്രസ്‌താവിച്ചു: “കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ ഗണ്യമാക്കിയില്ലെന്നുള്ളതു ശരിതന്നെ; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും മാനസാന്തരപ്പെടണമെന്ന്‌ അവൻ മനുഷ്യവർഗത്തോടു പറയുന്നു; എന്തെന്നാൽ താൻ നിയമിച്ച ഒരു പുരുഷൻ മുഖാന്തരം ഭൂലോകത്തെ മുഴുവനും നീതിയിൽ ന്യായംവിധിക്കാൻ ഉദ്ദേശിച്ച്‌ അവൻ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു.”—പ്രവൃ. 17:30, 31.

കുറച്ചുകാലത്തേക്കു ദൈവം ദുഷ്ടത അനുവദിച്ചത്‌ അകമേ നാമെല്ലാം എങ്ങനെയുള്ളവരാണെന്നു കാണിക്കാനുള്ള അവസരം നൽകിയിരിക്കുന്നു. ഈ കാലത്തിന്റെ അടിയന്തിരത ഊന്നിപ്പറയേണ്ടതും ആസന്നമായിരിക്കുന്ന ദൈവരാജ്യഭരണത്തിന്റെ അനുഗ്രഹങ്ങളെക്കുറിച്ച്‌ ഉറച്ചബോധ്യത്തോടെ സംസാരിക്കേണ്ടതും അതിപ്രധാനമാണ്‌.—2 തിമൊ. 3:1-5.

പ്രതികരണം പലവിധം

“മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടപ്പോൾ ചിലർ അവനെ പരിഹസിച്ചു. വേറെ ചിലരോ, ‘മറ്റൊരവസരത്തിൽ ഞങ്ങൾക്ക്‌ ഇതിനെക്കുറിച്ച്‌ വീണ്ടും കേൾക്കണമെന്നുണ്ട്‌’ എന്നു പറഞ്ഞു. അങ്ങനെ, പൗലോസ്‌ അവരുടെ മധ്യേനിന്നു പോയി. എന്നാൽ ചില പുരുഷന്മാർ അവനോടു ചേർന്ന്‌ വിശ്വാസികളായിത്തീർന്നു.”—പ്രവൃ. 17:32-34.

ചില ആളുകൾ നാം പഠിപ്പിക്കുന്ന കാര്യങ്ങൾ പെട്ടെന്നു സ്വീകരിച്ചേക്കാം; എന്നാൽ മറ്റുചിലർക്ക്‌ നമ്മുടെ ന്യായവാദങ്ങൾ ബോധ്യമാകാൻ കൂടുതൽ സമയം വേണ്ടിവന്നെന്നുവരും. വ്യക്തവും ലളിതവുമായി നാം സത്യം വിശദീകരിക്കുന്നതു കേട്ട്‌ ഒരാളെങ്കിലും യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം നേടുമ്പോൾ നാം എത്രമാത്രം സന്തോഷിക്കുന്നു! തന്റെ പുത്രനിലേക്ക്‌ ആളുകളെ ആകർഷിക്കാൻ യഹോവ നമ്മെ ഉപയോഗിക്കുകയാണല്ലോ!—യോഹ. 6:44.

നമുക്കുള്ള പാഠങ്ങൾ

പൗലോസിന്റെ ഈ പ്രഭാഷണത്തെക്കുറിച്ച്‌ മനസ്സിരുത്തി ചിന്തിക്കുക; മറ്റുള്ളവർക്ക്‌ ബൈബിൾസത്യം വിശദീകരിച്ചുകൊടുക്കുമ്പോൾ ശ്രദ്ധിക്കാനാകുന്ന പല കാര്യങ്ങളും നമുക്ക്‌ അതിലൂടെ പഠിക്കാം. സഭയിൽ പരസ്യപ്രസംഗങ്ങൾ നടത്താൻ അവസരം ലഭിക്കുമ്പോൾ പൗലോസിനെപ്പോലെ നയചാതുര്യത്തോടെ ഉചിതമായ പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ നമുക്കു ശ്രമിക്കാം; അങ്ങനെയാകുമ്പോൾ, അവിശ്വാസികളായ ആളുകൾ ബൈബിൾസത്യങ്ങൾ ഗ്രഹിക്കാനും സ്വീകരിക്കാനും ഇടയുണ്ട്‌. സത്യം വ്യക്തമായി അവതരിപ്പിക്കുമ്പോൾത്തന്നെ, സദസ്സിലുള്ള അന്യമതസ്ഥരുടെ വിശ്വാസങ്ങളെ വിമർശിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും, ബോധ്യംവരുത്തുന്ന വിധത്തിലും നയചാതുര്യത്തോടെയും സംസാരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ, ‘പ്രബോധിപ്പിക്കുന്നതിൽ അർപ്പിതനായിരിക്കുക’ എന്ന പൗലോസിന്റെ ഉദ്‌ബോധനം അനുസരിക്കുകയായിരിക്കും നാം.

[30-ാം പേജിലെ ചിത്രം]

നയചാതുര്യത്തോടെ വ്യക്തവും ലളിതവുമായി പൗലോസ്‌ പഠിപ്പിച്ചു

[31-ാം പേജിലെ ചിത്രം]

പൗലോസിനെപ്പോലെ നാം ആളുകളുടെ വികാരങ്ങൾ കണക്കിലെടുക്കും