വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ അവസരം പാഴാക്കിയില്ല!

അവർ അവസരം പാഴാക്കിയില്ല!

അവർ അവസരം പാഴാക്കിയില്ല!

നിങ്ങളുടെ സഭാപ്രദേശത്ത്‌ സാക്ഷ്യംനൽകാൻ വീണുകിട്ടിയേക്കാവുന്ന അവസരങ്ങൾക്കായി നിങ്ങൾ നോക്കിപ്പാർത്തിരിക്കാറുണ്ടോ? ഫിൻലൻഡിലെ ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമാണ്‌ റ്റുർക്കൂ. അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ അത്തരമൊരു അവസരം നന്നായി പ്രയോജനപ്പെടുത്തി; അതിന്‌ നല്ല ഫലവും ലഭിച്ചു.

കുറച്ചുനാളുകൾക്കുമുമ്പ്‌, റ്റുർക്കൂവിലെ സഹോദരങ്ങൾ ഒരുകാര്യം നിരീക്ഷിക്കാനിടയായി: ആ പ്രദേശത്തുള്ള ഒരു കപ്പൽശാലയിൽ പണിതുകൊണ്ടിരുന്ന ഒരു വലിയ യാത്രാക്കപ്പലിന്റെ പണിപൂർത്തീകരിക്കാനായി ഏഷ്യക്കാരായ ഒരു കൂട്ടം ജോലിക്കാർ നഗരത്തിലെത്തിയിരിക്കുന്നു. ഇവർ നഗരത്തിൽ എവിടെയാണ്‌ താമസിക്കുന്നതെന്ന്‌ ഒരു സഹോദരൻ കണ്ടുപിടിച്ചു. അതിരാവിലെതന്നെ അവർ ബസ്സിൽ കയറി കപ്പൽശാലയിലേക്കു പോകുമെന്ന കാര്യവും അദ്ദേഹം മനസ്സിലാക്കി. ഒട്ടുംവൈകാതെ സഹോദരൻ റ്റുർക്കൂവിലെ ഇംഗ്ലീഷ്‌ സഭയെ വിവരം അറിയിച്ചു.

രാജ്യസുവാർത്ത പങ്കുവെക്കാനുള്ള ഒരു സുവർണാവസരമാണ്‌ വീണുകിട്ടിയിരിക്കുന്നതെന്ന്‌ ആ സഭയിലെ മൂപ്പന്മാർ തിരിച്ചറിഞ്ഞു. ഉടൻതന്നെ അവർ ഈ വിദേശികളുമായി സുവാർത്ത പങ്കുവെക്കാനുള്ള ക്രമീകരണം ചെയ്‌തു. ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണങ്ങളുമായി പത്തുപ്രസാധകർ ആ ഞായറാഴ്‌ച രാവിലെ ഏഴുമണിക്ക്‌ ബസ്സ്‌സ്റ്റോപ്പിലെത്തി. കുറച്ചുനേരത്തേക്ക്‌ ആരെയും കാണാനില്ലായിരുന്നു. ‘നമ്മൾ താമസിച്ചുപോയോ?’ ‘അവർ പോയിക്കാണുമോ?’ സഹോദരങ്ങൾക്ക്‌ സംശയമായി. പക്ഷേ അപ്പോഴേക്കും ഒരു ജോലിക്കാരൻ നടന്നുവരുന്നത്‌ അവർ കണ്ടു. പുറകെ മറ്റൊരാൾ; പിന്നെ ഓരോരുത്തരായി വന്നുതുടങ്ങി. അധികം വൈകുംമുമ്പ്‌ അവിടമാകെ ജോലിക്കാരെക്കൊണ്ടു നിറഞ്ഞു. പ്രസാധകർ ഉത്സാഹത്തോടെ അവരെ സമീപിച്ചു. എല്ലാവരും ബസ്സിൽ കയറിപ്പറ്റാൻ ഏകദേശം ഒരു മണിക്കൂർ വേണ്ടിവന്നു. അത്‌ ഒരു അനുഗ്രഹമായി, സഹോദരങ്ങൾക്ക്‌ അവരിൽ മിക്കവരോടും സംസാരിക്കാൻ അതുകൊണ്ട്‌ അവസരം ലഭിച്ചു. 126 ലഘുപത്രികകളും 329 മാസികകളും ആണ്‌ ആ സഹോദരങ്ങൾ അന്ന്‌ സമർപ്പിച്ചത്‌!

സഹോദരങ്ങൾക്ക്‌ ഇത്‌ കൂടുതൽ ആവേശം പകർന്നു. അടുത്ത ആഴ്‌ച സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനമായിരുന്നു. ആ ആഴ്‌ചയും ജോലിക്കാരെ സന്ദർശിക്കാൻ അവർ തീരുമാനിച്ചു. നല്ല മഴയുള്ളൊരു ദിവസം. രാവിലെ ആറരയ്‌ക്ക്‌ സർക്കിട്ട്‌ മേൽവിചാരകൻ വയൽസേവന യോഗം നടത്തി. അതേത്തുടർന്ന്‌ 24 പ്രസാധകർ ആ ബസ്സ്‌സ്റ്റോപ്പിലേക്കു പോയി. ജോലിക്കാരിൽ പലരും ഫിലിപ്പീൻസിൽ നിന്നുള്ളവരായിരുന്നതിനാൽ ഇത്തവണ തഗലോഗ്‌ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും സഹോദരങ്ങൾ കൂടെ കരുതിയിരുന്നു. അന്ന്‌ രാവിലെ ബസ്സുകൾ തുറമുഖത്തേക്കു യാത്രതിരിച്ചപ്പോഴേക്കും 7 പുസ്‌തകങ്ങളും 69 ചെറുപുസ്‌തകങ്ങളും 479 മാസികകളും സഹോദരങ്ങൾ ജോലിക്കാർക്ക്‌ നൽകിക്കഴിഞ്ഞിരുന്നു. ആ പ്രത്യേക സാക്ഷീകരണത്തിൽ പങ്കെടുത്ത സഹോദരീസഹോദരന്മാരുടെ ഉത്സാഹവും അവർ അനുഭവിച്ച സന്തോഷവും ഒന്നോർത്തുനോക്കൂ!

ഈ ജോലിക്കാർ സ്വദേശത്തേക്ക്‌ മടങ്ങുന്നതിനുമുമ്പ്‌ അവരിൽ പലരെയും താമസസ്ഥലത്ത്‌ ചെന്നുകാണാനും രാജ്യസന്ദേശത്തെക്കുറിച്ചു കൂടുതൽ വിശദീകരിക്കാനും സഹോദരങ്ങൾക്കു കഴിഞ്ഞു. മറ്റു രാജ്യങ്ങളിൽവെച്ച്‌ സാക്ഷികൾ തങ്ങളെ സന്ദർശിച്ചിട്ടുണ്ടെന്ന്‌ അവരിൽ ചിലർ പറയുകയുണ്ടായി. തങ്ങളെ സന്ദർശിക്കാൻ ഫിൻലൻഡിലെ സഹോദരങ്ങൾ നടത്തിയ ശ്രമത്തിനു പലരും നന്ദി പറഞ്ഞു.

നിങ്ങളുടെ പ്രദേശത്ത്‌ അവിചാരിതമായി വന്നുചേരുന്ന ഇത്തരം അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? വിവിധ സംസ്‌കാരങ്ങളിൽപ്പെട്ടവരോടു സാക്ഷീകരിക്കാൻ നിങ്ങൾ മുൻകൈയെടുക്കാറുണ്ടോ? എങ്കിൽ റ്റുർക്കൂവിലെ സഹോദരങ്ങളുടേതുപോലുള്ള അനുഭവം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകും.

[32-ാം പേജിലെ ഭൂപടം/​ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഫിൻലൻഡ്‌

ഹെൽസിങ്കി

റ്റുർക്കൂ