വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേഖനം

പണംകൊണ്ട് നേ​ടാനാ​കാത്ത മൂന്നു കാര്യങ്ങൾ

പണംകൊണ്ട് നേ​ടാനാ​കാത്ത മൂന്നു കാര്യങ്ങൾ

ജോലിയും വീടും പെൻഷ​നും ഒക്കെ നഷ്ട​പ്പെ​ട്ടേക്കാ​മെന്ന ഭീ​തി​യിൽ കഴിയുന്ന അനേകം ആളുകൾ ലോ​കത്തുണ്ട്. എന്നാൽ പണം​കൊണ്ട് വാ​ങ്ങാ​വുന്ന എന്തും ഏതും സ്വ​ന്തമാ​ക്കുക എന്ന ഭ്ര​മമാണ്‌ അവരിൽ പലർക്കും. എത്ര വി​രോ​ധാഭാ​സം!

ഇത്തരം ആളുകൾ പരസ്യ​ക്കമ്പ​നിക​ളുടെ കെ​ണി​യിൽ പെട്ടെന്നു വീഴും. പ്ര​മു​ഖകമ്പ​നിക​ളുടെ വസ്‌ത്ര​ങ്ങളും ഏറ്റവും പുതിയ കാറും വലിയ വീടും നമുക്ക് ആവ​ശ്യമാണ്‌ എന്ന് പരസ്യ​ങ്ങ​ളിലൂ​ടെ അവർ വിശ്വ​സി​പ്പിക്കു​ന്നു. ‘ഇപ്പോൾ പണമില്ലേ? വി​ഷമി​ക്കേണ്ട, സാധനം കൊ​ണ്ടുപൊയ്‌​ക്കോളൂ’ എന്ന അവരുടെ തന്ത്രത്തിൽ ആളുകൾ കു​ടുങ്ങു​ന്നു. കടം എത്ര കൂ​ടിയാ​ലും ആളു​കളു​ടെ മുമ്പിൽ താൻ സമ്പ​ന്നനാണ്‌ എന്ന് കാണിക്കാനാണ്‌ അ​നേക​രും ആഗ്ര​ഹിക്കു​ന്നത്‌.

എന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ അവർക്ക് യാഥാർഥ്യ​ങ്ങളെ നേ​രി​ടേണ്ടി വരും. “മനഃ​ശാ​ന്തി ലഭി​ക്കാ​നായി ലഹരി​മരു​ന്നു​കളെ ആ​ശ്രയി​ക്കു​ന്നവ​രെപ്പോ​ലെ​യാണ്‌ മറ്റു​ള്ളവ​രുടെ മുമ്പിൽ സമ്പ​ന്നനാ​ണെന്നു കാണി​ക്കുന്ന​തിനു​വേണ്ടി കടമായി സാധനങ്ങൾ വാ​ങ്ങു​ന്നവർ. ഇവയ്‌ക്കു രണ്ടിനും ഒരു പ്ര​ത്യേ​കതയുണ്ട്. ആദ്യ​മൊ​ക്കെ ഇവ നല്ലതായി തോന്നും. എന്നാൽ കു​റച്ചു​കാലം മാത്രമേ ഇത്‌ നില​നിൽക്കുക​യുള്ളൂ. കാ​ലക്ര​മേണ രണ്ടും നിങ്ങളെ ദാ​രി​ദ്ര്യ​ത്തിലാ​ക്കു​കയും വി​ഷാദ​ത്തിന്‌ അടി​മയാ​ക്കുക​യും ചെയ്യും” എന്ന് പൊങ്ങച്ചരോഗം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

‘ജീവിതത്തിന്‍റെ പ്രതാപ’പ്രക​ടനങ്ങ​ളുടെ ഭോ​ഷത്വ​ത്തെ ബൈബിൾ തുറ​ന്നു​കാട്ടു​ന്നു. (1 യോഹന്നാൻ 2:16) വസ്‌തു​വക​കളോ​ടുള്ള അടങ്ങാത്ത ആഗ്രഹം ജീ​വിത​ത്തിലെ ഏറ്റവും പ്ര​ധാന​പ്പെട്ട സംഗ​തിക​ളിൽനിന്ന് ശ്രദ്ധ തിരി​ച്ചു​കള​യും എന്നതാണ്‌ വസ്‌തുത. അവ​യൊ​ന്നും പണം​കൊണ്ട് വാങ്ങാ​നു​മാ​വില്ല. മൂന്ന് ഉദാ​ഹര​ണങ്ങൾ പരി​ചിന്തി​ക്കാം.

 1. കുടും​ബ​ത്തിലെ ഐക്യം

ഐക്യനാടുകളിലുള്ള കൗമാ​രക്കാ​രി​യായ ക്ലാരയ്‌ക്ക് * തോ​ന്നു​ന്നത്‌ തന്‍റെ പിതാവ്‌ ജോ​ലി​ക്കും അതി​ലൂ​ടെ ലഭിക്കുന്ന പണ​ത്തി​നും അമി​തപ്രാ​ധാ​ന്യം കൊ​ടു​ക്കുന്നു എന്നാണ്‌. “ഞങ്ങൾക്ക് എല്ലാം ആവ​ശ്യത്തി​നും അതി​ലധി​കവും ഉണ്ട്. പക്ഷേ ഡാഡി ഒരി​ക്ക​ലും വീട്ടി​ലു​ണ്ടാവാ​റില്ല. എ​പ്പോ​ഴും യാ​ത്ര​തന്നെ യാത്ര. അത്‌ ജോ​ലി​യുടെ ഭാ​ഗമാണ്‌ എന്ന് എനിക്ക് അറിയാം. എങ്കിലും കു​ടും​ബത്തി​ലുള്ള​വരെ​ക്കുറി​ച്ചും ഡാഡി ചിന്തി​ക്കേ​ണ്ടതാ​ണെന്ന് എനിക്കു തോ​ന്നു​ന്നു.”

ചിന്തിക്കാൻ: പിൽക്കാ​ലജീ​വി​തത്തിൽ ക്ലാ​രയു​ടെ പി​താവിന്‌ എന്തി​നെ​പ്രതി ഖേദം തോ​ന്നി​യേക്കാം? ഭൗ​തി​കവസ്‌തു​ക്കൾക്ക് അമി​തപ്രാ​ധാ​ന്യം നൽകു​ന്നത്‌ മക​ളുമാ​യുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെ എങ്ങ​നെയാണ്‌ ബാ​ധിക്കു​ന്നത്‌? അദ്ദേഹത്തിന്‍റെ കു​ടും​ബം പണ​ത്തെ​ക്കാൾ ഉപരി അദ്ദേ​ഹത്തിൽനിന്ന് എന്തു പ്രതീ​ക്ഷി​ക്കുന്നു?

പരിചിന്തിക്കാനുള്ള ബൈബിൾതത്ത്വങ്ങൾ:

  • “പണസ്‌​നേഹം സകലവിധ ദോ​ഷങ്ങൾക്കും മൂ​ലമ​ല്ലോ. ഈ സ്‌നേഹം ഏറി​യിട്ട് ചിലർ . . . പലവിധ വ്യ​ഥക​ളാൽ തങ്ങളെ ആസകലം കുത്തി​മുറി​പ്പെടു​ത്താൻ ഇടയാ​യി​രിക്കു​ന്നു.”—1 തിമൊഥെയൊസ്‌ 6:10.

  • “ദ്വേ​ഷമു​ള്ളെ​ടത്തെ തടിപ്പിച്ച കാ​ളയെ​ക്കാൾ സ്‌​നേഹമു​ള്ളെ​ടത്തെ ശാ​കഭോ​ജനം നല്ലത്‌.”—സദൃശവാക്യങ്ങൾ 15:17.

ചുരുക്കത്തിൽ: കുടും​ബ​ത്തിലെ ഐക്യം പണം കൊ​ടു​ത്തു വാ​ങ്ങാ​വുന്ന ഒന്നല്ല. കു​ടും​ബ​ത്തോ​ടൊപ്പം സമയം ചെ​ലവഴി​ക്കു​ന്നതി​ലൂ​ടെയും അവർക്ക് ആവ​ശ്യ​മായ സ്‌നേഹ​വും ശ്രദ്ധയും നൽകു​ന്നതി​ലൂ​ടെയും മാത്രമേ അത്‌ ലഭി​ക്കുക​യുള്ളൂ.—കൊ​ലോ​സ്യർ 3:18-21.

 2. യഥാർഥസുരക്ഷിതത്വം

17 വയ​സ്സുകാ​രി സാറാ പറയുന്നു: “ശി​ഷ്ടകാ​ലം മുഴുവൻ സു​ഖമാ​യി കഴി​യുന്ന​തിന്‌ ഞാൻ സമ്പന്നനായ ഒരു വ്യക്തിയെ വിവാഹം കഴി​ക്കണ​മെന്നും ഒരു തൊഴിൽ പഠി​ക്കണ​മെന്നും മമ്മി എന്നോട്‌ എ​പ്പോ​ഴും പറയുന്നു. മമ്മി​യു​ടെ മന​സ്സുനി​റയെ പണ​ത്തെക്കു​റി​ച്ചുള്ള ചിന്തകൾ മാ​ത്രമാണ്‌.”

ചിന്തിക്കാൻ: ഭാവി​യെ​ക്കുറി​ച്ചു ചിന്തി​ക്കു​മ്പോൾ ന്യാ​യ​മായ എന്ത് ആശ​ങ്കകളാണ്‌ നി​ങ്ങൾക്കു​ള്ളത്‌? ന്യാ​യ​മായ ആശങ്ക എ​പ്പോഴാണ്‌ അതിരു കട​ക്കുക​യും അമി​തമാ​യിത്തീ​രു​കയും ചെ​യ്യു​ന്നത്‌? മകൾക്കു സാ​മ്പത്തി​കഭ​ദ്രത​യെക്കു​റിച്ച് ഒരു സമ​നില​യുള്ള വീക്ഷണം പ്രദാനം ചെയ്യാൻ സാ​റയു​ടെ അമ്മയ്‌ക്ക് എങ്ങനെ കഴിയും?

പരിചിന്തിക്കാനുള്ള ബൈബിൾതത്ത്വങ്ങൾ:

  • “കീ​ടങ്ങ​ളും തു​രു​മ്പും നശി​പ്പി​ക്കുക​യും കള്ളന്മാർ തുരന്നു മോ​ഷ്ടി​ക്കുക​യും ചെയ്യുന്ന ഈ ഭൂ​മി​യിൽ നി​ക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്നതു മതി​യാക്കു​വിൻ.”—മത്തായി 6:19.

  • “നാളെ നിങ്ങൾക്ക് എന്തു സംഭ​വി​ക്കു​മെന്ന് നിങ്ങൾ അറി​യു​ന്നില്ല​ല്ലോ.”—യാ​ക്കോബ്‌ 4:14.

ചുരുക്കത്തിൽ: ഭാവി ഭദ്ര​മാ​ക്കുന്ന​തിൽ പണം വാ​രി​ക്കൂട്ടു​ന്നതി​ലും അധികം ഉൾ​പ്പെട്ടി​രിക്കു​ന്നു. പണം മോ​ഷ്ടിക്ക​പ്പെ​ട്ടേക്കാം. അതിനു രോഗം ഭേദ​മാക്കാ​നോ മരണത്തെ തടു​ക്കാ​നോ കഴിയില്ല. (സഭാ​പ്ര​സംഗി 7:12) ദൈവ​ത്തെയും അവന്‍റെ ഉ​ദ്ദേശ​ത്തെയും കുറിച്ച് അറി​യുന്ന​തിലൂ​ടെ​യാണ്‌ യഥാർഥസംതൃപ്‌തി ലഭി​ക്കുന്ന​തെന്നു ബൈബിൾ പഠി​പ്പി​ക്കുന്നു.—യോ​ഹ​ന്നാൻ 17:3.

 3. ആത്മസംതൃപ്‌തി

24 വയ​സ്സുകാ​രി റ്റാനിയ പറയുന്നു: “ലളി​തമാ​യൊ​രു ജീവിതം നയി​ക്കാ​നാണ്‌ എന്‍റെ മാതാ​പി​താക്കൾ എന്നെ പഠി​പ്പി​ച്ചത്‌. മി​ക്കവാ​റും സാഹ​ചര്യ​ങ്ങളിൽ അത്യാ​വ​ശമാ​യതു മാത്രമേ ഉണ്ടാ​യി​രുന്നു​ള്ളു​വെങ്കി​ലും ഞാനും എന്‍റെ ഇരട്ട​സഹോ​ദരി​യും സ​ന്തോഷ​ത്തോ​ടുകൂ​ടെ​യാണ്‌ വളർന്നു​വന്നത്‌.”

ചിന്തിക്കാൻ: അടി​സ്ഥാ​നാ​വശ്യ​ങ്ങൾ​കൊണ്ടു മാത്രം തൃപ്‌തിപ്പെടുന്നത്‌ ബു​ദ്ധിമു​ട്ടാ​യിരു​ന്നേ​ക്കാവു​ന്നത്‌ എന്തു​കൊണ്ട്? പണ​ത്തോ​ടുള്ള മനോഭാവത്തിന്‍റെ കാ​ര്യ​ത്തിൽ കു​ടും​ബത്തിൽ നിങ്ങൾ എന്തു മാതൃകയാണ്‌ വെ​ക്കു​ന്നത്‌?

പരിചിന്തിക്കാനുള്ള ബൈബിൾതത്ത്വങ്ങൾ:

  • “ഉണ്ണാനും ഉടു​ക്കാ​നും വക​യു​ണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം.”—1 തിമൊഥെയൊസ്‌ 6:8.

  • “തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കുറി​ച്ചു ബോ​ധമു​ള്ളവർ അനുഗൃഹീതർ.”—മത്തായി 5:3.

ചുരുക്കത്തിൽ: ജീവിതം എന്നതിൽ പണവും അതു​കൊ​ണ്ടു വാ​ങ്ങാനാ​കുന്ന സാ​ധനങ്ങ​ളും മാത്രമല്ല ഉൾ​പ്പെട്ടി​രിക്കു​ന്നത്‌. ബൈബിൾ ഇ​പ്രകാ​രം പറയുന്നു: “ഒരുവന്‌ എത്ര സമ്പത്തു​ണ്ടാ​യാ​ലും അവന്‍റെ വസ്‌തുവ​കകളല്ല അവന്‍റെ ജീവന്‌ ആധാ​രമായി​രിക്കു​ന്നത്‌.” (ലൂ​ക്കോസ്‌ 12:15) ജീ​വിത​ത്തിൽ യഥാർഥസംതൃപ്‌തി ലഭി​ക്കു​ന്നത്‌ താഴെ പറയു​ന്നതു​പോ​ലുള്ള പ്രാ​ധാ​ന്യ​മർഹി​ക്കുന്ന ചോ​ദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെ​ത്തുന്ന​തിലൂ​ടെ​യാണ്‌:

  • നാം ഇവി​ടെയാ​യി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

  • നമ്മുടെ ഭാവി എന്താ​യിരി​ക്കും?

  • എനിക്ക് എന്‍റെ ആത്മീയ ആവശ്യങ്ങൾ എങ്ങനെ തൃപ്‌തിപ്പെടുത്താം?

(g13-E 10)

^ ഖ. 8 ഈ ലേ​ഖനത്തി​ലെ പേ​രുകൾക്ക് മാറ്റം വരു​ത്തിയി​രി​ക്കുന്നു.