വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രസംഗപ്രവർത്തനം എപ്പോൾ അവസാനിക്കും?
യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്താ. 24:14) ഈ വാക്യത്തിലും 6, 13 വാക്യങ്ങളിലും “അവസാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ടെലോസ് ആണ്. അർമഗെദോനിൽ സാത്താന്റെ ലോകത്തിനു സംഭവിക്കാനിരിക്കുന്ന സമ്പൂർണമായ അവസാനത്തെ ആണ് അത് അർഥമാക്കുന്നത്. (വെളി. 16:14, 16) അതുകൊണ്ട് അർമഗെദോനു തൊട്ടുമുമ്പുവരെ നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതു തുടരും. ഇതു നമ്മൾ മുമ്പ് മനസ്സിലാക്കിയിരുന്നതിൽനിന്നുള്ള ഒരു മാറ്റമാണ്.
മുമ്പ് നമ്മൾ മനസ്സിലാക്കിയിരുന്നത്, ബാബിലോൺ എന്ന മഹതിയുടെ നാശത്തോടെ മഹാകഷ്ടത തുടങ്ങുമ്പോൾ നമ്മൾ സന്തോഷവാർത്ത അറിയിക്കുന്നതു നിറുത്തും എന്നാണ്. (വെളി. 17:3, 5, 15, 16) മഹാകഷ്ടത തുടങ്ങുന്നതോടെ ‘യഹോവയുടെ പ്രസാദത്തിന്റെ വർഷം’ അവസാനിക്കുമെന്നു നമ്മൾ ചിന്തിച്ചിരുന്നു. (യശ. 61:2) അതുപോലെ അതിജീവിക്കുന്നവർ മഹാകഷ്ടതയ്ക്കു മുമ്പുതന്നെ യഹോവയോടുള്ള വിശ്വസ്തത തെളിയിച്ചവരായിരിക്കുമെന്നും നമ്മൾ കരുതി. ഇങ്ങനെ മഹാകഷ്ടതയെ അതിജീവിക്കുന്നവരെ ബി.സി. 607-ലെ യരുശലേമിന്റെ നാശത്തെ അതിജീവിച്ച ജൂതന്മാരോടാണ് നമ്മൾ താരതമ്യം ചെയ്തിരുന്നത്. അന്ന് യഹോവയെ ആരാധിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്ത ആ ജൂതന്മാരുടെ മേൽ നാശത്തിനു മുമ്പുതന്നെ അതിജീവനത്തിന്റെ അടയാളം ഇട്ടിരുന്നു. (യഹ. 5:11; 9:4) എന്നാൽ അങ്ങനെ താരതമ്യം ചെയ്യുന്നത്, മത്തായി 24:14-ലെ യേശുവിന്റെ വാക്കുകളുമായി ചേരുന്നില്ല. കാരണം യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്, അർമഗെദോനിൽ സംഭവിക്കുന്ന സമ്പൂർണമായ അവസാനത്തിനു തൊട്ടുമുമ്പുവരെ സന്തോഷവാർത്തയോടു പ്രതികരിക്കാൻ ആളുകൾക്ക് അവസരം ഉണ്ടായിരുന്നേക്കാം എന്നാണ്.
മത്തായി 24:14-നെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ വന്ന മാറ്റം വെളിപാട് 16:21 നമ്മൾ മനസ്സിലാക്കുന്ന വിധത്തെയും ബാധിക്കുന്നുണ്ട്. അവിടെ ‘വളരെയധികം നാശം വിതയ്ക്കുന്ന’ ആലിപ്പഴവർഷത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. കൂടുതൽ പഠിക്കുമ്പോൾ, ഈ രണ്ടു വാക്യങ്ങളും പരസ്പരം ബന്ധമുള്ളതാണെന്നു നമുക്കു തിരിച്ചറിയാനാകുന്നു. ആ ബന്ധം മനസ്സിലാക്കാൻ രാജ്യസന്ദേശത്തോട് ആളുകൾ പ്രതികരിക്കുന്ന വ്യത്യസ്ത വിധങ്ങൾ നമ്മൾ മനസ്സിലാക്കണം. അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ “രക്ഷപ്പെടുന്നവർക്ക്” നമ്മൾ അറിയിക്കുന്ന സന്ദേശം ഒരു സന്തോഷവാർത്തയാണ്, ‘ജീവന്റെ സുഗന്ധമാണ്.’ എന്നാൽ ദൈവത്തിന്റെ ശത്രുക്കൾക്ക് അതു ‘മരണത്തിന്റെ ഗന്ധമുള്ള’ മോശം വാർത്തയും ആണ്. (2 കൊരി. 2:15, 16) അവർ രാജ്യസന്ദേശത്തെ വെറുക്കുന്നു. കാരണം അവർ സ്നേഹിക്കുന്ന ലോകം ഒരു ദുഷ്ടലോകമാണെന്നും സാത്താനാണ് അതിന്റെ ഭരണാധികാരിയെന്നും പെട്ടെന്നുതന്നെ അതു നശിപ്പിക്കപ്പെടുമെന്നും ആ സന്ദേശം തുറന്നുകാട്ടുന്നു.—യോഹ. 7:7; 1 യോഹ. 2:17; 5:19.
മഹാകഷ്ടതയുടെ സമയത്ത് നമ്മുടെ സന്ദേശം കൂടുതൽ ശക്തമാകുകയും അതു കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്തേക്കാം. അതായത്, യഹോവയുടെ നാമം മുമ്പെന്നത്തെക്കാളും അധികം ആളുകൾ അന്ന് അറിയാൻ ഇടയാകും. (യഹ. 39:7) ബാബിലോൺ എന്ന മഹതിയുടെ നാശം കഴിഞ്ഞുള്ള ആ അവസാന സമയത്ത് നമ്മുടെ സന്ദേശം ആർക്കെങ്കിലും ഒരു സുഗന്ധമായി തോന്നുമോ? ആരെങ്കിലും അതിലേക്ക് ആകർഷിക്കപ്പെടുമോ? അതിനു സാധ്യതയുണ്ട്. വ്യാജമതത്തിന്റെ നാശത്തെക്കുറിച്ച് വർഷങ്ങളായി യഹോവയുടെ സാക്ഷികൾ പറഞ്ഞിരുന്നു എന്ന കാര്യം അന്ന് ചിലർ ഓർക്കുകയോ മനസ്സിലാക്കുകയോ ചെയ്തേക്കാം.
ഇതിനോടു സമാനമാണ് പുരാതന ഈജിപ്തിൽ പത്തു ബാധകൾക്കു ശേഷം നടന്ന സംഭവം. യഹോവ ‘ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും മേൽ ന്യായവിധി നടപ്പാക്കിയതിന്’ ശേഷം ഇസ്രായേല്യരല്ലാത്ത ‘ഒരു വലിയ സമ്മിശ്രപുരുഷാരം’ ദൈവജനത്തോടൊപ്പം ചേർന്നു. (പുറ. 12:12, 37, 38) പത്തു ബാധകളും മോശ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ സംഭവിക്കുന്നതു കണ്ടതുകൊണ്ടായിരിക്കാം ഈ വിദേശികൾ യഹോവയിലേക്കു തിരിഞ്ഞത്.
ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷവും ക്രിസ്തുവിന്റെ സഹോദരന്മാർ ഭൂമിയിലുണ്ടായിരിക്കും. അതുകൊണ്ട് ആ സമയത്ത് യഹോവയിലേക്കു തിരിയുന്ന ആളുകൾക്കും ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കാനുള്ള അവസരം ലഭിക്കും. (മത്താ. 25:34-36, 40) എന്നാൽ ചെമ്മരിയാടുകളായി ന്യായം വിധിക്കപ്പെടാനുള്ള ഈ അവസരം അർമഗെദോനു തൊട്ടുമുമ്പ്, അഭിഷിക്തരിൽ ശേഷിക്കുന്നവർക്ക് സ്വർഗീയ പ്രതിഫലം കിട്ടുന്നതോടെ അവസാനിക്കും.
ഈ പുതിയ ഗ്രാഹ്യം യഹോവയുടെ വലിയ സ്നേഹത്തെയും കരുണയെയും എടുത്തുകാണിക്കുന്നു. അതെ, യഹോവ “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്ന” ദൈവമാണ്!—2 പത്രോ. 3:9.