വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 7

ധൈര്യമുള്ള ഒരു മനുഷ്യൻ

ധൈര്യമുള്ള ഒരു മനുഷ്യൻ

ഭൂമി​യിൽ ആളുക​ളു​ടെ എണ്ണം കൂടി​യ​തോ​ടെ അവരിൽ മിക്കവ​രും കയീ​നെ​പ്പോ​ലെ ദുഷ്ടത പ്രവർത്തി​ക്കു​ന്ന​വർ ആയിത്തീർന്നു. എന്നാൽ ഒരു മനുഷ്യൻ അവരിൽനി​ന്നെ​ല്ലാം വ്യത്യ​സ്‌ത​നാ​യി​രു​ന്നു. ഈ ചിത്ര​ത്തിൽ കാണുന്ന ഈ മനുഷ്യ​നാ​യി​രു​ന്നു അത്‌. അവന്റെ പേര്‌ ഹാനോക്ക്‌. അവൻ നല്ല ധൈര്യ​മു​ള്ള ആളായി​രു​ന്നു. ചുറ്റു​മു​ള്ള ജനങ്ങ​ളെ​ല്ലാം വളരെ മോശ​മാ​യ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴും ഹാനോക്ക്‌ ദൈവത്തെ സേവി​ക്കു​ന്ന​തിൽ തുടർന്നു.

അന്നു ജനങ്ങൾ വഷളായ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? ആദാമും ഹവ്വായും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കു​ന്ന​തി​നും തിന്നരു​തെ​ന്നു ദൈവം പറഞ്ഞ പഴം തിന്നു​ന്ന​തി​നും ഇടയാ​ക്കി​യത്‌ ആരാ​ണെന്ന്‌ ഓർമ​യു​ണ്ട​ല്ലോ? അതൊരു ദുഷ്ട ദൂതനാ​യി​രു​ന്നു. ബൈബിൾ അവനെ സാത്താൻ എന്നാണു വിളി​ക്കു​ന്നത്‌. അവൻ എല്ലാവ​രെ​യും തന്നെ​പ്പോ​ലെ​ത​ന്നെ ദുഷ്ടരാ​ക്കാൻ ശ്രമി​ക്കു​ക​യാണ്‌.

ആളുകൾക്കു കേൾക്കാൻ ഒട്ടും ഇഷ്ടമി​ല്ലാ​തി​രു​ന്ന ഒരു കാര്യം അവരോ​ടു പറയാൻ ഒരിക്കൽ യഹോ​വ​യാം ദൈവം ഹാനോ​ക്കി​നോ​ടു പറഞ്ഞു. അത്‌ ഇതായി​രു​ന്നു: ‘ദൈവം സകല ദുഷ്ടന്മാ​രെ​യും നശിപ്പി​ക്കാൻ പോകു​ക​യാണ്‌.’ ഇതു കേട്ട​പ്പോൾ ആളുകൾക്കു വളരെ ദേഷ്യം തോന്നി​ക്കാ​ണും. അവർ ഹാനോ​ക്കി​നെ പിടിച്ചു കൊല്ലാൻപോ​ലും ശ്രമി​ച്ചി​രി​ക്കാം. അതു​കൊണ്ട്‌ ദൈവം ചെയ്യാൻ പോകു​ന്ന​തി​നെ​ക്കു​റി​ച്ചു ജനങ്ങ​ളോ​ടു പറയാൻ ഹാനോ​ക്കിന്‌ നല്ല ധൈര്യം വേണമാ​യി​രു​ന്നു.

ആ ദുഷ്ട മനുഷ്യ​രു​ടെ ഇടയിൽ ഹാനോക്ക്‌ ഒരുപാ​ടു കാലം ജീവി​ച്ചി​രി​ക്കാൻ ദൈവം ഇടയാ​ക്കി​യി​ല്ല. അവൻ 365 വയസ്സു​വ​രെ മാത്രമേ ജീവി​ച്ചി​രു​ന്നു​ള്ളൂ. “365 വയസ്സു​വ​രെ മാത്രം” എന്നു നമ്മൾ പറയു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അന്നു മനുഷ്യർ ഇന്നുള്ള​വ​രെ​ക്കാൾ ശക്തരാ​യി​രു​ന്നു; അവർ വളരെ​ക്കാ​ലം ജീവി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്തിന്‌, ഹാനോ​ക്കി​ന്റെ മകൻ മെഥൂ​ശ​ലഹ്‌ ആണെങ്കിൽ 969 വയസ്സു​വ​രെ​യാ​ണു ജീവി​ച്ചി​രു​ന്നത്‌!

ഹാനോക്ക്‌ മരിച്ചു​ക​ഴി​ഞ്ഞ​പ്പോൾ ജനങ്ങൾ കൂടുതൽ കൂടുതൽ ദുഷ്ടരാ​യി​ത്തീർന്നു. ‘അവരുടെ വിചാ​ര​ങ്ങൾ എപ്പോ​ഴും ദോഷ​മു​ള്ള​വ​യാ​യി​രു​ന്നു​വെ​ന്നും’ ‘ഭൂമി അതി​ക്ര​മം​കൊ​ണ്ടു നിറഞ്ഞു​വെ​ന്നും’ ബൈബിൾ പറയുന്നു.

അക്കാലത്ത്‌ ഭൂമി​യിൽ ഇത്രയ​ധി​കം കുഴപ്പം ഉണ്ടായി​രു​ന്ന​തി​ന്റെ ഒരു കാരണം എന്തായി​രു​ന്നു എന്ന്‌ അറിയാ​മോ? ആളുക​ളെ​ക്കൊ​ണ്ടു ദുഷ്ടത ചെയ്യി​ക്കു​ന്ന​തിന്‌ സാത്താൻ ഒരു പുതിയ മാർഗം കണ്ടുപി​ടി​ച്ചു എന്നതാ​യി​രു​ന്നു കാരണം. അടുത്ത​താ​യി നമുക്ക്‌ ഇതി​നെ​ക്കു​റിച്ച്‌ പഠിക്കാം.