വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 54

ഏറ്റവും ശക്തനായ മനുഷ്യൻ

ഏറ്റവും ശക്തനായ മനുഷ്യൻ

ഇതുവരെ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും ശക്തനായ മനുഷ്യൻ ആരാ​ണെന്ന്‌ അറിയാ​മോ? അത്‌ ശിം​ശോൻ എന്നു പേരുള്ള ഒരു ന്യായാ​ധി​പ​നാണ്‌. യഹോ​വ​യാണ്‌ ശിം​ശോ​നു ശക്തി കൊടു​ക്കു​ന്നത്‌. യഹോവ, ശിം​ശോൻ ജനിക്കു​ന്ന​തി​നു മുമ്പു​ത​ന്നെ അവന്റെ അമ്മയോ​ടു പറയുന്നു: ‘താമസി​യാ​തെ നിനക്ക്‌ ഒരു മകൻ ജനിക്കും. ഇസ്രാ​യേ​ല്യ​രെ ഫെലി​സ്‌ത്യ​രിൽനി​ന്നു രക്ഷിക്കു​ന്ന​തിൽ അവൻ നേതൃ​ത്വം എടുക്കും.’

കനാൻദേ​ശ​ത്തു താമസി​ക്കു​ന്ന ദുഷ്ട മനുഷ്യ​രാണ്‌ ഫെലി​സ്‌ത്യർ. അവരുടെ കൂട്ടത്തിൽ ധാരാളം യോദ്ധാ​ക്ക​ളും ഉണ്ട്‌. അവർ ഇസ്രാ​യേ​ല്യ​രെ വല്ലാതെ ഉപദ്ര​വി​ക്കു​ന്നു. ഒരിക്കൽ ശിം​ശോൻ ഫെലി​സ്‌ത്യ​രു​ടെ താമസ​സ്ഥ​ല​ത്തേ​ക്കു പോകു​മ്പോൾ ഒരു വലിയ സിംഹം അലറി​ക്കൊണ്ട്‌ അവന്റെ നേരേ കുതി​ച്ചു​ചാ​ടു​ന്നു. എന്നാൽ ഒരു ആയുധം പോലു​മി​ല്ലാ​തെ ശിം​ശോൻ സിംഹത്തെ കൊല്ലു​ന്നു. കൂടാതെ അവൻ നൂറു​ക​ണ​ക്കി​നു ദുഷ്ട ഫെലി​സ്‌ത്യ​രെ​യും കൊല്ലു​ന്നു.

പിന്നീട്‌ ശിം​ശോൻ, ദലീല എന്നു പേരുള്ള ഒരു ഫെലി​സ്‌ത്യ യുവതി​യു​മാ​യി സ്‌നേ​ഹ​ത്തി​ലാ​കു​ന്നു. അവന്റെ ശക്തിയു​ടെ രഹസ്യം പറഞ്ഞു​കൊ​ടു​ത്താൽ തങ്ങൾ ഓരോ​രു​ത്ത​രും 1,100 വെള്ളി നാണയങ്ങൾ വീതം അവൾക്കു നൽകാ​മെന്ന്‌ ഫെലി​സ്‌ത്യ നേതാ​ക്ക​ന്മാർ അവൾക്കു വാക്കു കൊടു​ക്കു​ന്നു. ആ പണമെ​ല്ലാം കിട്ടാൻ ദലീല കൊതി​ച്ചു. അവൾ ശിം​ശോ​ന്റെ​യോ ദൈവ​ജ​ന​ത്തി​ന്റെ​യോ യഥാർഥ ചങ്ങാതി​യല്ല. അതു​കൊണ്ട്‌ അവൾ അവന്റെ ശക്തിയു​ടെ രഹസ്യം എന്തെന്നു ചോദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ഒടുവിൽ ദലീല ശിം​ശോ​നിൽനിന്ന്‌ ആ രഹസ്യം ചോർത്തി​യെ​ടു​ത്തു. ‘എന്റെ മുടി ഒരിക്ക​ലും മുറി​ച്ചി​ട്ടി​ല്ല,’ അവൻ പറയുന്നു. ‘ഞാൻ ജനിച്ച​പ്പോൾത്ത​ന്നെ നാസീർ എന്ന ഒരു പ്രത്യേക വ്രതം അനുഷ്‌ഠി​ക്കാൻ ദൈവം എന്നെ തിര​ഞ്ഞെ​ടു​ത്തു, ദൈവ​ത്തി​നു​ള്ള ഒരു പ്രത്യേക സേവന​മാണ്‌ അത്‌. മുടി മുറി​ച്ചെ​ടു​ത്താൽ എന്റെ ശക്തി​യെ​ല്ലാം ചോർന്നു​പോ​കും.’

ഈ രഹസ്യം മനസ്സി​ലാ​ക്കി കഴിഞ്ഞ്‌ ദലീല ശിം​ശോ​നെ തന്റെ മടിയിൽ കിടത്തി ഉറക്കുന്നു. എന്നിട്ട്‌ ഒരാളെ വിളിച്ച്‌ ശിം​ശോ​ന്റെ മുടി മുറി​പ്പി​ക്കു​ന്നു. ഉറക്കം ഉണരു​മ്പോൾ ശിം​ശോ​ന്റെ ശക്തി​യെ​ല്ലാം നഷ്ടപ്പെ​ട്ടി​രു​ന്നു. അപ്പോൾ ഫെലി​സ്‌ത്യർ വന്ന്‌ അവനെ പിടി​കൂ​ടു​ന്നു. അവർ അവന്റെ രണ്ടു കണ്ണും കുത്തി​പ്പൊ​ട്ടിച്ച്‌ അവനെ അടിമ​യാ​ക്കു​ന്നു.

ഒരു ദിവസം ഫെലി​സ്‌ത്യർ തങ്ങളുടെ ദേവനായ ദാഗോ​നെ ആരാധി​ക്കു​ന്ന​തി​നാ​യി ഒരു വലിയ ആഘോഷം ഒരുക്കു​ന്നു. ശിം​ശോ​നെ എല്ലാവ​രു​ടെ​യും മുമ്പിൽ നിറുത്തി കളിയാ​ക്കാ​നാ​യി തടവറ​യിൽനി​ന്നു പുറത്തു കൊണ്ടു​വ​രു​ന്നു. ഈ സമയമാ​യ​പ്പോ​ഴേ​ക്കും ശിം​ശോ​ന്റെ മുടി വീണ്ടും വളർന്നി​രു​ന്നു. തന്നെ കൈ പിടിച്ചു നടത്തുന്ന ബാല​നോട്‌ ശിം​ശോൻ പറയുന്നു: ‘കെട്ടി​ട​ത്തെ താങ്ങി നിറു​ത്തു​ന്ന തൂണു​ക​ളിൽ തൊടാ​വു​ന്ന​തു​പോ​ലെ എന്നെ നിറു​ത്തു​ക.’ ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചിട്ട്‌ ശിം​ശോൻ തൂണു​ക​ളിൽ പിടി​ച്ചു​കൊണ്ട്‌ ഇങ്ങനെ വിളിച്ചു പറയുന്നു: ‘ഫെലി​സ്‌ത്യ​രോ​ടൊ​പ്പം ഞാനും മരിക്കട്ടെ.’ ആ ആഘോ​ഷ​ത്തിൽ 3,000 ഫെലി​സ്‌ത്യർ പങ്കെടു​ത്തി​രു​ന്നു. ശിം​ശോൻ കെട്ടി​ട​ത്തി​ന്റെ തൂണുകൾ ശക്തി​യോ​ടെ പിടിച്ചു തള്ളു​മ്പോൾ കെട്ടിടം തകർന്നു വീഴുന്നു. ആ ദുഷ്ട മനുഷ്യ​രെ​ല്ലാം അതിന​ടി​യിൽപ്പെട്ട്‌ മരിക്കു​ന്നു.

ന്യായാ​ധി​പ​ന്മാർ 13 മുതൽ 16 വരെയുള്ള അധ്യാ​യ​ങ്ങൾ.