വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 77

അവർ കുമ്പിടുകയില്ല

അവർ കുമ്പിടുകയില്ല

ഈ മൂന്നു ചെറു​പ്പ​ക്കാ​രെ​ക്കു​റി​ച്ചു പഠിച്ചത്‌ ഓർക്കു​ന്നി​ല്ലേ? അതേ, അവർ ദാനീ​യേ​ലി​ന്റെ കൂട്ടു​കാ​രാണ്‌; തങ്ങൾക്കു നല്ലത​ല്ലെ​ന്നു തോന്നിയ ഭക്ഷണം കഴിക്കാൻ കൂട്ടാ​ക്കാ​തി​രു​ന്ന​വർ. ബാബി​ലോ​ണ്യർ അവരെ ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നിങ്ങനെ വിളിച്ചു. എന്നാൽ ഇപ്പോൾ മറ്റുള്ളവർ ചെയ്യു​ന്ന​തു​പോ​ലെ ഇവർ ഈ വലിയ പ്രതി​മ​യു​ടെ മുമ്പിൽ കുമ്പി​ടാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്കു കണ്ടുപി​ടി​ക്കാം.

യഹോ​വ​ത​ന്നെ എഴുതിയ പത്തു കൽപ്പനകൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന നിയമ​ങ്ങ​ളെ കുറിച്ചു നമ്മൾ വായി​ച്ചത്‌ ഓർമ​യു​ണ്ടോ? അതിൽ ഒന്നാമ​ത്തേത്‌ ഇതാണ്‌: ‘എന്നെ അല്ലാതെ മറ്റൊരു ദൈവ​ത്തെ​യും ആരാധി​ക്ക​രുത്‌.’ ഇവിടെ ഈ ചെറു​പ്പ​ക്കാർ ആ നിയമം അനുസ​രി​ക്കു​ക​യാണ്‌, അത്‌ അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും.

ബാബി​ലോൺ രാജാ​വാ​യ നെബൂ​ഖ​ദ്‌നേ​സർ താൻ പണിക​ഴി​പ്പി​ച്ച ഈ പ്രതി​മ​യു​ടെ മുമ്പാകെ കുമ്പി​ടു​ന്ന​തിന്‌ അനേകം പ്രധാ​നി​ക​ളെ വിളിച്ചു വരുത്തി​യി​രി​ക്കു​ക​യാണ്‌. സകല ജനത്തോ​ടും അവൻ ഇങ്ങനെ പറഞ്ഞു​ക​ഴി​ഞ്ഞ​തേ​യു​ള്ളൂ: ‘കാഹള​ങ്ങ​ളു​ടെ​യും കിന്നര​ങ്ങ​ളു​ടെ​യും മറ്റു സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ശബ്ദം കേൾക്കു​മ്പോൾ നിങ്ങൾ ഈ സ്വർണ​പ്ര​തി​മ​യെ കുമ്പിട്ട്‌ ആരാധി​ക്ക​ണം. ആരെങ്കി​ലും കുമ്പിട്ട്‌ ആരാധി​ക്കാ​തി​രു​ന്നാൽ അവനെ ഉടനെ​ത​ന്നെ എരിയുന്ന തീച്ചൂ​ള​യിൽ ഇട്ടുക​ള​യും.’

ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും കുമ്പി​ട്ടി​ട്ടി​ല്ലെ​ന്നു കേൾക്കു​മ്പോൾ നെബൂ​ഖ​ദ്‌നേ​സർ വളരെ കോപി​ക്കു​ന്നു. അവൻ അവരെ തന്റെ അടുക്കൽ വരുത്തു​ന്നു. അവർക്കു കുമ്പി​ടാൻ മറ്റൊരു അവസരം​കൂ​ടെ അവൻ നൽകുന്നു. എന്നാൽ ആ ചെറു​പ്പ​ക്കാർ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേ​ക്കു നോക്കു​ന്നു. ‘ഞങ്ങൾ സേവി​ക്കു​ന്ന ദൈവ​ത്തി​നു ഞങ്ങളെ രക്ഷിക്കാൻ കഴിയും. എന്നാൽ അവൻ ഞങ്ങളെ രക്ഷിക്കു​ന്നി​ല്ലെ​ങ്കിൽത്ത​ന്നെ​യും ഞങ്ങൾ അങ്ങയുടെ സ്വർണ​പ്ര​തി​മ​യു​ടെ മുമ്പിൽ കുമ്പി​ടു​ക​യി​ല്ല’ എന്ന്‌ അവർ നെബൂ​ഖ​ദ്‌നേ​സ​രി​നോ​ടു പറയുന്നു.

ഇതു കേൾക്കു​മ്പോൾ നെബൂ​ഖ​ദ്‌നേ​സ​രിന്‌ ദേഷ്യം അടക്കാ​നാ​കു​ന്നി​ല്ല. അടുത്ത്‌ ഒരു തീച്ചൂ​ള​യുണ്ട്‌; അവൻ ഇങ്ങനെ കൽപ്പി​ക്കു​ന്നു: ‘ചൂള മുമ്പ​ത്തെ​ക്കാൾ ഏഴുമ​ടങ്ങ്‌ ചൂടു​പി​ടി​പ്പി​ക്കു​ക!’ പിന്നെ തന്റെ സൈന്യ​ത്തി​ലെ ഏറ്റവും ശക്തന്മാ​രാ​യ ചില ആളുക​ളോട്‌ ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും പിടി​ച്ചു​കെ​ട്ടി ചൂളയി​ലേക്ക്‌ എറിയാൻ കൽപ്പി​ക്കു​ന്നു. അത്യധി​കം ചൂടാണ്‌ ആ തീച്ചൂ​ള​യ്‌ക്ക്‌. ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും അതി​ലേക്ക്‌ എറിയാ​നാ​യി അതിന്റെ അടു​ത്തേ​ക്കു പോകുന്ന ആ ആളുകൾത​ന്നെ തീയുടെ ചൂടു​കൊ​ണ്ടു മരിച്ചു വീഴുന്നു. എന്നാൽ അവർ ചൂളയി​ലേ​ക്കെ​റി​ഞ്ഞ ആ മൂന്നു ചെറു​പ്പ​ക്കാ​രു​ടെ കാര്യ​മോ?

ചൂളയി​ലേ​ക്കു നോക്കുന്ന രാജാവ്‌ ശരിക്കും പേടിച്ചു പോകു​ന്നു. ‘നമ്മൾ മൂന്നു​പേ​രെ​യ​ല്ലേ ബന്ധിച്ച്‌ എരിയുന്ന ഈ ചൂളയി​ലേക്ക്‌ എറിഞ്ഞത്‌?’ എന്ന്‌ അവൻ ചോദി​ക്കു​ന്നു.

‘അതേ,’ അവന്റെ ദാസന്മാർ ഉത്തരം പറയുന്നു.

‘എന്നാൽ ഇപ്പോൾ നാലു​പു​രു​ഷ​ന്മാർ തീയി​ലൂ​ടെ നടക്കു​ന്ന​തു ഞാൻ കാണുന്നു’ എന്ന്‌ അവൻ പറയുന്നു. ‘അവരെ കെട്ടി​യി​ട്ടി​ല്ല; തീ അവർക്കു ദോഷം ചെയ്യു​ന്ന​തു​മി​ല്ല. നാലാ​മ​ത്ത​വ​നെ കാണാൻ ഒരു ദൈവ​ത്തെ​പ്പോ​ലെ ഉണ്ട്‌.’ രാജാവ്‌ ചൂളയു​ടെ വാതി​ലി​നോട്‌ കുറച്ചു​കൂ​ടെ അടുത്തു ചെന്ന്‌ ഇങ്ങനെ വിളിച്ചു പറയുന്നു: ‘ശദ്രക്‌! മേശക്‌! അബേദ്‌നെ​ഗോ! അത്യു​ന്ന​ത​നാ​യ ദൈവ​ത്തി​ന്റെ ദാസന്മാ​രേ, പുറത്തു​വ​രൂ!’

അവർ പുറത്തു​വ​രു​മ്പോൾ അവർക്കു യാതൊ​രു ദോഷ​വും പറ്റിയി​ട്ടി​ല്ലെന്ന്‌ എല്ലാവ​രും കാണുന്നു. അപ്പോൾ രാജാവു പറയുന്നു: ‘ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌നെ​ഗോ​വി​ന്റെ​യും ദൈവം സ്‌തു​തി​ക്ക​പ്പെ​ട​ട്ടെ! അവർ തങ്ങളുടെ സ്വന്തം ദൈവ​ത്തെ​യ​ല്ലാ​തെ മറ്റൊരു ദൈവ​ത്തെ​യും കുമ്പിട്ട്‌ ആരാധി​ക്കു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌ ദൈവം തന്റെ ദൂതനെ അയച്ച്‌ അവരെ രക്ഷിച്ചി​രി​ക്കു​ന്നു.’

യഹോ​വ​യോട്‌ എങ്ങനെ വിശ്വ​സ്‌ത​രാ​യി​രി​ക്കാം എന്നു നമുക്കു കാണിച്ചു തരുന്ന നല്ലൊരു ദൃഷ്ടാ​ന്ത​മ​ല്ലേ ഇത്‌?