വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടി​കൾക്ക് ശിക്ഷണം നൽകേ​ണ്ടത്‌ എങ്ങനെ?

കുട്ടി​കൾക്ക് ശിക്ഷണം നൽകേ​ണ്ടത്‌ എങ്ങനെ?

“ഇതു മൂന്നാം തവണയാണ്‌ ജോർഡൻ സമയം തെറ്റി​ക്കു​ന്നത്‌. കടന്നു​പോ​കു​ന്ന ഓരോ വണ്ടിയു​ടെ ശബ്ദത്തി​നും ഞാൻ കാതോർത്തു. ‘അവൻ എവി​ടെ​യാണ്‌? അവനു വല്ലതും പറ്റിയോ? ഞങ്ങൾ വിഷമി​ക്കു​മെന്ന് അവന്‌ അറിയി​ല്ലേ?’ എന്നൊക്കെ ഞാൻ ചിന്തിച്ചു. അവൻ എത്തിയ​പ്പോ​ഴേ​ക്കും എന്‍റെ ക്ഷമ നശിച്ചി​രു​ന്നു.”ജോർജ്‌.

“എന്‍റെ മകളുടെ നിലവി​ളി കേട്ട​പ്പോൾ എന്‍റെ ഉള്ളിൽ ഒരു ആധി പടർന്നു. തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ അവൾ തല തിരു​മ്മി​ക്കൊണ്ട് കരയു​ന്ന​താണ്‌ ഞാൻ കണ്ടത്‌. അവളുടെ അനുജൻ അവളെ അടിച്ച​താ​യി​രു​ന്നു കാരണം.”—നിക്കോൾ.

“‘ഞാൻ അത്‌ മോഷ്ടി​ച്ച​തല്ല. എനിക്ക് അത്‌ താഴെ കിടന്നു കിട്ടി​യ​താ!’ ഞങ്ങളുടെ ആറു വയസ്സു പ്രായ​മു​ള്ള മകൾ നാറ്റ്‌ലി പറഞ്ഞു. അവളുടെ കണ്ണുകൾ അവൾ നിരപ​രാ​ധി​യാ​ണെ​ന്നു പറയാൻ ശ്രമി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഞാൻ അത്‌ എടുത്തി​ട്ടി​ല്ല എന്നു അവൾ ആവർത്തി​ച്ചു​പ​റ​ഞ്ഞത്‌ ഞങ്ങളെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. കാരണം, അവൾ നുണ പറയു​ക​യാ​ണെ​ന്നു ഞങ്ങൾക്ക് അറിയാ​മാ​യി​രു​ന്നു.”—സ്റ്റീഫൻ.

നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ മുകളിൽ പറഞ്ഞി​രി​ക്കു​ന്ന വാക്കു​ക​ളി​ലെ വികാ​ര​ങ്ങൾ നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടോ? സമാന​മാ​യ സാഹച​ര്യ​ങ്ങൾ അഭിമു​ഖീ​ക​രി​ക്ക​വെ, എങ്ങനെ ശിക്ഷണം നൽകണം അല്ലെങ്കിൽ ശിക്ഷണം കൊടു​ക്കേ​ണ്ട​തി​ന്‍റെ ആവശ്യ​മു​ണ്ടോ എന്നൊക്കെ നിങ്ങൾ ചിന്തി​ക്കാ​റു​ണ്ടോ? കുട്ടി​കൾക്കു ശിക്ഷണം നൽകു​ന്നത്‌ തെറ്റാ​ണോ?

എന്താണ്‌ ശിക്ഷണം?

കേവലം ശിക്ഷ​യെ​ക്കു​റി​ക്കു​ന്ന​തി​നുള്ള ഒരു വാക്കാ​യി​ട്ടല്ല ബൈബി​ളിൽ “ശിക്ഷണം” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സത്യവേപുസ്‌ത​ത്തിൽ “പ്രബോ​ധ​നം” എന്നാണ്‌ ഈ വാക്ക് പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌. അഭ്യസനം, തിരുത്തൽ എന്നിവ​യോ​ടും ഇതു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ മര്യാ​ദാ​ര​ഹി​ത​മാ​യി പെരു​മാ​റു​ന്ന​തും ക്രൂര​ത​കാ​ണി​ക്കു​ന്ന​തും ആയി അതിനു യാതൊ​രു ബന്ധവു​മി​ല്ല.—സദൃശ​വാ​ക്യ​ങ്ങൾ 4:1, 2.

മാതാ​പി​താ​ക്കൾ നൽകുന്ന ശിക്ഷണത്തെ ഒരു പൂന്തോ​ട്ടം പരിപാ​ലി​ക്കു​ന്ന​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്താൻ കഴിയും. പൂന്തോ​ട്ട​ക്കാ​രൻ ചെടി​കൾക്കു​വേ​ണ്ടി മണ്ണ് ഒരുക്കു​ക​യും, അവയ്‌ക്കു വെള്ളവും പോഷ​ണ​ങ്ങ​ളും നൽകു​ക​യും ക്രിമി​കീ​ട​ങ്ങ​ളിൽനി​ന്നു അവയെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. ചെടി വളർന്നു​വ​രു​മ്പോൾ അത്‌ ശരിയായ ദിശയിൽ വളരേ​ണ്ട​തിന്‌ ചെടി​യു​ടെ ചില ചില്ലകൾ വെട്ടി ഒതു​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഇങ്ങനെ പല കാര്യങ്ങൾ ശ്രദ്ധാ​പൂർവം ചെയ്യു​മ്പോ​ഴാണ്‌ ഒരു ചെടി ആരോ​ഗ്യ​മു​ള്ള​താ​യി വളരു​ന്ന​തെന്ന് ഒരു പൂന്തോ​ട്ട​ക്കാ​രന്‌ അറിയാം. സമാന​മാ​യി, കുട്ടി​കൾക്കാ​യി മാതാ​പി​താ​ക്ക​ളും പലവി​ധ​ങ്ങ​ളിൽ കരുതു​ന്നു. എന്നാൽ, ചില അവസര​ങ്ങ​ളിൽ അവർക്കു ശിക്ഷണം നൽകേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ശരിയായ ദിശയിൽ വളരാൻ ചില ചില്ലകൾ വെട്ടി ഒതുക്കു​ന്ന​തു​പോ​ലെ, ശിക്ഷണം നൽകു​ന്നത്‌, കുട്ടി​ക​ളി​ലെ തെറ്റായ ചായ്‌വു​കൾ നേരത്തെ കണ്ടുപി​ടിച്ച് തിരു​ത്താ​നും അവരെ ശരിയായ ദിശയിൽ വളരാ​നും സഹായി​ക്കും. ഒരു ചെടി വെട്ടി ഒതുക്കു​മ്പോൾ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ അത്‌ ചെടിക്കു സ്ഥിരമായ കേടു​വ​രു​ത്തി​യേ​ക്കാം. അതു​പോ​ലെ, സ്‌നേ​ഹ​പൂർവ​മാ​യ കരുത​ലോ​ടെ​വേ​ണം മാതാ​പി​താ​ക്ക​ളും ശിക്ഷണം നൽകാൻ.

സ്രഷ്ടാ​വാ​യ യഹോവ ഇക്കാര്യ​ത്തിൽ മാതാ​പി​താ​ക്കൾക്കു നല്ലൊരു മാതൃ​ക​വെ​ക്കു​ന്നു. ഭൂമി​യി​ലെ അനുസ​ര​ണ​മു​ള്ള തന്‍റെ ആരാധ​കർക്ക് അവൻ നൽകുന്ന ശിക്ഷണം വളരെ ഫലപ്ര​ദ​വും ഉചിത​വും ആയതി​നാൽ അവർ “ശിക്ഷണം” അഥവാ ‘പ്രബോ​ധ​നം ഇഷ്ടപ്പെ​ടാൻ’ പ്രേരി​ത​രാ​യി​ത്തീ​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 12:1) അവർ ‘പ്രബോ​ധ​നം വിട്ടു​ക​ള​യാ​തെ’ ‘മുറുകെ പിടി​ക്കു​ന്നു.’ (സദൃശ​വാ​ക്യ​ങ്ങൾ 4:13) ദൈവ​ത്തി​ന്‍റെ ശിക്ഷണ​ത്തി​ലെ മൂന്ന് അടിസ്ഥാ​ന​ഘ​ട​ക​ങ്ങ​ളാ​യ (1) സ്‌നേഹം (2) ന്യായ​ബോ​ധം (3) ദൃഢത എന്നിവ അടുത്തു പിൻപ​റ്റി​ക്കൊ​ണ്ടു ശിക്ഷണ​ത്തോട്‌ ക്രിയാ​ത്മ​ക​മാ​യി പ്രതി​ക​രി​ക്കാൻ നിങ്ങൾക്കു നിങ്ങളു​ടെ കുട്ടിയെ സഹായി​ക്കാ​നാ​കും.

സ്‌നേ​ഹ​പൂർവ​മാ​യ ശിക്ഷണം

ദൈവ​ത്തി​ന്‍റെ ശിക്ഷണ​ത്തി​ന്‍റെ അടിസ്ഥാ​ന​വും പ്രേര​ണ​യും സ്‌നേ​ഹ​മാണ്‌. ബൈബിൾ പറയുന്നു: “അപ്പൻ ഇഷ്ടപു​ത്ര​നോ​ടു ചെയ്യു​ന്ന​തു​പോ​ലെ യഹോവ താൻ സ്‌നേഹിക്കുന്നനെ ശിക്ഷി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 3:12) കൂടാതെ ‘യഹോവ, കരുണ​യും കൃപയും ദീർഘ​ക്ഷ​മ​യും​’ ഉള്ളവനാണ്‌. (പുറപ്പാ​ടു 34:6) അതു​കൊണ്ട്, യഹോവ ഒരിക്ക​ലും ക്രൂര​മാ​യോ മര്യാ​ദാ​ര​ഹി​ത​മാ​യോ പെരു​മാ​റു​ന്നി​ല്ല. അവൻ “വാളു​കൊ​ണ്ടു കുത്തും​പോ​ലെ” മുറി​പ്പെ​ടു​ത്തു​ന്ന വാക്കുകൾ ഉപയോ​ഗി​ക്കു​ക​യോ നിരന്തരം വിമർശി​ക്കു​ക​യോ വ്രണ​പ്പെ​ടു​ത്തു​ന്ന രീതി​യിൽ പരിഹ​സി​ക്കു​ക​യോ ചെയ്യു​ന്നി​ല്ല.—സദൃശ​വാ​ക്യ​ങ്ങൾ 12:18.

ശ്രദ്ധിക്കുക

മാതാ​പി​താ​ക്കൾക്ക്, ആത്മനി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഉത്തമമാ​തൃ​ക​യാ​യ ദൈവത്തെ പൂർണ​മാ​യി അനുക​രി​ക്കു​ക സാധ്യമല്ല എന്നത്‌ ശരിയാണ്‌. പലപ്പോ​ഴും ക്ഷമയുടെ നെല്ലി​പ്പ​ലക കാണേ​ണ്ടി​വ​രു​ന്ന സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. എന്നാൽ അത്തരം സാഹച​ര്യ​ങ്ങ​ളിൽ ദേഷ്യ​ത്തോ​ടെ​യു​ള്ള ശിക്ഷ മിക്ക​പ്പോ​ഴും കുട്ടി​ക​ളെ അടിച്ച​മർത്തു​ന്ന​തും അമിത​വും വിപരീ​ത​ഫ​ല​മു​ള​വാ​ക്കു​ന്ന​തും ആയിരി​ക്കു​മെന്ന് എല്ലായ്‌പോ​ഴും ഓർക്കുക. ദേഷ്യ​ത്താ​ലോ നിരാ​ശ​യാ​ലോ പ്രേരി​ത​മാ​യ ഒരു ശിക്ഷ, ശിക്ഷണ​മാ​ണെ​ന്നു പറയാ​നാ​കി​ല്ല. അത്‌ ആത്മനി​യ​ന്ത്ര​ണം നഷ്ടപ്പെ​ട്ട​തി​ന്‍റെ ഒരു പ്രകടനം മാത്ര​മാണ്‌.

നേരെ​മ​റിച്ച് സ്‌നേ​ഹ​ത്തോ​ടെ​യും ആത്മനി​യ​ന്ത്ര​ണ​ത്തോ​ടെ​യും ശിക്ഷണം നൽകു​മ്പോൾ നിങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ഫലം ലഭിക്കാ​നാ​ണു സാധ്യത. തുടക്ക​ത്തിൽ പരാമർശി​ച്ച മാതാ​പി​താ​ക്ക​ളാ​യ ജോർജും നിക്കോ​ളും പ്രശ്‌നം കൈകാ​ര്യം ചെയ്‌തത്‌ എങ്ങനെ​യെ​ന്നു കാണുക.

പ്രാർഥിക്കുക

“ഒടുവിൽ ജോർഡൻ വീട്ടിൽ എത്തിയ​പ്പോൾ ഞങ്ങൾ ദേഷ്യം​കൊണ്ട് പൊട്ടി​ത്തെ​റി​ക്കു​ന്ന അവസ്ഥയി​ലാ​യി​രു​ന്നു. എന്നാൽ, അവൻ കാര്യങ്ങൾ വിശദീ​ക​രി​ച്ച​പ്പോൾ ഞങ്ങൾ സമനി​ല​യോ​ടെ കേട്ടു. രാത്രി ഏറെ വൈകി​യി​രു​ന്ന​തി​നാൽ, ഈ വിഷയം അടുത്ത ദിവസം രാവിലെ ചർച്ച ചെയ്യാ​മെ​ന്നു തീരു​മാ​നി​ച്ചു. ഞങ്ങൾ ഒരുമി​ച്ചു പ്രാർഥി​ച്ച​ശേ​ഷം കിടന്നു​റ​ങ്ങി. പിറ്റേ ദിവസം, അവന്‍റെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രാ​നാ​കും വിധം ശാന്തമാ​യി പ്രശ്‌നം ചർച്ച ചെയ്യാ​നു​ള്ള ഒരു അവസ്ഥയി​ലാ​യി​രു​ന്നു ഞങ്ങൾ. അവൻ ഞങ്ങൾ വെച്ച നിയ​ന്ത്ര​ണ​ങ്ങൾക്കു മനസ്സോ​ടെ കീഴ്‌പെ​ടു​ക​യും താൻ വൈകി വന്നതിന്‍റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ക​യും ചെയ്‌തു. മനസ്സ് അസ്വസ്ഥ​മാ​യി​രി​ക്കു​മ്പോൾ, പെട്ടെന്നു പ്രതി​ക​രി​ക്കു​ന്നത്‌ വിപരീ​ത​ഫ​ലം ഉളവാ​ക്കു​മെ​ന്നു തിരി​ച്ച​റി​യാ​നാ​യ​തിൽ ഞങ്ങൾ സന്തുഷ്ട​രാണ്‌. ആദ്യപ​ടി​യെന്ന നിലയിൽ ഞങ്ങൾ ശ്രദ്ധി​ക്കാൻ തയ്യാറാ​യ​പ്പോ​ഴൊ​ക്കെ കാര്യങ്ങൾ നല്ല രീതി​യിൽ അവസാ​നി​ക്കാ​റു​ണ്ടാ​യി​രു​ന്നു.”—ജോർജ്‌.

സംസാരിക്കുക

“എന്‍റെ മകൻ അവന്‍റെ ചേച്ചി​യു​ടെ തലയിൽ ഉണ്ടാക്കിയ മുറിവ്‌ കണ്ടപ്പോൾ എനിക്കു ദേഷ്യം സഹിക്കാ​നാ​യി​ല്ല. ന്യായ​മാ​യ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ കഴിയാത്ത വിധം ഞാൻ അത്ര ദേഷ്യ​ത്തി​ലാ​യി​രു​ന്ന​തി​നാൽ പെട്ടെന്നു പ്രതി​ക​രി​ക്കു​ന്ന​തി​നു പകരം ഞാൻ അവനെ അവന്‍റെ മുറി​യി​ലേ​ക്കു പറഞ്ഞു​വി​ട്ടു. പിന്നീട്‌ ഞാൻ ശാന്തയാ​യ​പ്പോൾ, അക്രമം ഒന്നിനും ഒരു പരിഹാ​ര​മ​ല്ലെന്ന് അവനു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. കൂടാതെ അവൻ അവൾക്കു വരുത്തി​വെച്ച മുറി​വും ഞാൻ അവനെ കാണിച്ചു. ഈ സമീപനം ഫലം കണ്ടു. തന്‍റെ ചേച്ചി​യോട്‌ അവൻ ക്ഷമ ചോദി​ക്കു​ക​യും അവളെ കെട്ടി​പ്പി​ടി​ക്കു​ക​യും ചെയ്‌തു.”നിക്കോൾ.

അതെ, ഉചിത​മാ​യ ശിക്ഷണം അതിൽ ശിക്ഷ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽപ്പോ​ലും എല്ലായ്‌പോ​ഴും സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി​രി​ക്കും.

ന്യായ​ബോ​ധ​ത്തോ​ടെ​യുള്ള ശിക്ഷണം

യഹോവ ‘ന്യായ​മാ​യ’ അളവി​ലാണ്‌ ശിക്ഷണം നൽകു​ന്നത്‌. (യിരെ​മ്യാ​വു 30:11; 46:28) അത്ര വ്യക്തമ​ല്ലാ​ത്ത കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സാഹച​ര്യ​ങ്ങ​ളും അവൻ കണക്കി​ലെ​ടു​ക്കു​ന്നു. മാതാ​പി​താ​ക്കൾക്ക് ഇത്‌ എങ്ങനെ അനുക​രി​ക്കാം? തുടക്ക​ത്തിൽ പരാമർശി​ച്ച സ്റ്റീഫൻ വിശദീ​ക​രി​ക്കു​ന്നു: “മോതി​ര​ത്തി​ന്‍റെ കാര്യം നാറ്റ്‌ലി ആവർത്തിച്ച് നിഷേ​ധി​ക്കു​ന്ന​തി​ന്‍റെ കാരണം ഞങ്ങൾക്കു മനസ്സി​ലാ​യി​ല്ല. മാത്രമല്ല, അവൾ ചെയ്‌ത പ്രവൃത്തി ഞങ്ങളെ അത്യധി​കം വേദനി​പ്പി​ക്കു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും അവളുടെ പ്രായ​വും പക്വത​ക്കു​റ​വും കണക്കി​ലെ​ടു​ത്തു​കൊണ്ട് ഞങ്ങൾ അവളെ മനസ്സി​ലാ​ക്കാൻ ശ്രമിച്ചു.”

നിക്കോ​ളി​ന്‍റെ ഭർത്താ​വാ​യ റോബർട്ടും എല്ലാ സാഹച​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കാൻ ശ്രമി​ക്കു​ന്നു. കുട്ടികൾ മോശ​മാ​യി പെരു​മാ​റു​മ്പോൾ അദ്ദേഹം തന്നോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കും: ‘ഇത്‌ ആദ്യമാ​യി​ട്ടാ​ണോ ഇങ്ങനെ സംഭവി​ക്കു​ന്നത്‌ അതോ ഇത്‌ അവരുടെ ശീലമാ​ണോ? കുട്ടി ക്ഷീണി​ത​നാ​ണോ അല്ലെങ്കിൽ അവനു സുഖമി​ല്ലേ? ഈ പെരു​മാ​റ്റം മറ്റ്‌ ഏതെങ്കി​ലും പ്രശ്‌ന​ത്തി​ന്‍റെ ലക്ഷണമാ​ണോ?’

ന്യായ​ബോ​ധ​മു​ള്ള മാതാ​പി​താ​ക്കൾ കുട്ടികൾ മുതിർന്ന​വ​രെ​പോ​ലെയല്ല എന്നു മനസ്സിൽപി​ടി​ക്കു​ന്നു. “ഞാൻ ശിശു​വാ​യി​രു​ന്ന​പ്പോൾ ശിശു​വി​നെ​പ്പോ​ലെ സംസാ​രി​ച്ചു, ശിശു​വി​നെ​പ്പോ​ലെ ചിന്തിച്ചു” എന്ന് പറഞ്ഞ​പ്പോൾ മേൽപ്പറഞ്ഞ വസ്‌തുത അംഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു യേശു​വി​ന്‍റെ ശിഷ്യ​നാ​യ പൗലോസ്‌. (1 കൊരി​ന്ത്യർ 13:11) “ശരിയായ കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കാ​നും അമിത​മാ​യി പ്രതി​ക​രി​ക്കാ​തി​രി​ക്കാ​നും എന്നെ സഹായി​ക്കു​ന്ന ഒരു കാര്യം, കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഞാൻ എന്താണ്‌ ചെയ്‌തി​രു​ന്നത്‌ എന്നു ചിന്തി​ക്കു​ന്ന​താണ്‌,” റോബർട്ട് പറയുന്നു.

ന്യായ​ബോ​ധ​ത്തോ​ടെ​യുള്ള പ്രതീ​ക്ഷ​കൾ വെച്ചു​പു​ലർത്തു​ന്ന​തും അതേസ​മ​യം​ത​ന്നെ, മോശ​മാ​യ പെരു​മാ​റ്റ​മോ മനോ​ഭാ​വ​മോ കാണു​മ്പോൾ അവയെ ന്യായീ​ക​രി​ക്കു​ക​യോ അതിനു​നേ​രെ കണ്ണടയ്‌ക്കു​ക​യോ ചെയ്യാ​തി​രി​ക്കു​ന്ന​തും വളരെ പ്രധാ​ന​മാണ്‌. കുട്ടി​ക​ളു​ടെ പ്രാപ്‌തി​കൾ, പരിമി​തി​കൾ, അതു​പോ​ലെ മറ്റു സാഹച​ര്യ​ങ്ങൾ എന്നിവ കണക്കി​ലെ​ടു​ക്കു​മ്പോൾ ശിക്ഷണം സമനി​ല​യു​ള്ള​തും ന്യായ​ബോ​ധ​ത്തോ​ടു​കൂ​ടി​യു​ള്ള​തും ആണെന്നു നിങ്ങൾ ഉറപ്പാ​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌.

പറഞ്ഞാൽ പറഞ്ഞതു​പോ​ലെ ചെയ്യുക

“യഹോ​വ​യാ​യ ഞാൻ മാറാ​ത്ത​വൻ” എന്ന് മലാഖി 3:6 പറയുന്നു. ദൈവ​ദാ​സ​ന്മാർ ഈ വസ്‌തുത വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്, അവർക്കു സുരക്ഷി​ത​ത്വം തോന്നു​ന്നു. ശിക്ഷണ​ത്തി​ന്‍റെ കാര്യ​ത്തിൽ മാതാ​പി​താ​ക്കൾ ദൈവ​ത്തെ​പ്പോ​ലെ ദൃഢത​യു​ള്ള​വ​രാ​യി​രി​ക്കണം. നിങ്ങൾ പറഞ്ഞാൽ പറഞ്ഞതു​പോ​ലെ ശിക്ഷണം കൊടു​ക്ക​ണം. മൂഡ്‌ മാറു​ന്നത്‌ അനുസ​രിച്ച് നിങ്ങളു​ടെ നിലവാ​ര​ങ്ങ​ളും മാറി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നെ​ങ്കിൽ കുട്ടി​ക​ളിൽ അത്‌ അരിശ​വും ആശയക്കു​ഴ​പ്പ​വും ഉളവാ​ക്കി​യേ​ക്കാം.

“നിങ്ങളു​ടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരി​ക്ക​ട്ടെ” എന്ന യേശു​വി​ന്‍റെ വാക്കുകൾ ഓർക്കുക. (മത്തായി 5:37) കുട്ടി​ക​ളെ വളർത്തുന്ന കാര്യ​ത്തിൽ ഇതു വിശേ​ഷാൽ ബാധക​മാണ്‌. നിങ്ങൾ ശിക്ഷി​ക്കു​മെ​ന്നു പറഞ്ഞാൽ പറഞ്ഞ ശിക്ഷതന്നെ കൊടു​ക്ക​ണം. കൊടു​ക്കാൻ ഉദ്ദേശി​ക്കാ​ത്ത ശിക്ഷ​യെ​ക്കു​റി​ച്ചു പറയാ​തി​രി​ക്കു​ക.

മാതാ​പി​താ​ക്കൾ ഇത്തരം കാര്യങ്ങൾ പരസ്‌പ​രം സംസാ​രി​ക്കു​ന്നെ​ങ്കിൽ മാത്രമേ ഈ രീതി​യിൽ ശിക്ഷണം കൊടു​ക്കാ​നാ​കൂ. റോബർട്ട് പറയുന്നു: “ഭാര്യ അനുവ​ദി​ക്കാ​ത്ത ഒരു കാര്യം സാധി​ച്ചെ​ടു​ക്കാൻ ചില​പ്പോൾ കുട്ടികൾ എന്‍റെ അനുവാ​ദം വാങ്ങും. പിന്നീട്‌, കാര്യം മനസ്സി​ലാ​ക്കു​മ്പോൾ ഭാര്യയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി ഞാൻ എന്‍റെ തീരു​മാ​നം മാറ്റും.” ഒരു പ്രശ്‌നം എങ്ങനെ കൈകാ​ര്യം ചെയ്യണം എന്നതു സംബന്ധിച്ച് മാതാ​പി​താ​ക്കൾക്കി​ട​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കിൽ സ്വകാ​ര്യ​മാ​യി അവ ചർച്ച ചെയ്‌ത്‌ ഒരേ അഭി​പ്രാ​യ​ത്തിൽ എത്തേണ്ടത്‌ ആവശ്യ​മാണ്‌.

ശിക്ഷണം അത്യന്താ​പേ​ക്ഷി​തം

സ്‌നേ​ഹ​ത്തോ​ടെ​യും ന്യായ​ബോ​ധ​ത്തോ​ടെ​യും ദൃഢത​യോ​ടെ​യും യഹോവ ശിക്ഷണം നൽകുന്ന രീതി അനുക​രി​ക്കു​ന്നെ​ങ്കിൽ, നിങ്ങളു​ടെ പ്രയത്‌നം കുട്ടി​കൾക്കു പ്രയോ​ജ​നം ചെയ്യു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. സ്‌നേ​ഹ​പൂർവം നൽകുന്ന മാർഗ​നിർദ്ദേ​ശം, പക്വത​യും ഉത്തരവാ​ദി​ത്വ​ബോ​ധ​വും സമനി​ല​യും ഉള്ള വ്യക്തി​ക​ളാ​യി​ത്തീ​രാൻ കുട്ടി​ക​ളെ സഹായി​ക്കും. ബൈബിൾ ഇങ്ങനെ പറയുന്നു, “ബാലൻ നടക്കേ​ണ്ടു​ന്ന വഴിയിൽ അവനെ അഭ്യസി​പ്പി​ക്ക; അവൻ വൃദ്ധനാ​യാ​ലും അതു വിട്ടു​മാ​റു​ക​യി​ല്ല.”—സദൃശ​വാ​ക്യ​ങ്ങൾ 22:6. ▪ (w14-E 07/01)