വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദാം പൂർണനായിരുന്നെങ്കിൽ അവനു പാപം ചെയ്യാൻ കഴിഞ്ഞത്‌ എങ്ങനെ?

ആദാം പൂർണനായിരുന്നെങ്കിൽ അവനു പാപം ചെയ്യാൻ കഴിഞ്ഞത്‌ എങ്ങനെ?

വായനക്കാർ ചോദിക്കുന്നു

ആദാം പൂർണനായിരുന്നെങ്കിൽ അവനു പാപം ചെയ്യാൻ കഴിഞ്ഞത്‌ എങ്ങനെ?

ആദാമിനെ സൃഷ്ടിച്ചപ്പോൾ ദൈവം അവന്‌ ഇച്ഛാസ്വാതന്ത്ര്യം നൽകിയിരുന്നു. അതുകൊണ്ട്‌ അവനു പാപം ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ, ആദാം പൂർണനായിരിക്കെ അത്‌ എങ്ങനെ സാധ്യമാകും എന്നു ചിലർ ചിന്തിച്ചേക്കാം. വാസ്‌തവത്തിൽ, സമ്പൂർണ അർഥത്തിൽ പൂർണനായിരിക്കുന്നത്‌ ദൈവം മാത്രമാണ്‌. (ആവർത്തനപുസ്‌തകം 32:3, 4; സങ്കീർത്തനം 18:30; മർക്കൊസ്‌ 10:18) മറ്റു വ്യക്തികൾക്കോ വസ്‌തുക്കൾക്കോ ഉള്ള പൂർണത ആപേക്ഷികമാണ്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു വസ്‌തു ഏത്‌ ഉദ്ദേശ്യത്തിലാണോ നിർമിക്കപ്പെട്ടിരിക്കുന്നത്‌ ആ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ടു മാത്രമാണ്‌ അത്‌ പൂർണതയുള്ളതായിരിക്കുന്നത്‌.

അങ്ങനെയെങ്കിൽ, ദൈവം ആദാമിനെ സൃഷ്ടിച്ചത്‌ എന്ത്‌ ഉദ്ദേശ്യത്തോടെയാണ്‌? ബുദ്ധിശക്തിയും ഇച്ഛാസ്വാതന്ത്ര്യവുമുള്ള ഒരു വംശത്തെ ആദാമിൽനിന്ന്‌ ഉളവാക്കുക എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവത്തോടും അവന്റെ വഴികളോടും സ്‌നേഹം വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അവന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ട്‌ ആ സ്‌നേഹം പ്രവൃത്തിയിലൂടെ തെളിയിക്കാനാകുമായിരുന്നു. അതെ, അനുസരണം എന്നത്‌ ദൈവം മനുഷ്യന്റെ മനസ്സിൽ പ്രോഗ്രാം ചെയ്‌തുവെച്ചിരുന്ന ഒരു സംഗതിയായിരുന്നില്ല; അത്‌ അവന്റെ ഹൃദയത്തിൽനിന്ന്‌ തനിയെ ഉളവാകേണ്ട ഒന്നായിരുന്നു. (ആവർത്തനപുസ്‌തകം 10:12, 13; 30:19, 20) ആദാമിന്‌ അനുസരണക്കേടിന്റെ വഴി തിരഞ്ഞെടുക്കാനുള്ള പ്രാപ്‌തി ഇല്ലായിരുന്നെങ്കിൽ, അവൻ അപൂർണനായിരിക്കുമായിരുന്നു. എന്നാൽ ആദാം തന്റെ ഇച്ഛാസ്വാതന്ത്ര്യം എങ്ങനെയാണ്‌ ഉപയോഗിച്ചത്‌? ഭാര്യയോടു കൂട്ടുചേർന്ന്‌ ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം’ സംബന്ധിച്ച ദൈവകൽപ്പന ലംഘിച്ചുകൊണ്ട്‌ അവൻ അത്‌ ദുരുപയോഗപ്പെടുത്തി.—ഉല്‌പത്തി 2:17; 3:1-6.

അപ്പോൾ, ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രാപ്‌തി ഇല്ലാതെയാണോ ദൈവം ആദാമിനെ സൃഷ്ടിച്ചത്‌? ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാനോ പ്രലോഭനങ്ങളെ ചെറുക്കാനോ ഉള്ള കഴിവ്‌ അവന്‌ ഇല്ലായിരുന്നോ? ആദാം അനുസരണക്കേടു കാണിക്കുന്നതിനുമുമ്പ്‌, ആദ്യമനുഷ്യജോടി ഉൾപ്പെടെ തന്റെ ഭൗമിക സൃഷ്ടികളെയെല്ലാം നിരീക്ഷിച്ചശേഷം “എത്രയും നല്ലത്‌” എന്ന്‌ യഹോവ പറയുകയുണ്ടായി. (ഉല്‌പത്തി 1:31) അതെ, പിഴവറ്റ വിധത്തിലായിരുന്നു ദൈവം ആദാമിനെ സൃഷ്ടിച്ചത്‌. അതുകൊണ്ട്‌, താൻ ചെയ്‌ത തെറ്റിന്റെ പൂർണ ഉത്തരവാദിത്വം ആദാമിനുതന്നെ ആയിരുന്നു. (ഉല്‌പത്തി 3:17-19) ദൈവത്തോടും ശരിയായ തത്ത്വത്തോടുമുള്ള സ്‌നേഹം, മറ്റാരെക്കാളും ഉപരി ദൈവത്തെ അനുസരിക്കാൻ അവനെ പ്രേരിപ്പിക്കേണ്ടിയിരുന്നു. പക്ഷേ, അവൻ അതിൽ പരാജയപ്പെട്ടു.

ഭൂമിയിലായിരുന്നപ്പോൾ യേശുവും ആദാമിനെപ്പോലെ ഒരു പൂർണ മനുഷ്യനായിരുന്നു. എന്നാൽ, ആദാമിന്റെ മറ്റു സന്തതികളിൽനിന്നു വ്യത്യസ്‌തമായി, അവൻ ഉരുവായത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലായിരുന്നു. അതിനാൽ പ്രലോഭനത്തിനു വശംവദനാകാനുള്ള പ്രവണത യേശുവിന്‌ പാരമ്പര്യമായി ലഭിച്ചില്ല. (ലൂക്കൊസ്‌ 1:30, 31; 2:21; 3:23, 38) അതിശക്തമായ സമ്മർദങ്ങൾ ഉണ്ടായിട്ടും സ്വമനസ്സാലെ അവൻ തന്റെ പിതാവിനോടുള്ള വിശ്വസ്‌തത കാത്തു. യഹോവയുടെ കൽപ്പന ലംഘിച്ചപ്പോൾ ആദാമും തന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ട്‌, ആദാമിന്റെ തെറ്റിന്റെ പൂർണ ഉത്തരവാദിത്വം അവനുതന്നെ ആയിരുന്നു.

എന്നാൽ, ആദാം അനുസരണക്കേടിന്റെ വഴി തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണ്‌? തന്റെ ജീവിതം കുറെക്കൂടെ മെച്ചപ്പെടുമെന്ന്‌ അവൻ വിശ്വസിച്ചതുകൊണ്ടാണോ? തീർച്ചയായും അല്ല. കാരണം, ‘ആദാം വഞ്ചിക്കപ്പെടുകയായിരുന്നില്ല’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (1 തിമൊഥെയൊസ്‌ 2:14) തന്റെ ഭാര്യയുടെ ഇംഗിതത്തിനു വഴങ്ങാൻ അവൻ സ്വയം തീരുമാനിക്കുകയായിരുന്നു. വിലക്കപ്പെട്ട കനി അതിനോടകംതന്നെ ഭക്ഷിച്ച ഹവ്വാ തന്റെ ഭർത്താവും അത്‌ ഭക്ഷിക്കണം എന്ന്‌ ആഗ്രഹിച്ചു. സ്രഷ്ടാവിനെ അനുസരിക്കുന്നതിനു പകരം ഭാര്യയുടെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കാനാണ്‌ ആദാം ആഗ്രഹിച്ചത്‌. വിലക്കപ്പെട്ട കനി ഹവ്വാ വെച്ചുനീട്ടിയപ്പോൾ, അനുസരണക്കേടിന്റെ ഭവിഷ്യത്ത്‌ എന്തായിരുക്കുമെന്ന്‌, ദൈവവുമായി തനിക്കുള്ള ബന്ധത്തിന്‌ എന്തു സംഭവിക്കുമെന്ന്‌ ഒരു നിമിഷം ആദാം ചിന്തിക്കേണ്ടിയിരുന്നു. എന്നാൽ, ദൈവത്തോട്‌ ശക്തമായ സ്‌നേഹം ഇല്ലാതിരുന്നതുകൊണ്ട്‌ തനിക്കു നേരിട്ട സമ്മർദം ചെറുക്കാൻ ആദാമിനു കഴിഞ്ഞില്ല.

പാപം ചെയ്‌തതിനുശേഷമാണ്‌ ആദാമിനു കുട്ടികൾ ജനിച്ചത്‌. അതുകൊണ്ട്‌, അവന്റെ സന്തതികളെല്ലാം ജന്മനാ അപൂർണരാണ്‌. എന്നാൽ, ആദാമിനെപ്പോലെ നമുക്കെല്ലാം ഇച്ഛാസ്വാതന്ത്ര്യം എന്ന ദാനം ലഭിച്ചിരിക്കുന്നു. യഹോവയുടെ നന്മയെക്കുറിച്ച്‌ നന്ദിനിറഞ്ഞ ഹൃദയത്തോടെ നമുക്കു ധ്യാനിക്കാം. അങ്ങനെ, നമ്മുടെ അനുസരണത്തിനും ആരാധനയ്‌ക്കും യോഗ്യനായ ദൈവത്തോടു ശക്തമായ സ്‌നേഹം നമുക്കു വളർത്തിയെടുക്കാം.—സങ്കീർത്തനം 63:6; മത്തായി 22:36, 37.