വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുക

ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുക

 കുടുംബ സന്തുഷ്ടിയുടെ രഹസ്യം

ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുക

മരിയ:  * “കുറച്ചുനാളായി ഭർത്താവിന്‌ എന്നോട്‌ വൈകാരികമായി എന്തോ ഒരകൽച്ച ഉള്ളതായി ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; മക്കളോടുള്ള ഇടപെടലിലാണെങ്കിൽ ഒരു തണുപ്പൻ മട്ടും. ഇന്റർനെറ്റ്‌ കണക്ഷൻ എടുത്തതിൽപ്പിന്നെയാണ്‌ മൈക്കിളിന്റെ സ്വഭാവത്തിൽ ഈ മാറ്റം കണ്ടുതുടങ്ങിയത്‌. അദ്ദേഹം കമ്പ്യൂട്ടറിൽ അശ്ലീലം കാണുന്നുണ്ടായിരിക്കുമെന്ന്‌ എന്റെ മനസ്സുപറഞ്ഞു. ഒരു ദിവസം കുട്ടികൾ ഉറങ്ങിക്കഴിഞ്ഞ്‌ ഞാൻ ഇതേക്കുറിച്ച്‌ അദ്ദേഹത്തോടു നേരിട്ടു ചോദിച്ചു. താൻ അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കാറുണ്ടെന്ന്‌ അദ്ദേഹം സമ്മതിച്ചു. എനിക്കതു വിശ്വസിക്കാനായില്ല. ഞാൻ ആകെ തകർന്നുപോയി. എനിക്ക്‌ അദ്ദേഹത്തിലുള്ള വിശ്വാസം പാടേ നഷ്ടപ്പെട്ടു. അങ്ങനെയിരിക്കെയാണ്‌, ഒരു സഹപ്രവർത്തകൻ എന്നിൽ പ്രേമാത്മക താത്‌പര്യം കാണിക്കാൻ തുടങ്ങിയത്‌; അത്‌ കാര്യങ്ങളെ കൂടുതൽ വഷളാക്കി.”

മൈക്കിൾ: “കുറച്ചുനാൾമുമ്പ്‌ എന്റെ കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്‌തിരുന്ന ഒരു ചിത്രം മരിയ കണ്ടുപിടിച്ചു; അവൾ അതേക്കുറിച്ച്‌ എന്നോടു ചോദിച്ചു. ഞാൻ സ്ഥിരമായി അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കാറുണ്ടെന്നു സമ്മതിച്ചപ്പോൾ അവൾ പൊട്ടിത്തെറിച്ചു. എനിക്കു വല്ലാത്ത നാണക്കേടും കുറ്റബോധവും തോന്നി. ഞങ്ങളുടെ വിവാഹം തകർന്നു എന്നുതന്നെ ഞാൻ കരുതി.”

വാസ്‌തവത്തിൽ, ഈ ദമ്പതികളുടെ പ്രശ്‌നം എന്തായിരുന്നു? മൈക്കിൾ അശ്ലീലം കാണുന്നതായിരുന്നു മുഖ്യപ്രശ്‌നം എന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും. എന്നാൽ കൂടുതൽ ഗുരുതരമായ ഒരു പ്രശ്‌നത്തിന്റെ, അതായത്‌ ദാമ്പത്യപ്രതിബദ്ധത ഇല്ലാത്തതിന്റെ ബാഹ്യലക്ഷണം മാത്രമായിരുന്നു അത്‌. * മൈക്കിളിന്റെ അനുഭവം അതാണു കാണിക്കുന്നത്‌. സ്‌നേഹം പങ്കിടുക, എല്ലാം ഒരുമിച്ചു ചെയ്യുക—ഇതൊക്കെയായിരുന്നു വിവാഹജീവിതം തുടങ്ങിയപ്പോൾ മൈക്കിളിന്റെയും മരിയയുടെയും സ്വപ്‌നങ്ങൾ. എന്നാൽ കാലം കടന്നുപോയപ്പോൾ, പല ദമ്പതികളുടെയും കാര്യത്തിലെന്നപോലെ, അവരുടെ പ്രതിബദ്ധതയ്‌ക്കും കോട്ടംതട്ടി. അവർ തമ്മിൽ അകലാൻ തുടങ്ങി.

വിവാഹ പങ്കാളിയോട്‌ ആദ്യമൊക്കെ ഉണ്ടായിരുന്നതുപോലുള്ള അടുപ്പം ഇപ്പോഴില്ലെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ? ബന്ധം കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ പിൻവരുന്ന മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌: ദാമ്പത്യപ്രതിബദ്ധത എന്നാൽ എന്താണ്‌? പ്രതിബദ്ധതയ്‌ക്കു തുരങ്കം വെച്ചേക്കാവുന്ന ചില ഘടകങ്ങൾ ഏവ? പങ്കാളിയോടുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

പ്രതിബദ്ധത എന്നാൽ എന്ത്‌?

ദാമ്പത്യപ്രതിബദ്ധതയെ നിങ്ങൾ എങ്ങനെ നിർവചിക്കും? അത്‌ കർത്തവ്യബോധത്തിൽനിന്ന്‌ ഉരുത്തിരിയുന്നതാണെന്ന്‌ പലരും പറഞ്ഞേക്കാം. ഉദാഹരണത്തിന്‌, മക്കളെപ്രതി അല്ലെങ്കിൽ വിവാഹത്തിന്റെ ഉപജ്ഞാതാവായ ദൈവത്തോടുള്ള കടപ്പാടിന്റെ പേരിൽ ആയിരിക്കാം ചില ദമ്പതികൾ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നത്‌.  (ഉല്‌പത്തി 2:22-24) തീർച്ചയായും അതൊക്കെ നല്ലതുതന്നെ. വിവാഹജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ അവ സഹായിക്കുകയും ചെയ്യും. എന്നാൽ സന്തുഷ്ടരായിരിക്കുന്നതിന്‌ ഇണകൾക്ക്‌ കർത്തവ്യബോധം ഉണ്ടായിരുന്നാൽ മാത്രം പോരാ.

പുരുഷനും സ്‌ത്രീക്കും അളവറ്റ സന്തോഷവും സംതൃപ്‌തിയും ലഭിക്കണമെന്ന ഉദ്ദേശ്യത്തിലാണ്‌ യഹോവയായ ദൈവം വിവാഹക്രമീകരണത്തിനു തുടക്കം കുറിച്ചത്‌. പുരുഷൻ തന്റെ “ഭാര്യയിൽ സന്തോഷി”ക്കണമെന്നും സ്‌ത്രീ തന്റെ ഭർത്താവിനെ സ്‌നേഹിക്കണമെന്നും അവൻ ഉദ്ദേശിച്ചു. അതുപോലെ ഭർത്താവ്‌ സ്വന്തം ശരീരത്തെ എന്നപോലെ തന്നെ സ്‌നേഹിക്കുന്നുവെന്ന്‌ ഭാര്യ തിരിച്ചറിയുംവിധത്തിൽ അവൻ അവളോട്‌ ഇടപെടണമായിരുന്നു. (സദൃശവാക്യങ്ങൾ 5:18; എഫെസ്യർ 5:28) അത്തരത്തിലുള്ള ഒരു ഉറ്റബന്ധം സാധ്യമാകുന്നതിന്‌ ദമ്പതികൾ പരസ്‌പരം വിശ്വാസമർപ്പിക്കേണ്ടതുണ്ട്‌. അവർ ഒരു ആജീവനാന്ത സുഹൃദ്‌ബന്ധം വളർത്തിയെടുക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്‌. ഭാര്യയും ഭർത്താവും ഉറ്റ സുഹൃത്തുക്കളായിരിക്കാൻ ശ്രമിക്കുകയും ഇണയുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുമ്പോൾ അവരുടെ പ്രതിബദ്ധത വർധിക്കുന്നു. ഇരുവരും “ഒരു ദേഹമായി”ത്തീർന്നാലെന്നതുപോലെ അത്ര ഇഴയടുപ്പമുള്ളതായിത്തീരുന്നു അവരുടെ ബന്ധം.—മത്തായി 19:5.

ഇഷ്ടിക കെട്ടാൻ ഉപയോഗിക്കുന്ന സിമന്റുകൂട്ടിനോട്‌ പ്രതിബദ്ധതയെ ഉപമിക്കാനാകും. മണലും സിമന്റും വെള്ളവും ചേർത്താണല്ലോ ഈ മിശ്രിതം ഉണ്ടാക്കുന്നത്‌. സമാനമായി കർത്തവ്യബോധത്തിന്റെയും സൗഹൃദത്തിന്റെയും പരസ്‌പര വിശ്വാസത്തിന്റെയും ഒരു മിശ്രിതമാണ്‌ പ്രതിബദ്ധത. ഇതിനു തുരങ്കംവെച്ചേക്കാവുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണ്‌?

തുരങ്കംവെക്കുന്ന ഘടകങ്ങൾ

ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിന്‌ നല്ല ശ്രമവും ആത്മത്യാഗവും ആവശ്യമാണ്‌. വിവാഹ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിന്‌ സ്വന്തം താത്‌പര്യങ്ങൾ ത്യജിക്കാനുള്ള മനസ്സുണ്ടായിരിക്കണം. എന്നിരുന്നാലും സ്വന്തം നേട്ടത്തെക്കുറിച്ചു ചിന്തിക്കാതെ മറ്റുള്ളവരുടെ താത്‌പര്യങ്ങൾക്ക്‌ മുൻതൂക്കം നൽകുന്നത്‌ ഇക്കാലത്ത്‌ പലർക്കും തീരെ പഥ്യമല്ല. എന്നാൽ ‘സ്വാർഥരായ ആരെങ്കിലും സന്തുഷ്ട ദാമ്പത്യജീവിതം നയിക്കുന്നുണ്ടോ?’ എന്നൊന്നു ചിന്തിച്ചു നോക്കൂ. അങ്ങനെ ആരെങ്കിലും ഉണ്ടായിരിക്കാൻ തീരെ സാധ്യതയില്ല; ഉണ്ടെങ്കിൽത്തന്നെ വളരെ വിരളമായിരിക്കും, ശരിയല്ലേ? എന്താണ്‌ അതിനു കാരണം? വ്യക്തിപരമായ ത്യാഗങ്ങൾ ആവശ്യമായി വരുമ്പോൾ, പ്രത്യേകിച്ചും ചെയ്യുന്ന ത്യാഗങ്ങൾക്ക്‌ ഉടനടി പ്രതിഫലം ലഭിക്കില്ലെന്നു വരുമ്പോൾ, സ്വാർഥതയുള്ള ഒരാൾ ദാമ്പത്യപ്രതിബദ്ധത വിട്ടുകളഞ്ഞേക്കാം. ആദ്യമൊക്കെ തോന്നിയ പ്രണയവികാരങ്ങൾ എത്രതന്നെ മധുരിക്കുന്നതായിരുന്നാലും ശരി, പ്രതിബദ്ധതയില്ലെങ്കിൽ ആ ബന്ധം കയ്‌പേറിയതാകും.

വിവാഹജീവിതത്തിന്റെ വിജയത്തിന്‌ നല്ല ശ്രമം ആവശ്യമാണെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു: “വിവാഹം ചെയ്‌തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.” “വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.” (1 കൊരിന്ത്യർ 7:33, 34) പൊതുവെ നിസ്സ്വാർഥരായവർപോലും തങ്ങളുടെ ഇണയുടെ ഉത്‌കണ്‌ഠകളെ മനസ്സിലാക്കാനും അവർ ചെയ്യുന്ന ത്യാഗങ്ങളെ വിലമതിക്കാനും പലപ്പോഴും പരാജയപ്പെടുന്നു. പരസ്‌പരം വിലമതിപ്പ്‌ കാണിക്കാൻ പരാജയപ്പെടുന്ന ദമ്പതികൾക്ക്‌ “ജഡത്തിൽ കഷ്ടത” ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണ്‌.—1 കൊരിന്ത്യർ 7:28.

വിവാഹബന്ധം പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കണമെങ്കിൽ, അനുകൂലകാലത്ത്‌ അത്‌ കൂടുതൽ ബലിഷ്‌ഠമായിത്തീരണമെങ്കിൽ, തീർച്ചയായും അതിനെ ഒരു ആജീവനാന്ത ബന്ധമായി കാണേണ്ടതുണ്ട്‌. അത്തരമൊരു വീക്ഷണം നിങ്ങൾക്ക്‌ എങ്ങനെ വളർത്തിയെടുക്കാം? നിങ്ങളോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ ഇണയെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാനാകും?

പ്രതിബദ്ധത അരക്കിട്ടുറപ്പിക്കാൻ . . .

ദൈവവചനമായ ബൈബിളിലെ ബുദ്ധിയുപദേശം താഴ്‌മയോടെ അനുസരിക്കുകയാണ്‌ നിങ്ങൾ ചെയ്യേണ്ട ഒരു മുഖ്യ സംഗതി. അത്‌ നിങ്ങൾക്കും നിങ്ങളുടെ ഇണയ്‌ക്കും പ്രയോജനകരമായിരിക്കും. (യെശയ്യാവു 48:17) നിങ്ങൾക്കു പിൻപറ്റാവുന്ന രണ്ടു പ്രായോഗിക പടികളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

1. നിങ്ങളുടെ വിവാഹബന്ധത്തിന്‌ ഒരു സമുന്നത സ്ഥാനം നൽകുക. “പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാൻ” അപ്പൊസ്‌തലനായ പൗലോസ്‌ ഉദ്‌ബോധിപ്പിച്ചു. (ഫിലിപ്പിയർ 1:10, NW) ഭാര്യാഭർത്താക്കന്മാർ പരസ്‌പരം എങ്ങനെ പെരുമാറുന്നു എന്നത്‌ ദൈവദൃഷ്ടിയിൽ പ്രധാനമാണ്‌. ഭാര്യയെ ആദരിക്കുന്ന പുരുഷനെ ദൈവവും ആദരിക്കും. ഭർത്താവിനെ ബഹുമാനിക്കുന്ന സ്‌ത്രീ “ദൈവസന്നിധിയിൽ വിലയേറിയ”വളാണ്‌. —1 പത്രൊസ്‌ 3:1-4, 7.

നിങ്ങളുടെ വിവാഹബന്ധത്തിന്‌ നിങ്ങൾ എത്രത്തോളം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്‌? സാധാരണഗതിയിൽ,  ഒരു സംഗതി നിങ്ങൾക്ക്‌ എത്ര പ്രധാനമാണോ അത്രയധികം സമയം നിങ്ങൾ അതിനായി ചെലവഴിക്കും. ‘കഴിഞ്ഞ ഒരു മാസം എന്റെ ഇണയോടൊപ്പം ഞാൻ എത്ര സമയം ചെലവഴിച്ചു? ഞങ്ങൾ ഇപ്പോഴും ഉറ്റ സുഹൃത്തുക്കൾതന്നെയാണെന്ന്‌ ഇണയ്‌ക്ക്‌ ഉറപ്പു നൽകാൻ ഞാൻ എന്തൊക്കെ ചെയ്‌തു?’ എന്ന്‌ സ്വയം ചോദിച്ചു നോക്കൂ. ഇണയ്‌ക്കുവേണ്ടി അധികസമയമൊന്നും നീക്കിവെക്കുന്നില്ലെങ്കിൽ നിങ്ങൾക്കു പ്രതിബദ്ധതയുണ്ടെന്നു വിശ്വസിക്കാൻ ഇണയ്‌ക്കു പ്രയാസമായിരുന്നേക്കാം.

നിങ്ങൾക്കു പ്രതിബദ്ധതയുണ്ടെന്ന്‌ നിങ്ങളുടെ ഇണ വിചാരിക്കുന്നുണ്ടോ? നിങ്ങൾക്ക്‌ അതെങ്ങനെ അറിയാം?

ശ്രമിച്ചുനോക്കൂ: ഒരു കടലാസിൽ പിൻവരുന്ന അഞ്ചു കാര്യങ്ങൾ എഴുതുക: പണം, ജോലി, വിവാഹം, വിനോദം, സുഹൃത്തുക്കൾ. എന്നിട്ട്‌ നിങ്ങളുടെ ഇണയുടെ മുൻഗണനകൾ അതിന്റെ ക്രമത്തിൽ അക്കമിട്ടു സൂചിപ്പിക്കുക. നിങ്ങളെക്കുറിച്ചും അതുതന്നെ ചെയ്യാൻ ഇണയോട്‌ ആവശ്യപ്പെടുക. അതിനുശേഷം ഈ കടലാസുകൾ പരസ്‌പരം കൈമാറുക. ഇണയ്‌ക്കുവേണ്ടി നിങ്ങൾ വേണ്ടത്ര സമയവും ഊർജവുമൊന്നും ചെലവഴിക്കുന്നില്ല എന്നാണ്‌ ഇണ വിചാരിക്കുന്നതെങ്കിൽ, പരസ്‌പരമുള്ള പ്രതിബദ്ധത കെട്ടുറപ്പുള്ളതാക്കാൻ നിങ്ങൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ തുറന്നു ചർച്ച ചെയ്യുക. ‘എന്റെ ഇണ പ്രധാനപ്പെട്ടതായി കരുതുന്ന കാര്യങ്ങളിൽ കൂടുതൽ താത്‌പര്യമെടുക്കാൻ എനിക്ക്‌ എന്തു ചെയ്യാനാകും?’ എന്ന്‌ സ്വയം ചോദിക്കുക.

2. എല്ലാത്തരം അവിശ്വസ്‌തതയും ഒഴിവാക്കുക. “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി” എന്ന്‌ യേശുക്രിസ്‌തു പറഞ്ഞു. (മത്തായി 5:28) വിവാഹേതര ലൈംഗിക ബന്ധത്തെ വിവാഹമോചനത്തിനുള്ള അടിസ്ഥാനമായി ബൈബിൾ വിശേഷിപ്പിക്കുന്നു. അതിൽ ഏർപ്പെടുന്ന ഒരു വ്യക്തി വിവാഹബന്ധത്തെ താറുമാറാക്കുകയാണ്‌. (മത്തായി 5:32) പരസംഗം ചെയ്യുന്നതിന്‌ വളരെ മുമ്പുതന്നെ ഒരുവന്റെ ഹൃദയത്തിൽ തെറ്റായ മോഹം ഉണ്ടായിരിക്കാമെന്ന്‌ യേശുവിന്റെ മേൽപ്പറഞ്ഞ വാക്കുകൾ വ്യക്തമാക്കുന്നു. തെറ്റായ ആഗ്രഹം മനസ്സിൽ താലോലിക്കുന്നതുതന്നെ ഒരുതരം വഞ്ചനയാണ്‌.

ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ അശ്ലീലം വീക്ഷിക്കുകയില്ലെന്ന്‌ ദൃഢപ്രതിജ്ഞയെടുക്കുക. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, വിവാഹബന്ധത്തെ നശിപ്പിക്കുന്ന മാരകവിഷമാണ്‌ അശ്ലീലം. തന്റെ ഭർത്താവ്‌ അശ്ലീലം വീക്ഷിക്കുന്നതിനെക്കുറിച്ച്‌ ഒരു ഭാര്യ പറഞ്ഞതു ശ്രദ്ധിക്കുക: “അശ്ലീലം വീക്ഷിക്കുന്നത്‌ ഞങ്ങളുടെ വിവാഹജീവിതത്തിന്‌ നവജീവൻ പകരുന്നു എന്നാണ്‌ ഭർത്താവിന്റെ പക്ഷം. എന്നാൽ എന്നെ ഒന്നിനും കൊള്ളില്ല, അദ്ദേഹത്തെ തൃപ്‌തിപ്പെടുത്താൻ എനിക്കാകുന്നില്ല എന്നൊക്കെയുള്ള തോന്നൽ അത്‌ എന്നിൽ ഉളവാക്കുന്നു. അദ്ദേഹം അത്‌ വീക്ഷിക്കുമ്പോൾ ഞാൻ കരഞ്ഞു കരഞ്ഞ്‌ ഉറങ്ങിപ്പോകുകയാണു പതിവ്‌.” ഈ ഭർത്താവ്‌ തന്റെ ദാമ്പത്യപ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണോ, അതോ അതിനു തുരങ്കംവെക്കുകയാണോ? വിവാഹപ്രതിബദ്ധത കാത്തുസൂക്ഷിക്കുക എന്നത്‌ ഭാര്യക്ക്‌  എളുപ്പമാക്കിത്തീർക്കുകയാണോ അയാൾ? തന്റെ ഉറ്റ സുഹൃത്തായി അയാൾ ഭാര്യയെ കരുതുന്നുണ്ടോ?

‘തന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു’കൊണ്ട്‌ വിശ്വസ്‌തനായ ഇയ്യോബ്‌ വിവാഹ ഇണയോടും ദൈവത്തോടുമുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചു. ‘ഒരു കന്യകയെ നോക്കാതിരിക്കാൻ’ അവൻ ദൃഢചിത്തനായിരുന്നു. (ഇയ്യോബ്‌ 31:1) നിങ്ങൾക്ക്‌ എങ്ങനെ ഇയ്യോബിനെ അനുകരിക്കാനാകും?

അശ്ലീലം ഒഴിവാക്കുന്നതോടൊപ്പംതന്നെ, എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളുമായി അനുചിതമായ അടുപ്പം വളർത്തിയെടുക്കാതെ നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക. എതിർലിംഗവർഗത്തിൽപ്പെട്ടവരുമായി ശൃംഗരിക്കുന്നതുകൊണ്ട്‌ ദാമ്പത്യത്തിന്‌ ഒരു കുഴപ്പവും സംഭവിക്കില്ലെന്ന്‌ പലരും വിചാരിക്കുന്നുണ്ടാകാം. എന്നാൽ ദൈവവചനം ഈ മുന്നറിയിപ്പു നൽകുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?” (യിരെമ്യാവു 17:9) നിങ്ങളുടെ ഹൃദയം നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടോ? ഒരു ആത്മപരിശോധന നടത്തുക: ‘ഞാൻ ആർക്കാണ്‌ കൂടുതൽ ശ്രദ്ധ നൽകുന്നത്‌, എന്റെ ഇണയ്‌ക്കോ, അതോ എതിർലിംഗവർഗത്തിൽപ്പെട്ട മറ്റൊരാൾക്കോ? ഒരു നല്ല വാർത്ത ആദ്യം ഞാൻ ആരോടാണു പറയുന്നത്‌, ഇണയോടോ, അതോ മറ്റാരോടെങ്കിലുമോ? എതിർലിംഗവർഗത്തിൽപ്പെട്ട ഒരു പ്രത്യേക വ്യക്തിയുമായി അത്ര അടുപ്പം വേണ്ടെന്ന്‌ എന്റെ ഇണ പറയുമ്പോൾ ഞാൻ എങ്ങനെ പ്രതികരിക്കും? എനിക്കു നീരസം തോന്നുമോ, അതോ സന്തോഷപൂർവം മാറ്റം വരുത്തുമോ?’

ശ്രമിച്ചുനോക്കൂ: നിങ്ങളുടെ ഇണയോടല്ലാതെ മറ്റാരോടെങ്കിലും ആകർഷണം തോന്നുന്നെങ്കിൽ അത്യാവശ്യ കാര്യങ്ങൾക്കുമാത്രം അവരുമായി ഇടപെട്ടുകൊണ്ട്‌ വേണ്ടത്ര അകലം പാലിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങളുടെ ഇണയെക്കാൾ അവർ മുന്തിനിൽക്കുന്നെന്നു തോന്നുന്നെങ്കിൽ അതിൽ ശ്രദ്ധിക്കാതെ ഇണയുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. (സദൃശവാക്യങ്ങൾ 31:29) നിങ്ങളുടെ ഇണയിലേക്ക്‌ നിങ്ങളെ ആകർഷിച്ചത്‌ എന്താണെന്ന്‌ ഓർത്തെടുക്കുക. ‘എന്റെ ഇണയ്‌ക്ക്‌ ആ ഗുണങ്ങൾ വാസ്‌തവത്തിൽ നഷ്ടമായിട്ടുണ്ടോ, അതോ ഇപ്പോൾ ഞാൻ അവ ശ്രദ്ധിക്കുന്നില്ലന്നേയുള്ളോ?’

മുൻകൈയെടുക്കുക

തുടക്കത്തിൽ പരാമർശിച്ച മൈക്കിളും മരിയയും തങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന്‌ സഹായം തേടാൻ തീരുമാനിച്ചു. ഉപദേശം തേടുന്നത്‌ ആദ്യ പടി മാത്രമേ ആകുന്നുള്ളൂ; എങ്കിൽപ്പോലും തങ്ങളുടെ യഥാർഥ പ്രശ്‌നം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും സഹായം തേടുകയും ചെയ്യുകവഴി മൈക്കിളും മരിയയും ഒരു കാര്യം വ്യക്തമാക്കുകയായിരുന്നു: തങ്ങൾക്ക്‌ ദാമ്പത്യപ്രതിബദ്ധത ഉണ്ടെന്നും അതിന്റെ വിജയത്തിനായി കഠിന ശ്രമം ചെയ്യാൻ തങ്ങൾ മനസ്സൊരുക്കമുള്ളവരാണെന്നുംതന്നെ.

നിങ്ങളുടെ ദാമ്പത്യം കെട്ടുറപ്പുള്ളതാണെങ്കിലും അല്ലെങ്കിലും വിവാഹം വിജയപ്രദമാക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധനാണെന്ന്‌ നിങ്ങളുടെ ഇണ തിരിച്ചറിയേണ്ടതുണ്ട്‌. ആ വസ്‌തുത ഇണയെ ബോധ്യപ്പെടുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക. അതു ചെയ്യാൻ നിങ്ങൾ സന്നദ്ധനാണോ?

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 5 അശ്ലീലം വീക്ഷിക്കുന്ന ഒരു പുരുഷനെക്കുറിച്ചാണ്‌ ഇവിടെ പറഞ്ഞിരിക്കുന്നതെങ്കിലും അങ്ങനെ ചെയ്യുന്ന സ്‌ത്രീകളുടെ കാര്യത്തിലും അതുതന്നെ സത്യമാണ്‌.

നിങ്ങളോടുതന്നെ ചോദിക്കുക . . .

ഇണയുമൊത്ത്‌ കൂടുതൽ സമയം ചെലവഴിക്കുന്നതിന്‌ ഏതൊക്കെ പ്രവർത്തനങ്ങൾ എനിക്കു വേണ്ടെന്നു വെക്കാം?

▪ ദാമ്പത്യപ്രതിബദ്ധത ഉണ്ടെന്ന്‌ ഇണയ്‌ക്ക്‌ ഉറപ്പുകൊടുക്കുന്നതിന്‌ എനിക്ക്‌ എന്തു ചെയ്യാനാകും?

[14-ാം പേജിലെ ചിത്രം]

ഇണയ്‌ക്കായി സമയം മാറ്റിവെക്കുക

[15-ാം പേജിലെ ചിത്രം]

അവിശ്വസ്‌തതയുടെ തുടക്കം ഹൃദയത്തിലാണ്‌