വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ അത്ഭുതപ്രകാശം

ദൈവവചനത്തിലെ അത്ഭുതപ്രകാശം

ദൈവവചനത്തിലെ അത്ഭുതപ്രകാശം

എപ്പോഴെങ്കിലും ഇരുട്ടിൽ തപ്പിത്തടയേണ്ടി വന്നിട്ടുണ്ടെങ്കിൽ അത്‌ നിങ്ങളിൽ എത്രമാത്രം അസ്വസ്ഥത ഉളവാക്കിയിരിക്കും. വെളിച്ചം വരുമ്പോഴോ, എന്തൊരാശ്വാസം! കുറ്റാക്കുറ്റിരുട്ടിൽ അകപ്പെട്ടിരിക്കുന്നു എന്നു തോന്നിപ്പോയ ഒരു സാഹചര്യത്തിലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടാകാം. ഒരു പ്രശ്‌നത്തിൽ അകപ്പെട്ട്‌ വഴിമുട്ടി നിൽക്കുമ്പോഴായിരിക്കാം നിങ്ങൾക്ക്‌ അങ്ങനെ തോന്നിയത്‌. എന്നാൽ ഒരു പരിഹാരമാർഗം മുമ്പിൽ തെളിഞ്ഞപ്പോൾ വെളിച്ചം കണ്ട പ്രതീതിയല്ലേ ഉണ്ടായത്‌?

ഒന്നാം നൂറ്റാണ്ടിൽ ആളുകൾ പൊതുവേ ആത്മീയ അന്ധകാരത്തിലായിരുന്നു. മുൻവിശ്വാസങ്ങൾ വിട്ട്‌ ക്രിസ്‌ത്യാനിത്വം സ്വീകരിച്ചവരെ സംബോധന ചെയ്‌തുകൊണ്ട്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: ‘[ദൈവം] നിങ്ങളെ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ചു.’ (1 പത്രൊസ്‌ 2:9) അവരെ സംബന്ധിച്ചിടത്തോളം കുറ്റാക്കുറ്റിരുട്ടിൽനിന്നും ഉജ്ജ്വല പ്രകാശത്തിലേക്കു വരുന്നതുപോലുള്ള ഒരു മാറ്റമായിരുന്നു അത്‌. യാതൊരു പ്രത്യാശയുമില്ലാതെ ഏകനായിരുന്ന അവസ്ഥയിൽനിന്നും ഒരു സുരക്ഷിത ഭാവിയുള്ള കുടുംബത്തിന്റെ ഭാഗമായിത്തീരുന്നതിനോടും അതിനെ താരതമ്യം ചെയ്യാവുന്നതാണ്‌.​—⁠എഫെസ്യർ 2:1, 12.

“നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു”

ആദിമ ക്രിസ്‌ത്യാനികൾ ‘സത്യം,’ അതായത്‌ സത്യക്രിസ്‌തീയ വിശ്വാസം കണ്ടെത്തി. (യോഹന്നാൻ 18:37) അവർ സത്യത്തിന്റെ അത്ഭുതപ്രകാശം കാണുകയും ആത്മീയ അന്ധകാരത്തിൽനിന്നും ആത്മീയപ്രകാശത്തിലേക്കു വരുകയും ചെയ്‌തു. എന്നാൽ കാലം കടന്നുപോയതോടെ ചില ക്രിസ്‌ത്യാനികൾക്ക്‌ ആദ്യമുണ്ടായിരുന്ന ഉത്സാഹവും തീക്ഷ്‌ണതയും തണുത്തുപോയി. ഉദാഹരണത്തിന്‌ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എഫെസൊസ്‌ സഭയിൽ ഗുരുതരമായ ഒരു പ്രശ്‌നം ഉടലെടുത്തു. പുനരുത്ഥാനംപ്രാപിച്ച യേശുക്രിസ്‌തു പ്രശ്‌നത്തിന്റെ മൂലകാരണം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു. നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്‌ക.” (വെളിപ്പാടു 2:4, 5) എഫെസൊസിലെ ക്രിസ്‌ത്യാനികൾ ദൈവത്തോടും സത്യത്തോടുമുള്ള സ്‌നേഹം പുനരുജ്ജ്വലിപ്പിക്കണമായിരുന്നു.

നമ്മെ സംബന്ധിച്ചെന്ത്‌? ദൈവവചനത്തിലെ മഹത്തായ സത്യം മനസ്സിലാക്കിയതിലൂടെ നാം വെളിച്ചത്തിലേക്കു വന്നു. അതു നമുക്കു സന്തോഷം പകരുകയും നാം സത്യത്തെ സ്‌നേഹിച്ചു തുടങ്ങുകയും ചെയ്‌തു. എന്നാൽ മനുഷ്യർക്കു സാധാരണമായ പ്രശ്‌നങ്ങൾ സത്യത്തോടുള്ള നമ്മുടെ സ്‌നേഹത്തിനു മങ്ങലേൽപ്പിച്ചേക്കാം. ഒപ്പം “അന്ത്യകാല”ത്തിന്റെ മാത്രം പ്രത്യേകതയായ പ്രശ്‌നങ്ങളുമുണ്ട്‌. അതായത്‌ “സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും” ആയ ആളുകൾ അധിവസിക്കുന്ന “ദുർഘടസമയങ്ങൾ” നിറഞ്ഞ ഒരു ലോകമാണു നമ്മുടേത്‌. (2 തിമൊഥെയൊസ്‌ 3:1, 2) അത്തരക്കാരുടെ സ്വാധീനവും നമ്മുടെ തീക്ഷ്‌ണതയെയും യഹോവയോടുള്ള സ്‌നേഹത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

ആദ്യമുണ്ടായിരുന്ന സ്‌നേഹം നമുക്ക്‌ ഇപ്പോഴില്ലെങ്കിൽ, നാം ‘ഏതിൽനിന്നു വീണിരിക്കുന്നു എന്ന്‌ ഓർത്തു മാനസാന്തരപ്പെടുകയും’ ആത്മീയ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുകയും വേണം. കൂടാതെ, സത്യത്തോടുള്ള നമ്മുടെ വിലമതിപ്പിനു കോട്ടംതട്ടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുമുണ്ട്‌. ഉത്സാഹഭരിതവും പ്രത്യാശാനിർഭരവുമായ ഒരു മനോഭാവം നിലനിറുത്തുന്നതോടൊപ്പം ദൈവത്തോടും അവന്റെ സത്യത്തോടുമുള്ള സ്‌നേഹം കാത്തുസൂക്ഷിക്കുന്നതും അനിവാര്യമാണ്‌.

‘നമ്മെ സ്വതന്ത്രരാക്കുന്ന സത്യം’

ബൈബിൾ സത്യം ചൊരിയുന്ന പ്രകാശം അത്യുജ്ജ്വലമാണ്‌. കാരണം സഹസ്രാബ്ദങ്ങളായി മനുഷ്യരെ കുഴപ്പിച്ചിട്ടുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക്‌ ബൈബിൾ ഉത്തരം നൽകുന്നു. അവയിൽ ചിലതാണ്‌ പിൻവരുന്നവ: നാം എന്തിന്‌ ഇവിടെ ജനിച്ചു? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? ദുഷ്ടത കൊടികുത്തി വാഴുന്നത്‌ എന്തുകൊണ്ട്‌? മരണാനന്തര ജീവിതം ഉണ്ടോ? മഹത്തായ ബൈബിൾ സത്യങ്ങൾ വെളിപ്പെടുത്തി തന്നുകൊണ്ട്‌ യഹോവ നമ്മെ പ്രബുദ്ധരാക്കിയിരിക്കുന്നു. ഈ സത്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ നാം നന്ദിയുള്ളവരല്ലേ? ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങളെ നമുക്ക്‌ ഒരിക്കലും ലാഘവത്തോടെ വീക്ഷിക്കാതിരിക്കാം!

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) യേശുവിന്റെ മറുവിലയാഗം പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള മോചനത്തിനു വഴിതുറന്നിരിക്കുന്നു. അതേസമയം ബൈബിളിലെ ഈ അമൂല്യസത്യങ്ങൾ, അന്ധകാരം ഗ്രസിച്ചിരിക്കുന്ന ഈ ലോകത്തിലെ അനിശ്ചിതത്വങ്ങളിൽനിന്നും അജ്ഞതയിൽനിന്നും നമ്മെ സ്വതന്ത്രരാക്കുന്നു. നാം പഠിച്ച സത്യങ്ങളെക്കുറിച്ച്‌ വിലമതിപ്പോടെ ധ്യാനിക്കുന്നത്‌ യഹോവയോടും അവന്റെ വചനത്തോടുമുള്ള നമ്മുടെ സ്‌നേഹം ശക്തിപ്പെടുത്തും.

തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്‌തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1 തെസ്സലൊനീക്യർ 2:13) തെസ്സലൊനീക്യർ ദൈവവചനം കേൾക്കുകയും ‘സന്തോഷത്തോടെ അതു കൈക്കൊള്ളുകയും’ ചെയ്‌തു. അവർ മേലാൽ ‘ഇരുട്ടിൽ’ ആയിരുന്നില്ല. പകരം അവർ ‘വെളിച്ചത്തിന്റെ മക്കൾ’ ആയിത്തീർന്നു. (1 തെസ്സലൊനീക്യർ 1:4-7; 5:4, 5) യഹോവയാണ്‌ സ്രഷ്ടാവെന്നും അവൻ സർവശക്തനും ജ്ഞാനിയും സ്‌നേഹവാനും കരുണാമയനും ആണെന്നും ആ ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞു. യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലൂടെ തങ്ങളുടെ പാപങ്ങൾ മായിച്ചുകളയാൻ ക്രമീകരണം ചെയ്‌തിരിക്കുന്നതായും അവർ മനസ്സിലാക്കി.​—⁠പ്രവൃത്തികൾ 3:19-21.

തെസ്സലൊനീക്യർക്ക്‌ സത്യത്തെക്കുറിച്ച്‌ എല്ലാമൊന്നും അറിയില്ലായിരുന്നെങ്കിലും പരിജ്ഞാനം എവിടെ കണ്ടെത്താമെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. നിശ്വസ്‌ത തിരുവെഴുത്തുകൾക്ക്‌ ദൈവത്തിന്റെ മനുഷ്യനെ “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ” ആക്കാനാകും. (2 തിമൊഥെയൊസ്‌ 3:16, 17) തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ പഠനം തുടരുന്നതിനും അതിലൂടെ ദിവ്യപ്രകാശത്തിന്റെ മാഹാത്മ്യം തിരിച്ചറിയുന്നതിനും കഴിയുമായിരുന്നു. അവർക്ക്‌ എപ്പോഴും സന്തോഷിക്കുന്നതിനു കാരണമുണ്ടായിരുന്നു. (1 തെസ്സലൊനീക്യർ 5:16) നമ്മുടെ കാര്യത്തിലും അതു സത്യമാണ്‌.

നമ്മുടെ പാതയ്‌ക്കു പ്രകാശം

പ്രകാശം ഇത്ര മഹത്തായിരിക്കുന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരൻ പാടി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീർത്തനം 119:105) ദൈവവചനത്തിൽനിന്നു ലഭിക്കുന്ന ദിവ്യമാർഗനിർദേശം പ്രശ്‌നങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ ജ്ഞാനപൂർവകമായ ഒരു ഗതി പിൻപറ്റാനും ഉദ്ദേശ്യപൂർണമായ ഒരു ജീവിതം നയിക്കാനും നമ്മെ സഹായിക്കും. അങ്ങനെയാകുമ്പോൾ വഴിതെറ്റി സമുദ്രത്തിൽ അലഞ്ഞുതിരിയുന്ന ഒരു കപ്പൽപോലെ ആയിരിക്കില്ല നാം. സത്യം അറിയുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയും ചെയ്യുന്നത്‌ “ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന”തിൽനിന്ന്‌ നമ്മെ സംരക്ഷിക്കും.​—⁠എഫെസ്യർ 4:⁠14.

“നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. . . . തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ,” അഥവാ സന്തുഷ്ടൻ ആയിരിക്കും എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 146:​3-5) കൂടാതെ യഹോവയിൽ ആശ്രയിക്കുന്നത്‌ ഭയവും ഉത്‌കണ്‌ഠയും തരണംചെയ്യാനും നമ്മെ സഹായിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) ദൈവവചനത്താൽ പ്രകാശിതമായ പാതയിലൂടെ ചരിക്കുന്നത്‌ നമ്മുടെ പ്രയോജനത്തിൽ കലാശിക്കും.

ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുക

ദൈവവചനം ചൊരിയുന്ന പ്രകാശം മഹത്ത്വപൂർണം ആയിരിക്കുന്നതിന്റെ മറ്റൊരു കാരണം അത്‌ മനുഷ്യർക്ക്‌ ഏറ്റവും ഉന്നതമായ ഒരു നിയമനം ലഭിക്കാനുള്ള അവസരമൊരുക്കുന്നു എന്നതാണ്‌. യേശു തന്റെ അനുഗാമികൾക്ക്‌ പിൻവരുന്ന നിർദേശം നൽകി: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.” ‘സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും തനിക്കു നല്‌കപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞ ശേഷമാണ്‌ അവൻ പ്രസ്‌തുത നിർദേശം നൽകിയത്‌.​—⁠മത്തായി 28:18-20.

സകല ജനതകളിലുമുള്ള ആളുകളോട്‌ സുവാർത്ത പ്രസംഗിക്കുകയും അവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന വേലയിൽ സത്യക്രിസ്‌ത്യാനികളെ പിന്തുണയ്‌ക്കുന്നത്‌ ആരാണെന്ന്‌ ഒന്നോർത്തു നോക്കൂ. തന്റെ ശിഷ്യന്മാരോടൊപ്പം താൻ ഉണ്ടായിരിക്കുമെന്ന്‌ യേശു ഉറപ്പുനൽകി. ശുശ്രൂഷയിലൂടെയും മറ്റു ‘നല്ല പ്രവൃത്തികളിലൂടെയും’ മറ്റുള്ളവരുടെ മുമ്പിൽ ‘വെളിച്ചം പ്രകാശിപ്പി’ക്കുന്നവരെ യേശു തീർച്ചയായും സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. (മത്തായി 5:14-16) സുവിശേഷവേലയ്‌ക്ക്‌ ദൂതപിന്തുണയും ഉണ്ട്‌. (വെളിപ്പാടു 14:6) ഇനി യഹോവയാം ദൈവത്തെ സംബന്ധിച്ചെന്ത്‌? “ഞാൻ നട്ടു, അപ്പൊല്ലോസ്‌ നനെച്ചു, ദൈവമത്രേ വളരുമാറാക്കിയത്‌” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുക എന്നത്‌ എത്ര ആദരണീയമായ പദവിയാണ്‌!​—⁠1 കൊരിന്ത്യർ 3:6, 9.

ഈ ദൈവനിയമിത വേലയിൽ നമ്മുടെ ശ്രമങ്ങൾ പ്രതിഫലദായകമായിരിക്കുന്നത്‌ എങ്ങനെയെന്നും ചിന്തിക്കുക. “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കു”കയെന്ന ദൈവദത്ത പദവിക്കു തുല്യമായി മറ്റൊന്നുമില്ല. ദൈവവചനം ചൊരിയുന്ന പ്രകാശം നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കുന്നതിലൂടെ ആത്മാർഥഹൃദയരായവർക്ക്‌ യഥാർഥ സഹായം എത്തിക്കാൻ നമുക്കാകുന്നു. (ഫിലിപ്പിയർ 2:15) തീക്ഷ്‌ണതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ നമുക്കു സന്തോഷിക്കാം. കാരണം ‘ദൈവം നമ്മുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.’​—⁠എബ്രായർ 6:⁠10.

‘കണ്ണിൽ എഴുതുവാൻ ലേപം വാങ്ങുവിൻ’

ഒന്നാം നൂറ്റാണ്ടിൽ ലവോദിക്യയിലെ സഭയ്‌ക്കുള്ള സന്ദേശത്തിൽ യേശു പറഞ്ഞു: “നിനക്കു കാഴ്‌ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു.” (വെളിപ്പാടു 3:18, 19) ആത്മീയ അന്ധതയ്‌ക്കുള്ള ഫലകരമായ പ്രതിവിധിയാണ്‌ ‘കണ്ണിൽ എഴുതുവാനുള്ള ലേപം,’ അതായത്‌ യേശുവിന്റെ പഠിപ്പിക്കലുകളും ശിക്ഷണവും. ആത്മീയമായി ആരോഗ്യാവഹമായ ഒരു വീക്ഷണം നിലനിറുത്തണമെങ്കിൽ നാം അവന്റെ ബുദ്ധിയുപദേശം സ്വീകരിക്കുകയും അതിനും ബൈബിളിലുടനീളം കാണപ്പെടുന്ന മാർഗനിർദേശത്തിനും ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. കൂടാതെ ക്രിസ്‌തുവിന്റെ അതേ മാനസികഭാവം പകർത്തുകയും അവന്റെ മാതൃക പിൻപറ്റുകയും ചെയ്യണം. (ഫിലിപ്പിയർ 2:5; 1 പത്രൊസ്‌ 2:21) കണ്ണിൽ എഴുതുവാനുള്ള ലേപം സൗജന്യമല്ല. അതു “വിലെക്കു വാങ്ങുവാൻ” യേശു പറഞ്ഞു. ആ ‘വിലയിൽ’ നമ്മുടെ സമയവും ശ്രമവും ഉൾപ്പെടുന്നു.

ഇരുട്ടുള്ള ഒരു സ്ഥലത്തുനിന്ന്‌ പ്രകാശമാനമായ ഒരു മുറിയിലേക്കു കടക്കുമ്പോൾ ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ കണ്ണുകൾക്കു കുറച്ചു സമയം വേണ്ടിവരും. സമാനമായി ദൈവവചനം പഠിക്കുന്നതിനും സത്യത്തിന്റെ പ്രകാശം കാണുന്നതിനും സമയം ആവശ്യമാണ്‌. അതുപോലെ നാം പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനും സത്യത്തിന്റെ മൂല്യത്തെക്കുറിച്ചു വിചിന്തനം ചെയ്യുന്നതിനും സമയം വേണം. എന്നാൽ അതിലൂടെ ലഭിക്കുന്ന അത്ഭുതപ്രകാശത്തിന്റെ മൂല്യം കണക്കാക്കുമ്പോൾ, ചെലവിടുന്ന സമയവും ശ്രമവും ഏതുമില്ല!

[14-ാം പേജിലെ ചിത്രം]

‘നിനക്കു കാഴ്‌ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപം എന്നോടു വിലയ്‌ക്കു വാങ്ങുവിൻ’