വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഗി​യു​ടെ​കൂ​ടെ ആശുപ​ത്രി​യിൽ...

രോഗി​യു​ടെ​കൂ​ടെ ആശുപ​ത്രി​യിൽ...

“ഡാഡിയെ ആശുപ​ത്രി​യിൽനിന്ന്‌ ചികിത്സ കഴിഞ്ഞ്‌ വിട്ട​പ്പോൾ അദ്ദേഹ​ത്തി​ന്റെ രക്തപരി​ശോ​ധ​നാ​ഫ​ല​ത്തിൽ കുഴപ്പ​ങ്ങ​ളൊ​ന്നും ഇല്ലല്ലോ എന്ന്‌ ഞങ്ങൾ ഡോക്‌ട​റോട്‌ ചോദി​ച്ചു. ഒരു കുഴപ്പ​വും ഇല്ല എന്ന്‌ ആദ്യം ഡോക്‌ടർ ഞങ്ങളോട്‌ പറഞ്ഞെ​ങ്കി​ലും അദ്ദേഹം ഒരിക്കൽക്കൂ​ടി ആ ഫലം ഒന്ന്‌ ഓടി​ച്ചു​നോ​ക്കി. പെട്ടെ​ന്നാണ്‌ അതിൽ രണ്ടെണ്ണം ശരാശ​രി​യെ​ക്കാൾ കൂടു​ത​ലാ​ണെന്ന്‌ കണ്ടത്‌. ഉടനെ അദ്ദേഹം ഞങ്ങളോട്‌ ക്ഷമ ചോദി​ക്കു​ക​യും ആ വിഭാഗം കൈകാ​ര്യം ചെയ്യുന്ന മറ്റൊരു ഡോക്‌ടറെ വിളി​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ ഡാഡി സുഖമാ​യി​രി​ക്കു​ന്നു. അന്ന്‌ ആ ചോദ്യ​ങ്ങൾ ചോദി​ക്കാൻ കഴിഞ്ഞ​തിൽ ഞങ്ങൾ വളരെ സന്തുഷ്ട​രാണ്‌.”മാരി​ബെൽ.

ഡോക്‌ടറെ കാണു​ന്ന​തി​നു മുമ്പ്‌ രോഗ​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കഴിച്ചു​കൊ​ണ്ടി​രി​ക്കുന്ന മരുന്നു​ക​ളെ​ക്കു​റി​ച്ചും പട്ടിക​പ്പെ​ടു​ത്തു​ക

ഡോക്‌ടറെ കാണാൻ പോകു​ന്ന​തും ആശുപ​ത്രി​വാ​സ​വും മാനസി​ക​പി​രി​മു​റു​ക്കം ഉളവാ​ക്കുന്ന ഒന്നാണ്‌. മാരി​ബെ​ലി​ന്റെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ, ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു സുഹൃ​ത്തോ ബന്ധുവോ കൂടെ​യു​ണ്ടാ​യി​രി​ക്കു​ന്നത്‌ വളരെ സഹായ​ക​ര​മാ​യി​രു​ന്നേ​ക്കാം, ഒരുപക്ഷെ ജീവര​ക്ഷാ​ക​രം​പോ​ലും! നിങ്ങൾക്ക്‌ ഏതെങ്കി​ലും ഒരു രോഗി​യു​ടെ​കൂ​ടെ ആശുപ​ത്രി​യി​ലേക്ക്‌ പോ​കേ​ണ്ട​തു​ണ്ടെ​ങ്കിൽ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും?

ഡോക്‌ട​റെ കാണു​ന്ന​തി​നു മുമ്പ്‌. രോഗിക്ക്‌ എന്തെല്ലാം പ്രയാ​സങ്ങൾ തോന്നു​ന്നു, ഏതെല്ലാം മരുന്നു​ക​ളാണ്‌ ഇപ്പോൾ കഴിച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്നൊക്കെ എഴുതി​വെ​ക്കാൻ സഹായി​ക്കുക. കൂടാതെ, ഡോക്‌ട​റോട്‌ എന്തെങ്കി​ലും പ്രത്യേ​ക​മാ​യി ചോദി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ അതും എഴുതി​വെ​ക്കുക. തന്റെ രോഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചും കുടും​ബാം​ഗ​ങ്ങ​ളിൽ മറ്റാർക്കെ​ങ്കി​ലും ഈ രോഗം ഉണ്ടായി​രു​ന്നി​ട്ടു​ണ്ടോ എന്നതി​നെ​ക്കു​റി​ച്ചും ഓർത്തെ​ടു​ക്കാൻ നിങ്ങൾക്ക്‌ രോഗി​യെ സഹായി​ക്കാ​നാ​കും. എന്നാൽ, ഇതെല്ലാം ഡോക്‌ടർക്ക്‌ മുന്നമേ അറിയാ​മെ​ന്നും അല്ലെങ്കിൽ അദ്ദേഹം അത്‌ ചോദി​ക്കു​മെ​ന്നും വിചാ​രി​ക്ക​രുത്‌.

ഡോക്‌ടർ പറയു​ന്നതു നന്നായി ശ്രദ്ധി​ക്കുക, ആദര​വോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കുക, കുറി​പ്പു​കൾ എടുക്കുക

ഡോക്‌ട​റെ കാണുന്ന സമയത്ത്‌. ഡോക്‌ടർ പറയുന്ന കാര്യ​ങ്ങ​ളെ​ല്ലാം നിങ്ങൾക്കും രോഗി​ക്കും ഒരു​പോ​ലെ മനസ്സി​ലാ​കു​ന്നുണ്ട്‌ എന്ന കാര്യം ഉറപ്പാ​ക്കുക. ഡോക്‌ട​റോട്‌ ചോദ്യ​ങ്ങൾ ചോദി​ക്കാ​മെ​ങ്കി​ലും അദ്ദേഹത്തെ പഠിപ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കു​ന്നത്‌ ഒഴിവാ​ക്കുക. തന്റെ രോഗാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ ചോദി​ക്കാ​നും കാര്യങ്ങൾ സ്വയം വിശദീ​ക​രി​ക്കാ​നും രോഗി​യെ അനുവ​ദി​ക്കുക. അവർ തമ്മിൽ സംസാ​രി​ക്കു​മ്പോൾ നിങ്ങൾക്ക്‌ നന്നായി ശ്രദ്ധി​ക്കാ​നും കുറി​പ്പു​കൾ എടുക്കാ​നും കഴിയും. മറ്റു ചികി​ത്സ​ക​ളെ​ക്കു​റി​ച്ചും നിങ്ങൾക്ക്‌ ചോദി​ക്കാം. ചില രോഗ​ങ്ങ​ളു​ടെ കാര്യ​ത്തിൽ മറ്റൊരു ഡോക്‌ട​റു​ടെ അഭി​പ്രാ​യം​കൂ​ടി അന്വേ​ഷി​ക്കാ​നും നിങ്ങൾക്ക്‌ രോഗി​യോട്‌ പറയാ​വു​ന്ന​താണ്‌.

ഡോക്‌ടർ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂ​ടി ഓർമ​യി​ലേക്കു കൊണ്ടു​വ​രിക. മരുന്നു​ക​ളെ​ല്ലാം കൃത്യ​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ക

ഡോക്‌ട​റെ കണ്ടതിനു ശേഷം. ഡോക്‌ടർ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂ​ടി ഓർമ​യി​ലേക്കു കൊണ്ടു​വ​രിക. മരുന്നു​ക​ളെ​ല്ലാം കൃത്യ​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. കുറി​ച്ചു​ത​ന്നി​രി​ക്കുന്ന മരുന്നു​ക​ളെ​ല്ലാം കൃത്യ​സ​മ​യ​ത്തു​തന്നെ കഴിക്കാ​നും എന്തെങ്കി​ലും പാർശ്വ​ഫ​ലങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന്‌ ഡോക്‌ടറെ അറിയി​ക്കാ​നും രോഗി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. കാര്യങ്ങൾ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ കാണാ​നും ഡോക്‌ടറെ വീണ്ടും ചെന്നു​കാ​ണേ​ണ്ട​തു​പോ​ലുള്ള കൂടു​ത​ലായ നിർദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കിൽ അത്‌ പിൻപ​റ്റാ​നും രോഗി​യോട്‌ പറയുക. തന്റെ രോഗാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ അദ്ദേഹത്തെ സഹായി​ക്കുക.

ആശുപ​ത്രി​യി​ലാ​യി​രി​ക്കു​മ്പോൾ

ആശുപത്രിയിലെ അപേക്ഷാ​ഫാ​റം കൃത്യ​മാ​യി പൂരി​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ക

ശാന്തമാ​യും എന്നാൽ ജാഗ്ര​ത​യോ​ടെ​യും കാര്യങ്ങൾ ചെയ്യുക. ആശുപ​ത്രി​യി​ലേക്കു പോകുന്ന ഒരു രോഗി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരുപക്ഷെ അദ്ദേഹം ദുഃഖി​ത​നും നിസ്സഹാ​യ​നും ആയിരി​ക്കും. ഈ സമയത്ത്‌ നിങ്ങൾ ശാന്തത​യോ​ടെ​യും ശ്രദ്ധ​യോ​ടെ​യും കാര്യങ്ങൾ ചെയ്യു​ന്ന​തി​ലൂ​ടെ എല്ലാവ​രു​ടെ​യും പിരി​മു​റു​ക്കം കുറയ്‌ക്കാ​നും പിഴവു​കൾ ഇല്ലാതാ​ക്കാ​നും സാധി​ക്കും. ശ്രദ്ധി​ക്കേണ്ട മറ്റൊരു കാര്യം, ആശുപ​ത്രി​യി​ലെ അപേക്ഷാ​ഫാ​റം കൃത്യ​മാ​യി പൂരി​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക എന്നതാണ്‌. കൂടാതെ, ചികി​ത്സ​യെ​ക്കു​റി​ച്ചുള്ള തീരു​മാ​നങ്ങൾ അറിയാൻ രോഗിക്ക്‌ അവകാ​ശ​മു​ണ്ടെ​ന്നും മനസ്സിൽപ്പി​ടി​ക്കുക. എന്നാൽ, അദ്ദേഹം തീർത്തും അവശത​യി​ലാ​ണെ​ങ്കിൽ ചികി​ത്സി​ക്കേണ്ട വിധ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം എഴുതി​വെ​ച്ചി​രി​ക്കുന്ന താത്‌പ​ര്യ​ങ്ങ​ളോ അടുത്ത​ബന്ധു പറയുന്ന കാര്യ​ങ്ങ​ളോ വിശ്വാ​സ​യോ​ഗ്യ​നെന്ന്‌ അദ്ദേഹം ചുമത​ല​പ്പെ​ടു​ത്തിയ വ്യക്തി​യു​ടെ അഭി​പ്രാ​യ​ങ്ങ​ളോ മാനി​ക്കുക. a

രോഗിയെക്കുറിച്ചുള്ള നിരീ​ക്ഷ​ണങ്ങൾ ആദരപൂർവം ഡോക്‌ടർമാ​രു​ടെ സംഘത്തെ അറിയി​ക്കു​ക

സംസാ​രി​ക്കാൻ മുൻ​കൈ​യെ​ടു​ക്കുക. കാര്യങ്ങൾ തുറന്നു​സം​സാ​രി​ക്കാൻ ഭയപ്പെ​ട​രുത്‌. ആദര​വോ​ടെ​യുള്ള നിങ്ങളു​ടെ സമീപ​ന​വും നല്ല പെരു​മാ​റ്റ​രീ​തി​ക​ളും രോഗി​യു​ടെ കാര്യ​ത്തിൽ കൂടുതൽ താത്‌പ​ര്യ​മെ​ടു​ക്കാ​നും ഒരുപക്ഷെ നല്ല പരിച​രണം നൽകാ​നും ഡോക്‌ടർമാ​രെ പ്രേരി​പ്പി​ച്ചേ​ക്കാം. പല ആശുപ​ത്രി​ക​ളി​ലും രോഗി​കളെ വ്യത്യസ്‌ത ഡോക്‌ടർമാർ സന്ദർശി​ക്കാ​റുണ്ട്‌. അങ്ങനെ​യു​ള്ള​പ്പോൾ രോഗി​യോട്‌ മറ്റു ഡോക്‌ടർമാർ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക്‌ അവരോട്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നാ​കും. രോഗി​യെ നന്നായി അറിയാ​വു​ന്ന​തി​നാൽ അദ്ദേഹ​ത്തി​ന്റെ ശാരീ​രി​ക​വും മാനസി​ക​വും ആയ നിലയിൽ വന്നിട്ടുള്ള മാറ്റ​ത്തെ​ക്കു​റി​ച്ചും നിങ്ങൾക്ക്‌ പറയാൻ കഴിയും.

മറ്റുള്ളവർക്ക്‌ തടസ്സം നിൽക്കാ​തെ നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നതു ചെയ്യുക

ആശുപ​ത്രി​ജീ​വ​ന​ക്കാ​രോട്‌ ആദരവും നന്ദിയും കാണി​ക്കുക. വളരെ സമ്മർദ​ത്തോ​ടെ​യാണ്‌ മിക്ക​പ്പോ​ഴും ആശുപ​ത്രി​ജീ​വ​ന​ക്കാർ ജോലി ചെയ്യു​ന്നത്‌. നിങ്ങ​ളോട്‌ അവർ പെരു​മാ​റ​ണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ അവരോ​ടും പെരു​മാ​റുക. (മത്തായി 7:12) അവർക്കു ലഭിച്ചി​ട്ടുള്ള പരിശീ​ല​ന​ത്തെ​യും അവർക്കുള്ള അനുഭ​വ​സ​മ്പ​ത്തി​നെ​യും വിലമ​തി​ക്കുക, അവരുടെ പ്രാപ്‌തി​യിൽ വിശ്വാ​സം കാണി​ക്കുക, അവരുടെ ശ്രമങ്ങൾക്ക്‌ നന്ദി നൽകുക. ആശുപ​ത്രി​ജീ​വ​ന​ക്കാ​രോട്‌ നമ്മൾ കാണി​ക്കുന്ന വിലമ​തിപ്പ്‌ നമുക്കു​വേണ്ടി പരമാ​വധി പ്രവർത്തി​ക്കാൻ അവരെ പ്രേരി​പ്പി​ക്കും.

രോഗം പൂർണ​മാ​യി ഒഴിവാ​ക്കാൻ ആർക്കും സാധി​ക്കു​ക​യില്ല. എന്നാൽ, മുൻകൂ​ട്ടി​യുള്ള ചിന്തയും നല്ല പ്രാ​യോ​ഗി​ക​സ​ഹാ​യ​വും ഉണ്ടെങ്കിൽ പ്രയാ​സ​മേ​റിയ സാഹച​ര്യ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ഒരു സുഹൃ​ത്തി​നെ​യോ ബന്ധുവി​നെ​യോ നിങ്ങൾക്കു സഹായി​ക്കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 17:17. ◼(g15-E 10)

a രോഗിയുടെ അവകാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ചുമത​ല​ക​ളെ​ക്കു​റി​ച്ചും ഉള്ള നിയമ​ങ്ങ​ളും നടപടി​ക​ളും ഓരോ സ്ഥലത്തും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. രോഗി​യു​ടെ താത്‌പ​ര്യ​ത്തെ​ക്കു​റി​ച്ചുള്ള രേഖകൾ പൂർണ​മാ​ണെ​ന്നും അതിൽ ഏറ്റവും പുതിയ വിവര​ങ്ങ​ളാണ്‌ ഉള്ളതെ​ന്നും ഉറപ്പു​വ​രു​ത്തുക.