വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖനം | കുടും​ബ​ത്തിൽ സമാധാ​നം കളിയാ​ടാൻ. . .

കുടും​ബ​ക​ലഹം ഉണ്ടാകു​ന്നത്‌ എങ്ങനെ?

കുടും​ബ​ക​ലഹം ഉണ്ടാകു​ന്നത്‌ എങ്ങനെ?

“ഞങ്ങൾക്കി​ട​യിൽ വിയോ​ജി​പ്പി​ന്റെ പ്രധാ​ന​കാ​രണം പണമാണ്‌. കുടും​ബം പുലർത്താൻ ഞാനും കഷ്ടപ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സാമ്പത്തി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഭർത്താവ്‌ ജേക്കബ്‌ എന്നോ​ടൊ​ന്നും പറയാ​റില്ല. ആഴ്‌ച​ക​ളോ​ളം ഞങ്ങൾ മിണ്ടാ​തി​രി​ക്കാൻ ഇത്‌ ഒരു കാരണ​മാണ്‌” എന്ന്‌ വിവാഹം കഴിഞ്ഞ്‌ 17 വർഷമാ​യി ഘാനയിൽ താമസി​ക്കുന്ന സെയ്‌റാ a പറയുന്നു.

“ശരിയാണ്‌.” ജേക്കബ്‌ സമ്മതി​ക്കു​ന്നു. “ഞങ്ങൾ പരസ്‌പരം വഴക്കടി​ക്കുന്ന സന്ദർഭങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. തെറ്റി​ദ്ധാ​ര​ണ​ക​ളും ശരിയായ ആശയവി​നി​മയം ഇല്ലാത്ത​തും നിമി​ത്ത​മാണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌. പ്രശ്‌ന​ങ്ങ​ളോട്‌ അമിത​മാ​യി പ്രതി​ക​രി​ക്കു​ന്ന​തും വഴക്കു​കൾക്കു കാരണ​മാ​കാ​റുണ്ട്‌.”

അടുത്തി​ടെ വിവാഹം കഴിഞ്ഞ, ഇന്ത്യയിൽ താമസി​ക്കുന്ന നേഥൻ, ഭാര്യ​യു​ടെ മാതാ​പി​താ​ക്കൾ തമ്മിൽ വഴക്കു​ണ്ടായ ഒരു സംഭവ​ത്തെ​ക്കു​റിച്ച്‌ പറയുന്നു. “അപ്പോൾത്തന്നെ ഭാര്യ​യു​ടെ അമ്മ ദേഷ്യ​പ്പെട്ട്‌ വീടു​വിട്ട്‌ പോയി. എന്തിനാ​ണു ദേഷ്യ​പ്പെ​ട്ട​തെന്ന്‌ ഭാര്യാ​പി​താ​വി​നോ​ടു ചോദി​ച്ച​പ്പോൾ ഞാൻ അപമാ​നി​ക്കു​ന്ന​താ​യി അദ്ദേഹ​ത്തി​നു തോന്നി. അതോടെ അദ്ദേഹ​ത്തി​ന്റെ ദേഷ്യം ഞങ്ങൾ എല്ലാവ​രു​ടെ​യും നേർക്കാ​യി.”

അരുതാത്ത സമയത്ത്‌ ചിന്തയി​ല്ലാ​തെ പറഞ്ഞ വാക്കുകൾ കുടും​ബ​ക​ലഹം ഉണ്ടാക്കു​മെന്ന്‌ നിങ്ങളും നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാം. നല്ല രീതി​യിൽ തുടങ്ങിയ ഒരു സംഭാ​ഷണം പെട്ടെ​ന്നാ​യി​രി​ക്കാം ഒരു തർക്കമാ​യി മാറു​ന്നത്‌. കാരണം, എല്ലാ സന്ദർഭ​ങ്ങ​ളി​ലും യോജിച്ച വാക്കുകൾ തിര​ഞ്ഞെ​ടുത്ത്‌ സംസാ​രി​ക്കാൻ എല്ലാവർക്കും കഴി​ഞ്ഞെ​ന്നു​വ​രില്ല. അതു​കൊ​ണ്ടു​തന്നെ, മറ്റുള്ളവർ പറയുന്ന കാര്യത്തെ തെറ്റായി വ്യാഖ്യാ​നി​ക്കാ​നോ അവരുടെ ഉദ്ദേശ്യ​ശു​ദ്ധി​യെ ചോദ്യം​ചെ​യ്യാ​നോ എളുപ്പ​മാണ്‌. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും, എല്ലാവർക്കും ഒരു പരിധി​വരെ സമാധാ​ന​വും ഐക്യ​വും കാത്തു​സൂ​ക്ഷി​ക്കാ​നാ​കും.

ചൂടു​പി​ടി​ച്ച വാഗ്വാ​ദങ്ങൾ ഉയർന്നു​വ​രു​മ്പോൾ നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയും? കുടും​ബ​ത്തിൽ ശാന്തി​യും സമാധാ​ന​വും പുനഃ​സ്ഥാ​പി​ക്കാൻ എന്തെല്ലാം പടികൾ സ്വീക​രി​ക്കാം? കുടും​ബ​ത്തിൽ സമാധാ​നം എങ്ങനെ നിലനി​റു​ത്താം? അതെക്കു​റിച്ച്‌ അറിയാൻ തുടർന്ന്‌ വായി​ക്കുക. (g15-E 12)

a ഈ ലേഖന​ങ്ങ​ളി​ലെ ചില പേരു​കൾക്ക്‌ മാറ്റം​വ​രു​ത്തി​യി​രി​ക്കു​ന്നു.