വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖനം | കുടും​ബ​ത്തിൽ സമാധാ​നം കളിയാ​ടാൻ. . .

കുടും​ബ​ക​ലഹം എങ്ങനെ ഒഴിവാ​ക്കാം?

കുടും​ബ​ക​ലഹം എങ്ങനെ ഒഴിവാ​ക്കാം?

നിങ്ങളു​ടെ ഭവനത്തിൽ കലഹം ഒരു തുടർക്ക​ഥ​യാ​ണെ​ങ്കിൽ എന്ത്‌ ചെയ്യാൻ കഴിയും? അത്‌, ഇടയ്‌ക്കി​ടെ സംഭവി​ക്കു​ക​യും കൂടുതൽ തീവ്ര​മാ​കു​ക​യും ചെയ്യാ​റു​ണ്ടോ? ഒരുപക്ഷെ, അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ തുടങ്ങി​യത്‌ എങ്ങനെ​യാ​ണെ​ന്നു​പോ​ലും നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​വില്ല. എന്നിരു​ന്നാ​ലും നിങ്ങൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നു, പരസ്‌പരം വേദനി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു​മില്ല.

നിങ്ങൾക്കി​ട​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാകു​ന്നത്‌ എല്ലായ്‌പോ​ഴും നിങ്ങളു​ടെ കുടും​ബ​ജീ​വി​തം തകരാൻ തുടങ്ങു​ന്നു എന്ന്‌ അർഥമാ​ക്കു​ന്നില്ല. ഉണ്ടായി​ട്ടുള്ള അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങളല്ല, പകരം അവയെ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നതാണ്‌ നിങ്ങളു​ടെ കുടും​ബാ​ന്ത​രീ​ക്ഷത്തെ സമാധാ​ന​മു​ള്ള​തോ ഇല്ലാത്ത​തോ ആക്കിത്തീർക്കു​ന്നത്‌. ഇപ്പോൾ, കുടും​ബ​ക​ലഹം ഒഴിവാ​ക്കാ​നുള്ള ചില പടികൾ നമുക്ക്‌ ചിന്തി​ക്കാം.

1. പകരം​വീ​ട്ടു​ന്നത്‌ ഒഴിവാ​ക്കുക.

കുറഞ്ഞത്‌ രണ്ടു​പേ​രെ​ങ്കി​ലും ഉണ്ടെങ്കി​ലേ വാക്കു​തർക്കം ഉണ്ടാകൂ. ഉരുള​യ്‌ക്കു​പ്പേ​രി​പോ​ലെ തിരി​ച്ചു​പ​റ​യു​ന്ന​തി​നു പകരം, മറ്റെയാൾ പറയു​ന്നത്‌ ശ്രദ്ധി​ക്കാൻ മനസ്സു​കാ​ണി​ച്ചാൽ ചൂടേ​റിയ തർക്കം തണുക്കാൻ തുടങ്ങും. അതു​കൊണ്ട്‌, തിരി​ച്ച​ടി​ക്കാ​നുള്ള പ്രലോ​ഭ​നത്തെ ചെറു​ക്കുക. നിങ്ങ​ളെ​ത്തന്നെ നിയ​ന്ത്രി​ച്ചു​കൊണ്ട്‌ ആത്മാഭി​മാ​ന​വും അന്തസ്സും നിലനി​റു​ത്തുക. ഓർക്കുക, വാക്കു​തർക്ക​ങ്ങ​ളിൽ ജയിക്കു​ന്ന​തി​നെ​ക്കാൾ കുടും​ബ​സ​മാ​ധാ​ന​മാണ്‌ പ്രധാനം.

“വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.സദൃശ​വാ​ക്യ​ങ്ങൾ 26:20.

2. കുടും​ബാം​ഗ​ങ്ങ​ളു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കുക.

ആരെങ്കിലും സംസാ​രി​ക്കു​മ്പോൾ തടസ്സ​പ്പെ​ടു​ത്താ​തെ അല്ലെങ്കിൽ മുൻവി​ധി കാണി​ക്കാ​തെ സമാനു​ഭാ​വ​ത്തോ​ടെ നന്നായി ശ്രദ്ധി​ക്കു​ന്നത്‌ ദേഷ്യം ശമിക്കാ​നും സമാധാ​നം പുനഃ​സ്ഥാ​പി​ക്കാ​നും സഹായി​ക്കും. അദ്ദേഹ​ത്തി​ന്റെ ആന്തരത്തെ ചോദ്യം ചെയ്യു​ന്ന​തി​നു പകരം വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കുക. അപൂർണ​ത​യു​ടെ ഫലമായി ചെയ്‌ത ഒരു പ്രവൃ​ത്തി​യെ ദ്രോ​ഹ​ചി​ന്ത​യാ​ണെന്ന്‌ വ്യാഖ്യാ​നി​ക്കാ​തി​രി​ക്കുക. മറ്റൊ​രാ​ളെ വേദനി​പ്പി​ക്കുന്ന സംസാരം മിക്ക​പ്പോ​ഴും ചിന്തയി​ല്ലാ​യ്‌മ​യിൽനി​ന്നോ മുറി​വേറ്റ ഒരു ഹൃദയ​ത്തിൽനി​ന്നോ ആണ്‌ വരുന്നത്‌. അത്‌ വിദ്വേ​ഷ​ത്തി​ന്റെ​യോ പ്രതി​കാ​ര​ത്തി​ന്റെ​യോ തെളി​വാ​യി​രി​ക്ക​ണ​മെ​ന്നില്ല.

“നിങ്ങൾ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ.”കൊ​ലോ​സ്യർ 3:12.

3. ദേഷ്യം തണുക്കാൻ സമയം അനുവ​ദി​ക്കുക.

പെട്ടെന്ന്‌ ദേഷ്യം വരുന്ന സ്വഭാ​വ​മാണ്‌ നിങ്ങൾക്കു​ള്ള​തെ​ങ്കിൽ സ്ഥിതി​ഗ​തി​കൾ ശാന്തമാ​കു​ന്ന​തു​വരെ നയപൂർവം എന്തെങ്കി​ലും പറഞ്ഞ്‌ അവി​ടെ​നിന്ന്‌ മാറി​പ്പോ​കു​ന്ന​താണ്‌ നല്ലത്‌. ആത്മസം​യ​മനം വീണ്ടെ​ടു​ക്കാ​നാ​യി മറ്റൊരു മുറി​യി​ലേക്ക്‌ പോകു​ക​യോ അല്‌പം നടക്കു​ക​യോ ചെയ്യാം. അത്‌ നിസ്സഹ​ക​ര​ണ​മോ രക്ഷപ്പെ​ട​ലോ മൗന​വ്ര​ത​മോ അല്ല. പകരം, പിൻവ​രുന്ന സദൃശ​വാ​ക്യം പ്രാവർത്തി​ക​മാ​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. കൂടാതെ, ക്ഷമയും ഉൾക്കാ​ഴ്‌ച​യും ഗ്രാഹ്യ​വും തരേണമേ എന്ന്‌ ദൈവ​ത്തോട്‌ പ്രാർഥി​ക്കാ​നുള്ള അവസരം തേടു​ക​യു​മാണ്‌.

“ആകയാൽ കലഹമാ​കും​മു​മ്പെ തർക്കം നിർത്തിക്കളക.”സദൃശ​വാ​ക്യ​ങ്ങൾ 17:14.

4. എന്ത്‌ പറയണം, എങ്ങനെ പറയണം എന്ന്‌ നന്നായി ചിന്തി​ക്കുക.

ഇണയെ മുറി​പ്പെ​ടു​ത്തുന്ന രീതി​യി​ലോ മുന​വെ​ച്ചോ സംസാ​രി​ക്കാൻ മുന്നമേ തയാറാ​കു​ന്നത്‌ ഒരിക്ക​ലും പ്രശ്‌ന​ത്തിന്‌ പരിഹാ​ര​മാ​കില്ല. പകരം, വികാ​രങ്ങൾ വ്രണ​പ്പെ​ട്ടി​രി​ക്കുന്ന ഇണയെ സാന്ത്വ​നി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കാൻ ശ്രമി​ക്കാ​വു​ന്ന​താണ്‌. ഇണ എങ്ങനെ ചിന്തി​ക്ക​ണ​മെന്ന്‌ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നു പകരം മനസ്സി​ലു​ള്ളത്‌ കൂടുതൽ വ്യക്തമാ​ക്കാൻ താഴ്‌മ​യോ​ടെ ആവശ്യ​പ്പെ​ടുക. അതിന്റെ ഫലമായി നിങ്ങൾക്കു ലഭിക്കുന്ന സഹായ​ത്തി​നും ഉൾക്കാ​ഴ്‌ച​യ്‌ക്കും നന്ദി പറയുക.

“വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ടു; ജ്ഞാനി​ക​ളു​ടെ നാവോ സുഖപ്രദം.”സദൃശ​വാ​ക്യ​ങ്ങൾ 12:18.

5. ശബ്ദമു​യർത്താ​തെ ആദരപൂർവം സംസാ​രി​ക്കുക.

കുടുംബത്തിലെ ഒരാളു​ടെ അക്ഷമ മറ്റുള്ള​വരെ എളുപ്പ​ത്തിൽ ദേഷ്യം​പി​ടി​പ്പി​ക്കും. നിങ്ങളു​ടെ മനസ്സിന്‌ എത്രതന്നെ വേദന അനുഭ​വ​പ്പെ​ട്ടാ​ലും, മറ്റുള്ള​വരെ പരിഹ​സി​ക്കാ​നോ അപമാ​നി​ക്കാ​നോ ശബ്ദമു​യർത്തി സംസാ​രി​ക്കാ​നോ ഉള്ള പ്രവണത ഒഴിവാ​ക്കുക. “നിങ്ങൾക്ക്‌ എന്നെപ്പറ്റി ചിന്തയില്ല,” “നിങ്ങൾ എന്നെ ശ്രദ്ധി​ക്കു​ന്നില്ല” തുടങ്ങിയ മുറി​പ്പെ​ടു​ത്തുന്ന വാക്കു​ക​ളും ഉപയോ​ഗി​ക്കാ​തി​രി​ക്കുക. പകരം, ഇണയുടെ പെരു​മാ​റ്റം നിങ്ങളെ എങ്ങനെ​യാണ്‌ ബാധി​ച്ചത്‌ (“നിങ്ങൾ അങ്ങനെ പറഞ്ഞത്‌ എന്നെ വിഷമി​പ്പി​ച്ചു. . .”) എന്ന്‌ സമാധാ​ന​ത്തോ​ടെ പറയുക. ഇണയെ, ഉന്തുന്ന​തോ ചവിട്ടു​ന്ന​തോ മർദി​ക്കു​ന്ന​തോ മറ്റേ​തെ​ങ്കി​ലും രീതി​യിൽ ആക്രമി​ക്കു​ന്ന​തോ ഒരു​പ്ര​കാ​ര​ത്തി​ലും ന്യായീ​ക​രി​ക്കാ​നാ​വില്ല. അതു​പോ​ലെ​ത​ന്നെ​യാണ്‌ ഇരട്ട​പ്പേര്‌ വിളി​ക്കു​ന്ന​തും ചീത്തവി​ളി​ക്കു​ന്ന​തും ഭീഷണി​പ്പെ​ടു​ത്തു​ന്ന​തും എല്ലാം.

“സകല വിദ്വേ​ഷ​വും കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും ദൂഷണ​വും എല്ലാവിധ ദുർഗു​ണ​ങ്ങ​ളോ​ടും​കൂ​ടെ നിങ്ങളെ വിട്ട്‌ ഒഴിഞ്ഞുപോകട്ടെ.”എഫെസ്യർ 4:31.

6. എത്രയും പെട്ടെന്ന്‌ ക്ഷമ ചോദി​ക്കുക, പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ ചെയ്യാൻ ഉദ്ദേശി​ക്കുന്ന കാര്യം വിശദീ​ക​രി​ക്കുക.

സമാധാനം സ്ഥാപി​ക്കുക എന്ന പ്രധാന ലക്ഷ്യത്തിൽനിന്ന്‌ വ്യതി​ച​ലി​ക്കാൻ നമ്മുടെ നിഷേ​ധാ​ത്മ​ക​ചി​ന്ത​കളെ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. ഏറ്റുമു​ട്ടാൻ ശ്രമി​ക്കു​ന്നത്‌ രണ്ടു​പേ​രും പരാജ​യ​പ്പെ​ടാൻ കാരണ​മാ​കു​കയേ ഉള്ളൂ. എന്നാൽ, സമാധാ​നം സ്ഥാപി​ക്കാ​നാണ്‌ ശ്രമി​ക്കു​ന്ന​തെ​ങ്കിൽ രണ്ടു​പേ​രും വിജയി​ക്കു​ക​തന്നെ ചെയ്യും. അതു​കൊണ്ട്‌, ഒരു പ്രശ്‌ന​മു​ണ്ടാ​യാൽ നിങ്ങളു​ടെ തെറ്റിന്റെ പൂർണ ഉത്തരവാ​ദി​ത്വം സ്വയം ഏറ്റെടു​ക്കുക. ഇനി, നിങ്ങളു​ടെ ഭാഗത്തു​നിന്ന്‌ ഒരു തെറ്റും ഉണ്ടായി​ട്ടില്ല എന്നാണ്‌ തോന്നു​ന്ന​തെ​ങ്കിൽപ്പോ​ലും പ്രകോ​പി​ത​നാ​യ​തി​നോ ഒരു പ്രത്യേ​ക​രീ​തി​യിൽ പ്രതി​ക​രി​ച്ച​തി​നോ അല്ലെങ്കിൽ പ്രശ്‌ന​മു​ണ്ടാ​കാൻ മനഃപൂർവ​മാ​യി​ട്ട​ല്ലെ​ങ്കി​ലും ഒരു കാരണം ആയതി​നോ​വേണ്ടി നിങ്ങൾക്ക്‌ ക്ഷമ ചോദി​ക്കാം. ആത്മാഭി​മാ​ന​ത്തെ​ക്കാ​ളും വാക്കു​തർക്ക​ങ്ങ​ളി​ലുള്ള വിജയ​ത്തെ​ക്കാ​ളും പ്രധാനം മറ്റുള്ള​വ​രു​മാ​യുള്ള നമ്മുടെ സമാധാ​ന​ബ​ന്ധ​മാ​ണെന്ന കാര്യം ഒരിക്ക​ലും മറക്കാ​തി​രി​ക്കുക. ഇനി, ഒരു പ്രശ്‌ന​മു​ണ്ടാ​യ​തിന്‌ ആരെങ്കി​ലും നിങ്ങ​ളോട്‌ ക്ഷമ ചോദി​ക്കു​ക​യാ​ണെ​ന്നി​രി​ക്കട്ടെ, എത്രയും പെട്ടെന്ന്‌ ആ വ്യക്തി​യോട്‌ ക്ഷമിക്കുക.

“നീ ചെന്നു, താണു​വീ​ണു കൂട്ടു​കാ​ര​നോ​ടു മുട്ടി​ച്ച​പേ​ക്ഷിക്ക.”സദൃശ​വാ​ക്യ​ങ്ങൾ 6:3.

വാക്കുതർക്കങ്ങൾ കെട്ടട​ങ്ങി​യ​തി​നു ശേഷം കുടും​ബ​ത്തിൽ സമാധാ​നം പുനഃ​സ്ഥാ​പി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? അതാണ്‌ നമ്മൾ അടുത്ത ലേഖന​ത്തിൽ കാണാൻപോ​കു​ന്നത്‌. (g15-E 12)