വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ

ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ

ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ

ലോകമെമ്പാടുമായി 3,000-ത്തോളം പേരാണ്‌ ഒരോ ദിവസവും ജീവനൊടുക്കുന്നത്‌. അനേകരും ഇത്രയധികം നൈരാശ്യത്തിലായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതിന്റെ മുഖ്യകാരണം ബൈബിൾ വിശദീകരിക്കുന്നു: നാം ജീവിക്കുന്നത്‌ ‘ദുഷ്‌കരമായ സമയങ്ങളിലാണ്‌.’ ആളുകൾക്ക്‌ താങ്ങാവുന്നതിലും അധികമാണ്‌ ഇന്നത്തെ ജീവിതസമ്മർദങ്ങൾ. (2 തിമൊഥെയൊസ്‌ 3:1; സദൃശവാക്യങ്ങൾ 15:13ബി) ജീവിതോത്‌കണ്‌ഠകൾ വരിഞ്ഞുമുറുക്കുമ്പോൾ വേദനകളിൽനിന്ന്‌ രക്ഷ തേടി ആളുകൾ ആത്മഹത്യയെ ശരണം പ്രാപിച്ചേക്കാം. ഇത്തരം ചിന്തകൾ നിങ്ങളെ മഥിക്കുന്നെങ്കിൽ എന്തു ചെയ്യാനാകും?

നിങ്ങൾ തനിച്ചല്ല!

നിങ്ങളുടെ അവസ്ഥ ആശയറ്റതായി കാണപ്പെട്ടേക്കാം. പക്ഷേ നിങ്ങൾ ഒരിക്കലും തനിച്ചല്ല എന്ന കാര്യം മനസ്സിൽപ്പിടിക്കുക. എല്ലാവരുംതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നവരാണ്‌! സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (റോമർ 8:22) പ്രശ്‌നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന്‌ കുറച്ചു കാലത്തേക്കെങ്കിലും നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ കാലം കടന്നുപോകവെ സാഹചര്യങ്ങൾ മെച്ചപ്പെടുകയാണ്‌ പതിവ്‌. എന്നാൽ അതുവരെ എങ്ങനെ പിടിച്ചുനിൽക്കാം?

ആശ്രയിക്കാൻ കൊള്ളാവുന്ന പക്വമതിയായ ഒരു സുഹൃത്തിനോട്‌ മനസ്സു തുറക്കുക. ബൈബിൾ പറയുന്നു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) ബൈബിളിൽ പരാമർശിച്ചിരിക്കുന്ന, നീതിമാനായ ഇയ്യോബ്‌ വിഷമഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ തന്റെ മനോവേദനകൾ മറ്റുള്ളവരുമായി പങ്കുവെച്ചു. ‘ജീവൻ തനിക്കു വെറുപ്പായ്‌തോന്നിയ’ സന്ദർഭത്തിൽ അവൻ പറഞ്ഞു: “ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.” (ഇയ്യോബ്‌ 10:1) മറ്റുള്ളവരോട്‌ മനസ്സു തുറക്കുന്നത്‌ നിങ്ങളുടെ ഹൃദയഭാരം തെല്ലൊന്നു കുറയ്‌ക്കാനും പ്രശ്‌നങ്ങളെ മറ്റൊരു രീതിയിൽ നോക്കിക്കാണാനും സഹായിച്ചേക്കും. *

പ്രാർഥനയിലൂടെ ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. മനസ്സു തളരുമ്പോൾ താങ്ങേകുന്ന വെറുമൊരു കച്ചിത്തുരുമ്പാണ്‌ പ്രാർഥന എന്നാണ്‌ ചിലരുടെ പക്ഷം. പക്ഷേ ബൈബിൾ പറയുന്നത്‌ മറ്റൊന്നാണ്‌. സങ്കീർത്തനം 65:2, ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്നാണ്‌ യഹോവയാംദൈവത്തെ വിളിച്ചിരിക്കുന്നത്‌. കൂടാതെ, ‘അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാണ്‌’ എന്ന്‌ 1 പത്രോസ്‌ 5:7 പറയുന്നു. യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ ആവർത്തിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌:

“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”സദൃശവാക്യങ്ങൾ 3:5, 6.

“തന്റെ ഭക്തന്മാരുടെ ആഗ്രഹം (യഹോവ) സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.”സങ്കീർത്തനം 145:19.

“തിരുഹിതപ്രകാരം നാം എന്ത്‌ അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതത്രേ നമുക്ക്‌ അവനിലുള്ള ഉറപ്പ്‌.”1 യോഹന്നാൻ 5:14.

“യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.”സദൃശവാക്യങ്ങൾ 15:29.

നിങ്ങൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച്‌ ദൈവത്തോടു പറയുന്നെങ്കിൽ അവൻ നിങ്ങളെ സഹായിക്കും. “എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്ന്‌ ബൈബിൾ പറയുന്നത്‌ നല്ല കാരണത്തോടെയാണ്‌.—സങ്കീർത്തനം 62:8.

കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ

ആത്മഹത്യചെയ്‌തവരിൽ മിക്കവർക്കും വിഷാദരോഗം ഉണ്ടായിരുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. * ഇങ്ങനെയുള്ള സാഹചര്യത്തിൽ വൈദ്യസഹായം വേണ്ടിവന്നേക്കാം. ഒരുപക്ഷേ മരുന്നുകളോ ചില പ്രത്യേക ഭക്ഷണക്രമങ്ങളോ ഡോക്‌ടർ നിർദേശിക്കും. ചില കേസുകളിൽ ചികിത്സയ്‌ക്കൊപ്പം വ്യായാമവും ഗുണം ചെയ്‌തേക്കാം. പലരുടെയും കാര്യത്തിൽ വിദഗ്‌ധ ചികിത്സ ഫലപ്രദമായിരുന്നിട്ടുണ്ട്‌. *

നിങ്ങൾക്ക്‌ പ്രോത്സാഹനവും പ്രത്യാശയും പകരുന്ന കൂടുതലായ വിവരങ്ങൾ ബൈബിളിലുണ്ട്‌. ഉദാഹരണത്തിന്‌, യഹോവയാംദൈവത്തെക്കുറിച്ച്‌ വെളിപാട്‌ 21:4 പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” ഇത്‌ ദൈവം നൽകുന്ന വാഗ്‌ദാനമാണ്‌! ഇതേക്കുറിച്ച്‌ ചിന്തിക്കുന്നതുതന്നെ നിങ്ങൾക്ക്‌ ആശ്വാസമേകും.

ബൈബിൾ നൽകുന്ന ഈ പ്രത്യാശയാണ്‌ ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളുമായി യഹോവയുടെ സാക്ഷികൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്‌. ഫലമോ? കലുഷിതമായ ഈ കാലത്തുപോലും യഥാർഥ പ്രത്യാശ കണ്ടെത്താൻ അനേകർക്കു കഴിയുന്നു. ഇതേക്കുറിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാൾ സന്ദർശിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. അല്ലെങ്കിൽ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുക. www.watchtower.org എന്ന വെബ്‌സൈറ്റും നിങ്ങൾക്ക്‌ സന്ദർശിക്കാവുന്നതാണ്‌. (g12-E 01)

[അടിക്കുറിപ്പുകൾ]

^ ഖ. 5 ആത്മഹത്യാപ്രവണത തടയുന്ന സ്ഥാപനങ്ങളിൽനിന്നോ മാനസികാരോഗ്യ കേന്ദ്രങ്ങളിൽനിന്നോ ചിലർക്ക്‌ സഹായം ലഭിച്ചിട്ടുണ്ട്‌.

^ ഖ. 13 വിഷാദരോഗത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ 2009 ഒക്‌ടോബർ-ഡിസംബർ ലക്കം ഉണരുക!-യുടെ 3-9 പേജുകൾ കാണുക.

^ ഖ. 13 ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ഉണരുക! ശുപാർശ ചെയ്യുന്നില്ല. തീരുമാനം എടുക്കുന്നതിനു മുമ്പ്‌ ഓരോ വ്യക്തിയും ചികിത്സാരീതികൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്‌.

[14-ാം പേജിലെ ചതുരം]

സാന്ത്വനമേകുന്ന തിരുവചനങ്ങൾ

● “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.

● “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.”—സങ്കീർത്തനം 34:4.

● “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.

● “മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.”—സങ്കീർത്തനം 147:3.

[15-ാം പേജിലെ ചതുരം]

ആത്മഹത്യാചിന്ത മനസ്സിനെ മഥിക്കുമ്പോൾ. . .

ആശ്രയയോഗ്യനായ ഒരു സുഹൃത്തിനോട്‌ മനസ്സു തുറക്കുക

പ്രാർഥനയിലൂടെ ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക

വൈദ്യസഹായം തേടുക

[16-ാം പേജിലെ ചതുരം/ചിത്രം]

ബന്ധുമിത്രാദികളുടെ ശ്രദ്ധയ്‌ക്ക്‌

കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും ആയിരിക്കും വിഷാദചിത്തനായ ഒരാളുടെ ആത്മഹത്യാചിന്തയെക്കുറിച്ച്‌ പലപ്പോഴും ആദ്യം തിരിച്ചറിയുന്നത്‌. ഉടൻ നടപടി സ്വീകരിച്ചാൽ അയാളുടെ ജീവൻ രക്ഷിക്കാനായേക്കും! അവർക്കു പറയാനുള്ളത്‌ സഹാനുഭൂതിയോടെ കേൾക്കുക. അവരുടെ പ്രശ്‌നങ്ങൾ യഥാർഥമാണെന്ന്‌ അംഗീകരിക്കുക. “വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (1 തെസ്സലോനിക്യർ 5:14) സഹായം സ്വീകരിക്കാൻ ദുഃഖാർത്തനായ വ്യക്തിയെ പ്രേരിപ്പിക്കുക; സഹായം ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുക.