വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല വിനോദം എങ്ങനെ കണ്ടെത്താം?

നല്ല വിനോദം എങ്ങനെ കണ്ടെത്താം?

യുവജനങ്ങൾ ചോദിക്കുന്നു

നല്ല വിനോദം എങ്ങനെ കണ്ടെത്താം?

നിങ്ങൾ ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധയുള്ളവനായിരിക്കും. മറ്റുള്ളവർ നല്ലതെന്നു പറയുന്ന സിനിമയും സംഗീതവും പുസ്‌തകവും ഒക്കെ നല്ലതായിരിക്കുമെന്ന്‌ നിങ്ങൾ കണ്ണുമടച്ച്‌ വിശ്വസിക്കില്ല. കാരണം ലൈംഗികതയും അക്രമവും ഭൂതവിദ്യയും ആണ്‌ ഇന്നത്തെ മിക്ക വിനോദങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌; അവയാകട്ടെ, നിങ്ങൾ നിശ്ചയമായും ഒഴിവാക്കേണ്ടതും. എന്നാൽ നല്ല വിനോദങ്ങൾ ഉണ്ടോ? തീർച്ചയായും. അവ എങ്ങനെ തിരഞ്ഞെടുക്കാമെന്നു നമുക്കു നോക്കാം. *

ചലച്ചിത്രങ്ങൾ

ഏതുതരം ചലച്ചിത്രമാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടം? അതിനുനേരെ ✔ ഇടുക.

❍ ഹാസ്യം

❍ ശോകം

❍ അടിപിടി/സാഹസികം

❍ ശാസ്‌ത്ര കൽപ്പിത കഥ

❍ മറ്റെന്തെങ്കിലും

നിങ്ങൾക്ക്‌ അറിയാമോ? ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്നത്‌ ഇന്ത്യയിലാണ്‌, ഓരോ വർഷവും ആയിരത്തിലധികം!

ഒഴിവാക്കേണ്ടത്‌. ബൈബിൾതത്ത്വങ്ങൾക്ക്‌ കടകവിരുദ്ധമായ കാര്യങ്ങളാണ്‌ മിക്ക സിനിമകളുടെയും പ്രമേയം. ചിലത്‌ ലൈംഗികതയെയും അക്രമത്തെയും പച്ചയായി ചിത്രീകരിക്കുമ്പോൾ മറ്റു ചിലത്‌ പ്രകൃത്യാതീത വിഷയങ്ങളെ ആസ്‌പദമാക്കിയുള്ളവയാണ്‌. എന്നാൽ ബൈബിൾ പറയുന്നു: “ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവയൊക്കെയും പാടേ ഉപേക്ഷിക്കുക. ഒരു അശ്ലീലഭാഷണവും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌.” (കൊലോസ്യർ 3:8) കൂടാതെ, ഭൂതവിദ്യയുമായി ബന്ധപ്പെട്ട ഏതൊരു പ്രവൃത്തിയെയും ദൈവം വിലക്കുന്നു.—ആവർത്തനപുസ്‌തകം 18:10-13.

തിരഞ്ഞെടുക്കുമ്പോൾ. “സിനിമയുടെ ‘ട്രെയിലർ’ (പ്രസക്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയുടെ പരസ്യം) അത്ര നല്ലതല്ലെങ്കിൽ ആ സിനിമ ഞാൻ കാണുകയില്ല.”—ജെറീൻ. *

“മറ്റുള്ളവരുടെ നിർദേശങ്ങൾ ഞാൻ സ്വീകരിക്കണമെങ്കിൽ അവർക്ക്‌ എന്റെ അതേ വീക്ഷണമുണ്ടായിരിക്കണം.”—കെയ്‌റ്റ്‌ലിൻ.

“സിനിമ അത്ര പന്തിയല്ലെന്ന്‌ തോന്നിയാൽ ഞാൻ എഴുന്നേറ്റു പോരും.”—മറീന.

“സിനിമയെക്കുറിച്ച്‌ അറിയാൻ ഞാൻ ഇന്റർനെറ്റ്‌ സൈറ്റിൽ നോക്കാറുണ്ട്‌. വിശ്വാസത്തിന്‌ നിരക്കാത്ത കാര്യങ്ങൾ, ലൈംഗികത, അക്രമം എന്നിവ ഉൾപ്പെട്ട സിനിമകൾ ഒഴിവാക്കാൻ അത്‌ എന്നെ സഹായിക്കുന്നു.”—നതാഷ.

ചെയ്യാനാകുന്നത്‌: അനഭികാമ്യമായ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കാൻ സാധ്യതയില്ലാത്ത സിനിമകൾ തിരഞ്ഞെടുക്കുക. “പഴയ കാലഘട്ടത്തെക്കുറിച്ചുള്ള, പ്രത്യേകിച്ചും വിശ്വസാഹിത്യകൃതികളെ ആസ്‌പദമാക്കിയുള്ള സിനിമകൾ എനിക്ക്‌ വളരെ ഇഷ്ടമാണ്‌,” 19 വയസ്സുള്ള മാസാമി പറയുന്നു.

നിങ്ങളോടുതന്നെ ചോദിക്കുക

‘ഞാൻ കാണുന്ന സിനിമകൾ ലൈംഗികതയെയും അക്രമത്തെയും ഭൂതവിദ്യയെയും കുറിച്ചുള്ള ദൈവനിയമങ്ങൾ ലംഘിക്കാൻ എന്നെ പ്രേരിപ്പിക്കുമോ?’

പുസ്‌തകങ്ങൾ

ഏതുതരം പുസ്‌തകമാണ്‌ നിങ്ങൾക്ക്‌ വായിക്കാൻ ഇഷ്ടം? അതിനുനേരെ ✔ ഇടുക.

❍ നോവൽ

❍ സംഭവകഥ

❍ വിശ്വസാഹിത്യം

❍ മറ്റെന്തെങ്കിലും

നിങ്ങൾക്ക്‌ അറിയാമോ? ഐക്യനാടുകളിൽ മാത്രം ഒരോ ആഴ്‌ചയും ആയിരത്തിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

ഒഴിവാക്കേണ്ടത്‌. സിനിമപോലെതന്നെ, മിക്ക പുസ്‌തകങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ബൈബിൾനിലവാരങ്ങളോട്‌ യോജിക്കാത്തവയാണ്‌. ഉദാഹരണത്തിന്‌, ചിലതിൽ ലൈംഗികതയെ പരസ്യമായി ചിത്രീകരിക്കുമ്പോൾ മറ്റു ചിലതിൽ ഭൂതവിദ്യയാണ്‌ പ്രതിപാദ്യം. എന്നാൽ ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക: “പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌.” (എഫെസ്യർ 5:3) ഭൂതവിദ്യയുമായി ബന്ധപ്പെട്ട പ്രവൃത്തികളും യഹോവയ്‌ക്ക്‌ ‘അനിഷ്ടമാണെന്ന്‌’ അതു പറയുന്നു.—2 രാജാക്കന്മാർ 17:17.

തിരഞ്ഞെടുക്കുമ്പോൾ. “പുസ്‌തകം തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പുറകിൽ കൊടുത്തിരിക്കുന്ന ലഘുവിവരണം ഞാൻ വായിച്ചുനോക്കും. അധ്യായങ്ങളിലൂടെ ഒന്ന്‌ കണ്ണോടിക്കുകയും ചെയ്യും. കൊള്ളരുതാത്തതാണെന്നു തോന്നിയാൽ ഞാൻ അത്‌ വാങ്ങില്ല.”—മേരി.

“മനസ്സാക്ഷിക്കു ചെവിയോർക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മുതിർന്നതോടെ ഞാൻ തിരിച്ചറിഞ്ഞു. ഒരു പുസ്‌തകം മോശമാണെന്ന്‌ തോന്നിയാൽ അപ്പോൾത്തന്നെ ഞാൻ വായന നിറുത്തും. അത്‌ വായിക്കുന്നത്‌ ദൈവേഷ്ടത്തിന്‌ നിരക്കുന്നതല്ലെന്ന്‌ എനിക്കറിയാം.”—കൊറിൻ.

ചെയ്യാനാകുന്നത്‌: നിങ്ങളുടെ അഭിരുചികൾ വിശാലമാക്കുക. “വിശ്വസാഹിത്യകൃതികളാണ്‌ ആധുനികകാല നോവലുകളെക്കാൾ കൂടുതൽ രസകരമായി എനിക്കു തോന്നുന്നത്‌. അതിലെ പദവിന്യാസവും കഥാപാത്രങ്ങളും കഥ വികസിപ്പിച്ചിരിക്കുന്ന വിധവും എല്ലാം ഗംഭീരംതന്നെ!”

നിങ്ങളോടുതന്നെ ചോദിക്കുക

‘ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടാണോ ഈ പുസ്‌തകം എന്നെ രസിപ്പിക്കുന്നത്‌?’

സംഗീതം

ഏതുതരം സംഗീതമാണ്‌ നിങ്ങൾക്ക്‌ ഇഷ്ടം. അതിനുനേരെ ✔ ഇടുക.

❍ റോക്ക്‌

❍ റാപ്പ്‌

❍ പഴയ ചലച്ചിത്രഗാനങ്ങൾ

❍ ഇന്ത്യൻ ക്ലാസിക്കൽ

❍ നാടൻ പാട്ടുകൾ

❍ മറ്റെന്തെങ്കിലും

നിങ്ങൾക്ക്‌ അറിയാമോ? നാല്‌ വലിയ സംഗീത കമ്പനികൾ മാത്രം 30,000-ത്തോളം ആൽബങ്ങൾ ഓരോ വർഷവും പുറത്തിറക്കുന്നു.

ഒഴിവാക്കേണ്ടത്‌. സംഗീതത്തിന്റെ കാര്യവും വ്യത്യസ്‌തമല്ല, മിക്കവയും ധാർമികമായി അധഃപതിച്ചതാണ്‌. അശ്ലീല ഈരടികളും ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ സംഗീതവീഡിയോകളും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക ബുദ്ധിമുട്ടാക്കിത്തീർക്കുന്നു. (1 കൊരിന്ത്യർ 6:18) “ബൈബിളിനു ചേർച്ചയിലല്ലാത്ത ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ മിക്ക സംഗീതവും,” 21 വയസ്സുകാരി ലേയ പറയുന്നു. വികാരങ്ങൾ ഉണർത്തുന്ന വിധത്തിൽ നൃത്തം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ്‌ അവയുടെ താളം.

തിരഞ്ഞെടുക്കുമ്പോൾ. “‘ഞാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ മുതിർന്ന മറ്റു ക്രിസ്‌ത്യാനികൾ കേൾക്കുകയാണെങ്കിൽ എനിക്കു തലകുനിക്കേണ്ടിവരുമോ?’ എന്ന്‌ ഞാൻ സ്വയം ചോദിക്കും. എങ്ങനെയുള്ള പാട്ടുകളാണ്‌ തിരഞ്ഞെടുക്കേണ്ടതെന്നു തീരുമാനിക്കാൻ അത്‌ എന്നെ സഹായിക്കുന്നു.”—ലീയാൻ.

ചെയ്യാനാകുന്നത്‌. വ്യത്യസ്‌തതരം സംഗീതം ആസ്വദിക്കുക. “ക്ലാസിക്കൽ സംഗീതമാണ്‌ ഡാഡിക്ക്‌ ഇഷ്ടം. വളർന്നുവരവെ ഞാനും അതു കുറച്ചൊക്കെ കേട്ടിട്ടുണ്ട്‌. ക്ലാസിക്കൽ സംഗീതത്തെക്കുറിച്ച്‌ മനസ്സിലാക്കിയതും അതോടൊപ്പം പിയാനോ വായിക്കാൻ പഠിച്ചതും എന്റെ മുമ്പിൽ പുതിയൊരു ലോകം തുറന്നു.”—റോബർട്ടോ. (g11-E 11)

നിങ്ങളോടുതന്നെ ചോദിക്കുക

‘ഞാൻ കേൾക്കുന്ന സംഗീതം ലൈംഗിക മോഹങ്ങൾക്ക്‌ തിരികൊളുത്തുന്നതാണോ?’

കൂടുതൽ അറിയാൻ!

യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 31, 32 അധ്യായങ്ങൾ കാണുക.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഏതെങ്കിലും പ്രത്യേക സിനിമയെയോ സംഗീതത്തെയോ പുസ്‌തകത്തെയോ ഉണരുക! അനുകൂലിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യുന്നില്ല. ബൈബിൾതത്ത്വങ്ങളിൽ അധിഷ്‌ഠിതമായ ഒരു മനസ്സാക്ഷി വളർത്തിയെടുക്കാനും അതു പിൻപറ്റാനും നിങ്ങളെ സഹായിക്കുക എന്നതാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം.—സങ്കീർത്തനം 119:104; റോമർ 12:9.

^ ഖ. 13 ചില പേരുകൾ മാറ്റിയിരിക്കുന്നു.

[25-ാം പേജിലെ ആകർഷക വാക്യം]

ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക്‌ ചെവികൊടുക്കാതെ, പ്രചാരം സിദ്ധിച്ച സിനിമകൾക്കും പുസ്‌തകങ്ങൾക്കും സംഗീതത്തിനും പിന്നാലെ പോയാൽ നഷ്ടം നിങ്ങൾക്കാണ്‌, വിനോദവ്യവസായത്തിന്‌ ലാഭവും!

[24-ാം പേജിലെ ചിത്രം]

“ബൈബിൾനിലവാരങ്ങളോട്‌ ഒത്തുപോകാത്ത പുസ്‌തകങ്ങളും ചലച്ചിത്രങ്ങളും ആണ്‌ മിക്കതും. അങ്ങനെയല്ലാത്തവ ഞാൻ ആസ്വദിക്കാറുണ്ട്‌.” ഏഡ്രിയൻ

[24-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ചോദിച്ചുനോക്കുക

നിങ്ങളുടെ ചെറുപ്പകാലത്ത്‌ എങ്ങനെയുള്ള വിനോദങ്ങളാണ്‌ ഉണ്ടായിരുന്നത്‌? നിങ്ങളുടെ അച്ഛനമ്മമാരുടെ കാലത്തെ വിനോദവും നിങ്ങളുടെ കാലത്തെ വിനോദവും തമ്മിൽ എന്തു വ്യത്യാസമുണ്ടായിരുന്നു?

[25-ാം പേജിലെ ചതുരം/ചിത്രം]

“ക്രിസ്‌ത്യാനികൾ ഒഴിവാക്കേണ്ട കാര്യങ്ങളോട്‌ ജിജ്ഞാസ ഉണർത്തുന്നതാണ്‌ ചില പാട്ടുകൾ. പാട്ട്‌ കേൾക്കാൻ നല്ലതാണ്‌ എന്നതിന്റെ പേരിൽ നമ്മുടെ നല്ല മനസ്സാക്ഷിയെ ചവിട്ടിമെതിക്കേണ്ടതുണ്ടോ?” ജാനിസ്‌