വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവും ക്രിസ്‌തുവും സ്‌ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു?

ദൈവവും ക്രിസ്‌തുവും സ്‌ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു?

ദൈവവും ക്രിസ്‌തുവും സ്‌ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു?

യഹോവയാം ദൈവം സ്‌ത്രീകളെ എങ്ങനെ വീക്ഷിക്കുന്നുവെന്ന്‌ കൃത്യമായി നമുക്കെങ്ങനെ അറിയാനാകും? സകലത്തിലും ദൈവത്തിന്റെ വീക്ഷണം പൂർണമായി പ്രതിഫലിപ്പിച്ചവനും “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ”യുമായ യേശുക്രിസ്‌തുവിന്റെ മനോഭാവവും പെരുമാറ്റവും പരിശോധിക്കുകയെന്നതാണ്‌ അതിനുള്ള ഒരു വഴി. (കൊലൊസ്സ്യർ 1:15) തന്റെ നാളിലെ സ്‌ത്രീകളോടുള്ള യേശുവിന്റെ ഇടപെടൽ, അവനും യഹോവയും സ്‌ത്രീകളെ ആദരിക്കുന്നുവെന്നും അനേകം നാടുകളിലും ഇന്നു സർവസാധാരണമായിരിക്കുന്ന, സ്‌ത്രീകളോടുള്ള അതിക്രമങ്ങൾ അവർ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

കിണറ്റരികിൽവെച്ച്‌ യേശു ഒരു സ്‌ത്രീയോടു സംസാരിച്ച സന്ദർഭമെടുക്കുക. യോഹന്നാന്റെ സുവിശേഷവിവരണം പറയുന്നു: “ഒരു ശമര്യസ്‌ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.” യഹൂദർക്കു പൊതുവേ ശമര്യക്കാരുമായി യാതൊരു സംസർഗവുമില്ലാതിരുന്നിട്ടും ആ ശമര്യസ്‌ത്രീയോടു പരസ്യമായി സംസാരിക്കാൻ യേശു സന്നദ്ധനായി. “പൊതുസ്ഥലത്തുവെച്ച്‌ ഒരു സ്‌ത്രീയോടു സംസാരിക്കുന്നത്‌ [യഹൂദർക്ക്‌] പ്രത്യേകിച്ചും അപകീർത്തികരമായിരുന്നു,” ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ പറയുന്നു. യേശു പക്ഷേ, ആദരവോടും പരിഗണനയോടും കൂടെ സ്‌ത്രീകളോട്‌ ഇടപെട്ടു, വർഗീയ മുൻവിധിയോ സ്‌ത്രീപുരുഷ വ്യത്യാസമോ അവനില്ലായിരുന്നു. തന്നെയുമല്ല, താൻ മിശിഹായാണെന്ന്‌ ഏറ്റവുമാദ്യം യേശു വ്യക്തമായി പറഞ്ഞത്‌ ആ ശമര്യസ്‌ത്രീയോടായിരുന്നു.—യോഹന്നാൻ 4:7-9, 25, 26.

മറ്റൊരു സന്ദർഭത്തിൽ, 12 വർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്‌ത്രീ യേശുവിനെ സമീപിച്ചു. അവനെ തൊട്ടതും അവൾ സുഖംപ്രാപിച്ചു. “യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളേ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു.” (മത്തായി 9:22) ന്യായപ്രമാണപ്രകാരം, ആ അവസ്ഥയിലുള്ള ഒരു സ്‌ത്രീ ജനക്കൂട്ടത്തിനിടയിൽ വരരുതായിരുന്നു, ആരെയെങ്കിലും തൊടുന്ന കാര്യം പറയുകയും വേണ്ട. എന്നിട്ടും യേശു അവളെ ശകാരിച്ചില്ല. മറിച്ച്‌ “മകളേ” എന്നു വിളിച്ച്‌ അനുകമ്പാപൂർവം അവൻ അവളെ ആശ്വസിപ്പിച്ചു. അത്‌ അവളുടെ ഹൃദയത്തെ എത്രമാത്രം സ്‌പർശിച്ചിരിക്കണം! അവളെ സുഖപ്പെടുത്താൻ യേശുവിനും സന്തോഷമായിരുന്നു!

പുനരുത്ഥാനശേഷം യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ മഗ്‌ദലക്കാരത്തി മറിയയ്‌ക്കും “മറ്റെ മറിയ” എന്നു ബൈബിൾ വിളിക്കുന്ന ഒരു ശിഷ്യയ്‌ക്കും മുമ്പാകെയാണ്‌. ആദ്യം അവന്‌ പത്രൊസിന്റെയോ യോഹന്നാന്റെയോ മറ്റേതെങ്കിലുമൊരു ശിഷ്യന്റെയോ മുമ്പാകെ പ്രത്യക്ഷപ്പെടാമായിരുന്നു. എന്നാൽ തന്റെ പുനരുത്ഥാനത്തിന്റെ പ്രഥമ ദൃക്‌സാക്ഷികളാകാൻ അവസരമേകിക്കൊണ്ട്‌ യേശു സ്‌ത്രീകളെ മാനിച്ചു. ആശ്ചര്യകരമായ ഈ സംഭവത്തെക്കുറിച്ച്‌ അവന്റെ ശിഷ്യന്മാരെ അറിയിക്കാൻ ഒരു ദൂതൻ ആ സ്‌ത്രീകളോടു നിർദേശിച്ചു. “നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു . . . പറവിൻ” എന്ന്‌ യേശുവും അവരോടു കൽപ്പിച്ചു. (മത്തായി 28:1, 5-10) സാക്ഷ്യംപറയാൻ സ്‌ത്രീകൾക്കു നിയമപരമായി യോഗ്യതയില്ലെന്ന യഹൂദന്മാരുടെ മുൻവിധി യേശുവിനെ സ്വാധീനിച്ചില്ലെന്നു വ്യക്തം.

പുരുഷ മേധാവിത്വത്തിനു മൗനാനുവാദം നൽകിക്കൊണ്ട്‌ സ്‌ത്രീകളോടു വിവേചനം കാണിക്കുന്നതിനുപകരം താൻ സ്‌ത്രീകളെ ആദരിക്കുകയും വിലയേറിയവരായി കാണുകയും ചെയ്യുന്നുവെന്നു യേശു പ്രകടമാക്കി. അവർക്കു നേരെയുള്ള അക്രമം യേശു പഠിപ്പിച്ച കാര്യങ്ങൾക്കു കടകവിരുദ്ധമായിരുന്നു, അവന്റെ മനോഭാവം പിതാവായ യഹോവയുടെ വീക്ഷണത്തിന്റെ പരിപൂർണ പ്രതിഫലനമായിരുന്നെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.

സ്‌ത്രീകൾക്കായുള്ള ദിവ്യകരുതൽ

പുരാതനനാളിലെ സ്‌ത്രീകളുടെ അവസ്ഥ വർണിച്ചുകൊണ്ട്‌ ഒരു ബൈബിൾനിഘണ്ടു പറയുന്നു: “പാശ്ചാത്യനാടുകളിൽ ഇന്നു സ്‌ത്രീകൾ ആസ്വദിക്കുന്നതുപോലുള്ള സ്വാതന്ത്ര്യമൊന്നും പുരാതന മെഡിറ്ററേനിയൻ ദേശങ്ങളിലോ മധ്യപൂർവദേശങ്ങളിലോ ഉണ്ടായിരുന്നില്ല. യജമാനന്മാർ അടിമകളെയും പ്രായമായവർ ചെറുപ്പക്കാരെയും അടിച്ചമർത്തിയിരുന്നതുപോലെ പുരുഷന്മാർ സ്‌ത്രീകളുടെമേൽ ആധിപത്യം പുലർത്തിയിരുന്നു. . . . ആൺകുട്ടികളെ പെൺകുട്ടികളെക്കാൾ അത്യന്തം ശ്രേഷ്‌ഠരായി കരുതിയിരുന്നു, കഠിനമായ കാലാവസ്ഥയിൽ സംരക്ഷണമില്ലാതെ മരിക്കേണ്ടതിനു ചിലപ്പോഴൊക്കെ പെൺകുഞ്ഞുങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുമായിരുന്നു.” പലപ്പോഴും അടിമകളെപ്പോലെയാണ്‌ അവരോടു പെരുമാറിയിരുന്നത്‌.

ഇത്തരം മനോഭാവം ആചാരങ്ങളെ ചൂഴ്‌ന്നുനിന്ന ഒരു സമയത്തായിരുന്നു ബൈബിൾ എഴുതപ്പെട്ടത്‌. എങ്കിലും പല പ്രാചീന സംസ്‌കാരങ്ങളുടെയും മനോഭാവങ്ങളിൽനിന്നു തികച്ചും വ്യത്യസ്‌തമായി ബൈബിളിലെ ദിവ്യപ്രമാണങ്ങൾ സ്‌ത്രീകൾക്ക്‌ ഉയർന്ന മാന്യത കൽപ്പിച്ചു.

തന്നെ ആരാധിച്ച സ്‌ത്രീകളോടുള്ള യഹോവയുടെ ഇടപെടൽ എടുത്തുകാട്ടുന്ന പല സന്ദർഭങ്ങളും അവരുടെ ക്ഷേമത്തിലുള്ള അവന്റെ താത്‌പര്യത്തിനു തെളിവാണ്‌. അബ്രാഹാമിന്റെ സുന്ദരിയായ ഭാര്യയെ ബലാത്സംഗത്തിൽനിന്നു രക്ഷിക്കാനായി യഹോവ രണ്ടുതവണ ഇടപെട്ടു. (ഉല്‌പത്തി 12:14-20; 20:1-7) യാക്കോബിന്റെ സ്‌നേഹം അധികം ലഭിക്കാതിരുന്ന ലേയയോട്‌ യഹോവ പ്രീതികാട്ടി—ഒരു ആൺകുഞ്ഞു ജനിക്കേണ്ടതിന്‌ അവൻ അവളുടെ “ഗർഭത്തെ തുറന്നു.” (ഉല്‌പത്തി 29:31, 32) ഈജിപ്‌തിൽ പിറക്കുന്ന എബ്രായ ആൺകുഞ്ഞുങ്ങളെ അരുംകൊലയിൽനിന്നു രക്ഷിക്കാൻ ദൈവഭക്തരായ രണ്ട്‌ ഇസ്രായേല്യ സൂതികർമിണികൾ സ്വന്തം ജീവൻ പണയപ്പെടുത്തിയപ്പോൾ യഹോവ അതു വിലമതിക്കുകയും “കുടുംബവർദ്ധന നൽകി” അവരെ അനുഗ്രഹിക്കുകയും ചെയ്‌തു. (പുറപ്പാടു 1:17, 20, 21) ഹന്നായുടെ ഉള്ളുരുകിയുള്ള പ്രാർഥനയ്‌ക്കും അവൻ ഉത്തരം നൽകി. (1 ശമൂവേൽ 1:10, 20) ഇനി, ഒരു പ്രവാചകന്റെ വിധവയുടെ കാര്യമെടുക്കുക. താൻ പണം കടംപെട്ടിരുന്ന ഒരു വ്യക്തി തന്റെ മക്കളെ അടിമകളായി പിടിച്ചുകൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ യഹോവ അവളെ കൈവിട്ടില്ല. കടംവീട്ടാനും ഉപജീവനംകഴിക്കാനും ആവശ്യമായ വിധത്തിൽ, വീട്ടിലുണ്ടായിരുന്ന എണ്ണ വർധിപ്പിക്കാൻ ദൈവം സ്‌നേഹപൂർവം എലീശാ പ്രവാചകനെ പ്രാപ്‌തനാക്കി. അങ്ങനെ തന്റെ കുടുംബത്തെ സംരക്ഷിക്കാനും ആത്മാഭിമാനം കാക്കാനും അവൾക്കായി.—പുറപ്പാടു 22:22, 23; 2 രാജാക്കന്മാർ 4:1-7.

സ്‌ത്രീകളെ മുതലെടുക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ പ്രവാചകന്മാർ കൂടെക്കൂടെ കുറ്റംവിധിച്ചു. യിരെമ്യാ പ്രവാചകൻ യഹോവയുടെ നാമത്തിൽ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിപ്പിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‌ക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുത്‌.” (യിരെമ്യാവു 22:2, 3) മുമ്പ്‌, സ്‌ത്രീകളെ അവരുടെ വീട്ടിൽനിന്ന്‌ ആട്ടിപ്പായിക്കുകയും അവരുടെ മക്കളോടു നിർദയം പെരുമാറുകയും ചെയ്‌ത ഇസ്രായേലിലെ ശക്തരും സമ്പന്നരുമായവർ കുറ്റംവിധിക്കപ്പെട്ടു. (മീഖാ 2:9) സ്‌ത്രീകളും കുട്ടികളും അനുഭവിക്കുന്ന അത്തരം കഷ്ടപ്പാടുകൾ നീതിമാനായ ദൈവം കാണുന്നുണ്ട്‌, അവൻ അതിനു കണക്കുചോദിക്കുകയും ചെയ്യും.

“സാമർത്ഥ്യമുള്ള ഭാര്യ”

സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ സാമർഥ്യമുള്ള ഭാര്യയെ വർണിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു നോക്കുക. ഒരു ഭാര്യയുടെ ഭാഗധേയവും കുടുംബത്തിലെ സ്ഥാനവും സംബന്ധിച്ച ആ മനോഹര വർണന യഹോവയുടെ വചനത്തിൽ സ്ഥാനംപിടിച്ചിരിക്കുന്നു എന്ന വസ്‌തുത അവൻ അതിനെ അംഗീകരിക്കുന്നുവെന്നതിനു തെളിവാണ്‌. പീഡിപ്പിക്കുകയോ അവമതിക്കുകയോ ചെയ്യുന്നതിനു പകരം, വിലമതിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യപ്പെടേണ്ടവളാണ്‌ അത്തരമൊരു സ്‌ത്രീ.

സദൃശവാക്യങ്ങൾ 31-ലെ “സാമർത്ഥ്യമുള്ള ഭാര്യ” ഉത്സാഹപൂർവം കഠിനാധ്വാനം ചെയ്യുന്നവളാണ്‌. അവൾ “താല്‌പര്യത്തോടെ കൈകൊണ്ടു വേലചെയ്യു”കയും കച്ചവടം നടത്തുകയും കൃഷിഭൂമി വാങ്ങുകയുംപോലും ചെയ്യുന്നു. അവൾ അടിവസ്‌ത്രങ്ങളുണ്ടാക്കി വിൽക്കുന്നു, അരക്കച്ചയുണ്ടാക്കി കച്ചവടക്കാരെ ഏൽപ്പിക്കുന്നു. ചുറുചുറുക്കോടെ വേലചെയ്യുന്ന അവൾ ജ്ഞാനത്തോടെ വായ്‌ തുറക്കുന്നു, അവളുടെ സ്‌നേഹദയ നിസ്‌തുലമാണ്‌. അതെല്ലാംനിമിത്തം ഭർത്താവും മക്കളും, ഏറ്റംപ്രധാനമായി യഹോവയും അവളെ അത്യന്തം വിലമതിക്കുന്നു.

പുരുഷന്മാർക്കു പീഡിപ്പിക്കാനോ ചൂഷണംചെയ്യാനോ ചവിട്ടിമെതിക്കാനോ വിധിക്കപ്പെട്ടവരല്ല സ്‌ത്രീകൾ. പകരം ഭാര്യ ഭർത്താവിനു “തക്കതായൊരു തുണ”യാണ്‌. സന്തോഷം പ്രസരിപ്പിക്കുന്ന, സാമർഥ്യമുള്ള ഒരു പങ്കാളിയാണ്‌ അവൾ.—ഉല്‌പത്തി 2:18.

ബഹുമാനം കൊടുപ്പിൻ

ഭാര്യയോടുള്ള പെരുമാറ്റത്തിൽ യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും മനോഭാവം അനുകരിക്കാൻ നിശ്വസ്‌ത എഴുത്തുകാരനായ പത്രൊസ്‌ ക്രിസ്‌തീയ ഭർത്താക്കന്മാരെ ഉദ്‌ബോധിപ്പിച്ചു. “ഭർത്താക്കന്മാരേ, . . . അവർക്കു ബഹുമാനം കൊടുപ്പിൻ,” അവനെഴുതി. (1 പത്രൊസ്‌ 3:7) ബഹുമാനം കൊടുക്കുകയെന്നാൽ ഒരു വ്യക്തിയെ വിലമതിക്കുകയും അങ്ങേയറ്റം ആദരിക്കുകയും ചെയ്യുക എന്നാണർഥം. അതുകൊണ്ട്‌ ഭാര്യയെ ബഹുമാനിക്കുന്ന ഒരുവൻ അവളെ അവമതിക്കുകയോ തരംതാഴ്‌ത്തുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല. പകരം താനവളെ പ്രിയങ്കരമായി കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന്‌ വാക്കാലും പ്രവൃത്തിയാലും—രഹസ്യമായും പരസ്യമായും—അവൻ പ്രകടമാക്കും.

ഭാര്യയോടുള്ള ബഹുമാനം ദാമ്പത്യ സന്തുഷ്ടിക്ക്‌ അത്യന്താപേക്ഷിതമാണ്‌. കാർലൂഷിന്റെയും സിസിലിയായുടെയും കാര്യമെടുക്കുക. ദാമ്പത്യജീവിതം ആരംഭിച്ച്‌ കുറച്ചുകഴിഞ്ഞപ്പോഴേക്കും വാദപ്രതിവാദം നിത്യസംഭവമായിമാറി. പരസ്‌പരം മിണ്ടാതിരുന്ന സമയങ്ങളുമുണ്ട്‌. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അവർക്കറിയില്ലായിരുന്നു. ഭർത്താവ്‌ അക്രമാസക്തനായിരുന്നു, ഭാര്യയാകട്ടെ അഹങ്കാരിയും ശാഠ്യക്കാരിയും. എന്നാൽ അവർ ബൈബിൾ പഠിക്കാനും അക്കാര്യങ്ങൾ ബാധകമാക്കാനും തുടങ്ങിയപ്പോൾ സാഹചര്യങ്ങൾക്കു മാറ്റംവന്നുതുടങ്ങി. സിസിലിയാ പറയുന്നു: “യേശുവിന്റെ പഠിപ്പിക്കലുകളും മാതൃകയും എന്റെയും ഭർത്താവിന്റെയും വ്യക്തിത്വങ്ങൾ മാറ്റിമറിച്ചു. കൂടുതൽ താഴ്‌മയും സമാനുഭാവവും കാണിക്കാൻ യേശുവിന്റെ മാതൃക എന്നെ സഹായിച്ചിരിക്കുന്നു. അവനെപ്പോലെ സഹായത്തിനായി യഹോവയോടു പ്രാർഥിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. കൂടുതൽ സഹിഷ്‌ണുതയും ആത്മനിയന്ത്രണവും പ്രകടിപ്പിക്കാൻ, യഹോവയുടെ ആഗ്രഹംപോലെ ഭാര്യയെ ബഹുമാനിക്കാൻ, കാർലൂഷും പഠിച്ചു.”

അവരുടെ ദാമ്പത്യം പൂർണതയുള്ളതല്ലെങ്കിലും അതു കാലത്തിന്റെ പരിശോധനയെ അതിജീവിച്ചിരിക്കുന്നു. അടുത്തകാലത്ത്‌ അവർ കടുത്ത വെല്ലുവിളികൾ നേരിടുകയുണ്ടായി—കാർലൂഷിനു ജോലി നഷ്ടമായെന്നുമാത്രമല്ല കാൻസർബാധിതനായ അദ്ദേഹത്തിന്‌ ഒരു ശസ്‌ത്രക്രിയയും വേണ്ടിവന്നു. എന്നാൽ ഈ തിരിച്ചടികൾക്കൊന്നും അവരുടെ ദാമ്പത്യബന്ധത്തെ തകർക്കാനായില്ല, അതു പൂർവാധികം ദൃഢമാകുകയാണു ചെയ്‌തത്‌.

മനുഷ്യവർഗം അപൂർണതയിലേക്കു നിപതിച്ച അന്നുമുതൽ പല സംസ്‌കാരങ്ങളിലും സ്‌ത്രീകൾ ദുഷ്‌പെരുമാറ്റത്തിനു വിധേയരായിരിക്കുന്നു. ശാരീരികവും മാനസികവും ലൈംഗികവുമായി അവർ ദ്രോഹിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവർക്കായി യഹോവ ആഗ്രഹിച്ചത്‌ അതൊന്നുമായിരുന്നില്ല. നാട്ടുനടപ്പ്‌ എന്തുതന്നെയായാലും എല്ലാ സ്‌ത്രീകളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന്‌ ബൈബിൾചരിത്രം വ്യക്തമാക്കുന്നു. അത്‌ ദൈവം അവർക്കു നൽകിയിരിക്കുന്ന ഒരു അവകാശമാണ്‌.

[4, 5 പേജുകളിലെ ചിത്രം]

ശമര്യസ്‌ത്രീ

[4, 5 പേജുകളിലെ ചിത്രം]

രോഗത്താൽ വലഞ്ഞ സ്‌ത്രീ

[4, 5 പേജുകളിലെ ചിത്രം]

മഗ്‌ദലക്കാരത്തി മറിയ

[6-ാം പേജിലെ ചിത്രം]

രണ്ടുവട്ടം യഹോവ സാറായെ സംരക്ഷിച്ചു

[7-ാം പേജിലെ ചിത്രം]

കാർലൂഷിന്റെയും സിസിലിയായുടെയും ദാമ്പത്യം പ്രതിസന്ധിയിൽ

[7-ാം പേജിലെ ചിത്രം]

കാർലൂഷും സിസിലിയായും ഇന്ന്‌