വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“ബ്രിട്ടനിൽ, ശരാശരി ആറുവയസ്സുള്ള ഒരു കുട്ടി ടെലിവിഷൻ കാണുന്നതിനായി ഒരു വർഷം മുഴുവൻ ചെലവഴിച്ചിട്ടുണ്ടായിരിക്കും. അവിടെ മൂന്നുവയസ്സുകാരിൽ പകുതിയിലേറെപ്പേർക്കും സ്വന്തം കിടപ്പുമുറിയിൽ ടിവി ഉണ്ട്‌.”—ദി ഇൻഡിപ്പെൻഡന്റ്‌, ബ്രിട്ടൻ.

ചൈനയിൽ 16 വയസ്സിനുമേൽ പ്രായമുള്ളവരിൽ നടത്തിയ ഒരു സർവേയിൽ 31.4 ശതമാനം പേരും തങ്ങൾ മതവിശ്വാസികളാണെന്ന്‌ അവകാശപ്പെട്ടു. ഈ കണക്ക്‌ മൊത്തം ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാൽ “30 കോടിയോളം പേർ അവിടെ മതവിശ്വാസികളായുണ്ട്‌ . . . എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച്‌ അത്‌ 10 കോടിയേയുള്ളൂ.”—ചൈന ഡെയ്‌ലി, ചൈന.

ഗുണത്തെക്കാളേറെ ദോഷം

ഊർജത്തിനു പഞ്ഞംവരാതിരിക്കാൻ ഒരു പോംവഴി തങ്ങൾ കണ്ടുപിടിച്ചെന്ന്‌ ഏതാനും വർഷംമുമ്പ്‌ ഡച്ച്‌ രാഷ്‌ട്രീയ നേതാക്കളും പരിസ്ഥിതിവാദികളും വിചാരിച്ചു: ജൈവ ഇന്ധനം അതായത്‌ പ്രധാനമായും പാമോയിൽ ഉപയോഗിച്ച്‌ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുക. അവരുടെ ഈ സ്വപ്‌നം പക്ഷേ ഒരു “പാരിസ്ഥിതിക പേടിസ്വപ്‌നമായി” മാറിയെന്ന്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ പറയുന്നു. “യൂറോപ്പിൽ പാമോയിലിനു ഡിമാന്റ്‌ ഏറിവരുന്നത്‌ തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകൾ വൻതോതിൽ വെട്ടിവെളുപ്പിക്കുന്നതിനും രാസവളങ്ങളുടെ അമിതോപയോഗത്തിനും ഇടയാക്കിയിരിക്കുന്നു.” ചതുപ്പുനിലങ്ങൾ വറ്റിച്ച്‌ തീയിട്ടാണ്‌ പന കൃഷി ചെയ്യുന്നതിനുള്ള നിലമൊരുക്കുന്നത്‌. ഈ പ്രക്രിയ “ഭീമമായ തോതിൽ” കാർബൺ ഗ്യാസുകളെ അന്തരീക്ഷത്തിലേക്കു തള്ളുന്നു. തത്‌ഫലമായി ഇന്തൊനീഷ്യ ഇതിനോടകം, “ആഗോളതാപനത്തിനു വഴിവെക്കുന്നുവെന്ന്‌ ശാസ്‌ത്രജ്ഞന്മാർ കരുതുന്ന കാർബൺ ഗ്യാസുകൾ ഏറ്റവുമധികം പുറന്തള്ളുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുന്നു” എന്ന്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.

“വിനാശദിന ഘടികാരം” മുന്നോട്ട്‌

ഒരു ആണവദുരന്തത്തോട്‌ മനുഷ്യവർഗം എത്രത്തോളം അടുത്തിരിക്കുന്നു എന്നു കാണിക്കുന്നതിനായി ബുള്ളറ്റിൻ ഓഫ്‌ അറ്റോമിക്‌ സയന്റിസ്റ്റ്‌സിന്റെ (BAS) പ്രസാധകർ ആവിഷ്‌കരിച്ച വിനാശദിന ഘടികാരം രണ്ടു മിനിറ്റ്‌ മുന്നോട്ടു നീങ്ങിയിരിക്കുന്നു. “മനുഷ്യരാശിയുടെ ആലങ്കാരിക അന്ത്യ”ത്തെ സൂചിപ്പിക്കുന്ന അർധരാത്രിക്ക്‌ ഇനി അഞ്ചു മിനിറ്റുകൂടിയേയുള്ളൂ. ഈ ഘടികാരത്തിന്റെ 60-വർഷ ചരിത്രത്തിൽ 18 പ്രാവശ്യം മാത്രമേ അതിലെ സമയം മാറ്റിയിട്ടുള്ളൂ. 2002 ഫെബ്രുവരിയിലാണ്‌ ഇതിനുമുമ്പ്‌ സമയം മാറ്റിയത്‌, ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമിക്കപ്പെട്ടശേഷം. ആണവായുധങ്ങൾ കൈവശം വെച്ചുകൊണ്ടിരിക്കുന്നതും അവയുടെ നിരന്തരവികസനവും അതുപോലെ അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിലുള്ള പരാജയവും, “ഭൂമിയിലെ ഏറ്റവും വിനാശകമായ സാങ്കേതികവിദ്യ ഉയർത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുള്ള പരാജയത്തിലേക്കാണു വിരൽ ചൂണ്ടുന്നത്‌,” BAS പറയുന്നു. “ആണവായുധങ്ങൾ ഉയർത്തുന്ന പ്രശ്‌നങ്ങളോളംതന്നെ വിനാശകമാണ്‌ കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ,” അതു തുടർന്നു.

ഗർഭകാല സമ്മർദം

ഇണയുമായുള്ള വാഗ്വാദഫലമായി ഗർഭിണി അനുഭവിക്കുന്ന സമ്മർദം ഗർഭസ്ഥ ശിശുവിന്റെ മാനസിക വളർച്ചയെ സാരമായി ബാധിക്കുന്നുവെന്ന്‌ സമീപകാല ഗവേഷണങ്ങൾ തെളിയിക്കുന്നു. ഗർഭിണിക്ക്‌ ഇണയുടെ ഉപദ്രവമേൽക്കുമ്പോഴും ഇതുതന്നെയാണു സത്യം. ലണ്ടനിലെ ഇംപീരിയൽ കോളജിലെ പ്രൊഫസർ വിവെറ്റ്‌ ഗ്ലോവർ ഇങ്ങനെ പറയുന്നു: “ഗർഭിണിയായിരിക്കെ ഇണയിൽനിന്നു വൈകാരിക ഉപദ്രവം ഏൽക്കുന്നെങ്കിൽ അത്‌ കുഞ്ഞിന്റെ വളർച്ചയെ ശരിക്കും ബാധിക്കും. ഇക്കാര്യത്തിൽ പിതാവിന്റെ ഉത്തരവാദിത്വം വലുതാണ്‌.” അച്ഛനമ്മമാർ തമ്മിലുള്ള ബന്ധം “അമ്മയുടെ ശരീരത്തിലെ ഹോർമോൺ-രാസ സന്തുലനത്തെ ബാധിക്കുന്നു. അത്‌ കുഞ്ഞിന്റെ മസ്‌തിഷ്‌കവികാസത്തെയും ബാധിക്കും,” അവർ പറയുന്നു.

ഡ്രൈവിങ്‌ യാന്ത്രികമാകുമ്പോൾ

നിത്യേന ഒരേ റൂട്ടിൽത്തന്നെ അങ്ങോട്ടുമിങ്ങോട്ടും വാഹനമോടിച്ചുപോകുന്നവർ മസ്‌തിഷ്‌കത്തിലെ ചിന്താമണ്ഡലം ഉപയോഗപ്പെടുത്താതെ യാന്ത്രികമായി ഡ്രൈവ്‌ ചെയ്യുന്നു എന്ന്‌ ജർമനിയിലുള്ള ഡൂയിസ്‌ബർഗ്‌-എസ്സെൻ യൂണിവേഴ്‌സിറ്റിയിലെ ട്രാഫിക്‌ സയന്റിസ്റ്റായ മിഖായേൽ ഷ്‌റെക്കൻബർഗ്‌ പറയുന്നു. ചിരപരിചിതമായ വഴിയിലൂടെ പോകുമ്പോൾ ഏകാഗ്രതയോടെ ഡ്രൈവുചെയ്യുന്നതിനു പകരം ഡ്രൈവർമാർ മറ്റു കാര്യങ്ങളിൽ മുഴുകുന്നു. ഫലമോ? പെട്ടെന്ന്‌ അപകടസാധ്യതകൾ തിരിച്ചറിയാൻ അവർക്കു കഴിയാതെവരുന്നു. ശ്രദ്ധ പതറാൻ അനുവദിക്കാതെ ജാഗ്രതയോടെ വാഹനമോടിക്കാൻ കൂടെക്കൂടെ സ്വയം ഓർമിപ്പിക്കണമെന്ന്‌ ഷ്‌റെക്കൻബർഗ്‌ ഇത്തരം ഡ്രൈവർമാരോടു നിർദേശിക്കുന്നു.