നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക

നിങ്ങളുടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക

പാഠം 15

നിങ്ങളു​ടെ ശ്രോ​താ​ക്ക​ളു​ടെ ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ക

1-4. ശുശ്രൂ​ഷ​ക​രെന്ന നിലയിൽ ഹൃദയം നമുക്കു പ്രാധാ​ന്യ​മു​ള​ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

1 അപ്പോ​സ്‌ത​ല​നായ പൗലോസ്‌, താൻ സുവാർത്ത പ്രസം​ഗി​ച്ചി​രു​ന്ന​വ​രു​ടെ ‘ഹൃദയ​ദൃ​ഷ്ടി പ്രകാ​ശി​ത​മാ​കേണ’മെന്ന്‌ അവർക്കു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നതു നിർത്തി​ക്ക​ള​ഞ്ഞില്ല. (എഫെ. 1:16-18) മനസ്സല്ല, ഹൃദയം പ്രകാ​ശി​ത​മാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ അദ്ദേഹം ഇവിടെ സംസാ​രി​ച്ച​താ​യി കുറി​ക്കൊ​ള​ളുക. അദ്ദേഹം എന്താണ്‌ അർഥമാ​ക്കി​യത്‌? ഫലപ്ര​ദ​രായ പ്രസം​ഗ​ക​രും ഉപദേ​ഷ്ടാ​ക്ക​ളു​മാ​യി​രി​ക്കു​ന്ന​തി​നു നാം ഈ കാര്യം മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌.

2 ഹൃദയ​ത്തി​ന്റെ വലിയ പരി​ശോ​ധ​കന്റെ മററു വിശ്വ​സ്‌ത​ദാ​സ​രി​ലൂ​ടെ യഹോ​വ​യു​ടെ ആത്മാവു സംസാ​രി​ച്ചി​രു​ന്ന​തു​തന്നെ ഇപ്പോൾ പൗലോ​സി​ലൂ​ടെ അതു വെളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. (സദൃ. 21:2) ദൃഷ്ടാ​ന്ത​ത്തിന്‌, വൃദ്ധനായ ദാവീ​ദു​രാ​ജാ​വു തന്റെ രാജകീ​യാ​വ​കാ​ശിക്ക്‌ ഈ നല്ല ബുദ്ധ്യു​പ​ദേശം കൊടു​ത്തു: “എന്റെ മകനേ, . . . നിന്റെ അപ്പന്റെ ദൈവത്തെ അറിക​യും അവനെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും നല്ലമന​സ്സോ​ടും കൂടെ സേവി​ക്ക​യും ചെയ്‌ക. യഹോവ സർവ്വ ഹൃദയ​ങ്ങ​ളെ​യും പരി​ശോ​ധി​ക്ക​യും വിചാ​ര​ങ്ങ​ളും നിരൂ​പ​ണ​ങ്ങ​ളും എല്ലാം ഗ്രഹി​ക്ക​യും ചെയ്യുന്നു; നീ അവനെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷി​ക്കു​ന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തളളി​ക്ക​ള​യും.” (1 ദിന. 28:9) ഹൃദയ​ത്തിൽനി​ന്നു​ളള ആത്മാർഥ​മായ ആരാധ​ന​യാ​ണു സ്രഷ്ടാ​വി​നു പ്രമോ​ദം കൈവ​രു​ത്തു​ന്നത്‌.

3 വലിപ്പ​മേ​റിയ ദാവീ​ദായ യേശു​ക്രി​സ്‌തു “നിന്റെ ദൈവ​മായ കർത്താ​വി​നെ [യഹോവയെ, NW] നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം” എന്നു പഠിപ്പി​ച്ച​പ്പോൾ ജ്ഞാനപൂർവ​ക​മായ സമാന ബുദ്ധ്യു​പ​ദേശം കൊടു​ത്തു. (മർക്കൊ. 12:28-30) ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന കാര്യ​ത്തിൽ, സൃഷ്ടി​യു​ടെ ഹൃദയ​ത്തി​ലു​ള​ള​തി​നാ​ണു മുഖ്യ പ്രാധാ​ന്യം. നാം ഇതു വിലമ​തി​ക്കു​മ്പോൾ, സദൃശ​വാ​ക്യ​ങ്ങൾ 4:23-ലെ വാക്കുകൾ കൂടിയ ശക്തി​യോ​ടെ നമുക്കു ബോധ്യ​മാ​കു​ന്നു: “സകലജാ​ഗ്ര​ത​യോ​ടും​കൂ​ടെ നിന്റെ ഹൃദയത്തെ കാത്തു​കൊൾക; ജീവന്റെ ഉത്ഭവം അതിൽനി​ന്ന​ല്ലോ ആകുന്നതു.”

4 ഓരോ ശ്രോ​താ​വി​ന്റെ​യും ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ക​യും ബോധ്യം വരുത്തു​ക​യും ചെയ്യുക എന്ന ഈ സംഗതി ദൈവ​രാ​ജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്ന എല്ലാവർക്കും താത്‌പ​ര്യ​മു​ളള കാര്യ​മാ​യി​രി​ക്കണം. അത്‌, കുട്ടി​കളെ പഠിപ്പി​ക്കു​മ്പോൾ ക്രിസ്‌തീയ പിതാ​വി​നും സുവാർത്ത ശ്രദ്ധി​ക്കു​ന്ന​വ​രു​മാ​യി ഒരു ഭവന​ബൈ​ബി​ള​ധ്യ​യനം നടത്തുന്ന ഓരോ ക്രിസ്‌ത്യാ​നി​ക്കും താത്‌പ​ര്യ​മു​ളള കാര്യ​മാണ്‌. അത്‌ പ്ലാററ്‌ഫാ​റ​ത്തിൽനി​ന്നു പഠിപ്പി​ക്കുന്ന സഹോ​ദ​രൻമാ​രു​ടെ ശ്രദ്ധാ​പൂർവ​ക​മായ പരിഗണന അർഹി​ക്കു​ന്നു. അങ്ങനെ​യു​ളള എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും സത്യത്തി​ന്റെ വില​യേ​റിയ സന്ദേശം മററു​ള​ള​വ​രു​ടെ മനസ്സു​കൾക്കു പ്രദാ​നം​ചെ​യ്യാൻ നാം കഠിന​ശ്രമം ചെയ്യുന്നു. എന്നാൽ നാം വളരെ​യ​ധി​കം​കൂ​ടെ ചെയ്യാൻ ശ്രമി​ക്കണം. നാം ഹൃദയ​ങ്ങ​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ ആഗ്രഹി​ക്കു​ന്നു. മററു​ള​ളവർ ‘തങ്ങളുടെ ഹൃദയം വലിയ സ്വർഗീ​യ​പി​താ​വി​നു കൊടു​ക്കു​ന്ന​തിന്‌’ അവരെ പ്രേരി​പ്പി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു.—സദൃ. 23:26.

5, 6. മററു​ള​ള​വ​രു​ടെ മനസ്സു​കൾക്ക്‌ അറിവു പ്രദാ​നം​ചെ​യ്യു​ന്ന​തി​ലു​പരി ചെയ്യാൻ നാം ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 മനസ്സും ഹൃദയ​വും തമ്മിൽ വേർതി​രി​ച്ച​റി​യൽ. സുവാർത്ത​യു​ടെ പ്രാപ്‌ത​നായ ഒരു ഉപദേ​ഷ്ടാ​വി​നു ശ്രോ​താ​ക്ക​ളു​ടെ മനസ്സിൽ അറിവു പകരാൻ കഴിയും. പെട്ടെ​ന്നു​തന്നെ വിദ്യാർഥി അല്ലെങ്കിൽ ശ്രോ​താവ്‌ ഉപദേശം സ്വയം ആവർത്തി​ക്കാ​നും വിശദീ​ക​രി​ക്കാ​നും പ്രാപ്‌ത​നാ​യി​ത്തീ​രു​ന്നു. അയാൾ അതു ഗ്രഹി​ച്ചി​രി​ക്കു​ന്നു, അത്‌ അയാളു​ടെ മനസ്സിൽ പതിഞ്ഞി​രി​ക്കു​ന്നു. എന്നാൽ ഈ ചോദ്യ​ങ്ങൾ ഉദിക്കു​ന്നു, അയാൾ അതുസം​ബ​ന്ധിച്ച്‌ എന്തു ചെയ്യാൻ പോകു​ന്നു? അയാൾക്ക്‌ അറിവു സമ്പാദി​ക്കു​ന്ന​തിൽ മാത്രമേ താത്‌പ​ര്യ​മു​ളേളാ, അതോ അറിവ്‌ അയാളെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കാൻ പോകു​ക​യാ​ണോ?

6 ഇവി​ടെ​യാ​ണു ഹൃദയം രംഗ​പ്ര​വേശം ചെയ്യു​ന്നത്‌, എന്തെന്നാൽ ബൈബി​ളിൽ അതു പ്രേര​ണ​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ സത്യാ​രാ​ധ​കന്‌, “ഞാൻ നിന്നോ​ടു പാപം ചെയ്യാ​തി​രി​ക്കേ​ണ്ട​തി​ന്നു നിന്റെ വചനത്തെ ഹൃദയ​ത്തിൽ സംഗ്ര​ഹി​ക്കു​ന്നു” എന്നു നിശ്വസ്‌ത ബൈബി​ളെ​ഴു​ത്തു​കാ​ര​നോ​ടൊ​പ്പം പറയാൻ കഴിയും. (സങ്കീ. 119:11) ഒരു വ്യക്തിക്കു ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള വിശി​ഷ്ട​മായ അറിവു തന്റെ മനസ്സിൽ ഉൾക്കൊ​ള​ളാ​നും ബൈബി​ളി​ലെ നല്ല തത്ത്വങ്ങ​ളിൽ അനേക​വും ഗ്രഹി​ക്കാ​നും കഴിയും, അതേസ​മയം തന്റെ സ്വന്തം ജീവി​ത​ഗ​തിക്ക്‌ ആ തത്ത്വങ്ങ​ളും അറിവും ബാധക​മാ​ക്കാ​നു​ളള ഗാഢതാ​ത്‌പ​ര്യം ഹൃദയ​ത്തിന്‌ ഇല്ലായി​രി​ക്കാം. അനേകർ ദൈവ​വ​ച​ന​ത്തി​ലെ നവോൻമേ​ഷ​പ്ര​ദ​മായ സത്യങ്ങൾ കേട്ടി​ട്ടുണ്ട്‌, എന്നാൽ അവ തങ്ങളുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യോ അതേ അവസരം മററു​ള​ള​വർക്കു വെച്ചു​നീ​ട്ടു​ക​യോ ചെയ്യുന്ന കാര്യ​ത്തിൽ അവർക്ക്‌ അത്തരം ജീവര​ക്ഷാ​ക​ര​മായ പ്രവർത്ത​ന​ത്തി​നു​ളള ആത്മാർഥത ഇല്ല.

7, 8. മനസ്സും ഹൃദയ​വും തമ്മിലു​ളള വ്യത്യാ​സം കാണി​ക്കുക.

7 മനസ്സ്‌ അവശ്യം വിവരങ്ങൾ ഉൾക്കൊ​ള​ളു​ക​യും ദഹിപ്പി​ക്കു​ക​യും ചെയ്യണം. അതു വിജ്ഞാ​ന​സം​സ്‌ക​ര​ണ​കേ​ന്ദ്ര​മായ ബുദ്ധി​ശ​ക്തി​യു​ടെ ഇരിപ്പി​ട​മാണ്‌. അതു വിവരങ്ങൾ ശേഖരി​ക്കു​ക​യും ന്യായ​ത്തി​ന്റെ​യും യുക്തി​യു​ടെ​യും പ്രക്രി​യ​യാൽ ചില നിഗമ​ന​ങ്ങ​ളി​ലെ​ത്തു​ക​യും ചെയ്യുന്നു. ഏതോ വിസ്‌മ​യാ​വ​ഹ​മായ വിധത്തിൽ അതു ഹൃദയ​ത്തോ​ടു നേരിട്ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു. ഹൃദയ​ത്തി​നു മർമ​പ്ര​ധാ​ന​മായ ഒരു പങ്കുണ്ട്‌, എന്തെന്നാൽ അതി​നോ​ടാ​ണു പ്രിയ​ങ്ങ​ളും പ്രേര​ണ​യും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഒരുവന്റെ മുഴു ജീവി​ത​ഗ​തി​യെ​യും ഹൃദയം നയിക്കു​ന്നതു കാണി​കൾക്കു പ്രത്യ​ക്ഷ​മാ​യി​ത്തീ​രു​ന്നു. കാല​ക്ര​മ​ത്തിൽ വ്യക്തി അകമേ യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ അവർ കണ്ടെത്തു​ന്നു. എന്നാൽ യഹോ​വക്ക്‌ എല്ലാ സമയങ്ങ​ളി​ലും “ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യ”നെ അറിയാം.—1 പത്രൊ. 3:3, 4.

8 ചില സമയങ്ങ​ളിൽ ഹൃദയം യുക്തി​പൂർവ​ക​മായ ന്യായ​വാ​ദ​ത്തെ​ക്കാ​ളു​പരി വികാ​ര​ത്തെ​യോ ആഗ്രഹ​ത്തെ​യോ അനുകൂ​ലി​ക്കു​ക​യും ഉയർത്തു​ക​യും ചെയ്യുന്ന പ്രേരണ കൊടു​ത്തു​കൊ​ണ്ടു മനസ്സിന്റെ നിഗമ​ന​ങ്ങളെ നിരാ​ക​രി​ച്ചേ​ക്കാം. ഒരു വ്യക്തി യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശരി എന്തെന്നു തന്റെ മനസ്സു​കൊണ്ട്‌ അറി​യേ​ണ്ട​തു​ണ്ടെന്നു മാത്രമല്ല, അയാൾക്ക്‌ ആ ഗതി പിന്തു​ട​രാൻ തന്റെ ഹൃദയ​ത്തിൽ ആഗ്രഹ​വു​മു​ണ്ടാ​യി​രി​ക്കണം. ഐച്ഛി​ക​ഗ​തി​ക​ളിൽനി​ന്നു തിര​ഞ്ഞെ​ടു​ക്കാ​നും അവയിൽ ഒന്നിൻമേൽ ലക്ഷ്യം ഉറപ്പി​ക്കാ​നു​മു​ളള ഹൃദയ​ത്തി​ന്റെ ഈ പ്രാപ്‌തി, മമനു​ഷ്യ​ന്റെ ഹൃദയം ‘ആസൂ​ത്ര​ണങ്ങൾ ചെയ്യുന്ന’തായും ‘അയാളു​ടെ വഴികൾ ചിന്തി​ക്കു​ന്ന​താ​യും’ [അവയിൽ മനസ്സ്‌ ഉറപ്പി​ക്കു​ന്ന​താ​യും] ബൈബിൾ പറയു​ന്ന​തി​ന്റെ കാരണം വിശദ​മാ​ക്കു​ന്നു. (സദൃ. 19:21; 16:9, NW) സാഹച​ര്യ​ങ്ങൾ മററു പ്രകാ​ര​ത്തിൽ ചെയ്യാൻ ആളുകൾക്ക്‌ ഏറെക്കു​റെ കടപ്പാടു വരുത്തു​ന്നി​ല്ലെ​ങ്കിൽ അവർ തങ്ങളുടെ ഹൃദയ​ത്തി​നു ഹിതക​ര​മായ ഗതി പിന്തു​ട​രും. ധാർമി​ക​വും ആത്മീയ​വു​മായ കാര്യ​ങ്ങ​ളിൽ ഇതു വിശേ​ഷാൽ സത്യമാണ്‌.—മത്താ. 5:28.

9, 10. ഒരു അധ്യേ​താ​വി​ന്റെ ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്ന​തി​നു നമ്മെ എന്തു സഹായി​ക്കും?

9 ഹൃദയ​ങ്ങ​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക. അപ്പോൾ, ക്രിസ്‌തീയ ഉപദേ​ഷ്ടാവ്‌ ആളുക​ളു​ടെ ഹൃദയ​ങ്ങ​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലേ​ണ്ടത്‌ എങ്ങനെ​യാണ്‌? പഠിച്ച കാര്യങ്ങൾ സംബന്ധി​ച്ചു വിലമ​തി​പ്പോ​ടെ വിചി​ന്ത​നം​ചെ​യ്യാൻ പഠിതാ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌ ഒരു വിധം. യേശു​വി​ന്റെ ജഡിക​മാ​താ​വാ​യി​രുന്ന മറിയ​യെ​സം​ബ​ന്ധിച്ച്‌ “ഈ വചനങ്ങ​ളെ​ല്ലാം തന്റെ ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചു” എന്ന്‌ വീണ്ടും പറയു​ന്നത്‌ ഓർക്കുക. (ലൂക്കോ. 2:51, NW) “തന്റെ ഓർമ​യിൽ” എന്ന്‌ രേഖ പറയു​ന്നില്ല, അതും ഉൾപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും. അതു പ്രിയ​ത്തി​ന്റെ​യും പ്രേര​ണ​യു​ടെ​യും ഇരിപ്പി​ട​മായ ഹൃദയ​ത്തി​ലാ​യി​രു​ന്നു, തന്നിമി​ത്തം അവൾ പിന്നീട്‌ ഒരു വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​യാ​യി​ത്തീർന്നു. ഇന്നു സത്യം അധ്യേ​താ​ക്ക​ളു​ടെ ഹൃദയ​ത്തിൽ സ്വീക​രി​ക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ തൃപ്‌തി​ക​ര​മായ ഒരു വിധത്തിൽ മുഖ്യ പോയിൻറു​കൾ വികസി​പ്പി​ക്കു​ന്ന​തി​നു വേണ്ടത്ര സമയം എടുക്കുക. വളരെ​യ​ധി​കം വിവരങ്ങൾ ഉൾപ്പെ​ടു​ത്താൻ ശ്രമി​ക്ക​രുത്‌.

10 പരിചി​ന്തി​ക്ക​പ്പെ​ടുന്ന ബൈബിൾ സത്യങ്ങൾ യഥാർഥ​ത്തിൽ അധ്യേ​താ​ക്ക​ളു​ടെ ഹൃദയ​ത്തിൽ രൂഢമൂ​ല​മാ​കു​ന്നു​ണ്ടോ​യെന്നു നിർണ​യി​ക്കു​ന്ന​തി​നു ചോദ്യ​ങ്ങൾ വളരെ സഹായ​ക​മാണ്‌. പുതിയ സത്യങ്ങൾ ചർച്ച ചെയ്‌ത​ശേഷം നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: “ഇപ്പോൾ നിങ്ങൾക്ക്‌ ഇതുസം​ബ​ന്ധിച്ച്‌ എന്തു തോന്നു​ന്നു? ഇതാണോ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌?” നിങ്ങൾ വിദ്യാർഥി​പ്ര​സം​ഗങ്ങൾ നടത്തു​മ്പോൾ ഇതു ചെയ്‌തു​ശീ​ലി​ക്കുക. ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തി​ലു​ള​ള​തെ​ന്തെന്നു നിർണ​യി​ക്കു​ന്ന​തി​നാൽമാ​ത്രമേ നമുക്കു യഹോ​വ​യു​ടെ സേവന​ത്തിൽ പുരോ​ഗ​മി​ക്കാൻ അയാളെ സഹായി​ക്കാൻ കഴിയൂ.

11. നമുക്ക്‌ ഒരു അധ്യേ​താ​വി​നോ​ടു യഹോ​വ​യു​മാ​യു​ളള ഒരുവന്റെ ബന്ധത്തെ ഊന്നി​പ്പ​റ​യാൻ കഴിയു​ന്ന​തെ​ങ്ങനെ?

11 നിങ്ങൾ പഠിപ്പി​ക്കുന്ന വിദ്യാർഥി​ക​ളു​ടെ ഹൃദയ​ത്തിൽ ദൈവ​വ​ചനം പതിപ്പി​ക്കു​ന്ന​തിന്‌, അവർ യഹോ​വ​യോ​ടു​ളള തങ്ങളുടെ സ്വന്തം ബന്ധത്തിന്റെ അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കാൻ സഹായി​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. ഈ പ്രാപ്‌തി വികസി​പ്പി​ക്കാൻ, ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ നിയമ​നങ്ങൾ കൈകാ​ര്യം ചെയ്യു​മ്പോ​ഴ​ല്ലാ​തെ വേറെ മെച്ചപ്പെട്ട അവസരം എവി​ടെ​യാ​ണു നിങ്ങൾക്കു​ള​ളത്‌? യഹോ​വ​യോ​ടു​ളള സ്‌നേഹം നിമി​ത്ത​വും നമ്മോ​ടു​ളള അവിടു​ത്തെ സ്‌നേഹം നിമി​ത്ത​വും തങ്ങളുടെ മുഴു ഹൃദയ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കാൻ നിങ്ങൾ പഠിപ്പി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. അവർ ബൈബി​ളിൽ പഠിക്കു​ന്നതു “മഹാക​രു​ണ​യും മനസ്സലി​വു​മു​ളള” നമ്മുടെ സ്‌നേ​ഹ​വാ​നാം സ്രഷ്ടാ​വായ യഹോ​വ​യിൽനി​ന്നാ​ണെ​ന്നു​ളള വസ്‌തു​ത​യി​ലേക്കു നിങ്ങൾക്ക്‌ ഉചിത​മാ​യി അവതരി​പ്പി​ക്ക​പ്പെ​ടുന്ന ചോദ്യ​ങ്ങ​ളാൽ അവരുടെ ശ്രദ്ധ തിരി​ച്ചു​വി​ടാ​വു​ന്ന​താണ്‌. (യാക്കോ. 5:11) നിങ്ങൾ ഒരു അധ്യയനം നടത്തു​ന്നു​ണ്ടെ​ങ്കിൽ, നിങ്ങൾ ഒരുമി​ച്ചു പഠിക്കുന്ന അത്യത്ഭു​ത​ക​ര​മായ സത്യങ്ങ​ളിൽ പ്രകട​മാ​യി​രി​ക്കുന്ന യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും ജ്ഞാന​ത്തെ​യും വാരം​തോ​റും ഊന്നി​പ്പ​റ​യുക. അധ്യേ​താ​ക്ക​ളു​ടെ സ്വന്തം ജീവിതം എങ്ങനെ ബാധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും തൊട്ടു​മു​മ്പി​ലെ ദിവസ​ങ്ങ​ളിൽ അത്‌ എങ്ങനെ ബാധി​ക്ക​പ്പെ​ടാ​നി​രി​ക്കു​ന്നു​വെ​ന്നും കാണാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. അവർക്കു ബൈബിൾ തത്ത്വങ്ങൾ സുപരി​ചി​ത​മാ​യി​ത്തീ​രേ​ണ്ട​തി​നു കൂടെ​ക്കൂ​ടെ അവരു​മാ​യി അവ പുനര​വ​ലോ​കനം ചെയ്യുക. ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മുമ്പ്‌, ഏതു കാര്യ​ത്തി​ലും സ്വർഗീ​യ​പി​താ​വി​ന്റെ ഇഷ്ടം എല്ലായ്‌പോ​ഴും നിശ്ചയ​പ്പെ​ടു​ത്താൻ ശ്രമി​ക്കുന്ന ശീലം നട്ടുവ​ളർത്താൻ അവരെ സഹായി​ക്കുക. “താൻ എല്ലാവർക്കും ജീവനും ശ്വാസ​വും സകലവും കൊടു​ക്കുന്ന”തുകൊ​ണ്ടു നമ്മുടെ ജീവനും നമുക്കു​ളള സകലവും ദൈവ​ത്തി​നു​ള​ള​താ​ണെ​ന്നും അവിടു​ത്തെ ആരാധന, അവിടു​ത്തെ സേവനം, നമ്മുടെ ഹൃദയ​ത്തി​ലും നമ്മുടെ മനസ്സി​ലും പ്രമു​ഖ​മാ​യി​രി​ക്ക​ണ​മെ​ന്നും തിരി​ച്ച​റി​യാൻ ക്രമേണ നിങ്ങൾ അവരെ സഹായി​ക്കു​ന്ന​താ​യി​രി​ക്കും.—പ്രവൃ. 17:25.

12-14. അധ്യേ​താ​ക്കൾ ആന്തര​ത്തെ​ക്കു​റിച്ച്‌ എന്തു പഠി​ക്കേ​ണ്ട​തുണ്ട്‌, ഒരു വ്യക്തിക്ക്‌ തന്റെ ആന്തരങ്ങൾ എങ്ങനെ വിശക​ല​നം​ചെ​യ്യാൻ കഴിയും?

12 ദൈവ​ത്തി​നു ഗണ്യമാ​യി​ട്ടു​ള​ളത്‌, നാം ചെയ്യു​ന്ന​തു​മാ​ത്രമല്ല, പിന്നെ​യോ അതു ചെയ്യു​ന്ന​തി​ലു​ളള നമ്മുടെ ആന്തരവു​മാ​ണെ​ന്നു​ളള പോയിൻറ്‌ ഇടവി​ട്ടി​ട​വിട്ട്‌ ഉന്നയി​ക്കുക. തന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ നാം സന്തോഷം അനുഭ​വി​ക്കാൻ അവിടുന്ന്‌ ആഗ്രഹി​ക്കു​ന്നു. സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തി​ലെ പിതാ​വി​നെ​പ്പോ​ലെ, നമ്മുടെ സ്വർഗീയ പിതാവു നമ്മെ ക്ഷണിക്കു​ന്നു: “മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക; എന്റെ മൊഴി​കൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടി​യിൽനി​ന്നു മാറി​പ്പോ​ക​രുത്‌. നിന്റെ ഹൃദയ​ത്തി​ന്റെ നടുവിൽ അവയെ സൂക്ഷി​ച്ചു​വെ​ക്കുക. അവയെ കിട്ടു​ന്ന​വർക്കു അവ ജീവനും അവരുടെ സർവ്വ​ദേ​ഹ​ത്തി​ന്നും സൌഖ്യ​വും ആകുന്നു.”—സദൃ. 4:20-22.

13 അതു​കൊ​ണ്ടു കാര്യങ്ങൾ ചെയ്യു​ന്ന​തി​ലെ തങ്ങളുടെ ആന്തരം എന്താ​ണെന്നു വിശക​ലനം ചെയ്യാ​നും പിൻവ​രുന്ന ചോദ്യ​ങ്ങൾ തങ്ങളോ​ടു​തന്നെ ചോദി​ക്കാ​നും നിങ്ങൾ പഠിപ്പി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും: ഇതോ അതോ ചെയ്യാൻ ഞാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഈ പ്രത്യേക പ്രവർത്ത​ന​ഗതി തിര​ഞ്ഞെ​ടു​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്ത്‌? എന്റെ മനസ്സ്‌ പറയു​ന്ന​തെ​ന്തെന്ന്‌ എനിക്ക​റി​യാം, എന്നാൽ യഥാർഥ​ത്തിൽ എന്റെ ഹൃദയ​ത്തിൽ എന്താണു​ള​ളത്‌? ഞാൻ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​ണോ, അതോ എന്റെ സ്വന്തം മോഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താ​നാ​ണോ ശ്രമി​ക്കു​ന്നത്‌? എന്റെ ന്യായ​വാ​ദം വാസ്‌ത​വ​ത്തിൽ ആത്മാർഥ​മാ​ണോ? അതോ ഞാൻ വ്യാജ​ന്യാ​യ​വാ​ദ​ത്താൽ എന്നെത്തന്നെ വഞ്ചിക്കാൻ ശ്രമി​ക്കു​ക​യാ​ണോ?

14 ജാഗ്ര​ത​യി​ല്ലാ​ത്ത​വരെ അപകട​ത്തി​ലാ​ക്കുന്ന അപായ​ങ്ങ​ളെ​യും ചതിക​ളെ​യും കുറി​ച്ചും അധ്യേ​താ​ക്കൾക്കു മുന്നറി​യി​പ്പു​കൊ​ടു​ക്കാ​വു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു വ്യക്തി തന്റെ ഹൃദയം ഏതെങ്കി​ലും ലക്ഷ്യത്തിൽ ഉറപ്പി​ച്ചേ​ക്കാം, ഒരുപക്ഷേ അത്‌ അതിൽത്തന്നെ തികച്ചും ന്യായ​മാ​യി​രി​ക്കാം, എന്നാൽ അത്‌ ഒരുവന്റെ യഹോ​വാ​രാ​ധ​നക്ക്‌ അഥവാ സേവന​ത്തിന്‌ ഒരളവിൽ പ്രതി​ബ​ന്ധ​മു​ണ്ടാ​ക്കി​യേ​ക്കാം. നിശ്വ​സ്‌ത​സ​ദൃ​ശ​വാ​ക്യ​ത്തി​നു നിശി​ത​മാ​യി ഇതു പറയാ​നുണ്ട്‌: “സ്വന്തഹൃ​ദ​യ​ത്തിൽ ആശ്രയി​ക്കു​ന്നവൻ മൂഢൻ; ജ്ഞാന​ത്തോ​ടെ നടക്കു​ന്ന​വ​നോ രക്ഷിക്ക​പ്പെ​ടും.”—സദൃ. 28:26.

15-17. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​നും പ്രാർഥ​ന​ക​ളെ​ക്കു​റി​ച്ചു​ളള ചർച്ചകൾക്കും ഹൃദയ​ത്തി​നു പ്രയോ​ജ​നം​ചെ​യ്യാൻ കഴിയു​ന്ന​തെ​ങ്ങനെ?

15 ഒടുവിൽ, കർത്താ​വായ യേശു​വിൽ നമുക്കു​ളള പൂർണ​മാ​തൃക അധ്യേ​താ​ക്ക​ളു​ടെ മുമ്പാകെ വെക്കു​ന്നതു നല്ലതാണ്‌. അവിടു​ന്നു തന്റെ സ്വർഗീയ പിതാ​വി​നോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. അവിടു​ന്നു ‘നീതിയെ സ്‌നേ​ഹി​ക്കു​ക​യും ദുഷ്ടതയെ വെറു​ക്കു​ക​യും ചെയ്‌ത​തു​കൊ​ണ്ടാ​യി​രു​ന്നു യഹോവ മറെറ​ല്ലാ​വ​രെ​ക്കാ​ളു​മു​പരി അവിടു​ത്തെ ആനന്ദ​തൈലം കൊണ്ട്‌ അഭി​ഷേ​കം​ചെ​യ്‌തത്‌.’ (സങ്കീ. 45:7) ആ ശരിയായ ഹൃദയ​നില അവിടു​ന്നു നിലനിർത്തി​യത്‌ എങ്ങനെ​യാ​യി​രു​ന്നു? ദൈവത്തെ അറിയാൻ മാത്രമല്ല, പ്രസാ​ദി​പ്പി​ക്കാ​നും അവിടു​ന്നു പഠിച്ചു. തന്റെ പിതാ​വി​ന്റെ ഇഷ്ടം എല്ലായ്‌പോ​ഴും അവിടു​ന്നു മനസ്സിൽ പിടി​ച്ചി​രു​ന്നു. യേശു ക്രമമാ​യി തന്റെ പിതാ​വി​നെ പ്രാർഥ​ന​യിൽ അന്വേ​ഷി​ച്ചു. അവിടു​ന്നു ഫലത്തിൽ ‘തന്നെ പരീക്ഷി​ച്ചു ശോധ​ന​ചെ​യ്യാ​നും തന്റെ അന്തരം​ഗ​വും ഹൃദയ​വും പരി​ശോ​ധി​ക്കാ​നും’ തന്റെ പ്രാർഥ​ന​ക​ളി​ലൂ​ടെ ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ക​യാ​യി​രു​ന്നു. (സങ്കീ. 26:2) കേവലം തന്റെ സ്വന്തം ചിന്തയി​ലോ സ്വന്തം ഹൃദയ​ത്തി​ന്റെ പ്രേര​ണ​ക​ളി​ലോ ആശ്രയി​ക്കാൻ അവിടുന്ന്‌ ആഗ്രഹി​ച്ചില്ല. “പിതാവേ, . . . ഞാൻ ഇച്ഛിക്കു​ന്നതല്ല നീ ഇച്ഛിക്കു​ന്ന​ത​ത്രേ ആകട്ടെ” എന്നതാ​യി​രു​ന്നു മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട തന്റെ ബലിമ​രണം അടുത്തു​വ​ന്ന​പ്പോ​ഴത്തെ തന്റെ പ്രാർഥ​നാ​പൂർവ​ക​മായ തീരു​മാ​നം.—മർക്കൊ. 14:36.

16 അത്‌ അധ്യേ​താ​ക്ക​ളു​ടെ മുമ്പാകെ വെക്കാ​നു​ളള ഒരു നല്ല മാതൃ​ക​യല്ലേ? പ്രാർഥ​ന​യി​ലൂ​ടെ തങ്ങളുടെ ജീവി​ത​ത്തിൽ ദൈവ​ത്തി​ന്റെ മാർഗ​നിർദേശം തേടാൻ അവരെ​യും സഹായി​ക്കാൻ കഴിയും—ദൈവാം​ഗീ​കാ​ര​മു​ളള ഗതി പിന്തു​ട​രാൻ ജ്ഞാനത്തി​നു​വേണ്ടി ആത്മാർഥ​വും ഹൃദയം​ഗ​മ​വു​മായ പ്രാർഥ​ന​യി​ലൂ​ടെ​ത്തന്നെ. യേശു​വി​ന്റെ പ്രാർഥ​ന​ക​ളിൽ ചിലത്‌ അവരെ വായി​ച്ചു​കേൾപ്പി​ക്കുക. യേശു ഭൂമി​യിൽ വന്നപ്പോൾ ദൈവ​ത്തോട്‌ അവിടു​ത്തെ പുത്ര​നെന്ന നിലയിൽ പ്രാർഥി​ച്ചു. തന്റെ അനുഗാ​മി​കളെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ചു​കൊണ്ട്‌ യേശു തന്റെ മാതൃ​കാ​പ്രാർഥന “സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ” എന്നു തുടങ്ങി. (മത്താ. 6:9) അതു​കൊണ്ട്‌, പ്രാർഥി​ക്കുന്ന ആൾ ഒരു പിതാ​വി​നെ സമീപി​ക്കുന്ന ഒരു പുത്ര​നെ​പ്പോ​ലെ​യാ​യി​രി​ക്കണം. ഒരുപക്ഷേ മറെറ​ന്തി​നെ​ക്കാ​ളു​മു​പരി നമ്മുടെ പ്രാർഥ​നകൾ യഹോ​വ​യു​മാ​യി നമുക്ക്‌ ഏതു തരം ബന്ധമാ​ണു​ള​ള​തെന്നു പ്രകട​മാ​ക്കു​ന്നു. ആ ബന്ധം, ബഹുമാ​നി​ക്ക​പ്പെ​ടു​ക​യും പൂർണ​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന ഒരു പിതാ​വി​നോട്‌ ഒരു പുത്രി​ക്കോ പുത്ര​നോ ഉളളതു​പോ​ലെ ഊഷ്‌മ​ള​വും വിശ്വാ​സ​മു​ള​ള​തും ഉററതു​മാ​ണോ? അതോ അത്‌ ഒരു അയൽക്കാ​ര​നോ​ടോ സാമാ​ന്യം നല്ല ഒരു സുഹൃ​ത്തി​നോ​ടോ ഉളളതു​പോ​ലെ, സംസാ​രി​ക്കുന്ന പരിച​യ​ക്കാ​ര​ന്റേതു മാത്ര​മാ​ണോ? നിങ്ങൾ സംസാ​രി​ക്കു​ന്ന​വ​രും അധ്യയനം നടത്തു​ന്ന​വ​രു​മാ​യവർ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ എന്തു വിചാ​രി​ക്കു​ന്നു​വെ​ന്നും അവർ ഏതു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പ്രാർഥി​ക്കു​ന്നു​വെ​ന്നും ചർച്ച​ചെ​യ്‌തു​കൊണ്ട്‌ അവരുടെ ഹൃദയ​ങ്ങ​ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ കഠിന​ശ്ര​മം​ചെ​യ്യുക.—സദൃ. 15:8, 29.

17 ദൈവം ഹൃദയ​ങ്ങൾക്കു കൊടു​ക്കുന്ന പ്രാധാ​ന്യ​ത്തി​ന്റെ വീക്ഷണ​ത്തിൽ, അവിടു​ത്തെ വചനം പഠിപ്പി​ക്കു​മ്പോൾ നാമും ഹൃദയ​ത്തി​നു ശ്രദ്ധാ​പൂർവ​ക​മായ പരിഗണന കൊടു​ക്കണം. ഒരു പരസ്യ​പ്ര​സം​ഗം നടത്തി​യാ​ലും ഒരു വിദ്യാർഥി​പ്ര​സം​ഗം നടത്തി​യാ​ലും ഒരു ഭവന​ബൈ​ബി​ള​ധ്യ​യനം നടത്തി​യാ​ലും ഒട്ടേറെ വിവരങ്ങൾ കൈകാ​ര്യം​ചെ​യ്യു​ക​യെ​ന്നതു നിങ്ങളു​ടെ മുഖ്യ​ല​ക്ഷ്യ​മാ​ക്ക​രുത്‌. മററു​ള​ളവർ യഹോ​വ​യോട്‌ അടുക്കു​ന്ന​തി​നും അവിടു​ത്തെ വചനം അവരുടെ ഹൃദയ​ത്തിൽ ദൃഢമാ​യി പതിപ്പി​ക്കു​ന്ന​തി​നും അവരെ സഹായി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ സമയം എടുക്കുക.

[അധ്യയന ചോദ്യ​ങ്ങൾ]