വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചൂതാട്ടത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?

ചൂതാട്ടത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?

ചൂതാ​ട്ടത്തെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു​ണ്ടോ?

സമ്പന്നരുടെ​യും പ്രശസ്‌ത​രുടെ​യും ഇഷ്ടവിനോ​ദ​മാ​യാണ്‌ സിനി​മ​ക​ളും ടെലി​വി​ഷ​നും ചൂതാ​ട്ടത്തെ, വിശേ​ഷി​ച്ചും കാസിനോ​ക​ളി​ലെ ചൂതാ​ട്ടത്തെ ചിത്രീ​ക​രി​ക്കു​ന്നത്‌. എന്നാൽ കാസി​നോ ചൂതാ​ട്ടങ്ങൾ ചൂതാ​ട്ട​ത്തി​ന്റെ ഒരു രൂപം മാത്ര​മാണെന്ന്‌ കാഴ്‌ച​ക്കാർക്ക്‌ അറിയാം.

കാസിനോ​യി​ലെ ചൂതാ​ട്ടത്തെ​യും വെല്ലുന്ന ചൂതാ​ട്ടങ്ങൾ ഇന്ന്‌ സർവസാ​ധാ​ര​ണ​മാണ്‌—ലോട്ടറി, സ്‌പോർട്‌സ്‌ പന്തയങ്ങൾ, ഓൺലൈൻ ഗാംബ്ലിങ്‌ അങ്ങനെ പലതും. “അതി​വേഗം പടർന്നു​പി​ടി​ച്ചുകൊ​ണ്ടി​രി​ക്കുന്ന ഒരു ആഗോള തിന്മയാണ്‌” ചൂതാട്ടം എന്ന്‌ ഇന്റർനെറ്റ്‌ ഗാംബ്ലിങ്‌ എന്ന പുസ്‌തകം പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, ടെലി​വി​ഷ​നി​ലും ഇന്റർനെ​റ്റി​ലും ഏറെ പ്രചാരം ആർജി​ച്ചു​വ​രുന്ന ചീട്ടു​ക​ളി​യാണ്‌ പോക്കർ. 18 മാസത്തി​നു​ള്ളിൽ ഐക്യ​നാ​ടു​ക​ളിൽ പോക്കർ കളിക്കാ​രു​ടെ എണ്ണം ഇരട്ടി​യാ​യ​താ​യി അടുത്ത​യി​ടെ നടത്തിയ ഒരു പഠനം വെളിപ്പെ​ടു​ത്തു​ന്നുവെന്ന്‌ ഒരു പത്രം റിപ്പോർട്ടു ചെയ്യുന്നു.

നിശ്ചയ​മി​ല്ലാ​ത്ത ഒരു കാര്യത്തെ​ക്കു​റിച്ച്‌ വാതുവെ​ക്കുക എന്നാണ്‌ ചൂതാ​ട്ടത്തെ നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌. കളിക്കാ​രൻ സ്വന്തം പണം​വെച്ച്‌ കളിക്കു​ക​യും ചൂതാ​ട്ട​ത്തിന്‌ അടിമ​യാ​കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നി​ടത്തോ​ളം ചൂതാ​ട്ട​ത്തിൽ തെറ്റില്ലെ​ന്നാണ്‌ പൊതുവെ​യുള്ള ധാരണ. “സ്വന്തം ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തിന്‌ തടസ്സമാ​യി വരുന്നില്ലെ​ങ്കിൽ (ചൂതാ​ട്ടത്തെ) ഒരു പാപമാ​യി കണക്കാക്കേ​ണ്ട​തില്ല” എന്നാണ്‌ ന്യൂ കാത്തലിക്‌ എൻ​സൈക്ലോ​പീ​ഡിയ പറയു​ന്നത്‌. എന്നാൽ അതിനെ പിന്താ​ങ്ങുന്ന തിരുവെ​ഴു​ത്തു പരാമർശമൊ​ന്നും അതു നൽകു​ന്നില്ല. ആ സ്ഥിതിക്ക്‌, ഒരു ക്രിസ്‌ത്യാ​നി ഇതിനെ എങ്ങനെ കാണണം? ബൈബിൾ ചൂതാട്ടം അനുവ​ദി​ച്ചു കൊടു​ക്കു​ന്നു​ണ്ടോ? അതോ അതിനെ കുറ്റം​വി​ധി​ക്കു​ക​യാ​ണോ?

ചൂതാ​ട്ടത്തെ​ക്കു​റിച്ച്‌ നേരിട്ടൊ​രു പരാമർശം ബൈബി​ളിൽ കാണു​ന്നില്ല. എന്നാൽ ഇക്കാര്യ​ത്തിൽ നമ്മെ നയിക്കാൻ പറ്റിയ ചില തത്ത്വങ്ങൾ ബൈബി​ളിൽ ഉണ്ടുതാ​നും. ഓരോ സാഹച​ര്യത്തോ​ടും പ്രവർത്ത​നത്തോ​ടും ബന്ധപ്പെട്ട്‌ നിയത​മായ നിയമങ്ങൾ നൽകു​ന്ന​തി​നു​പ​കരം ഓരോ വിഷയ​ത്തി​ലും “യഹോ​വ​യു​ടെ ഹിതം എന്തെന്നു ഗ്രഹി​ച്ചുകൊ​ള്ളു​വിൻ” എന്നാണ്‌ ബൈബിൾ നമ്മോട്‌ ആവശ്യപ്പെ​ടു​ന്നത്‌. (എഫെസ്യർ 5:17) ‘ഗ്രഹി​ച്ചുകൊ​ള്ളുക’ എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്‌, എല്ലാ വശങ്ങളും ശ്രദ്ധാ​പൂർവം വിചി​ന്തനം ചെയ്‌ത്‌ ഒരു വിഷയത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക എന്ന അർഥമാ​ണു​ള്ളതെന്ന്‌ ബൈബിൾ പണ്ഡിത​നായ ഇ. ഡബ്ലിയു. ബുള്ളിങ്ങർ കുറിക്കൊ​ള്ളു​ന്നു. ചൂതാ​ട്ട​ത്തി​ന്റെ കാര്യ​ത്തി​ലും ക്രിസ്‌ത്യാ​നി​കൾ ഇങ്ങനെ ചെയ്യാ​നാണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌. അതായത്‌, ആ വിഷയത്തോ​ടു ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ വിശക​ലനം ചെയ്‌ത്‌ അതു സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം മനസ്സി​ലാ​ക്കുക. ലേഖന​ത്തി​ന്റെ തുടർന്നു​വ​രുന്ന ഭാഗത്ത്‌ പരാമർശി​ച്ചി​രി​ക്കുന്ന തിരുവെ​ഴു​ത്തു​കൾ വായി​ക്കവെ സ്വയം ചോദി​ക്കുക: ‘ഈ തിരുവെ​ഴുത്ത്‌ ചൂതാ​ട്ടത്തെ പിന്താ​ങ്ങു​ന്നു​ണ്ടോ? ഇതു സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണത്തെ​ക്കു​റിച്ച്‌ അവന്റെ വചനം എന്തു സൂചന​യാണ്‌ നൽകു​ന്നത്‌?’

ഭാഗ്യ​ത്തി​ന്റെ വശ്യത

ചൂതാട്ടം, നിശ്ചയ​മി​ല്ലാത്ത കാര്യത്തെ​ക്കു​റി​ച്ചുള്ള വാതുവെ​പ്പാ​യ​തി​നാൽ ഭാഗ്യ​ത്തി​ലുള്ള വിശ്വാ​സ​ത്തിന്‌—അനിശ്ചി​ത​ത്വ​ങ്ങളെ നിയ​ന്ത്രി​ക്കുന്ന ഏതോ ഒരു നിഗൂ​ഢ​ശ​ക്തി​യു​ണ്ടെന്ന വിശ്വാ​സ​ത്തിന്‌—ഇതിൽ വലിയ സ്ഥാനമുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ലോട്ട​റി​യു​ടെ കാര്യ​ത്തി​ലാണെ​ങ്കിൽ ആളുകൾ ഭാഗ്യ​ന​മ്പ​രു​ക​ളാണ്‌ പ്രിയപ്പെ​ടുക. മാ-ജോങ്‌ (ഒരു ചൈനീസ്‌ ചൂതു​കളി) കളിക്കാർക്കി​ട​യി​ലെ അന്ധവി​ശ്വാ​സി​കൾ കളിസ​മ​യത്ത്‌ ചില വാക്കുകൾ ഉച്ചരി​ക്കു​ന്നത്‌ അപശകു​ന​മാ​യി കണക്കാ​ക്കു​ന്നു. അതു​പോ​ലെ ചൂതുകട്ട കളത്തിലേക്ക്‌ ഇടുന്ന​തി​നു​മുമ്പ്‌ അതിന്മേൽ ഊതുന്ന രീതി​യും സാധാ​ര​ണ​മാണ്‌. ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടുന്ന പലരും ഭാഗ്യ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാണെ​ന്നാണ്‌ ഇതെല്ലാം കാണി​ക്കു​ന്നത്‌.

ഭാഗ്യ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തി​നെ വെറുമൊ​രു നേര​മ്പോ​ക്കാ​യി കരുതാ​നാ​കു​മോ? പുരാതന ഇസ്രായേ​ലി​ലെ ചിലർക്ക്‌ അങ്ങനെ തോന്നി. അവർക്ക്‌ അതിന്റെ ഗൗരവം മനസ്സി​ലാ​യില്ല. ഭാഗ്യം ഐശ്വ​ര്യം കൊണ്ടു​വ​രുമെന്ന്‌ അവർ വിശ്വ​സി​ച്ചു. എന്നാൽ യഹോ​വ​യാം ദൈവം അതിനെ എങ്ങനെ​യാണ്‌ കണ്ടത്‌? യെശയ്യാ പ്രവാ​ച​ക​നി​ലൂ​ടെ ദൈവം ആ ജനത്തോട്‌ പറഞ്ഞു: “നിങ്ങൾ കർത്താ​വി​നെ (യഹോ​വയെ) ഉപേക്ഷി​ക്കു​ക​യും എന്റെ വിശു​ദ്ധ​ഗി​രി​യെ മറക്കു​ക​യും ഭാഗ്യദേ​വനു പീഠ​മൊ​രു​ക്കു​ക​യും വിധി​യു​ടെ ദേവനു വീഞ്ഞു​ക​ലർത്തി പാനപാ​ത്രം നിറയ്‌ക്കു​ക​യും ചെയ്‌തു.” (യെശയ്യാ​വു 65:11) അതെ, ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ, ഭാഗ്യ​ത്തി​ലുള്ള വിശ്വാ​സം വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കു സമമാ​യി​രു​ന്നു; സത്യാ​രാ​ധ​ന​യ്‌ക്ക്‌ കടകവി​രു​ദ്ധം! സത്യദൈ​വ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തി​നു പകരം ഒരു നിഗൂ​ഢ​ശ​ക്തി​യി​ലുള്ള വിശ്വാ​സത്തെ​യാണ്‌ അതു പ്രതി​ഫ​ലി​പ്പി​ച്ചത്‌. ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിന്‌ മാറ്റം വന്നിട്ടു​ണ്ടോ? അങ്ങനെ വിശ്വ​സി​ക്കാൻ യാതൊ​രു കാരണ​വു​മില്ല.

ധനലാ​ഭ​ത്തി​നു പിന്നിൽ. . .

ഓൺലൈൻ പന്തയങ്ങ​ളോ ലോട്ട​റി​യോ സ്‌പോർട്‌സ്‌ പന്തയങ്ങ​ളോ കാസി​നോ ചൂതാ​ട്ട​ങ്ങ​ളോ എന്തുമാ​യിക്കൊ​ള്ളട്ടെ, കളിക്കാർ മറന്നുപോ​കുന്ന ഒരു വസ്‌തു​ത​യുണ്ട്‌—സ്വന്തമാ​ക്കാൻ തങ്ങൾ ശ്രമി​ക്കുന്ന പണത്തിന്റെ ഉറവിടം ഏതാണെന്ന കാര്യം. നിയമാ​നു​സൃ​ത​മായ കൊടു​ക്കൽ-വാങ്ങലു​ക​ളിൽനിന്ന്‌ വ്യത്യാ​സ​മുണ്ട്‌ ചൂതാ​ട്ട​ത്തിന്‌. മറ്റുള്ള​വർക്ക്‌ നഷ്ടമു​ണ്ടാ​ക്കിക്കൊണ്ട്‌ പണം നേടാ​നാണ്‌ ചൂതാ​ട്ട​ക്കാ​രൻ ശ്രമി​ക്കു​ന്നത്‌. a “ലോട്ട​റി​യിൽ, ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ നഷ്ടമാ​കുന്ന പണം​കൊ​ണ്ടാണ്‌ ഒരാൾ കോടി​പ​തി​യാ​കു​ന്നത്‌,” കാനഡ​യി​ലെ സെന്റർ ഫോർ അഡിക്‌ഷൻ ആൻഡ്‌ മെന്റൽ ഹെൽത്ത്‌ റിപ്പോർട്ടു ചെയ്യുന്നു. ഇക്കാര്യ​ത്തി​ലുള്ള ദൈവ​ത്തി​ന്റെ വീക്ഷണം മനസ്സി​ലാ​ക്കാൻ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കുന്ന ബൈബിൾ തത്ത്വങ്ങൾ ഏതൊക്കെ​യാണ്‌?

പുരാതന ഇസ്രായേ​ലിന്‌ ദൈവം നൽകിയ പത്തു കൽപ്പന​ക​ളിൽ അവസാ​നത്തേത്‌ ഇതായി​രു​ന്നു: “കൂട്ടു​കാ​രന്റെ ഭാര്യയെ​യും അവന്റെ ദാസ​നെ​യും ദാസിയെ​യും അവന്റെ കാള​യെ​യും കഴുതയെ​യും കൂട്ടു​കാ​ര​ന്നുള്ള യാതൊ​ന്നിനെ​യും മോഹി​ക്ക​രുത്‌.” (പുറപ്പാ​ടു 20:17) സഹമനു​ഷ്യ​ന്റെ വസ്‌തു​വ​ക​ക​ളോ സമ്പത്തോ പണമോ ആഗ്രഹി​ക്കു​ന്നത്‌ ഗുരു​ത​ര​മായ ഒരു തെറ്റാ​യി​രു​ന്നു; അവന്റെ ഭാര്യയെ മോഹി​ക്കു​ന്നത്ര ഗുരു​തരം! നൂറ്റാ​ണ്ടു​കൾക്കുശേഷം പൗലോസ്‌ അപ്പൊ​സ്‌ത​ല​നും ഈ കൽപ്പന പരാമർശി​ക്കു​ക​യു​ണ്ടാ​യി: “മോഹി​ക്ക​രുത്‌.” (റോമർ 7:7) മറ്റൊ​രാ​ളു​ടെ നഷ്ടത്തിൽനിന്ന്‌ ധനലാഭം കാംക്ഷി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി വാസ്‌ത​വ​ത്തിൽ ദുർമോ​ഹി​യാ​യി​ത്തീ​രു​ക​യല്ലേ?

“കൈവ​ശ​മുള്ള പണം, അത്‌ എത്ര ചെറിയ തുകയാണെ​ങ്കി​ലും, ഒരു വൻതു​ക​യാ​യി തിരി​ച്ചു​കി​ട്ടു​ന്നത്‌ സ്വപ്‌നം കാണു​ന്ന​വ​രാണ്‌ (മിക്ക ചൂതാ​ട്ട​ക്കാ​രും); അവർ അക്കാര്യം സമ്മതി​ച്ചാ​ലും ഇല്ലെങ്കി​ലും,” കോളമെ​ഴു​ത്തു​കാ​ര​നായ ജെ. ഫിലിപ്പ്‌ വോഗെൽ പറയുന്നു. നൊടി​യി​ട​യിൽ പണക്കാ​ര​നാ​കുക! അതാണ്‌ അവരുടെ ചിന്ത. “ഞെരു​ക്ക​ത്തി​ലാ​യി​രി​ക്കു​ന്ന​വർക്കു ദാനം ചെയ്യാൻ വക ഉണ്ടാ​കേ​ണ്ട​തിന്‌ സ്വന്തകൈകൊണ്ട്‌ മാന്യ​മായ വേല​ചെ​യ്‌ത്‌ അധ്വാനി”ക്കാനുള്ള ബൈബി​ളി​ന്റെ ഉദ്‌ബോ​ധ​ന​ത്തിന്‌ നേർവി​പ​രീ​തം. (എഫെസ്യർ 4:28) “വേല ചെയ്യാൻ മനസ്സി​ല്ലാ​ത്തവൻ ഭക്ഷിക്കു​ക​യും അരുത്‌,” ‘വേല​ചെ​യ്‌ത്‌ ഉപജീ​വ​നം​ക​ഴി​ക്കുക’ എന്നും പൗലോസ്‌ അപ്പൊ​സ്‌തലൻ പറയു​ക​യു​ണ്ടാ​യി. (2 തെസ്സ​ലോ​നി​ക്യർ 3:10, 12) എന്നാൽ ചൂതാ​ട്ടത്തെ തൊഴി​ലി​ന്റെ ഗണത്തിൽപ്പെ​ടു​ത്താ​നാ​കു​മോ?

ചൂതാ​ട്ട​ത്തിൽ, സമയവും ശ്രദ്ധയും ചെലവിട്ട്‌ കളിക്കാ​രൻ കടുത്ത പോരാ​ട്ടം നടത്തു​ന്നു​ണ്ടാ​കാം. പക്ഷേ അതിലൂ​ടെ കൈവ​രുന്ന പണം മറ്റുള്ള​വരെ തോൽപ്പിച്ച്‌ നേടിയെ​ടു​ക്കു​ന്ന​താണ്‌, അല്ലാതെ ജോലി ചെയ്‌ത്‌ സമ്പാദി​ക്കു​ന്നതല്ല. പണം​കൊ​ണ്ടുള്ള ഭാഗ്യ​പ​രീ​ക്ഷ​ണ​മാണ്‌ ചൂതാട്ടം. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ ‘കൈ നനയാതെ മീൻ പിടി​ക്കുക!’ അതാണ്‌ ചൂതാ​ട്ട​ക്കാ​രൻ ചെയ്യു​ന്നത്‌. എന്നാൽ മാന്യ​മാ​യി ജോലിചെ​യ്‌ത്‌ പണമു​ണ്ടാ​ക്കാ​നാണ്‌ ക്രിസ്‌ത്യാ​നി​കളോ​ടു പറഞ്ഞി​രി​ക്കു​ന്നത്‌. “തിന്നു കുടിച്ചു തന്റെ പ്രയത്‌ന​ത്താൽ സുഖം അനുഭ​വി​ക്കു​ന്ന​ത​ല്ലാ​തെ മനുഷ്യ​ന്നു മറ്റൊരു നന്മയു​മില്ല” എന്ന്‌ ജ്ഞാനി​യായ ശലോമോൻ രാജാവ്‌ എഴുതി. “(അത്‌) ദൈവ​ത്തി​ന്റെ കയ്യിൽനി​ന്നു​ള്ളത്‌” എന്ന്‌ അവൻ കൂട്ടിച്ചേർക്കു​ന്നു. (സഭാ​പ്ര​സം​ഗി 2:24) അതെ, ദൈവ​ദാ​സ​ന്മാർ പണക്കാ​രാ​കു​ന്ന​തിനെ​പ്പറ്റി മനോ​രാ​ജ്യം കാണു​ക​യോ പണമു​ണ്ടാ​ക്കാൻ കുറു​ക്കു​വ​ഴി​കൾ തേടു​ക​യോ ചെയ്യു​ന്നില്ല. ഐശ്വ​ര്യ​ത്തി​നും അഭിവൃ​ദ്ധി​ക്കും വേണ്ടി അവർ ദൈവത്തെ​യാണ്‌ ആശ്രയി​ക്കു​ന്നത്‌.

പതിയി​രി​ക്കുന്ന ഒരു “കെണി”

ചൂതാ​ട്ട​ത്തിൽ വിജയി​ക്കാൻ ഒരാൾക്കു കഴി​ഞ്ഞെ​ന്നി​രി​ക്കാം. പക്ഷേ വിജയ​ത്തി​ന്റെ മാധു​ര്യം മാത്രമല്ല, ചൂതാ​ട്ട​ത്തി​ന്റെ ഭവിഷ്യ​ത്തു​ക​ളും ഒരുവൻ കണക്കിലെ​ടു​ക്കണം. “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവ​ശ​മാ​ക്കാം; അതിന്റെ അവസാ​ന​മോ അനു​ഗ്ര​ഹി​ക്കപ്പെ​ട്ടി​രി​ക്ക​യില്ല” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 20:21 പറയുന്നു. വാരി​ക്കൂ​ട്ടിയ പണം തങ്ങളെ സന്തുഷ്ട​രാ​ക്കി​യി​ല്ലെന്ന ദുഃഖ​ക​ര​മായ സത്യം പല ‘ഭാഗ്യ​ശാ​ലി​ക​ളും’ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. “അസ്ഥിര​മായ ധനത്തിലല്ല, നമുക്ക്‌ അനുഭ​വി​ക്കാ​നാ​യി എല്ലാം ഉദാര​മാ​യി നൽകുന്ന ദൈവ​ത്തിൽ പ്രത്യാ​ശവെക്കാ”നുള്ള ബൈബി​ളി​ന്റെ ഉദ്‌ബോ​ധ​ന​ത്തി​നു ചെവികൊ​ടു​ക്കു​ന്നത്‌ എത്രയോ ജ്ഞാനമാണ്‌!—1 തിമൊഥെയൊസ്‌ 6:17.

ജയപരാ​ജ​യ​ങ്ങൾക്ക​പ്പു​റം ചൂതാ​ട്ട​ത്തിന്‌ ഒരു ഇരുണ്ട​വ​ശ​മുണ്ട്‌. “ധനിക​രാ​കാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണി​യി​ലും വീഴു​ക​യും മനുഷ്യ​രെ തകർച്ച​യി​ലും നാശത്തി​ലും മുക്കി​ക്ക​ള​യുന്ന മൗഢ്യ​വും ഹാനി​ക​ര​വു​മായ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു” എന്ന്‌ ദൈവ​വ​ചനം പറയുന്നു. (1 തിമൊഥെയൊസ്‌ 6:9) ഇരയെ കുടു​ക്കാൻ പറ്റിയ വിധത്തി​ലാ​ണ​ല്ലോ സാധാരണ കെണി ഉണ്ടാക്കുക. ചെറിയ ഒരു തുക വെച്ച്‌ കളിച്ചു​തു​ട​ങ്ങിയ എത്രയോ പേരാണ്‌ ഒടുവിൽ ചൂതാ​ട്ട​ത്തി​ന്റെ കെണി​യിൽ കുരുങ്ങി അതിന്റെ നിസ്സഹായ ഇരകളാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌. ഒന്നു പരീക്ഷി​ച്ചു നോക്കാൻവേ​ണ്ടി​മാ​ത്രം ചൂതിൽ കൈ​വെ​ച്ച​വർക്കും ഈ ദുർഗ​തി​തന്നെ സംഭവി​ച്ചു. ചൂതാ​ട്ട​ത്തിന്‌ അടിമ​ക​ളാ​യി എത്ര​യെത്ര പേർക്കാണ്‌ തൊഴിൽ നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നത്‌! എത്ര കുടും​ബ​ബ​ന്ധ​ങ്ങളെ​യാണ്‌ അത്‌ പൊട്ടിച്ചെ​റി​ഞ്ഞി​രി​ക്കു​ന്നത്‌!

ഈ വിഷയത്തോ​ടു ബന്ധപ്പെട്ട പല തിരുവെ​ഴു​ത്തു​കൾ നാം ഇതി​നോ​ടകം കണ്ടുക​ഴി​ഞ്ഞു. ആകട്ടെ, ഇതു സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു സാധി​ച്ചോ? പൗലോസ്‌ അപ്പൊ​സ്‌തലൻ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ ഈ ഉപദേശം നൽകി: “ഈ ലോകത്തോട്‌ അനുരൂ​പപ്പെ​ടാ​തെ നല്ലതും സ്വീകാ​ര്യ​വും പരിപൂർണ​വു​മായ ദൈവ​ഹി​തം എന്തെന്നു തിരി​ച്ച​റിയേ​ണ്ട​തിന്‌ മനസ്സു പുതുക്കി രൂപാ​ന്ത​രപ്പെ​ടു​വിൻ.” (റോമർ 12:2) പൊതു​ജ​ന​ത്തി​ന്റെ അഭി​പ്രാ​യ​മോ ജീവി​ത​രീ​തി​യോ അല്ല ഒരു ക്രിസ്‌ത്യാ​നിക്ക്‌ വഴികാ​ട്ടി​യാകേ​ണ്ടത്‌, പിന്നെ​യോ ദൈവ​ഹി​തം ആയിരി​ക്കണം. നാം സന്തോ​ഷത്തോ​ടെ ജീവി​ക്കു​ന്നതു കാണാ​നാണ്‌ ‘സന്തുഷ്ട ദൈവ​മായ’ യഹോവ ആഗ്രഹി​ക്കു​ന്നത്‌, ചൂതാ​ട്ട​മെന്ന കെണി​യിൽ കുരുങ്ങി നാം ക്ലേശി​ക്കു​ന്നതു കാണാനല്ല.—1 തിമൊഥെയൊസ്‌ 1:11, അടിക്കു​റിപ്പ്‌.

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, 2000 നവംബർ 8 ലക്കം ഉണരുക!-യുടെ 27-29 പേജു​ക​ളി​ലെ വിവരങ്ങൾ, സ്റ്റോക്ക്‌ മാർക്കറ്റ്‌ നിക്ഷേ​പ​ങ്ങ​ളും ചൂതാ​ട്ട​വും തമ്മിലുള്ള വ്യത്യാ​സം വിശക​ലനം ചെയ്യു​ന്നുണ്ട്‌.

[32-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ദൈവദാസന്മാർ മാന്യ​മായ ജോലി ചെയ്‌താണ്‌ പണം സമ്പാദി​ക്കു​ന്നത്‌

[31-ാം പേജിലെ ചതുരം]

വിജയലഹരി

ആസക്തി ഉളവാ​ക്കുന്ന ഒരു വിനോ​ദ​മാ​ണോ ചൂതാട്ടം? “കൊ​ക്കെയ്‌ൻ ഉപയോ​ഗി​ക്കുമ്പോൾ കൊ​ക്കെയ്‌ൻ ആസക്തർക്ക്‌ ഉണ്ടാകു​ന്ന​തുപോ​ലുള്ള ഒരുതരം ഉദ്ദീപ​ന​മാണ്‌ ചൂതാട്ടം പോലുള്ള ഭാഗ്യ​പ​രീ​ക്ഷ​ണ​ങ്ങ​ളിൽ വിജയി​ക്കു​ന്ന​വ​രു​ടെ തലച്ചോ​റിൽ ഉണ്ടാകു​ന്നത്‌.” ജയപരാ​ജ​യ​ങ്ങളോ​ടുള്ള ചൂതാ​ട്ട​ക്കാ​രു​ടെ പ്രതി​ക​ര​ണത്തെ​ക്കു​റി​ച്ചു പഠനം നടത്തിയ ഡോ. ഹാൻസ്‌ ബ്രൈ​ട്ട​റു​ടെ അഭി​പ്രാ​യ​മാ​ണിത്‌.

[31-ാം പേജിലെ ചിത്രം]

ഈ പണമെ​ല്ലാം ആരു​ടേ​താണ്‌?