വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണം എങ്ങനെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യാം?

പണം എങ്ങനെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യാം?

ബൈബിളിന്റെ വീക്ഷണം

പണം എങ്ങനെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യാം?

“എന്റെ വരുമാനം കുറഞ്ഞു. പക്ഷേ ചെലവുകൾ പിടിച്ചിടത്ത്‌ നിൽക്കുന്നില്ല. എങ്ങനെ കുടുംബം നോക്കും എന്നാലോചിച്ച്‌ പല രാത്രികളിലും എനിക്ക്‌ ഉറക്കം വരാറില്ല.”—ജെയിംസ്‌.

“എങ്ങനെ മുമ്പോട്ടുപോകും എന്നോർത്ത്‌ നട്ടംതിരിയുകയാണ്‌ ഞാൻ.”—ഷെറി.

സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഈ കാലത്ത്‌ ജീവിതം മുമ്പോട്ടുകൊണ്ടുപോകാൻ പാടുപെടുന്ന പലരുടെയും ആശങ്കകളാണ്‌ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്‌. അടുത്തകാലത്തുണ്ടായ ആഗോള സാമ്പത്തിക തകർച്ചയെക്കുറിച്ച്‌ അഭിപ്രായപ്പെടവെ, ഇന്റർനാഷണൽ ലേബർ ഓഫീസ്‌ ഡയറക്‌ടർ ജനറൽ ഇങ്ങനെ പറയുകയുണ്ടായി: “വാൾ സ്‌ട്രീറ്റിന്റെ (ന്യൂയോർക്കിലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌) മാത്രം പ്രശ്‌നമല്ലിത്‌. മൊത്തം ലോകത്തിന്റെ പ്രശ്‌നമാണ്‌.”

പെട്ടെന്നു ജോലി നഷ്ടപ്പെടുകയോ വരുമാനം ഇല്ലാതാകുകയോ ചെയ്യുമ്പോൾ എങ്ങനെ ജീവിക്കുമെന്നുള്ള വേവലാതിയും ഉത്‌കണ്‌ഠയും നമ്മെ പിടികൂടിയേക്കാം. ബൈബിളെഴുത്തുകാരനായ ദാവീദിന്‌ ഒരിക്കൽ ഇതുപോലെ കടുത്ത മനോവ്യഥ അനുഭവിക്കേണ്ടിവന്നു. “എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ” എന്ന്‌ അവൻ ദൈവത്തോടു പ്രാർഥിച്ചു. (സങ്കീർത്തനം 25:17) നാം ജീവിക്കുന്ന ഈ കാലത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌? ബൈബിളിൽ കാണുന്ന ജ്ഞാനനിർഭരമായ ഉപദേശങ്ങൾക്ക്‌ നമ്മുടെ ജീവിതം ഭദ്രമാക്കാനും നമുക്ക്‌ മനശ്ശാന്തി നൽകാനും കഴിയുമോ?

ഈ ദുഷ്‌കരമായ കാലത്തേക്കുള്ള ഉപദേശം

അന്ത്യകാലത്ത്‌ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ഉണ്ടാകുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌. (2 തിമൊഥെയൊസ്‌ 3:1; മത്തായി 24:8) അതല്ലേ ഇന്നു നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌? എന്നാൽ പ്രതീക്ഷയ്‌ക്കു വകയില്ല എന്ന്‌ അർഥമില്ല. സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ഈ കാലത്ത്‌ ജീവിതം മുമ്പോട്ടുകൊണ്ടുപോകാൻ നമ്മെ സഹായിക്കുന്ന ജ്ഞാനമൊഴികൾ തന്റെ വചനത്തിലൂടെ, അതായത്‌ വിശുദ്ധ ബൈബിളിലൂടെ ദൈവം നമുക്ക്‌ നൽകിയിട്ടുണ്ട്‌.

ആദ്യംതന്നെ, പണം സംബന്ധിച്ച്‌ ഉചിതമായ വീക്ഷണമുണ്ടായിരിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. സഭാപ്രസംഗി 7:12 പറയുന്നത്‌ ഇങ്ങനെ: “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” നമ്മുടെ ജീവിതം കുറച്ചൊക്കെ ഭദ്രമാക്കാൻ സമ്പത്തിനു കഴിയും. എന്നാൽ ബൈബിളിൽ കാണുന്ന ദൈവികജ്ഞാനത്തിനു മാത്രമേ എല്ലാക്കാലത്തും നമുക്ക്‌ സംരക്ഷണം നൽകാനാകൂ, അതും യഥാർഥ സംരക്ഷണം. അത്‌ എങ്ങനെയാണെന്നു നോക്കാം.

സാമ്പത്തിക പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ. . .

അധ്വാനശീലരായിരിക്കുക. ബൈബിൾ പറയുന്നു: “മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.” (സദൃശവാക്യങ്ങൾ 13:4) എന്താണ്‌ ഈ തിരുവെഴുത്ത്‌ നൽകുന്ന പാഠം? എല്ലാറ്റിലും സത്യസന്ധരായിരിക്കുക, അധ്വാനശീലരായിരിക്കുക. അത്തരം ഖ്യാതിയുള്ള തൊഴിലാളിയെ തൊഴിലുടമകൾ തീർച്ചയായും മാനിക്കും. ഇങ്ങനെയുള്ളവർക്ക്‌ തൊഴിൽ കിട്ടാനും എളുപ്പമാണ്‌. മാത്രമല്ല, തീരെ നിവൃത്തിയില്ലാത്ത ഒരു സാഹചര്യത്തിൽ മാത്രമേ അവരെ ജോലിയിൽനിന്ന്‌ പിരിച്ചുവിടാറുള്ളൂ.—എഫെസ്യർ 4:28.

വാങ്ങുന്നതിനുമുമ്പ്‌ ചിന്തിക്കുക. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന്‌ ചെലവു കണക്കുകൂട്ടുകയില്ലയോ?” (ലൂക്കോസ്‌ 14:28) തന്റെ അനുഗാമിയായിത്തീരുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്ന്‌ ഒരുവൻ അറിഞ്ഞിരിക്കണം എന്ന വസ്‌തുത വ്യക്തമാക്കാനാണ്‌ യേശു ഇതു പറഞ്ഞത്‌. എങ്കിലും ആ പ്രസ്‌താവന അക്ഷരാർഥത്തിൽത്തന്നെ എത്ര ശരിയാണ്‌! അതുകൊണ്ട്‌ ഒരു ബജറ്റ്‌ ഉണ്ടാക്കുക. ശരിക്കുള്ള ആവശ്യങ്ങളും ചെലവുകളും എഴുതിവെക്കുക.

ദുശ്ശീലങ്ങൾക്കുവേണ്ടി പണം കളയരുത്‌. ചൂതാട്ടം, പുകവലി, മയക്കുമരുന്നുപയോഗം, മദ്യപാനം തുടങ്ങിയ എല്ലാ ദുശ്ശീലങ്ങളും ദൈവത്തിന്‌ വെറുപ്പാണ്‌.—സദൃശവാക്യങ്ങൾ 23:20, 21; യെശയ്യാവു 65:11; 2 കൊരിന്ത്യർ 7:1.

“പണസ്‌നേഹം” ഒഴിവാക്കുക. (എബ്രായർ 13:5) പണസ്‌നേഹം അസന്തുഷ്ടിയിലും നിരാശയിലും മാത്രമേ കലാശിക്കൂ. പണസ്‌നേഹിയായ ഒരാൾ, ‘പലവിധ വ്യഥകളാൽ തന്നെ ആസകലം കുത്തിമുറിപ്പെടുത്തുന്നു.’ (1 തിമൊഥെയൊസ്‌ 6:9, 10) പണസ്‌നേഹികളുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല. എത്ര കിട്ടിയാലും അങ്ങനെയുള്ളവർക്ക്‌ തൃപ്‌തിവരില്ല.—സഭാപ്രസംഗി 5:10.

തൃപ്‌തരായിരിക്കാൻ പഠിക്കുക. “ഈ ലോകത്തിലേക്ക്‌ നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന്‌ ഒന്നും കൊണ്ടുപോകാനും സാധ്യമല്ല. അതുകൊണ്ട്‌ ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം.” (1 തിമൊഥെയൊസ്‌ 6:7, 8) ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ ജീവിക്കുന്നവരെ സാമ്പത്തികരംഗത്തെ ഇടിവും മാന്ദ്യവുമൊന്നും അമിതമായി ഉത്‌കണ്‌ഠപ്പെടുത്തുകയില്ല. അതിനാൽ, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ ജീവിക്കുക.—വലതുവശത്തുള്ള ചതുരം കാണുക.

നാളെ എന്തു സംഭവിക്കുമെന്ന്‌ നമുക്ക്‌ ആർക്കും അറിയില്ല. ബൈബിൾ സൂചിപ്പിക്കുന്നതുപോലെ, മുൻകൂട്ടിക്കാണാനാകാത്ത പലതും നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. (സഭാപ്രസംഗി 9:11) എന്നാൽ ജ്ഞാനമുള്ളവർ, “അസ്ഥിരമായ ധനത്തിലല്ല, നമുക്ക്‌ അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ പ്രത്യാശ”വെക്കുന്നു. തന്നിൽ ആശ്രയിക്കുന്നവരോട്‌ ദൈവം പറയുന്നു: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല.”—1 തിമൊഥെയൊസ്‌ 6:17; എബ്രായർ 13:5.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● നമ്മുടെ കാലത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?—2 തിമൊഥെയൊസ്‌ 3:1-5.

● ആശ്രയയോഗ്യമായ മാർഗനിർദേശം ഇന്ന്‌ എവിടെ കണ്ടെത്താം?—സങ്കീർത്തനം 19:7.

● എന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ എനിക്ക്‌ എന്തു ചെയ്യാനാകും? —സഭാപ്രസംഗി 7:12.

[21-ാം പേജിലെ ചതുരം/ചിത്രം]

പണം ലാഭിക്കാനുള്ള വഴികൾ

ഷോപ്പിങ്‌: വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കുക. പെട്ടെന്നുള്ള തോന്നലിന്റെ പുറത്ത്‌ സാധനങ്ങൾ വാങ്ങുന്ന ശീലം നന്നല്ല. പല കടകളിലെയും വിലകൾ തട്ടിച്ചുനോക്കിയിട്ട്‌ കുറവുള്ളിടത്തുനിന്നു വാങ്ങുക. കൂപ്പണുകൾ ഉപയോഗപ്പെടുത്തുക. വില ഉയർന്നുനിൽക്കുമ്പോൾ സാധനങ്ങൾ വാങ്ങാതെ സ്റ്റോക്ക്‌ ക്ലിയറൻസിന്റെയും ഡിസ്‌കൗണ്ട്‌ സെയിലിന്റെയും സമയത്ത്‌ വാങ്ങാൻ ശ്രമിക്കുക. സാധനങ്ങൾ വാങ്ങി സ്റ്റോക്കുചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക.

വീട്ടുചെലവ്‌: ബില്ലുകൾ സമയത്തിന്‌ അടയ്‌ക്കുന്നെങ്കിൽ പിഴയടയ്‌ക്കുന്നത്‌ ഒഴിവാക്കാം. ആഹാരം വീട്ടിൽത്തന്നെ പാകംചെയ്‌ത്‌ കഴിക്കുന്നതാണ്‌ ലാഭം. ആഹാരത്തിന്റെയും ലഹരിപാനീയങ്ങളുടെയും കാര്യത്തിൽ മിതത്വം പാലിക്കുക. വൈദ്യുതിയും ഗ്യാസുമൊന്നും പാഴാക്കരുത്‌. അതിനുപറ്റിയ വീട്ടുപകരണങ്ങളും കുക്കിങ്‌ സാമഗ്രികളും തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ, ചെറിയൊരു വീട്ടിലേക്ക്‌ മാറാവുന്നതാണ്‌.

യാത്രാച്ചെലവ്‌: സ്വന്തമായി ഒരു വാഹനം വേണമെന്നുണ്ടെങ്കിൽ നല്ല മൈലേജ്‌ കിട്ടുന്ന, നല്ല കണ്ടീഷനിലുള്ള വാഹനം വാങ്ങുക. പുതിയതായിരിക്കണമെന്നില്ല. ഒറ്റപ്പോക്കിന്‌ പല ആവശ്യങ്ങൾ നടത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം. വാഹനത്തിൽ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പോകുന്നതിനുപകരം ഒരുമിച്ച്‌ പോകാൻ ശ്രമിക്കുക. അല്ലെങ്കിൽ ബസ്സിൽ യാത്രചെയ്യുകയോ നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യാം. വിനോദയാത്രകൾ സീസണല്ലാത്ത സമയത്തേക്ക്‌ പ്ലാൻചെയ്യുക; ഒരുപക്ഷേ വീടിനടുത്തുള്ള ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കാം.

ഫോണും വിനോദവും: ലാൻഡ്‌ ഫോണും മൊബൈൽ ഫോണും, രണ്ടും വേണമെന്നുണ്ടോ? മക്കൾക്ക്‌ സെൽഫോൺ ഉണ്ടെങ്കിൽ അതിന്റെ ഉപയോഗം പരിമിതപ്പെടുത്താൻ അവർക്കാകുമോ? കേബിൾ കണക്‌ഷൻ ഉണ്ടെങ്കിൽ ചാനലുകളുടെ എണ്ണം കുറച്ചുകൊണ്ട്‌ പണം ലാഭിക്കാനാകുമോ? പുസ്‌തകങ്ങളും സിഡി-കളും, വാങ്ങുന്നതിനുപകരം വാടകയ്‌ക്കെടുക്കുക. *

[അടിക്കുറിപ്പ്‌]

^ ഖ. 26 കൂടുതൽ നിർദേശങ്ങൾക്ക്‌, 2009 ഏപ്രിൽ ലക്കം ഉണരുക!-യിലെ “പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക” എന്ന ലേഖനവും 2006 ജൂൺ ലക്കം ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക്‌ എങ്ങനെ ചെലവു നിയന്ത്രിക്കാൻ കഴിയും?” എന്ന ലേഖനവും കാണുക.