വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

3. ആന്തരിക യോജിപ്പ്‌

3. ആന്തരിക യോജിപ്പ്‌

ബൈബിൾ വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങൾ

3. ആന്തരിക യോജിപ്പ്‌

വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ള 40 പേരോട്‌ ഒരു പുസ്‌തകം എഴുതാൻ ആവശ്യപ്പെടുന്നുവെന്നു കരുതുക. എഴുത്തുകാർ പല ദേശക്കാരാണെന്നു മാത്രമല്ല മിക്കവരും പരസ്‌പരം അറിയുന്നവരുമല്ല. മറ്റുള്ളവർ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്നതു സംബന്ധിച്ച്‌ ചിലർക്കു യാതൊരു പിടിയുമില്ല. ആ പുസ്‌തകത്തിലെ വിവരങ്ങൾ പരസ്‌പര ബന്ധവും യോജിപ്പും ഉള്ളതായിരിക്കുമെന്ന്‌ നിങ്ങൾ പ്രതീക്ഷിക്കുമോ?

അത്തരത്തിലുള്ള ഒരു പുസ്‌തകമാണു ബൈബിൾ. * മുകളിൽ പറഞ്ഞതിനെക്കാൾ അസാധാരണമായ സാഹചര്യങ്ങളിൽ എഴുതപ്പെട്ടിട്ടും ആന്തരിക യോജിപ്പിന്റെ കാര്യത്തിൽ ബൈബിൾ ഉത്‌കൃഷ്ടമാണ്‌.

അനുപമ പശ്ചാത്തലം. പൊതുയുഗത്തിനുമുമ്പ്‌ 1513 മുതൽ പൊതുയുഗം 98 വരെയുള്ള ഏതാണ്ട്‌ 1,600 വർഷംകൊണ്ടാണു ബൈബിൾ എഴുതിയത്‌. 40-ഓളം വരുന്ന എഴുത്തുകാരിൽ പലർക്കുമിടയിൽ നൂറ്റാണ്ടുകളുടെ വിടവുണ്ടായിരുന്നു. തൊഴിലിന്റെ കാര്യത്തിലുമുണ്ടായിരുന്നു വൈജാത്യങ്ങൾ. ചിലർ മീൻപിടിത്തക്കാരായിരുന്നു; മറ്റുള്ളവർ, ആട്ടിടയന്മാരോ രാജാക്കന്മാരോ വൈദ്യന്മാരോ ഒക്കെയായിരുന്നു.

ഒരൊറ്റ സന്ദേശം. ഒരൊറ്റ പ്രമേയത്തെ ചുറ്റിപ്പറ്റിയാണ്‌ എഴുത്തുകാർ ബൈബിൾ എഴുതിയത്‌: മാനവകുടുംബത്തെ ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിന്റെ സംസ്ഥാപനവും ഒരു ആഗോള സ്വർഗീയ ഗവൺമെന്റ്‌ മുഖേനയുള്ള ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണവും. ഉല്‌പത്തിയിൽ ആരംഭിച്ച്‌, ശേഷംപുസ്‌തകങ്ങളിലൂടെ വിശദമാക്കപ്പെട്ട്‌ വെളിപ്പാടിൽ പാരമ്യത്തിലെത്തുന്നു ഈ പ്രമേയം.​—⁠19-ാം പേജിലെ “എന്താണ്‌ ബൈബിളിന്റെ ഉള്ളടക്കം?” എന്ന ലേഖനം കാണുക.

വിശദാംശങ്ങളിലെ പൊരുത്തം. ചെറിയ വിശദാംശങ്ങളിൽപ്പോലും ബൈബിളെഴുത്തുകാർ പൊരുത്തത്തിലാണ്‌. ഈ പൊരുത്തം പക്ഷേ കരുതിക്കൂട്ടി മെനഞ്ഞെടുത്തതല്ല. ഒരു ഉദാഹരണം ശ്രദ്ധിക്കുക. ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പ്രസംഗം കേൾക്കാനായി കൂടിവന്നപ്പോൾ അവർക്കു കൊടുക്കാനുള്ള അപ്പം എവിടെ വാങ്ങാൻ കിട്ടുമെന്ന്‌ യേശു ഫിലിപ്പോസിനോടു ചോദിക്കുന്നതായി ബൈബിളെഴുത്തുകാരനായ യോഹന്നാൻ പറയുന്നുണ്ട്‌. (യോഹന്നാൻ 6:1-5) ബേത്ത്‌സയിദ പട്ടണത്തിനു സമീപത്തുവെച്ചാണ്‌ ഇതു സംഭവിച്ചതെന്ന്‌ ഒരു സമാന്തര വിവരണത്തിൽ ലൂക്കൊസ്‌ പറയുന്നു. ഫിലിപ്പോസ്‌ ബേത്ത്‌സയിദക്കാരനാണെന്ന്‌ തന്റെ സുവിശേഷത്തിന്റെ തുടക്കത്തിൽ യോഹന്നാൻ പരാമർശിക്കുന്നുണ്ട്‌. (ലൂക്കൊസ്‌ 9:10; യോഹന്നാൻ 1:44) അതുകൊണ്ട്‌ അപ്പം എവിടെക്കിട്ടുമെന്ന്‌ യേശു സമീപവാസിയായ ഒരു വ്യക്തിയോടു ചോദിച്ചതിൽ അതിശയിക്കാനില്ല. വിശദാംശങ്ങൾ കൈകോർത്തുപോകുന്നു; കരുതിക്കൂട്ടിയല്ലതാനും. *

ന്യായയുക്തമായ വ്യത്യാസങ്ങൾ. ചില വിവരണങ്ങൾ തമ്മിൽ അൽപ്പസ്വൽപ്പം വ്യത്യാസങ്ങളുണ്ട്‌. പക്ഷേ അതു നാം പ്രതീക്ഷിക്കേണ്ടതാണ്‌, എന്താ ശരിയല്ലേ? ഉദാഹരണത്തിന്‌ ഒരു കുറ്റകൃത്യം നേരിൽക്കണ്ട ഒരു കൂട്ടം ആളുകളെ മനസ്സിൽക്കാണുക. എല്ലാവരും സംഭവം വിവരിക്കുന്നത്‌ ഒരേ വാക്കുകൾ ഉപയോഗിച്ചാണെങ്കിൽ നിങ്ങൾക്ക്‌ അതിൽ സംശയം തോന്നില്ലേ? ഓരോരുത്തരും സംഭവത്തെ നോക്കിക്കാണുന്ന വിധം വ്യത്യസ്‌തമായതിനാൽ അവരുടെ സാക്ഷ്യത്തിൽ ന്യായമായും വ്യത്യാസങ്ങൾ പ്രതീക്ഷിക്കാനാകും. ബൈബിളെഴുത്തുകാരുടെ കാര്യത്തിലും അതു സത്യമാണ്‌.

ഒരു ഉദാഹരണം ശ്രദ്ധിക്കുക. മരണദിവസം യേശു ധരിച്ചിരുന്ന വസ്‌ത്രത്തിന്റെ നിറമെന്തായിരുന്നു? യോഹന്നാന്റെ വിവരണം പറയുന്നതുപോലെ ധൂമ്രവർണം (purple) ആയിരുന്നോ? (യോഹന്നാൻ 19:2) അതോ മത്തായിയും മർക്കൊസും പറയുന്നതുപോലെ ചുവപ്പ്‌ (അഥവാ രക്താംബരം) ആയിരുന്നോ? (മത്തായി 27:28; മർക്കൊസ്‌ 15:17) രണ്ടുംപേരും പറഞ്ഞതു ശരിയാണ്‌. ധൂമ്രത്തിൽ ചുവപ്പ്‌ കലർന്നിട്ടുണ്ട്‌. നിരീക്ഷകൻ ഏതു കോണിൽനിന്നാണു നോക്കിയത്‌ എന്നതായിരിക്കാം വ്യത്യാസത്തിനു കാരണം, പ്രകാശത്തിന്റെ പ്രതിഫലനവും പശ്ചാത്തലവും കൂടിച്ചേർന്ന്‌ വസ്‌ത്രത്തിനു വ്യത്യസ്‌തമായ ഒരു നിറം നൽകിയതായിരിക്കാം. *

ആസൂത്രിതമല്ലാത്ത പൊരുത്തമുൾപ്പെടെയുള്ള ബൈബിളെഴുത്തുകാരുടെ യോജിപ്പ്‌ അവരുടെ എഴുത്തുകൾ വിശ്വസനീയമാണെന്ന വസ്‌തുതയ്‌ക്കു മറ്റൊരു സാക്ഷ്യപത്രമാകുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഉല്‌പത്തി മുതൽ വെളിപ്പാടു വരെയുള്ള 66 പുസ്‌തകങ്ങളുടെ അഥവാ ഭാഗങ്ങളുടെ ഒരു സമാഹാരമാണ്‌ ബൈബിൾ.

^ ഖ. 7 അത്തരം പൊരുത്തങ്ങൾ ധാരാളമുണ്ട്‌. കൂടുതൽ ഉദാഹരണങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 16, 17 പേജുകൾ കാണുക.

^ ഖ. 9 കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിലെ “ബൈബിൾ പരസ്‌പര വിരുദ്ധമോ?” എന്ന 7-ാം അധ്യായം കാണുക.

[7-ാം പേജിലെ ചിത്രം]

യേശുവിന്റെ വസ്‌ത്രത്തിന്റെ നിറമെന്തായിരുന്നു, ധൂമ്രമോ ചുവപ്പോ?