വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

5. പ്രവചന നിവൃത്തി

5. പ്രവചന നിവൃത്തി

ബൈബിൾ വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങൾ

5. പ്രവചന നിവൃത്തി

കാലാവസ്ഥ പ്രവചിക്കുന്നതിൽ ഒരിക്കലും പിഴവു പറ്റിയിട്ടില്ലാത്ത ഒരു വ്യക്തിയെ മനസ്സിൽക്കാണുക. മഴയുണ്ടാകുമെന്ന്‌ അദ്ദേഹം പ്രവചിച്ചാൽ നിങ്ങൾ കുട എടുക്കുമോ?

പ്രവചനങ്ങളുടെ പുസ്‌തകമാണു ബൈബിൾ. * ഇക്കാര്യത്തിൽ ബൈബിളിന്റെ റെക്കോർഡ്‌ വളരെ വ്യക്തമാണ്‌; ചരിത്രത്തിന്റെ ഏടുകളിൽ നമുക്കതു കാണാനാകും. ബൈബിൾ പ്രവചനങ്ങൾക്ക്‌ ഒരിക്കലും തെറ്റുപറ്റിയിട്ടില്ല.

തനതു സവിശേഷതകൾ. ബൈബിൾ പ്രവചനങ്ങൾ മിക്കപ്പോഴും വളരെ വ്യക്തമായിരിക്കും; ഇന്നോളം, ചെറിയ വിശദാംശങ്ങൾപോലും നിറവേറിയിട്ടുമുണ്ട്‌. പലപ്പോഴും, സുപ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള അത്തരം പ്രവചനങ്ങൾ അക്കാലത്തു ജീവിച്ചിരുന്നവർ പ്രതീക്ഷിക്കുന്നതിനു നേർവിപരീതമായ കാര്യങ്ങളായിരിക്കും മുൻകൂട്ടിപ്പറയുക.

ശ്രദ്ധേയമായ ഒരു ഉദാഹരണം. യൂഫ്രട്ടീസ്‌ നദിയുടെ ഇരുവശങ്ങളിലുമായി പണിത പുരാതന ബാബിലോൺ “പുരാതന പൗരസ്‌ത്യനാടുകളുടെ രാഷ്‌ട്രീയ, മത, സാംസ്‌കാരിക കേന്ദ്രം” എന്നാണ്‌ അറിയപ്പെടുന്നത്‌. പൊതുയുഗത്തിനുമുമ്പ്‌ ഏകദേശം 732-ൽ യെശയ്യാ പ്രവാചകൻ ഭീതിദമായ ഒരു പ്രവചനം നടത്തി​—⁠ബാബിലോണിന്റെ പതനമായിരുന്നു അത്‌. യെശയ്യാവ്‌ വിശദാംശങ്ങളും നൽകി: “കോരെശ്‌” (സൈറസ്‌) എന്ന നേതാവ്‌ ആയിരിക്കും ദിഗ്‌വിജയത്തിനു പിന്നിൽ; സംരക്ഷണമായി വർത്തിക്കുന്ന യൂഫ്രട്ടീസിലെ വെള്ളം ‘വറ്റിപ്പോകും’; വാതിലുകൾ ‘അടയാതിരിക്കും.’ (യെശയ്യാവു 44:27–45:3) ഏകദേശം 200 വർഷങ്ങൾക്കുശേഷം പൊതുയുഗത്തിനുമുമ്പ്‌ 539 ഒക്ടോബർ 5-ന്‌ ആ പ്രവചനം നിവൃത്തിയേറി, എല്ലാ വിശദാംശങ്ങളും സഹിതം. ഗ്രീക്കു ചരിത്രകാരൻ ഹിറോഡോട്ടസ്‌ (പൊതുയുഗത്തിനുമുമ്പ്‌ 5-ാം നൂറ്റാണ്ട്‌) ബാബിലോൺ നിലംപതിച്ച വിധം സ്ഥിരീകരിച്ചു. *

ധൈര്യം സ്‌ഫുരിക്കുന്ന ഒരു വിശദാംശം. ബാബിലോണിനെക്കുറിച്ച്‌ യെശയ്യാവ്‌ ഞെട്ടിക്കുന്ന ഒരു പ്രവചനം കൂടി നടത്തി: “അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല.” (യെശയ്യാവു 13:19, 20) തന്ത്രപ്രധാനമായ ഒരു സ്ഥാനത്തു സ്ഥിതിചെയ്‌തിരുന്ന, പടർന്നുപന്തലിച്ചുകൊണ്ടിരുന്ന ഒരു നഗരം എന്നേക്കുമായി നാമാവശേഷമാകുമെന്നു പ്രവചിക്കാൻ നിസ്സാര ധൈര്യം പോരായിരുന്നു. അത്തരമൊരു നഗരം നശിപ്പിക്കപ്പെട്ടാലും പുനർനിർമിക്കപ്പെടുമെന്നേ സാധാരണഗതിയിൽ ആരും ചിന്തിക്കൂ. പിടിച്ചടക്കപ്പെട്ടതിനുശേഷവും കുറച്ചുകാലം ബാബിലോൺ നിലനിന്നെങ്കിലും യെശയ്യാവിന്റെ വാക്കുകൾ ക്രമേണ സത്യമായി ഭവിച്ചു. പുരാതന ബാബിലോൺ സ്ഥിതിചെയ്‌തിരുന്ന സ്ഥലം ഇന്നിപ്പോൾ “തകർന്നു തരിപ്പണമായി, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌, ചൂടും പൊടിയും നിറഞ്ഞ ഒരിടമായി മാറിയിരിക്കുന്നു”വെന്ന്‌ സ്‌മിത്ത്‌സോണിയൻ മാസിക റിപ്പോർട്ടുചെയ്യുന്നു.

യെശയ്യാപ്രവചനത്തിന്റെ വ്യാപ്‌തിയെക്കുറിച്ചു ചിന്തിച്ചാൽ അതു നമ്മെ അത്ഭുതപരതന്ത്രരാക്കും. ന്യൂയോർക്കോ ലണ്ടനോ പോലുള്ള ഒരു ആധുനിക നഗരം 200 വർഷത്തിനുശേഷം നാശത്തിനിരയാകും എന്നും പിന്നീടൊരിക്കലും അധിവസിക്കപ്പെടുകയില്ല എന്നും ഉറപ്പിച്ചു പറയുന്നതുപോലെയായിരുന്നു യെശയ്യാവിന്റെ പ്രവചനം. തീർച്ചയായും, യെശയ്യാപ്രവചനം സത്യമായി സംഭവിച്ചു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായ സംഗതി! *

ബൈബിൾ വിശ്വസനീയമാണെന്നു ദശലക്ഷങ്ങളെ ബോധ്യപ്പെടുത്തിയ ഏതാനും തെളിവുകളാണ്‌ ഈ ലേഖന പരമ്പരയിലൂടെ ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌. ആ ബോധ്യം നിമിത്തം തങ്ങളെ നയിക്കാനുള്ള വഴികാട്ടിയായി അവർ ബൈബിളിനെ ആശ്രയിക്കുന്നു. നിങ്ങൾക്കും ബൈബിളിനെ ആശ്രയിക്കാനാകുമോ എന്നറിയാനായി അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമിച്ചുകൂടേ?

[അടിക്കുറിപ്പുകൾ]

^ ഖ. 4 കാലാവസ്ഥാ പ്രവചനങ്ങൾ സാധ്യതകൾ മാത്രമാണ്‌. എന്നാൽ ബൈബിൾ പ്രവചനങ്ങൾ ദൈവത്തിന്റെ അരുളപ്പാടുകളാണ്‌; ആഗ്രഹിക്കുന്നപക്ഷം സംഭവങ്ങളുടെ ഗതി തിരിച്ചുവിടാൻ ദൈവത്തിനു കഴിയും.

^ ഖ. 6 യെശയ്യാ പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 27-29 പേജുകൾ കാണുക.

^ ഖ. 8 കൂടുതൽ ബൈബിൾ പ്രവചനങ്ങളെയും അവയുടെ നിവൃത്തി സാക്ഷ്യപ്പെടുത്തുന്ന ചരിത്രവസ്‌തുതകളെയും കുറിച്ച്‌ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്‌തകത്തിന്റെ 117-33 പേജുകൾ കാണുക.

[9-ാം പേജിലെ ചിത്രം]

ബാബിലോൺ എന്ന പ്രബലസാമ്രാജ്യത്തെ മറിച്ചിടുന്നത്‌ സൈറസ്‌ എന്ന ഭരണാധികാരിയായിരിക്കുമെന്നു ബൈബിൾ കൃത്യമായി പ്രവചിച്ചു