4. ശാസ്‌ത്രീയ കൃത്യത
ബൈബിൾ വിശ്വസിക്കാനാകുന്നതിന്റെ കാരണങ്ങൾ
4. ശാസ്‌ത്രീയ കൃത്യത
ശാസ്‌ത്രം പുരോഗതിയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറിക്കൊണ്ടിരിക്കുകയാണ്. ഫലമോ? പഴയ സിദ്ധാന്തങ്ങൾ പുതിയവയ്‌ക്കു വഴിമാറുന്നു. ഇന്നലെയുടെ വസ്‌തുതകൾ ഇന്നിന്റെ സങ്കൽപ്പങ്ങളാകുന്നു. ശാസ്‌ത്ര പാഠപുസ്‌തകങ്ങൾ മാറ്റിയെഴുതപ്പെടുന്നു.
ബൈബിൾ ഒരു ശാസ്‌ത്ര പാഠപുസ്‌തകമല്ല. എങ്കിലും ശാസ്‌ത്രീയ വിഷയങ്ങളിൽ ബൈബിളിന്റെ പ്രസ്‌താവനകൾ ശ്രദ്ധേയമാണ്; ബൈബിളിന്റെ മൗനംപോലും—അതേ, ബൈബിൾ പറയാതെപോയ കാര്യങ്ങൾപോലും—അതു ശാസ്‌ത്രീയമായി കൃത്യതയുള്ളതാണെന്നതിനു തെളിവുനൽകുന്നു.
ശാസ്‌ത്രത്തിനു നിരക്കാത്ത വീക്ഷണങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. പണ്ടുകാലത്ത് പ്രചുരപ്രചാരം നേടിയ ഒരുപാട് അബദ്ധധാരണകൾ ഉണ്ടായിരുന്നു. ഭൂമി പരന്നതാണെന്നു വിശ്വസിച്ചിരുന്നു ചിലർ. ഭൂമിയെ എന്തിന്മേലോ താങ്ങിനിറുത്തിയിരിക്കുകയാണെന്നു വിശ്വസിച്ചിരുന്നവരും കുറവല്ല. രോഗങ്ങളുടെ വ്യാപനത്തെയും പ്രതിവിധിയെയും കുറിച്ച് ശാസ്‌ത്രലോകം അറിയുന്നതിനു വളരെമുമ്പ് വൈദ്യന്മാർ നടപ്പാക്കിയിരുന്ന ചില ചികിത്സാരീതികൾ ഫലപ്രദമല്ലെന്നു തെളിഞ്ഞു; മറ്റു ചിലത് ദോഷകരംപോലും ആയിരുന്നു. പക്ഷേ 1,100-ലധികം അധ്യായങ്ങളുള്ള ബൈബിളിൽ ഒരിടത്തുപോലും ശാസ്‌ത്രവിരുദ്ധ വീക്ഷണങ്ങളോ ഹാനികരമായ ചികിത്സാരീതികളോ ശുപാർശ ചെയ്യുന്നില്ല.
ശാസ്‌ത്രം ശരിവെക്കുന്ന പ്രസ്‌താവനകൾ. “ഭൂമിയെ നാസ്‌തിത്വത്തിന്മേൽ തൂക്കുന്നു”വെന്നു ബൈബിൾ പ്രസ്‌താവിച്ചിട്ട് ഏകദേശം 3,500 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. (ഇയ്യോബ് 26:7) പൊതുയുഗത്തിനുമുമ്പ് എട്ടാം നൂറ്റാണ്ടിൽ “ഭൂമണ്ഡല”ത്തെ അഥവാ ഭൂഗോളത്തെക്കുറിച്ച് യെശയ്യാവ് പരാമർശിക്കുകയുണ്ടായി. (യെശയ്യാവു 40:22) ദൃശ്യമോ ഭൗതികമോ ആയ താങ്ങുകളേതുമില്ലാതെ ശൂന്യാകാശത്തു സ്ഥിതിചെയ്യുന്ന ഭൂഗോളം! എന്താ കേട്ടിട്ട് ആധുനിക ശാസ്‌ത്രത്തിന്റെതന്നെ വാക്കുകളായി തോന്നുന്നില്ലേ?
പൊതുയുഗത്തിനുമുമ്പ് ഏകദേശം 1500-ൽ എഴുതിയ മോശൈക ന്യായപ്രമാണത്തിൽ, (ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളിലാണ് ഇതു കാണുന്നത്) രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനെയും മൃതശരീരത്തിൽ തൊടുന്നതിനെയും വിസർജ്യം മറവുചെയ്യുന്നതിനെയും സംബന്ധിച്ചൊക്കെ പിഴവറ്റ നിയമങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.—ലേവ്യപുസ്‌തകം 13:1-5; സംഖ്യാപുസ്‌തകം 19:1-13; ആവർത്തനപുസ്‌തകം 23:13, 14.
ശക്തിയേറിയ ടെലെസ്‌കോപ്പ് ആകാശത്തിലേക്കു തിരിച്ചപ്പോൾ പ്രപഞ്ചം പെട്ടെന്ന് “ഉളവായ”താണെന്ന നിഗമനത്തിലാണു ശാസ്‌ത്രജ്ഞർ എത്തിയത്. പക്ഷേ ഈ വിശദീകരണം ഹൃദയപൂർവം സ്വീകരിക്കുന്നവരല്ല എല്ലാ ശാസ്‌ത്രജ്ഞരും. ഒരു പ്രൊഫസറുടെ അഭിപ്രായം ശ്രദ്ധിക്കുക: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം; ഒരു കാരണഭൂതനില്ലാതെ അത്തരത്തിലൊന്നു സംഭവിക്കുമെന്ന് ആർക്കു സങ്കൽപ്പിക്കാനാകും?” ലോകം ടെലെസ്‌കോപ്പ് കണ്ടുപിടിക്കുംമുമ്പേ ബൈബിളിന്റെ ആദ്യവാക്യം ഇങ്ങനെ പ്രസ്‌താവിച്ചിരുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉല്‌പത്തി 1:1.
പഴക്കമേറെയുള്ളതും അനേകം വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതും ആണെങ്കിലും ശാസ്‌ത്രത്തിനു നിരക്കാത്തതായി ഒന്നുമില്ല ബൈബിളിൽ. അത്തരമൊരു പുസ്‌തകം കുറഞ്ഞപക്ഷം ഒന്നു പരിശോധിച്ചുനോക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ? *
[അടിക്കുറിപ്പ്]
^ ഖ. 9 ബൈബിളിന്റെ ശാസ്‌ത്രീയ കൃത്യത സംബന്ധിച്ച് കൂടുതൽ ഉദാഹരണങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 18-21 പേജുകൾ കാണുക.
[8-ാം പേജിലെ ചിത്രം]
ഭൂമിക്കു ഗോളാകൃതിയാണെന്നും ശൂന്യതയിൽ തൂങ്ങിനിൽക്കുകയാണെന്നുമുള്ള വസ്‌തുത ലോകം അറിയുംമുമ്പേ ബൈബിൾ പ്രസ്‌താവിച്ചു
[കടപ്പാട്]
U.S. Fish & Wildlife Service, Washington, D.C./NASA