വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലത്തോടു പൊരുതി ബൈബിൾ നമ്മുടെ കൈകളിലേക്ക്‌

കാലത്തോടു പൊരുതി ബൈബിൾ നമ്മുടെ കൈകളിലേക്ക്‌

കാലത്തോടു പൊരുതി ബൈബിൾ നമ്മുടെ കൈകളിലേക്ക്‌

തെല്ലും മാറ്റുകുറയാതെ ബൈബിൾ ഇന്നോളം അതിജീവിച്ചിരിക്കുന്നു എന്നത്‌ ഒരു അത്ഭുതംതന്നെയാണ്‌. 1900-ത്തിലധികം വർഷങ്ങൾക്കുമുമ്പ്‌ പൂർത്തിയാക്കിയ ആ ഗ്രന്ഥം പപ്പൈറസ്‌ താളുകളും മൃഗചർമങ്ങളും പോലുള്ള നശ്വര വസ്‌തുക്കളിലാണ്‌ എഴുതി സൂക്ഷിച്ചത്‌. അതും, ഇന്നു വളരെ കുറച്ചുപേർ മാത്രം ഉപയോഗിക്കുന്ന ഭാഷകളിൽ. തന്നെയുമല്ല, ചക്രവർത്തിമാർ മുതൽ മതനേതാക്കന്മാർ വരെയുള്ള പ്രബലരായ ആളുകൾ അതു നിർമൂലമാക്കാനും കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്‌.

വിശിഷ്ടമായ ഈ കൃതി കാലത്തെ അതിജീവിച്ച്‌ ഇത്ര പ്രസിദ്ധിയാർജിച്ചത്‌ എങ്ങനെയാണ്‌? രണ്ടു ഘടകങ്ങൾ മാത്രം പരിചിന്തിക്കാം.

കോപ്പികളുടെ വിപുലശേഖരം

ആദ്യകാല ബൈബിൾ പാഠങ്ങളുടെ സംരക്ഷകരായ ഇസ്രായേല്യർ മൂലപാഠത്തിന്റെ ചുരുളുകൾ ശ്രദ്ധാപൂർവം സൂക്ഷിക്കുകയും അവയുടെ നിരവധി കോപ്പികൾ തയ്യാറാക്കുകയും ചെയ്‌തു. ഇസ്രായേലിലെ രാജാക്കന്മാരോട്‌ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു “ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ്‌ ഒരു പുസ്‌തകത്തിൽ എഴുതി എടുക്കേണം” എന്നു പറഞ്ഞിരുന്നത്‌ അതിന്‌ ഒരു ഉദാഹരണമാണ്‌.​—⁠ആവർത്തനപുസ്‌തകം 17:18.

അനേകം ഇസ്രായേല്യർ തിരുവെഴുത്തുകൾ, അതു ദൈവവചനമാണെന്ന്‌ അംഗീകരിച്ചുകൊണ്ടുതന്നെ, വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. തത്‌ഫലമായി, വിദഗ്‌ധ പരിശീലനം നേടിയ ശാസ്‌ത്രിമാർ അതീവ ശ്രദ്ധയോടെ തിരുവെഴുത്തു പാഠങ്ങൾ പകർത്തിയെഴുതേണ്ട സാഹചര്യം സംജാതമായി. ദൈവഭയമുണ്ടായിരുന്ന എസ്രായെ “യിസ്രായേലിന്റെ ദൈവമായ യഹോവ നല്‌കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്‌ദ്ധനായ ശാസ്‌ത്രി,” അല്ലെങ്കിൽ പകർപ്പെഴുത്തുകാരൻ എന്നാണ്‌ പരാമർശിച്ചിരിക്കുന്നത്‌. (എസ്രാ 7:6) ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്‌ക്ക്‌ എബ്രായ തിരുവെഴുത്തുകൾ, അഥവാ “പഴയ നിയമം” പകർത്തിയെഴുതിയിരുന്ന മാസൊരിറ്റുകാർ തെറ്റുകൾ ഒഴിവാക്കാനായി പാഠത്തിലെ അക്ഷരങ്ങൾ എണ്ണിനോക്കുകപോലും ചെയ്‌തിരുന്നു. സൂക്ഷ്‌മതയോടെയുള്ള അത്തരം പകർത്തൽ പാഠത്തിന്റെ കൃത്യത ഉറപ്പുവരുത്തി എന്നു മാത്രമല്ല ബൈബിൾ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ശത്രുക്കളുടെ നിതാന്തശ്രമങ്ങളെ തരണംചെയ്യാൻ സഹായിക്കുകയും ചെയ്‌തു.

ഉദാഹരണമായി, പൊതുയുഗത്തിനുമുമ്പ്‌ 168-ൽ സിറിയൻ ഭരണാധിപനായിരുന്ന ആന്റിയോക്കസ്‌ നാലാമൻ പാലസ്‌തീനിൽ ഉടനീളമുള്ള എബ്രായ തിരുവെഴുത്തുകളുടെ കോപ്പികൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിന്‌ അരയുംതലയും മുറുക്കിയിറങ്ങി. ഒരു യഹൂദ ചരിത്രകൃതി പ്രസ്‌താവിക്കുന്നത്‌ ഇതാണ്‌: “കയ്യിൽക്കിട്ടിയ ന്യായപ്രമാണ ചുരുളുകളെല്ലാം അവർ വലിച്ചുകീറി കത്തിച്ചുകളഞ്ഞു.” ദ ജുവിഷ്‌ എൻസൈക്ലോപീഡിയ പറയുന്നു: “ഈ ഉത്തരവുകൾ നടപ്പിലാക്കാൻ ഉത്തരവാദിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥർ അങ്ങേയറ്റം കർക്കശമായിത്തന്നെ അതു നിർവഹിച്ചിരുന്നു. . . . വിശുദ്ധപുസ്‌തകം കൈവശംവെച്ചിരുന്നവർക്കു . . . മരണശിക്ഷയാണ്‌ നൽകിയിരുന്നത്‌.” എങ്കിൽക്കൂടിയും പാലസ്‌തീനിലും മറ്റിടങ്ങളിലും താമസിച്ചിരുന്ന യഹൂദന്മാരുടെ പക്കൽ തിരുവെഴുത്തുകളുടെ ചില കോപ്പികൾ ഭദ്രമായിരുന്നു.

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ, അഥവാ “പുതിയ നിയമ”ത്തിന്റെ നിശ്വസ്‌ത എഴുത്തുകാർ ചരിത്ര വിവരണങ്ങൾ, ലേഖനങ്ങൾ, പ്രവചനങ്ങൾ എന്നിവ പൂർത്തിയാക്കി അധികം താമസിയാതെതന്നെ അവയുടെ കോപ്പികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഉദാഹരണത്തിന്‌, യോഹന്നാൻ തന്റെ സുവിശേഷം എഫെസൊസിലോ അതിനു സമീപത്തോ വെച്ചാണ്‌ എഴുതിയത്‌. എന്നാൽ, ആ സുവിശേഷത്തിന്റെ ഒരു ശകലം, അതായത്‌, വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച്‌ യോഹന്നാൻ തന്റെ വിവരണം എഴുതി 50 വർഷത്തിനുള്ളിൽ തയ്യാറാക്കിയ പ്രതിയുടെ ഒരു ഭാഗം, നൂറുകണക്കിനു കിലോമീറ്ററുകൾ അകലെ ഈജിപ്‌തിൽ കണ്ടെത്തുകയുണ്ടായി. ആ കണ്ടെത്തൽ സൂചിപ്പിക്കുന്നത്‌ അതിവിദൂരങ്ങളിൽ താമസിച്ചിരുന്ന ക്രിസ്‌ത്യാനികളുടെ കൈവശം തങ്ങളുടെ കാലത്തോടടുത്ത്‌ നിശ്വസ്‌തമാക്കിയ പാഠങ്ങളുടെ കോപ്പികൾ ഉണ്ടായിരുന്നുവെന്നാണ്‌.

യേശുവിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കുശേഷവും നിശ്വസ്‌ത എഴുത്തുകളുടെ അതിജീവനം സാധ്യമാക്കിത്തീർത്ത മറ്റൊരു ഘടകമാണ്‌ അതിന്റെ വ്യാപകമായ വിതരണം. ഉദാഹരണത്തിന്‌, പൊതുയുഗം 303, ഫെബ്രുവരി 23-ലെ പ്രഭാതത്തിൽ, തന്റെ സൈന്യം പള്ളിയുടെ കതകു തകർത്ത്‌ തിരുവെഴുത്തുകളുടെ കോപ്പികൾ ചുട്ടെരിക്കുന്നത്‌ റോമൻ ചക്രവർത്തിയായ ഡയക്ലീഷ്യൻ നോക്കിനിന്നുവെന്നാണ്‌ റിപ്പോർട്ടു ചെയ്യപ്പെടുന്നത്‌. പാവന ഗ്രന്ഥങ്ങൾ നശിപ്പിച്ചുകൊണ്ട്‌ ക്രിസ്‌ത്യാനിത്വം തുടച്ചുനീക്കാനാകുമെന്ന്‌ അദ്ദേഹം കരുതി. തൊട്ടടുത്ത ദിവസം, റോമൻ സാമ്രാജ്യത്തിലെമ്പാടുമുള്ള ബൈബിളിന്റെ സകല കോപ്പികളും കണ്ടെത്തി പരസ്യമായി കത്തിക്കാനുള്ള ഒരു ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചു. പക്ഷേ ചില കോപ്പികൾ അതിജീവിച്ചെന്നു മാത്രമല്ല അവയുടെ പകർപ്പുകൾ എഴുതിയുണ്ടാക്കുകയും ചെയ്‌തു. ഡയക്ലീഷ്യന്റെ ഉപദ്രവത്തിനുശേഷം ഒരുപക്ഷേ അധികംനാൾ കഴിയുംമുമ്പേ തയ്യാറാക്കിയ ഗ്രീക്ക്‌ ബൈബിളിന്റെ രണ്ടു കോപ്പികളുടെ അധികഭാഗവും നമ്മുടെ നാൾവരെ അതിജീവിച്ചിരിക്കുന്നു. അതിലൊന്ന്‌ റോമിലും മറ്റൊന്ന്‌ ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈബ്രറിയിലുമുണ്ട്‌.

മൂലപ്രതികൾ ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും ബൈബിളിന്റെ മുഴുവനായോ ഭാഗികമായോ ഉള്ള ആയിരക്കണക്കിനു കയ്യെഴുത്തു പ്രതികൾ നമ്മുടെ കാലംവരെ അതിജീവിച്ചിട്ടുണ്ട്‌. അവയിൽ ചിലത്‌ വളരെ പഴക്കമുള്ളവയാണ്‌. മൂലപാഠത്തിന്റെ പകർപ്പുകൾ ഉണ്ടാക്കിയപ്പോൾ ആശയങ്ങൾക്കു മാറ്റം സംഭവിച്ചിട്ടുണ്ടോ? എബ്രായ തിരുവെഴുത്തു ഭാഗങ്ങളെക്കുറിച്ചു പണ്ഡിതനായ വില്യം എച്ച്‌. ഗ്രീൻ ഇങ്ങനെ പ്രസ്‌താവിച്ചു: “മറ്റൊരു പുരാതന ഗ്രന്ഥവും ഇത്ര കൃത്യമായി പകർത്തിയെഴുതപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം.” ബൈബിൾ കയ്യെഴുത്തുപ്രതികളെക്കുറിച്ച്‌ അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന സർ ഫ്രെഡറിക്‌ കെനിയൻ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “മൂല രചനയുടെ തീയതികൾക്കും ശേഷിച്ചിരിക്കുന്ന ഏറ്റവും നേരത്തെയുള്ള കയ്യെഴുത്തുപ്രതിക്കും ഇടയ്‌ക്കുള്ള അകലം യഥാർഥത്തിൽ അഗണ്യമായിരിക്കത്തക്കവണ്ണം അത്ര നിസ്സാരമായിത്തീരുന്നു, തിരുവെഴുത്തുകൾ അവ എഴുതപ്പെട്ടതുപോലെതന്നെ സാക്ഷാത്തായി നമ്മിൽ എത്തിയിരിക്കുന്നുവെന്നതിനെ സംശയിക്കുന്നതിനുള്ള അവസാനത്തെ അടിസ്ഥാനവും ഇപ്പോൾ നീക്കംചെയ്യപ്പെട്ടിരിക്കുന്നു. പുതിയ നിയമത്തിലെ പുസ്‌തകങ്ങളുടെ വിശ്വാസ്യതയും പൊതു ശുദ്ധിയും അന്തിമമായി സ്ഥിരീകരിക്കപ്പെട്ടതായി കരുതാവുന്നതാണ്‌.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “സാരാംശത്തിൽ ബൈബിൾ പാഠത്തിന്‌ അശേഷം മാറ്റംവന്നിട്ടില്ലെന്ന്‌ എത്ര ഉറപ്പിച്ചു പറഞ്ഞാലും മതിയാവില്ല . . . ലോകത്തിലെ മറ്റൊരു പുരാതന ഗ്രന്ഥത്തെക്കുറിച്ചും അങ്ങനെ പറയാൻ സാധിക്കില്ല.”

വിവർത്തനം

ലോകത്തിലെ ഏറ്റവും വിഖ്യാതമായ ഗ്രന്ഥം എന്ന നിലയിലേക്കുയരാൻ ബൈബിളിനു സഹായകമായി വർത്തിച്ച മറ്റൊരു സുപ്രധാന ഘടകം വിവിധ ഭാഷകളിലുള്ള അതിന്റെ ലഭ്യതയാണ്‌. സകലദേശക്കാരും ഭാഷക്കാരും ദൈവത്തെ അറിയുകയും “ആത്മാവിലും സത്യത്തിലും” ആരാധിക്കുകയും ചെയ്യുക എന്ന ദൈവോദ്ദേശ്യവുമായി യോജിപ്പിലാണ്‌ ഇത്‌.​—⁠യോഹന്നാൻ 4:23, 24; മീഖാ 4:⁠2.

ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരം ആയിരുന്നു എബ്രായ തിരുവെഴുത്തുകളുടെ അറിയപ്പെടുന്ന ആദ്യത്തെ വിവർത്തനം. പാലസ്‌തീനു പുറത്തു താമസിക്കുന്ന ഗ്രീക്കു സംസാരിക്കുന്ന യഹൂദന്മാർക്കായി തയ്യാർചെയ്‌ത ഈ വിവർത്തനം യേശുവിന്റെ ഭൗമിക ശുശ്രൂഷയ്‌ക്ക്‌ ഏകദേശം രണ്ടു നൂറ്റാണ്ടുമുമ്പ്‌ പൂർത്തിയാക്കിയതായിരുന്നു. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഉൾപ്പെടെ, മുഴുബൈബിളും പൂർത്തീകരിക്കപ്പെട്ട്‌ ഏതാനും നൂറ്റാണ്ടുകൾക്കകംതന്നെ അത്‌ അനേകം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. പക്ഷേ പിന്നീട്‌, രാജാക്കന്മാരും എന്തിന്‌, ജനങ്ങളുടെ കയ്യിൽ ബൈബിൾ എത്തിക്കാൻ സർവാത്മനാ ശ്രമിക്കേണ്ടിയിരുന്ന പുരോഹിതന്മാരും അതിനു നേർവിപരീതമായിട്ടാണ്‌ പ്രവർത്തിച്ചത്‌. സാധാരണക്കാരുടെ ഭാഷകളിലേക്കു ദൈവവചനം വിവർത്തനം ചെയ്യുന്നതു തടഞ്ഞുകൊണ്ട്‌ അവർ തങ്ങളുടെ അജഗണത്തെ അത്മീയ അന്ധകാരത്തിലാക്കാൻ ശ്രമിച്ചു.

സഭയെയും രാജ്യത്തെയും മറികടന്ന്‌, ധൈര്യശാലികളായ ആളുകൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട്‌ സാധാരണക്കാരുടെ ഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്‌തു. ഉദാഹരണമായി, 1530-ൽ ഓക്‌സ്‌ഫോർഡിൽ പഠനം പൂർത്തിയാക്കിയ ഇംഗ്ലീഷുകാരനായ വില്യം ടിൻഡെയ്‌ൽ എതിർപ്പുകൾ ഗണ്യമാക്കാതെ എബ്രായ തിരുവെഴുത്തുകളുടെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളായ പഞ്ചഗ്രന്ഥിയുടെ ഒരു പതിപ്പ്‌ തയ്യാറാക്കി. അങ്ങനെ അദ്ദേഹം എബ്രായയിൽനിന്ന്‌ നേരിട്ട്‌ ഇംഗ്ലീഷിലേക്കു ബൈബിൾ വിവർത്തനംചെയ്യുന്ന ആദ്യവ്യക്തി എന്ന ബഹുമതിക്ക്‌ അർഹനായി. യഹോവ എന്ന നാമം ഉപയോഗിച്ച ആദ്യ ഇംഗ്ലീഷ്‌ വിവർത്തകനും അദ്ദേഹമാണ്‌. ആദ്യകാല സ്‌പാനീഷ്‌ ഭാഷാന്തരങ്ങളിൽ ഒന്ന്‌ വിവർത്തനം ചെയ്യവേ സ്‌പാനീഷ്‌ ബൈബിൾ പണ്ഡിതനായ കാസ്യോഡോറോ ഡെ റെയ്‌ന കത്തോലിക്കാ മതവിചാരണക്കാരിൽനിന്നുള്ള നിരന്തര വധഭീഷണി നേരിട്ടിരുന്നു. തന്റെ പരിഭാഷ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം ഇംഗ്ലണ്ട്‌, ജർമനി, ഫ്രാൻസ്‌, ഹോളണ്ട്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങൾ സന്ദർശിച്ചു. *

ഇന്ന്‌ കൂടുതൽ കൂടുതൽ ഭാഷകളിൽ ബൈബിൾ വിവർത്തനം നടന്നുവരുന്നു. മാത്രമല്ല, അതിന്റെ ദശലക്ഷക്കണക്കിനു കോപ്പികൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്‌. അതേ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ മാനവചരിത്രത്തിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച ഗ്രന്ഥം എന്ന നിലയിലേക്ക്‌ ബൈബിൾ ഉയർന്നു. ഇത്‌ അപ്പൊസ്‌തലനായ പത്രൊസിന്റെ നിശ്വസ്‌ത മൊഴികളുടെ സത്യതയ്‌ക്കു തെളിവാണ്‌: ‘പുല്ലുവാടി, പൂവുതിർന്നുപോയി; കർത്താവിന്റെ [യഹോവയുടെ] വചനമോ എന്നേക്കും നിലനില്‌ക്കുന്നു.’​—⁠1 പത്രൊസ്‌ 1:24, 25.

[അടിക്കുറിപ്പ്‌]

^ ഖ. 14 1569-ൽ പ്രസിദ്ധീകരിച്ച റെയ്‌നയുടെ ഭാഷാന്തരം സിപ്രിയാനോ ഡി വാലെറാ 1602-ൽ പരിഷ്‌കരിക്കുകയുണ്ടായി.

[14-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഏതു ഭാഷാന്തരമാണ്‌ ഞാൻ വായിക്കേണ്ടത്‌?

പല ഭാഷകൾക്കും അനേകം ബൈബിൾ ഭാഷാന്തരങ്ങൾ സ്വന്തമാണ്‌. മനസ്സിലാക്കാൻ വിഷമമുള്ളതും പ്രാചീന ശൈലിയിലുള്ളതും ആണ്‌ ചില ഭാഷാന്തരങ്ങൾ. കൃത്യതയെക്കാൾ വായനാസുഖത്തിനു പ്രാധാന്യം നൽകുന്ന, പദാനുപദം ഒഴിവാക്കി പരാവർത്തനം ചെയ്‌തവയാണ്‌ മറ്റു ചിലത്‌. വേറെ ചിലതാകട്ടെ, അക്ഷരാർഥത്തിലുള്ള, മിക്കവാറും പദാനുപദ വിവർത്തനങ്ങളാണ്‌.

യഹോവയുടെ സാക്ഷികൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം മൂലഭാഷകളിൽനിന്നു നേരിട്ടു വിവർത്തനം ചെയ്‌തതാണ്‌. ആ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ച കമ്മിറ്റിയംഗങ്ങൾ തങ്ങളുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന്‌ അഭ്യർഥിച്ചിരുന്നു. മറ്റ്‌ 60-ഓളം ഭാഷകളിലേക്കു പരിഭാഷ നിർവഹിക്കുന്നതിനുള്ള മുഖ്യ പാഠമായി ഉപയോഗിച്ചിട്ടുള്ളത്‌ ഇംഗ്ലീഷിലുള്ള ഈ വിവർത്തനമാണ്‌. എന്നിരുന്നാലും, മൂലഭാഷയിലെ പാഠവുമായി വിപുലമായ താരതമ്യങ്ങൾ നടത്താൻ പ്രസ്‌തുത ഭാഷകളിലെ വിവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്‌. അർഥം അവ്യക്തമാകാത്തിടത്തെല്ലാം മൂലപാഠത്തിന്റെ അക്ഷരാർഥത്തിലുള്ള പരിഭാഷ നടത്തുക എന്നതാണ്‌ പുതിയലോക ഭാഷാന്തരത്തിന്റെ ലക്ഷ്യം. ബൈബിൾ കാലങ്ങളിൽ വായനക്കാർ മൂലപാഠം എങ്ങനെ മനസ്സിലാക്കിയിരുന്നോ അങ്ങനെതന്നെ ഇന്നത്തെ വായനക്കാരും മനസ്സിലാക്കുന്ന വിധത്തിൽ ബൈബിൾ തയ്യാറാക്കാൻ വിവർത്തകർ ശ്രമിക്കുന്നു.

കൃത്യതയില്ലായ്‌മയും വ്യക്തിപരമായ അഭിരുചികളും പരിഭാഷയിൽ കടന്നുകൂടിയിട്ടുണ്ടോ എന്നറിയാൻ ചില ഭാഷാപണ്ഡിതന്മാർ പുതിയലോക ഭാഷാന്തരം ഉൾപ്പെടെയുള്ള ആധുനിക ബൈബിൾ ഭാഷാന്തരങ്ങൾ പരിശോധിച്ചുനോക്കുകയുണ്ടായി. അങ്ങനെ ചെയ്‌ത ഒരാളായിരുന്നു യു.എസ്‌.എ.-യിലെ നോർതേൺ അരിസോണ യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറായ ജയ്‌സൺ ഡേവിഡ്‌ ബെഡൂൺ. “ഇംഗ്ലീഷുകാർക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള ബൈബിളുകളിൽ” ഒമ്പതെണ്ണത്തെക്കുറിച്ച്‌ 200 പേജുള്ള ഒരു അപഗ്രഥനം 2003-ൽ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. * അതിൽ, അർഥം സംബന്ധിച്ച്‌ പണ്ഡിതന്മാർക്കു വിയോജിപ്പുണ്ടായിരുന്ന നിരവധി തിരുവെഴുത്തുഭാഗങ്ങളെക്കുറിച്ചുള്ള പരിശോധനയാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. കാരണം പ്രസ്‌തുത ഭാഗങ്ങളിലാണ്‌ “വ്യക്തിപരമായ അഭിരുചികൾ വിവർത്തനത്തിൽ കയറിക്കൂടാൻ ഏറെ സാധ്യതയുള്ളത്‌.” അത്തരം തിരുവെഴുത്തുഭാഗങ്ങളുടെ ഗ്രീക്കു പാഠവും ഓരോരോ ഭാഷാന്തരങ്ങളിലെ അവയുടെ വിവർത്തനവും തമ്മിൽ താരതമ്യം ചെയ്‌ത്‌ അർഥവ്യത്യാസം വരുത്തിയിട്ടുണ്ടോയെന്ന്‌ അദ്ദേഹം നോക്കി. എന്തായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ?

പുതിയലോക ഭാഷാന്തരത്തിലെ (NW) വ്യത്യാസങ്ങൾ അതിന്റെ വിവർത്തകരുടെ മതപരമായ ചായ്‌വു നിമിത്തമാണെന്നാണ്‌ പൊതുജനങ്ങളും അനേകം ബൈബിൾ പണ്ഡിതന്മാരും കരുതുന്നതെന്ന്‌ ബെഡൂൺ ചൂണ്ടിക്കാട്ടി. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്‌: “അക്ഷരാർഥത്തിലുള്ള, അതീവ ശ്രദ്ധയോടെ ചെയ്‌ത പരിഭാഷയെന്നനിലയിൽ പുതിയലോക ഭാഷാന്തരം പുലർത്തുന്ന കൂടുതലായ കൃത്യതയാണ്‌ മിക്ക വ്യത്യാസങ്ങൾക്കും കാരണം.” പുതിയലോക ഭാഷാന്തരത്തിലെ ചില പ്രയോഗങ്ങളോട്‌ അദ്ദേഹത്തിനു വിയോജിപ്പുണ്ടെങ്കിലും “താരതമ്യേന ഏറ്റവും കൃത്യതയുള്ള” വിവർത്തനമാണ്‌ ഇതെന്ന്‌ അദ്ദേഹം പറയുന്നു. “മികച്ച” ഒരു പരിഭാഷ എന്നാണ്‌ അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്‌.

ഇസ്രായേലിലെ ഒരു എബ്രായ പണ്ഡിതനായ ഡോ. ബെഞ്ചമിൻ കേഡർ പുതിയലോക ഭാഷാന്തരത്തെക്കുറിച്ചു സമാനമായ പ്രസ്‌താവന നടത്തുകയുണ്ടായി. 1989-ൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സാധ്യമാകുന്നിടത്തോളം പാഠത്തിന്റെ കൃത്യമായ ഗ്രാഹ്യം നേടാനുള്ള ആത്മാർഥമായ ശ്രമം ഈ കൃതിക്കു പിന്നിലുണ്ട്‌. . . . അർഥവ്യത്യാസം വരുത്തുന്നതിനായി ചെയ്‌തിരിക്കുന്ന ഒന്നുംതന്നെ പുതിയലോക ഭാഷാന്തരത്തിൽ എനിക്കു കണ്ടെത്താനായില്ല.”

‘ബൈബിൾ വായിക്കുന്നതിലെ എന്റെ ലക്ഷ്യം എന്താണ്‌?’ എന്നു സ്വയം ചോദിച്ചു നോക്കൂ. അത്ര കൃത്യതയില്ലാത്ത എന്നാൽ വായനാസുഖമുള്ള ഭാഷാന്തരമാണോ എനിക്ക്‌ ആവശ്യം? അതോ, ആശയപരമായി മൂലപാഠത്തോടു പരമാവധി കൃത്യത പുലർത്തുന്ന ഭാഷാന്തരം വായിക്കാനാണോ എനിക്കു താത്‌പര്യം? (2 പത്രൊസ്‌ 1:20, 21) നിങ്ങളുടെ തിരഞ്ഞെടുപ്പ്‌ നിങ്ങളുടെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും!

[അടിക്കുറിപ്പ്‌]

^ ഖ. 22 പുതിയലോക ഭാഷാന്തരത്തിനു പുറമേയുള്ള മറ്റു ഭാഷാന്തരങ്ങൾ ദി ആംപ്ലിഫൈഡ്‌ ന്യൂ ടെസ്റ്റമെന്റ്‌, ദ ലിവിംഗ്‌ ബൈബിൾ, ദ ന്യൂ അമേരിക്കൻ ബൈബിൾ വിത്ത്‌ റിവൈസ്‌ഡ്‌ ന്യൂ ടെസ്റ്റമെന്റ്‌, ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ്‌ ബൈബിൾ, ദ ഹോളി ബൈബിൾ​—⁠ന്യൂ ഇന്റർനാഷണൽ വേർഷൻ, ദ ന്യൂ റിവൈസ്‌ഡ്‌ സ്റ്റാൻഡേർഡ്‌ വേർഷൻ, ദ ബൈബിൾ ഇൻ ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ, കിങ്‌ ജയിംസ്‌ വേർഷൻ എന്നിവ ആയിരുന്നു.

[ചിത്രം]

“വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം” നിരവധി ഭാഷകളിൽ ലഭ്യമാണ്‌

[12, 13 പേജുകളിലെ ചിത്രം]

മാസൊരിറ്റിക്‌ കയ്യെഴുത്തുപ്രതികൾ

[13-ാം പേജിലെ ചിത്രം]

“. . . ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ” എന്ന ലൂക്കൊസ്‌ 12:​7 ഉൾക്കൊള്ളുന്ന ശകലം

[13-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Foreground page: National Library of Russia, St. Petersburg; second and third: Bibelmuseum, Münster; background: © The Trustees of the Chester Beatty Library, Dublin