വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കണമോ?

ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കണമോ?

ബൈബി​ളി​ന്റെ വീക്ഷണം

ആരാധ​ന​യിൽ മതപര​മായ ചിത്രങ്ങൾ ഉപയോ​ഗി​ക്ക​ണ​മോ?

ഗ്രീക്ക്‌ ദ്വീപായ റ്റീനോ​സിൽ എല്ലാ വർഷവും ആഗസ്റ്റ്‌ 15-ന്‌ മതപര​മായ ഒരു വലിയ ആഘോഷം നടക്കാ​റുണ്ട്‌. യേശു​വി​ന്റെ അമ്മ മറിയ​യ്‌ക്ക്‌ ആരാധ​ന​യർപ്പി​ക്കാ​നും മറിയ​യു​ടെ ചിത്രത്തെ വണങ്ങാ​നു​മാ​യി ആയിരങ്ങൾ അവിടെ കൂടി​വ​രും, മറിയ​യു​ടെ ആ ചിത്ര​ത്തിന്‌ അത്ഭുത​ശ​ക്തി​കൾ ഉണ്ടെന്നാ​ണു വിശ്വാ​സം. * ഒരു ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പരാമർശ​കൃ​തി ഇപ്രകാ​രം പറയുന്നു: “അസാധാ​രണ വിശ്വാ​സ​ത്തോ​ടും ഭക്തി​യോ​ടും​കൂ​ടെ ദൈവത്തെ വഹിച്ച അമലോ​ദ്‌ഭ​വയെ, നമ്മുടെ കർത്താ​വി​ന്റെ അമ്മയെ നാം വണങ്ങുന്നു. സഹായ​വും സംരക്ഷ​ണ​വും അഭയവും നൽകാൻ നമ്മുടെ വിളി​പ്പു​റ​ത്തെ​ത്തു​മെന്ന വിശ്വാ​സ​ത്തോ​ടെ നാം അവളോ​ടു യാചി​ക്കു​ന്നു. നമ്മുടെ ആത്മീയ​വും ശാരീ​രി​ക​വു​മായ ആവശ്യ​ങ്ങൾക്കാ​യി അത്ഭുതങ്ങൾ പ്രവർത്തി​ക്കുന്ന വിശു​ദ്ധ​രു​ടെ—ഇതിൽ വിശു​ദ്ധ​ന്മാ​രും വിശു​ദ്ധ​ക​ളും ഉൾപ്പെ​ടു​ന്നു—സഹായം നാം തേടുന്നു. . . . തികഞ്ഞ ഭക്ത്യാ​ദ​ര​ങ്ങ​ളോ​ടെ നാം അവരുടെ തിരു​ശേ​ഷി​പ്പു​ക​ളെ​യും വിശുദ്ധ ചിത്ര​ങ്ങ​ളെ​യും ചുംബി​ക്കു​ക​യും വണങ്ങു​ക​യും ചെയ്യുന്നു.”

ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന മറ്റ്‌ അനേകം വിഭാ​ഗ​ങ്ങ​ളും ആരാധ​ന​യിൽ സമാന​മായ രീതികൾ അവലം​ബി​ക്കു​ന്നു. എന്നാൽ ആരാധ​ന​യിൽ മതപര​മായ ചിത്രങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളു​ടെ പിൻബ​ല​മു​ണ്ടോ?

ആദിമ ക്രിസ്‌ത്യാ​നി​കൾ

ആരാധ​ന​യിൽ പ്രതി​മ​ക​ളു​ടെ ഉപയോ​ഗ​ത്തിന്‌ അതീവ​പ്രാ​ധാ​ന്യം നൽകി​യി​രുന്ന ഒരു നഗരമാ​യി​രു​ന്നു അഥേന (ഏഥൻസ്‌). പൊതു​യു​ഗം ഏതാണ്ട്‌ 50-ൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ അവിടം സന്ദർശി​ച്ച​പ്പോൾ എന്താണു സംഭവി​ച്ച​തെന്നു പരിചി​ന്തി​ക്കുക. ദൈവം “കൈപ്പ​ണി​യായ ക്ഷേത്ര​ങ്ങ​ളിൽ വാസം ചെയ്യു​ന്നില്ല. . . . വല്ലതി​ന്നും മുട്ടു​ള്ളവൻ എന്നപോ​ലെ മാനു​ഷ​കൈ​ക​ളാൽ ശൂശ്രൂഷ ആവശ്യ​പ്പെ​ടു​ന്നില്ല. . . . [ആകയാൽ] ദൈവം മനുഷ്യ​ന്റെ ശില്‌പ​വി​ദ്യ​യും സങ്കല്‌പ​വും​കൊ​ണ്ടു കൊത്തി​ത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവ​യോ​ടു സദൃശം എന്നു നിരൂ​പി​ക്കേ​ണ്ടതല്ല,” എന്ന്‌ അവൻ ഏഥൻസ്‌ നിവാ​സി​ക​ളോ​ടു വിശദീ​ക​രി​ച്ചു.—പ്രവൃ​ത്തി​കൾ 17:24, 25, 29.

വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യുള്ള ഇത്തരം മുന്നറി​യി​പ്പു​കൾ പുതിയ നിയമം എന്നും വിളി​ക്കുന്ന ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ ധാരാളം കാണാം. ഉദാഹ​ര​ണ​ത്തിന്‌, യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “വിഗ്ര​ഹ​ങ്ങ​ളോ​ടു അകന്നു സൂക്ഷി​ച്ചു​കൊൾവിൻ.” (1 യോഹ​ന്നാൻ 5:21) പൗലൊസ്‌ കൊരി​ന്ത്യർക്ക്‌ ഇങ്ങനെ എഴുതി: “ദൈവാ​ല​യ​ത്തി​ന്നു വിഗ്ര​ഹ​ങ്ങ​ളോ​ടു എന്തു യോജ്യത?” (2 കൊരി​ന്ത്യർ 6:16) ആദിമ ക്രിസ്‌ത്യാ​നി​ക​ളിൽ പലരും മുമ്പ്‌ തങ്ങളുടെ ആരാധ​ന​യിൽ മതപര​മായ പ്രതി​മകൾ ഉപയോ​ഗി​ച്ചി​രു​ന്നു. തെസ്സ​ലൊ​നീ​ക്യ​യി​ലുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ പിൻവ​രുന്ന പ്രകാരം എഴുതവേ പൗലൊസ്‌ അവരെ അതി​നെ​ക്കു​റിച്ച്‌ ഓർമി​പ്പി​ച്ചു: ‘ജീവനുള്ള സത്യ​ദൈ​വത്തെ സേവി​പ്പാൻ നിങ്ങൾ വിഗ്ര​ഹ​ങ്ങളെ വിട്ടു ദൈവ​ത്തി​ങ്ക​ലേക്കു തിരി​ഞ്ഞു​വന്നു.’ (1 തെസ്സ​ലൊ​നീ​ക്യർ 1:9) മതപര​മായ ചിത്ര​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ ആ ക്രിസ്‌ത്യാ​നി​കൾക്ക്‌, യോഹ​ന്നാ​നും പൗലൊ​സി​നും ഉണ്ടായി​രുന്ന ഈ മനോ​ഭാ​വം​തന്നെ ഉണ്ടായി​രു​ന്നി​രി​ക്ക​ണ​മെന്നു വ്യക്തം.

“ക്രിസ്‌ത്യാ​നി​കൾ” മതപര​മായ ചിത്രങ്ങൾ സ്വീക​രിച്ച വിധം

എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു: “ക്രിസ്‌തീയ സഭയുടെ ആദ്യ മൂന്നു നൂറ്റാ​ണ്ടു​ക​ളിൽ . . . ക്രിസ്‌തീ​യ​മെന്നു പറയാ​വുന്ന കലാസൃ​ഷ്ടി​കൾ ഇല്ലായി​രു​ന്നു. അവയെ സഭ പൊതു​വിൽ ശക്തിയു​ക്തം എതിർത്തു. ഉദാഹ​ര​ണ​ത്തിന്‌, സ്രഷ്ടാ​വി​നു പകരം സൃഷ്ടിയെ ആരാധി​ക്കാൻ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു​വെന്നു പറഞ്ഞ്‌ അലക്‌സാൻഡ്രി​യ​യി​ലെ ക്ലെമന്റ്‌, മതപര​മായ (പുറജാ​തീയ) കലയെ വിമർശി​ച്ചു.”

എങ്കിൽ, മതപര​മായ ചിത്ര​ങ്ങ​ളു​ടെ ഉപയോ​ഗം ഇത്ര ജനപ്രീ​തി നേടി​യത്‌ എങ്ങനെ​യാണ്‌? ബ്രിട്ടാ​നിക്ക തുടരു​ന്നു: “ഏതാണ്ട്‌ മൂന്നാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ ചിത്രകല അൽപ്പാൽപ്പ​മാ​യി സഭയിൽ ഉപയോ​ഗി​ക്ക​പ്പെ​ടാ​നും അംഗീ​ക​രി​ക്ക​പ്പെ​ടാ​നും തുടങ്ങി. എന്നാൽ ചില സഭകൾക്ക്‌ ഇതി​നോ​ടു കടുത്ത എതിർപ്പു​ണ്ടാ​യി​രു​ന്നു. നാലാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ സഭ, കോൺസ്റ്റ​ന്റയ്‌ൻ ചക്രവർത്തി​യു​ടെ കീഴിൽ റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ മതമായി മാറി​യ​പ്പോൾ മാത്ര​മാണ്‌ പള്ളിക​ളിൽ ചിത്രങ്ങൾ ഉപയോ​ഗി​ച്ചത്‌. തുടർന്ന്‌ അവയുടെ ഉപയോ​ഗം ക്രിസ്‌ത്യാ​നി​ക​ളു​ടെ ആരാധ​ന​യു​ടെ ഒരു സാധാ​ര​ണ​ഭാ​ഗ​മാ​യി വേരു​റ​പ്പി​ച്ചു തുടങ്ങു​ക​യും ചെയ്‌തു.”

ഈ സമയത്ത്‌, അനവധി പുറജാ​തീ​യർ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടാൻ തുടങ്ങി. ഈ പുറജാ​തീ​യർക്കി​ട​യിൽ സാധാ​ര​ണ​മായ ഒന്നായി​രു​ന്നു ചക്രവർത്തി​യു​ടെ ചിത്ര​ങ്ങളെ ആരാധി​ക്കുക എന്നത്‌. ജോൺ ടെയ്‌ലർ, ഐക്കൺ പെയി​ന്റിങ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ പറയുന്നു: “ചക്രവർത്തി​യാ​രാ​ധ​ന​യിൽ, ആളുകൾ ക്യാൻവാ​സി​ലോ തടിയി​ലോ വരച്ച ചക്രവർത്തി​യു​ടെ ചിത്രം ആരാധി​ച്ചു​പോ​ന്നു. ഈ രീതി​യിൽനിന്ന്‌ മതപര​മായ ചിത്ര​ങ്ങ​ളു​ടെ ആരാധ​ന​യി​ലേ​ക്കുള്ള മാറ്റം വളരെ എളുപ്പ​മാ​യി​രു​ന്നു.” അങ്ങനെ ചിത്ര​ങ്ങളെ ആരാധി​ക്കുന്ന പുറജാ​തീയ രീതി​യു​ടെ സ്ഥാനത്ത്‌ യേശു, മറിയ, മാലാ​ഖ​മാർ, “വിശു​ദ്ധ​ന്മാർ” എന്നിവ​രു​ടെ ചിത്ര​ങ്ങളെ ആരാധി​ക്കുന്ന രീതി​വന്നു. പള്ളിക​ളിൽ ഉപയോ​ഗി​ച്ചു​തു​ട​ങ്ങിയ ഈ ചിത്രങ്ങൾ ക്രമേണ കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ഭവനങ്ങ​ളി​ലും സ്ഥാനം​പി​ടി​ച്ചു, അവി​ടെ​യും അവയെ ആരാധി​ച്ചു​പോ​ന്നു.

“ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കു​ക

ദൈവ​ദാ​സ​ന്മാർ ദൈവത്തെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്ക​ണ​മെന്ന്‌ യേശു തന്റെ ശ്രോ​താ​ക്ക​ളോ​ടു പറഞ്ഞു. (യോഹ​ന്നാൻ 4:24) അതു​കൊണ്ട്‌ ആരാധ​ന​യിൽ മതപര​മായ ചിത്രങ്ങൾ ഉപയോ​ഗി​ക്ക​ണ​മോ വേണ്ടയോ എന്നതു സംബന്ധിച്ച സത്യം അറിയാൻ ഒരുവൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അയാൾ ശരിയായ ഗ്രാഹ്യ​ത്തി​നാ​യി ദൈവ​വ​ച​ന​ത്തി​ലേക്കു തിരി​യേ​ണ്ട​തുണ്ട്‌.

ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ പിൻവ​രുന്ന പ്രസ്‌താ​വന ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാ​ന്ത​ര​മ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടുക്കൽ എത്തുന്നില്ല.” (യോഹ​ന്നാൻ 14:6) “ദൈവം ഒരുവ​ന​ല്ലോ; ദൈവ​ത്തി​ന്നും മനുഷ്യർക്കും മദ്ധ്യസ്ഥ​നും ഒരുവൻ: . . . മനുഷ്യ​നായ ക്രിസ്‌തു​യേശു തന്നേ” എന്നു പൗലൊസ്‌ പ്രഖ്യാ​പി​ച്ചു. ‘ക്രിസ്‌തു നമുക്കു​വേണ്ടി പക്ഷവാദം കഴിക്കു​ന്നു’ എന്നും അവൻ പറഞ്ഞു. (1 തിമൊ​ഥെ​യൊസ്‌ 2:5, 6; റോമർ 8:34) “താൻമു​ഖാ​ന്ത​ര​മാ​യി ദൈവ​ത്തോ​ടു അടുക്കു​ന്ന​വർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവി​ക്കു​ന്ന​വ​നാ​ക​യാൽ അവരെ പൂർണ്ണ​മാ​യി രക്ഷിപ്പാൻ അവൻ പ്രാപ്‌ത​നാ​കു​ന്നു”വെന്ന്‌ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു നാം വായി​ക്കു​മ്പോൾ മേൽപ്പ​റ​ഞ്ഞ​വി​ധ​ങ്ങ​ളി​ലുള്ള അവന്റെ പങ്ക്‌ കൂടുതൽ അർഥം കൈവ​രി​ക്കു​ന്നു. (എബ്രായർ 7:25) നാം ദൈവത്തെ സമീപി​ക്കേ​ണ്ടത്‌ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ലാ​യി​രി​ക്കണം. മറ്റൊരു വ്യക്തി​യും അവനു പകരമാ​വില്ല, ജീവനി​ല്ലാത്ത ചിത്ര​ങ്ങ​ളു​ടെ കാര്യം പറയാ​നു​മില്ല. ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ഇത്തരം പരിജ്ഞാ​നം “പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കാ​നുള്ള വഴി കണ്ടെത്താൻ സത്യാ​ന്വേ​ഷി​ക​ളായ ആരെയും സഹായി​ക്കും. കൂടാതെ, ഈ അതി​ശ്രേ​ഷ്‌ഠ​മായ ആരാധ​നാ​രീ​തി​യു​ടെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നും അത്‌ ഇടയാ​ക്കും. കാരണം, “തന്നേ നമസ്‌ക​രി​ക്കു​ന്നവർ ഇങ്ങനെ​യു​ള്ളവർ ആയിരി​ക്കേണം എന്നു പിതാവു ഇച്ഛിക്കു​ന്നു”വെന്ന്‌ യേശു പറഞ്ഞു.—യോഹ​ന്നാൻ 4:23.

[അടിക്കു​റിപ്പ്‌]

^ പൊതുവേ പറഞ്ഞാൽ, മതപര​മായ ഒരു ചിത്രം, ഒരു പ്രത്യേക മതത്തിലെ ആളുകൾ വണങ്ങുന്ന പ്രതി​രൂ​പ​ത്തെ​യോ പ്രതീ​ക​ത്തെ​യോ കുറി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പൗരസ്‌ത്യ ഓർത്ത​ഡോ​ക്‌സ്‌ സഭയിൽ കാണു​ന്ന​വ​യിൽ ചിലത്‌ ക്രിസ്‌തു​വി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​വ​യാണ്‌, മറ്റു ചിലത്‌ ത്രിത്വ​ത്തെ​യും. “വിശു​ദ്ധ​ന്മാർ,” മാലാ​ഖ​മാർ, മുകളിൽ പരാമർശി​ച്ച​തു​പോ​ലെ യേശു​വി​ന്റെ അമ്മയായ മറിയ എന്നിവരെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​വ​യു​മുണ്ട്‌. കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഈ ചിത്ര​ങ്ങ​ളോ​ടു ഭക്ത്യാ​ദ​ര​വുണ്ട്‌. ആരാധ​ന​യിൽ ഉപയോ​ഗി​ക്കുന്ന പ്രതി​മ​ക​ളോ​ടു പലർക്കു​മുള്ള അതേ മനോ​ഭാ​വ​മാണ്‌ അവർക്ക്‌ ഈ ചിത്ര​ങ്ങ​ളോ​ടു​ള്ളത്‌. ഇനി, ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടാ​ത്ത​വ​രും തങ്ങളുടെ ആരാധ​നാ​മൂർത്തി​ക​ളു​ടെ ചിത്ര​ങ്ങ​ളു​ടെ​യും പ്രതി​മ​ക​ളു​ടെ​യും കാര്യ​ത്തിൽ സമാന​മായ വിശ്വാ​സ​വും മനോ​ഭാ​വ​വും വെച്ചു​പു​ലർത്തു​ന്നു.

[20-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Boris Subacic/AFP/Getty Images