വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 44

യഹോ​വയ്‌ക്ക്‌ ഒരു ആലയം

യഹോ​വയ്‌ക്ക്‌ ഒരു ആലയം

ശലോ​മോൻ ഇസ്രാ​യേ​ലിൽ രാജാ​വാ​യി. ഒരിക്കൽ യഹോവ ശലോ​മോ​നോട്‌, ‘ഞാൻ നിനക്ക്‌ എന്താണു തരേണ്ടത്‌’ എന്നു ചോദി​ച്ചു. ശലോ​മോൻ പറഞ്ഞു: ‘ഞാൻ ചെറു​പ്പ​മാണ്‌. എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയില്ല. അതു​കൊണ്ട്‌ അങ്ങയുടെ ജനത്തെ പരിപാ​ലി​ക്കാ​നുള്ള ജ്ഞാനം എനിക്കു തരേണമേ.’ യഹോവ പറഞ്ഞു: ‘നീ ജ്ഞാനത്തി​നാ​യി അപേക്ഷി​ച്ച​തു​കൊണ്ട്‌ ഞാൻ നിന്നെ ഭൂമി​യിൽ ഏറ്റവും ജ്ഞാനി​യാ​ക്കും; അതോ​ടൊ​പ്പം നിന്നെ വളരെ സമ്പന്നനും ആക്കും. നീ എന്നെ അനുസ​രി​ച്ചാൽ നിനക്കു ദീർഘാ​യു​സ്സു​ണ്ടാ​കും.’

ശലോ​മോൻ ആലയം പണിയാൻതു​ടങ്ങി. അതിനു​വേണ്ടി ഏറ്റവും നല്ല സ്വർണ​വും വെള്ളി​യും തടിയും കല്ലും ആണ്‌ ഉപയോ​ഗി​ച്ചത്‌. വിദഗ്‌ധ​രായ ആയിര​ക്ക​ണ​ക്കിന്‌ സ്‌ത്രീ​പു​രു​ഷ​ന്മാർ ദേവാ​ല​യ​ത്തി​ന്റെ പണിയിൽ പങ്കെടു​ത്തു. ഏഴു വർഷം​കൊണ്ട്‌ പണി പൂർത്തി​യാ​യി. ആലയം ഇപ്പോൾ യഹോ​വയ്‌ക്കു സമർപ്പി​ക്കാ​നുള്ള സമയമാ​യി. അതിന്റെ യാഗപീ​ഠ​ത്തിൽ ബലി അർപ്പി​ക്കാൻ യാഗവസ്‌തു​ക്കൾ വെച്ചി​ട്ടുണ്ട്‌. ശലോ​മോൻ യാഗപീ​ഠ​ത്തി​ന്റെ മുമ്പാകെ മുട്ടു​കു​ത്തി ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, അങ്ങയുടെ മഹത്ത്വ​ത്തി​നു മുന്നിൽ ഈ ആലയത്തി​ന്റെ വലുപ്പ​മോ മനോ​ഹാ​രി​ത​യോ ഒന്നുമല്ല. എങ്കിലും ഞങ്ങളുടെ ആരാധന സ്വീക​രി​ക്കേ​ണമേ, ഞങ്ങളുടെ പ്രാർഥന കേൾക്കേ​ണമേ.’ ആ ആലയ​ത്തെ​ക്കു​റി​ച്ചും ശലോ​മോ​ന്റെ പ്രാർഥ​ന​യെ​ക്കു​റി​ച്ചും യഹോ​വയ്‌ക്ക്‌ എന്തു തോന്നി? ശലോ​മോൻ പ്രാർഥിച്ച്‌ തീർന്ന ഉടനെ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി യാഗപീ​ഠ​ത്തിൽ ഉണ്ടായി​രുന്ന യാഗവസ്‌തു​ക്കൾ ദഹിപ്പി​ച്ചു. അങ്ങനെ ദേവാ​ല​യത്തെ അംഗീ​ക​രി​ക്കു​ന്നെന്ന്‌ യഹോവ കാണിച്ചു. അതു കണ്ടപ്പോൾ ഇസ്രാ​യേ​ല്യർക്കു സന്തോ​ഷ​മാ​യി.

ശലോ​മോൻ രാജാ​വി​ന്റെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ലിൽ എങ്ങുമു​ള്ളവർ അറിഞ്ഞു. ദൂരസ്ഥ​ല​ങ്ങ​ളി​ലു​ള്ള​വർപോ​ലും അതെക്കു​റിച്ച്‌ കേട്ടു. ആളുകൾ അവരുടെ പ്രശ്‌ന​ങ്ങ​ളു​മാ​യി ശലോ​മോ​ന്റെ അടുത്ത്‌ വരാൻതു​ടങ്ങി. ഒരു രാജ്ഞി ശേബയിൽനി​ന്നു​പോ​ലും ബുദ്ധി​മു​ട്ടുള്ള ചോദ്യ​ങ്ങ​ളു​മാ​യി ശലോ​മോ​നെ പരീക്ഷി​ക്കാൻ എത്തി. എന്നാൽ ശലോ​മോ​ന്റെ ഉത്തരം കേട്ട​പ്പോൾ രാജ്ഞി പറഞ്ഞു: ‘ആളുകൾ അങ്ങയെ​ക്കു​റിച്ച്‌ പറഞ്ഞതു ഞാൻ വിശ്വ​സി​ച്ചില്ല. അങ്ങയുടെ ജ്ഞാനം ഞാൻ കേട്ടതി​ലും എത്രയോ അധിക​മാണ്‌! അങ്ങയുടെ ദൈവ​മായ യഹോവ അങ്ങയെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.’ വളരെ നല്ല അവസ്ഥയാ​യി​രു​ന്നു ഇസ്രാ​യേ​ലിൽ. ആളുക​ളെ​ല്ലാം സന്തുഷ്ടർ! പക്ഷേ എല്ലാം മാറി​മ​റി​യാൻപോ​കു​ക​യാ​യി​രു​ന്നു.

“ഇവിടെ ഇതാ, ശലോ​മോ​നെ​ക്കാൾ വലിയവൻ!”​—മത്തായി 12:42