വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 35

ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥി​ക്കു​ന്നു

ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥി​ക്കു​ന്നു

എൽക്കാന എന്നു പേരുള്ള ഒരു ഇസ്രാ​യേ​ല്യ​നു രണ്ടു ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു, ഹന്നയും പെനി​ന്ന​യും. ഹന്നയോ​ടാ​യി​രു​ന്നു എൽക്കാ​നയ്‌ക്കു കൂടുതൽ ഇഷ്ടം. കുട്ടി​ക​ളി​ല്ലാ​ത്ത​തി​ന്റെ പേരിൽ ഹന്നയെ പെനിന്ന ഏതു നേരവും കളിയാ​ക്കി​യി​രു​ന്നു. പെനി​ന്നയ്‌ക്കു പക്ഷേ കുറെ മക്കളു​ണ്ടാ​യി​രു​ന്നു. എല്ലാ വർഷവും എൽക്കാന കുടും​ബ​ത്തോ​ടൊ​പ്പം ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ആരാധ​നയ്‌ക്കു പോകുന്ന പതിവു​ണ്ടാ​യി​രു​ന്നു. ഒരിക്കൽ അവി​ടെ​യാ​യി​രി​ക്കു​മ്പോൾ തന്റെ പ്രിയ​ഭാ​ര്യ ഹന്ന വളരെ സങ്കട​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എൽക്കാന ശ്രദ്ധിച്ചു. എൽക്കാന പറഞ്ഞു: ‘കരയാതെ ഹന്നേ. ഞാനില്ലേ നിനക്ക്‌? എനിക്കു നിന്നെ എത്ര ഇഷ്ടമാ​ണെ​ന്നോ!’

പിന്നെ ഒറ്റയ്‌ക്കി​രു​ന്നു പ്രാർഥി​ക്കാൻവേണ്ടി ഹന്ന പോയി. തന്നെ സഹായി​ക്ക​ണ​മെന്നു ഹന്ന കരഞ്ഞു​കൊണ്ട്‌ യഹോ​വ​യോട്‌ ഉള്ളുരു​കി അപേക്ഷി​ച്ചു. ഹന്ന ഇങ്ങനെ വാക്കു കൊടു​ത്തു: ‘യഹോവേ, എനിക്ക്‌ ഒരു മകനെ തന്നാൽ ജീവി​ത​കാ​ലം മുഴുവൻ അങ്ങയെ സേവി​ക്കാൻ ഞാൻ അവനെ അങ്ങയ്‌ക്കു തരും.’

ഹന്ന വിതു​മ്പി​ക്ക​ര​യു​ന്നത്‌ മഹാപു​രോ​ഹി​ത​നായ ഏലി കണ്ടു. ഹന്ന കുടിച്ച്‌ മത്തയാ​യെ​ന്നാണ്‌ ഏലി കരുതി​യത്‌. ഹന്ന പറഞ്ഞു: ‘അങ്ങനെയല്ല, എന്റെ യജമാ​നനേ! ഞാൻ കുടി​ച്ചി​ട്ടില്ല. എന്നെ വിഷമി​പ്പി​ക്കുന്ന വലിയ ഒരു പ്രശ്‌ന​മുണ്ട്‌. ഞാൻ അതെപ്പറ്റി യഹോ​വ​യോ​ടു പറയു​ക​യാ​യി​രു​ന്നു.’ ഹന്നയെ താൻ തെറ്റി​ദ്ധ​രി​ച്ച​താ​ണെന്ന്‌ ഏലിക്കു മനസ്സി​ലാ​യി. ഏലി പറഞ്ഞു: ‘നിന്റെ ആഗ്രഹം ദൈവം സാധി​ച്ചു​ത​രട്ടെ.’ ഹന്നയ്‌ക്ക്‌ നല്ല ആശ്വാസം തോന്നി. ഹന്ന അവി​ടെ​നിന്ന്‌ പോയി. ഒരു വർഷം തികയു​ന്ന​തി​നു മുമ്പ്‌ ഹന്നയ്‌ക്ക്‌ ഒരു കുഞ്ഞു ജനിച്ചു. അവനു ശമുവേൽ എന്നു പേരിട്ടു. ഹന്നയ്‌ക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും, അല്ലേ?

യഹോ​വയ്‌ക്കു കൊടുത്ത വാക്ക്‌ ഹന്ന മറന്നില്ല. കുട്ടി​യു​ടെ മുലകു​ടി തീർന്ന​പ്പോൾ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാൻ ഹന്ന അവനെ അവിടെ കൊണ്ടു​ചെന്നു. ഹന്ന ഏലി​യോ​ടു പറഞ്ഞു: ‘ഈ കുഞ്ഞി​നു​വേ​ണ്ടി​യാണ്‌ ഞാൻ അന്നു പ്രാർഥി​ച്ചത്‌. ഞാൻ ഇവനെ യഹോ​വയ്‌ക്കു സമർപ്പി​ക്കു​ന്നു. ജീവി​ത​കാ​ലം മുഴുവൻ ഇവൻ യഹോ​വയെ സേവി​ക്കും.’ എൽക്കാ​ന​യും ഹന്നയും എല്ലാ വർഷവും ശമു​വേ​ലി​നെ കാണാൻ പോയി. അപ്പോ​ഴൊ​ക്കെ കൈയി​ല്ലാത്ത ഒരു മേലങ്കി​യും അവനു കൊടു​ത്തു. യഹോവ ഹന്നയ്‌ക്ക്‌ വേറെ മൂന്ന്‌ ആൺമക്ക​ളെ​യും രണ്ടു പെൺമ​ക്ക​ളെ​യും കൂടെ നൽകി.

“ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും.”​—മത്തായി 7:7