വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പരീശന്മാരുടെ . . . പുളിമാവിനെക്കുറിച്ച്‌ ജാഗ്രതയോടെയിരിക്കുവിൻ”

“പരീശന്മാരുടെ . . . പുളിമാവിനെക്കുറിച്ച്‌ ജാഗ്രതയോടെയിരിക്കുവിൻ”

“പരീശന്മാരുടെ . . . പുളിമാവിനെക്കുറിച്ച്‌ ജാഗ്രതയോടെയിരിക്കുവിൻ”

“പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിമാവിനെക്കുറിച്ച്‌ ജാഗ്രതയോടെയിരിക്കുവിൻ” എന്ന്‌ യേശു ശിഷ്യന്മാർക്ക്‌ മുന്നറിയിപ്പു നൽകി. (ലൂക്കോ. 12:1) പരീശന്മാരുടെ “ഉപദേശത്തെ” കുറ്റംവിധിക്കുകയായിരുന്നു യേശു എന്ന്‌ മത്തായിയുടെ സമാന്തരവിവരണം വ്യക്തമാക്കുന്നു.—മത്താ. 16:12.

ബൈബിളിൽ ചിലയിടങ്ങളിൽ ദുഷിപ്പിനെ സൂചിപ്പിക്കാൻ “പുളിമാവ്‌” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്‌. നിസ്സംശയമായും, പരീശന്മാരുടെ ഉപദേശങ്ങളും അവരുടെ മനോഭാവവും ആളുകളുടെ മനസ്സിനെ ദുഷിപ്പിച്ചിരുന്നു. പരീശന്മാരുടെ ഉപദേശങ്ങൾ അപകടകരമായിരുന്നത്‌ ഏതുവിധത്തിൽ?

1 തങ്ങൾ മറ്റുള്ളവരെക്കാൾ നീതിമാന്മാരാണെന്ന്‌ പരീശന്മാർക്കു തോന്നി; അതുകൊണ്ട്‌ അവർ സാധാരണക്കാരെ അവജ്ഞയോടെ വീക്ഷിച്ചു.

പരീശന്മാരുടെ സ്വയനീതിയെ ചിത്രീകരിക്കുന്ന ഒരു ഉപമ യേശു പറയുകയുണ്ടായി. വിവരണം ഇപ്രകാരം പറയുന്നു: “രണ്ടുമനുഷ്യർ പ്രാർഥിക്കാനായി ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശനും മറ്റേയാൾ ചുങ്കക്കാരനും ആയിരുന്നു. പരീശൻ നിന്നുകൊണ്ട്‌ ഉള്ളിൽ ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, ഞാൻ പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ലാത്തതുകൊണ്ട്‌ നിനക്കു സ്‌തോത്രം ചെയ്യുന്നു. ഞാൻ ആഴ്‌ചയിൽ രണ്ടുതവണ ഉപവസിക്കുന്നു; എനിക്കു ലഭിക്കുന്ന എല്ലാറ്റിലും ദശാംശം കൊടുക്കുന്നു.’ ചുങ്കക്കാരനോ ദൂരെനിന്നുകൊണ്ടു സ്വർഗത്തിലേക്കു കണ്ണുകളുയർത്താൻപോലും തുനിയാതെ മാറത്തടിച്ച്‌, ‘ദൈവമേ, പാപിയായ എന്നോടു കൃപ തോന്നേണമേ’ എന്നു പറഞ്ഞു.”—ലൂക്കോ. 18:10-13.

ചുങ്കക്കാരന്റെ താഴ്‌മയെ പ്രശംസിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “ഈ മനുഷ്യൻ മറ്റവനെക്കാൾ (പരീശനെക്കാൾ) നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി എന്നു ഞാൻ നിങ്ങളോടു പറയുന്നു. തന്നെത്തന്നെ ഉയർത്തുന്ന ഏവനും താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും.” (ലൂക്കോ. 18:14) തട്ടിപ്പിനും വെട്ടിപ്പിനും പേരുകേട്ടവരായിരുന്നു അക്കാലത്തെ ചുങ്കക്കാർ. എന്നിട്ടും, തന്റെ വാക്കുകൾ ശ്രദ്ധിച്ച ചുങ്കക്കാരെ സഹായിക്കാൻ യേശു സന്നദ്ധനായിരുന്നു. കുറഞ്ഞത്‌ രണ്ടുചുങ്കക്കാർ അവന്റെ അനുഗാമികളായി—മത്തായിയും സക്കായിയും.

‘മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണ്‌ ഞാൻ’ എന്ന ചിന്ത നിങ്ങൾക്കുണ്ടോ? ദൈവദത്തമായ കഴിവുകളും പദവികളും ആയിരിക്കാം അങ്ങനെ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌. അല്ലെങ്കിൽ ഒരുപക്ഷേ മറ്റുള്ളവരുടെ വീഴ്‌ചകളും ബലഹീനതകളും ആയിരിക്കാം. എന്നാൽ അങ്ങനെയുള്ള ചിന്തകൾ നമ്മൾ മുളയിലേ നുള്ളിക്കളയണം. എന്തുകൊണ്ട്‌? തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളത്‌. സ്‌നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ നടത്തുന്നില്ല; വലുപ്പം ഭാവിക്കുന്നില്ല; അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല; പ്രകോപിതമാകുന്നില്ല. അത്‌ ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല. അത്‌ അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു.”—1 കൊരി. 13:4-6.

അപ്പൊസ്‌തലനായ പൗലോസിന്റേതുപോലുള്ള ഒരു മനോഭാവമായിരിക്കണം നമ്മുടേതും. അവൻ പറഞ്ഞു: “ക്രിസ്‌തുയേശു പാപികളെ രക്ഷിക്കാൻ ലോകത്തിലേക്കു വന്നു. . . . ഈ പാപികളിൽ ഞാൻ ഒന്നാമൻ.”—1 തിമൊ. 1:15.

ധ്യാനിക്കാൻ:

ഞാൻ ഒരു പാപിയാണെന്നും എന്റെ രക്ഷ യഹോവയുടെ കൃപയെ ആശ്രയിച്ചിരിക്കുന്നുവെന്നും ഉള്ള വസ്‌തുത ഞാൻ തിരിച്ചറിയുന്നുണ്ടോ? എന്റെ കഴിവുകളോ ദീർഘനാളായുള്ള വിശ്വസ്‌ത സേവനമോ സംഘടനയിലുള്ള പദവികളോ, മറ്റുള്ളവരെക്കാൾ മികച്ചവനാണ്‌ ഞാൻ എന്നു ചിന്തിക്കാൻ ഇടയാക്കുന്നുണ്ടോ?

2 നീതിയുടെ പരിവേഷമണിഞ്ഞ്‌ മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ പരീശന്മാർ ശ്രമിച്ചു. പ്രാമുഖ്യത ലഭിക്കാനും ബഹുമാനസൂചകമായ സ്ഥാനപ്പേരുകൾ വിളിച്ചുകേൾക്കാനും അവർ ആഗ്രഹിച്ചു.

പക്ഷേ യേശു അവരെ കുറ്റംവിധിച്ചു: “മനുഷ്യരെ കാണിക്കേണ്ടതിനത്രേ അവർ ഓരോന്നും ചെയ്യുന്നത്‌. അവർ, രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടി, വസ്‌ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുന്നു. അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനവും സിനഗോഗുകളിലെ മുൻനിരയും ചന്തസ്ഥലങ്ങളിലെ വന്ദനവും റബ്ബീ എന്ന സംബോധനയും അവർ പ്രിയപ്പെടുന്നു.” (മത്താ. 23:5-7) എന്നാൽ യേശുവിന്റെ മനോഭാവം എത്ര വ്യത്യസ്‌തമായിരുന്നു! ദൈവത്തിന്റെ പൂർണനായ പുത്രനായിരുന്നു അവൻ. എങ്കിലും അവൻ താഴ്‌മയുള്ളവനായിരുന്നു. ഒരിക്കൽ ഒരാൾ അവനെ “നല്ല ഗുരോ” എന്നു വിളിച്ചപ്പോൾ, “നീ എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്‌? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്‌ യേശു പറഞ്ഞത്‌. (മർക്കോ. 10:18) മറ്റൊരിക്കൽ ശിഷ്യന്മാരുടെ കാലുകൾ കഴുകിക്കൊണ്ട്‌ അവൻ അവർക്ക്‌ താഴ്‌മയുടെ ഒരു നല്ല മാതൃക കാണിച്ചുകൊടുത്തു.—യോഹ. 13:1-15.

ഒരു യഥാർഥ ക്രിസ്‌ത്യാനി സഹാരാധകരെ സേവിക്കുന്നവനായിരിക്കണം. (ഗലാ. 5:13) വിശേഷിച്ച്‌, സഭയിലെ മേൽവിചാരകസ്ഥാനം കാംക്ഷിക്കുന്നവർ ഈ മനോഭാവമുള്ളവരായിരിക്കണം. “മേൽവിചാരകപദത്തിലെത്താൻ യത്‌നിക്കുന്ന”തിൽ തെറ്റൊന്നുമില്ല. പക്ഷേ മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹമായിരിക്കണം അതിനു പ്രചോദനമാകേണ്ടത്‌; പ്രാമുഖ്യതയ്‌ക്കോ അധികാരത്തിനോ വേണ്ടിയുള്ള മോഹമായിരിക്കരുത്‌. മേൽവിചാരകന്മാരായി സേവിക്കുന്നവർ യേശുവിനെപ്പോലെ “താഴ്‌മ”യുള്ളവർ ആയിരിക്കണം.—1 തിമൊ. 3:1, 6; മത്താ. 11:29.

ധ്യാനിക്കാൻ:

പ്രാമുഖ്യതയും പദവികളും പ്രതീക്ഷിച്ചുകൊണ്ട്‌ ഞാൻ സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കുന്നവരെ പ്രീണിപ്പിക്കാൻ ശ്രമിക്കാറുണ്ടോ? സഭാംഗങ്ങളുടെ അംഗീകാരവും പ്രശംസയും എളുപ്പം പിടിച്ചുപറ്റാവുന്ന മേഖലകളിൽ സേവിക്കാനാണോ പ്രധാനമായും ഞാൻ ആഗ്രഹിക്കുന്നത്‌? മറ്റുള്ളവരുടെ മുമ്പിൽ തിളങ്ങാനാണോ എന്റെ ശ്രമം?

3 പരീശന്മാരുടെ നിയമങ്ങളും പാരമ്പര്യങ്ങളും, ന്യായപ്രമാണം അനുസരിക്കുന്നത്‌ സാധാരണക്കാർക്ക്‌ ബുദ്ധിമുട്ടാക്കിത്തീർത്തു.

ഇസ്രായേല്യർ യഹോവയെ എങ്ങനെ ആരാധിക്കണമെന്നതിനുള്ള ഒരു രൂപരേഖ മാത്രമായിരുന്നു മോശൈക ന്യായപ്രമാണം. അതുകൊണ്ടുതന്നെ, ആരാധന സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അതിൽ ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്‌, ശബത്തിൽ ജോലി ചെയ്യരുതെന്ന്‌ ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു; പക്ഷേ ജോലിയുടെ ഗണത്തിൽ വരുന്നത്‌ എന്തെല്ലാമാണെന്ന്‌ അതിൽ പറഞ്ഞിരുന്നില്ല. (പുറ. 20:10) അങ്ങനെയുള്ള ഇടങ്ങളിൽ, പരീശന്മാർ തങ്ങളുടേതായ നിയമങ്ങളും നിർവചനങ്ങളും പാരമ്പര്യങ്ങളും കുത്തിത്തിരുകാൻ ശ്രമിച്ചു. പരീശന്മാരുടേതായ നിയമങ്ങൾ യേശു നിരാകരിച്ചെങ്കിലും മോശൈക ന്യായപ്രമാണം അവൻ പിൻപറ്റുകതന്നെ ചെയ്‌തു. (മത്താ. 5:17, 18; 23:23) നിയമത്തിന്റെ അക്ഷരങ്ങൾക്കപ്പുറം കാണാൻ യേശുവിനു കഴിഞ്ഞു. ന്യായപ്രമാണത്തിന്റെ അന്തസ്സത്ത അവൻ ഉൾക്കൊണ്ടു. അതെ, കരുണയുടെയും അനുകമ്പയുടെയും പ്രാധാന്യം അവൻ തിരിച്ചറിഞ്ഞു. അവൻ ന്യായബോധമുള്ളവനായിരുന്നു. ശിഷ്യന്മാർ നിരാശപ്പെടുത്തിയപ്പോൾപ്പോലും അവൻ അവരോട്‌ പരിഗണന കാണിച്ചു. യേശു അറസ്റ്റുചെയ്യപ്പെട്ട രാത്രിയിലുണ്ടായ സംഭവം അതിന്‌ ഉദാഹരണമാണ്‌. തന്നോടൊപ്പം ഉണർന്നിരിക്കാൻ കൂടെയുണ്ടായിരുന്ന അപ്പൊസ്‌തലന്മാരോട്‌ അവൻ ആവശ്യപ്പെട്ടു, ഒന്നല്ല മൂന്നുവട്ടം. പക്ഷേ അവർ ഉറങ്ങിപ്പോയി. എങ്കിലും സഹാനുഭൂതിയോടെ യേശു ഇങ്ങനെ പറഞ്ഞു: “ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ.”—മർക്കോ. 14:34-42.

ധ്യാനിക്കാൻ:

സ്വന്തം അഭിപ്രായങ്ങൾ നിയമങ്ങളാക്കി മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ? മറ്റുള്ളവരെക്കുറിച്ച്‌ ന്യായമല്ലാത്ത പ്രതീക്ഷകൾ ഞാൻ പുലർത്താറുണ്ടോ?

യേശുവിന്റെ ഉപദേശങ്ങളും പരീശന്മാരുടെ ഉപദേശങ്ങളും തമ്മിലുള്ള അന്തരത്തെക്കുറിച്ച്‌ ചിന്തിക്കുക. നിങ്ങൾക്ക്‌ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെന്ന്‌ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ ഉറച്ച തീരുമാനമെടുക്കുക.

[28-ാം പേജിലെ ചിത്രം]

പരീശന്മാർ നെറ്റിയിൽ വേദവാക്യച്ചെപ്പുകൾ കെട്ടിക്കൊണ്ട്‌ നടന്നിരുന്നു.—മത്താ. 23:2, 5

[29-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തീയ മൂപ്പന്മാർ അഹങ്കാരികളായ പരീശന്മാരെപ്പോലെയല്ല; അവർ താഴ്‌മയോടെ മറ്റുള്ളവരെ സേവിക്കുന്നു

[30-ാം പേജിലെ ചിത്രം]

യേശുവിനെപ്പോലെ, മറ്റുള്ളവരെക്കുറിച്ച്‌ ന്യായമായ പ്രതീക്ഷകൾ മാത്രം പുലർത്തുക