വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കെനിയയിൽ അർഹതയുള്ളവരെ തിരയുന്നു

കെനിയയിൽ അർഹതയുള്ളവരെ തിരയുന്നു

കെനിയയിൽ അർഹതയുള്ളവരെ തിരയുന്നു

പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു ദേശമാണ്‌ കെനിയ. ഇടതൂർന്ന വനങ്ങളും വിശാലമായ സമതലങ്ങളും ചുട്ടുപൊള്ളുന്ന മരുഭൂമികളും മഞ്ഞുമൂടിയ പർവതങ്ങളുമൊക്കെ ഈ ദേശത്തിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. പത്തു ലക്ഷത്തിലധികംവരുന്ന കുതിരമാനുകളുടെയും വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളുടെയും നാടാണിത്‌. പുൽപ്പുറങ്ങളിലൂടെ നീങ്ങുന്ന ജിറാഫുകളുടെ വലിയ പറ്റങ്ങൾ അവിടത്തെ ഒരു സാധാരണ ദൃശ്യമാണ്‌.

പക്ഷികളും ഈ നാട്ടിൽ സമൃദ്ധമാണ്‌. ഉയർന്നു പറക്കുന്ന ശക്തനായ കഴുകൻ മുതൽ ശ്രുതിമധുരമായ ഗാനമുതിർക്കുന്ന വർണഭംഗിയുള്ള അസംഖ്യം കിളികൾ വരെ അതിൽപ്പെടും. കൂടാതെ, തല ഉയർത്തി നിൽക്കുന്ന ഗജവീരന്മാരെയും സടകുടഞ്ഞെണീറ്റു നിൽക്കുന്ന സിംഹരാജനെയും കണ്ടില്ലെന്നു വെക്കാൻ ആർക്കു കഴിയും? അതേ, ദൃശ്യപ്പൊലിമയുടെയും ശബ്ദവൈവിധ്യങ്ങളുടെയും ഒരു അവിസ്‌മരണീയ ദേശമാണ്‌ കെനിയ.

എന്നാൽ, മനോഹരമായ ഈ ദേശത്തുടനീളം ഉയർന്നു കേൾക്കുന്ന മറ്റൊരു ശബ്ദമുണ്ട്‌​—⁠പ്രത്യാശയുടെ സന്ദേശം കൈമാറുന്ന ആയിരങ്ങളുടെ ശബ്ദം. (യെശയ്യാവു 52:7) ഈ ശബ്ദം, 40-ലധികം വരുന്ന ഗോത്രക്കാരുടെയും ഭാഷക്കാരുടെയും അടുക്കൽ എത്തിച്ചേരുന്നു. ആ അർഥത്തിൽ കെനിയ, ആത്മീയ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു ദേശവും കൂടെയാണ്‌.

കെനിയയിലെ ഭൂരിഭാഗം ആളുകളും മതഭക്തരും ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യാൻ പൊതുവെ താത്‌പര്യമുള്ളവരും ആണ്‌. എന്നിട്ടും, അതിനു സന്നദ്ധരായ ആളുകളെ കണ്ടെത്തുക ഒരു വെല്ലുവിളിതന്നെ. കാരണം, മറ്റു പല രാജ്യങ്ങളെയും പോലെ കെനിയയും മാറ്റത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു.

സാമ്പത്തിക പ്രാരാബ്ധങ്ങൾ നിമിത്തം ജീവിതരീതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അവിടെ അനേകരും നിർബന്ധിതരായിരിക്കുന്നു. മുമ്പൊക്കെ വീട്ടുജോലിയുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്‌ത്രീകൾ ഇപ്പോൾ വീടിനു വെളിയിൽ ജോലി ചെയ്യുന്നതു സാധാരണമാണ്‌. ഓഫീസുകളിൽ മാത്രമല്ല അവരെ കണ്ടെത്താനാകുക. പഴങ്ങളും പച്ചക്കറികളും മീനും നെയ്‌തെടുത്ത കുട്ടകളുമൊക്കെ വിറ്റുകൊണ്ട്‌ അവർ വഴിയോരങ്ങളിലിരിക്കുന്നതും കാണാനാകും. പുരുഷന്മാരാണെങ്കിൽ കുടുംബത്തെ പുലർത്താൻ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യുന്നവരാണ്‌. കൊച്ചു കുട്ടികൾ പോലും വറുത്ത നിലക്കടലയും പുഴുങ്ങിയ മുട്ടയും വിറ്റുകൊണ്ട്‌ തെരുവിലൂടെ നടക്കുന്നതു കാണാം. അതുകൊണ്ട്‌, പകൽ സമയത്തു വളരെ ചുരുക്കം പേരെ മാത്രമേ വീടുകളിൽ കണ്ടെത്താനാകൂ. തന്മൂലം, രാജ്യ സുവാർത്താ ഘോഷകരും തങ്ങളുടെ പ്രവർത്തനങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടി വന്നിരിക്കുന്നു.

വീടിനു വെളിയിൽ അനുദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും ബിസിനസുകാരോടും സഹപ്രവർത്തകരോടുമൊക്കെ സാക്ഷീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവിടെയുള്ള യഹോവയുടെ സാക്ഷികൾക്കു നിർദേശം ലഭിച്ചു. ആളുകളെ എവിടെ കണ്ടാലും അവരോടു സംസാരിച്ചുകൊണ്ട്‌ സഹോദരങ്ങൾ ആ നിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നു. (മത്തായി 10:​11, NW) അവരുടെ കൂടുതലായ ഈ ശ്രമങ്ങൾ ഫലം ചെയ്‌തോ? തീർച്ചയായും! ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.

ബന്ധുക്കൾ​—⁠ഏറ്റവും അടുത്ത അയൽക്കാർ

കെനിയയുടെ തലസ്ഥാന നഗരിയായ നയ്‌റോബിയിൽ ഏകദേശം 30 ലക്ഷം ആളുകളുണ്ട്‌. ആ നഗരത്തിന്റെ പൂർവ ഭാഗത്തായി ജോലിയിൽനിന്നു വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥൻ താമസിച്ചിരുന്നു. മകൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരുന്നെങ്കിലും ആ പിതാവിനു പൊതുവെ സാക്ഷികളെ ഇഷ്ടമില്ലായിരുന്നു. ഒരു ഫെബ്രുവരിയിൽ അദ്ദേഹം 160 കിലോമീറ്റർ യാത്ര ചെയ്‌ത്‌ റിഫ്‌റ്റ്‌ വാലിയിലെ നാകൂറൂ പട്ടണത്തിൽ താമസിക്കുന്ന മകനെ സന്ദർശിച്ചു. മകൻ അദ്ദേഹത്തിന്‌ ഒരു സമ്മാനം നൽകി​—⁠നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം* എന്ന പുസ്‌തകം. ആ സമ്മാനവുമായി പിതാവ്‌ സ്വന്തം വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തിയ ആ മുൻ സൈനിക ഉദ്യോഗസ്ഥൻ പുസ്‌തകം ഭാര്യയെ ഏൽപ്പിച്ചു. അതു പ്രസിദ്ധീകരിച്ചത്‌ യഹോവയുടെ സാക്ഷികളാണെന്ന്‌ അറിയാതെ അവർ അതു വായിക്കാനും തുടങ്ങി. ക്രമേണ, ബൈബിൾ സത്യങ്ങൾ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു. താൻ മനസ്സിലാക്കിയ വിവരങ്ങൾ അവർ ഭർത്താവുമായി പങ്കുവെച്ചു. കേട്ട കാര്യങ്ങളിൽ അതീവ താത്‌പര്യം തോന്നിയ അദ്ദേഹവും ആ പുസ്‌തകം വായിക്കാൻ തുടങ്ങി. പുസ്‌തകത്തിന്റെ പ്രസാധകർ ആരാണെന്നു മനസ്സിലാക്കിയപ്പോൾ യഹോവയുടെ സാക്ഷികളെ കുറിച്ചു തങ്ങൾക്കു ലഭിച്ചിരുന്ന വിവരങ്ങൾ എത്ര തെറ്റായിരുന്നുവെന്ന്‌ അവർക്കു ബോധ്യമായി. ഉടനടി അവർ ആ പ്രദേശത്തുള്ള സാക്ഷികളുമായി ബന്ധപ്പെട്ടു, ഒരു ബൈബിൾ അധ്യയനവും ആരംഭിച്ചു. പുകയില ഉപയോഗിക്കുന്നതും വിൽക്കുന്നതും ക്രിസ്‌തീയമല്ലെന്ന്‌ ആ പുസ്‌തകം വായിച്ചതിലൂടെ അവർ മനസ്സിലാക്കി. (മത്തായി 22:39; 2 കൊരിന്ത്യർ 7:1) യാതൊരു മടിയും കൂടാതെ തങ്ങളുടെ കടയിലുള്ള സിഗരറ്റുകളെല്ലാം അവർ നശിപ്പിച്ചുകളഞ്ഞു. ഏതാനും മാസങ്ങൾക്കു ശേഷം അവർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി. താമസിയാതെ, ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ അവർ സ്‌നാപനമേറ്റു.

കുപ്പയിൽനിന്നൊരു മാണിക്യം

നയ്‌റോബിയുടെ ചില ഭാഗങ്ങളിൽ ലക്ഷക്കണക്കിന്‌ ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളുണ്ട്‌. ഇവിടെ മണ്ണും തടിയും തകരക്കഷണങ്ങളും ഇരുമ്പുതകിടുകളും കൊണ്ടൊക്കെ പണിത കുടിലുകളുടെ നിരകൾതന്നെ കാണാം. വ്യവസായ ശാലകളിലും ഫാക്ടറികളിലും തൊഴിൽ ഇല്ലാത്തപ്പോൾ ജനങ്ങൾ ഉടനടി മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്തുന്നു. ജൂവാ കാലി (സ്വാഹിലിയിൽ “ചുട്ടുപൊള്ളുന്ന സൂര്യൻ” എന്നർഥം) ജോലിക്കാർ ചുട്ടുപൊള്ളുന്ന വെയിലത്തിരുന്നുകൊണ്ട്‌ കാറുകളുടെ പഴയ ടയറുകളിൽനിന്നു ചെരുപ്പുകൾ ഉണ്ടാക്കുന്നു, അല്ലെങ്കിൽ ഉപേക്ഷിച്ച ടിന്നുകൾ ഉപയോഗിച്ച്‌ മണ്ണെണ്ണ വിളക്കുകൾ ഉണ്ടാക്കുന്നു. പുനഃസംസ്‌കരിക്കാൻവേണ്ടി കടലാസുകളും ടിന്നുകളും കുപ്പികളുമൊക്കെ ശേഖരിക്കുന്നതിനായി മറ്റു ചിലർ കുപ്പക്കൂനകൾ തിരയുന്നു.

കുപ്പയിൽനിന്നു മാണിക്യം കണ്ടെത്താനാകുമോ? ഉവ്വ്‌! ഒരു സഹോദരൻ അനുസ്‌മരിക്കുന്നു: “ഒരിക്കൽ, ഉപേക്ഷിച്ച വർത്തമാനപ്പത്രങ്ങളും മാസികകളും നിറച്ച ഒരു വലിയ പ്ലാസ്റ്റിക്ക്‌ ചാക്കും ചുമന്നുകൊണ്ട്‌ ദൃഢഗാത്രനായ, പാറിപ്പറന്ന മുടിയുള്ള, പരുക്കനായ ഒരു മനുഷ്യൻ ഞങ്ങളുടെ സമ്മേളന ഹാളിന്റെ മുറ്റത്തേക്കു കയറിവന്നു. തന്റെ പേര്‌ വില്യം എന്നാണെന്നു പറഞ്ഞിട്ട്‌ അദ്ദേഹം എന്നോടു ചോദിച്ചു: ‘താങ്കളുടെ കൈവശം വീക്ഷാഗോപുരത്തിന്റെ പുതിയ ലക്കങ്ങൾ ഏതെങ്കിലുമുണ്ടോ?’ ഞാൻ തെല്ലൊന്ന്‌ അന്ധാളിച്ചു. എന്തായിരിക്കാം അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്ന്‌ ഞാനോർത്തു. ഏതായാലും വീക്ഷാഗോപുരത്തിന്റെ അഞ്ചു പ്രതികൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. അവ ഓരോന്നും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘ഇതെല്ലാം എനിക്കു വേണം.’ എനിക്ക്‌ അതിശയം തോന്നി. ഉടനടി ഞാൻ മുറിയിൽ ചെന്ന്‌ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും * എന്ന പുസ്‌തകം എടുത്തുകൊണ്ടു വന്നു. അതിലെ പറുദീസയുടെ ചിത്രങ്ങൾ കാണിച്ചിട്ട്‌ ആളുകളെ സൗജന്യമായി ബൈബിൾ പഠിപ്പിക്കുന്ന ക്രമീകരണത്തെ കുറിച്ചു ഞാൻ അദ്ദേഹത്തോടു വിശദീകരിച്ചു. എന്നിട്ട്‌ ഞാൻ പറഞ്ഞു: ‘വില്യം, താങ്കൾക്കു നാളെ വരാൻ പറ്റുമോ? അങ്ങനെയെങ്കിൽ നമുക്കു നാളെത്തന്നെ ബൈബിൾ പഠനം തുടങ്ങാം.’ പറഞ്ഞതുപോലെ പിറ്റേന്നുതന്നെ അദ്ദേഹം വന്നു!

“ഒരു ഞായറാഴ്‌ച വില്യം ആദ്യമായി യോഗത്തിനു വന്നു. അപ്പോൾ ഞാൻ സ്റ്റേജിൽ പരസ്യപ്രസംഗം നടത്തിക്കൊണ്ട്‌ നിൽക്കുകയായിരുന്നു. രാജ്യഹാളിൽ പ്രവേശിച്ച ഉടനെ അദ്ദേഹം ചുറ്റും ഒന്നു കണ്ണോടിച്ചു, എന്നിട്ട്‌ തത്‌ക്ഷണം ഹാളിൽനിന്നു പുറത്തുപോയി. എന്തിനാണ്‌ അങ്ങനെ ചെയ്‌തതെന്ന്‌ പിന്നീട്‌ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. സങ്കോചത്തോടെ അദ്ദേഹം പറഞ്ഞു: ‘അവിടെ കൂടിയിരുന്നവരെല്ലാം എത്ര വൃത്തിയുള്ളവരായിരുന്നു! എനിക്ക്‌ ആകപ്പാടെ നാണക്കേടു തോന്നി.’

“അധ്യയനം പുരോഗമിക്കുന്നത്‌ അനുസരിച്ച്‌ വില്യം തന്റെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി. തലമുടി വെട്ടി, കുളിച്ച്‌, വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ തുടങ്ങിയ അദ്ദേഹം യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങി. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം പ്രകാശനം ചെയ്‌തപ്പോൾ ഞങ്ങൾ അതിൽനിന്ന്‌ അധ്യയനം ആരംഭിച്ചു. അതിനോടകം അദ്ദേഹം ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ രണ്ടു പ്രസംഗങ്ങൾ നടത്തിയിരുന്നുവെന്നു മാത്രമല്ല, സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനും ആയിത്തീർന്നിരുന്നു. തുടർന്നു വന്ന പ്രത്യേക സമ്മേളന ദിനത്തിൽ സ്‌നാപനമേറ്റ അദ്ദേഹത്തെ എന്റെ ആത്മീയ സഹോദരനായി സ്വാഗതം ചെയ്യാൻ എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ!”

വില്യമിന്‌ ആദ്യമായി വീക്ഷാഗോപുരം മാസികയുടെ പ്രതികൾ കിട്ടിയത്‌ എവിടെ നിന്നാണ്‌? “കുപ്പയിലെ കടലാസ്സുകളുടെ ഇടയിൽനിന്ന്‌,” വില്യം പറയുന്നു. അതേ, തികച്ചും അപ്രതീക്ഷിതമായ ഇടത്തു നിന്നാണ്‌ അദ്ദേഹത്തിന്‌ ആ മാണിക്യം ലഭിച്ചത്‌!

ജോലിസ്ഥലത്ത്‌ സാക്ഷീകരിക്കൽ

ജോലിസ്ഥലത്ത്‌ അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നാം എല്ലായ്‌പോഴും ശുഷ്‌കാന്തി കാണിക്കുന്നുവോ? നയ്‌റോബി സഭയിലെ ഒരു മൂപ്പനായ ജയിംസിനു ബൈബിൾ സത്യം ലഭിച്ചത്‌ ആ വിധത്തിലാണ്‌. അതേ മാർഗം അവലംബിച്ചുകൊണ്ട്‌ മറ്റുള്ളവർക്കു സാക്ഷ്യം നൽകുന്നതിൽ ജയിംസ്‌ പ്രാഗത്ഭ്യം നേടിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഒരു ദിവസം സഹപ്രവർത്തകരിൽ ഒരാൾ “യേശു രക്ഷിക്കുന്നു” എന്ന വാക്കുകളുള്ള ഒരു ബാഡ്‌ജ്‌ ധരിച്ചിരിക്കുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. സുവിശേഷകനായ ഫിലിപ്പൊസിനെ അനുകരിച്ചുകൊണ്ട്‌ ജയിംസ്‌ തന്റെ സഹപ്രവർത്തകനോടു ചോദിച്ചു: “ഈ വാക്കുകളുടെ അർഥമെന്താണെന്നു താങ്കൾക്ക്‌ അറിയാമോ?” (പ്രവൃത്തികൾ 8:30) ആ ചോദ്യം നല്ല ഒരു ചർച്ചയ്‌ക്കു വഴി തുറന്നു. ഒരു ബൈബിൾ അധ്യയനം തുടങ്ങി. ആ സഹപ്രവർത്തകൻ പിന്നീട്‌ സ്‌നാപനമേറ്റു. ഈ വിധത്തിൽ സാക്ഷീകരിച്ചുകൊണ്ട്‌ മറ്റാരെയെങ്കിലും സത്യത്തിലേക്ക്‌ ആകർഷിക്കാൻ ജയിംസിനു കഴിഞ്ഞിട്ടുണ്ടോ? അദ്ദേഹംതന്നെ അതു വിശദീകരിക്കട്ടെ:

“ഞാനും ടോമും ഒരേ കമ്പനിയിലെ ജോലിക്കാരായിരുന്നു. ഞങ്ങൾ മിക്കപ്പോഴും കമ്പനി ബസിലാണു യാത്ര ചെയ്‌തിരുന്നത്‌. ഒരു ദിവസം രാവിലെ ഞങ്ങൾ അടുത്തടുത്തിരുന്ന്‌ യാത്ര ചെയ്യാൻ ഇടയായി. ഞാൻ സൊസൈറ്റിയുടെ ഒരു പുസ്‌തകം വായിക്കുകയായിരുന്നു. ടോമിനു ശരിക്കും കാണാൻ പാകത്തിനാണ്‌ ഞാൻ ആ പുസ്‌തകം പിടിച്ചിരുന്നത്‌. പ്രതീക്ഷിച്ചതുപോലെതന്നെ അദ്ദേഹം അതേക്കുറിച്ച്‌ അറിയാൻ താത്‌പര്യം പ്രകടിപ്പിച്ചു. ഉടനടി ഞാൻ ആ പുസ്‌തകം അദ്ദേഹത്തിനു നൽകി. താൻ വായിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്‌ ആഴമായ മതിപ്പു തോന്നി. തുടർന്ന്‌, ഒരു ബൈബിൾ അധ്യയനത്തിനും സമ്മതിച്ചു. ഇപ്പോൾ അദ്ദേഹവും ഭാര്യയും യഹോവയുടെ സ്‌നാപനമേറ്റ ദാസരാണ്‌.”

ജയിംസ്‌ തുടരുന്നു: “ഉച്ചഭക്ഷണത്തിന്റെ സമയത്ത്‌ കമ്പനിയിൽ രസകരമായ പല ചർച്ചകളും നടക്കാറുണ്ട്‌. അങ്ങനെയാണു ഞാൻ രണ്ടു വ്യത്യസ്‌ത അവസരങ്ങളിൽ എഫ്രയിമിനെയും വോൾട്ടറെയും കണ്ടുമുട്ടിയത്‌. ഞാൻ ഒരു സാക്ഷിയാണെന്ന്‌ ഇരുവർക്കും അറിയാമായിരുന്നു. യഹോവയുടെ സാക്ഷികളോട്‌ ആളുകൾക്ക്‌ ഇത്രമാത്രം എതിർപ്പ്‌ ഉള്ളത്‌ എന്തുകൊണ്ടെന്ന്‌ അറിയാൻ എഫ്രയിം താത്‌പര്യം കാണിച്ചു. സാക്ഷികളും മറ്റു മതക്കാരും തമ്മിലുള്ള വ്യത്യാസം അറിയാനായിരുന്നു വോൾട്ടറിന്റെ ആഗ്രഹം. ഞാൻ നൽകിയ തിരുവെഴുത്തുപരമായ ഉത്തരങ്ങൾ ഇരുവർക്കും ബോധിച്ചു. അവർ ബൈബിൾ പഠിക്കാനും സമ്മതിച്ചു. എഫ്രിയിം പെട്ടെന്നുതന്നെ പുരോഗതി പ്രാപിച്ചു. ക്രമേണ, അദ്ദേഹവും ഭാര്യയും തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. ഇപ്പോൾ അദ്ദേഹം സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു; ഭാര്യ ഒരു സാധാരണ പയനിയറാണ്‌. വോൾട്ടർ അധ്യയനം തുടങ്ങിയെങ്കിലും ശക്തമായ എതിർപ്പു മൂലം പഠനം ഉപേക്ഷിച്ചു. എങ്കിലും, എന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അദ്ദേഹം അധ്യയനം പുനരാരംഭിച്ചു. ഇപ്പോൾ അദ്ദേഹവും ഒരു മൂപ്പനായി സേവനം അനുഷ്‌ഠിക്കുന്നു.” ജയിംസ്‌ ജോലിസ്ഥലത്ത്‌ അനൗപചാരികമായി സാക്ഷീകരിക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തിയതിന്റെ ഫലമായി മൊത്തം 11 പേർ സത്യ ക്രിസ്‌ത്യാനികൾ ആയിത്തീർന്നിരിക്കുന്നു.

തികച്ചും അപ്രതീക്ഷിതമായ അനന്തരഫലം

വിക്ടോറിയ തടാകത്തിന്റെ കരയിലുള്ള ഒരു ചെറിയ ഗ്രാമത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ കുറെ പേർ ഒരു ശവസംസ്‌കാര ചടങ്ങിനായി കൂടിവന്നു. ദുഃഖാർത്തരായ അവരുടെ കൂട്ടത്തിൽ പ്രായംചെന്ന ഒരു സാക്ഷിയുമുണ്ടായിരുന്നു. അദ്ദേഹം, ഡോളി എന്ന ഒരു സ്‌കൂൾ അധ്യാപികയെ സമീപിച്ച്‌ മരിച്ചവരുടെ അവസ്ഥയെയും മരണത്തെ എന്നേക്കുമായി നീക്കിക്കളയാനുള്ള യഹോവയുടെ ഉദ്ദേശ്യത്തെയും കുറിച്ചു വിശദീകരിച്ചു. ഡോളിയുടെ അനുകൂല പ്രതികരണം ശ്രദ്ധിച്ച അദ്ദേഹം ഇങ്ങനെ ഉറപ്പേകി: “നീ സ്വന്തം നഗരത്തിൽ മടങ്ങിയെത്തുമ്പോൾ ഞങ്ങളുടെ മിഷനറിമാരിൽ ഒരാൾ നിന്നെ സന്ദർശിച്ച്‌ ബൈബിൾ പഠിക്കാൻ സഹായിക്കും.”

കെനിയയിലെ മൂന്നാമത്തെ വലിയ പട്ടണത്തിലാണു ഡോളിയുടെ വീട്‌. അന്ന്‌ സാക്ഷികളായ വെറും നാലു മിഷനറിമാരെ അവിടെ ഉണ്ടായിരുന്നുള്ളൂ. വാസ്‌തവത്തിൽ, ഡോളിയെ സന്ദർശിക്കാൻ പ്രായംചെന്ന ആ സഹോദരൻ മിഷനറിമാരിൽ ആരെയും ഏർപ്പാടു ചെയ്‌തിരുന്നില്ല. എങ്കിലും, അങ്ങനെതന്നെ സംഭവിക്കുമെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുതന്നെയാണ്‌ സംഭവിച്ചതും! ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മിഷനറി സഹോദരി ഡോളിയെ സന്ദർശിച്ച്‌ അവരുമായി ബൈബിൾ അധ്യയനം തുടങ്ങി. ഡോളി ഇപ്പോൾ സ്‌നാപനമേറ്റ ഒരു സാക്ഷിയാണ്‌. അവരുടെ മകൾ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ പേർ ചാർത്തിയിരിക്കുന്നു. അവരുടെ രണ്ടു പുത്രന്മാരും സ്‌നാപനമേറ്റവരാണ്‌. പയനിയർ സേവന സ്‌കൂളിൽ പങ്കെടുക്കാനുള്ള പദവിയും ഡോളിക്കു ലഭിച്ചിരിക്കുന്നു.

വളർച്ചയ്‌ക്കൊത്തു പ്രവർത്തിക്കുന്നു

അനൗപചാരിക സാക്ഷീകരണത്തിനു സഹോദരങ്ങൾ കൂടുതൽ ഊന്നൽ നൽകിയതിന്റെ ഫലമായി, കെനിയയിൽ ആയിരക്കണക്കിന്‌ ആളുകൾക്കു സുവാർത്ത കേൾക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഇപ്പോൾ 15,000-ത്തിലധികം പ്രസാധകർ സുപ്രധാനമായ ഈ വേലയിൽ വ്യാപൃതരാണ്‌. കഴിഞ്ഞ വർഷം 41,000-ത്തിലധികം ആളുകൾ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആഘോഷിക്കാൻ കൂടിവന്നു. കെനിയയിൽ ഉടനീളം യോഗഹാജർ പ്രസാധകരുടെ എണ്ണത്തിന്റെ ഇരട്ടിയാണ്‌. തന്മൂലം അവിടെ കൂടുതൽ രാജ്യഹാളുകളുടെ ആവശ്യമുണ്ട്‌.

പ്രമുഖ നഗരങ്ങളിലും വിദൂര പ്രദേശങ്ങളിലും രാജ്യഹാളുകൾ നിർമിച്ചുവരുന്നു. അവയിൽ ഒരെണ്ണം, നയ്‌റോബിക്കു 320 കിലോമീറ്റർ വടക്കുകിഴക്കായുള്ള ഒറ്റപ്പെട്ട പട്ടണമായ സാമ്പൂറായിലാണ്‌. 1934-ൽ ആളുകൾ ആ പട്ടണത്തിന്‌ “മാറാലാൽ” എന്നു പേരിട്ടു. സാമ്പൂറു ഭാഷയിൽ അതിന്റെ അർഥം “വെട്ടിത്തിളങ്ങുന്ന” എന്നാണ്‌. തകരംകൊണ്ടുള്ള മേൽക്കൂരയോടു കൂടി ആദ്യമായി മാറാലാലിൽ പണിയപ്പെട്ട കെട്ടിടം സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങിയതുകൊണ്ടാണ്‌ ആ പട്ടണത്തിന്‌ പ്രസ്‌തുത പേരുവന്നത്‌. 62 വർഷത്തിനു ശേഷം മാറാലാലിൽ തകരംകൊണ്ടുള്ള മേൽക്കൂരയോടു കൂടിയ മറ്റൊരു കെട്ടിടം പണിയുകയുണ്ടായി. അതും “വെട്ടിത്തിളങ്ങുന്നു.” കാരണം അത്‌ ആ പ്രദേശത്തെ സത്യാരാധനയ്‌ക്കുള്ള കേന്ദ്രസ്ഥാനമാണ്‌.

15 പ്രസാധകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ്‌ കെനിയയുടെ ഈ വിദൂര പ്രദേശത്ത്‌ ആദ്യത്തെ രാജ്യഹാൾ ഉണ്ടായത്‌. അതിനു കാര്യമായ ഫണ്ട്‌ ഉണ്ടായിരുന്നില്ല. തന്മൂലം, പ്രാദേശികമായി ലഭ്യമായിരുന്ന സാധനങ്ങൾ ഉപയോഗിച്ച്‌ സഹോദരങ്ങൾ അതു പണിയേണ്ടിയിരുന്നു. അടുത്തടുത്തു നാട്ടിയ നീളമുള്ള തടിക്കഷണങ്ങളുടെ ഇടയ്‌ക്ക്‌, കുഴച്ചെടുത്ത ചെമ്മണ്ണു നിറയ്‌ക്കും. അങ്ങനെ ഉണ്ടാക്കുന്ന ഭിത്തികളുടെ ഇരുവശവും ചാണകവും ചാരവും കുഴച്ചുണ്ടാക്കിയ മിശ്രിതം തേച്ച്‌ മിനുക്കിയെടുക്കും. ഈ ഭിത്തികൾ വർഷങ്ങളോളം ഈടു നിൽക്കുന്നവയാണ്‌.

തടിക്കഷണങ്ങൾക്കായി മരങ്ങൾ വെട്ടിയെടുക്കാൻ സഹോദരങ്ങൾ പെർമിറ്റ്‌ വാങ്ങി. ഏറ്റവും അടുത്തുള്ള വനം ഏകദേശം 10 കിലോമീറ്റർ അകലെയായിരുന്നു. സഹോദരീസഹോദരന്മാർ വനത്തിലേക്കു കാൽനടയായി ചെന്ന്‌, മരങ്ങൾ വെട്ടിയെടുത്ത്‌, അവ മിനുക്കി നിർമാണസ്ഥലത്തേക്കു ചുമന്നുകൊണ്ടു വരേണ്ടതുണ്ടായിരുന്നു. ഒരിക്കൽ സഹോദരങ്ങൾ വനത്തിൽനിന്നു മടങ്ങവെ, പൊലീസുകാർ അവരെ തടഞ്ഞുനിറുത്തി അവരുടെ പെർമിറ്റു പരിശോധിച്ച്‌ അത്‌ അസാധുവാണെന്നു പറഞ്ഞു. പൊലീസ്‌ ഒരു പ്രത്യേക പയനിയറോട്‌ മരങ്ങൾ വെട്ടിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുന്നുവെന്നു പറഞ്ഞു. നാട്ടുകാർക്കും പൊലീസുകാർക്കും നല്ല പരിചയമുള്ള ഒരു സഹോദരി അവരോടൊപ്പം ഉണ്ടായിരുന്നു. ആ സഹോദരി ഇങ്ങനെ പറഞ്ഞു: “അങ്ങനെയെങ്കിൽ നിങ്ങൾ ഞങ്ങളുടെ ഈ സഹോദരനെ മാത്രം അറസ്റ്റു ചെയ്‌താൽ പോര, ഞങ്ങളെയെല്ലാം അറസ്റ്റു ചെയ്യണം. കാരണം ഞങ്ങളെല്ലാവരും ചേർന്നാണു മരങ്ങൾ വെട്ടിയത്‌!” അതു കേട്ട പൊലീസ്‌ ഉദ്യോഗസ്ഥൻ അവരെ എല്ലാവരെയും പോകാൻ അനുവദിച്ചു.

വനത്തിൽ വന്യമൃഗങ്ങൾ ഉണ്ടായിരുന്നതിനാൽ അതിലൂടെ നടക്കുന്നത്‌ അപകടകരമായിരുന്നു. ഒരിക്കൽ ഒരു സഹോദരി ഒരു മരം വെട്ടിവീഴ്‌ത്തി. മരം താഴെ വീണപ്പോൾ ഒരു മൃഗം ചാടിയോടുന്നത്‌ മിന്നായംപോലെ അവർ കണ്ടു. അതിന്റെ ഇളം തവിട്ടുനിറം കണ്ടപ്പോൾ അതൊരു മാൻ ആയിരിക്കുമെന്നാണു സഹോദരി വിചാരിച്ചത്‌. എന്നാൽ, പിന്നീട്‌ ആ മൃഗത്തിന്റെ കാൽപ്പാടുകൾ ശ്രദ്ധിച്ചപ്പോഴാണ്‌ അതൊരു സിംഹമായിരുന്നു എന്നു സഹോദരിക്കു മനസ്സിലായത്‌! അത്തരം അപകടങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും സഹോദരങ്ങൾ ഹാളിന്റെ പണി പൂർത്തിയാക്കി. അത്‌ യഹോവയ്‌ക്കു സ്‌തുതി കരേറ്റിക്കൊണ്ട്‌ “വെട്ടിത്തിളങ്ങുന്നു.”

1963 ഫെബ്രുവരി 1, കെനിയയിലെ ദിവ്യാധിപത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അന്ന്‌ അവിടെ ആദ്യത്തെ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനമാരംഭിച്ചു. 80 ചതുരശ്ര അടി വരുന്ന ഒരു മുറിയാണ്‌ അതിനായി ഉപയോഗിച്ചിരുന്നത്‌. 1997 ഒക്‌ടോബർ 25 കെനിയയുടെ ദിവ്യാധിപത്യ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. അന്ന്‌ 84,000 ചതുരശ്ര അടി വരുന്ന പുതിയ ബെഥേൽ സമുച്ചയത്തിന്റെ സമർപ്പണം നടന്നു! മൂന്നു വർഷത്തെ അർപ്പിത പ്രയത്‌നത്തിന്റെ ഫലമായിരുന്നു അത്‌. 25 ദേശങ്ങളിൽ നിന്നുള്ള സ്വമേധയാ സേവകർ ചേറും പാഴ്‌ചെടികളും നിറഞ്ഞ 7.8 ഏക്കർ വയൽ, പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾക്കുവേണ്ടി മനോഹരമായ ഉദ്യാനമാക്കി മാറ്റി. ഇപ്പോൾ ഇവിടത്തെ ബെഥേൽ കുടുംബത്തിൽ 80 പേരാണുള്ളത്‌.

യഹോവ തന്റെ ജനത്തിനായി ചെയ്‌തിരിക്കുന്ന സകലത്തെയും ഓർത്ത്‌ ആനന്ദിക്കാൻ നമുക്കു വേണ്ടത്ര കാരണങ്ങൾ ഉണ്ട്‌. കെനിയയിൽ അർഹതയുള്ളവരെ കണ്ടുപിടിക്കാൻ കഠിന ശ്രമം ചെയ്യുന്നതിന്‌ ഹൃദയം വിശാലമാക്കാൻ തന്റെ ദാസരെ പ്രേരിപ്പിക്കുന്നതിനും അങ്ങനെ കെനിയയെ ആത്മീയ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദേശമാക്കി മാറ്റിയിരിക്കുന്നതിനും നമുക്ക്‌ യഹോവയോടു ഹൃദയംഗമമായ നന്ദി പറയാം.

[അടിക്കുറിപ്പ്‌]

^ ഖ. 13 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചത്‌.