വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചാവുകടൽ ചുരുളുകൾ—വസ്‌തുതകൾ എന്തു വെളിപ്പെടുത്തുന്നു?

ചാവുകടൽ ചുരുളുകൾ—വസ്‌തുതകൾ എന്തു വെളിപ്പെടുത്തുന്നു?

ചാവുകടൽ ചുരുളുകൾ—വസ്‌തുതകൾ എന്തു വെളിപ്പെടുത്തുന്നു?

ഏകദേശം 50 വർഷം മുമ്പായിരുന്നു ആ സംഭവം. അറബി നാടോടിയായ ഒരു ആട്ടിടയൻ ഒരു കല്ല്‌ ഒരു ഗുഹയിലേക്കെറിഞ്ഞു. ആ കല്ല്‌ ഒരു മൺഭരണിയിൽകൊണ്ട്‌ അതു പൊട്ടുന്ന ശബ്ദം അവൻ കേട്ടു. ഗുഹയ്‌ക്കുള്ളിൽ കയറി നോക്കിയ അവൻ കണ്ടത്‌ മൺഭരണിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന കുറെ ചുരുളുകളാണ്‌. ചാവുകടൽ ചുരുളുകൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയായ ചുരുളുകളിൽ ആദ്യത്തേതായിരുന്നു അവ. 20-ാം നൂറ്റാണ്ടിലെ പുരാവസ്‌തുപരമായ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നാണു ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്‌.

ആചുരുളുകൾ പണ്ഡിതന്മാരുടെയും വാർത്താ മാധ്യമങ്ങളുടെയും ശ്രദ്ധാ കേന്ദ്രവും തർക്കവിഷയവും ആയിരിക്കുന്നു. പൊതുജനങ്ങൾക്കിടയിൽ അവ വളരെയേറെ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിച്ചിരിക്കുന്നു. തങ്ങളുടെ വിശ്വാസത്തിനു തുരങ്കം വെക്കുമെന്ന ഭയം നിമിത്തം ക്രിസ്‌ത്യാനികളും യഹൂദന്മാരും ആ ചുരുളുകൾ മൂടിവെക്കാൻ ശ്രമങ്ങൾ നടത്തിയിരിക്കുന്നതായി കിംവദന്തികൾ പരന്നു. വാസ്‌തവത്തിൽ, ഈ ചുരുളുകൾക്ക്‌ എത്രമാത്രം പ്രാധാന്യമുണ്ട്‌? ഇപ്പോൾ 50-ലധികം വർഷങ്ങൾ കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ നമുക്കിനി അവയെക്കുറിച്ചുള്ള വസ്‌തുതകൾ അറിയാനാകുമോ?

എന്താണ്‌ ചാവുകടൽ ചുരുളുകൾ?

പുരാതന യഹൂദ കയ്യെഴുത്തുപ്രതികളാണ്‌ ചാവുകടൽ ചുരുളുകൾ. അവയിൽ മിക്കവയും എബ്രായ ഭാഷയിലും ചിലത്‌ അരമായയിലും ചുരുക്കം ചിലത്‌ ഗ്രീക്കിലുമാണ്‌ എഴുതിയിരിക്കുന്നത്‌. ചുരുളുകളും ചുരുൾശകലങ്ങളും ഉൾപ്പെടുന്ന ഇവയിൽ പലതും 2,000-ത്തിലധികം വർഷങ്ങൾ പഴക്കമുള്ളവയാണ്‌, അതായത്‌ യേശു ജനിക്കുന്നതിനു മുമ്പുള്ളവ. അറബി നാടോടികളിൽനിന്നു കൈപ്പറ്റിയ ആദ്യ ചുരുളുകൾ നീളമുള്ള ഏഴ്‌ കയ്യെഴുത്തുപ്രതികൾ ആയിരുന്നു. അവയ്‌ക്കു പലയളവിൽ ദ്രവീകരണം സംഭവിച്ചിരുന്നു. പിന്നീട്‌, കൂടുതൽ ഗുഹകൾ പരിശോധിക്കവെ വേറെ ചുരുളുകളും ആയിരക്കണക്കിനു ചുരുൾശകലങ്ങളും കണ്ടെടുക്കപ്പെട്ടു. 1947-നും 1956-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ ചാവുകടലിന്‌ അടുത്തുള്ള കുംറാനിൽ ചുരുളുകൾ ഉള്ള മൊത്തം 11 ഗുഹകൾ കണ്ടെത്തുകയുണ്ടായി.

എല്ലാ ചുരുളുകളും ചുരുൾശകലങ്ങളും തരംതിരിച്ചു വെച്ചപ്പോൾ ഏകദേശം 800 കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നു. അവയിൽ 200-ലധികം കയ്യെഴുത്തുപ്രതികൾ എബ്രായ ബൈബിൾ പാഠഭാഗങ്ങളുടെ പകർപ്പുകളാണ്‌. കൂടാതെ, ഉത്തര കാനോനിക ഗ്രന്ഥങ്ങളും യഹൂദ വ്യാജസാഹിത്യങ്ങളും അടങ്ങുന്ന ബൈബിളേതര യഹൂദ ലിഖിതങ്ങളുടെ കയ്യെഴുത്തുപ്രതികളും അവയിൽ ഉൾപ്പെടുന്നു. *

മുമ്പ്‌ അറിയപ്പെടാതിരുന്ന ചില ലിഖിതങ്ങളുടെ ചുരുളുകളാണു പണ്ഡിതന്മാരെ ഏറ്റവും ആവേശഭരിതരാക്കിയിരിക്കുന്നത്‌. യഹൂദ നിയമ വ്യാഖ്യാനങ്ങൾ, കുംറാനിൽ ജീവിച്ചിരുന്ന മതവിഭാഗക്കാർക്കു മാത്രമായുള്ള നിയമങ്ങൾ, മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായ പദ്യങ്ങളും പ്രാർഥനകളും, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെയും അന്ത്യനാളുകളെയും സംബന്ധിച്ച വീക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ലോകാവസാനത്തോടു ബന്ധപ്പെട്ട ലിഖിതങ്ങൾ എന്നിവ അതിൽ പെടുന്നു. അനുപമമായ ബൈബിൾ വ്യാഖ്യാനങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇന്നുള്ള വാക്യാനുവാക്യ ബൈബിൾ വ്യാഖ്യാനങ്ങളുടെ മുന്നോടികളായിരുന്നു അവ.

ചാവുകടൽ ചുരുളുകൾ എഴുതിയത്‌ ആർ?

പുരാതന രേഖകളുടെ കാലപ്പഴക്കം നിർണയിക്കുന്ന വ്യത്യസ്‌ത രീതികൾ സൂചിപ്പിക്കുന്നതനുസരിച്ച്‌, പൊ.യു.മു. മൂന്നാം നൂറ്റാണ്ടിനും പൊ.യു. ഒന്നാം നൂറ്റാണ്ടിനുമിടയ്‌ക്കു പകർത്തിയെഴുതിയതോ രചിച്ചവയോ ആണ്‌ ഈ ചുരുളുകൾ. പൊ.യു. 70-ൽ യെരൂശലേം ആലയം നശിപ്പിക്കപ്പെടുന്നതിനു മുമ്പ്‌ അവിടെ ഉണ്ടായിരുന്ന യഹൂദന്മാരാണ്‌ ആ ചുരുളുകൾ ഗുഹകളിൽ ഒളിപ്പിച്ചുവെച്ചത്‌ എന്നു ചില പണ്ഡിതന്മാർ പറയുന്നു. എന്നാൽ, ഈ വീക്ഷണം ആ ചുരുളുകളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിലല്ല എന്നാണ്‌ അവയെ കുറിച്ചു ഗവേഷണം നടത്തുന്ന മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം. പല ചുരുളുകളും യെരൂശലേമിലെ മത നേതാക്കന്മാരുടേതിനു കടകവിരുദ്ധമായ വീക്ഷണങ്ങളും ആചാരങ്ങളും പ്രതിഫലിപ്പിക്കുന്നു. ദൈവം പുരോഹിതന്മാരെയും യെരൂശലേമിലെ ആലയ സേവനത്തെയും തള്ളിക്കളഞ്ഞതായും ആലയസേവനത്തിനു പകരം മരുഭൂമിയിലെ തങ്ങളുടെ ആരാധനയെ അവൻ കൈക്കൊള്ളുന്നതായും വിശ്വസിച്ചിരുന്ന ഒരു സമുദായത്തെ കുറിച്ച്‌ ആ ചുരുളുകൾ വെളിപ്പെടുത്തുന്നു. അത്തരം വിവരങ്ങൾ അടങ്ങിയ ചുരുളുകൾ യെരൂശലേമിലെ ആലയ അധികാരികൾ ഒളിപ്പിച്ചുവെക്കാൻ തെല്ലും സാധ്യത കാണുന്നില്ല.

കുംറാനിൽ ഒരു കൂട്ടം പകർപ്പെഴുത്തുകാർ ഉണ്ടായിരുന്നിരിക്കാമെങ്കിലും, അവിടെയുണ്ടായിരുന്ന വിശ്വാസികൾ മിക്ക ചുരുളുകളും മറ്റെവിടെനിന്നോ ശേഖരിച്ച്‌ അങ്ങോട്ടു കൊണ്ടുവന്നതായിരിക്കാനാണു സാധ്യത. ഒരർഥത്തിൽ ചാവുകടൽ ചുരുളുകൾ വിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെയാണ്‌. ഏതൊരു ഗ്രന്ഥശാലയുടെയും കാര്യത്തിലെന്നതുപോലെ ഈ ശേഖരത്തിലും നാനാ വിഷയങ്ങൾ അടങ്ങിയിരിക്കുന്നു എന്നു വരാം. അവയൊന്നും വായനക്കാരുടെ മതവിശ്വാസങ്ങളെ അവശ്യം പ്രതിഫലിപ്പിക്കണമെന്നില്ല. എന്നിരുന്നാലും, നിരവധി പ്രതികളുള്ള പാഠഭാഗങ്ങൾ ആ മതവിഭാഗത്തിന്റെ പ്രത്യേക താത്‌പര്യങ്ങളും വിശ്വാസങ്ങളും പ്രതിഫലിപ്പിക്കാൻ സാധ്യതയുള്ളവയാണ്‌.

കുംറാനിൽ ജീവിച്ചിരുന്നവർ ഇസിനുകൾ ആയിരുന്നോ?

ഈ ചുരുളുകൾ കുംറാനിലെ ഗ്രന്ഥശാല ആയിരുന്നെങ്കിൽ, അവിടെ ആരാണു താമസിച്ചിരുന്നത്‌? 1947-ൽ എലിയേസർ സൂക്കെനിക്ക്‌ എന്ന പ്രൊഫസർ യെരൂശലേമിലെ ഹീബ്രൂ സർവകലാശാലയ്‌ക്കുവേണ്ടി മൂന്നു ചുരുളുകൾ വാങ്ങി. ഇസിൻ സമുദായക്കാരുടേതായിരുന്നു ആ ചുരുളുകൾ എന്ന്‌ ആദ്യമായി അഭിപ്രായപ്പെട്ടത്‌ അദ്ദേഹമാണ്‌.

ഇസിനുകൾ ഒരു യഹൂദമതവിഭാഗക്കാർ ആയിരുന്നു എന്ന്‌ ഒന്നാം നൂറ്റാണ്ടിലെ എഴുത്തുകാരായ ജോസീഫസും അലക്‌സാൻഡ്രിയക്കാരൻ ഫൈലോയും എൽഡർ പ്ലിനിയും സൂചിപ്പിച്ചിട്ടുണ്ട്‌. ഇസിനുകൾ യഥാർഥത്തിൽ ആരായിരുന്നു എന്നതു സംബന്ധിച്ചു പല ഊഹാപോഹങ്ങളും നിലവിലുണ്ടെങ്കിലും, അവർ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ മക്കബായർ നടത്തിയ വിപ്ലവത്തെ തുടർന്നുണ്ടായ പ്രക്ഷുബ്ധ കാലഘട്ടത്തിൽ ഉടലെടുത്ത ഒരു വിഭാഗം ആയിരിക്കാനാണ്‌ സാധ്യത. * അവർ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നതായി ജോസീഫസ്‌ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, അവരുടെ മതപരമായ വീക്ഷണങ്ങൾ പരീശന്മാരുടെയും സദൂക്യരുടെയും വീക്ഷണങ്ങളിൽനിന്നു വ്യത്യാസപ്പെട്ടിരുന്നത്‌ എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌. യെരീഹോയ്‌ക്കും ഏൻ-ഗെദിക്കും ഇടയിലുള്ള ചാവുകടൽ പ്രദേശത്ത്‌ ഇസിൻ സമുദായക്കാർ ജീവിച്ചിരുന്നതായി പ്ലിനി സൂചിപ്പിച്ചിട്ടുണ്ട്‌.

“കുംറാനിൽ ജീവിച്ചിരുന്ന ഇസിനുകൾ വലിയ ഒരു ഇസിൻ പ്രസ്ഥാനത്തിന്റെ ചെറിയ ഭാഗമായിരുന്നു” എന്ന്‌ ഒരു ചാവുകടൽ ചുരുൾ പണ്ഡിതനായ പ്രൊഫസർ ജയിംസ്‌ വാൻഡെർകാം അഭിപ്രായപ്പെടുന്നു. ആ പ്രസ്ഥാനത്തിൽ ഏകദേശം നാലായിരം അംഗങ്ങൾ ഉണ്ടായിരുന്നതായി ജോസീഫസ്‌ കണക്കാക്കി. എല്ലാ വിശദാംശങ്ങളും യോജിച്ചുപോകുന്നില്ലെങ്കിലും കുംറാൻ പാഠഭാഗങ്ങളിലെ വിവരണങ്ങൾ വ്യക്തമാക്കുന്നത്‌, അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന മറ്റേതൊരു യഹൂദ മതവിഭാഗക്കാരെക്കാളും അവയിലെ വിവരണങ്ങൾ യോജിക്കുന്നത്‌ ഇസിനുകൾക്ക്‌ ആണെന്നാണ്‌.

ക്രിസ്‌ത്യാനിത്വത്തിനു തുടക്കം കുറിക്കപ്പെട്ടതു കുംറാനിൽ ആണെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, കുംറാൻ മതവിഭാഗക്കാരുടെയും ആദിമ ക്രിസ്‌ത്യാനികളുടെയും വീക്ഷണങ്ങൾ തമ്മിൽ ശ്രദ്ധേയമായ പല വ്യത്യാസങ്ങളും കാണാനാകും. ഈ മതവിഭാഗക്കാർ ശബത്ത്‌ നിയമങ്ങൾ സംബന്ധിച്ച്‌ അതികർശന നിലപാടു സ്വീകരിച്ചിരുന്നതായും ആചാരപരമായ ശുദ്ധീകരണങ്ങളിൽ അങ്ങേയറ്റം വ്യാപൃതരായിരുന്നതായും കുംറാൻ ലിഖിതങ്ങൾ വെളിപ്പെടുത്തുന്നു. (മത്തായി 15:1-20; ലൂക്കൊസ്‌ 6:1-11) അതുപോലെതന്നെ, അവർ സമൂഹത്തിൽനിന്ന്‌ ഒറ്റപ്പെട്ടു കഴിയുകയും വിധിവിശ്വാസം പുലർത്തുകയും ആത്മാവിന്റെ അമർത്യതയിൽ വിശ്വസിക്കുകയും ബ്രഹ്മചര്യത്തിന്‌ ഊന്നൽ നൽകുകയും ദൂതന്മാരോടൊത്ത്‌ ആരാധനയിൽ പങ്കുപറ്റുന്നതു സംബന്ധിച്ച്‌ നിഗൂഢ ആശയങ്ങൾ വെച്ചുപുലർത്തുകയും ചെയ്‌തിരുന്നതായി മനസ്സിലാക്കാനാകും. ഇസിനുകൾ യേശുവിന്റെയും ആദിമ ക്രിസ്‌ത്യാനികളുടെയും പഠിപ്പിക്കലുകൾ പിൻപറ്റിയിരുന്നില്ല എന്ന്‌ ഇതു വ്യക്തമാക്കുന്നു.​—⁠മത്തായി 5:14-16; യോഹന്നാൻ 11:23, 24; കൊലൊസ്സ്യർ 2:18; 1 തിമൊഥെയൊസ്‌ 4:1-3.

ചുരുളുകളുടെ രഹസ്യങ്ങൾ ചുരുളഴിയുന്നു

ചാവുകടൽ ചുരുളുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള വർഷങ്ങളിൽ, അവയിൽനിന്നു മനസ്സിലാക്കിയ പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങി. അങ്ങനെ അവ ലോകമെമ്പാടുമുള്ള പണ്ഡിതന്മാർക്കു ലഭ്യമായി. എന്നാൽ, 4-ാം ഗുഹ എന്ന്‌ അറിയപ്പെടുന്ന ഒരു ഗുഹയിൽനിന്നു കണ്ടുപിടിച്ച ആയിരക്കണക്കിനു ചുരുൾശകലങ്ങൾ വളരെ കുഴപ്പംപിടിച്ചവ ആയിരുന്നു. അവ സൂക്ഷിച്ചിരുന്നത്‌ പൂർവ യെരൂശലേമിലുള്ള (അന്ന്‌ അത്‌ ജോർദാന്റെ ഭാഗമായിരുന്നു) പാലസ്‌തീൻ പുരാവസ്‌തു കാഴ്‌ചബംഗ്ലാവിനെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അന്താരാഷ്‌ട്ര പണ്ഡിതന്മാരുടെ ഒരു ചെറിയ സംഘമാണ്‌. ആ സംഘത്തിൽ യഹൂദ, ഇസ്രായേല്യ പണ്ഡിതന്മാർ ആരും ഉണ്ടായിരുന്നില്ല.

ആ ഗവേഷക സംഘം, തങ്ങളുടെ ഔദ്യോഗിക ഗവേഷണ ഫലങ്ങൾ പുറത്തിറക്കുംവരെ ചുരുളുകൾ ആർക്കും ലഭ്യമാക്കാതിരിക്കുകയെന്ന ഒരു നയം സ്വീകരിച്ചു. ആ സംഘത്തിലെ പണ്ഡിതന്മാരുടെ എണ്ണത്തിനും ഒരു പരിധി നിശ്ചയിച്ചു. സംഘത്തിലെ ഒരംഗം മരിക്കുന്നെങ്കിൽ ആ ഒഴിവിലേക്ക്‌ ഒരു പണ്ഡിതനെ മാത്രമേ നിയമിക്കുമായിരുന്നുള്ളൂ. എന്നാൽ, ഉൾപ്പെട്ടിരുന്ന ജോലിവെച്ചു നോക്കുമ്പോൾ കൂടുതൽ ഗവേഷകരുടെ ആവശ്യം പ്രകടമായിരുന്നു. മാത്രമല്ല, ചില കേസുകളിൽ പുരാതന എബ്രായ, അരമായ ഭാഷകളിൽ കൂടുതൽ പാണ്ഡിത്യമുള്ളവരുടെ ആവശ്യവുമുണ്ടായിരുന്നു. അതേക്കുറിച്ച്‌ ജയിംസ്‌ വാൻഡർകം ഇങ്ങനെ പറയുന്നു: “പതിനായിരക്കണക്കിനു ചുരുൾശകലങ്ങൾ എട്ടു ഗവേഷകർക്ക്‌​—⁠അവർ എത്രതന്നെ വിദഗ്‌ധരായിരുന്നാലും​—⁠കൈകാര്യം ചെയ്യാവുന്നതിലും അധികമായിരുന്നു.”

1967-ലെ ഷഡ്‌ദിന യുദ്ധത്തോടെ പൂർവ യെരൂശലേമും അവിടത്തെ ചുരുളുകളും ഇസ്രായേലിന്റെ അധീനതയിലായി. എങ്കിലും ചുരുൾ ഗവേഷണ സംഘത്തിന്റെ നയത്തിന്‌ ഒരു മാറ്റവും ഉണ്ടായില്ല. നാലാം ഗുഹയിൽനിന്നു കണ്ടെടുത്ത ചുരുളുകളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വർഷങ്ങളല്ല, ദശകങ്ങൾതന്നെ എടുക്കുന്നു എന്നു കണ്ടപ്പോൾ പല പണ്ഡിതന്മാരും അതിനെതിരെ ശബ്ദമുയർത്തി. 1977-ൽ, ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗേസാ വെർമെഷ്‌ അതിനെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പാണ്ഡിത്യ കുംഭകോണം എന്നു വിളിച്ചു. ആ ചുരുളുകളിലെ വിവരങ്ങൾ ക്രിസ്‌ത്യാനിത്വത്തിനു ഹാനികരമാണെന്നും തന്മൂലം അവ മറെച്ചുവെക്കാൻ കത്തോലിക്കാ സഭ മനപ്പൂർവം ശ്രമിക്കുകയാണെന്നുമുള്ള ശ്രുതി പരന്നു തുടങ്ങി.

ഒടുവിൽ, 1980-കളിൽ ഗവേഷണ സംഘത്തിലെ പണ്ഡിതന്മാരുടെ എണ്ണം 20 ആക്കി. പിന്നീട്‌, 1990-ൽ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ട, ഹീബ്രൂ സർവകലാശാലയിലെ ഇമ്മാനുവൽ ടോവിന്റെ നേതൃത്വത്തിൻ കീഴിൽ ഗവേഷകരുടെ എണ്ണം 50-ലധികമായി വർധിപ്പിച്ചു. തുടർന്ന്‌, ശേഷിച്ച ചുരുളുകളുടെ ഗവേഷണ ഫലങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നതിനു കർശനമായ ഒരു സമയപരിധി നിശ്ചയിക്കുകയും ചെയ്‌തു.

1991-ൽ അപ്രതീക്ഷിതമായി ഈ രംഗത്ത്‌ വലിയ ഒരു പുരോഗതി ഉണ്ടായി. ആദ്യം, പ്രസിദ്ധീകരിക്കപ്പെടാത്ത ചാവുകടൽ ചുരുളുകളുടെ പ്രാഥമിക പതിപ്പ്‌ (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിക്കപ്പെട്ടു. ആ ഗവേഷക സംഘത്തിന്റെ കൺകോർഡൻസിന്റെ ഒരു പ്രതിയെ ആസ്‌പദമാക്കി കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്‌ അത്‌ ഉണ്ടാക്കിയത്‌. തുടർന്ന്‌, ഏതൊരു പണ്ഡിതനും ചുരുളുകളുടെ മുഴു ചിത്രങ്ങളും ലഭ്യമാക്കുന്നതാണെന്ന്‌ കാലിഫോർണിയയിലെ സാൻ മറൈനോയിലുള്ള ഹണ്ടിങ്‌ടൺ ഗ്രന്ഥശാല പ്രഖ്യാപിച്ചു. താമസിയാതെ, ചാവുകടൽ ചുരുളുകളുടെ ഒരു തനിപ്പകർപ്പ്‌ (ഇംഗ്ലീഷ്‌) പുറത്തിറങ്ങിയതോടെ, മുമ്പ്‌ പ്രസിദ്ധീകരിക്കാതിരുന്ന ചുരുളുകളുടെ ചിത്രങ്ങൾ ലഭ്യമായി.

അങ്ങനെ, കഴിഞ്ഞ ദശകം മുതൽ എല്ലാ ചാവുകടൽ ചുരുളുകളും പരിശോധനയ്‌ക്കു ലഭ്യമായിരിക്കുന്നു. ചാവുകടൽ ചുരുളുകളുടെ രഹസ്യം ചുരുളഴിഞ്ഞതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ചുരുളുകളുടെ അന്തിമമായ ഔദ്യോഗിക പതിപ്പ്‌ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ അവ പൂർണമായി വിശകലനം ചെയ്യാൻ സാധിക്കും. ചാവുകടൽ ചുരുളുകൾ ഗവേഷണം ചെയ്യുന്ന പണ്ഡിതന്മാരുടെ ഒരു പുത്തൻ തലമുറ പിറന്നിരിക്കുന്നു. എന്നാൽ, ഈ ഗവേഷണം ബൈബിൾ വിദ്യാർഥികൾക്ക്‌ എത്ര പ്രാധാന്യമുള്ളതാണ്‌?

[അടിക്കുറിപ്പുകൾ]

^ ഖ. 6 പൊ.യു.മു. മൂന്നാം നൂറ്റാണ്ടിനും പൊ.യു. ഒന്നാം നൂറ്റാണ്ടിനും ഇടയ്‌ക്ക്‌ എഴുതപ്പെട്ട യഹൂദ ലിഖിതങ്ങളാണ്‌ ഉത്തര കാനോനിക ഗ്രന്ഥങ്ങളും (അപ്പോക്രിഫ, അക്ഷരീയമായി “മൂടിവെക്കപ്പെട്ടത്‌” എന്നർഥം) യഹൂദ വ്യാജസാഹിത്യ ഗ്രന്ഥങ്ങളും (സ്യൂഡിപിഗ്രാഫ, അക്ഷരീയമായി “വ്യാജ ലിഖിതങ്ങൾ”). റോമൻ കത്തോലിക്കാ മതം ഉത്തര കാനോനിക ഗ്രന്ഥങ്ങളെ നിശ്വസ്‌ത തിരുവെഴുത്തുകളുടെ ഭാഗമായി ബൈബിൾ കാനോനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ യഹൂദ, പ്രൊട്ടസ്റ്റന്റ്‌ മതങ്ങൾ ആ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല. “യഹൂദ വ്യാജസാഹിത്യങ്ങ”ളിൽ മിക്കവയും ബൈബിളിലെ ചില പ്രസിദ്ധ കഥാപാത്രങ്ങളുടെ പേരിൽ കെട്ടിച്ചമച്ച വിവരങ്ങളാണ്‌.

^ ഖ. 13 1998 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-4 പേജുകളിലെ, “മക്കബായർ ആരായിരുന്നു?” എന്ന ലേഖനം കാണുക.

[3-ാം പേജിലെ ചിത്രം]

പുരാതന ചുരുളുകൾ കണ്ടെടുത്ത ചാവുകടലിനു സമീപത്തുള്ള ഗുഹകളിൽ ചിലത്‌

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ചുരുൾശകലം: 3, 4, 6 എന്നീ പേജുകൾ: Courtesy of Israel Antiquities Authority

[5-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Courtesy of Shrine of the Book, Israel Museum, Jerusalem