വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുങ്കാറ്റിനെ വെല്ലുന്ന സ്‌നേഹം!

കൊടുങ്കാറ്റിനെ വെല്ലുന്ന സ്‌നേഹം!

കൊടുങ്കാറ്റിനെ വെല്ലുന്ന സ്‌നേഹം!

രണ്ടായിരത്തഞ്ചിൽ ഐക്യനാടുകളുടെ തീരങ്ങളിൽ ആഞ്ഞുവീശിയ കത്രീന, റീത്ത ചുഴലിക്കൊടുങ്കാറ്റുകൾ ജീവനും സ്വത്തിനും കനത്ത നാശം വിതച്ചു. ദുരന്തബാധിതരിൽ ആയിരക്കണക്കിന്‌ യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു.

ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ്‌ പെട്ടെന്നുതന്നെ ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചു. ലൂസിയാനയിൽ അവർ 13 ദുരിതാശ്വാസ കേന്ദ്രങ്ങളും 9 സംഭരണശാലകളും 4 ഇന്ധന ഡിപ്പോകളും സ്ഥാപിച്ചു. 80,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ടായിരുന്നു അവരുടെ പ്രവർത്തനമേഖലയ്‌ക്ക്‌. ഐക്യനാടുകളുടെ വിവിധഭാഗങ്ങളിൽനിന്നും 13 മറ്റു രാജ്യങ്ങളിൽനിന്നും യഹോവയുടെ സാക്ഷികളായ 17,000-ത്തോളം സ്വമേധയാസേവകർ രക്ഷാപ്രവർത്തനത്തിനും പുനർനിർമാണവേലയ്‌ക്കുമായി എത്തിച്ചേർന്നു. അവരുടെ ക്രിസ്‌തീയ സ്‌നേഹത്തിനു മുമ്പിൽ പ്രകൃതിശക്തികൾ ഏതുമല്ലായിരുന്നു.—1 കൊരിന്ത്യർ 13:1-8.

യഹോവയുടെ സാക്ഷികളുടെ 5,600-ലേറെ ഭവനങ്ങളും 90 യോഗസ്ഥലങ്ങളും സ്വമേധയാസേവകർ കേടുപോക്കി; കേടുപാടു സംഭവിച്ച മിക്കവാറും എല്ലാ കെട്ടിടങ്ങളുംതന്നെ എന്നു പറയാം. ഗലാത്യർ 6:10-ൽ ‘എല്ലാവർക്കും നന്മ ചെയ്യുക’ എന്ന്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. അതിനു ചേർച്ചയിൽ അവർ സാക്ഷികളല്ലാത്തവരെയും സഹായിക്കുകയുണ്ടായി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക്‌ വളരെയധികം ത്യാഗങ്ങൾ ചെയ്യേണ്ടിവന്നെങ്കിലും നിരവധി അനുഗ്രഹങ്ങൾ ആസ്വദിക്കാനായി. വിവിധ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ച ഏഴു പേർക്കു പറയാനുള്ളതു ശ്രദ്ധിക്കുക.

“ജീവിതത്തിലെ ഒരു അവിസ്‌മരണീയ അനുഭവം”

റോബർട്ട്‌: ദുരിതാശ്വാസ കമ്മിറ്റിയിൽ സേവിക്കാനായത്‌ എന്റെ ജീവിതത്തിലെ ഒരു അവിസ്‌മരണീയ അനുഭവമായിരുന്നു. 67 വയസ്സുള്ള ഞാനായിരുന്നു കമ്മിറ്റിയിലെ ഏറ്റവും പ്രായംചെന്നയാൾ. ആത്മീയചിന്താഗതിയുള്ള സ്വമേധയാസേവകരുടെ ഒരു വലിയ കൂട്ടത്തോടൊപ്പമാണു ഞാൻ സേവിച്ചത്‌; അവരിൽ പലരും നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരായിരുന്നു. യഹോവയോടും സഹക്രിസ്‌ത്യാനികളോടും ആത്മത്യാഗപരമായ സ്‌നേഹം കാണിച്ച ആ ചെറുപ്പക്കാർ പ്രോത്സാഹനത്തിന്റെ വലിയൊരു ഉറവിടമായിരുന്നു.

എന്റെ ഭാര്യ വെറോനിക്കയുടെ സഹായവും എടുത്തുപറയേണ്ടതുതന്നെ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതിന്‌ 40-ലേറെ വർഷമായി ചെയ്‌തുകൊണ്ടിരുന്ന ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ അവൾക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. രാത്രികാലങ്ങളിൽ ഓഫീസുകൾ വൃത്തിയാക്കുന്ന ജോലിയാണ്‌ ഞങ്ങളിപ്പോൾ ചെയ്യുന്നത്‌, അതും ആഴ്‌ചയിൽ ഒരിക്കൽമാത്രം. ലളിതമായ ജീവിതം നയിക്കാൻ ഞങ്ങൾ പഠിച്ചു. ദൈവരാജ്യം ഒന്നാമതു വെക്കുക എന്നാൽ എന്താണെന്ന്‌ മെച്ചമായി മനസ്സിലാക്കാൻ സഹവിശ്വാസികളോടൊത്തു ജോലിചെയ്യുന്നതു ഞങ്ങളെ സഹായിച്ചിരിക്കുന്നു. (മത്തായി 6:33) യഹോവ തന്റെ ജനത്തിനുവേണ്ടി കരുതുന്നത്‌ എത്രയോ പ്രാവശ്യം ഞങ്ങൾ കണ്ടറിഞ്ഞു.

ഫ്രാങ്ക്‌: ബാറ്റിൻ റൂ ദുരിതാശ്വാസ കേന്ദ്രത്തിലെ ഭക്ഷ്യവിതരണ വിഭാഗത്തിന്റെ ചുമതലയായിരുന്നു എനിക്ക്‌. ആദ്യമൊക്കെ സ്വമേധയാസേവകർക്കു ഭക്ഷണം നൽകുന്നതിന്‌ ഒറ്റ ദിവസംപോലും വിശ്രമമില്ലാതെ എന്നും 10 മുതൽ 12 വരെ മണിക്കൂർ ജോലി ചെയ്യേണ്ടിയിരുന്നു. എന്നിരുന്നാലും നിരവധി അനുഗ്രഹങ്ങൾ ആസ്വദിക്കാനായി. അതിലൊന്നായിരുന്നു ക്രിസ്‌തീയ സ്‌നേഹത്തിന്റെ ശക്തി നേരിട്ടറിഞ്ഞത്‌.

ഭക്ഷ്യവിതരണ വിഭാഗത്തിൽ കുറച്ചുനാൾ സേവിച്ചിട്ട്‌ മടങ്ങിപ്പോയ പലരെയും തിരിച്ചു വിളിച്ചു. അവരിൽ ചിലർ മറ്റുള്ളവരെ സഹായിക്കാൻ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ നന്ദി പറഞ്ഞുകൊണ്ട്‌ കാർഡ്‌ അയയ്‌ക്കുകയോ ഫോൺ വിളിക്കുകയോ ചെയ്‌തു. അവരുടെ ആത്മത്യാഗ മനോഭാവം എന്നെയും വെറോനിക്കയെയും വളരെയധികം സ്‌പർശിച്ചു.

“വികാരനിർഭരമായ ഒരനുഭവം”

ഗ്രിഗറി: ഞാനും ഭാര്യ കാത്തിയും നെവാദയിലെ ലാസ്‌ വേഗസിലുള്ള വീടു വിറ്റ്‌ ഒരു പിക്ക്‌-അപ്‌ വാനും ട്രയിലറും വാങ്ങി. അതായി പിന്നീട്‌ ഞങ്ങളുടെ വീട്‌. ജീവിതം ലളിതമാക്കിയത്‌ രണ്ടിലധികം വർഷം ലൂസിയാനയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കഴിയാൻ ഞങ്ങളെ സഹായിച്ചു. മുമ്പൊരിക്കലും മലാഖി 3:10-ന്റെ സത്യത ഇത്ര മെച്ചമായി ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല. “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്ന്‌ അവിടെ പറയുന്നു.

“ഇത്‌ വലിയൊരു ത്യാഗംതന്നെ!” എന്ന്‌ ആളുകൾ പറഞ്ഞു കേൾക്കുമ്പോൾ ഞങ്ങൾക്ക്‌ ഉള്ളിൽ ചിരിവരും. 30 വർഷംമുമ്പ്‌ ഐക്യനാടുകളിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ സേവിക്കണമെന്ന്‌ ഞാനും കാത്തിയും ആഗ്രഹിച്ചതാണ്‌. പക്ഷേ കുട്ടികൾ ഉണ്ടായിരുന്നതിനാൽ അതു സാധിച്ചില്ല. എന്നാലിപ്പോൾ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ട്‌ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ഞങ്ങൾക്കാകുന്നു. ഇനി, മറ്റൊരു അനുഗ്രഹമാണ്‌ സഹവിശ്വാസികളോടൊപ്പം ജോലി ചെയ്യാൻ കഴിയുന്നത്‌. അവരിൽ ചിലർ വളരെ സമർഥരാണ്‌. ഭക്ഷണം പാകംചെയ്യുന്നവരിൽ ഒരാൾ മുന്തിയ റസ്റ്ററന്റിലെ പ്രധാന പാചകക്കാരനായിരുന്നു. മറ്റൊരാളാകട്ടെ രണ്ട്‌ യു.എസ്‌. പ്രസിഡന്റുമാരുടെ പാചകക്കാരനായിരുന്നയാളും.

അനേകം സ്വമേധയാസേവകരുടെയും കാര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനം അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ദുരിതബാധിതരെ സഹായിച്ചതിനെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു 57 വയസ്സുകാരൻ വികാരഭരിതനായി. ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയാതിരുന്ന ചിലർപോലും പ്രോത്സാഹനത്തിന്റെ ഉറവായിരുന്നു. കെട്ടിടങ്ങളിൽനിന്ന്‌ പൂപ്പൽ നീക്കംചെയ്യുന്ന ജോലിക്കായി നെബ്രാസ്‌കയിൽനിന്നു വന്ന രണ്ടുപേർ അവിടത്തെ സഹോദരങ്ങൾ ഉണ്ടാക്കിയ ഒരു ബാനർ ഞങ്ങൾക്കു സമ്മാനിച്ചു. കുട്ടികളുൾപ്പെടെ അവിടത്തെ മൂന്നു സഭകളിലുള്ള എല്ലാവരും അതിൽ ഒപ്പിട്ടിരുന്നു.

‘ദുരിതമനുഭവിക്കുന്നവർക്കായി ദൈവം കരുതുന്നു’

വെണ്ടൽ: കത്രീന നാശം വിതച്ചതിന്റെ തൊട്ടടുത്ത ദിവസം ഐക്യനാടുകളുടെ ബ്രാഞ്ചോഫീസിൽനിന്ന്‌ എനിക്ക്‌ ഒരു നിയമനം ലഭിച്ചു. ലൂസിയാനയിലെയും മിസ്സിസ്സിപ്പിയിലെയും യഹോവയുടെ സാക്ഷികളുടെ ഭവനങ്ങൾക്കും രാജ്യഹാളുകൾക്കും വന്ന കേടുപാടുകൾ വിലയിരുത്തുക എന്നതായിരുന്നു അത്‌. ആ നിയമനം ഏറ്റെടുത്തതിലൂടെ എനിക്കു പലതും പഠിക്കാനായി. രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള ഒരു പ്രദേശത്തു 32 വർഷം ജീവിച്ച ഞാനും ഭാര്യ ജാനിനും യഹോവയ്‌ക്കു തന്റെ ജനത്തോടുള്ള കരുതൽ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ കരുതൽ വലിയ അളവിൽ ഞങ്ങൾക്കു കാണാനാകുന്നു.

ബാറ്റൻ റൂ ദുരിതാശ്വാസ കമ്മിറ്റിയുടെ ചെയർമാനായി ഞാൻ പ്രവർത്തിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ഈ നിയമനം എനിക്ക്‌ അതിയായ ആത്മസംതൃപ്‌തി നൽകുന്നു. ഈ പ്രവർത്തനത്തിനിടയിൽ എത്രയോ തവണ ദൈവം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും വഴി തുറന്നുതരുന്നതും സർവശക്തനും സ്‌നേഹവാനുമായ ഒരു പിതാവിനുമാത്രം കഴിയുന്ന വിധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ ആശ്വാസമേകുന്നതും ഞങ്ങൾ കണ്ടിരിക്കുന്നു.

“രണ്ടിലധികം വർഷം കഴിഞ്ഞിട്ടും സഹോദരനും ഭാര്യക്കും ഈ ദുരിതാശ്വാസപ്രവർത്തനത്തിൽ തുടരാൻ കഴിയുന്നത്‌ എങ്ങനെ”യെന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. എല്ലായ്‌പോഴും അതത്ര എളുപ്പമായിരുന്നിട്ടില്ല. ജീവിതത്തിൽ അനേകം പൊരുത്തപ്പെടുത്തലുകൾ ഞങ്ങൾക്കു വരുത്തേണ്ടിവന്നിട്ടുണ്ട്‌. അതേസമയം ‘ചൊവ്വുള്ള കണ്ണ്‌’ ഉണ്ടായിരിക്കുന്നതിന്റെ അഥവാ ജീവിതം ലളിതമാക്കുന്നതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാനും ഞങ്ങൾക്കു സാധിച്ചിരിക്കുന്നു.—മത്തായി 6:22.

ന്യൂ ഓർലിയൻസിൽ ആദ്യം രക്ഷാപ്രവർത്തനം നടത്തിയപ്പോൾ വിശ്രമമില്ലാതെ രാപകൽ ഞങ്ങൾ അധ്വാനിച്ചു. നിലവിലിരുന്ന സംഘർഷാവസ്ഥയും തെരുവുകളിൽ നടമാടിയ ക്രൂരകൃത്യങ്ങളും നിമിത്തം നഗരത്തിലെങ്ങും പട്ടാളത്തെ വിന്യസിച്ചിരുന്നു, അതു കാര്യങ്ങളെ സങ്കീർണമാക്കി. ചെയ്‌തു തീർക്കാനുണ്ടായിരുന്ന ജോലി ആരെയും തളർത്തിക്കളയാൻ പോന്നതായിരുന്നു.

നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന ആയിരക്കണക്കിനു സാക്ഷികളെ ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ അവരോടൊപ്പം പ്രാർഥിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. എന്നിട്ട്‌ യഹോവയുടെ സഹായത്തോടെ ജോലി ആരംഭിച്ചു. രണ്ടു വർഷംകൊണ്ട്‌ രണ്ടു മനുഷ്യായുസ്സ്‌ ജീവിച്ചുതീർന്നതുപോലെ പലപ്പോഴും എനിക്കു തോന്നാറുണ്ട്‌.

പലപ്പോഴും ശാരീരികമായും വൈകാരികമായും ക്ഷീണിച്ചു തളർന്ന്‌ ‘ഇനി വയ്യ’ എന്നു ചിന്തിക്കുമ്പോഴായിരിക്കും ഒരുകൂട്ടം പുതിയ സന്നദ്ധസേവകർ എത്തുന്നത്‌—ചിലർ ഏതാനും മാസത്തേക്ക്‌, മറ്റുചിലർ അനിശ്ചിതകാലത്തേക്കും. ചെറുപ്പക്കാരുൾപ്പെടെ സന്തുഷ്ടരായ അനേകം സന്നദ്ധസേവകരെ കാണുന്നതുതന്നെ നിയമനത്തിൽ തുടരുന്നതിനുള്ള പ്രോത്സാഹനമാണ്‌.

മിക്കപ്പോഴും യഹോവ ഞങ്ങളുടെ സഹായത്തിനെത്തി. ഉദാഹരണത്തിന്‌, മരങ്ങൾ കടപുഴകി വീണ്‌ സഹോദരങ്ങളുടെ ആയിരത്തിലധികം വീടുകൾക്ക്‌ കേടുപറ്റിയതായി തുടക്കത്തിൽത്തന്നെ ഞങ്ങൾ കണ്ടെത്തി. മരങ്ങൾ മുറിച്ചുമാറ്റുന്ന അപകടകരമായ ജോലി ചെയ്യാൻ ആളോ സാമഗ്രികളോ ഇല്ലായിരുന്നു. കമ്മിറ്റി അക്കാര്യം പ്രാർഥനയിൽ ഉൾപ്പെടുത്തി. തൊട്ടടുത്ത ദിവസം ഒരു സഹോദരൻ ട്രക്കും ആവശ്യമായ ഉപകരണവുമായെത്തി ഞങ്ങളെ സഹായിച്ചു. മറ്റൊരവസരത്തിൽ പതിനഞ്ചു മിനിട്ടിനകം ഞങ്ങളുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം കിട്ടി. മറ്റൊരിക്കൽ പ്രാർഥിച്ചുതീരുംമുമ്പെ ഉപകരണം ഇവിടേക്ക്‌ അയച്ചുകഴിഞ്ഞിരുന്നു. അതേ, യഹോവ ‘പ്രാർത്ഥന കേൾക്കുന്നവനാണ്‌.’—സങ്കീർത്തനം 65:2.

“യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ അഭിമാനിക്കുന്നു”

മാത്യു: കത്രീന ആഞ്ഞടിച്ചതിന്റെ അടുത്ത ദിവസം, ഭക്ഷ്യവസ്‌തുക്കളും വെള്ളവും ഉൾപ്പെടെ സംഭാവനയായി ലഭിച്ച 15 ടൺ അവശ്യവസ്‌തുക്കളാണ്‌ ദുരന്തബാധിതപ്രദേശത്ത്‌ എത്തിക്കാൻ എനിക്കായത്‌. യഹോവയുടെ ജനം തീർച്ചയായും ഉദാരമതികൾതന്നെ!

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കൂടുതലായി പങ്കെടുക്കുന്നതിന്‌ ഞാനും ഭാര്യ ഡാർളിനും മറ്റൊരു സ്ഥലത്തേക്ക്‌ താമസംമാറി. അവിടെനിന്ന്‌ ദുരന്തബാധിത പ്രദേശത്ത്‌ എത്താൻ ഏതാണ്ട്‌ രണ്ടു മണിക്കൂർ യാത്ര ചെയ്‌താൽ മതിയാകും. പ്രദേശത്തെ ഒരു സാക്ഷി താമസിക്കാൻ ഒരു അപ്പാർട്ട്‌മെന്റ്‌ തന്നു. മറ്റൊരാൾ ഒരു പാർട്ട്‌-ടൈം ജോലിയും. അങ്ങനെ സമയത്തിന്റെ സിംഹഭാഗവും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ ഞങ്ങൾക്കായി. ഇത്രയും സ്‌നേഹമുള്ള ഒരു സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നത്‌ ഞാൻ വളരെയധികം വിലമതിക്കുന്നു. യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

റ്റെഡ്‌: കത്രീന ചുഴലിക്കൊടുങ്കാറ്റുണ്ടായി അധികംതാമസിയാതെ ഞാനും ഭാര്യ ഡെബിയും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഏതാനും ദിവസങ്ങൾക്കകം, ഞങ്ങളുടെ ട്രക്കിന്‌ വലിച്ചുകൊണ്ടുപോകാൻ പാകത്തിൽ ഒമ്പതു മീറ്റർ നീളമുള്ള പഴയ ഒരു ട്രയിലർ ലഭിച്ചു, അതും പകുതി വിലയ്‌ക്ക്‌. ഞങ്ങളുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരമായിരുന്നു അത്‌; കാരണം അതിനെക്കാൾ വിലകൂടിയ ഒന്നു ഞങ്ങൾക്ക്‌ വാങ്ങാനാകുമായിരുന്നില്ല. രണ്ടിലേറെ വർഷങ്ങളായി ഈ ട്രയിലറിലാണു ഞങ്ങളുടെ താമസം.

ദുരിതാശ്വാസപ്രവർത്തനങ്ങൾക്കിടയിൽ അൽപ്പം സമയം കിട്ടിയപ്പോൾ ഞങ്ങൾ വീടും സാധനസാമഗ്രികളിൽ അധികവും വിറ്റുകളഞ്ഞു. അങ്ങനെ ന്യൂ ഓർലിയൻസിലെ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ പിന്തുണ നൽകാനായി. അവിടെ ഞാൻ പ്രോജക്‌റ്റ്‌ കോ-ഓർഡിനേറ്ററായി സേവിച്ചുവരുന്നു. യഹോവ തന്റെ ആരാധകർക്ക്‌ “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”മായിരിക്കുന്നത്‌ എങ്ങനെയെന്നു നിരീക്ഷിക്കാനായതാണ്‌ ഞങ്ങളുടെ അനുഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി. പലർക്കും തങ്ങളുടെ ഭവനവും രാജ്യഹാളും മാത്രമല്ല, മാറ്റിപ്പാർപ്പിക്കലിന്റെ ഫലമായി സഭകളും അവർ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരുന്ന പ്രദേശംതന്നെയും നഷ്ടമായി.—2 കൊരിന്ത്യർ 1:3.

“അവരുടെ വിശ്വാസം ഹൃദയസ്‌പർശിയായിരുന്നു”

ജസ്റ്റിൻ: ചുഴലിക്കാറ്റ്‌ നാശം വിതച്ച ഇടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ സ്വമേധയാസേവകരെ ആവശ്യമുണ്ടെന്ന്‌ 2005 ഒക്ടോബറിൽ ഒരു അറിയിപ്പുണ്ടായി. അറിഞ്ഞയുടൻ ഞാനും ഭാര്യ ടിഫനിയും അപേക്ഷ അയച്ചു. 2006 ഫെബ്രുവരിയിൽ ന്യൂ ഓർലിയൻസിന്‌ അടുത്തുള്ള കെന്നർ ദുരിതാശ്വാസകേന്ദ്രത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. മേൽക്കൂരയുടെ പണിയായിരുന്നു ഞങ്ങൾക്ക്‌.

ദിവസവും ഏതെങ്കിലും ഒരു വീടിന്റെ പണി കാണും. ദൈവത്തിൽ അടിയുറച്ച വിശ്വാസവും ആശ്രയവുമുള്ള അവിടത്തെ സഹോദരങ്ങളുമായുള്ള സഹവാസം ഹൃദയസ്‌പർശിയായ ഒരനുഭവമായിരുന്നു. ഭൗതികധനത്തിലും വസ്‌തുവകകളിലും ആശ്രയിക്കുന്നത്‌ എത്ര ബുദ്ധിശൂന്യമാണെന്ന്‌ ഓരോ ദിവസവും ഞങ്ങൾക്കു ബോധ്യമായിക്കൊണ്ടിരുന്നു. കാര്യങ്ങൾ ചെയ്യാൻ യഹോവ തന്റെ ജനത്തെ സജ്ജരാക്കുന്നത്‌ കാണുന്നതിൽനിന്നും സഹക്രിസ്‌ത്യാനികളെ സഹായിക്കുന്നതിൽനിന്നും ലഭിച്ച സന്തോഷം വർണനാതീതമാണ്‌.

[20-ാം പേജിലെ ചതുരം/ചിത്രം]

ദുരിതാശ്വാസകേന്ദ്രത്തിലെ ഒരു ദിനം

പാചകക്കാർ രാവിലെ 4:30-ന്‌ ജോലി ആരംഭിക്കുകയായി. ഏഴുമണിക്ക്‌ എല്ലാവരും ഭക്ഷണമേശയ്‌ക്കൽ കൂടിവരുന്നു; ആദ്യം പത്തു മിനിട്ടു നേരത്തെ തിരുവെഴുത്തു പരിചിന്തനം, തുടർന്ന്‌ പ്രഭാതഭക്ഷണം. പുതിയവരെ സ്വാഗതം ചെയ്യുന്നതിനും അടുത്തയിടെ ഉണ്ടായ ഏതെങ്കിലും പ്രോത്സാഹജനകമായ അനുഭവം പങ്കുവെക്കുന്നതിനും ചെയർമാൻ ആ അവസരം ഉപയോഗിക്കാറുണ്ട്‌.

പ്രാർഥനയ്‌ക്കുശേഷം എല്ലാവരും ഭക്ഷണം കഴിച്ച്‌ ജോലിസ്ഥലത്തേക്കു പോകുന്നു. ഓഫീസുകളിലും അലക്കുശാലയിലും അടുക്കളയിലും ജോലി ചെയ്യുന്നവർ കേന്ദ്രത്തിൽത്തന്നെ തങ്ങും. പുറത്തു ജോലിക്കു പോയിരിക്കുന്നവർക്കുള്ള ഉച്ചഭക്ഷണം അവർ ജോലിചെയ്യുന്നിടങ്ങളിൽനിന്ന്‌ ആരെങ്കിലും വന്ന്‌ കൊണ്ടുപോകുകയാണു പതിവ്‌.

യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസികയിലെ ഒരു ലേഖനം ഉപയോഗിച്ചുള്ള ബൈബിൾ ചർച്ചയ്‌ക്കായി തിങ്കളാഴ്‌ച വൈകുന്നേരം എല്ലാവരും കൂടിവരുന്നു. നല്ല ആത്മീയബലമുള്ളവരായിരിക്കാൻ ഇത്തരം പഠനം അവരെ സഹായിക്കുന്നു. അങ്ങനെ, സന്തോഷപൂർവം സഹിച്ചുനിൽക്കാനും ജോലിയോട്‌ ശരിയായ വീക്ഷണം പുലർത്താനും അവർക്കു കഴിയുന്നു.—മത്തായി 4:4; 5:3.

[21-ാം പേജിലെ ചതുരം]

“ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു”

ന്യൂ ഓർലിയൻസിലെ ഒരു സ്‌ത്രീയുടെ വീട്ടുവാതിൽക്കൽ “യഹോവയുടെ സാക്ഷികൾക്കു സ്വാഗതമില്ല” എന്നെഴുതിയ ഒരു ബോർഡ്‌ തൂക്കിയിരുന്നു. ഒരിക്കൽ ഒരു കൂട്ടം സ്വമേധയാസേവകർ എതിർവശത്തുള്ള ഒരു വീട്‌ കേടുപോക്കുന്നത്‌ അവർ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ സൗഹാർദവും ഊഷ്‌മളതയും നിരീക്ഷിച്ച ആ സ്‌ത്രീ ആകാംക്ഷ അടക്കാനാവാതെ അവിടെ ചെന്നു. അത്‌ യഹോവയുടെ സാക്ഷികളാണെന്നു മനസ്സിലാക്കിയ അവർ, കൊടുങ്കാറ്റ്‌ ഉണ്ടായിട്ട്‌ തന്റെ പള്ളിയിൽനിന്ന്‌ ആരും ഒന്നു ഫോൺവിളിക്കുകപോലും ചെയ്‌തില്ലെന്നു പരിഭവിച്ചു. “നിങ്ങളെ ഞാൻ തെറ്റിദ്ധരിച്ചുപോയി,” അവർ പറഞ്ഞു. പിന്നീട്‌ എന്തുണ്ടായി? ബോർഡ്‌ അപ്രത്യക്ഷമായി, അവർ സാക്ഷികളെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്‌തു.

[18, 19 പേജുകളിലെ ചിത്രം]

റോബർട്ടും വെറോനിക്കയും

[18, 19 പേജുകളിലെ ചിത്രം]

ഫ്രാങ്കും വെറോനിക്കയും

[19-ാം പേജിലെ ചിത്രം]

ഗ്രിഗറിയും കാത്തിയും

[19-ാം പേജിലെ ചിത്രം]

വെണ്ടലും ജാനിനും

[20-ാം പേജിലെ ചിത്രം]

മാത്യുവും ഡാർലിനും

[20-ാം പേജിലെ ചിത്രം]

റ്റെഡും ഡെബിയും

[20-ാം പേജിലെ ചിത്രം]

ജസ്റ്റിനും ടിഫനിയും