വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌കൂളിലെ സമ്മർദം—എങ്ങനെ തരണംചെയ്യും?

സ്‌കൂളിലെ സമ്മർദം—എങ്ങനെ തരണംചെയ്യും?

 യുവജനങ്ങൾ ചോദിക്കുന്നു

സ്‌കൂളിലെ സമ്മർദം—എങ്ങനെ തരണംചെയ്യും?

“മുതിർന്നുവരുമ്പോഴും സ്‌കൂളിലെ സമ്മർദങ്ങൾ കുറയുന്നില്ല—അതിനുള്ള കാരണങ്ങൾ മാറിവരുന്നുവെന്നേയുള്ളൂ.”—ജയിംസ്‌, ന്യൂസിലൻഡ്‌. *

“സ്‌കൂളിലെ വർധിച്ച സമ്മർദം നിമിത്തം പലപ്പോഴും എനിക്ക്‌ ഉറക്കെ കരയാൻ തോന്നിയിട്ടുണ്ട്‌.”ഷെറിൻ, ഐക്യനാടുകൾ.

സ്‌കൂളിലെ സമ്മർദങ്ങളൊന്നും അച്ഛനും അമ്മയും മനസ്സിലാക്കുന്നില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ലോൺ തിരിച്ചടയ്‌ക്കാനോ കുടുംബത്തെ പോറ്റാനോ തൊഴിലുടമയെ പ്രീതിപ്പെടുത്താനോ ഉള്ള ഉത്തരവാദിത്വമൊന്നും നിങ്ങൾക്കില്ലല്ലോ എന്ന്‌ അവർ പറഞ്ഞേക്കാം. എന്നാൽ, മാതാപിതാക്കൾ അനുഭവിക്കുന്ന അത്രയുംതന്നെ—അല്ലെങ്കിൽ അതിലുംകൂടുതൽ—സമ്മർദം സ്‌കൂളിൽ നിങ്ങൾ നേരിടുന്നുണ്ട്‌ എന്നായിരിക്കാം നിങ്ങളുടെ പക്ഷം.

സ്‌കൂളിലേക്കു പോകുന്നതും തിരിച്ചുവരുന്നതുംപോലും സമ്മർദപൂരിതമായിരുന്നേക്കാം. ഐക്യനാടുകളിൽ താമസിക്കുന്ന താര പറയുന്നു: “സ്‌കൂൾബസ്സിൽ മിക്കപ്പോഴും അടിയായിരുന്നു. ഉടനെ ഡ്രൈവർ വണ്ടിനിറുത്തിയിടും, പിന്നെ എല്ലാവരും പുറത്തിറങ്ങുകയായി. അങ്ങനെ അരമണിക്കൂറോ അതിലധികമോ ഞങ്ങൾ വൈകുമായിരുന്നു.”

സ്‌കൂളിലെത്തിക്കഴിഞ്ഞാൽപ്പിന്നെ രക്ഷയുണ്ടോ? അതുമില്ല! താഴെപ്പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോട്‌ ഒരുപക്ഷേ നിങ്ങളും യോജിക്കും.

അധ്യാപകരിൽനിന്നുള്ള സമ്മർദം.

“ഞാൻ നന്നായി പഠിക്കുകയും ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങുകയും ചെയ്യണമെന്നാണ്‌ ടീച്ചർമാരുടെ ആഗ്രഹം. അവരുടെ പ്രീതി സമ്പാദിക്കാനുള്ള ശ്രമം പക്ഷേ എന്നെ സമ്മർദത്തിലാക്കുന്നു.”—സാൻഡ്ര, ഫിജി.

“പഠനത്തിൽ മുന്തിനിൽക്കാൻ ടീച്ചർമാർ വിദ്യാർഥികളുടെമേൽ ചെലുത്തുന്ന സമ്മർദം ചെറുതൊന്നുമല്ല, പ്രത്യേകിച്ചും കുട്ടികൾക്കു കുറെയൊക്കെ കഴിവുണ്ടെങ്കിൽ.”—ഏപ്രിൽ, ഐക്യനാടുകൾ.

“മൂല്യവത്തായ ജീവിതലക്ഷ്യങ്ങളുള്ളവരായിരിക്കാം നാം. എങ്കിലും, നമുക്കു നല്ലതെന്ന്‌ അധ്യാപകർ കരുതുന്ന അക്കാഡമിക്‌ ലാക്കുകൾ പിന്തുടരാതിരുന്നാൽ നാം ഒന്നിനും കൊള്ളാത്തവരാണെന്ന തോന്നൽ അവർ നമ്മിലുളവാക്കും.”—നവോമി, ഐക്യനാടുകൾ.

അധ്യാപകരിൽനിന്നുള്ള സമ്മർദം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

․․․․․

 സഹപാഠികളിൽനിന്നുള്ള സമ്മർദം.

“ഹൈസ്‌കൂളിലെ വിദ്യാർഥികൾ കൂടുതൽ സ്വതന്ത്രരും മത്സരികളുമാണ്‌. അവരോടൊപ്പം നിന്നില്ലെങ്കിൽ നിങ്ങളെ അവർ അപരിഷ്‌കൃതരായി വീക്ഷിക്കും.”—കെവിൻ, ഐക്യനാടുകൾ.

“മദ്യപിക്കാനും സെക്‌സിലേർപ്പെടാനുമുള്ള പ്രലോഭനം ദിവസവും എനിക്കു നേരിടേണ്ടിവരുന്നു. അതിനു വഴിപ്പെടാനുള്ള ആഗ്രഹത്തെ ചെറുത്തുനിൽക്കുക എല്ലായ്‌പോഴും അത്ര എളുപ്പമല്ല.”—ഏരൺ, ന്യൂസിലൻഡ്‌.

“ഡെയിറ്റിങ്ങിലേർപ്പെടാനുള്ള പ്രലോഭനമാണ്‌ 12 വയസ്സായ ഞാൻ നേരിടുന്ന ഏറ്റവും വലിയ സമ്മർദം. ‘എത്ര കാലം നീയിങ്ങനെ തനിച്ചു നടക്കും?’ എന്നാണ്‌ സ്‌കൂളിൽ എല്ലാവരും ചോദിക്കുന്നത്‌.”—അലക്‌സാൺഡ്രിയ, ഐക്യനാടുകൾ.

“ഒരു ആൺകുട്ടിയുമായി ഡെയിറ്റിംഗിലേർപ്പെടാൻ എനിക്കു സമ്മർദമുണ്ടായി. വിസമ്മതിച്ചപ്പോൾ എന്നെയൊരു സ്വവർഗഭോഗിയായി മുദ്രകുത്തി. അതും, എനിക്കു പത്തു വയസ്സുമാത്രമുള്ളപ്പോൾ!”—ക്രിസ്റ്റ, ഓസ്‌ട്രേലിയ.

സഹപാഠികളിൽനിന്നുള്ള സമ്മർദം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

․․․․․

മതവിശ്വാസങ്ങളോട്‌ സഹപാഠികൾ എങ്ങനെ പ്രതികരിക്കുമെന്ന ഉത്‌കണ്‌ഠ.

“മതവിശ്വാസങ്ങളെക്കുറിച്ചു സഹപാഠികളോടു സംസാരിക്കുന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാരണം, പിന്നീടവർ നിങ്ങളെ എങ്ങനെ വീക്ഷിക്കുമെന്നു പറയാനാവില്ലല്ലോ. ഒരു വിചിത്ര കഥാപാത്രമായി ചിത്രീകരിക്കപ്പെടുമോയെന്ന ചിന്ത നിങ്ങളെ അലട്ടുന്നു.”—കാരോൾ, ഹവായ്‌.

“മദ്യവും മയക്കുമരുന്നും സെക്‌സും അപ്പർ-പ്രൈമറി സ്‌കൂളിലേക്കും ഹൈസ്‌കൂളിലേക്കും കടന്നുവന്നിരിക്കുന്നു. ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ വ്യത്യസ്‌തമായ ഒരു ജീവിതം നയിക്കുന്നതിന്റെ പേരിൽ വിദ്യാർഥികൾ നിങ്ങളെ പരിഹസിക്കും. അതു നിങ്ങളെ വല്ലാത്ത സമ്മർദത്തിലാക്കുന്നു.”—സൂസൻ, ഐക്യനാടുകൾ.

മതവിശ്വാസങ്ങളോടു ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

․․․․․

സമ്മർദത്തിനുള്ള മറ്റു കാരണങ്ങൾ. നിങ്ങൾക്ക്‌ ഏറ്റവുമധികം സമ്മർദം സൃഷ്ടിക്കുന്നത്‌ എന്താണെന്ന്‌ അടയാളപ്പെടുത്തുക, അല്ലെങ്കിൽ എഴുതിച്ചേർക്കുക.

□ സ്‌കൂൾപരീക്ഷകൾ

□ ഗൃഹപാഠം

□ മാതാപിതാക്കളുടെ ഉയർന്ന പ്രതീക്ഷകൾ

□ നിങ്ങളുടെതന്നെ ഉയർന്ന പ്രതീക്ഷകൾക്കൊത്തുയരാനുള്ള ആഗ്രഹം

□ വഴക്കാളികളും ലൈംഗിക പീഡകരും

□ മറ്റു കാരണങ്ങൾ

സമ്മർദം കുറയ്‌ക്കാൻ അഞ്ചു വഴികൾ

ഏതെങ്കിലും തരത്തിലുള്ള സമ്മർദങ്ങളില്ലാതെ സ്‌കൂൾജീവിതമെന്ന കടമ്പ കടക്കാനാവില്ലെന്നതാണു സത്യം. എന്നാൽ കടുത്ത സമ്മർദം നമ്മെ തളർത്തിക്കളഞ്ഞേക്കാം. ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇങ്ങനെയെഴുതി: “ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.” (സദൃശവാക്യങ്ങൾ 15:13ബി ) എന്നാൽ നിങ്ങളുടെ കാര്യം അങ്ങനെ ആയിരിക്കേണ്ടതില്ല. സമ്മർദം ഫലകരമായി കൈകാര്യംചെയ്യാൻ പഠിക്കുക സാധ്യമാണ്‌.

സമ്മർദങ്ങളെ നേരിടുന്നത്‌ ഭാരോദ്വഹനം (weight lifting) പോലെയാണ്‌. നല്ല തയ്യാറെടുപ്പുണ്ടെങ്കിൽ മാത്രമേ ഒരാൾക്ക്‌ ഭാരമുയർത്താൻ കഴിയൂ. കൂടാതെ ശരിയായ രീതിയിൽ ഭാരമുയർത്തുന്നതും ഭാരം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുന്നതും പ്രധാനമാണ്‌. അങ്ങനെയാകുമ്പോൾ ശരീരത്തിനു കുഴപ്പമൊന്നും വരുത്താതെ പേശികൾ ബലിഷ്‌ഠമാക്കാനാകും. അല്ലാത്തപക്ഷം, പേശികൾക്കു പരുക്കേൽക്കുകയോ എല്ലൊടിയുകയോ ചെയ്‌തേക്കാം.

സമാനമായി, നിങ്ങൾക്കുതന്നെ ദോഷംതട്ടാത്തവിധത്തിൽ സമ്മർദങ്ങൾ കൈകാര്യംചെയ്യാനും ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും കഴിയും. എങ്ങനെ? പിൻവരുന്ന നടപടികൾ സ്വീകരിക്കുന്നതിലൂടെ.

1. കാരണങ്ങൾ കൃത്യമായി തിരിച്ചറിയുക. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 22:3 പറയുന്നു. എന്നാൽ സമ്മർദത്തിനുള്ള കാരണം കണ്ടെത്തിയാൽ മാത്രമേ നിങ്ങൾക്കതിൽനിന്നു രക്ഷനേടാനാകൂ. അതുകൊണ്ട്‌ മുമ്പ്‌ നിങ്ങളെഴുതിയ അഭിപ്രായങ്ങളിലൂടെ ഒന്നുകൂടി കണ്ണോടിക്കുക. നിങ്ങളെ ഏറ്റവുമധികം സമ്മർദത്തിലാക്കുന്നത്‌ എന്താണ്‌?

2. ഗവേഷണം ചെയ്യുക. ഉദാഹരണത്തിന്‌, എടുത്താൽ പൊങ്ങാത്തത്ര ഗൃഹപാഠമാണോ നിങ്ങൾക്കു തലവേദന സൃഷ്ടിക്കുന്നത്‌? എങ്കിൽ, 2004 ഫെബ്രുവരി  8 ലക്കം ഉണരുക!യിലെ, “യുവജനങ്ങൾ ചോദിക്കുന്നു—ഗൃഹപാഠം ചെയ്‌തുതീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?” എന്ന ലേഖനത്തിലെ നിർദേശങ്ങൾ കാണുക. ഇനി, ഒരു സഹപാഠിയുമായി അധാർമിക ബന്ധത്തിലേർപ്പെടാൻ സമ്മർദമുണ്ടാകുന്നെങ്കിലോ? 2007 മാർച്ച്‌ ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു—ഹുക്‌-അപ്‌—ആരെങ്കിലും അതിനായി ക്ഷണിച്ചാൽ . . . ” എന്ന ലേഖനത്തിൽ സഹായകമായ ഉപദേശം നിങ്ങൾക്കു കാണാനാകും.

3. എങ്ങനെ പ്രതികരിക്കുമെന്ന്‌ മുന്നമേ ചിന്തിക്കുക. നിങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ സഹപാഠികൾ എങ്ങനെ പ്രതികരിക്കുമെന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ എന്തു പറയും, എങ്ങനെ പ്രതികരിക്കും എന്നൊക്കെ ചിന്തിക്കാൻ ഒരു പ്രതിസന്ധിഘട്ടം സംജാതമാകുന്നതുവരെ കാത്തിരിക്കരുത്‌. (സദൃശവാക്യങ്ങൾ 29:25) 18 വയസ്സുള്ള കെൽസി പറയുന്നതു ശ്രദ്ധിക്കുക: “പ്രശ്‌നമുണ്ടാകുന്നതിനുമുമ്പുതന്നെ, അതു നേരിടാൻ നന്നായി തയ്യാറെടുത്തതാണ്‌ എന്നെ സഹായിച്ചത്‌. എന്റെ വിശ്വാസങ്ങൾ എങ്ങനെ വിശദീകരിക്കുമെന്ന്‌ മുന്നമേതന്നെ ഞാൻ നിശ്ചയിച്ചിരുന്നു.” ബെൽജിയത്തിലുള്ള 18-കാരനായ ഏരൻ ചെയ്‌തതും അതുതന്നെയാണ്‌. “എന്തൊക്കെ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന്‌ കാലേകൂട്ടി ഞാൻ ചിന്തിച്ചു, എന്നിട്ട്‌ അതിനുള്ള ഉത്തരങ്ങൾ കണ്ടുപിടിച്ചുവെക്കുകയും ചെയ്‌തു. അപ്രകാരം ചെയ്‌തില്ലായിരുന്നെങ്കിൽ വിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടാകുമായിരുന്നില്ല,” ഏരൻ പറയുന്നു.

4. നീട്ടിവെക്കരുത്‌. പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ട്‌ അവ ഇല്ലാതാകുന്നില്ല. പകരം അവ വഷളാവുകയേയുള്ളൂ. അതുവഴി നിങ്ങളുടെ സമ്മർദവും വർധിക്കും. ഉദാഹരണത്തിന്‌, നിങ്ങളൊരു യഹോവയുടെ സാക്ഷിയാണെങ്കിൽ ആ വസ്‌തുത എത്രയും പെട്ടെന്ന്‌ മറ്റുള്ളവരോടു പറയുന്നത്‌ ഒരു സംരക്ഷണമായിരിക്കും. 20 വയസ്സുള്ള മാർഷെ പറയുന്നു: “ബൈബിളധിഷ്‌ഠിതമായ എന്റെ നിലപാടുകൾ വിശദീകരിക്കാൻ അവസരം നൽകുമെന്നു എനിക്കു തോന്നിയ ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച്‌ അധ്യയനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഞാൻ മറ്റുള്ളവരോടു സംസാരിക്കുമായിരുന്നു. സാക്ഷിയാണെന്ന കാര്യം പറയാൻ എത്രത്തോളം വൈകുന്നുവോ അത്രത്തോളം അതു ബുദ്ധിമുട്ടുള്ളതായിത്തീരുന്നുവെന്നു ഞാൻ മനസ്സിലാക്കി. എന്റെ നിലപാട്‌ വ്യക്തമാക്കുകയും വർഷത്തിലുടനീളം അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തത്‌ എനിക്കു സഹായമായി.”

5. സഹായം തേടുക. ഏറ്റവും സമർഥനായ ഭാരോദ്വാഹകനുപോലും പരിമിതികളുണ്ട്‌. നിങ്ങളുടെ കാര്യവും അങ്ങനെതന്നെയാണ്‌. പക്ഷേ എല്ലാ ഭാരവും നിങ്ങൾ ഒറ്റയ്‌ക്കു ചുമക്കേണ്ടതില്ല. (ഗലാത്യർ 6:2) മാതാപിതാക്കളോടോ പക്വതയുള്ള മറ്റു ക്രിസ്‌ത്യാനികളോടോ നിങ്ങൾക്കു സംസാരിക്കാൻ കഴിയും. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ നിങ്ങൾ എഴുതിവെച്ച ഉത്തരങ്ങൾ അവരെ കാണിക്കുക. അവർക്കു നിങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്നു കാണാൻ കാര്യങ്ങൾ തുറന്നുസംസാരിക്കുക. മതവിശ്വാസങ്ങളുടെ പേരിലുള്ള പരിഹാസം തനിക്കു സമ്മർദം സൃഷ്ടിക്കുന്നതായി, അയർലൻഡ്‌കാരിയായ ലിസ്‌ തന്റെ പിതാവിനോടു പറഞ്ഞു. “ദിവസവും സ്‌കൂളിൽ കൊണ്ടുവിടുന്നതിനുമുമ്പ്‌ ഡാഡി എന്നോടൊപ്പം പ്രാർഥിക്കുമായിരുന്നു. സുരക്ഷിതത്വം തോന്നാൻ അതിടയാക്കി.”

സമ്മർദത്തിന്റെ മറുവശം

വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഒരു കാര്യം സത്യമാണ്‌: കുറച്ചൊക്കെ സമ്മർദമുള്ളത്‌ നല്ലതാണ്‌. എന്തുകൊണ്ട്‌? നിങ്ങൾ ഉണർവുള്ളവരാണെന്നും നിങ്ങളുടെ മനഃസാക്ഷി സജീവമാണെന്നുമുള്ളതിന്റെ സൂചനയാണത്‌. യാതൊരുവിധ സമ്മർദവുമില്ലാത്തതായി കാണപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചു ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്നെഴുന്നേല്‌ക്കും? കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.”—സദൃശവാക്യങ്ങൾ 6:9-11.

16 വയസ്സുള്ള ഹൈഡി പറയുന്നു: “സ്‌കൂൾ തികച്ചും മോശമായ ഒരിടമാണെന്നു തോന്നിയേക്കാം. എന്നാൽ അവിടെ നിങ്ങൾക്കുണ്ടാകുന്ന സമ്മർദങ്ങൾതന്നെയാണ്‌ ഭാവിയിൽ ജോലിസ്ഥലത്ത്‌ നിങ്ങൾ നേരിടാനിരിക്കുന്നതും.” സമ്മർദം തരണംചെയ്യുന്നത്‌ അത്ര എളുപ്പമല്ലെന്നതു ശരിതന്നെ. എന്നാൽ ശരിയായി കൈകാര്യംചെയ്യുന്നപക്ഷം അതു നിങ്ങൾക്കു ദോഷംചെയ്യില്ല, പിന്നെയോ നിങ്ങളെ കരുത്തുറ്റ വ്യക്തികളാക്കിത്തീർക്കും.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഈ ലേഖനത്തിൽ ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

ചിന്തിക്കാൻ:

▪ സമ്മർദത്തിന്റെ ചില സൂചനകൾ ഏവ?

▪ പൂർണതാവാദം സമ്മർദം വർധിപ്പിക്കുകയേ ഉള്ളൂ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

▪ സമ്മർദം താങ്ങാനാകാതെവരുമ്പോൾ നിങ്ങൾ ആരോടു സംസാരിക്കും?

[25-ാം പേജിലെ ചിത്രം]

സമ്മർദത്തെ നേരിടുന്നത്‌ ഭാരോദ്വഹനംപോലെയാണ്‌—ശരിയായ രീതി അവലംബിച്ചാൽ അതു നിങ്ങളെ കരുത്തുറ്റവരാക്കും