വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴുതകൾ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?

കഴുതകൾ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?

കഴുതകൾ ഇല്ലായി​രു​ന്നെ​ങ്കിൽ നാം എന്തു ചെയ്യു​മാ​യി​രു​ന്നു?

എത്യോപ്യയിലെ ഉണരുക! ലേഖകൻ

ഏറ്റവും ജനസാ​ന്ദ്ര​ത​യുള്ള രാജ്യ​ങ്ങ​ളിൽ 16-ാമത്തേ​തായ എത്യോ​പ്യ​യു​ടെ തലസ്ഥാന നഗരമായ ആഡിസ്‌ അബാബ. അതിന്റെ തെരു​വു​ക​ളിൽ കഴുതകൾ ഒരു സ്ഥിരം​കാ​ഴ്‌ച​യാണ്‌. ഭാരം ചുമക്കു​ന്ന​തി​നും മറ്റുമാ​യി അവയെ ഉപയോ​ഗി​ക്കാൻ തുടങ്ങി​യി​ട്ടു നാളേ​റെ​യാ​യി. ഒരിക്കൽ സഞ്ചരിച്ച വഴി സാധാ​ര​ണ​ഗ​തി​യിൽ മറക്കാത്ത അവ ലക്ഷ്യത്തി​ലെ​ത്ത​ണ​മെന്ന ‘നിശ്ചയ​ദാർഢ്യ​ത്തോ​ടെ’ നടന്നു​നീ​ങ്ങു​ന്നു. അതു​കൊ​ണ്ടു​തന്നെ കഴുതകൾ സഞ്ചരി​ക്കുന്ന റോഡിൽ വാഹന​മോ​ടി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു ഡ്രൈ​വർമാർ പഠിച്ചി​രി​ക്കു​ന്നു. ഗതാഗ​ത​ത്തി​ര​ക്കൊ​ന്നും കഴുത​യ്‌ക്ക്‌ ഒരു പ്രശ്‌ന​മേയല്ല. വലിയ ചുമടു​മാ​യി അതു വരിക​യാ​ണെ​ങ്കിൽ പ്രത്യേ​കം ശ്രദ്ധി​ക്കണം. ആരെ​യെ​ങ്കി​ലും തട്ടുക​യോ മുട്ടു​ക​യോ ചെയ്യു​മെ​ന്നൊ​ന്നും അതിനു ചിന്തയില്ല. അതു​കൊണ്ട്‌ ദേഹത്തു കരിയോ ചാണക​മോ മറ്റോ പറ്റാതി​രി​ക്ക​ണ​മെ​ങ്കിൽ അൽപ്പം മാറി​ന​ട​ക്കു​ന്ന​താ​യി​രി​ക്കും ബുദ്ധി!

എത്യോ​പ്യ​യിൽ 50 ലക്ഷത്തോ​ളം കഴുതകൾ ഉള്ളതായി കണക്കാ​ക്ക​പ്പെ​ടു​ന്നു—ഏറെക്കു​റെ 12 പേർക്ക്‌ ഒന്നുവീ​തം. അഗാധ​മായ താഴ്‌വ​ര​ക​ളാൽ വേർതി​രി​ക്ക​പ്പെ​ട്ട​തും ഒറ്റപ്പെട്ടു കിടക്കു​ന്ന​തു​മായ മലകളി​ലാ​ണു ലക്ഷക്കണ​ക്കിന്‌ എത്യോ​പ്യ​ക്കാർ വസിക്കു​ന്നത്‌. കൂടാതെ, ഇവിടത്തെ വിസ്‌തൃ​ത​മായ മധ്യപീ​ഠ​ഭൂ​മി​യെ അസംഖ്യം അരുവി​കൾ പല വിഭാ​ഗ​ങ്ങ​ളാ​യി തിരി​ക്കു​ന്നു. അങ്ങോ​ട്ടെ​ല്ലാം പാലങ്ങ​ളോ മൺപാ​ത​ക​ളോ​പോ​ലും നിർമി​ക്കു​ന്നത്‌ രാജ്യ​ത്തി​ന്റെ ഖജനാവു കാലി​യാ​ക്കുന്ന സംരം​ഭ​മാ​യി​രി​ക്കും. സഹനശ​ക്തി​യും അടിപ​ത​റാ​തെ എവി​ടെ​യും സഞ്ചരി​ക്കാൻ കഴിവു​മുള്ള കഴുതകൾ അതു​കൊ​ണ്ടു​തന്നെ ഗതാഗത മേഖല കയ്യടി​യി​രി​ക്കു​ന്നു.

എത്യോ​പ്യ​യി​ലെ വ്യത്യസ്‌ത കാലാ​വ​സ്ഥ​ക​ളു​മാ​യി—പർവത​ങ്ങ​ളി​ലെ തണുപ്പാ​യാ​ലും സമതല​ങ്ങ​ളി​ലെ ഉഷ്‌ണ​മാ​യാ​ലും—ഒത്തു​പോ​കാ​നും കഴുത​കൾക്കു കഴിയു​ന്നു. കുത്ത​നെ​യുള്ള കയറ്റം, ഇടുങ്ങിയ നടപ്പാത, കല്ലുകൾ നിറഞ്ഞ നദീതടം, ചെളി​പു​തഞ്ഞ വഴി എന്നുവേണ്ട ഏതൊരു വൈത​ര​ണി​യും അവയ്‌ക്കു മുമ്പിൽ മുട്ടു​കു​ത്തും. കുതി​ര​യ്‌ക്കോ ഒട്ടകത്തി​നോ കടന്നു​ചെ​ല്ലാ​നാ​കാത്ത സ്ഥലങ്ങളിൽപ്പോ​ലും അവ എത്തി​പ്പെ​ടു​ന്നു. ചരക്കു കൊണ്ടു​പോ​കാൻ ദശലക്ഷങ്ങൾ മുഖ്യ​മാ​യും കഴുതയെ ആശ്രയി​ക്കു​ന്നു, പ്രത്യേ​കിച്ച്‌ വാഹന​ങ്ങൾക്ക്‌ എത്തി​പ്പെ​ടാൻ പ്രയാ​സ​മായ വീടു​ക​ളുള്ള സ്ഥലങ്ങളിൽ.

ഇടുങ്ങിയ വളവും തിരി​വും കഴുത​യ്‌ക്കു നേർവ​ഴി​യാണ്‌, ഇരുവ​ശ​ത്തും വേലി​ക​ളുള്ള ഊടു​വ​ഴി​ക​ളും അവയ്‌ക്കു പ്രശ്‌നമല്ല. വിലപി​ടി​പ്പുള്ള ടയറിന്റെ ആവശ്യ​മി​ല്ലെന്നു മാത്രമല്ല, വഴുവ​ഴു​പ്പുള്ള പ്രതല​ങ്ങ​ളി​ലും സുഗമ​മാ​യി സഞ്ചരി​ക്കാൻ അവയ്‌ക്കു കഴിയും. ഏതു രൂപത്തി​ലും വലുപ്പ​ത്തി​ലു​മുള്ള ചരക്കുകൾ ഏതു മുക്കി​ലും മൂലയി​ലും എത്തിച്ചു​കൊ​ടു​ക്കാൻ അവയ്‌ക്കു കഴിയും. ഗതാഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​മ്പോൾ അക്ഷമരാ​കുന്ന ഡ്രൈ​വർമാർ ദേഷ്യ​ത്തോ​ടെ ഹോണ​ടി​ച്ചു​കൊണ്ട്‌ വണ്ടിക്ക​ക​ത്തി​രി​ക്കു​മ്പോൾ കഴുതകൾ എങ്ങനെ​യെ​ങ്കി​ലു​മൊ​ക്കെ വഴിയു​ണ്ടാ​ക്കി മുന്നോ​ട്ടു​പോ​കു​ന്നു. വൺവേ​ക​ളിൽ എതിർദി​ശ​യിൽ കയറി​വ​ന്നാൽപ്പോ​ലും അവയ്‌ക്കു പേടി​ക്കാ​നില്ല—പിഴയി​ടാൻ പോലീ​സു​കാർക്കു നിർവാ​ഹ​മി​ല്ല​ല്ലോ! പാർക്കി​ങ്ങി​ന്റെ കാര്യ​ത്തി​ലും തലവേ​ദ​ന​യില്ല. ഒരു കഴുതയെ വാങ്ങാൻ ഏകദേശം 50 ഡോളർ കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്നാൽ ഒരു വാഹനം കൊണ്ടു​ന​ട​ക്കു​ന്ന​തി​ന്റെ ചെലവി​നോ​ടുള്ള താരത​മ്യ​ത്തിൽ അത്‌ ഏതുമില്ല.

തലസ്ഥാന സന്ദർശനം

വെളു​പ്പാൻകാ​ലത്ത്‌ ആയിര​ക്ക​ണ​ക്കി​നു കഴുതകൾ 30 ലക്ഷത്തി​ല​ധി​കം ആളുകൾ തിങ്ങി​പ്പാർക്കുന്ന ആഡിസ്‌ അബാബ​യി​ലേക്കു യാത്ര​തി​രി​ക്കു​ന്നു. മിക്ക​പ്പോ​ഴും 25 കിലോ​മീ​റ്റ​റി​ല​ധി​കം സഞ്ചരി​ച്ചാണ്‌ അവ അവിടെ എത്തുന്നത്‌. ചന്തദി​വ​സ​മായ ബുധനും ശനിയും വലിയ തിരക്കാ​യി​രി​ക്കും. യാത്ര​യ്‌ക്കു മൂന്നു മണിക്കൂർവരെ വേണ്ടി​വ​ന്നേ​ക്കാ​മെ​ന്ന​തി​നാ​ലാ​ണു വെളു​ക്കും​മു​മ്പെ​യുള്ള ഈ പുറപ്പാട്‌. കൂടെ ഉടമസ്ഥ​രു​മു​ണ്ടാ​കും. കഴുത​യു​ടെ ഒപ്പമെ​ത്താൻ അവർ മിക്ക​പ്പോ​ഴും ഓടു​ന്നതു കാണാം.

സാധാ​ര​ണ​മാ​യി ധാന്യങ്ങൾ, പച്ചക്കറി, വിറക്‌, സിമന്റ്‌, കരി, പാചക എണ്ണ നിറച്ച വീപ്പകൾ, ബിയർ, സോഡ എന്നിവ​യ​ട​ങ്ങിയ പെട്ടികൾ ഇവയെ​ല്ലാ​മാ​ണു കഴുതകൾ ചുമക്കു​ന്നത്‌. ചില കഴുതകൾ 90 കിലോ​യോ അതി​ലേ​റെ​യോ ഭാരം വഹിക്കു​ന്നു. മുളയും യൂക്കാ​ലി​യു​ടെ കഴയും പോലുള്ള നീളം​കൂ​ടിയ സാധന​ങ്ങ​ളാ​ണു കൊണ്ടു​പോ​കേ​ണ്ട​തെ​ങ്കിൽ അത്‌ അവയുടെ ഇരുവ​ശ​ങ്ങ​ളി​ലു​മാ​യി കെട്ടി​യി​ടു​ന്നു. കഴുത അതു വലിച്ചു​കൊ​ണ്ടു പൊയ്‌ക്കൊ​ള്ളും. വൈ​ക്കോ​ലും പുല്ലു​മൊ​ക്കെ ചുമന്നു​കൊ​ണ്ടുള്ള അതിന്റെ വരവ്‌ ഒന്നു കാണേ​ണ്ട​തു​ത​ന്നെ​യാണ്‌, കെട്ടിന്റെ വലുപ്പം കാരണം പാവം കഴുതയെ കാണാൻപോ​ലും കഴിയില്ല.

ഭാരിച്ച ചുമടു​മാ​യി രാവിലെ ചന്തയി​ലേക്കു പോകു​മ്പോൾ കഴുത​കൾക്കു നല്ല സ്‌പീ​ഡാ​യി​രി​ക്കും. അവി​ടെ​യെത്തി എല്ലാം വിറ്റു ഭാര​മൊ​ഴി​ഞ്ഞു കഴിഞ്ഞാൽപ്പി​ന്നെ ആശ്വാ​സ​മാ​യി. വഴിയ​രി​കി​ലുള്ള പുല്ലും ഇലയു​മൊ​ക്കെ തിന്നു​കൊണ്ട്‌ സാവകാ​ശ​മാ​യി​രി​ക്കും മടക്കയാ​ത്ര. ചന്തയ്‌ക്കു പോ​കേ​ണ്ട​തി​ല്ലാ​ത്ത​പ്പോൾ മറ്റു സ്ഥിരം പണിക​ളുണ്ട്‌; വെള്ളവും വിറകും കൊണ്ടു​വ​രേ​ണ്ടത്‌ അവയുടെ ഉത്തരവാ​ദി​ത്വ​മാണ്‌. കഴുത​കളെ വാടക​യ്‌ക്കും ലഭ്യമാണ്‌. ഒരിട​ത്തു​നി​ന്നു മറ്റൊ​രി​ട​ത്തേക്കു ചരക്കുകൾ എത്തിച്ചു​കൊ​ടു​ക്കുന്ന “ട്രാൻസ്‌പോർട്ട്‌ കമ്പനി”കളിൽ സേവന​മ​നു​ഷ്‌ഠി​ക്കുന്ന കഴുത​ക​ളു​മുണ്ട്‌. ചില സ്ഥലങ്ങളിൽ കഴുതകൾ വലിക്കുന്ന ഇരുചക്ര വണ്ടികൾ കാണാം, രണ്ടു കഴുതകൾ ചേർന്നു വലിക്കുന്ന സാമാ​ന്യം വലുപ്പ​മുള്ള വണ്ടിക​ളു​മുണ്ട്‌.

ആദരവ്‌ അർഹി​ക്കുന്ന സേവകർ

വാഹന​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ കഴുത​കൾക്കു ‘മെയി​ന്റ​നൻസ്‌’ തുലോം കുറവാണ്‌. സ്വന്തമാ​യി തീറ്റ കണ്ടെത്തി​ക്കൊ​ള്ളു​മെന്നു മാത്രമല്ല എന്തും തിന്നു​ക​യും ചെയ്‌തു​കൊ​ള്ളും. നന്നായി പരിപാ​ലി​ക്ക​പ്പെ​ടുന്ന കഴുത​കൾക്ക്‌ യജമാ​നനെ വലിയ കാര്യ​മാണ്‌. ബുദ്ധി​യു​ടെ കാര്യ​ത്തിൽ അവ കുതി​രയെ കടത്തി​വെ​ട്ടും. വഴി ഓർത്തി​രി​ക്കാ​നുള്ള അവയുടെ കഴിവ്‌ അപാരം തന്നെ! ഒറ്റയ്‌ക്ക്‌ എട്ടു കിലോ​മീ​റ്റർവരെ പോയി വെള്ളം കൊണ്ടു​വ​രാൻ കഴുത​യ്‌ക്കു കഴിയും, ‘ലോഡു ചെയ്യാ​നും’ ‘അൺലോ​ഡു ചെയ്യാ​നും’ ആരെങ്കി​ലും ഉണ്ടായി​രു​ന്നാൽ മാത്രം മതി. കഴുത​കളെ മണി​കെട്ടി ‘പോസ്റ്റ്‌മാ​നാ​യും’ വിടാ​റുണ്ട്‌. പോകുന്ന വഴിയിൽ, ശബ്ദം കേട്ടെ​ത്തുന്ന ആളുകൾ തങ്ങൾക്കുള്ള ഉരുപ്പ​ടി​കൾ എടുത്തു​കൊ​ള്ളും.

കഠിനാ​ധ്വാ​നം ചെയ്യാൻ കഴുത​കൾക്കു മടിയി​ല്ലെ​ങ്കി​ലും ചുമടു കൂടി​പ്പോ​യാൽ ഉടമസ്ഥൻ വിവര​മ​റി​യും. പണി​യെ​ടു​ത്തു മടുത്തു​പോ​യാ​ലും പ്രശ്‌ന​മാണ്‌. അങ്ങനെ​യെ​ങ്ങാ​നും സംഭവി​ക്കു​ക​യോ അവയ്‌ക്കു വേദനി​ക്കും​വി​ധം ചുമടു വെച്ചു​കൊ​ടു​ക്കു​ക​യോ ചെയ്‌താൽ ആശാൻ ഒറ്റക്കി​ട​പ്പാണ്‌. അപ്പോൾ, തെറ്റി​ദ്ധ​രി​ച്ചു​കൊണ്ട്‌ ചിലർ അതിനെ ശകാരി​ക്കു​ക​യോ ഉപദ്ര​വി​ക്കു​ക​യോ ചെയ്‌തേ​ക്കാം. അങ്ങനെ സംഭവി​ച്ച​താ​യി പറയുന്ന ഒരു ബൈബിൾ വിവരണം നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും.—സംഖ്യാ​പു​സ്‌തകം 22:20-31.

കഴുതകൾ പരിഗ​ണ​ന​യും പരിപാ​ല​ന​വും അർഹി​ക്കു​ന്നു. ഭദ്രമാ​യി വെച്ചു​കൊ​ടു​ക്കാ​ത്ത​തി​നാൽ ചുമട്‌ തെന്നു​ക​യും കഴുത കുഴി​യി​ലോ മറ്റോ വീണു കാലൊ​ടി​യാൻ ഇടയാ​കു​ക​യും ചെയ്യു​ന്നതു പരിതാ​പ​ക​ര​മാണ്‌. വ്രണങ്ങൾ, ചെള്ള്‌, കുളമ്പു​വ്യാ​ധി, ന്യൂ​മോ​ണിയ എന്നിവ​യും മറ്റു പ്രശ്‌ന​ങ്ങ​ളും കഠിനാ​ധ്വാ​നം ചെയ്യുന്ന ഈ ‘ചുമട്ടു​കാ​രെ’ തളർത്തി​ക്ക​ള​യു​ന്നു. ഇതിന്റെ വീക്ഷണ​ത്തിൽ, ആഡിസ്‌ അബാബ​യിൽനി​ന്നു ദൂരെ​യ​ല്ലാത്ത ഡെബ്രെ സേറ്റിൽ ആധുനിക സൗകര്യ​ങ്ങ​ളോ​ടെ കഴുത​കൾക്കാ​യി ഒരു ക്ലിനിക്‌ തുടങ്ങി​യി​ട്ടുണ്ട്‌. കമ്പ്യൂ​ട്ട​റു​കൾ, ചികി​ത്സാ​വാർഡു​കൾ, മൊ​ബൈൽ യൂണി​റ്റു​കൾ, ഓപ്പ​റേഷൻ തീയേറ്റർ എന്നിവ​യെ​ല്ലാം അവി​ടെ​യുണ്ട്‌. 2002-ൽ 40,000-ത്തോളം കഴുത​കൾക്ക്‌ ഇവി​ടെ​നി​ന്നു ചികിത്സ ലഭിക്കു​ക​യു​ണ്ടാ​യി.

ഗോ​ത്ര​പി​താ​വായ അബ്രാ​ഹാം കുന്നും മലയും താണ്ടി മോരീ​യാ പർവത​ത്തി​ലേക്കു പോയ​പ്പോൾ അവന്റെ കഴുത​യും ഒപ്പമു​ണ്ടാ​യി​രു​ന്നു. (ഉല്‌പത്തി 22:3) ഇസ്രാ​യേൽ ജനതയു​ടെ ദൈനം​ദിന ജീവി​ത​ത്തിൽ കഴുത​യ്‌ക്ക്‌ ഒരു സ്ഥാനമു​ണ്ടാ​യി​രു​ന്നു​വെന്ന്‌ അവരുടെ ചരിത്രം വെളി​പ്പെ​ടു​ത്തു​ന്നു. യേശു​ക്രി​സ്‌തു യെരൂ​ശ​ലേ​മി​ലേക്കു ഘോഷ​യാ​ത്ര​യാ​യി വന്നതും ഒരു കഴുത​പ്പു​റ​ത്താ​യി​രു​ന്നു.—മത്തായി 21:1-9.

എത്യോ​പ്യ​യി​ലും കഴുത​യ്‌ക്ക്‌ ദീർഘ​കാല സേവന​ത്തി​ന്റെ ചരി​ത്ര​മാ​ണു​ള്ളത്‌. എന്നാൽ ഇവിടത്തെ ജനജീ​വി​ത​ത്തിൽ അവയ്‌ക്ക്‌ ഇപ്പോ​ഴും വലിയ ഒരു സ്ഥാനമുണ്ട്‌. കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ ട്രക്കു​ക​ളു​ടെ​യും കാറു​ക​ളു​ടെ​യും വ്യത്യസ്‌ത മോഡ​ലു​കൾ വന്നു​പോ​യെ​ങ്കി​ലും കഴുത​യ്‌ക്ക്‌ ഇന്നും ഒരു മാറ്റവു​മില്ല. നിശ്ചയ​മാ​യും കഴുതകൾ നമ്മുടെ ആദരവ്‌ അർഹി​ക്കു​ന്നു.

[26-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

‘The Donkey Sanctuary’, Sidmouth, Devon, UK