വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യൻ

എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യൻ

എക്കാല​ത്തെ​യും ഏറ്റവും മഹാനായ മനുഷ്യൻ

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ, ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ ആരാണ്‌? നോഹ? പ്രളയത്തെ അതിജീ​വിച്ച്‌ ഇന്നു ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രു​ടെ​യും പൂർവ​പി​താ​വാ​യി​ത്തീർന്ന മനുഷ്യൻ. (ഉല്‌പത്തി 7:1, 21, 22; 9:18, 19) അല്ലെങ്കിൽ, പുരാ​ത​ന​കാ​ലത്തെ ഒരു ലോകാ​ധി​പ​തി​യും “മഹതി​യാം ബാബേൽ” എന്നു താൻ പേരു​വി​ളിച്ച മഹത്തായ നഗരത്തി​ന്റെ നിർമാ​താ​വു​മായ നെബൂ​ഖ​ദ്‌നേസർ? (ദാനീ​യേൽ 4:28-30) ഇനി​യൊ​രു​പക്ഷേ, മഹാനായ അലക്‌സാ​ണ്ടർ? തന്റെ വീര്യ​പ്ര​വൃ​ത്തി​കൾ നിമിത്തം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽപ്പോ​ലും പരാമർശി​ക്ക​പ്പെ​ട്ട​യാൾ. (ദാനീ​യേൽ 8:5-8, 21-22) ഇതൊ​ന്നു​മ​ല്ലെ​ങ്കിൽ, ജൂലി​യസ്‌ സീസർ? പ്രശസ്‌ത റോമൻ ചക്രവർത്തി.

ജൂലി​യസ്‌ സീസർ മരിച്ച്‌, ഏകദേശം 45 വർഷം ആയപ്പോൾ, ബേത്ത്‌ലേ​ഹെ​മിൽ, യേശു​വെന്ന്‌ പേരുള്ള ഒരു കുട്ടി ജനിച്ചു. അവനാ​ണോ ഏറ്റവും മഹാനായ മനുഷ്യ​നാ​യി​ത്തീർന്നത്‌? ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ ദ ഹിസ്‌റ്റോ​റി​യൻസ്‌ ഹിസ്റ്ററി ഓഫ്‌ ദ വേൾഡ്‌ എന്ന പുസ്‌തകം ഇപ്രകാ​രം നിരീ​ക്ഷി​ച്ചു: “[യേശു​വി​ന്റെ] പ്രവർത്ത​ന​ങ്ങ​ളു​ടെ ചരി​ത്ര​പ​ര​മായ സ്വാധീ​നം തികച്ചും ലൗകി​ക​മായ ഒരു കാഴ്‌ച​പ്പാ​ടിൽപ്പോ​ലും ചരി​ത്ര​ത്തി​ലെ മറ്റേ​തൊ​രു വ്യക്തി​യു​ടേ​തി​നെ​ക്കാ​ളും ശ്രദ്ധേ​യ​മാ​യി​രു​ന്നു. അവന്റെ ജനനം, ലോക​ത്തി​ലെ മുഖ്യ സംസ്‌കാ​രങ്ങൾ അംഗീ​ക​രി​ക്കുന്ന ഒരു നവയു​ഗ​ത്തി​നു നാന്ദി​കു​റി​ച്ചു.”

യേശു​ക്രി​സ്‌തു​വി​ലുള്ള ആളുക​ളു​ടെ താത്‌പ​ര്യ​ത്തിന്‌ ഇന്നും മങ്ങലേ​റ്റി​ട്ടില്ല. ഏതാനും വർഷങ്ങൾക്കു​മുമ്പ്‌, ടൈം, ന്യൂസ്‌വീക്ക്‌, യു.എസ്‌.ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ എന്നീ പ്രമുഖ യു.എസ്‌. മാസി​കകൾ യേശു​വി​നെ​ക്കു​റി​ച്ചുള്ള കവർ സ്റ്റോറി ഒരേസ​മയം പ്രസി​ദ്ധീ​ക​രി​ച്ചു. വാസ്‌ത​വ​ത്തിൽ, യേശു​വി​ലുള്ള ഇത്തരം താത്‌പ​ര്യം വർധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു തോന്നു​ന്നത്‌. 2004-ൽ ടൊറ​ന്റോ സ്റ്റാർ എന്ന വർത്തമാ​ന​പ​ത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “സിനി​മ​ക​ളി​ലൂ​ടെ​യും സംഗീ​ത​ത്തി​ലൂ​ടെ​യും ഫാഷനു​ക​ളി​ലൂ​ടെ​യും അവൻ ജീവി​ക്കു​ന്നു. അവൻ നമ്മുടെ വീരപു​രു​ഷ​ന്മാ​രിൽ ഒരാളാ​യി മാറി​യി​രി​ക്കു​ന്നു.”

എന്നാൽ വിചി​ത്ര​മെന്നു പറയട്ടെ, യേശു ഒരിക്ക​ലും ജീവി​ച്ചി​രു​ന്നി​ട്ടി​ല്ലെന്നു കുറെ​നാൾമുമ്പ്‌ ചിലർ പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. ഈ അവകാ​ശ​വാ​ദം ഉന്നയി​ച്ച​വ​രിൽ ഒരാളാ​യി​രു​ന്നു ബ്രൂണോ ബൗവർ (1809-82) എന്ന അധ്യാ​പകൻ. കാൾ മാർക്‌സ്‌ അദ്ദേഹ​ത്തി​ന്റെ ഒരു വിദ്യാർഥി​യാ​യി​രു​ന്നു. അടുത്ത​കാ​ലത്ത്‌ റോബർട്ട്‌ ഇ. വാൻ വോർസ്റ്റ്‌, പുതി​യ​നി​യ​മ​ത്തി​നു പുറത്തുള്ള യേശു (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ എഴുതി: “യേശു ഒരു സാങ്കൽപ്പിക കഥാപാ​ത്ര​മാ​ണെ​ന്നുള്ള ബൗവറി​ന്റെ ആശയം പിൽക്കാ​ലത്ത്‌ മാർക്‌സ്‌ തന്റെ പ്രത്യ​യ​ശാ​സ്‌ത്ര​ത്തിൽ കൂട്ടി​ച്ചേർക്കു​ക​യും, ഔദ്യോ​ഗിക സോവി​യറ്റ്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും മറ്റു കമ്മ്യൂ​ണിസ്റ്റ്‌ സാഹി​ത്യ​ങ്ങ​ളും ഈ അവകാ​ശ​വാ​ദ​ത്തി​നു പിന്നീട്‌ പ്രചു​ര​പ്ര​ചാ​രം നേടി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു.”

പക്ഷേ ഇന്ന്‌ ആരും​തന്നെ, യേശു യഥാർഥ​ത്തിൽ ജീവി​ച്ചി​രു​ന്നു എന്നതു നിഷേ​ധി​ക്കില്ല. വാസ്‌ത​വ​ത്തിൽ, ഭൂരി​പ​ക്ഷം​പേ​രും യേശു യഥാർഥ​ത്തിൽ ജീവി​ച്ചി​രു​ന്നു​വെ​ന്നും വളരെ പ്രധാ​ന​പ്പെട്ട വ്യക്തി​യാ​യി​രു​ന്നു​വെ​ന്നും തലകു​ലു​ക്കി സമ്മതി​ക്കും. 2002 ഡിസം​ബ​റി​ലെ വാൾ സ്‌ട്രീറ്റ്‌ ജേർണ​ലി​ന്റെ ഒരു മുഖ​പ്ര​സം​ഗ​ത്തി​ന്റെ തലക്കെട്ട്‌ ഇങ്ങനെ​യാ​യി​രു​ന്നു: “ശാസ്‌ത്ര​ത്തിന്‌ യേശു​വി​നെ അവഗണി​ക്കാ​നാ​വില്ല.” “ചുരു​ക്കം​ചില നിരീ​ശ്വ​ര​വാ​ദി​കൾ ഒഴിച്ച്‌ മിക്ക പണ്ഡിത​ന്മാ​രും, നസ്രാ​യ​നായ യേശു ഒരു ചരി​ത്ര​പു​രു​ഷ​നാ​ണെന്ന്‌ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു”വെന്ന്‌ മുഖ​പ്ര​സം​ഗം പ്രസ്‌താ​വി​ച്ചു.

എന്നാൽ കേവല​മൊ​രു ചരി​ത്ര​പു​രു​ഷൻ എന്നതി​നും ഉപരി​യാ​ണു യേശു​വി​ന്റെ സ്ഥാനം. ടൈം മാസി​ക​യു​ടെ റിപ്പോർട്ട​നു​സ​രിച്ച്‌ “ഈ രണ്ടു സഹസ്രാ​ബ്ദ​ത്തിൽ മാത്രമല്ല, മറിച്ച്‌ മുഴു മനുഷ്യ​ച​രി​ത്ര​ത്തി​ലും ഏറ്റവും പ്രഭാവം ചെലു​ത്തിയ വ്യക്തി, നസ്രാ​യ​നായ യേശു​വാ​ണെന്ന വസ്‌തുത നിഷേ​ധി​ക്കു​ന്ന​തിന്‌ വളരെ വിചി​ത്ര​മായ ന്യായ​വാ​ദങ്ങൾ വേണ്ടി​വ​രും.” മാസിക തുടരു​ന്നു: “മറ്റാരു​ടെ​യും ജീവിതം യേശു​വി​ന്റേ​തു​പോ​ലെ ശക്തവും നീണ്ടു​നിൽക്കു​ന്ന​തു​മായ സ്വാധീ​നം ചെലു​ത്തി​യി​ട്ടി​ല്ലെന്നു വാദി​ക്കു​ന്ന​തിന്‌ ഈടുറ്റ തെളി​വു​ക​ളുണ്ട്‌.”

എന്നിരു​ന്നാ​ലും, ചോദ്യ​ങ്ങൾ അവശേ​ഷി​ക്കു​ന്നു: അവൻ യഥാർഥ​ത്തിൽ ആരായി​രു​ന്നു? എവിടെ നിന്നാ​ണവൻ വന്നത്‌? എന്തിനാണ്‌ അവൻ ഭൂമി​യി​ലേക്കു വന്നത്‌? അവനെ​ക്കു​റിച്ച്‌ അറിയാൻ സാധി​ക്കു​ന്ന​തെ​ല്ലാം അറി​യേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?