വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യശസ്സിനെക്കാൾ ശ്രേഷ്‌ഠമായത്‌

യശസ്സിനെക്കാൾ ശ്രേഷ്‌ഠമായത്‌

യശസ്സി​നെ​ക്കാൾ ശ്രേഷ്‌ഠ​മാ​യത്‌

ചാൾസ്‌ സിനെ​റ്റ്‌കോ പറഞ്ഞ​പ്ര​കാ​രം

വർഷം 1957, യു.എസ്‌.എ.-യിലെ നിവാ​ഡാ​യി​ലുള്ള ലാസ്‌ വേഗാ​സിൽ പാടാ​നുള്ള ക്ഷണം എനിക്കു ലഭിച്ചു. 13 ആഴ്‌ച​ത്തേ​ക്കാ​യി​രു​ന്നു കരാർ. ഒരാഴ്‌ച​ത്തേ​ക്കുള്ള പ്രതി​ഫലം ആയിരം ഡോള​റും. പരിപാ​ടി നന്നായാൽ 50 ആഴ്‌ച​ത്തേ​ക്കു​കൂ​ടെ എനിക്ക്‌ അതു തുടരാ​നും കഴിയു​മാ​യി​രു​ന്നു. എന്നു​വെ​ച്ചാൽ 50,000 ഡോളർകൂ​ടെ കിട്ടു​മാ​യി​രു​ന്നെന്നു സാരം. അക്കാലത്ത്‌ അത്‌ കണ്ണഞ്ചി​ക്കുന്ന ഒരു തുകയാ​യി​രു​ന്നു. പണം വാരി​ക്കൂ​ട്ടാ​നുള്ള ഈ കനകാ​വ​സരം എനിക്ക്‌ എങ്ങനെ വീണു​കി​ട്ടി​യെ​ന്നും ഈ വാഗ്‌ദാ​നം സ്വീക​രി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും ഞാൻ നിങ്ങ​ളോ​ടു പറയാം.

എന്റെ ഡാഡി, ഒരു യൂ​ക്രെ​യിൻകാ​രൻ ആയിരു​ന്നു, 1910-ൽ പൂർവ യൂറോ​പ്പി​ലാണ്‌ അദ്ദേഹം ജനിച്ചത്‌. 1913-ൽ എന്റെ മുത്തശ്ശി മുത്തശ്ശ​നോ​ടൊ​പ്പം താമസി​ക്കാ​നാ​യി ഐക്യ​നാ​ടു​ക​ളി​ലേക്കു വന്നപ്പോൾ അദ്ദേഹ​ത്തെ​യും കൊണ്ടു​വന്നു. 1935-ലായി​രു​ന്നു എന്റെ മാതാ​പി​താ​ക്ക​ളു​ടെ വിവാഹം. ഒരുവർഷ​ത്തി​നു ശേഷം പെൻസിൽവേ​നി​യ​യി​ലെ ആംബ്രി​ജിൽ ഞാൻ ജനിച്ചു. ആ സമയം ആയപ്പോ​ഴേക്ക്‌ ഡാഡി​യു​ടെ രണ്ടു ജ്യേഷ്‌ഠ​ന്മാർ യഹോ​വ​യു​ടെ സാക്ഷികൾ ആയിത്തീർന്നി​രു​ന്നു.

ഞാനും എന്റെ അനുജ​ന്മാ​രും കുട്ടി​ക​ളാ​യി​രി​ക്കെ പെൻസിൽവേ​നി​യ​യി​ലെ ന്യൂ കാസി​ലി​ന​ടു​ത്താ​യി​രു​ന്നു ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌. അവി​ടെ​വെച്ച്‌ മമ്മി സാക്ഷി​ക​ളോ​ടൊത്ത്‌ കുറച്ചു​നാൾ ബൈബിൾ പഠിച്ചു. എന്നാൽ എന്റെ മാതാ​പി​താ​ക്ക​ളിൽ ആരും അന്ന്‌ സാക്ഷികൾ ആയിത്തീർന്നി​രു​ന്നില്ല. എന്നിരു​ന്നാ​ലും തന്റെ ജ്യേഷ്‌ഠ​ന്മാർക്ക്‌ തങ്ങൾക്ക്‌ ഇഷ്ടമു​ള്ളതു വിശ്വ​സി​ക്കാൻ അവകാ​ശ​മു​ണ്ടെ​ന്നുള്ള അഭി​പ്രാ​യ​ക്കാ​ര​നാ​യി​രു​ന്നു ഡാഡി. ഞങ്ങളെ രാജ്യ​സ്‌നേ​ഹി​ക​ളാ​യാണ്‌ ഡാഡി വളർത്തി​ക്കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ലും ഇഷ്ടപ്പെട്ട വിധത്തിൽ ആരാധന നടത്താ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശത്തെ അദ്ദേഹം എല്ലായ്‌പോ​ഴും മാനി​ച്ചി​രു​ന്നു.

ഒരു ഗായക​നാ​യുള്ള ജീവി​ത​വൃ​ത്തി

എനിക്ക്‌ പാട്ടു​പാ​ടാ​നുള്ള നൈസർഗി​ക​മായ കഴിവു​ണ്ടെന്നു തിരി​ച്ച​റിഞ്ഞ മാതാ​പി​താ​ക്കൾ എന്റെ കഴിവ്‌ വളർത്തി​യെ​ടു​ക്കാൻ തങ്ങളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു. എനിക്ക്‌ ആറോ ഏഴോ വയസ്സു​ള്ള​പ്പോൾ ഡാഡി എന്നെ നിശാ​ക്ല​ബ്ബി​ലെ ബാറിൽ കൊണ്ടു​പോ​യി ബാർ കൗണ്ടറിൽ നിറു​ത്തു​മാ​യി​രു​ന്നു, ഗിത്താർ വായിച്ച്‌ ഞാൻ പാടാൻവേണ്ടി. “അമ്മ” എന്ന ഒരു പാട്ടാണ്‌ ഞാൻ പാടി​യി​രു​ന്നത്‌. അതിന്റെ ഈരടി​കൾ സ്‌നേ​ഹ​മ​യി​യായ ഒരു അമ്മയുടെ ഗുണഗ​ണ​ങ്ങളെ വർണി​ക്കു​ന്ന​താ​യി​രു​ന്നു. ഹൃദയത്തെ സ്‌പർശി​ക്കും​വി​ധം ഒരുതരം ഉച്ചസ്ഥാ​യി​യി​ലാണ്‌ ആ പാട്ട്‌ അവസാ​നി​ക്കു​ന്നത്‌. പലപ്പോ​ഴും വേണ്ടതി​ല​ധി​കം കുടി​ച്ചി​രുന്ന ബാറി​ലുള്ള പുരു​ഷ​ന്മാർ ഈ പാട്ട്‌ കേട്ടു കരയു​മാ​യി​രു​ന്നു, എന്നിട്ട്‌ ഡാഡി നീട്ടുന്ന തൊപ്പി​യിൽ പണവും ഇടും.

എന്റെ റേഡി​യോ പരിപാ​ടി​യു​ടെ അരങ്ങേറ്റം 1945-ൽ ന്യൂ കാസി​ലി​ലെ ഡബ്ലിയു​കെ​എ​സ്‌റ്റി റേഡി​യോ സ്റ്റേഷനി​ലാ​യി​രു​ന്നു, നാടൻ പാട്ടി​ലാ​യി​രു​ന്നു തുടക്കം. പിന്നീട്‌ എന്റെ ഗാനങ്ങ​ളിൽ ഞാൻ ഹിറ്റ്‌ പരേഡ്‌ എന്ന ജനപ്രിയ ഗാന​ശേ​ഖ​ര​ത്തി​ലെ പാട്ടു​ക​ളും ഉൾപ്പെ​ടു​ത്താൻ തുടങ്ങി. ഒരാഴ്‌ചത്തെ ഏറ്റവും മികച്ച പത്ത്‌ ഗാനങ്ങൾ പ്രക്ഷേ​പണം ചെയ്യുന്ന വാരം​തോ​റു​മുള്ള ഒരു നെറ്റ്‌വർക്ക്‌ റേഡി​യോ പരിപാ​ടി ആയിരു​ന്നു ഹിറ്റ്‌ പരേഡ്‌. ടെലി​വി​ഷ​നി​ലേ​ക്കുള്ള എന്റെ രംഗ​പ്ര​വേശം 1950-ൽ പോൾ വൈറ്റ്‌മാ​ന്റെ പരിപാ​ടി​യോ​ടെ​യാ​യി​രു​ന്നു. ജോർജ്‌ ഗെർഷ്വിൻ കമ്പോസ്‌ ചെയ്‌ത്‌ പോൾ വൈറ്റ്‌മാ​നും സംഘവും അവതരി​പ്പിച്ച “റാപ്‌സൊ​ഡി ഇൻ ബ്ലൂ” ഇന്നും പ്രശസ്‌ത​മാണ്‌. താമസി​യാ​തെ ഡാഡി പെൻസിൽവേ​നി​യ​യി​ലുള്ള ഞങ്ങളുടെ വീടു വിറ്റു. സംഗീ​ത​രം​ഗത്ത്‌ എനിക്കു നല്ലൊരു ഭാവി ഉണ്ടാകു​ന്ന​തി​നാ​യി ഞങ്ങളുടെ കുടും​ബം കാലി​ഫോർണി​യ​യി​ലെ ലോസാ​ഞ്ച​ലസ്‌ പ്രദേ​ശ​ത്തേക്കു ചേക്കേറി.

ഡാഡി​യു​ടെ സ്ഥിരോ​ത്സാ​ഹ​ത്തി​നു ഫലമു​ണ്ടാ​യി. ഉടൻതന്നെ പസാഡി​ന​യിൽ വാരം​തോ​റും റേഡി​യോ പരിപാ​ടി​യും ഹോളി​വു​ഡിൽ ആഴ്‌ച​യിൽ അരമണി​ക്കൂർ ടെലി​വി​ഷൻ ഷോയും എനിക്കു സ്വന്തമാ​യി നടത്താൻ കഴിഞ്ഞു. കാപ്പി​റ്റോൾ റെക്കോർഡിങ്‌ കമ്പനി​യിൽ, റ്റെഡ്‌ ഡേൽ എന്ന വ്യക്തി​യു​ടെ നൂറ്‌ അംഗങ്ങ​ളുള്ള ഓർക്കെ​സ്‌ട്ര​യിൽ ഞാൻ റെക്കോർഡി​ങ്ങു​കൾ ചെയ്‌തു. കൂടാതെ ഞാൻ സിബി​എസ്‌ റേഡി​യോ നെറ്റ്‌വർക്കി​ലെ ഒരു ഗായക​നാ​കു​ക​യും ചെയ്‌തു. 1955-ൽ ഞാൻ ഹാസ്യാ​ത്മ​ക​മായ ഒരു സംഗീ​ത​പ​രി​പാ​ടി അവതരി​പ്പി​ക്കാ​നാ​യി ഉത്തര കാലി​ഫോർണി​യ​യി​ലുള്ള ലേക്ക്‌ ടാഹോ​യി​ലേക്കു പോയി. അവി​ടെ​വെച്ച്‌ എന്റെ ജീവി​ത​ത്തിൽ അതുവ​രെ​യു​ണ്ടാ​യി​രുന്ന മുൻഗ​ണ​ന​കൾക്ക്‌ ഒരു നാടകീയ മാറ്റം സംഭവി​ച്ചു.

പുതിയ മുൻഗ​ണ​ന​കൾ

ഏതാണ്ട്‌ ആ സമയത്താണ്‌ ഡാഡി​യു​ടെ ഒരു ജ്യേഷ്‌ഠ​നായ ജോൺ അങ്കിൾ എനിക്ക്‌ “ദൈവം സത്യവാൻ” എന്ന പുസ്‌തകം തന്നത്‌. a b അങ്കിളും പെൻസിൽവേ​നി​യ​യിൽനിന്ന്‌ കാലി​ഫോർണി​യ​യി​ലേക്ക്‌ താമസം മാറി​യി​രു​ന്നു. ഞാൻ ലേക്ക്‌ ടാഹോ​യി​ലേക്കു പോയ​പ്പോൾ ഈ പുസ്‌ത​ക​വും കൂടെ​ക്കൊ​ണ്ടു​പോ​യി. ഞങ്ങളുടെ ഒടുവി​ലത്തെ ഷോ അവസാ​നി​ച്ച​പ്പോൾ അർധരാ​ത്രി കഴിഞ്ഞി​രു​ന്നു. ഉറങ്ങാൻ പോകു​ന്ന​തി​നു മുമ്പ്‌ മനസ്സിന്‌ ഒന്ന്‌ അയവു കിട്ടാൻ ഈ പുസ്‌തകം വായി​ക്കാ​മെന്നു ഞാൻ വിചാ​രി​ച്ചു. ഞാൻ അതിശ​യി​ച്ചു​പോ​യി. ഏറെനാ​ളാ​യി എന്റെ മനസ്സിൽ കടന്നു​കൂ​ടി​യി​രുന്ന ഒട്ടനവധി ചോദ്യ​ങ്ങൾക്ക്‌ ബൈബിൾ നൽകുന്ന ഉത്തരങ്ങൾ അതിലു​ണ്ടാ​യി​രു​ന്നു.

അതേത്തു​ടർന്ന്‌, രാത്രി ജോലി​ക്കു ശേഷം പുതു​താ​യി കണ്ടെത്തിയ കാര്യ​ങ്ങളെ കുറിച്ചു മറ്റു കലാകാ​ര​ന്മാ​രോ​ടു നിശാ​ക്ല​ബ്ബി​ലി​രു​ന്നു ഞാൻ സംസാ​രി​ക്കാൻ തുടങ്ങി. മിക്ക​പ്പോ​ഴും ഈ സംഭാ​ഷ​ണങ്ങൾ വെളു​ക്കു​വോ​ളം തുടരു​മാ​യി​രു​ന്നു. മരണാ​നന്തര ജീവിതം, ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, മനുഷ്യൻ ക്രമേണ ഭൂമി​യെ​യും നശിപ്പിച്ച്‌ സ്വയം നശിക്കു​മോ തുടങ്ങി​യവ ആയിരു​ന്നു ഞങ്ങളുടെ ചർച്ചാ വിഷയങ്ങൾ. ഏതാനും മാസങ്ങൾക്കു ശേഷം 1955 ജൂലൈ 9-ന്‌ ലോസ്‌ ആഞ്ചലസി​ലെ റിഗ്ലി​ഫീൽഡിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽവെച്ച്‌ യഹോ​വ​യാം ദൈവത്തെ സേവി​ക്കാ​നുള്ള എന്റെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി ഞാൻ സ്‌നാ​പ​ന​മേറ്റു.

ഇതു കഴിഞ്ഞ്‌ ഒരു ആറു മാസമാ​യില്ല, വിനോദ വ്യവസായ രംഗത്തു പ്രവർത്തി​ക്കുന്ന ജാക്ക്‌ മെക്കോയ്‌ എന്ന വ്യക്തിയെ സന്ദർശി​ക്കു​ന്ന​തിന്‌ 1955-ലെ ക്രിസ്‌തു​മസ്‌ ദിവസം രാവിലെ, ഒരു സഹസാ​ക്ഷി​യായ ഹെൻറി റസ്സൽ തന്നോ​ടൊ​പ്പം ചെല്ലാൻ എന്നെ ക്ഷണിച്ചു. ഹെൻറി എൻബിസി-യിലെ സംഗീത സംവി​ധാ​യകൻ ആയിരു​ന്നു. ഞങ്ങൾ ചെന്ന​പ്പോൾ ജാക്കും ഭാര്യ​യും മൂന്നു കുട്ടി​ക​ളും തങ്ങളുടെ ക്രിസ്‌തു​മസ്‌ സമ്മാനങ്ങൾ തുറക്കാൻ തുടങ്ങു​ക​യാ​യി​രു​ന്നു, എങ്കിലും ഞങ്ങളുടെ സന്ദേശം അവർ ഇരുന്നു ശ്രദ്ധിച്ചു കേട്ടു. അദ്ദേഹ​വും കുടും​ബ​വും താമസി​യാ​തെ സാക്ഷി​ക​ളാ​യി​ത്തീർന്നു.

ഈ സമയത്തു​തന്നെ ഞാൻ മമ്മിക്കു ബൈബി​ള​ധ്യ​യനം എടുത്തു. മമ്മി ബൈബിൾ സത്യം സ്വീക​രി​ച്ചു. കാലാ​ന്ത​ര​ത്തിൽ മമ്മി യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിത്തീ​രു​ക​യും പയനിയർ ശുശ്രൂഷ അഥവാ മുഴു​സമയ സുവി​ശേഷ ഘോഷണം ഏറ്റെടു​ക്കു​ക​യും ചെയ്‌തു. കാല​ക്ര​മേണ എന്റെ മൂന്ന്‌ അനുജ​ന്മാ​രും സ്‌നാ​പ​ന​മേറ്റു, അവരും പയനിയർ ശുശ്രൂ​ഷ​യിൽ കുറെ​ക്കാ​ലം പങ്കുപറ്റി. 1956 സെപ്‌റ്റം​ബ​റിൽ 20-ാമത്തെ വയസ്സിൽ ഞാൻ ഒരു പയനി​യ​റാ​യി.

തൊഴിൽ സംബന്ധിച്ച തീരു​മാ​ന​ങ്ങൾ

അങ്ങനെ​യി​രി​ക്കെ, എന്റെ ഏജന്റിന്റെ സുഹൃത്ത്‌ ജോർജ്‌ മർഫി എന്റെ പരിപാ​ടി​കൾ ഉന്നമി​പ്പി​ക്കാൻ മുൻ​കൈ​യെ​ടു​ത്തു പ്രവർത്തി​ച്ചു. ജോർജ്‌ 1930-കളിലും 1940-കളിലും ഒരുപാട്‌ സിനി​മ​ക​ളിൽ മുഖം കാണി​ച്ചി​രു​ന്നു. ഉന്നത തലങ്ങളിൽ മർഫിക്ക്‌ ഉണ്ടായി​രുന്ന പിടി​പാ​ടു നിമിത്തം 1956 ഡിസം​ബ​റിൽ ഞാൻ ന്യൂ​യോർക്ക്‌ നഗരത്തി​ലെ സിബി​എസ്‌-ടിവി​യിൽ ജാക്കി ഗ്ലീസന്റെ പരിപാ​ടി​യിൽ പങ്കെടു​ത്തു. ഇത്‌ എന്റെ തൊഴി​ലിന്‌ ശക്തമായ ഒരു മുന്നേറ്റം നൽകി. കാരണം ഈ ഷോയ്‌ക്ക്‌ ഏതാണ്ട്‌ 2,00,00,000 കാണികൾ ഉണ്ടായി​രു​ന്നു. ന്യൂ​യോർക്കിൽ ആയിരുന്ന സമയത്ത്‌ ഞാൻ ബ്രുക്ലി​നി​ലുള്ള, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നം ആദ്യമാ​യി സന്ദർശി​ച്ചു.

ഗ്ലീസൺ ഷോ കഴിഞ്ഞ്‌ ഞാൻ എംജിഎം സ്റ്റുഡി​യോ​ക​ളു​മാ​യി സിനി​മ​യി​ലേ​ക്കുള്ള ഏഴു വർഷത്തെ കരാർ ഒപ്പു​വെച്ചു. ടെലി​വി​ഷ​നിൽ എനിക്ക്‌ ഒരു പതിവു പരിപാ​ടി​യും വാഗ്‌ദാ​നം ചെയ്യ​പ്പെട്ടു. കുറച്ചു കഴിഞ്ഞ​പ്പോൾ എന്റെ മനസ്സാക്ഷി എന്നെ അലട്ടാൻ തുടങ്ങി. കാരണം ഈ പരിപാ​ടി​ക​ളിൽ എനിക്ക്‌ ഒരു ചൂതാ​ട്ട​ക്കാ​ര​ന്റെ​യോ ഉന്നംപി​ഴ​യ്‌ക്കാ​തെ വെടി​വെ​ക്കുന്ന ആളു​ടെ​യോ റോൾ അഭിന​യി​ക്കേ​ണ്ടി​വ​രും. അതേ, അധാർമി​ക​ത​യെ​യും ക്രിസ്‌തീ​യ​വി​രുദ്ധ പെരു​മാ​റ്റ​ങ്ങ​ളെ​യും വളരെ നല്ല സംഗതി​ക​ളാ​യി അവതരി​പ്പി​ക്കുന്ന വേഷങ്ങ​ളിൽ. അതു​കൊണ്ട്‌ ഞാൻ ആ കരാർ ഉപേക്ഷി​ച്ചു. വിനോദ വ്യാപാര രംഗത്തു​ള്ളവർ വിചാ​രി​ച്ചു എനിക്കു ഭ്രാന്താ​ണെന്ന്‌.

ഈ അവസര​ത്തി​ലാണ്‌ തുടക്ക​ത്തിൽ പരാമർശിച്ച, ലാസ്‌ വേഗാ​സി​ലെ പ്രകട​ന​ത്തിന്‌ ഭീമമായ ഒരു തുക എനിക്കു വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടത്‌. ഞങ്ങളുടെ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശന വാരത്തി​ലാ​യി​രു​ന്നു എനിക്കു ജോലി​യിൽ പ്രവേ​ശി​ക്കേ​ണ്ടി​യി​രു​ന്നത്‌. ഇപ്പോൾ ഞാൻ ഈ അവസരം മുതലാ​ക്കു​ന്നി​ല്ലെ​ങ്കിൽ എനിക്കിത്‌ അപ്പാടെ നഷ്ടപ്പെ​ടും. എന്റെ മനസ്സ്‌ ആകെപ്പാ​ടെ കുഴഞ്ഞു​മ​റി​ഞ്ഞു. ഡാഡി​യാ​ണെ​ങ്കിൽ ഞാൻ പണം വാരും എന്നുള്ള പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌! എന്നെ ഈ നിലയി​ലെ​ത്തി​ക്കാൻ ഡാഡി ചെയ്‌ത​തി​നെ​ല്ലാം പ്രതി​ഫലം അദ്ദേഹം അർഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു തോന്നി.

അതു​കൊണ്ട്‌ ഞാൻ ഞങ്ങളുടെ അധ്യക്ഷ മേൽവി​ചാ​രകൻ കാൾ പാർക്കി​നെ സമീപി​ച്ചു. അദ്ദേഹം ഒരു സംഗീ​ത​ജ്ഞ​നാ​യി​രു​ന്നു. കൂടാതെ 1920-കളിൽ ന്യൂ​യോർക്കി​ലെ ഡബ്ലിയു​ബി​ബി​ആർ റേഡി​യോ സ്റ്റേഷനിൽ വയലിൻ വായന​ക്കാ​ര​നും ആയിരു​ന്നു. ഈ കരാർ ഏറ്റെടു​ക്കു​ക​യാ​ണെ​ങ്കിൽ പിന്നീട്‌ ജീവി​ത​കാ​ലം മുഴു​വ​നും എനിക്കു യാതൊ​രു അല്ലലു​മി​ല്ലാ​തെ പയനി​യ​റിങ്‌ ചെയ്യാ​നാ​കു​മെന്ന്‌ ഞാൻ സഹോ​ദ​ര​നോ​ടു പറഞ്ഞു. “താങ്കൾ ഇന്നതു ചെയ്യണ​മെന്ന്‌ എനിക്കു പറയാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. “പക്ഷേ ഒരു നിഗമ​ന​ത്തി​ലെ​ത്താൻ എനിക്കു താങ്കളെ സഹായി​ക്കാൻ കഴിയും.” തുടർന്ന്‌ അദ്ദേഹം ചോദി​ച്ചു: “ഈ ആഴ്‌ച അപ്പൊ​സ്‌ത​ല​നായ പൗലൊ​സാണ്‌ ഇവിടം സന്ദർശി​ക്കാൻ വരുന്ന​തെ​ങ്കിൽ താങ്കൾ അതു നഷ്ടപ്പെ​ടു​ത്തു​മാ​യി​രു​ന്നോ?” “യേശു​വിന്‌ താങ്കളെ കുറി​ച്ചുള്ള ഉദ്ദേശ്യം എന്താ​ണെ​ന്നാണ്‌ താങ്കൾക്കു തോന്നു​ന്നത്‌?”

എനിക്ക്‌ ഉത്തരം പൂർണ​മാ​യി കിട്ടി​യെന്ന്‌ എന്റെ മനസ്സു പറഞ്ഞു. ഞാൻ ലാസ്‌ വേഗാ​സി​ലെ കരാർ ഏറ്റെടു​ക്കു​ന്നി​ല്ലെന്നു തീരു​മാ​നി​ച്ചെന്ന്‌ ഡാഡി​യോ​ടു പറഞ്ഞ​പ്പോൾ ഞാൻ അദ്ദേഹ​ത്തി​ന്റെ ജീവിതം നശിപ്പി​ക്കു​ക​യാ​ണെന്ന്‌ ഡാഡി പറഞ്ഞു. ആ രാത്രി​യിൽ അദ്ദേഹം തന്റെ കൈ​ത്തോ​ക്കു​മാ​യി എന്നെ കാത്തി​രു​ന്നു, എന്നെ കൊല്ലാൻ. പക്ഷേ അദ്ദേഹം ഉറങ്ങി​പ്പോ​യി. അന്ന്‌ ഡാഡി ഒരുപാട്‌ മദ്യപി​ച്ചി​രു​ന്നെന്നു തോന്നു​ന്നു. പിന്നെ അദ്ദേഹം ഗരാജിൽവെച്ച്‌ വാഹന​ത്തി​ന​കത്തെ വാതകം ശ്വസിച്ച്‌ സ്വയം ജീവ​നൊ​ടു​ക്കാൻ തുനിഞ്ഞു. ഞാൻ രക്ഷാ​പ്ര​വർത്ത​കരെ വിളി​ച്ച​തി​നാൽ അവർ പാഞ്ഞെത്തി അദ്ദേഹത്തെ രക്ഷിച്ചു.

ഡാഡിക്ക്‌ മൂക്കിൻ തുമ്പത്താണ്‌ ദേഷ്യം, അത്‌ അറിയാ​വുന്ന ഞങ്ങളുടെ സഭയിലെ അനേകർക്കും ഡാഡിയെ പേടി​യാ​യി​രു​ന്നു. എന്നാൽ ഞങ്ങളുടെ സർക്കിട്ട്‌ മേൽവി​ചാ​രകൻ റോയ്‌ ഡോവ​ലിന്‌ ഡാഡിയെ പേടി​യി​ല്ലാ​യി​രു​ന്നു. റോയ്‌ അദ്ദേഹത്തെ കാണാൻ ചെന്ന​പ്പോൾ എന്തോ പറഞ്ഞുവന്ന കൂട്ടത്തിൽ ഡാഡി എന്റെ ജനനത്തെ കുറിച്ചു പറഞ്ഞു, ഞാൻ ജനിച്ച​പ്പോൾ, ജീവി​ച്ചി​രി​ക്കു​മെന്ന്‌ യാതൊ​രു പ്രതീ​ക്ഷ​യും ഇല്ലായി​രു​ന്ന​ത്രേ. അപ്പോൾ, കുഞ്ഞ്‌ രക്ഷപ്പെ​ടു​ക​യാ​ണെ​ങ്കിൽ അവനെ ദൈവ​സേ​വ​ന​ത്തിന്‌ അർപ്പി​ച്ചു​കൊ​ള്ളാ​മെന്ന്‌ ഡാഡി നേർന്നി​രു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ, ദൈവ​ത്തോ​ടു ഡാഡി ചെയ്‌ത വാഗ്‌ദാ​നം നിവർത്തി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നി​ല്ലേ എന്ന്‌ റോയ്‌ ഡാഡി​യോ​ടു ചോദി​ച്ചു. ഡാഡി അതു​കേട്ടു സ്‌തബ്ധ​നാ​യി. റോയ്‌ തുടർന്നു: “ദൈവ​ത്തി​ന്റെ പുത്രന്‌ മുഴു​സമയ ശുശ്രൂ​ഷ​യാ​യി​രു​ന്നു ഏറ്റവും നല്ലതെ​ങ്കിൽ താങ്കളു​ടെ പുത്രന്‌ അതെന്തു​കൊ​ണ്ടു നല്ലതല്ല?” അതോടെ എന്റെ തിര​ഞ്ഞെ​ടു​പ്പി​നെ ഡാഡി മനസ്സാ അംഗീ​ക​രി​ക്കു​ന്ന​താ​യി തോന്നി.

ഇടയ്‌ക്ക്‌, 1957 ജനുവ​രി​യിൽ കാനഡ​യിൽനിന്ന്‌ ഷേർലി ലാർജും തന്റെ പയനിയർ പങ്കാളി​യും കൂടി ചില സുഹൃ​ത്തു​ക്കളെ കാണാൻ വന്നു. അവളോ​ടും കൂട്ടു​കാ​രി​യോ​ടു​മൊ​പ്പം വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യ്‌ക്കു പോയ​പ്പോൾ ഞാനും ഷേർലി​യും പരിച​യ​ത്തി​ലാ​യി. അതിനു​ശേഷം ഷേർലി എന്നോ​ടൊ​പ്പം ഹോളി​വുഡ്‌ ബൗളി​ലേക്കു വന്നു, അവി​ടെ​വെച്ച്‌ ഞാൻ പേൾ ബെയ്‌ലി​യു​ടെ കൂടെ പാടു​ക​യു​ണ്ടാ​യി.

ഒരു തീരു​മാ​നത്തെ നേരി​ടു​ന്നു

1957 സെപ്‌റ്റം​ബ​റിൽ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കാൻ എനിക്കു നിയമനം കിട്ടി. ഐയ്യൊവ സംസ്ഥാ​ന​മാ​യി​രു​ന്നു എന്റെ നിയമന പ്രദേശം. ഈ നിയമനം ഏറ്റെടു​ക്കാൻ തീരു​മാ​നി​ച്ചെന്ന്‌ ഞാൻ ഡാഡി​യോ​ടു പറഞ്ഞ​പ്പോൾ ഡാഡി സങ്കടത്താൽ വിതു​മ്പി​പ്പോ​യി. യഥാർഥ​ത്തിൽ മൂല്യ​വ​ത്തായ കാര്യങ്ങൾ ഞാൻ കണ്ടെത്തി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്ന എന്റെ പുതിയ വീക്ഷണം ഡാഡിക്ക്‌ ഉൾക്കൊ​ള്ളാ​നാ​യില്ല. ഞാൻ ഹോളി​വു​ഡി​ലേക്കു പോയി എന്റെ എല്ലാ കരാറു​ക​ളും പിൻവ​ലി​ച്ചു. ഓർക്കെ​സ്‌ട്ര​യും കോറ​സ്സും നയിക്കുന്ന പ്രശസ്‌ത​നായ ഫ്രെഡ്‌ വാറി​ങ്ങു​മാ​യും എനിക്കു കരാറു​ണ്ടാ​യി​രു​ന്നു. എന്റെ കരാർ പൂർത്തീ​ക​രി​ച്ചി​ല്ലെ​ങ്കിൽ ഞാൻ ഇനി ഒരു ഗായക​നാ​യി തുടരു​ക​യി​ല്ലെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. യഹോ​വ​യു​ടെ സേവന​ത്തിൽ ഏറെ ചെയ്യു​ന്ന​തി​നാ​യി ഞാൻ ഗായക​നാ​യുള്ള എന്റെ ജീവി​ത​വൃ​ത്തി ഉപേക്ഷി​ക്കു​ക​യാ​ണെന്ന്‌ അദ്ദേഹ​ത്തോ​ടു വിശദീ​ക​രി​ച്ചു.

ഞാൻ എല്ലാം വിശദ​മാ​യി പറഞ്ഞു. മിസ്റ്റർ വാറിങ്‌ ആദര​വോ​ടെ അതെല്ലാം കേട്ടി​രു​ന്നു. ഒടുവിൽ എന്നെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം വളരെ സൗമ്യ​മാ​യി പറഞ്ഞു: “കുഞ്ഞേ, നീ ഇത്ര വിശി​ഷ്ട​മായ ഒരു ജീവി​ത​വൃ​ത്തി ഉപേക്ഷി​ക്കു​ന്ന​തിൽ ഞാൻ ഖേദി​ക്കു​ന്നു. പക്ഷേ ഒന്നുണ്ട്‌, എന്റെ ജീവി​ത​കാ​ലം മുഴു​വ​നും ഞാൻ സംഗീ​ത​രം​ഗത്ത്‌ ആയിരു​ന്നെ​ങ്കി​ലും ജീവി​ത​ത്തിൽ സംഗീ​ത​ത്തെ​ക്കാൾ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉണ്ടെന്നു ഞാൻ പഠിച്ചു. നീ ചെയ്യു​ന്ന​തി​നെ ദൈവം അനു​ഗ്ര​ഹി​ക്കട്ടെ.” മടക്കയാ​ത്ര​യിൽ എന്റെ കണ്ണുക​ളിൽ ആനന്ദാ​ശ്രു​ക്കൾ നിറഞ്ഞി​രു​ന്നു. യഹോ​വ​യു​ടെ സേവന​ത്തി​നാ​യി എന്റെ ജീവിതം ഉഴിഞ്ഞു​വെ​ക്കാൻ ഞാനി​പ്പോൾ സ്വത​ന്ത്ര​നാ​യ​ല്ലോ എന്ന സന്തോ​ഷ​മാ​യി​രു​ന്നു എനിക്ക്‌.

“താങ്കളു​ടെ വിശ്വാ​സം എവി​ടെ​പ്പോ​യി?”

ആഗസ്റ്റിൽ എന്റെ പയനിയർ സുഹൃത്ത്‌ ജോ ട്രിഫും ഞാനും കൂടി ഐയ്യൊ​വ​യി​ലെ, ഏകദേശം 1,200 നിവാ​സി​ക​ളുള്ള സ്‌​ട്രോ​ബറി പോയി​ന്റിൽ സേവി​ക്കാൻ തുടങ്ങി. അപ്പോൾ ഷേർലി ഞങ്ങളെ കാണാൻ വന്നു. ഞാനും ഷേർലി​യും വിവാ​ഹത്തെ കുറിച്ചു ചർച്ച​ചെ​യ്‌തു. എനിക്ക്‌ യാതൊ​രു സമ്പാദ്യ​വും ഇല്ലായി​രു​ന്നു, അവൾക്കും. ഞാൻ ഉണ്ടാക്കിയ പണമെ​ല്ലാം കൈകാ​ര്യം ചെയ്‌തി​രു​ന്നത്‌ ഡാഡി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ പറഞ്ഞു: “ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു. പക്ഷേ നമ്മൾ എങ്ങനെ ജീവി​ക്കും? എനിക്ക്‌ ആകെയു​ള്ളത്‌ പ്രത്യേക പയനിയർ അലവൻസാ​യി മാസം​തോ​റും കിട്ടുന്ന 40 ഡോള​റാണ്‌.” സ്വതസി​ദ്ധ​മായ ശാന്തത​യിൽ, നേരിട്ട്‌, വെട്ടി​ത്തു​റന്ന്‌ അവൾ ചോദി​ച്ചു: “പക്ഷേ ചാൾസ്‌, താങ്കളു​ടെ വിശ്വാ​സം എവി​ടെ​പ്പോ​യി? നാം ഒന്നാമത്‌ രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ ആവശ്യ​മു​ള്ള​തൊ​ക്കെ താൻ നൽകു​മെന്ന്‌ യേശു പറഞ്ഞി​ട്ടി​ല്ലേ?” (മത്തായി 6:33) അതോടെ പ്രശ്‌നം തീർന്നു. 1957 നവംബർ 16-ന്‌ ഞങ്ങൾ വിവാ​ഹി​ത​രാ​യി.

സ്‌​ട്രോ​ബ​റി പോയി​ന്റി​നു വെളി​യിൽ ഞാൻ ഒരു കർഷകന്‌ ബൈബി​ള​ധ്യ​യനം എടുത്തി​രു​ന്നു. വനപ്ര​ദേ​ശ​ത്തുള്ള അദ്ദേഹ​ത്തി​ന്റെ കൃഷി​യി​ട​ത്തിൽ 3.6 മീറ്റർ വീതി​യും 3.6 മീറ്റർ നീളവു​മുള്ള, തടി​കൊണ്ട്‌ ഉണ്ടാക്കിയ ഒരു മുറി ഉണ്ടായി​രു​ന്നു. മുറി​യിൽ വൈദ്യു​തി​യോ പൈപ്പോ കക്കൂസോ ഒന്നും ഇല്ലായി​രു​ന്നു. പക്ഷേ ഞങ്ങൾക്കു വേണ​മെ​ങ്കിൽ അവിടെ വാടക​യൊ​ന്നും ഇല്ലാതെ താമസി​ക്കാം. അവിടെ യാതൊ​രു സൗകര്യ​വും ഇല്ലായി​രു​ന്നെ​ങ്കി​ലും ഞങ്ങൾ ചിന്തിച്ചു: പകൽ മുഴു​വ​നും ഞങ്ങൾ ശുശ്രു​ഷ​യി​ലാ​യി​രി​ക്കു​മ​ല്ലോ രാത്രി​യിൽ ഉറങ്ങാൻ ഒരു സ്ഥലം കിട്ടി​യാൽ പോരേ.

അടുത്തുള്ള അരുവി​യിൽനി​ന്നു ഞാൻ വെള്ളം കോരി​ക്കൊ​ണ്ടു​വ​രും. വിറകു കത്തിച്ച്‌ ഞങ്ങൾ മുറി ചൂടാക്കി, മണ്ണെണ്ണ വിളക്കി​നു മുന്നി​ലി​രു​ന്നു വായിച്ചു, ഷേർലി പാചക​ത്തിന്‌ ഒരു മണ്ണെണ്ണ സ്റ്റൗവാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. കുളി​ക്കാൻ ഞങ്ങൾ തുണി​ക​ഴു​കുന്ന പഴയ തൊട്ടി ഉപയോ​ഗി​ച്ചു. രാത്രി​യിൽ ചെന്നാ​യ്‌ക്ക​ളു​ടെ ഓരി​യി​ടൽ കേട്ടു​കൊ​ണ്ടാണ്‌ ഞങ്ങൾ ഉറങ്ങി​യി​രു​ന്നത്‌, ഒന്നിച്ചാ​യി​രി​ക്കു​ന്ന​തി​ലും ക്രിസ്‌തീയ ശുശ്രൂ​ഷ​ക​രു​ടെ ആവശ്യം അധിക​മുള്ള സ്ഥലത്ത്‌ ഒന്നിച്ച്‌ യഹോ​വയെ സേവി​ക്കാൻ കഴിയു​ന്ന​തി​ലും ഞങ്ങൾ അനുഗൃ​ഹീ​ത​രാ​ണെന്നു തോന്നി. ഇപ്പോൾ ബ്രുക്ലി​നി​ലെ ലോകാ​സ്ഥാ​നത്തു സേവി​ക്കുന്ന ബിൽ മലെൻഫോ​ന്റും ഭാര്യ സാന്ദ്ര​യും അവി​ടെ​നിന്ന്‌ 100 കിലോ​മീ​റ്റർ അകലെ ഐയ്യൊ​വ​യി​ലെ ഡിക്കോ​റ​യിൽ പ്രത്യേക പയനി​യർമാ​രാ​യി സേവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇടയ്‌ക്കൊ​ക്കെ അവർ വന്ന്‌ ഞങ്ങളോ​ടൊ​പ്പം വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​മാ​യി​രു​ന്നു. ക്രമേണ സ്‌​ട്രോ​ബറി പോയി​ന്റിൽ 25 പേരട​ങ്ങുന്ന ഒരു കൊച്ചു​സഭ രൂപീ​കൃ​ത​മാ​യി.

സഞ്ചാര​വേ​ല​യി​ലേക്ക്‌

1960 മേയിൽ ഞങ്ങളെ സഞ്ചാര ശുശ്രൂ​ഷ​യായ സർക്കിട്ട്‌ വേലയ്‌ക്കു ക്ഷണിച്ചു. ഞങ്ങളുടെ ആദ്യ സർക്കിട്ട്‌ നോർത്ത്‌ കരോ​ലിന ആയിരു​ന്നു. അതിൽ റാലി, ഗ്രീൻസ്‌ബൊ​റോ, ഡറം എന്നീ നഗരങ്ങ​ളും ഒറ്റപ്പെട്ടു കിടക്കുന്ന കൊച്ചു​കൊ​ച്ചു പട്ടണങ്ങ​ളും ഉൾപ്പെ​ട്ടി​രു​ന്നു. ഞങ്ങളുടെ ജീവി​ത​നി​ല​വാ​രം മെച്ച​പ്പെട്ടു, കാരണം സഞ്ചാര​വേ​ല​യിൽ ഞങ്ങൾ കുടും​ബ​ങ്ങ​ളോ​ടൊ​പ്പ​മാ​ണു താമസി​ച്ചത്‌. അവരിൽ അനേക​രു​ടെ​യും വീടു​ക​ളിൽ വൈദ്യു​തി​യും അകത്ത്‌ കക്കൂസും ഉണ്ടായി​രു​ന്നു. എന്നാൽ എല്ലായി​ട​ത്തും അങ്ങനെ ആയിരു​ന്നില്ല, ചിലയി​ടത്ത്‌ വീടിനു പുറത്താ​യി​രു​ന്നു കക്കൂസ്‌. പുറ​ത്തേ​ക്കി​റ​ങ്ങു​മ്പോൾ കുഴി അണലി​ക​ളെ​യും കിലു​ക്ക​പ്പാ​മ്പു​ക​ളെ​യും സൂക്ഷി​ക്ക​ണ​മെന്നു വീട്ടു​കാർ മുന്നറി​യി​പ്പു തരുമാ​യി​രു​ന്നു!

1963-ന്റെ തുടക്ക​ത്തിൽ ഞങ്ങൾക്ക്‌ ഫ്‌ളോ​റി​ഡ​യി​ലുള്ള ഒരു സർക്കി​ട്ടി​ലേക്കു നിയമനം കിട്ടി. അവി​ടെ​വെച്ച്‌ പെരി​ക്കാർ​ഡൈ​റ്റിസ്‌—ഹൃദയത്തെ ആവരണം ചെയ്യുന്ന സ്‌തര​സ​ഞ്ചി​ക്കു വീക്കം—പിടി​പെട്ടു ഞാൻ മരിച്ചു​പോ​കു​മെന്ന നിലയി​ലാ​യി. റ്റാംപ​യിൽനി​ന്നുള്ള ബോബ്‌ മാക്കെ​യും ജിന്നി മാക്കെ​യും സഹായ​ത്തിന്‌ ഇല്ലായി​രു​ന്നെ​ങ്കിൽ ഞാൻ മരിച്ചു​പോ​യേനെ. c അവർ എന്നെ ഡോക്ട​റു​ടെ അടുത്തു കൊണ്ടു​പോ​യി, ഞങ്ങളുടെ ചികി​ത്സാ​ച്ചെ​ല​വെ​ല്ലാം അവർതന്നെ വഹിച്ചു.

എന്റെ ആദ്യകാല പരിശീ​ലനം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു

1963-ലെ വേനൽക്കാ​ലത്ത്‌ എന്നെ ന്യൂ​യോർക്കി​ലേക്കു ക്ഷണിച്ചു. അവി​ടെ​വെച്ചു നടത്ത​പ്പെ​ടാ​നി​രി​ക്കുന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു വലിയ കൺ​വെൻ​ഷ​നോട്‌ അനുബ​ന്ധി​ച്ചുള്ള കാര്യങ്ങൾ ചെയ്യാ​നാ​യി​രു​ന്നു അത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വക്താവായ മിൽട്ടൺ ഹെൻഷ​ലി​നോ​ടൊ​പ്പം ഞാൻ ഒരു റേഡി​യോ ടോക്‌-ഷോയ്‌ക്കും പോയി. അത്‌ നടത്തി​യത്‌ ലാറി കിങ്‌ ആയിരു​ന്നു. മിസ്റ്റർ കിങ്‌ ഇപ്പോ​ഴും ഒരു പ്രമുഖ ടെലി​വി​ഷൻ ടോക്ക്‌-ഷോ അവതാ​ര​ക​നാണ്‌. വളരെ ആദര​വോ​ടെ​യാ​യി​രു​ന്നു അദ്ദേഹം പെരു​മാ​റി​യത്‌. ഷോയ്‌ക്കു ശേഷം ഏകദേശം ഒരു മണിക്കൂർ അദ്ദേഹം നമ്മുടെ വേലയെ കുറിച്ചു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യു​ണ്ടാ​യി.

ആ വേനൽക്കാ​ലത്ത്‌ ഹാരൊൾഡ്‌ കിങ്‌ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്ത്‌ ഒരു അതിഥി ആയി എത്തിയി​രു​ന്നു. കമ്മ്യൂ​ണിസ്റ്റ്‌ ചൈന​യിൽ തടവി​ലാ​ക്ക​പ്പെട്ട ഒരു മിഷന​റി​യാ​യി​രുന്ന അദ്ദേഹം അപ്പോൾ ജയിൽമോ​ചി​ത​നാ​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒരു വൈകു​ന്നേരം അദ്ദേഹം 700-ഓളം വരുന്ന ഒരു സദസ്സി​നോട്‌ തന്റെ ചില അനുഭ​വ​ങ്ങ​ളും നാലു വർഷത്തി​ലേറെ അനുഭ​വി​ക്കേ​ണ്ടി​വന്ന ഏകാന്ത​ത​ടവ്‌ തന്റെ വിശ്വാ​സത്തെ എങ്ങനെ ശക്തി​പ്പെ​ടു​ത്തി​യെ​ന്നും വിവരി​ച്ചു. തടവി​ലാ​യി​രു​ന്ന​പ്പോൾ അദ്ദേഹം ബൈബി​ളി​നോ​ടും ക്രിസ്‌തീയ ശുശ്രൂ​ഷ​യോ​ടും ബന്ധപ്പെട്ട ഗീതങ്ങൾ എഴുതു​ക​യു​ണ്ടാ​യി.

അവിസ്‌മ​ര​ണീ​യ​മായ ആ വൈകു​ന്നേരം ഓഡ്രി നോർ, കാൾ ക്ലൈൻ, ‘ടെനർ’ പാടാൻ പരിശീ​ലനം ലഭിച്ച ഫ്രെഡ്‌ ഫ്രാൻസ്‌ എന്നീ ദീർഘ​കാല സാക്ഷി​ക​ളോ​ടൊ​പ്പം ഞാൻ “വീടു തോറും” എന്ന ഗീതം പാടി. ഈ ഗീതം പിന്നീട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പാട്ടു​പു​സ്‌ത​ക​ത്തിൽ ചേർക്കു​ക​യു​ണ്ടാ​യി. തുടർന്നു​വന്ന ആഴ്‌ച യാങ്കീ സ്റ്റേഡി​യ​ത്തിൽവെച്ചു നടത്താ​നി​രി​ക്കുന്ന “നിത്യ സുവാർത്ത” സമ്മേള​ന​ത്തിൽ ഈ ഗീതം പാടാ​മോ​യെന്ന്‌ അപ്പോൾ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നേതൃ​ത്വം വഹിച്ചി​രുന്ന നേഥൻ നോർ എന്നോട്‌ ചോദി​ച്ചു. ഞാൻ പാടി.

സഞ്ചാര​വേ​ല​യി​ലെ അനുഭ​വ​ങ്ങൾ

ഞങ്ങൾ ഇല്ലി​നോ​യ്‌സി​ലെ ഷിക്കാ​ഗോ​യിൽ സേവി​ച്ചു​കൊ​ണ്ടി​രി​ക്കെ അവിസ്‌മ​ര​ണീ​യ​മായ രണ്ട്‌ സംഭവ​ങ്ങ​ളു​ണ്ടാ​യി. ആദ്യ​ത്തേത്‌ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ വെച്ചാ​യി​രു​ന്നു. ഷേർലി, വേരാ സ്റ്റുവർട്ടി​നെ കണ്ടുമു​ട്ടി. 1940-കളുടെ മധ്യത്തിൽ കാനഡ​യിൽവെച്ച്‌ അവൾക്കും അമ്മയ്‌ക്കും സാക്ഷ്യം നൽകി​യത്‌ അവരാ​യി​രു​ന്നു. അന്ന്‌ ഷേർലിക്ക്‌ 11 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങളെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ കേട്ട്‌ അവൾ അതിശ​യി​ച്ചു​പോ​യി. അന്ന്‌ അവൾ വേരാ​യോട്‌ ഇങ്ങനെ ചോദി​ച്ചു: “എനിക്ക്‌ ആ പുതിയ ലോക​ത്തിൽ ജീവി​ക്കാൻ കഴിയു​മെന്ന്‌ വേരാ​യ്‌ക്കു തോന്നു​ന്നു​ണ്ടോ?” വേരാ പറഞ്ഞു: “എന്തു​കൊ​ണ്ടില്ല ഷേർലി?” വർഷങ്ങൾക്കു ശേഷവും ആ വാക്കുകൾ അങ്ങനെ​തന്നെ അവർ രണ്ടു​പേ​രും ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നു. വേരാ​യു​മാ​യി ആദ്യം കണ്ടുമു​ട്ടി​യ​പ്പോൾത്തന്നെ, യഹോ​വയെ സേവി​ക്കാൻ ഷേർലി ദൃഢനി​ശ്ചയം ചെയ്‌തു.

രണ്ടാമത്തെ സംഭവം ഇതാണ്‌: 1958-ലെ ശീതകാ​ലത്ത്‌ ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത്‌ 25 കിലോ​ഗ്രാം ഉരുള​ക്കി​ഴങ്ങ്‌ നിറച്ച ഒരു ചാക്ക്‌ കണ്ടതായി ഓർക്കു​ന്നു​ണ്ടോ​യെന്ന്‌ ഒരു സാക്ഷി എന്നോടു ചോദി​ച്ചു. തീർച്ച​യാ​യും ഞാൻ അത്‌ ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നു. മഞ്ഞു പെയ്‌തു​കൊ​ണ്ടി​രുന്ന ആ വൈകു​ന്നേരം വളരെ ക്ലേശിച്ച്‌ വീട്ടിൽ എത്തിയ​പ്പോ​ഴാണ്‌ ഞങ്ങൾ അതു കണ്ടത്‌! അത്‌ എവി​ടെ​നി​ന്നു വന്നു എന്ന്‌ ഞങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആ ദാനത്തി​നു ഞങ്ങൾ യഹോ​വ​യ്‌ക്കു നന്ദിപ​റഞ്ഞു. ചുറ്റും മഞ്ഞ്‌ പുതഞ്ഞു കിടന്നി​രു​ന്ന​തി​നാൽ അഞ്ചു ദിവസ​ത്തേക്ക്‌ ഞങ്ങൾക്കു പുറത്തി​റ​ങ്ങാൻ കഴിഞ്ഞില്ല. പക്ഷേ ഞങ്ങൾ ആ ഉരുള​ക്കി​ഴ​ങ്ങു​കൊണ്ട്‌ ഉണ്ടാക്കിയ വിഭവങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നെ​ന്നോ? ഉരുള​ക്കി​ഴങ്ങ്‌ പാൻകേക്ക്‌, ഉരുള​ക്കി​ഴങ്ങ്‌ ചുട്ടത്‌, ഉരുള​ക്കി​ഴങ്ങ്‌ വറുത്തത്‌, ഉരുള​ക്കി​ഴങ്ങ്‌ വേവി​ച്ചു​ട​ച്ചത്‌, ഉരുള​ക്കി​ഴങ്ങ്‌ സൂപ്പ്‌! കാരണം ഞങ്ങൾക്കു വേറൊ​രു ഭക്ഷണസാ​ധ​ന​വും ഇല്ലായി​രു​ന്നു. ഈ സാക്ഷിക്ക്‌ ഞങ്ങളെ​യോ ഞങ്ങളുടെ താമസ​സ്ഥ​ല​മോ അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ അടു​ത്തെ​വി​ടെ​യോ താമസി​ക്കുന്ന പയനി​യർമാർ ബുദ്ധി​മു​ട്ടി​ലാ​ണെന്ന്‌ അദ്ദേഹം അറിഞ്ഞി​രു​ന്നു. ഈ യുവദ​മ്പ​തി​കൾ താമസി​ക്കു​ന്നത്‌ എവി​ടെ​യാ​ണെന്ന്‌ അന്വേ​ഷി​ക്കാൻ എന്തോ കാരണ​ത്താൽ തനിക്കു തോന്നി​യെന്ന്‌ അദ്ദേഹം പറയുന്നു. അവി​ടെ​യുള്ള കർഷകർക്കു തങ്ങളുടെ അയൽക്കാ​രെ കുറിച്ചു സകലതും അറിയാം. അതു​കൊണ്ട്‌ അവർ അദ്ദേഹത്തെ ഞങ്ങളുടെ താമസ​സ്ഥ​ല​ത്തേക്കു പറഞ്ഞു​വി​ട്ടു. അങ്ങനെ​യാണ്‌ അദ്ദേഹം മഞ്ഞിലൂ​ടെ ഉരുള​ക്കി​ഴ​ങ്ങും ചുമന്നു ഞങ്ങളുടെ വീട്ടി​ലെ​ത്തി​യത്‌.

എന്റെ തിര​ഞ്ഞെ​ടു​പ്പു​ക​ളെ​പ്രതി ഞാൻ ആഹ്ലാദി​ക്കു​ന്നു

1993 ആയപ്പോ​ഴേ​ക്കും 33 വർഷത്തെ സഞ്ചാര​വേ​ല​യ്‌ക്കു ശേഷം എന്റെ ആരോ​ഗ്യം തീർത്തും ക്ഷയിച്ചി​രു​ന്നു. എനിക്ക്‌ ആ സേവന​പ​ദവി ഉപേക്ഷി​ക്കേ​ണ്ടി​വന്നു. ഞാനും ഷേർലി​യും ആതുര​രു​ടെ പട്ടിക​യിൽപ്പെട്ട പ്രത്യേക പയനി​യർമാ​രാ​യി. ഇന്നും അങ്ങനെ തുടരു​ന്നു. എനിക്ക്‌ ഇനിയും സഞ്ചാര​വേല ചെയ്യു​ന്ന​തി​നുള്ള ആരോ​ഗ്യം ഇല്ലല്ലോ എന്നോർക്കു​മ്പോൾ എനിക്കു ദുഃഖം തോന്നു​ന്നു. പക്ഷേ, എന്റെ ആരോ​ഗ്യം മുഴു​വ​നും ഞാൻ മുഴു​സമയ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ച്ച​തിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌.

എന്റെ മൂന്ന്‌ അനുജ​ന്മാർ സ്വീക​രി​ച്ചത്‌ മറ്റു പാതക​ളാ​യി​രു​ന്നു. കാല​ക്ര​മേണ അവർ ഓരോ​രു​ത്ത​രും ഭൗതി​ക​ത്വ​ത്തി​ന്റെ പിന്നാലെ പോയി, അവരിൽ ആരും ഇന്ന്‌ യഹോ​വയെ സേവി​ക്കു​ന്നില്ല. 1958-ൽ ഡാഡി സ്‌നാ​പ​ന​മേറ്റു. ഡാഡി​യും മമ്മിയും കൂടി നിരവധി ആളുകളെ യഹോ​വയെ അറിയാ​നും തങ്ങളുടെ ജീവി​തത്തെ അവനു സമർപ്പിച്ച്‌ സ്‌നാ​പ​ന​മേൽക്കാ​നും സഹായി​ച്ചു. അവർ രണ്ടു​പേ​രും 1999-ൽ മരണമ​ടഞ്ഞു. അതേ, ലോകം വെച്ചു​നീ​ട്ടിയ യശസ്സി​നും ധനത്തി​നും പുറം തിരി​യാ​നുള്ള എന്റെ തീരു​മാ​നം, എന്റെ ഡാഡി​യെ​യും അദ്ദേഹ​വും മമ്മിയും​കൂ​ടി ബൈബിൾ സത്യം പഠിപ്പിച്ച അനേക​രെ​യും നിത്യ​ജീ​വന്റെ പാതയി​ലേക്കു വഴിന​യി​ച്ചു. ഞാൻ ചില​പ്പോ​ഴൊ​ക്കെ ഇങ്ങനെ ചിന്തി​ക്കാ​റുണ്ട്‌: ‘ചില തീരു​മാ​നങ്ങൾ അന്ന്‌ കൈ​ക്കൊ​ണ്ടി​രു​ന്നി​ല്ലെ​ങ്കിൽ ഇപ്പോ​ഴും ഞാൻ യഹോ​വയെ സേവി​ക്കു​മാ​യി​രു​ന്നോ?’

സഞ്ചാര​വേല നിറുത്തി ഏതാണ്ട്‌ അഞ്ചുവർഷം കഴിഞ്ഞ​പ്പോൾ എന്റെ ആരോ​ഗ്യം മെച്ച​പ്പെട്ടു, എനിക്ക്‌ ശുശ്രൂഷ കൂടുതൽ വിപു​ല​പ്പെ​ടു​ത്താ​മെ​ന്നാ​യി. ഇപ്പോൾ ഞാൻ കാലി​ഫോർണി​യ​യി​ലെ ഡെസേർട്ട്‌ ഹോട്ട്‌ സ്‌പ്രിം​ഗ്‌സി​ലെ ഒരു സഭയിൽ അധ്യക്ഷ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു. പകര സർക്കിട്ടു മേൽവി​ചാ​ര​ക​നാ​യും പ്രത്യേക കമ്മിറ്റി​ക​ളിൽ സേവി​ക്കു​ന്ന​തി​നും ഇടയ്‌ക്ക്‌ പയനിയർ സേവന സ്‌കൂ​ളിൽ പഠിപ്പി​ക്കു​ന്ന​തി​നും ഉള്ള പദവി​യും ഞാൻ ആസ്വദി​ക്കു​ന്നു.

ഇന്നുവ​രെ​യും എന്റെ ആത്മസു​ഹൃ​ത്താണ്‌ ഷേർലി. മറ്റാ​രെ​ക്കാ​ളും അവളുടെ സൗഹൃ​ദ​മാണ്‌ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെ​ടു​ന്നത്‌. വളരെ ഉത്സാഹ​ത്തോ​ടെ ഞങ്ങൾ ആത്മീയ സംഭാ​ഷ​ണങ്ങൾ പതിവാ​യി നടത്താ​റുണ്ട്‌. ബൈബിൾ സത്യങ്ങൾ ചർച്ച ചെയ്യു​മ്പോൾ ഞങ്ങൾ രണ്ടു​പേർക്കും എന്തെന്നി​ല്ലാത്ത ആവേശ​മാണ്‌. 47 വർഷം മുമ്പ്‌ അവൾ ശാന്തമാ​യി എന്നോടു ചോദിച്ച ചോദ്യം ഞാൻ ഇന്നും വിലമ​തി​പ്പോ​ടെ ഓർക്കു​ന്നു: “പക്ഷേ ചാൾസ്‌, താങ്കളു​ടെ വിശ്വാ​സം എവി​ടെ​പ്പോ​യി?” ഞാൻ ചിന്തി​ക്കു​ക​യാണ്‌, യുവ ക്രിസ്‌തീയ ദമ്പതികൾ ഇത്തര​മൊ​രു ചോദ്യം പരസ്‌പരം ചോദി​ക്കു​ക​യാ​ണെ​ങ്കിൽ ഞങ്ങൾ മുഴു​സമയ ശുശ്രൂ​ഷ​യിൽ ആസ്വദിച്ച സന്തോ​ഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും അവരിൽ എത്രയോ പേർക്ക്‌ സ്വന്തമാ​ക്കാ​നാ​കും. (g04 8/22)

[അടിക്കു​റി​പ്പു​കൾ]

a ജോൺ സിനെ​റ്റ്‌കോ 1996-ൽ, 92-ാമത്തെ വയസ്സിൽ മരിക്കു​ന്ന​തു​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു.

b യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌, ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.

c 1975 ഫെബ്രു​വരി 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 12-16 പേജു​ക​ളിൽ തളർവാ​ത​വു​മാ​യുള്ള തന്റെ പോരാ​ട്ടത്തെ കുറി​ച്ചുള്ള ബോബ്‌ മാക്കെ​യു​ടെ ആത്മകഥ​യുണ്ട്‌.

[20-ാം പേജിലെ ചിത്രം]

ജോൺ അങ്കിൾ 1935-ൽ, അദ്ദേഹം സ്‌നാ​പ​ന​മേ​റ്റത്‌ ആ വർഷമാണ്‌

[22-ാം പേജിലെ ചിത്രം]

ഞങ്ങളുടെ തടിവീട്‌

[23-ാം പേജിലെ ചിത്രം]

എന്റെ മാതാ​പി​താ​ക്കൾ മരണ​ത്തോ​ളം വിശ്വ​സ്‌തത കാത്തു, അവരുടെ 1975-ലെ ഫോട്ടോ

[23-ാം പേജിലെ ചിത്രം]

ഇന്ന്‌ ഷേർലി​യോ​ടൊ​പ്പം