വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഒളിച്ചോടുന്ന’ പിതാക്കന്മാർ—വർധിച്ചുവരുന്ന ഒരു പ്രശ്‌നം

‘ഒളിച്ചോടുന്ന’ പിതാക്കന്മാർ—വർധിച്ചുവരുന്ന ഒരു പ്രശ്‌നം

‘ഒളി​ച്ചോ​ടുന്ന’ പിതാ​ക്ക​ന്മാർ—വർധി​ച്ചു​വ​രുന്ന ഒരു പ്രശ്‌നം

സ്വന്തം കുടും​ബത്തെ ഉപേക്ഷി​ച്ചു​പോ​കുന്ന പിതാ​ക്ക​ന്മാ​രു​ടെ എണ്ണം ഒന്നി​നൊ​ന്നു വർധി​ക്കു​ക​യാണ്‌. 1990-കളുടെ ഒടുവിൽ, വർത്തമാ​ന​പ​ത്ര​മായ യുഎസ്‌എ ടുഡേ ഐക്യ​നാ​ടു​കളെ “പിതാ​വി​ല്ലാത്ത കുടും​ബ​ങ്ങ​ളിൽ മുമ്പൻ” എന്നു വിളി​ക്കു​ക​യു​ണ്ടാ​യി. എന്നിരു​ന്നാ​ലും, ഉത്തരവാ​ദി​ത്വ​ത്തിൽനി​ന്നുള്ള പിതാ​ക്ക​ന്മാ​രു​ടെ ഒളി​ച്ചോ​ട്ടം ലോക​മെ​മ്പാ​ടു​മുള്ള കുടും​ബങ്ങൾ നേരി​ടുന്ന ഒരു പ്രശ്‌ന​മാണ്‌.

ബ്രസീ​ലിൽ 4.47 കോടി കുടും​ബ​ങ്ങ​ളു​ള്ള​തിൽ 1.12 കോടി കുടും​ബ​ങ്ങ​ളി​ലും സാരഥ്യം വഹിക്കു​ന്നതു സ്‌ത്രീ​ക​ളാണ്‌ എന്ന്‌ 2000-ത്തിലെ ഒരു സെൻസസ്‌ റിപ്പോർട്ട്‌ വെളി​പ്പെ​ടു​ത്തി. നിക്കരാ​ഗ്വ​യി​ലെ കുട്ടി​ക​ളു​ടെ 25 ശതമാ​ന​വും തങ്ങളുടെ അമ്മമാ​രു​ടെ തണലിൽ മാത്ര​മാ​ണു കഴിഞ്ഞി​രു​ന്നത്‌. കോസ്റ്റ​റി​ക്ക​യിൽ, സ്വന്തം പിതാ​ക്ക​ന്മാർ നിയമ​പ​ര​മാ​യി പിതൃ​ത്വം അംഗീ​ക​രി​ക്കാത്ത കുട്ടി​ക​ളു​ടെ എണ്ണം 1990-കളിൽ 21.1 ശതമാ​ന​ത്തിൽനിന്ന്‌ 30.4 ശതമാ​ന​മാ​യി വർധിച്ചു.

ഈ മൂന്നു രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ ലോക​മെ​ങ്ങും പടർന്നി​രി​ക്കുന്ന ഒരു പ്രവണ​ത​യു​ടെ ഏതാനും ഉദാഹ​ര​ണങ്ങൾ മാത്ര​മാണ്‌. ഇനി, ഈ പ്രശ്‌ന​ത്തി​ന്റെ മറ്റൊരു വശത്തെ കുറിച്ചു ചിന്തി​ക്കാം.

അടുത്തു​ണ്ടെ​ങ്കി​ലും അകലെ​യാ​യി​രി​ക്കുന്ന പിതാ​ക്ക​ന്മാർ

“ഡാഡീ, ഇനി എന്നാണ്‌ ഡാഡി വരുന്നത്‌?” എന്ന ചതുരം കാണുക. ഇപ്പോൾ 23 വയസ്സുള്ള നാവോ പറയു​ന്നതു ശ്രദ്ധിക്കൂ: “സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങു​ന്ന​തി​നു മുമ്പ്‌ എനിക്ക്‌ ഡാഡിയെ വല്ലപ്പോ​ഴു​മേ കാണാൻ കിട്ടി​യി​രു​ന്നു​ള്ളൂ. ഒരിക്കൽ ഡാഡി വീട്ടിൽനി​ന്നും പോകു​മ്പോൾ, ‘ഡാഡി തിരി​ച്ചു​വ​രണേ, വരില്ലേ ഡാഡീ?’ എന്നു ചോദി​ച്ചത്‌ ഞാൻ ഓർക്കു​ന്നു.”

നാവോ​യും അവളുടെ ഡാഡി​യും തമ്മിൽ ഉള്ളതു​പോ​ലുള്ള കുടുംബ ബന്ധങ്ങളാണ്‌ ഒരു പോളീഷ്‌ എഴുത്തു​കാ​ര​നായ പ്യോട്ടർ ഷെക്കെ​വി​ച്ചി​നെ പിൻവ​രുന്ന പ്രകാരം പറയാൻ പ്രേരി​പ്പി​ച്ചത്‌: “കുടും​ബ​ത്തി​നു നഷ്ടമാ​കുന്ന ഒരു സുപ്ര​ധാന ഘടകം പിതാവു തന്നെയാണ്‌ എന്നു തോന്നു​ന്നു.” അനേകം പിതാ​ക്ക​ന്മാർ തങ്ങളുടെ കുടും​ബ​ത്തോ​ടൊ​പ്പം താമസി​ക്കു​ക​യും അവർക്കു സാമ്പത്തിക പിന്തുണ നൽകു​ക​യും ചെയ്യുന്നു എന്നതു ശരിതന്നെ. പക്ഷേ, “പിതാ​ക്ക​ന്മാ​രിൽ ഒട്ടനവധി പേർ തങ്ങളുടെ ഉത്തരവാ​ദി​ത്വം കുടും​ബ​ത്തിന്‌ അന്നം നൽകു​ന്ന​തിൽ മാത്രം പരിമി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സ്വന്തം കുട്ടി​കൾക്കു പ്രബോ​ധനം നൽകു​ന്ന​തിൽ അവർ യാതൊ​രു പങ്കും നിർവ​ഹി​ക്കു​ന്നില്ല” എന്ന്‌ ഒരു ഫ്രഞ്ച്‌ മാസി​ക​യായ കാപ്പിറ്റൽ പറയുന്നു.

പിതാവ്‌ വീട്ടിൽ ഉണ്ടായി​രി​ക്കു​മെ​ങ്കി​ലും തന്റെ കുട്ടി​ക​ളു​ടെ ജീവി​ത​ത്തി​ലേക്ക്‌ അദ്ദേഹം ഇറങ്ങി​ച്ചെ​ല്ലു​ന്നില്ല എന്നതാണ്‌ ഒട്ടുമി​ക്ക​പ്പോ​ഴു​മുള്ള പ്രശ്‌നം. അദ്ദേഹ​ത്തി​ന്റെ ചിന്ത മറ്റെവി​ടെ​യെ​ങ്കി​ലും ആയിരി​ക്കും. “[പിതാവ്‌] വീട്ടിൽ ഉണ്ടെങ്കി​ലും” “അദ്ദേഹ​ത്തി​ന്റെ മനസ്സ്‌ അവിടെ ആയിരി​ക്ക​ണ​മെ​ന്നില്ല” എന്ന്‌ ഒരു ഫ്രഞ്ച്‌ മാസി​ക​യായ ഫാമിയ്‌ ക്രേറ്റ്‌യെൻ പറയുന്നു. ഇന്ന്‌ ഇത്ര​യേറെ പിതാ​ക്ക​ന്മാർ മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും തങ്ങളുടെ കുടും​ബ​ങ്ങ​ളിൽനി​ന്നു വളരെ വിദൂ​ര​ത്തിൽ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

“ഒരു പിതാ​വും ഭർത്താ​വും എന്നുള്ള തന്റെ ഭാഗ​ധേയം മനസ്സി​ലാ​ക്കാൻ അദ്ദേഹം പരാജ​യ​പ്പെ​ടു​ന്നു” എന്നതാണ്‌ അതിന്റെ അടിസ്ഥാന കാരണ​ങ്ങ​ളിൽ ഒന്ന്‌ എന്ന്‌ മേലു​ദ്ധ​രിച്ച മാസിക വിശദീ​ക​രി​ക്കു​ന്നു. കേവലം, കുടും​ബ​ത്തി​നു ഭേദപ്പെട്ട വരുമാ​നം നേടി​ക്കൊ​ടു​ക്കുക എന്നതാണ്‌ ഒരു നല്ല പിതാ​വി​ന്റെ ധർമം എന്നാണ്‌ അനേകം പിതാ​ക്ക​ന്മാ​രു​ടെ​യും ചിന്ത. പോളീഷ്‌ എഴുത്തു​കാ​ര​നായ യൂസെഫ്‌ അഗസ്റ്റിൻ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “കുടും​ബ​ത്തി​നു പണം സമ്പാദി​ച്ചു നൽകു​ന്ന​തി​നാൽ തങ്ങൾ ഉത്തമ പിതാ​ക്ക​ന്മാർ ആണെന്നാണ്‌ അനേക​രു​ടെ​യും വിചാരം.” എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ പിതാ​വി​ന്റെ ഉത്തരവാ​ദി​ത്വ​ത്തി​ന്റെ ഒരു വശം മാത്രമേ ആകുന്നു​ള്ളൂ.

പിതാ​ക്ക​ന്മാർ മനസ്സിൽ പിടി​ക്കേണ്ട വസ്‌തുത ഇതാണ്‌: കുട്ടികൾ തങ്ങളുടെ പിതാ​വി​നു മൂല്യം കൽപ്പി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ശമ്പളത്തി​ന്റെ കനമോ വാങ്ങി​ക്കൊ​ടു​ത്തേ​ക്കാ​വുന്ന വിലകൂ​ടിയ സമ്മാന​ങ്ങ​ളു​ടെ തിളക്ക​മോ നോക്കി​യല്ല. മറിച്ച്‌, കുട്ടി​കൾക്ക്‌ യഥാർഥ​ത്തിൽ ആവശ്യ​മു​ള്ളത്‌ പിതാ​വി​ന്റെ സ്‌നേഹം, അദ്ദേഹ​ത്തോ​ടൊ​ത്തു ചെലവ​ഴി​ക്കുന്ന സമയം, അദ്ദേഹ​ത്തി​ന്റെ ശ്രദ്ധ ഇതൊ​ക്കെ​യാണ്‌. ഇതാണ്‌ വില​യേ​റിയ ഏതു സമ്മാന​ത്തെ​ക്കാ​ളും അവർക്ക്‌ ആവശ്യം. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറ്റവും പ്രധാ​ന​വും അതുത​ന്നെ​യാണ്‌.

ആത്മപരി​ശോ​ധ​ന​യു​ടെ ആവശ്യം

“ജോലി​ക്കു മാത്ര​മാ​യി ഉഴിഞ്ഞു​വെ​ച്ചി​രി​ക്കുന്ന തങ്ങളുടെ ജീവി​ത​രീ​തി​യെ കുറിച്ച്‌ പിതാ​ക്ക​ന്മാർ പുനഃ​പ​രി​ശോ​ധന നടത്തേ​ണ്ട​തുണ്ട്‌” എന്ന്‌ ‘വിദ്യാ​ഭ്യാ​സ​ത്തി​നാ​യുള്ള ജാപ്പനീസ്‌ സെൻട്രൽ കൗൺസി’ലിന്റെ ഒരു റിപ്പോർട്ടു പറയുന്നു. അപ്പോൾ ചോദ്യ​മി​താണ്‌, തന്റെ കുട്ടി​ക​ളു​ടെ നന്മയ്‌ക്കു​വേണ്ടി പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്താൻ ഒരു പിതാവ്‌ മനസ്സു കാണി​ക്കു​മോ? ജർമൻ വർത്തമാ​ന​പ​ത്ര​മായ ഗീസനെ ആൽജെ​മൈന ഒരു പഠനം റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. അഭിമു​ഖ​ത്തിൽ പങ്കെടുത്ത പിതാ​ക്ക​ന്മാ​രിൽ മിക്കവ​രും തങ്ങളുടെ ജീവി​ത​വൃ​ത്തി​യെ​ക്കാൾ പ്രാധാ​ന്യം തങ്ങളുടെ കുട്ടി​കൾക്കു നൽകാൻ വിസമ്മ​തി​ച്ചു​വെന്ന്‌ റിപ്പോർട്ടു പറയുന്നു.

അച്ഛന്‌ തന്നോ​ടുള്ള സ്‌നേ​ഹ​ക്കു​റ​വി​ന്റെ പ്രതി​ഫ​ല​ന​മാ​യി കാണ​പ്പെ​ടുന്ന എന്തും കുഞ്ഞു​മ​ന​സ്സു​കളെ ആഴത്തിൽ മുറി​പ്പെ​ടു​ത്തി​യേ​ക്കും. ഇപ്പോൾ 21 വയസ്സുള്ള ലിഡിയ, പോള​ണ്ടിൽ താൻ ഒരു കൊച്ചു​കു​ട്ടി ആയിരു​ന്ന​പ്പോ​ഴുള്ള ഡാഡി​യു​ടെ പെരു​മാ​റ്റം വളരെ വ്യക്തമാ​യി ഓർക്കു​ന്നു. അവൾ പറയുന്നു: “ഡാഡി ഞങ്ങളോട്‌ ഒരിക്ക​ലും സംസാ​രി​ച്ചി​രു​ന്നില്ല. ഡാഡി എന്നും ഡാഡി​യു​ടെ ലോക​ത്താ​യി​രു​ന്നു, ഞാൻ എന്റെ ലോക​ത്തി​ലും. ഞാൻ എന്റെ ഒഴിവു​സ​മയം ചെലവ​ഴി​ച്ചി​രു​ന്നത്‌ ഡിസ്‌കോ​ക​ളി​ലാണ്‌ എന്ന്‌ ഡാഡിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.” സമാന​മാ​യി, സ്‌പെ​യി​നിൽനി​ന്നുള്ള 21 വയസ്സു​കാ​രി മാകാ​റേ​ന​യും താൻ കൊച്ചു​കു​ട്ടി ആയിരു​ന്ന​പ്പോൾ തന്റെ പിതാവ്‌ ചെയ്‌തി​രുന്ന സംഗതി​കൾ ഓർക്കു​ന്നു: “വാരാ​ന്ത​ങ്ങ​ളിൽ ഡാഡി തന്റെ കൂട്ടു​കാർക്കൊ​പ്പ​മാ​യി​രു​ന്നു. അതു​പോ​ലെ ദിവസ​ങ്ങ​ളോ​ളം ഡാഡി വീട്ടിൽ വരാതി​രി​ക്കും, പലതവണ അങ്ങനെ സംഭവി​ച്ചി​ട്ടുണ്ട്‌.”

ഉചിത​മായ മുൻഗ​ണ​നകൾ വെക്കൽ

കുട്ടി​കൾക്കു വളരെ കുറച്ചു സമയവും ശ്രദ്ധയും മാത്രമേ തങ്ങൾ നൽകു​ന്നു​ള്ളു എന്ന്‌ മിക്ക പിതാ​ക്ക​ന്മാ​രും തിരി​ച്ച​റി​ഞ്ഞേ​ക്കാം. കൗമാ​ര​പ്രാ​യ​ക്കാ​ര​നായ ഒരു മകനുള്ള ഒരു ജാപ്പനീസ്‌ പിതാവ്‌ ഇപ്രകാ​രം പറഞ്ഞു: “എന്റെ കുട്ടി എന്റെ സാഹച​ര്യം മനസ്സി​ലാ​ക്കു​മെന്നു ഞാൻ കരുതു​ന്നു. ഞാൻ എപ്പോ​ഴും അവനെ കുറിച്ച്‌ ഓർക്കു​ന്നുണ്ട്‌, എനിക്കു തിരക്കാ​ണെ​ങ്കിൽ പോലും.” എന്നാൽ ഒരു കുട്ടി തന്റെ പിതാ​വി​ന്റെ അഭാവ​ത്തി​ന്റെ കാരണം മനസ്സി​ലാ​ക്കും എന്ന്‌ വെറുതെ ആഗ്രഹി​ച്ച​തു​കൊണ്ട്‌ പ്രശ്‌നം തീരു​ന്നു​ണ്ടോ?

ഉത്തരം വ്യക്തമാണ്‌. ഒരു കുട്ടി​യു​ടെ ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിന്‌ യഥാർഥ ശ്രമം ആവശ്യ​മാണ്‌ എന്നതിനു രണ്ടുപ​ക്ഷ​മില്ല. അതേ, ത്യാഗങ്ങൾ ചെയ്യേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. എന്നാൽ, കുട്ടി​കൾക്ക്‌ ഏറ്റവും ആവശ്യ​മാ​യി​രി​ക്കുന്ന സംഗതി​കൾ—സ്‌നേഹം, സമയം, ശ്രദ്ധ എന്നിവ—നൽകുക അത്ര എളുപ്പമല്ല എന്നു സമ്മതിച്ചേ തീരൂ. യേശു​ക്രി​സ്‌തു ഇപ്രകാ​രം പറഞ്ഞു: “മനുഷ്യൻ അപ്പം​കൊ​ണ്ടു [അഥവാ, ഭൗതിക ആഹാരം​കൊ​ണ്ടു] മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.” (മത്തായി 4:4) അതു​പോ​ലെ കുട്ടി​കളെ വിജയ​ക​ര​മാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഭൗതിക വസ്‌തു​ക്കൾ മാത്രം പോരാ എന്നതും ഒരു വസ്‌തു​ത​യാണ്‌. ഒരു പിതാ​വെന്ന നിലയിൽ നിങ്ങൾ, നിങ്ങൾക്ക്‌ ഏറ്റവും വില​പ്പെ​ട്ട​താ​യി​രു​ന്നേ​ക്കാ​വുന്ന സംഗതി​കൾ—നിങ്ങളു​ടെ സമയം, തൊഴിൽ മേഖല​യി​ലെ സ്ഥാനക്ക​യറ്റം എന്നിവ—ത്യജിച്ച്‌ നിങ്ങളു​ടെ കുട്ടി​ക​ളോ​ടൊ​പ്പം ആയിരി​ക്കാൻ സന്നദ്ധനാ​ണോ?

1986 ഫെബ്രു​വരി 10-ലെ മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌, തന്റെ കുട്ടികൾ തനിക്ക്‌ എത്ര പ്രധാ​ന​പ്പെ​ട്ട​വ​രാ​ണെന്നു തിരി​ച്ച​റിഞ്ഞ ഒരു പിതാ​വി​നെ കുറിച്ചു റിപ്പോർട്ടു ചെയ്‌തി​രു​ന്നു. അത്‌ ഇപ്രകാ​ര​മാ​യി​രു​ന്നു: “ജാപ്പനീസ്‌ നാഷണൽ റെയിൽവേ​യ്‌സി​ന്റെ (ജെഎൻആർ) ഒരു ഉന്നത എക്‌സി​ക്യൂ​ട്ടീവ്‌, തന്റെ കുടും​ബത്തെ പിരി​യേ​ണ്ടി​വ​രും എന്നതു​കൊ​ണ്ടു മാത്രം ജോലി രാജി​വെ​ച്ചി​രി​ക്കു​ന്നു.” എക്‌സി​ക്യൂ​ട്ടീ​വി​ന്റെ വാക്കുകൾ ആ പത്രം പിൻവ​രു​ന്ന​പ്ര​കാ​രം ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി: “ഡയറക്ടർ ജനറലി​ന്റെ ജോലി ആർക്കും ചെയ്യാം. എന്നാൽ, എന്റെ കുട്ടി​ക​ളു​ടെ പിതാ​വാ​യി​രി​ക്കാൻ എനിക്കു മാത്ര​മല്ലേ കഴിയൂ.”

അതേ, കുട്ടി​കൾക്ക്‌ എങ്ങനെ​യുള്ള ഒരു പിതാ​വി​നെ​യാണ്‌ ആവശ്യം എന്നു തിരി​ച്ച​റി​യുക; അതാണ്‌ ഒരു നല്ല പിതാവ്‌ ആയിത്തീ​രു​ന്ന​തി​നുള്ള ആദ്യപടി. കുട്ടി​ക​ളു​ടെ ഹൃദയ​ത്തിൽ സ്ഥാനം പിടി​ക്കാൻ കഴിയുന്ന ഒരു പിതാവ്‌ ആയിത്തീ​രു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തെല്ലാ​മാ​ണെന്നു നമുക്കു പരി​ശോ​ധി​ക്കാം. (g04 8/22)

[3-ാം പേജിലെ ചതുരം]

“ഡാഡീ, ഇനി എന്നാണ്‌ ഡാഡി വരുന്നത്‌?”

ജപ്പാനിൽനി​ന്നുള്ള ഒരു അഞ്ചുവ​യ​സ്സു​കാ​രി നാവോ തന്റെ ഡാഡി ഒരു ദിവസം ജോലി​ക്കു പോകു​മ്പോൾ അദ്ദേഹ​ത്തോ​ടു ചോദി​ച്ച​താ​ണിത്‌. അദ്ദേഹം എന്നും വീട്ടിൽ വന്നിരു​ന്നെ​ങ്കി​ലും അവൾ അദ്ദേഹത്തെ കാണാ​റേ​യി​ല്ലാ​യി​രു​ന്നു. കൊച്ചു​നാ​വോ ഉറങ്ങി​ക്ക​ഴി​ഞ്ഞാണ്‌ സാധാരണ അവളുടെ ഡാഡി വീട്ടി​ലെ​ത്തുക, അവൾ ഉണരു​ന്ന​തി​നു​മുമ്പ്‌ അദ്ദേഹം ജോലി​ക്കു പോകു​ക​യും ചെയ്യും.