വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രത്യാശ എനിക്കു കരുത്തേകുന്നു

പ്രത്യാശ എനിക്കു കരുത്തേകുന്നു

പ്രത്യാശ എനിക്കു കരു​ത്തേ​കു​ന്നു

റ്റാറ്റ്യാനാ വിലെ​യ്‌സ്‌കാ പറഞ്ഞ പ്രകാരം

അപ്പാർട്ട്‌മെന്റിൽ വെച്ച്‌ അമ്മയെ ഒരാൾ അടിച്ചു​കൊ​ന്ന​തോ​ടെ ഞങ്ങളുടെ സന്തുഷ്ട കുടുംബ ജീവി​ത​ത്തിന്‌ തിരശ്ശീല വീണു. നാലു മാസം കഴിഞ്ഞ​പ്പോൾ അച്ഛൻ ആത്മഹത്യ ചെയ്‌തു. അതും​കൂ​ടി ആയപ്പോൾ എനിക്കു ജീവി​ക്ക​ണ​മെ​ന്നു​തന്നെ ഇല്ലെന്നാ​യി. പിന്നെ എങ്ങനെ ഇതൊക്കെ പറയാൻ ഞാൻ ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കു​ന്നു​വെ​ന്നല്ലേ? പറയാം.

ഉരുക്കു ചൂളക​ളു​ടെ​യും കൽക്കരി ഖനിക​ളു​ടെ​യും നാടാണ്‌ കിഴക്കൻ യൂ​ക്രെ​യി​നി​ലെ ഡൊ​ണെ​റ്റ്‌സ്‌ക്‌ നഗരം. റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന അവിടത്തെ പത്തു ലക്ഷത്തി​ല​ധി​കം​വ​രുന്ന ജനങ്ങൾ കഠിനാ​ധ്വാ​നി​ക​ളും സൗഹൃ​ദ​മ​ന​സ്‌ക​രും ആണ്‌. ജ്യോ​തി​ഷ​ത്തി​ലും ആത്മവി​ദ്യ​യി​ലും മന്ത്രവാ​ദ​ത്തി​ലും—റഷ്യൻ ഭാഷയിൽ മന്ത്രവാ​ദി​യെ കോൾഡുൺ എന്നാണു പറയുക—ഒക്കെ വിശ്വ​സി​ക്കു​ന്ന​വ​രാണ്‌ അവർ. പലരും ജാതകം നോക്കി ഭാവി മനസ്സി​ലാ​ക്കു​ന്ന​വ​രാണ്‌. രോഗ​ശാ​ന്തി​ക്കും വെറുതെ ഒരു രസത്തിനു വേണ്ടി​യും ഒക്കെ മരിച്ച​വ​രു​മാ​യി ബന്ധപ്പെ​ടാൻ ശ്രമി​ക്കു​ന്ന​വ​രു​മുണ്ട്‌.

അച്ഛൻ ഒരു ചെരി​പ്പു​കു​ത്തി​യാ​യി​രു​ന്നു. തനിക്ക്‌ ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലെന്ന്‌ പറഞ്ഞി​രു​ന്നെ​ങ്കി​ലും നമ്മെ ഈ ഭൂമി​യിൽ ആക്കിവെച്ച ഒരാളു​ണ്ടെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചി​രു​ന്നു. “നാം ഈ ഭൂഗ്ര​ഹ​ത്തി​ലെ അതിഥി​കൾ മാത്ര​മാണ്‌” എന്ന്‌ അച്ഛൻ പറയു​മാ​യി​രു​ന്നു. അമ്മയാ​ണെ​ങ്കിൽ എല്ലാ ഈസ്റ്ററി​നും പള്ളിയിൽ പോകാ​റു​ണ്ടാ​യി​രു​ന്നു. “ദൈവം എന്നൊ​രാൾ യഥാർഥ​ത്തിൽ ഉണ്ടെങ്കിൽ, നാം പോ​കേ​ണ്ട​തുണ്ട്‌” എന്നായി​രു​ന്നു അമ്മയുടെ പക്ഷം. 1963 മേയ്‌ മാസത്തി​ലാണ്‌ ഞാൻ ജനിച്ചത്‌. അച്ഛനും അമ്മയും ഞാനും ചേച്ചി ലുബോ​ഫും അനുജൻ അലക്‌സാ​ണ്ട​റും ഉൾപ്പെ​ടുന്ന ഞങ്ങളുടെ കുടും​ബം സന്തോ​ഷ​ത്തി​ന്റെ പര്യാ​യ​മാ​യി​രു​ന്നു.

സദു​ദ്ദേ​ശ്യ​ത്തോ​ടെ​യുള്ള മന്ത്രവാ​ദം നല്ലതാണ്‌”

ഞങ്ങളുടെ ഒരു അകന്ന ബന്ധുവാ​യി​രു​ന്നു പ്യോട്ടർ. a കൽക്കരി ഖനിയിൽ പണി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ തലയ്‌ക്കു ഗുരു​ത​ര​മാ​യി പരിക്കേറ്റ അയാൾക്ക്‌ ഒരു പ്രത്യേക ക്ലിനി​ക്കിൽ ചികിത്സ ആവശ്യ​മാ​യി വന്നു. തന്റെ ആരോ​ഗ്യ​ത്തെ കുറിച്ച്‌ ഉത്‌ക​ണ്‌ഠാ​കു​ല​നായ അയാൾ ഒരു കോൾഡു​ണി​നെ പോയി കണ്ടു. മന്ത്രവാ​ദി പ്യോ​ട്ട​റി​നെ ആത്മലോ​ക​വു​മാ​യി സമ്പർക്ക​ത്തിൽ വരുത്തി. മന്ത്രവാ​ദ​ത്തി​ന്റെ പിന്നാലെ പോകു​ന്നത്‌ വിഡ്‌ഢി​ത്ത​മാ​ണെന്ന്‌ അയാളു​ടെ ഭാര്യ​യും എന്റെ മാതാ​പി​താ​ക്ക​ളു​മെ​ല്ലാം ആകുന്നത്ര പറഞ്ഞെ​ങ്കി​ലും അതൊ​ന്നും കേൾക്കാൻ അയാൾ കൂട്ടാ​ക്കി​യില്ല. എല്ലാം അറിയാ​മെന്ന ഭാവമാ​യി​രു​ന്നു അയാൾക്ക്‌. “ദുർമ​ന്ത്ര​വാ​ദം​കൊ​ണ്ടേ കുഴപ്പ​മു​ള്ളൂ, സദു​ദ്ദേ​ശ്യ​ത്തോ​ടെ​യുള്ള മന്ത്രവാ​ദം നല്ലതാണ്‌,” അയാൾ തറപ്പിച്ചു പറഞ്ഞു.

ഭാവി മുൻകൂ​ട്ടി​പ്പ​റ​യാ​നും ആളുകൾക്കു ദോഷം തട്ടാതെ നോക്കാ​നു​മുള്ള അമാനുഷ ശക്തി തനിക്കു​ണ്ടെന്ന്‌ പ്യോട്ടർ അവകാ​ശ​പ്പെ​ട്ടി​രു​ന്നു. എന്നാൽ, പ്യോ​ട്ട​റി​ന്റെ ഭാര്യ അയാളെ ഉപേക്ഷി​ച്ചു പൊയ്‌ക്ക​ളഞ്ഞു. അതു​കൊണ്ട്‌, പ്യോട്ടർ ഞങ്ങളുടെ വീട്ടിൽ വന്ന്‌ താമസി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ചില​പ്പോൾ ആഴ്‌ച​ക​ളോ​ളം​പോ​ലും. അയാളു​ടെ സാന്നി​ധ്യം ഞങ്ങളുടെ കുടും​ബ​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കി. മുമ്പ്‌ ഒരു കുഴപ്പ​വും ഇല്ലാതി​രുന്ന ഞങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ദാമ്പത്യ ജീവി​ത​ത്തിൽ അപസ്വ​രങ്ങൾ ഉയരാൻ തുടങ്ങി. അച്ഛനും അമ്മയും തമ്മിൽ വഴക്കായി, വാഗ്വാ​ദ​ങ്ങ​ളാ​യി. ഒടുവിൽ അവർ വിവാ​ഹ​മോ​ചനം നേടി. അമ്മയോ​ടൊ​പ്പം ഞങ്ങൾ മൂന്നു മക്കളും മറ്റൊരു അപ്പാർട്ട്‌മെ​ന്റി​ലേക്കു താമസം​മാ​റ്റി. അമ്മയുടെ ബന്ധുവായ പ്യോ​ട്ട​റും ഞങ്ങളുടെ കൂടെ കൂടി.

അധികം താമസി​യാ​തെ ലുബോഫ്‌ വിവാ​ഹി​ത​യാ​യി. അവൾ ഭർത്താ​വി​നോ​ടൊ​പ്പം ആഫ്രി​ക്ക​യി​ലെ ഉഗാണ്ട​യി​ലേക്കു പോകു​ക​യും ചെയ്‌തു. 1984 ഒക്‌ടോ​ബർ മാസം. അലക്‌സാ​ണ്ടർ ഒഴിവു​കാ​ലം ചെലവ​ഴി​ക്കാ​നാ​യി വീട്ടിൽനി​ന്നു പോയി. ഞാനും ഒരാഴ്‌ച​ത്തേക്ക്‌ ഗോർലോഫ്‌ക പട്ടണത്തി​ലേക്കു പോയി. അമ്മയോട്‌ സാധാ​ര​ണ​പോ​ലെ മാത്രം യാത്ര പറഞ്ഞ്‌ ഞാൻ വീട്ടിൽനി​ന്നി​റങ്ങി. അന്ന്‌ അമ്മയോട്‌ കുറച്ചു​കൂ​ടെ സംസാ​രി​ച്ചി​ട്ടു പോയി​രു​ന്നെ​ങ്കിൽ അല്ലെങ്കിൽ എങ്ങും പോകാ​തെ വീട്ടിൽത്തന്നെ ഇരുന്നി​രു​ന്നെ​ങ്കിൽ എന്ന്‌ ഞാൻ ഇപ്പോൾ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു​വെ​ന്നോ! നിങ്ങൾക്ക​റി​യാ​മോ, പിന്നീട്‌ ഒരിക്ക​ലും ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല.

“നിന്റെ അമ്മ മരിച്ചു​പോ​യി”

ഗോർലോ​ഫ്‌ക​യിൽനിന്ന്‌ തിരി​ച്ചെ​ത്തിയ ഞാൻ കണ്ടത്‌ ഞങ്ങളുടെ അപ്പാർട്ട്‌മെന്റ്‌ പൂട്ടി​ക്കി​ട​ക്കു​ന്ന​താണ്‌. പൊലീ​സിൽ നിന്നുള്ള ഒരു നോട്ടീസ്‌ വാതിൽക്കൽ തൂങ്ങി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു. “പ്രവേ​ശനം ഇല്ല” എന്ന്‌ അതിൽ എഴുതി​യി​രു​ന്നു. സിരക​ളിൽ രക്തം ഉറഞ്ഞു​പോ​യ​തു​പോ​ലെ തോന്നി എനിക്ക്‌. കാര്യം എന്തെന്ന​റി​യാൻ ഞാൻ അയൽക്കാ​രി ഓൾഗ​യു​ടെ അടുക്കൽ ചെന്നു. വിഷമം​കൊണ്ട്‌ അവൾക്ക്‌ ഒന്നും സംസാ​രി​ക്കാ​നാ​യില്ല. അവളുടെ ഭർത്താവ്‌ വ്‌ളാ​ഡി​മിർ സൗമ്യ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “റ്റാന്യാ, അരുതാത്ത ഒന്നു സംഭവി​ച്ചി​രി​ക്കു​ന്നു. നിന്റെ അമ്മ മരിച്ചു​പോ​യി. പ്യോട്ടർ കൊന്ന​താണ്‌. എല്ലാം ചെയ്‌ത​ശേഷം അയാൾ ഞങ്ങളുടെ അപ്പാർട്ട്‌മെ​ന്റിൽ വന്ന്‌ പൊലീ​സി​നു ഫോൺ ചെയ്‌ത്‌ സ്വയം കീഴടങ്ങി.”

പൊലീ​സി​നോ​ടു ചോദി​ച്ച​പ്പോൾ സംഭവം ഉറപ്പായി. അവർ അപ്പാർട്ട്‌മെ​ന്റി​ന്റെ താക്കോൽ എനിക്കു തന്നു. എന്റെ മനസ്സിൽ പ്യോ​ട്ട​റി​നോ​ടുള്ള വിദ്വേ​ഷം നുരഞ്ഞു​പൊ​ന്തു​ക​യാ​യി​രു​ന്നു. കോപം അടക്കാ​നാ​കാ​തെ ഞാൻ അയാളു​ടെ സാധനങ്ങൾ മിക്കതും—മന്ത്രവാ​ദത്തെ സംബന്ധിച്ച പുസ്‌ത​കങ്ങൾ ഉൾപ്പെടെ—വാരി​യെ​ടുത്ത്‌ ഒരു പുതപ്പിൽ കെട്ടി അടുത്തുള്ള ഒരു വയലിൽ കൊണ്ടു​പോ​യി​ട്ടു കത്തിച്ചു.

അലക്‌സാ​ണ്ട​റും സംഭവം അറിഞ്ഞു. അവനും പ്യോ​ട്ട​റി​നോട്‌ കടുത്ത വിദ്വേ​ഷം തോന്നി. പിന്നീട്‌ നിർബ​ന്ധ​പൂർവം സൈന്യ​ത്തിൽ ചേർത്തതു നിമിത്തം അലക്‌സാ​ണ്ട​റിന്‌ വീടു വിടേണ്ടി വന്നു. അച്ഛൻ എന്റെ അപ്പാർട്ട്‌മെ​ന്റി​ലേക്കു താമസം മാറ്റി. ലുബോ​ഫും ഉഗാണ്ട​യിൽനി​ന്നു വന്ന്‌ ഞങ്ങളോ​ടൊ​പ്പം കുറേ​നാൾ താമസി​ച്ചു. ആ അപ്പാർട്ട്‌മെ​ന്റിൽ ഭൂതബാ​ധ​യു​ണ്ടെന്നു ഞങ്ങൾക്കു തോന്നി. അച്ഛനാ​ണെ​ങ്കിൽ ദുഃസ്വ​പ്‌നങ്ങൾ കാണാ​നും തുടങ്ങി. അമ്മയുടെ മരണത്തി​നു കാരണ​ക്കാ​രൻ താനാ​ണെന്ന തോന്ന​ലാ​യി​രു​ന്നു അച്ഛന്‌ എപ്പോ​ഴും. “ഞാൻ അവളുടെ കൂടെ താമസി​ച്ചി​രു​ന്നെ​ങ്കിൽ അവൾ മരിക്കി​ല്ലാ​യി​രു​ന്നു,” അച്ഛൻ പറയു​മാ​യി​രു​ന്നു. താമസി​യാ​തെ അദ്ദേഹം കടുത്ത വിഷാ​ദ​ത്തിന്‌ അടിമ​യാ​യി​ത്തീർന്നു. അമ്മ മരിച്ച്‌ നാലു മാസത്തി​നു​ള്ളിൽ അച്ഛൻ ആത്മഹത്യ ചെയ്‌തു.

അച്ഛന്റെ ശവസം​സ്‌കാ​ര​ത്തി​നു ശേഷം അലക്‌സാ​ണ്ടർ സൈന്യ​ത്തി​ലേക്കു മടങ്ങി, ലുബോഫ്‌ ഉഗാണ്ട​യി​ലേ​ക്കും. മകേ​യെഫ്‌ക ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ കൺസ്‌ട്രക്ഷൻ എഞ്ചിനീ​യ​റി​ങ്ങിൽ ചേർന്നു​കൊണ്ട്‌ ജീവി​ത​ത്തിന്‌ ഒരു പുതിയ തുടക്ക​മി​ടാൻ ഞാൻ ശ്രമിച്ചു, വീട്ടിൽനിന്ന്‌ അവി​ടേക്ക്‌ 30 മിനിറ്റു യാത്രയേ ഉണ്ടായി​രു​ന്നു​ള്ളൂ. ഞാൻ അപ്പാർട്ടു​മെന്റ്‌ അലങ്കരിച്ച്‌ അതിന്റെ മുഖച്ഛായ ആകപ്പാ​ടെ​യൊ​ന്നു മാറ്റി. കഴിഞ്ഞ​തൊ​ക്കെ മറക്കാ​നുള്ള ശ്രമത്തി​ലാ​യി​രു​ന്നു ഞാൻ. എന്നിട്ടും, അവിടെ ഭൂതബാ​ധ​യു​ണ്ടെന്ന എന്റെ സംശയം ബാക്കി​നി​ന്നു. അതിനു തക്ക കാരണ​വും ഉണ്ടായി​രു​ന്നു.

“ദൈവമേ, നീ യഥാർഥ​ത്തിൽ ഉണ്ടെങ്കിൽ”

അലക്‌സാ​ണ്ടർ സൈനിക സേവനം പൂർത്തി​യാ​ക്കി വീട്ടിൽ മടങ്ങി​യെത്തി. എന്നാൽ ഞാനും അവനും തമ്മിൽ ഓരോ​ന്നു പറഞ്ഞ്‌ വഴക്കി​ടാൻ തുടങ്ങി. പിന്നീട്‌ അവൻ വിവാഹം കഴിച്ചു. കുറെ മാസ​ത്തേക്ക്‌ ഞാൻ ആസോഫ്‌ കടൽ തീരത്തുള്ള റൊ​സ്റ്റോവ്‌ എന്ന റഷ്യൻ നഗരത്തി​ലേക്കു താമസം മാറ്റി. വീട്ടിൽനിന്ന്‌ ഏകദേശം 170 കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു ആ സ്ഥലം. പ്യോ​ട്ട​റി​ന്റേ​താ​യി വീട്ടി​ലു​ണ്ടാ​യി​രുന്ന എല്ലാ സാധന​ങ്ങ​ളും നീക്കം ചെയ്യാൻ ഞാൻ ഒടുവിൽ തീരു​മാ​നി​ച്ചു.

വിഷാദം എന്നെ വരിഞ്ഞു​മു​റു​ക്കാൻ തുടങ്ങി​യ​തോ​ടെ ഞാനും ആത്മഹത്യ​യെ കുറിച്ചു ചിന്തി​ക്കാൻ തുടങ്ങി. എന്നാൽ അമ്മയുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി​ക്കൊ​ണ്ടി​രു​ന്നു: “ദൈവം എന്നൊ​രാൾ യഥാർഥ​ത്തിൽ ഉണ്ടെങ്കിൽ . . .” അങ്ങനെ ഒരു ദിവസം രാത്രി, ജീവി​ത​ത്തിൽ ആദ്യമാ​യി ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ഞാൻ ഇങ്ങനെ യാചിച്ചു: “ദൈവമേ, നീ യഥാർഥ​ത്തിൽ ഉണ്ടെങ്കിൽ ജീവി​ത​ത്തി​ന്റെ അർഥം എന്താ​ണെന്ന്‌ എനിക്കു കാണി​ച്ചു​ത​രേ​ണമേ.” ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ, എന്നെ ഉഗാണ്ട​യി​ലേക്കു ക്ഷണിച്ചു​കൊ​ണ്ടുള്ള ലുബോ​ഫി​ന്റെ കത്ത്‌ കിട്ടി. അതു​കൊണ്ട്‌ ആത്മഹത്യ ചെയ്യാ​നുള്ള തീരു​മാ​നം ഞാൻ തൽക്കാ​ല​ത്തേക്കു മാറ്റി​വെച്ചു.

ഉഗാണ്ട​യിൽ എന്നെ കാത്തി​രുന്ന വിസ്‌മ​യ​ങ്ങൾ

യൂ​ക്രെ​യി​നും ഉഗാണ്ട​യും പോലെ ഇത്ര​യേറെ വ്യത്യാ​സ​ങ്ങ​ളുള്ള സ്ഥലങ്ങൾ അധിക​മു​ണ്ടാ​യി​രി​ക്കില്ല. 1989 മാർച്ച്‌ മാസം എന്റെ വിമാനം എന്റെ​ബെ​യിൽ ഇറങ്ങി. വിമാ​ന​ത്തിൽനിന്ന്‌ ഇറങ്ങിയ ഞാൻ തീച്ചൂ​ള​യി​ലേ​ക്കാ​ണോ കാലെ​ടു​ത്തു വെച്ചി​രി​ക്കു​ന്നത്‌ എന്ന്‌ ഒരു നിമിഷം സംശയി​ച്ചു​പോ​യി. അത്രയും ചൂട്‌ ഞാൻ ജീവി​ത​ത്തിൽ ആദ്യമാ​യിട്ട്‌ അനുഭ​വി​ക്കു​ക​യാ​യി​രു​ന്നു. അതിൽ അതിശ​യി​ക്കാ​നൊ​ന്നും ഇല്ല. കാരണം സോവി​യറ്റ്‌ യൂണി​യനു വെളി​യി​ലേ​ക്കുള്ള എന്റെ കന്നിയാ​ത്ര​യാ​യി​രു​ന്നു അത്‌. അവിടത്തെ ആളുക​ളു​ടെ സംസാ​ര​ഭാഷ ഇംഗ്ലീ​ഷാണ്‌. എനിക്കാ​കട്ടെ അതൊട്ടു വശവു​മി​ല്ലാ​യി​രു​ന്നു.

ഞാൻ ഒരു ടാക്‌സി​യിൽ കയറി. ലുബോഫ്‌ താമസി​ക്കുന്ന കാമ്പാ​ല​യിൽ എത്താൻ 45 മിനിറ്റു യാത്ര ചെയ്യണ​മാ​യി​രു​ന്നു. ഞാൻ അതുവരെ കണ്ടിട്ടു​ള്ള​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു ഉഗാണ്ട. വ്യത്യ​സ്‌ത​മെന്നു പറഞ്ഞാൽ മറ്റൊരു ഗ്രഹത്തിൽ ചെന്നെ​ത്തി​യി​രി​ക്കു​ക​യാ​ണോ എന്നു തോന്നു​മാറ്‌ അത്ര വ്യത്യ​സ്‌തം! എന്റെ ടാക്‌സി ഡ്രൈവർ പ്രസന്നത ഉള്ളവനും അങ്ങേയറ്റം ദയാലു​വും ആയിരു​ന്നു. ഒടുവിൽ അയാൾ ലുബോ​ഫി​ന്റെ വീടു കണ്ടുപി​ടി​ച്ചു. അവിടെ എത്തിയ​പ്പോൾ എനിക്ക്‌ എത്ര ആശ്വാസം തോന്നി​യെ​ന്നോ!

ലുബോഫ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യൊ​രു കൂട്ട​രെ​ക്കു​റിച്ച്‌ മുമ്പ്‌ ഒരിക്ക​ലും ഞാൻ കേട്ടി​രു​ന്നില്ല. അവരെ കുറിച്ച്‌ എന്നോടു പറയാൻ ലുബോ​ഫിന്‌ നൂറു​നാ​വാ​യി​രു​ന്നു! പഠിച്ച കാര്യ​ങ്ങ​ളെ​ല്ലാം അവൾ വള്ളിപു​ള്ളി വിടാതെ എന്റെ പുറകെ നടന്നു പറയാൻ തുടങ്ങി. വാസ്‌തവം പറഞ്ഞാൽ, എനിക്ക്‌ കുറ​ച്ചൊ​ക്കെ ദേഷ്യം തോന്നി.

ഒരു ദിവസം ലുബോ​ഫി​നെ പഠിപ്പി​ച്ചു​കൊ​ണ്ടി​രുന്ന സാക്ഷികൾ അവിടെ വന്നു. അവരിൽ ഒരാളു​ടെ പേര്‌ മാരി​യാന എന്നായി​രു​ന്നു. കണ്ടയു​ടനെ എന്നോടു പ്രസം​ഗി​ക്കാ​നൊ​ന്നും അവർ മുതിർന്നില്ല. കാരണം എനിക്ക്‌ അന്ന്‌ ഇംഗ്ലീഷ്‌ അത്ര വശമി​ല്ലാ​യി​രു​ന്നു. എന്നാൽ സ്‌നേ​ഹ​വും സൗഹൃ​ദ​വും തുളു​മ്പുന്ന അവരുടെ കണ്ണുകൾ കണ്ടപ്പോൾ ആത്മാർഥ​ത​യും സന്തോ​ഷ​വും ഉള്ള വ്യക്തി​യാണ്‌ അവരെന്ന്‌ എനിക്കു മനസ്സി​ലാ​യി. “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു” എന്ന ചെറു​പു​സ്‌ത​ക​ത്തിൽ നിന്ന്‌ പറുദീ​സ​യു​ടെ ഒരു ചിത്രം എന്നെ കാണി​ച്ചിട്ട്‌ അവർ എന്നോ​ടാ​യി പറഞ്ഞു: “ഈ സ്‌ത്രീ​യെ കണ്ടോ, ഇത്‌ നീയാണ്‌, ഇത്‌ ഞാനും. ഈ കാണു​ന്ന​വ​രു​ടെ​യെ​ല്ലാം കൂട്ടത്തിൽ നമ്മൾ രണ്ടു​പേ​രും പറുദീ​സ​യി​ലാണ്‌. എന്തു രസമാ​യി​രി​ക്കും, അല്ലേ?”

കാമ്പാ​ല​യി​ലെ മറ്റു സാക്ഷി​ക​ളും ലുബോ​ഫി​നെ​യും ഭർത്താവ്‌ ജോസ​ഫി​നെ​യും സന്ദർശി​ച്ചി​രു​ന്നു. വളരെ സൗഹൃ​ദ​ത്തോ​ടെ​യാ​യി​രു​ന്നു അവരുടെ പെരു​മാ​റ്റം. അതു കണ്ടപ്പോൾ എന്നിൽ മതിപ്പു​ള​വാ​ക്കാ​നുള്ള ശ്രമമാ​ണോ എന്നു പോലും ഞാൻ സംശയി​ച്ചു. ഏതാനും ആഴ്‌ചകൾ കഴിഞ്ഞ്‌ ഞാൻ ആദ്യമാ​യി ഒരു യോഗ​ത്തി​നു പോയി, കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ സ്‌മാ​ര​ക​മാ​യി​രു​ന്നു അന്ന്‌. (ലൂക്കൊസ്‌ 22:19) അവിടെ പറഞ്ഞ​തൊ​ന്നും എനിക്കു മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും കൂടി​വ​ന്ന​വ​രു​ടെ സൗഹൃ​ദ​മ​നോ​ഭാ​വം എന്നിൽ ഒരിക്കൽ കൂടി മതിപ്പു​ള​വാ​ക്കി.

“ഇത്‌ പുറ​ത്തോ​ടു പുറം വായി​ക്കണം”

മാരി​യാന എനിക്ക്‌ റഷ്യൻ ഭാഷയി​ലുള്ള ഒരു ബൈബിൾ തന്നു. അങ്ങനെ ആദ്യമാ​യി എനി​ക്കൊ​രു ബൈബിൾ കിട്ടി. “ഇത്‌ പുറ​ത്തോ​ടു പുറം വായി​ക്കണം. എല്ലാ​മൊ​ന്നും മനസ്സി​ലാ​യെന്നു വരില്ല. എന്നു​വെച്ച്‌ അതു വായി​ക്കാ​തി​രി​ക്ക​രുത്‌,” അവൾ പറഞ്ഞു.

മാരി​യാ​ന​യു​ടെ സമ്മാനം എനിക്കു വളരെ ഇഷ്ടമായി. അവർ പറഞ്ഞതു​പോ​ലെ ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. ‘ബൈബിൾ വായി​ക്കാ​തെ വെറുതെ വെച്ചു​കൊ​ണ്ടി​രു​ന്നി​ട്ടു കാര്യ​മി​ല്ല​ല്ലോ?’ ഞാൻ ചിന്തിച്ചു.

യൂ​ക്രെ​യി​നി​ലേക്കു തിരി​ച്ചു​പോ​യ​പ്പോൾ ആ ബൈബിൾ ഞാൻ കൂടെ കൊണ്ടു​പോ​യി. അടുത്ത ഏതാനും മാസം ഞാൻ റഷ്യയി​ലെ മോസ്‌കോ​യിൽ ജോലി നോക്കി. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ ഒഴിവു സമയങ്ങ​ളി​ലെ​ല്ലാം ഞാൻ ബൈബിൾ വായി​ക്കാൻ തുടങ്ങി. ഒമ്പതു മാസം കഴിഞ്ഞ്‌ ഉഗാണ്ട​യി​ലേക്കു മടങ്ങി​യ​പ്പോ​ഴേ​ക്കും ഞാൻ പകുതി​യും വായിച്ചു തീർത്തി​രു​ന്നു. കാമ്പാ​ല​യിൽ എത്തിക്ക​ഴി​ഞ്ഞ​പ്പോൾ മാരി​യാന ഭാവിയെ സംബന്ധിച്ച അത്ഭുത​ക​ര​മായ പ്രത്യാശ ബൈബി​ളിൽനിന്ന്‌ എനിക്കു കാണിച്ചു തന്നു—പറുദീസ! പുനരു​ത്ഥാ​നം! അച്ഛനെ​യും അമ്മയെ​യും വീണ്ടും കാണൽ! ഡൊ​ണെ​റ്റ്‌സ്‌കിൽ വെച്ചുള്ള എന്റെ പ്രാർഥ​ന​യു​ടെ ഫലമാ​ണിത്‌ എന്ന്‌ എനിക്കു മനസ്സി​ലാ​യി.—പ്രവൃ​ത്തി​കൾ 24:15; വെളി​പ്പാ​ടു 21:3-5.

ബൈബി​ളിൽനിന്ന്‌ ദുഷ്ടാ​ത്മാ​ക്കളെ കുറി​ച്ചുള്ള വിഷയം പഠിച്ച​പ്പോൾ ഞാൻ ശ്വാസം അടക്കി​പ്പി​ടി​ച്ചി​രുന്ന്‌ അതു കേട്ടു. ഞാൻ പണ്ടു മുതലേ സംശയി​ച്ചി​രുന്ന ഒരു കാര്യം എനിക്ക്‌ ഉറപ്പായി. മന്ത്രവാ​ദ​ത്തിൽ നല്ലതും ചീത്തയും എന്നില്ല, എല്ലാം ഒരു​പോ​ലെ അപകടം പിടി​ച്ച​താണ്‌. അതിന്‌ ഞങ്ങളുടെ കുടും​ബ​ത്തിൽ സംഭവി​ച്ച​തി​നെ​ക്കാൾ വലിയ തെളിവ്‌ എനിക്ക്‌ ആവശ്യ​മി​ല്ലാ​യി​രു​ന്നു. പ്യോ​ട്ട​റി​ന്റെ സാധനങ്ങൾ കത്തിച്ചു കളഞ്ഞ​പ്പോൾ അറിയാ​തെ​യാ​ണെ​ങ്കി​ലും ഞാൻ ശരിയായ കാര്യ​മാ​ണു ചെയ്‌തത്‌. ആദിമ ക്രിസ്‌ത്യാ​നി​ക​ളും യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യ​പ്പോൾ മന്ത്രവാ​ദ​വു​മാ​യി ബന്ധപ്പെട്ട സാമ​ഗ്രി​കൾ കത്തിച്ചു കളഞ്ഞതാ​യി ഞാൻ മനസ്സി​ലാ​ക്കി.—ആവർത്ത​ന​പു​സ്‌തകം 18:9-12; പ്രവൃ​ത്തി​കൾ 19:19.

ബൈബിൾ പഠിക്കു​ന്തോ​റും ഞാൻ പഠിക്കു​ന്നതു സത്യമാ​ണെന്ന്‌ എനിക്കു കൂടുതൽ ബോധ്യ​മാ​യി​ക്കൊ​ണ്ടി​രു​ന്നു. ഞാൻ പുകവലി ഉപേക്ഷി​ച്ചു. 1990 ഡിസം​ബ​റിൽ യഹോ​വ​യോ​ടുള്ള സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി ഞാൻ സ്‌നാ​പ​ന​മേറ്റു. മൂന്നു മാസം മുമ്പ്‌ ലുബോഫ്‌ സ്‌നാ​പ​ന​മേ​റ്റി​രു​ന്നു. 1993-ൽ ജോസ​ഫും സ്‌നാ​പ​ന​മേറ്റു.

ഡൊ​ണെ​റ്റ്‌സ്‌കി​ലേക്കു മടങ്ങുന്നു

1991-ൽ ഞാൻ ഡൊ​ണെ​റ്റ്‌സ്‌കി​ലേക്കു മടങ്ങി. അതേ വർഷം​തന്നെ യൂ​ക്രെ​യി​നിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം ലഭിച്ചു. അങ്ങനെ ഞങ്ങൾക്ക്‌ ഒരുമി​ച്ചു കൂടി​വ​രാ​നും പരസ്യ​മാ​യി പ്രസം​ഗി​ക്കാ​നു​മുള്ള സ്വാത​ന്ത്ര്യം കൈവന്നു. കേൾക്കാൻ സമയമു​ണ്ടാ​യി​രുന്ന ഏവരോ​ടും ഞങ്ങൾ തെരു​വിൽ വെച്ചു സാക്ഷീ​ക​രി​ച്ചു. നിരീ​ശ്വ​ര​വാ​ദം പ്രബല​മാ​യി​രുന്ന ഒരു രാജ്യ​മാ​യി​രു​ന്നി​ട്ടു കൂടി അവിടെ ദൈവ​രാ​ജ്യ​ത്തെ കുറിച്ച്‌ അറിയാൻ ആഗ്രഹ​മുള്ള അനേക​രു​ണ്ടെന്ന്‌ ഞങ്ങൾ പെട്ടെ​ന്നു​തന്നെ കണ്ടെത്തി.

1990-കളുടെ ആരംഭ​ത്തിൽ വേണ്ടത്ര ബൈബിൾ സാഹി​ത്യ​ങ്ങൾ ലഭ്യമ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഡൊ​ണെ​റ്റ്‌സ്‌കിൽ ഞങ്ങൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കടം കൊടു​ക്കുന്ന ഒരു ഗ്രന്ഥശാല തുടങ്ങി. പുസ്‌ത​ക​ങ്ങ​ളു​ടെ​യും ലഘുപ​ത്രി​ക​ക​ളു​ടെ​യും പ്രതികൾ പ്രദർശി​പ്പി​ക്കു​ന്ന​തി​നാ​യി ഞങ്ങൾ പ്രധാന നഗരച​ത്വ​ര​ത്തിൽ ഒരു സ്റ്റാൻഡ്‌ സ്ഥാപിച്ചു. ബൈബി​ളി​നെ കുറിച്ച്‌ അറിയാൻ ആഗ്രഹ​മു​ണ്ടാ​യി​രുന്ന സൗഹൃ​ദ​മ​ന​സ്‌ക​രായ ആളുകൾ അവിടെ വരുക​യും ഞങ്ങളോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. സാഹി​ത്യ​ങ്ങൾ ആവശ്യ​മു​ള്ളവർ അവി​ടെ​നിന്ന്‌ അവ കടംവാ​ങ്ങി. ഞങ്ങൾ അവർക്ക്‌ സൗജന്യ ഭവന ബൈബിൾ അധ്യയനം വാഗ്‌ദാ​നം ചെയ്‌തു.

1992-ൽ ഞാൻ ഒരു പയനിയർ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മുഴു​സമയ ശുശ്രൂ​ഷക, ആയിത്തീർന്നു. 1993 സെപ്‌റ്റം​ബ​റിൽ ജർമനി​യി​ലെ സെൽറ്റേ​ഴ്‌സി​ലുള്ള വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലെ പരിഭാ​ഷാ സംഘ​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കാ​നുള്ള ക്ഷണം ലഭിച്ച​തി​നെ തുടർന്ന്‌ ഞാൻ അങ്ങോട്ടു പോയി. 1998 സെപ്‌റ്റം​ബ​റിൽ ഞങ്ങൾ പോള​ണ്ടി​ലെ വാർസോ​യി​ലേക്കു മാറി. ഇവിടെ ഞങ്ങൾ യൂ​ക്രെ​യി​നി​ലെ ലവിഫി​ലെ പുതിയ ബ്രാഞ്ചി​ന്റെ പണി പൂർത്തി​യാ​കാൻ കാത്തി​രി​ക്കു​ക​യാണ്‌.

യൂ​ക്രെ​യി​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വളർച്ച വിസ്‌മ​യാ​വ​ഹ​മാ​യി​രു​ന്നു. 1991-ൽ ഡൊ​ണെ​റ്റ്‌സ്‌കിൽ ഒറ്റയൊ​രു സഭയേ ഉണ്ടായി​രു​ന്നു​ള്ളൂ. സാക്ഷി​ക​ളു​ടെ എണ്ണമാ​കട്ടെ 110-ഉം. എന്നാൽ ഇപ്പോൾ 24 സഭകളി​ലാ​യി അവിടെ 3,000-ത്തിലധി​കം സാക്ഷി​ക​ളുണ്ട്‌! 1997-ൽ ഞാൻ ഡൊ​ണെ​റ്റ്‌സ്‌കിൽ പോയി​രു​ന്നു. അവിടെ പഴയ സുഹൃ​ത്തു​ക്കളെ വീണ്ടും കാണാൻ കഴിഞ്ഞത്‌ തികച്ചും സന്തോ​ഷ​പ്ര​ദ​മാ​യി​രു​ന്നു. എന്നാൽ എന്നെ അസ്വസ്ഥ​യാ​ക്കിയ ഒരു സംഭവ​വും അവി​ടെ​വെച്ച്‌ ഉണ്ടായി.

“പ്യോട്ടർ നിന്നെ അന്വേ​ഷി​ക്കു​ന്നുണ്ട്‌”

ഡൊ​ണെ​റ്റ്‌സ്‌കി​ലാ​യി​രി​ക്കെ, ഞങ്ങളുടെ കുടും​ബത്തെ അറിയാ​വുന്ന ജൂലിയ എന്ന ഒരു സാക്ഷി എന്നോടു പറഞ്ഞു: “പ്യോട്ടർ നിന്നെ അന്വേ​ഷി​ക്കു​ന്നുണ്ട്‌. അയാൾക്ക്‌ നിന്നോ​ടു സംസാ​രി​ക്ക​ണ​മ​ത്രെ.” അതു കേട്ട​പ്പോൾ എന്റെ മനസ്സിൽ തീയാളി.

അന്നു രാത്രി വീട്ടി​ലെ​ത്തിയ ശേഷം ഞാൻ ഒരുപാ​ടു കരഞ്ഞു. ഞാൻ യഹോ​വ​യോട്‌ പ്രാർഥി​ച്ചു. എന്തിനാ​യി​രി​ക്കും പ്യോട്ടർ എന്നെ കാണണ​മെന്നു പറഞ്ഞത്‌? പ്യോട്ടർ വർഷങ്ങ​ളോ​ളം ജയിലിൽ കിടന്നി​രു​ന്നു എന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അയാൾ ചെയ്‌ത കൊടും​ക്രൂ​രത നിമിത്തം ഞാൻ അയാളെ മനസ്സു​കൊ​ണ്ടു വെറു​ത്തി​രു​ന്നു. യഹോ​വ​യാം ദൈവ​ത്തി​ന്റെ പുതിയ ലോകത്തെ കുറിച്ചു പഠിക്കാൻ അയാൾക്ക്‌ അർഹത​യി​ല്ലെന്ന്‌ എനിക്കു തോന്നി. ഞാൻ ആ കാര്യം പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്തി. നിത്യ​ജീ​വന്‌ യോഗ്യ​ത​യു​ള്ളത്‌ ആർക്കാണ്‌ എന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം എനിക്കി​ല്ലെന്ന്‌ അപ്പോൾ ഞാൻ തിരി​ച്ച​റി​ഞ്ഞു. “നീ എന്നോ​ടു​കൂ​ടെ പരദീ​സ​യിൽ ഇരിക്കും” എന്ന്‌ യേശു​ക്രി​സ്‌തു തന്റെ അടുത്തു കിടന്ന കുറ്റവാ​ളി​യോ​ടു പറഞ്ഞത്‌ ഞാൻ ഓർമി​ച്ചു.—ലൂക്കൊസ്‌ 23:42, 43.

അങ്ങനെ പ്യോ​ട്ട​റി​നെ പോയി കണ്ട്‌ അയാ​ളോ​ടു മിശി​ഹൈക രാജ്യത്തെ കുറി​ച്ചും ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യെ കുറി​ച്ചും സാക്ഷീ​ക​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. ജൂലിയ തന്ന മേൽവി​ലാ​സം വെച്ച്‌, രണ്ടു ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ഞാൻ അയാളെ കാണാൻ പോയി. അമ്മയുടെ മരണ​ശേഷം ഞാൻ പ്യോ​ട്ട​റി​നെ ആദ്യമാ​യി കാണു​ക​യാ​യി​രു​ന്നു.

വല്ലാത്ത ഒരു അവസ്ഥയാ​യി​രു​ന്നു അത്‌. ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീർന്നു​വെ​ന്നും ഈ വ്യവസ്ഥി​തി​യിൽ നമു​ക്കെ​ല്ലാ​വർക്കും പ്രശ്‌നങ്ങൾ, ചില​പ്പോൾ ദുരന്തങ്ങൾ പോലും നേരി​ടേണ്ടി വരുന്നത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ എന്നെ സഹായി​ച്ചു​വെ​ന്നും ഞാൻ പ്യോ​ട്ട​റി​നോ​ടു വിശദീ​ക​രി​ച്ചു. അമ്മയെ​യും പിന്നീട്‌ അച്ഛനെ​യും നഷ്ടമാ​യത്‌ ഞങ്ങളെ എത്രമാ​ത്രം പിടി​ച്ചു​ലച്ചു എന്നും ഞാൻ അയാ​ളോ​ടു പറഞ്ഞു.

അന്നു സംഭവി​ച്ച​തെ​ല്ലാം അയാൾ വിസ്‌ത​രി​ച്ചു പറയാൻ തുടങ്ങി. എന്റെ അമ്മയെ കൊല്ലാൻ ഒരു ശബ്ദം അയാ​ളോ​ടു കൽപ്പി​ച്ചു​വ​ത്രേ. ബീഭത്സ​മായ ആ വിവരണം കേട്ടു​കൊ​ണ്ടി​രി​ക്കെ, വിദ്വേ​ഷം നിറഞ്ഞ എന്റെ മനസ്സ്‌ കുറ​ച്ചൊന്ന്‌ അലിയാൻ തുടങ്ങി. കാരണം വേട്ടക്കാ​രന്റെ കയ്യിൽപ്പെട്ട ഒരു മൃഗത്തെ പോലെ അയാൾ പരി​ഭ്രാ​ന്ത​നാ​യി കാണ​പ്പെട്ടു. പ്യോട്ടർ സംസാരം നിറു​ത്തി​യ​പ്പോൾ ബൈബി​ളി​ലെ അത്ഭുത​ക​ര​മായ വാഗ്‌ദാ​ന​ങ്ങ​ളിൽ ചിലത്‌ അയാൾക്ക്‌ കാണിച്ചു കൊടു​ക്കാൻ ഞാൻ ശ്രമിച്ചു. തനിക്ക്‌ യേശു​വിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ അയാൾ പറഞ്ഞു. അതു​കൊണ്ട്‌ ഞാൻ അയാ​ളോട്‌ ഇങ്ങനെ ചോദി​ച്ചു:

“നിങ്ങൾക്ക്‌ ബൈബി​ളു​ണ്ടോ?”

“ഇല്ല. എന്നാൽ ഞാൻ ഒരെണ്ണം ആവശ്യ​പ്പെ​ട്ടി​ട്ടുണ്ട്‌

,” അയാൾ മറുപടി പറഞ്ഞു.

“സത്യ​ദൈ​വ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം യഹോവ എന്നാ​ണെന്ന്‌ ബൈബിൾ പറയുന്ന കാര്യം ഒരുപക്ഷേ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ അറിയാ​മാ​യി​രി​ക്കും.”—സങ്കീർത്തനം 83:18.

ആ പേരു കേട്ട​പ്പോൾ അയാൾ ആകെ അസ്വസ്ഥ​നാ​യി. “എന്നോട്‌ ആ പേര്‌ പറയരുത്‌, എനിക്ക്‌ അത്‌ കേൾക്കാ​നാ​വില്ല,” അയാൾ പറഞ്ഞു. ദൈവ​ത്തി​ന്റെ അത്ഭുത​ക​ര​മായ വാഗ്‌ദാ​ന​ങ്ങളെ കുറിച്ച്‌ പ്യോ​ട്ട​റി​നോട്‌ പറയാ​നുള്ള ഞങ്ങളുടെ ശ്രമങ്ങ​ളെ​ല്ലാം വിഫല​മാ​യി.

അവി​ടെ​നി​ന്നു പോന്ന​പ്പോൾ ഒരു കാര്യം എനിക്കു വ്യക്തമാ​യി​രു​ന്നു: ഞാൻ യഹോ​വയെ കുറിച്ച്‌ അറിഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഒന്നുകിൽ അമ്മയെ​പ്പോ​ലെ വധിക്ക​പ്പെ​ട്ടേനെ, അല്ലെങ്കിൽ അച്ഛനെ​പ്പോ​ലെ ആത്മഹത്യ ചെയ്‌തേനെ. അതുമ​ല്ലെ​ങ്കിൽ പ്യോ​ട്ട​റി​നെ പോലെ ഭൂതസ്വാ​ധീ​ന​ത്തിൽ പെട്ട്‌ കൊടും​ക്രൂ​ര​തകൾ ചെയ്‌തേനെ. സത്യ​ദൈ​വ​മായ യഹോ​വയെ അറിയാൻ ഇടയാ​യ​തിൽ ഞാൻ എത്ര നന്ദിയു​ള്ള​വ​ളാ​ണെ​ന്നോ!

ഭൂതകാ​ല​ത്തി​ലേക്കു നോക്കു​ന്ന​തി​നു പകരം ഭാവി​യി​ലേക്കു നോക്കു​ന്നു

ഈ അനുഭ​വങ്ങൾ എന്റെ മനസ്സിൽ കോരി​യിട്ട വേദന​യു​ടെ കനലുകൾ ഇപ്പോ​ഴും എരിഞ്ഞ​ട​ങ്ങി​യി​ട്ടില്ല. ആ കറുത്ത ഓർമകൾ തികട്ടി​വ​രു​മ്പോൾ ഇന്നും എന്റെ മനസ്സ്‌ വിങ്ങാ​റുണ്ട്‌. എന്നാൽ യഹോ​വ​യെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ അറിഞ്ഞ​തോ​ടെ കാര്യ​ങ്ങൾക്കു മാറ്റം വന്നു തുടങ്ങി. ഭൂതകാ​ല​ത്തി​ലേക്കു നോക്കു​ന്ന​തി​നു പകരം ഭാവി​യി​ലേക്കു നോക്കാൻ ബൈബിൾ സത്യം എന്നെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. യഹോവ തന്റെ ദാസന്മാർക്കാ​യി എത്ര മഹത്തായ ഒരു ഭാവി​യാണ്‌ ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നത്‌!

മരിച്ചവർ ഭൂമി​യി​ലെ പറുദീ​സ​യി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും. എന്റെ മാതാ​പി​താ​ക്കളെ സ്വാഗതം ചെയ്യാൻ കഴിയു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര സന്തോ​ഷ​പ്ര​ദ​മായ ഒരു അനുഭ​വ​മാ​യി​രി​ക്കും! “നാം ഈ ഭൂഗ്ര​ഹ​ത്തി​ലെ അതിഥി​കൾ മാത്ര​മാണ്‌” എന്ന്‌ അച്ഛൻ പറഞ്ഞത്‌ ഫലത്തിൽ ശരിയാ​യി​രു​ന്നു. ദൈവം എന്നൊ​രാൾ ഉണ്ടായി​രി​ക്കാം എന്ന്‌ അമ്മ പറഞ്ഞി​രു​ന്ന​തും ശരിതന്നെ. ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ അച്ഛനും അമ്മയും ഉയിർപ്പി​ക്ക​പ്പെ​ടു​മ്പോൾ അവരെ ബൈബിൾ സത്യങ്ങൾ പഠിപ്പി​ക്കാൻ ഞാൻ ആകാം​ക്ഷ​യോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ന്നു. (g00 12/22)

[അടിക്കു​റിപ്പ്‌]

a യഥാർഥ പേരല്ല.

[24-ാം പേജിലെ ആകർഷക വാക്യം]

അമ്മയുടെ മരണ​ശേഷം ഞാൻ പ്യോ​ട്ട​റി​നെ ആദ്യമാ​യി കാണു​ക​യാ​യി​രു​ന്നു

[23-ാം പേജിലെ ചിത്രങ്ങൾ]

ഉഗാണ്ടയിൽവെച്ച്‌ എന്നെ ബൈബിൾ പഠിപ്പിച്ച മിഷന​റി​മാ​രായ മാരി​യാ​ന​യോ​ടും ഹൈന്റ്‌സ്‌ വെർട്‌ഹോൾട്‌സി​നോ​ടും ഒപ്പം

[23-ാം പേജിലെ ചിത്രം]

കാമ്പാലയിൽ വെച്ച്‌ ഞാൻ സ്‌നാ​പ​ന​മേ​റ്റ​പ്പോൾ

[24-ാം പേജിലെ ചിത്രം]

പോളണ്ടിലെ വാർസോ​യിൽ ഒരു യൂ​ക്രേ​നി​യൻ പരിഭാ​ഷ​ക​യാ​യി സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു