വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാർ ചോദി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീ​ക​ളു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീ​ക​ളു​ണ്ടോ?

ഉണ്ട്‌. ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്ന ലക്ഷക്കണ​ക്കിന്‌ സ്‌ത്രീ​ക​ളുണ്ട്‌. സ്‌ത്രീ​ക​ളു​ടെ ആ വലിയ കൂട്ടം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു. സങ്കീർത്തനം 68:11-ലെ പ്രവചനം ഇവരെ​ക്കു​റി​ച്ചു​ള്ള​താണ്‌. അവിടെ ഇങ്ങനെ പറയുന്നു: “യഹോവ കല്‌പന കൊടു​ക്കു​ന്നു; സന്തോ​ഷ​വാർത്ത ഘോഷി​ക്കുന്ന സ്‌ത്രീ​കൾ ഒരു വൻ​സൈ​ന്യം.”

എന്നാൽ ഇവരുടെ ശുശ്രൂ​ഷ​യും മറ്റു മതങ്ങളി​ലെ സ്‌ത്രീ​കൾ ചെയ്യുന്ന ശുശ്രൂ​ഷ​യും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌. എന്തൊ​ക്കെ​യാണ്‌ ആ വ്യത്യാ​സങ്ങൾ?

അവർ ശുശ്രൂഷ ചെയ്യു​ന്നത്‌ എവി​ടെ​യാണ്‌ എന്നതാണ്‌ ഒരു വ്യത്യാ​സം. മറ്റു മതങ്ങളി​ലെ, പ്രത്യേ​കി​ച്ചും ക്രൈ​സ്‌ത​വ​സ​ഭ​ക​ളി​ലെ വനിതാ​പു​രോ​ഹി​ത​മാർ അവരുടെ സഭകൾക്ക്‌ ഉള്ളിൽ നേതൃ​ത്വം വഹിക്കു​ന്നു. അവരുടെ സഭാം​ഗ​ങ്ങൾക്കി​ട​യി​ലാണ്‌ അവർ ശുശ്രൂഷ ചെയ്യു​ന്നത്‌. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലെ വനിതാ​ശു​ശ്രൂ​ഷകർ സഭയ്‌ക്ക്‌ ഉള്ളിൽ അല്ല സഭയ്‌ക്കു വെളി​യി​ലാണ്‌ ശുശ്രൂഷ ചെയ്യു​ന്നത്‌. അതായത്‌ വീടു​ക​ളി​ലും മറ്റിട​ങ്ങ​ളി​ലും കണ്ടുമു​ട്ടുന്ന പൊതു​ജ​ന​ങ്ങൾക്കി​ട​യിൽ.

ഇനി, മറ്റൊരു വ്യത്യാ​സം നോക്കാം. ക്രൈ​സ്‌ത​വ​സ​ഭ​ക​ളി​ലെ​യും മറ്റും പുരോ​ഹി​ത​മാർ മതചട​ങ്ങു​ക​ളിൽ കാർമി​ക​ത്വം വഹിക്കു​ക​യും സഭാം​ഗ​ങ്ങളെ മതോ​പ​ദേ​ശങ്ങൾ പഠിപ്പി​ക്കു​ക​യും ചെയ്യാ​റുണ്ട്‌. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലെ വനിതാ​ശു​ശ്രൂ​ഷകർ സ്‌നാ​ന​മേറ്റ പുരു​ഷ​ന്മാ​രു​ള്ള​പ്പോൾ സഭയിൽ പഠിപ്പി​ക്കില്ല. പഠിപ്പി​ക്കാൻ നിയോ​ഗി​ച്ചി​രി​ക്കുന്ന പുരു​ഷ​ന്മാർ മാത്രമേ അത്‌ ചെയ്യൂ.—1 തിമൊ​ഥെ​യൊസ്‌ 3:2; യാക്കോബ്‌ 3:1.

സഭയിൽ മേൽവി​ചാ​രണ നടത്താ​നുള്ള ഉത്തരവാ​ദി​ത്വ​മു​ള്ളത്‌ പുരു​ഷ​ന്മാർക്കു മാത്ര​മാ​ണെന്ന്‌ ബൈബിൾ പറയുന്നു. അതെങ്ങനെ അറിയാം? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്നെ​പ്പോ​ലെ​ത​ന്നെ​യുള്ള ഒരു മേൽവി​ചാ​ര​ക​നായ തീത്തോ​സിന്‌ ഇങ്ങനെ എഴുതി: ‘ഞാൻ നിന്നെ ക്രേത്ത​യിൽ വിട്ടി​ട്ടു​പോ​ന്നത്‌ നഗരം​തോ​റും മൂപ്പന്മാ​രെ നിയമി​ക്കാൻ ആയിരു​ന്ന​ല്ലോ.’ അങ്ങനെ നിയമി​ക്കുന്ന “മൂപ്പൻ ആരോ​പ​ണ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും . . . ആയിരി​ക്കണം” എന്നും പൗലോസ്‌ പറഞ്ഞു. (തീത്തോസ്‌ 1:5, 6) തിമൊ​ഥെ​യൊ​സിന്‌ കത്ത്‌ എഴുതി​യ​പ്പോ​ഴും പൗലോസ്‌ ഇതു​പോ​ലുള്ള നിർദേ​ശ​ങ്ങ​ളാ​ണു കൊടു​ത്തത്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “മേൽവി​ചാ​ര​ക​നാ​കാൻ പരി​ശ്ര​മി​ക്കുന്ന ഒരാൾ വാസ്‌ത​വ​ത്തിൽ വിശി​ഷ്ട​മാ​യൊ​രു കാര്യ​മാണ്‌ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ മേൽവി​ചാ​രകൻ ആക്ഷേപ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും . . . പഠിപ്പി​ക്കാൻ കഴിവു​ള്ള​വ​നും ആയിരി​ക്കണം.”—1 തിമൊ​ഥെ​യൊസ്‌ 3:1, 2.

സഭയിൽ മേൽവി​ചാ​രണ നടത്താ​നുള്ള ഉത്തരവാ​ദി​ത്വം എന്തു​കൊ​ണ്ടാണ്‌ പുരു​ഷ​ന്മാർക്കു മാത്രം കൊടു​ത്തി​രി​ക്കു​ന്നത്‌? പൗലോസ്‌ പറഞ്ഞു: “പഠിപ്പി​ക്കാ​നോ പുരു​ഷന്റെ മേൽ അധികാ​രം പ്രയോ​ഗി​ക്കാ​നോ ഞാൻ സ്‌ത്രീ​യെ അനുവ​ദി​ക്കു​ന്നില്ല, സ്‌ത്രീ മിണ്ടാ​തി​രി​ക്കട്ടെ. കാരണം ആദ്യം സൃഷ്ടി​ച്ചത്‌ ആദാമി​നെ​യാണ്‌. പിന്നെ​യാ​ണു ഹവ്വയെ സൃഷ്ടി​ച്ചത്‌.” (1 തിമൊ​ഥെ​യൊസ്‌ 2:12, 13) ഈ വാക്യം അനുസ​രിച്ച്‌, പുരു​ഷ​നെ​യാണ്‌ ദൈവം ആദ്യം സൃഷ്ടി​ച്ചത്‌. അതു​കൊ​ണ്ടു​തന്നെ പുരുഷൻ പഠിപ്പി​ക്കാ​നും മേൽവി​ചാ​രണ നടത്താ​നു​മാണ്‌ ദൈവം ആഗ്രഹി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാം.

യഹോവയുടെ സാക്ഷികൾ അവരുടെ നായക​നായ യേശു​ക്രി​സ്‌തു ചെയ്‌ത​തു​പോ​ലെ​തന്നെ ചെയ്യുന്നു. യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ശിഷ്യ​നായ ലൂക്കോസ്‌ ഇങ്ങനെ എഴുതി: “യേശു ഒരു പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ യേശു നഗരം​തോ​റും ഗ്രാമം​തോ​റും സഞ്ചരിച്ചു.” പിന്നീട്‌ തന്നെ അനുഗ​മി​ച്ചി​രു​ന്ന​വ​രെ​യും ഇതേ പ്രവർത്തനം ചെയ്യാൻ യേശു പറഞ്ഞയച്ചു. “അവർ ഗ്രാമ​ങ്ങൾതോ​റും സഞ്ചരിച്ച്‌ സന്തോ​ഷ​വാർത്ത അറിയി​ച്ചു.”—ലൂക്കോസ്‌ 8:1; 9:2-6.

“ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും” എന്ന്‌ യേശു മൂൻകൂ​ട്ടി പറഞ്ഞു. (മത്തായി 24:14) ഇന്ന്‌ യഹോ​വ​യു​ടെ എല്ലാ ശുശ്രൂ​ഷ​ക​രും, സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഒരു​പോ​ലെ, യേശു പറഞ്ഞ ഈ പ്രവർത്ത​ന​ത്തിൽ തീക്ഷ്‌ണ​ത​യോ​ടെ പങ്കെടു​ക്കു​ന്നു.