അവരുടെ വിശ്വാസം അനുകരിക്കുക | യോനാഥാൻ
യോനാഥാൻ—“യഹോവയെ തടയാൻ ഒന്നിനുമാകില്ല”
തരിശായ, പാറക്കെട്ടുകൾ നിറഞ്ഞ, ഒരു ഭൂപ്രദേശത്തിന് അഭിമുഖമായി നിൽക്കുന്ന ഒരു ഒറ്റപ്പെട്ട കാവൽസേനാതാവളം. അവിടെ തമ്പടിച്ചിരിക്കുന്ന ഫെലിസ്ത്യസൈന്യം പതിവു കാഴ്ചയിൽനിന്ന് വ്യത്യസ്തമായി ഒരു കൗതുകകാഴ്ച കാണുന്നു. മലയിടുക്കിന് അപ്പുറമുള്ള സമതലത്തിൽ രണ്ട് ഇസ്രായേല്യപുരുഷന്മാർ നിൽക്കുന്നു. പടയാളികൾക്ക് അവരെ കണ്ടപ്പോൾ ഭീഷണിയായല്ല തമാശയായിട്ടാണ് തോന്നിയത്. കാലങ്ങളായി ഫെലിസ്ത്യർ ഇസ്രായേല്യരുടെ മേൽ മേൽക്കോയ്മ സ്ഥാപിച്ചു പോരുകയാണ്. ഇസ്രായേല്യർക്ക് അവരുടെ കൃഷി ആയുധങ്ങൾ മൂർച്ച കൂട്ടുന്നതിനുപോലും ശത്രുക്കളായ ഫെലിസ്ത്യരുടെ അടുത്ത് പോകാതെ പറ്റില്ലെന്നായി. ഇസ്രായേല്യപടയാളികൾക്ക് ആയുധങ്ങൾ തീരെയില്ലാത്ത അവസ്ഥയാണ്. അതുമല്ല ഇവരാകെ രണ്ടു പേരേ ഉള്ളൂ! ഇനി അവർ ആയുധങ്ങൾ ധരിച്ചാണ് വരുന്നതെങ്കിൽപ്പോലും കൂടിപ്പോയാൽ എന്തു ചെയ്യാൻ പറ്റും? കളിയാക്കിക്കൊണ്ട് ഫെലിസ്ത്യർ പറഞ്ഞു: “ഇങ്ങോട്ടു കയറിവാ. ഞങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും!”—1 ശമുവേൽ 13:19-23; 14:11, 12.
അതെ, പാഠം പഠിക്കാൻ പോകുകയായിരുന്നു. ഇസ്രായേല്യരല്ല, ഫെലിസ്ത്യരാണെന്നു മാത്രം. ആ രണ്ട് ഇസ്രായേല്യർ മലയിടുക്കിലേക്ക് ഓടിയിറങ്ങി അതും കടന്ന് മല കയറി വരാൻ തുടങ്ങി. ആ മല വളരെ ചെങ്കുത്തായിരുന്നു. എന്നിട്ടും അവർ പാറക്കെട്ടിൽ അള്ളിപ്പിടിച്ച് കാവൽസേനതാവളത്തിനു നേരേ കയറി വരുകയാണ്. (1 ശമുവേൽ 14:13) മുന്നിൽ വരുന്നയാൾ ആയുധധാരിയാണെന്നു ഫെലിസ്ത്യർക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. അയാളുടെ ആയുധവാഹകനും തൊട്ടുപിന്നാലെയുണ്ട്. കാവൽസേനാകേന്ദ്രത്തെ ഒന്നടങ്കം ആക്രമിക്കാനാണോ അയാളുടെ ഭാവം? ഇനി അയാൾ ഭ്രാന്തനാണോ?
അദ്ദേഹം ഭ്രാന്തനല്ല, വലിയ വിശ്വാസത്തിന്റെ ഉടമയാണ്. യോനാഥാൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ കഥയിൽനിന്ന് സത്യക്രിസ്ത്യാനികൾക്ക് ഇന്നും ഒരുപാട് പഠിക്കാനുണ്ട്. നമ്മൾ ഇന്ന് യുദ്ധത്തിനു പോകില്ലെങ്കിലും കലർപ്പില്ലാത്ത വിശ്വാസം നേടിയെടുക്കുന്നതിനു വേണ്ട ധൈര്യത്തെയും വിശ്വസ്തതയെയും നിസ്വാർഥതയെയും കുറിച്ച് യോനാഥാനിൽനിന്ന് നമുക്ക് ഒരുപാടു പഠിക്കാൻ കഴിയും.—യശയ്യ 2:4; മത്തായി 26:51, 52.
വിശ്വസ്തമകൻ, ധീരയോദ്ധാവ്
യോനാഥാന്റെ ഈ പുറപ്പാട് എന്തിനാണെന്ന് അറിയാൻ നമുക്ക് കുറച്ചു പിന്നിലേക്കു സഞ്ചരിക്കേണ്ടിവരും. ഇസ്രായേലിലെ ആദ്യരാജാവായ ശൗലിന്റെ മൂത്ത മകനായിരുന്നു യോനാഥാൻ. ശൗലിനെ ഒരു രാജാവായി അഭിഷേകം ചെയ്യുന്ന സമയത്ത് യോനാഥാൻ അത്ര കുട്ടിയൊന്നും ആയിരുന്നില്ല. അപ്പോൾ യോനാഥാന് ഇരുപതു വയസ്സോ അതിനു മുകളിലോ പ്രായം ഉണ്ടായിരുന്നിരിക്കും. മകനോട് ഒട്ടുമിക്ക കാര്യങ്ങളും തുറന്നുപറഞ്ഞിരുന്ന തന്റെ അപ്പനുമായി യോനാഥാന് ഒരു ഉറ്റബന്ധമുണ്ടായിരുന്നതായി തോന്നുന്നു. നല്ല ഉയരവും സൗന്ദര്യവും ഉള്ള ഒരു ധീരയോദ്ധാവ് മാത്രമല്ല തന്റെ അപ്പൻ, അതിനെക്കാളൊക്കെ പ്രാധാന്യമേറിയ വിശ്വാസം, താഴ്മ എന്നീ ഗുണങ്ങളുടെ ഉടമയുമാണെന്ന് യോനാഥാന് അറിയാമായിരുന്നു. യഹോവ ശൗലിനെ രാജാവായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ യോനാഥാനു ബുദ്ധിമുട്ടുണ്ടായില്ല. ആ നാട്ടിൽ ശൗലിനെപ്പോലെ വേറാരും ഇല്ലെന്നാണ് ശമുവേൽ പ്രവാചകൻപോലും പറഞ്ഞത്.—1 ശമുവേൽ 9:1, 2, 21; 10:20-24; 20:2.
തന്റെ അപ്പന്റെ ഉത്തരവനുസരിച്ച് യഹോവയുടെ ജനത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്നതിൽ യോനാഥാനു തീർച്ചയായും അഭിമാനം തോന്നിയിട്ടുണ്ടാകണം. രാജ്യങ്ങൾ തമ്മിൽ ഇന്നുള്ള യുദ്ധങ്ങൾപോലെയായിരുന്നില്ല ആ യുദ്ധങ്ങൾ. യഹോവ തന്റെ പ്രതിനിധിയായി ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്ത കാലംമുതൽ വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ദേശക്കാർ അവരെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു വ്യാജദൈവമായ ദാഗോനെ ആരാധിച്ചിരുന്ന ഫെലിസ്ത്യർ പലപ്പോഴും ദൈവജനത്തെ അടിച്ചമർത്താനും, എന്തിന് നശിപ്പിക്കാൻപോലും ശ്രമിച്ചു.
യോനാഥാനെപ്പോലുള്ളവർക്ക്, പോരാട്ടം യഹോവയോടുള്ള വിശ്വസ്തസേവനത്തിന്റെ ഭാഗമായിരുന്നു. യഹോവ യോനാഥാന്റെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. ശൗൽ, രാജാവായ ഉടനെ യോനാഥാനെ 1,000 പടയാളികളുടെ അധിപനായി നിയമിച്ചു. യോനാഥാന്റെ നേതൃത്വത്തിൽ അവർ ഗേബയിലെ ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രം ആക്രമിച്ചു. ആയുധങ്ങൾ അധികമില്ലായിരുന്നെങ്കിലും യഹോവ അവർക്കു വിജയം നൽകി. എങ്കിലും ഫെലിസ്ത്യർ വിട്ടുകൊടുത്തില്ല. അവർ വൻസൈന്യവുമായി ഇസ്രായേലിനു നേരെ വന്നു. ശൗലിന്റെ പടയാളികളിൽ പലരും ഭയന്ന് വിറച്ചു. ചിലർ ഓടിയൊളിച്ചു, മറ്റു ചിലർ എതിർപക്ഷം പിടിച്ചു. അപ്പോഴും യോനാഥാന്റെ ധൈര്യത്തിന് മങ്ങലേറ്റില്ല.—1 ശമുവേൽ 13:2-7; 14:21.
തുടക്കത്തിൽ പറഞ്ഞ ആ ദിവസം, യോനാഥാൻ തന്റെ ആയുധവാഹകനെ മാത്രം കൂട്ടിക്കൊണ്ട് ഫെലിസ്ത്യരുടെ താവളത്തിലേക്കു പോകാൻ തീരുമാനിച്ചു. മിക്മാശിലെ ഫെലിസ്ത്യരുടെ കാവൽസേനാതാവളത്തിനോട് അടുത്തുകൊണ്ടിരിക്കുമ്പോൾ യോനാഥാൻ തന്റെ പദ്ധതി ആയുധവാഹകനോടു പറയുന്നു. അവർ ഫെലിസ്ത്യ പടയാളികളുടെ മുമ്പിൽ ചെന്നു നിൽക്കും. ഫെലിസ്ത്യർ ഏറ്റുമുട്ടാൻ വെല്ലുവിളിച്ചാൽ യഹോവ തങ്ങളെ സഹായിക്കും എന്നതിന്റെ സൂചനയായിരിക്കും അത്. ആയുധവാഹകൻ താമസംവിനാ അതു സമ്മതിച്ചു. ഒരുപക്ഷേ യോനാഥാന്റെ ശക്തമായ ഈ വാക്കുകളായിരിക്കാം അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്: “ആൾബലം കൂടുതലോ കുറവോ ആകട്ടെ, രക്ഷിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ഒന്നിനുമാകില്ല.” (1 ശമുവേൽ 14:6-10) യോനാഥാൻ എന്തായിരിക്കും ഉദ്ദേശിച്ചത്?
ദൈവത്തെ നന്നായി അറിയാമായിരുന്ന ഒരു വ്യക്തിയായിരുന്നു യോനാഥാൻ എന്നതിൽ സംശയമില്ല. ദൈവജനത്തെ തോൽപ്പിക്കാൻ വന്ന അസംഖ്യം ആളുകളെ കഴിഞ്ഞ കാലത്ത് യഹോവ പരാജയപ്പെടുത്തിയ കാര്യം തീർച്ചയായും യോനാഥാന് അറിയാമായിരുന്നിരിക്കണം. ചിലപ്പോഴൊക്കെ യഹോവ ഒരു ഒറ്റയാളെ ഉപയോഗിച്ചുപോലും വിജയം നേടിക്കൊടുത്തിട്ടുണ്ട്. (ന്യായാധിപന്മാർ 3:31; 4:1-23; 16:23-30) അതുകൊണ്ട് യോനാഥാനു ഒരു കാര്യം നന്നായി അറിയാമായിരുന്നു: ദൈവദാസരുടെ എണ്ണത്തിലോ ശക്തിയിലോ ആയുധങ്ങളിലോ അല്ല കാര്യം, അവരുടെ വിശ്വാസത്തിലാണ്. കാവൽസേനാതാവളം ആക്രമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ യോനാഥാൻ വിശ്വാസത്തോടെ യഹോവയെ അനുവദിച്ചു. യഹോവയുടെ അനുമതി ലഭിച്ചെന്ന് ഉറപ്പായപ്പോൾ യോനാഥാൻ ധൈര്യത്തോടെ മുന്നോട്ടു നീങ്ങി.
യോനാഥാന്റെ വിശ്വാസത്തിന്റെ രണ്ടു വശങ്ങൾ ശ്രദ്ധിച്ചോ? ഒന്ന്, അദ്ദേഹത്തിന് തന്റെ ദൈവമായ യഹോവയോട് ആഴമായ ഭക്ത്യാദരവുണ്ടായിരുന്നു. സർവശക്തനായ ദൈവം ഉദ്ദേശ്യങ്ങൾ നടപ്പാക്കാൻ മനുഷ്യശക്തിയിൽ ആശ്രയിക്കുന്നില്ലെങ്കിലും തന്നെ സേവിക്കുന്നവരെ അനുഗ്രഹിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. (2 ദിനവൃത്താന്തം 16:9) രണ്ടാമതായി, ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് ആ കാര്യത്തിന് യഹോവയുടെ അംഗീകാരമുണ്ടോ എന്നതിന് യോനാഥാൻ തെളിവു തേടി. ഇന്നു നമ്മുടെ പ്രവർത്തനങ്ങളെ ദൈവം അംഗീരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു ദൈവത്തിൽനിന്നുള്ള അത്ഭുതകരമായ അടയാളങ്ങൾ നമ്മൾ അന്വേഷിക്കുന്നില്ല. ദൈവത്തിന്റെ വചനങ്ങൾ നമുക്ക് ഇന്നു മുഴുവനായി ഉള്ളതുകൊണ്ട് ദൈവത്തിന്റെ ചിന്തകൾ എന്താണെന്നു വിവേചിച്ച് അറിയാൻ നമുക്ക് കഴിയും. (2 തിമൊഥെയൊസ് 3:16, 17) പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ബൈബിളിനു പറയാനുള്ളത് എന്താണെന്നു ശ്രദ്ധാപൂർവം നമ്മൾ പരിശോധിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മളും യോനാഥാനെപ്പോലെ നമ്മുടെ ഇഷ്ടത്തെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിനു മുൻതൂക്കം കൊടുക്കുകയാണ്.
അങ്ങനെ ആ യോദ്ധാവും ആയുധവാഹകനും ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ കാവൽസേനാതാവളത്തിലേക്കു അതിവേഗം നീങ്ങി. തങ്ങൾ ആക്രമണത്തിന് ഇരയാകാൻ പോകുകയാണെന്ന കാര്യം ഫെലിസ്ത്യർ ഒടുവിലാണ് തിരിച്ചറിഞ്ഞത്. അതിക്രമിച്ച് കയറിവരുന്ന ആ രണ്ടു പേരെ തുരത്താൻ ഫെലിസ്ത്യർ താവളത്തിൽനിന്ന് പടയാളികളെ അയച്ചു. ആൾബലത്തിന്റെയും ഉയർന്ന നിരപ്പിന്റെയും ആനുകൂല്യം ഫെലിസ്ത്യർക്കായിരുന്നു. അതുകൊണ്ട് അധികം പണിപ്പെടാതെ അവരെ ആക്രമിക്കാൻ വരുന്ന രണ്ടു പേരെ അനായാസം വകവരുത്താൻ അവർക്കാകുമായിരുന്നു. പക്ഷേ സംഭവിച്ചതോ? യോനാഥാൻ ഓരോ പടയാളികളെയും വെട്ടി വീഴ്ത്തുമ്പോൾ ആയുധവാഹകൻ പിന്നാലെ ചെന്ന് അവരെ കൊല്ലും. കുറച്ച് ദൂരം പിന്നിട്ടപ്പോൾത്തന്നെ ആ രണ്ടു പേർ സായുധരായ 20 പടായാളികളെ സംഹരിച്ചു. യഹോവ അതിലും വലിയ ഒരു കാര്യം ചെയ്തു. അതെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: “അപ്പോൾ, പാളയത്തിലും കാവൽസേനാതാവളത്തിലുള്ളവരുടെ ഇടയിലും പരിഭ്രാന്തി പരന്നു. കവർച്ചപ്പടയാളികൾപോലും ഭയന്നുവിറച്ചു. ഭൂമി കുലുങ്ങാൻതുടങ്ങി. ദൈവത്തിൽനിന്നുള്ള ഉഗ്രഭയം അവരെ ബാധിച്ചു.”—1 ശമുവേൽ 14:15.
കാവൽസേനാതാവളത്തിലെ ആയുധധാരികളായ ശത്രുക്കൾക്കെതിരെ യോനാഥാനും ആയുധവാഹകനും പോരാടി
ഫെലിസ്ത്യർക്ക് ഉണ്ടായ അങ്കലാപ്പും ഭീതിയും അവർ തമ്മിലടിക്കാൻ തുടങ്ങിയതും അങ്ങ് ദൂരെ നിന്ന് ശൗലും കൂട്ടരും കണ്ടു. (1 ശമുവേൽ 14:16, 20) ഇതു കണ്ട ഇസ്രായേല്യർ ധൈര്യം സംഭരിച്ച് ഫെലിസ്ത്യരെ ആക്രമിച്ചു; ഒരുപക്ഷേ വീണുകിടന്ന ഫെലിസ്ത്യപടയാളികളുടെ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ. അന്ന് യഹോവ തന്റെ ജനത്തിനു വലിയ വിജയം നൽകി. യഹോവയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. യോനാഥാനെയും പേരു പറഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ ആയുധവാഹകനെയും പോലെ ഇന്നു നമ്മളും യഹോവയിൽ വിശ്വാസമർപ്പിക്കുന്നെങ്കിൽ നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പിന്നീട് ദുഃഖിക്കേണ്ടിവരില്ല.—മലാഖി 3:6; റോമർ 10:11.
‘ദൈവത്തിന്റെകൂടെയാണ് യോനാഥാൻ പ്രവർത്തിച്ചത്’
യോനാഥാന് അത് ഒരു വിജയമായിരുന്നു. എന്നാൽ ശൗലിന് അത് അങ്ങനെയായിരുന്നില്ല. ശൗൽ ഗുരുതരമായ ചില പിഴവുകൾ വരുത്തിയിരുന്നു. അദ്ദേഹം യഹോവ നിയമിച്ച ശമുവേൽ പ്രവാചകനോട് അനുസരണക്കേടു കാണിച്ചു. പ്രവാചകനും ലേവ്യനും ആയിരുന്ന ശമുവേൽ അർപ്പിക്കേണ്ടിയിരുന്ന യാഗം ശൗൽ അർപ്പിച്ചു. ഉടനെ ശമുവേൽ എത്തി. ശൗൽ ഇങ്ങനെ അനുസരണക്കേടു കാണിച്ചതുകൊണ്ട് ശൗലിന്റെ രാജ്യാധികാരം നിലനിൽക്കില്ലെന്നു പ്രവാചകൻ പറഞ്ഞു. പിന്നീട് ശൗൽ തന്റെ ആളുകളെ യുദ്ധത്തിനു വിട്ടപ്പോൾ ബുദ്ധിശൂന്യമായ ഒരു ശപഥമെടുത്തു: “വൈകുന്നേരത്തിനു മുമ്പ്, ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം നടത്തിത്തീരാതെ ആരെങ്കിലും വല്ലതും കഴിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ!”—1 ശമുവേൽ 13:10-14; 14:24.
ശൗലിന്റെ പതനത്തിന്റെ ആരംഭമല്ലേ ആ വാക്കുകളിൽ നിഴലിക്കുന്നത്? താഴ്മയും ആത്മീയതയും ഉള്ള ഈ മനുഷ്യൻ ഇപ്പോൾ അതിമോഹിയും അഹങ്കാരിയും ആയിത്തീരുകയാണോ? പോരാത്തതിന്, ധീരരും കഠിനാധ്വാനികളും ആയ പടയാളികൾക്ക് ന്യായബോധമില്ലാത്ത വിലക്ക് ഏർപ്പെടുത്താൻ യഹോവ പറഞ്ഞിട്ടില്ലായിരുന്നു.“ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം നടത്തിത്തീരാതെ” എന്നാണ് ശൗൽ പറഞ്ഞത്. ആ വാക്കുകളിൽ ഈ യുദ്ധം നടത്തുന്നത് താനാണെന്ന ഒരു ഭാവം നിഴലിക്കുന്നില്ലേ? തന്റെ പ്രതികാരദാഹത്തെക്കാളും യുദ്ധവിജയത്തിന്റെ മഹിമയെക്കാളും ഒക്കെ പ്രധാനം യഹോവയുടെ നീതിയാണ് എന്ന കാര്യം ശൗൽ മറക്കുകയായിരുന്നോ?
തന്റെ അപ്പന്റെ ബുദ്ധിശൂന്യമായ ശപഥത്തെക്കുറിച്ച് യോനാഥാൻ ഒന്നും അറിഞ്ഞിരുന്നില്ല. കടുത്ത പോരാട്ടം കഴിഞ്ഞ് ക്ഷീണിച്ച് വന്ന യോനാഥാൻ, തേൻ ഇറ്റിറ്റു വീഴുന്ന ഒരു തേനീച്ചക്കൂട് കാണുന്നു. കൈയിലുണ്ടായിരുന്ന വടി നീട്ടി അതിന്റെ അറ്റം തേനടയിൽ കുത്തി അദ്ദേഹം തേൻ രുചിച്ചുനോക്കി. ചോർന്നുപോയ ഊർജമൊക്കെ ഉടനെ തിരിച്ചുകിട്ടിയതുപോലെ യോനാഥാനു തോന്നി. അപ്പോഴാണ് യാതൊരു ഭക്ഷണവും കഴിക്കരുതെന്ന തന്റെ അപ്പന്റെ ശപഥത്തെക്കുറിച്ച് ഒരാൾ യോനാഥാനോടു പറയുന്നത്. അതു കേട്ട യോനാഥാൻ ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ ദേശത്തെ വലിയ കഷ്ടത്തിലാക്കി. ഞാൻ കുറച്ച് തേൻ രുചിച്ചപ്പോൾത്തന്നെ എന്റെ കണ്ണു തെളിഞ്ഞതു കണ്ടോ. ശത്രുക്കളുടെ പക്കൽനിന്ന് കിട്ടിയതിൽനിന്ന് ജനം യഥേഷ്ടം കഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അങ്ങനെയെങ്കിൽ, കൂടുതൽ ഫെലിസ്ത്യരെ സംഹരിക്കാമായിരുന്നു.” (1 ശമുവേൽ 14:25-30) ആ പറഞ്ഞതു ശരിയായിരുന്നു. വിശ്വസ്തനായ മകനായിരുന്നു യോനാഥാൻ, പക്ഷേ ആ വിശ്വസ്തത അന്ധമായിരുന്നില്ല. അപ്പൻ എന്തു പറഞ്ഞാലും ചെയ്താലും യാതൊരു ചിന്തയും കൂടാതെ അതിനോടു യോജിക്കുന്ന പ്രകൃതമായിരുന്നില്ല യോനാഥാന്റേത്. ഈ പക്വതയുള്ള വീക്ഷണം അദ്ദേഹത്തിനു മറ്റുള്ളവരുടെ ആദരവ് നേടിക്കൊടുത്തു.
യോനാഥാൻ തന്റെ ശപഥം തെറ്റിച്ചെന്നു മനസ്സിലാക്കിയിട്ടുപോലും ശൗൽ ആ ശപഥത്തിന്റെ മടയത്തരം അംഗീകരിച്ചില്ല. പകരം തന്റെ മകൻ മരിക്കണമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ യോനാഥാൻ തർക്കിക്കാനോ കരുണയ്ക്കുവേണ്ടി യാചിക്കാനോ പോയില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറുപടി നോക്കൂ. ജീവൻ പോകുമെന്ന ഭയമൊന്നും കൂടാതെ യോനാഥാൻ ഇങ്ങനെ പറഞ്ഞു: “ഇതാ ഞാൻ! മരിക്കാൻ ഞാൻ തയ്യാറാണ്!” എന്നാൽ ഇസ്രായേല്യർ മുന്നോട്ടു വന്നു, അവർ പറഞ്ഞു: “ഇസ്രായേലിന് ഈ മഹാവിജയം സമ്മാനിച്ച യോനാഥാൻ മരിക്കണമെന്നോ? അക്കാര്യം ചിന്തിക്കാനേ വയ്യാ! യഹോവയാണെ, യോനാഥാന്റെ ഒറ്റ മുടിപോലും നിലത്ത് വീഴരുത്. കാരണം, ദൈവത്തിന്റെകൂടെയായിരുന്നല്ലോ യോനാഥാൻ ഇന്നു പ്രവർത്തിച്ചത്.” പിന്നീട് എന്തുണ്ടായി? ശൗലിന്റെ ശൗര്യം ശമിച്ചു. വിവരണം പറയുന്നു: “അങ്ങനെ, ജനം യോനാഥാനെ രക്ഷിച്ചു; യോനാഥാനു മരിക്കേണ്ടിവന്നില്ല.”—1 ശമുവേൽ 14:43-45.
“ഇതാ ഞാൻ! മരിക്കാൻ ഞാൻ തയ്യാറാണ്!”
ധൈര്യം, കഠിനാധ്വാനം, നിസ്വാർഥമനോഭാവം ഇതിലൂടെയെല്ലാം യോനാഥാൻ നല്ലൊരു ഖ്യാതി നേടിയെടുത്തു. ഒരു അപകടം നേരിട്ടപ്പോൾ അദ്ദേഹത്തെ രക്ഷിച്ചത് അദ്ദേഹത്തിന്റെ സത്പേരായിരുന്നു. ദിവസവും നമ്മൾ എങ്ങനെയുള്ള പേരാണ് സമ്പാദിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കണം. സത്പേര് വളരെ അമൂല്യമാണെന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 7:1) നമ്മളും യോനാഥാനെപ്പോലെ യഹോവയുടെ മുമ്പാകെ നല്ലൊരു പേരു സമ്പാദിച്ചാൽ അതു വലിയൊരു നിധിതന്നെയായിരിക്കും.
ഇരുളടയുന്ന ജീവിതം
ശൗൽ പിഴവുകൾ വരുത്തിയെങ്കിലും യോനാഥാൻ വർഷങ്ങളോളം പിതാവിന്റെ പക്ഷത്തുനിന്ന് വിശ്വസ്തമായി പോരാടി. അപ്പൻ അനുസരണംകെട്ടവനും അഹങ്കാരിയും ആയിത്തീരുന്നതു കണ്ടപ്പോൾ യോനാഥാനുണ്ടായ ഹൃദയവേദന നമുക്ക് സങ്കല്പിക്കാനേ കഴിയൂ. ശൗലിന്റെ ജീവിതം ഇരുളടയുകയായിരുന്നു, അതു തടയാൻ യോനാഥാൻ അശക്തനുമായിരുന്നു.
ശൗലിന്റെ ധാർഷ്ട്യം അതിന്റെ പരകോടിയിലെത്തിയത് അമാലേക്യരോടു യുദ്ധം ചെയ്യാൻ യഹോവ ശൗലിനെ നിയോഗിച്ചപ്പോഴാണ്. അമാലേക്യർ മോശയുടെ കാലംമുതലേ ദുഷ്ടതയിൽ മുങ്ങിത്താണ ജനമായിരുന്നു, മുഴുജനതയുടെയും നാശം യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നതുമാണ്. (പുറപ്പാട് 17:14) ആ ജനതയുടെ മൃഗസമ്പത്ത് മുഴുവനായി നശിപ്പിക്കാനും അവരുടെ രാജാവായ ആഗാഗിനെ വധിക്കാനും യഹോവ ശൗലിനോടു പറഞ്ഞു. ആ പോരാട്ടത്തിൽ ശൗൽ വിജയിച്ചു. പതിവുപോലെ യോനാഥാൻ തന്റെ അപ്പന്റെ ആജ്ഞയനുസരിച്ച് ധീരതയോടെ നല്ലൊരു പോരാട്ടം നടത്തിയെന്നതിൽ സംശയമില്ല. എന്നാൽ ശൗൽ ധിക്കാരത്തോടെ യഹോവയോട് അനുസരണക്കേടു കാണിച്ചു. ആഗാഗിനെ കൊന്നുമില്ല, അവരുടെ മൃഗസമ്പത്ത് നശിപ്പിച്ചുമില്ല. ശമുവേൽ പ്രവാചകൻ ശൗലിന് എതിരെയുള്ള യഹോവയുടെ അന്തിമവിധി ഉച്ചരിച്ചു: “താങ്കൾ യഹോവയുടെ വാക്കു തള്ളിക്കളഞ്ഞതുകൊണ്ട് രാജസ്ഥാനത്തുനിന്ന് ദൈവം താങ്കളെയും തള്ളിക്കളഞ്ഞിരിക്കുന്നു.”—1 ശമുവേൽ 15:2, 3, 9, 10, 23.
അധികം വൈകാതെതന്നെ യഹോവ ശൗലിൽനിന്ന് പരിശുദ്ധാത്മാവിനെ പിൻവലിച്ചു. യഹോവയുടെ സ്നേഹത്തിൽനിന്ന് അകന്നുപോയ ശൗലിന്റെ മാനസികാവസ്ഥ വല്ലാതെ താളംതെറ്റി. ശൗൽ ദേഷ്യക്കാരനായി മാറി, ആകെപ്പാടെ ഒരു പേടിയും തോന്നാൻ തുടങ്ങി. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്ഥാനത്ത് ദൈവത്തിൽനിന്നുള്ള ദുരാത്മാവ് വന്നതുപോലെ തോന്നിച്ചു. (1 ശമുവേൽ 16:14; 18:10-12) ഒരിക്കൽ നല്ല ഗുണങ്ങളുണ്ടായിരുന്ന അപ്പനിൽ വന്ന ഈ മാറ്റം യോനാഥാനെ എന്തുമാത്രം വിഷമിപ്പിച്ചിട്ടുണ്ടാകണം! പക്ഷേ ഇതൊന്നും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽനിന്ന് യോനാഥാനെ വ്യതിചലിപ്പിച്ചില്ല. തന്നെക്കൊണ്ട് കഴിയാവുന്നിടത്തോളം യോനാഥാൻ തന്റെ അപ്പനെ പിന്തുണച്ചു. ചില സമയങ്ങളിൽ പല കാര്യങ്ങളും യോനാഥാൻ ശൗലിനോടു തുറന്ന് സംസാരിച്ചിട്ടുപോലുമുണ്ട്. എന്നാൽ, ഒരുകാലത്തും മാറാത്ത തന്റെ പിതാവും ദൈവവുമായ യഹോവയിൽനിന്ന് യോനാഥാന്റെ ശ്രദ്ധ വ്യതിചലിച്ചില്ല.—1 ശമുവേൽ 19:4, 5.
നിങ്ങൾ അതിയായി സ്നേഹിക്കുന്ന ഒരാൾ, ഒരുപക്ഷേ നിങ്ങളുടെ ഒരു അടുത്ത കുടുംബാംഗം, മോശമായ സ്വഭാവത്തിലേക്കു കൂപ്പുകുത്തുന്നതു നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വേദനാകരമായ അനുഭവമായിരിക്കാം അത്. യോനാഥാന്റെ അനുഭവം സങ്കീർത്തനക്കാരൻ പിൽക്കാലത്ത് എഴുതിയ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ സ്വീകരിക്കും.” (സങ്കീർത്തനം 27:10) യഹോവ വിശ്വസ്തനാണ്, നമ്മളെയും യഹോവ അതുപോലെതന്നെ സ്വീകരിക്കും. അപൂർണരായ മനുഷ്യർ നമ്മളെ നിരാശപ്പെടുത്തുകയോ നമ്മുടെ മനസ്സു മടുപ്പിക്കുകയോ ചെയ്താലും, നമുക്ക് സങ്കല്പിക്കാൻ കഴിയുന്നതിൽവെച്ച് ഏറ്റവും മികച്ച പിതാവായി യഹോവ നമ്മളോടൊപ്പമുണ്ട്.
ശൗലിനെ രാജ്യാധികാരത്തിൽനിന്ന് നീക്കാൻ യഹോവ ഉദ്ദേശിച്ചിട്ടുണ്ടെന്ന് യോനാഥാനു മനസ്സിലായിട്ടുണ്ടാകണം. അപ്പോൾ യോനാഥാന്റെ മനസ്സിലൂടെ എന്തൊക്കെ ചിന്തകൾ കടന്നുപോയിക്കാണും? താൻ ഭാവിയിൽ എങ്ങനെയുള്ള ഒരു ഭരണാധികാരിയായിരിക്കുമെന്ന് യോനാഥാൻ ചിന്തിച്ചുകാണുമോ? അപ്പനു പറ്റിയ തെറ്റുകൾ തിരുത്തിക്കൊണ്ട് വിശ്വസ്തനും അനുസരണമുള്ളവനും ആയ രാജാവാകുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുകാണുമോ? യോനാഥാന്റെ ഉള്ളിലെ ചിന്തകൾ എന്തായിരുന്നെന്നു നമുക്ക് അറിയില്ല. എങ്കിലും ഒന്ന് അറിയാം, അത്തരം ചിന്തകൾ ഒരിക്കലും യാഥാർഥ്യമാകില്ലെന്ന്. അതിന് അർഥം യഹോവ ഈ വിശ്വസ്തദാസനെ ഉപേക്ഷിച്ചെന്നാണോ? അല്ല. പകരം യഹോവ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വസ്തസൗഹൃദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്ന് യോനാഥാന്റേതാണ്. യോനാഥാനെക്കുറിച്ചുള്ള മറ്റൊരു ലേഖനത്തിൽ ആ സൗഹൃദത്തെക്കുറിച്ചു കാണാം.