വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മകന്റെ മനസ്സറിയുന്ന നല്ല അച്ഛനാകാൻ. . .

മകന്റെ മനസ്സറിയുന്ന നല്ല അച്ഛനാകാൻ. . .

മകന്റെ മനസ്സറിയുന്ന നല്ല അച്ഛനാകാൻ. . .

“ഡാഡിക്ക്‌ എല്ലാം അറിയാമല്ലോ!” നിങ്ങളുടെ മകൻ വിസ്‌മയത്തോടെ എന്നെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഒരു അച്ഛനായതിൽ നിങ്ങൾക്ക്‌ അഭിമാനം തോന്നിയ സന്ദർഭമായിരിക്കാം അത്‌. എന്നാൽ നിങ്ങളുടെ അറിവിൽ അത്ഭുതംകൂറുന്നതിനുപുറമേ, നിങ്ങൾ നൽകിയ ഒരു ഉപദേശം അവൻ അനുസരിക്കുകയും അത്‌ അവന്റെ നന്മയിൽ കലാശിക്കുകയും ചെയ്യുന്നെങ്കിലോ? നിങ്ങൾക്ക്‌ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നും, അല്ലേ? *സദൃശവാക്യങ്ങൾ 23:15, 24.

എന്നാൽ, വർഷങ്ങൾക്കുശേഷവും നിങ്ങളുടെ മകന്‌ നിങ്ങളോട്‌ അതേ ആദരവുണ്ടോ? അതോ അവൻ വളർന്നതോടെ ആ മതിപ്പിന്‌ മങ്ങലേറ്റോ? പുരുഷത്വത്തിലേക്കുള്ള വളർച്ചയിൽ അവന്റെ കൈപിടിച്ച്‌ കൂടെ നിൽക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? അതിനെക്കുറിച്ച്‌ ചർച്ചചെയ്യുന്നതിനുമുമ്പ്‌, അച്ഛന്മാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ചിലത്‌ നമുക്കു നോക്കാം.

പൊതുവായ മൂന്നുപ്രശ്‌നങ്ങൾ

1. സമയക്കുറവ്‌: പല രാജ്യങ്ങളിലും അച്ഛന്റെ ജോലിയാണ്‌ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. ജോലിയുടെ സ്വഭാവംനിമിത്തം ദിവസത്തിന്റെ ഏറിയപങ്കും അവർ വീടിനു വെളിയിലായിരിക്കും. അതുകൊണ്ടുതന്നെ, പല അച്ഛന്മാർക്കും കുട്ടികളോടൊത്ത്‌ സമയം ചെലവഴിക്കാൻ പറ്റാറില്ലെന്നുതന്നെ പറയാം. ഉദാഹരണത്തിന്‌, ഫ്രാൻസിലെ അച്ഛന്മാർ കുട്ടികളോടൊപ്പം ദിവസം 12 മിനിട്ടിൽ താഴെ മാത്രമേ ചെലവഴിക്കുന്നുള്ളുവെന്ന്‌ ഈയിടെ നടത്തിയ ഒരു സർവേ കാണിക്കുന്നു.

ചിന്തിക്കാൻ: നിങ്ങൾ മകനോടൊപ്പം എത്ര സമയം ചെലവഴിക്കാറുണ്ട്‌? അടുത്ത ഒന്നോ രണ്ടോ ആഴ്‌ച, ദിവസവും നിങ്ങൾ അവനോടൊപ്പം എത്ര സമയം ചെലവഴിക്കുന്നുണ്ടെന്ന്‌ എഴുതിവെക്കുക. ആ കണക്ക്‌ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

2. നല്ല മാതൃകയുടെ അഭാവം: ചില പുരുഷന്മാർക്ക്‌ സ്വന്തം അച്ഛനെ അടുത്തറിയാൻ അവസരം ലഭിച്ചിട്ടില്ലായിരിക്കാം. “ഞാൻ എന്റെ അച്ഛനോട്‌ വളരെക്കുറച്ച്‌ മാത്രമേ സംസാരിച്ചിട്ടുള്ളൂ,” പറയുന്നത്‌ ഫ്രാൻസിലുള്ള ഷാൻ-മാർ. ഫലമോ? അദ്ദേഹം പറയുന്നു: “ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലാണ്‌ അത്‌ എന്നെ ബാധിച്ചത്‌. എന്റെ ആൺമക്കളോട്‌ അർഥവത്തായി എന്തെങ്കിലും സംസാരിക്കാൻ എനിക്ക്‌ എത്ര ബുദ്ധിമുട്ടാണെന്നോ!” മറ്റുചിലർക്കാണെങ്കിൽ, അച്ഛനെ അടുത്തറിയാമെങ്കിലും അച്ഛനുമായി ഒരു ആത്മബന്ധമില്ല. ഫിലിപ്പ്‌ (43) പറയുന്നു: “സ്‌നേഹം പുറത്തുകാണിക്കുന്ന കൂട്ടത്തിലല്ലായിരുന്നു അച്ഛൻ. അതുകൊണ്ട്‌, എന്റെ മകനോട്‌ സ്‌നേഹവും വാത്സല്യവും കാണിക്കാൻ എനിക്ക്‌ മനഃപൂർവം ശ്രമിക്കേണ്ടിവരുന്നു.”

ചിന്തിക്കാൻ: അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം മകനോടുള്ള നിങ്ങളുടെ ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടോ? നിങ്ങളുടെ അച്ഛന്റെ നല്ലതോ മോശമോ ആയ ശീലങ്ങൾ നിങ്ങൾ അനുകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?

3. സമൂഹത്തിന്റെ സ്വാധീനം: മക്കളെ വളർത്തുന്ന കാര്യത്തിൽ അച്ഛന്‌ വലിയ റോളൊന്നുമില്ലെന്ന്‌ കരുതുന്ന സമൂഹങ്ങളുണ്ട്‌. പശ്ചിമ യൂറോപ്പിൽ വളർന്ന ലൂക്കാ പറയുന്നത്‌ ശ്രദ്ധിക്കൂ: “കുട്ടികളെ വളർത്തുന്നത്‌ ഭാര്യയുടെമാത്രം കടമയാണെന്നാണ്‌ അവിടത്തുകാർ കരുതുന്നത്‌.” ഇനി മറ്റുചില സംസ്‌കാരങ്ങളിൽ, കർക്കശക്കാരനായ ഒരു ശിക്ഷകന്റെ റോളാണ്‌ അച്ഛന്‌. ഉദാഹരണത്തിന്‌, ഒരു ആഫ്രിക്കൻ രാജ്യത്ത്‌ വളർന്ന ഷോർഷ്‌ പറയുന്നത്‌ ഇങ്ങനെ: “അച്ഛൻ മക്കളോടൊപ്പം കളിച്ചാൽ മക്കൾ പിന്നെ അച്ഛനെ വിലവെക്കില്ല എന്നാണ്‌ എന്റെ നാട്ടുകാരുടെ ചിന്ത. അതുകൊണ്ട്‌, മോനോടൊപ്പം സമയം ചെലവഴിക്കാൻ എനിക്കെന്നും ബുദ്ധിമുട്ടായിരുന്നു.”

ചിന്തിക്കാൻ: നിങ്ങളുടെ സംസ്‌കാരത്തിൽ, ഒരു അച്ഛന്റെ റോൾ എന്താണ്‌? കുട്ടികളെ വളർത്തുന്നത്‌ സ്‌ത്രീകളുടെ ജോലിയായിട്ടാണോ കരുതപ്പെടുന്നത്‌? അച്ഛൻ മകനോടുള്ള സ്‌നേഹവാത്സല്യങ്ങൾ തുറന്നുപ്രകടിപ്പിക്കുന്നതിനെ നിങ്ങളുടെ സമൂഹം എങ്ങനെയാണു കാണുന്നത്‌? വിചിത്രമായ ഒരു കാര്യമായിട്ടാണോ?

മേൽപ്പറഞ്ഞവ നിങ്ങളുടെയും പ്രശ്‌നങ്ങളാണോ? ആണെങ്കിൽ, അവ പരിഹരിക്കാൻ വഴിയുണ്ട്‌. ഏതാനും നിർദേശങ്ങളിതാ.

മകൻ കുഞ്ഞായിരിക്കുമ്പോഴേ തുടങ്ങുക

അച്ഛനെ അനുകരിക്കാൻ ചായ്‌വുള്ളവരാണ്‌ പൊതുവെ ആൺകുട്ടികൾ. അതുകൊണ്ട്‌ നിങ്ങളുടെ മകൻ കുഞ്ഞായിരിക്കുമ്പോൾത്തന്നെ ആ പ്രവണതയെ നന്നായി ഉപയോഗപ്പെടുത്തുക. അത്‌ എങ്ങനെ ചെയ്യാം? അവന്റെ കൂടെയായിരിക്കാൻ എങ്ങനെ സമയം കണ്ടെത്താം?

സാധിക്കുമ്പോഴെല്ലാം നിങ്ങളുടെ ദൈനംദിന ജോലികളിൽ അവനെയും കൂട്ടാം. ഉദാഹരണത്തിന്‌, വീട്ടിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോഴൊക്കെ അവനെയും സഹായത്തിനു വിളിക്കുക. അവന്റെ കൈയിലും വേണം ഒരു പണിയായുധം, ചെറിയൊരു ചൂലോ തൂമ്പയോ മറ്റോ. അവന്റെ ‘ഹീറോ’യും ‘റോൾ മോഡലു’മായ നിങ്ങളുടെകൂടെ ജോലി ചെയ്യാൻ അവന്‌ ഉത്സാഹമായിരിക്കും. പണി ചെയ്‌തുതീർക്കാൻ കുറച്ചേറെ സമയം വേണ്ടിവന്നേക്കാം എന്നതു ശരിതന്നെ. പക്ഷേ, കുട്ടിയുമായി ഒരു ആത്മബന്ധത്തിലേക്ക്‌ വരാനും അവനെ നല്ല ജോലിശീലങ്ങൾ പഠിപ്പിക്കാനുമുള്ള ഒരു അവസരമാണ്‌ അത്‌. വളരെക്കാലം മുമ്പുതന്നെ, ദൈനംദിന പ്രവർത്തനങ്ങളിൽ മക്കളെ ഉൾപ്പെടുത്താനും, മക്കളോടു സംസാരിക്കുന്നതിനും അവരെ പഠിപ്പിക്കുന്നതിനുമായി ആ അവസരങ്ങൾ ഉപയോഗിക്കാനും ബൈബിൾ പിതാക്കന്മാരോട്‌ കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്‌തകം 6:6-9) ആ ഉപദേശം ഇന്നും പ്രായോഗികമാണ്‌.

മകന്റെകൂടെ ജോലിചെയ്‌താൽ മാത്രം പോരാ, കളിക്കുകയും വേണം. ഒരുമിച്ച്‌ വിനോദിക്കുക എന്നൊരു ലക്ഷ്യം മാത്രമല്ല കളിയിലൂടെ സാധ്യമാകുന്നത്‌. അച്ഛന്മാർ മക്കളുടെകൂടെ കളിക്കുന്നത്‌, അവരെ ധൈര്യശാലികളും വെല്ലുവിളികൾ തരണംചെയ്യാൻ സജ്ജരും ആക്കുമെന്ന്‌ ഒരു പഠനം വെളിപ്പെടുത്തുന്നു.

അച്ഛനും മകനും ഒരുമിച്ചു കളിക്കുന്നതിന്‌ മറ്റുചില പ്രയോജനങ്ങളുമുണ്ട്‌. ഗവേഷകനായ മീഷെൽ ഫീസ്‌ പറയുന്നു: “മകനെ സംബന്ധിച്ചിടത്തോളം, അച്ഛനുമായി സംവദിക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമാണ്‌ കളി.” കളിക്കുന്ന സമയത്ത്‌, മകനോടുള്ള തന്റെ സ്‌നേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടിപ്പിക്കാൻ അച്ഛന്‌ കഴിയും. എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കണമെന്ന്‌ അവനെ പഠിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ്‌ അത്‌. “എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ, ഞങ്ങൾ ഒരുമിച്ച്‌ കളിക്കുമായിരുന്നു. കളിക്കിടെ ഞാൻ അവനെ കെട്ടിപ്പിടിക്കും; ആ സ്‌നേഹം തിരിച്ചുതരാൻ അവനും പഠിച്ചു,” പറയുന്നത്‌ ജർമനിയിലുള്ള ആൻഡ്രെ.

മകനുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടാൻ മറ്റൊരു മാർഗമുണ്ട്‌: എന്നും അവൻ ഉറങ്ങുന്നതിനുമുമ്പ്‌ അവന്‌ ഒരു കഥ പറഞ്ഞുകൊടുക്കുക. ആ ദിവസം അവനുണ്ടായ കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും അവൻ പങ്കുവെക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കുക. അങ്ങനെയായാൽ, മുതിർന്നുകഴിഞ്ഞും നിങ്ങളോട്‌ തുറന്നു സംസാരിക്കാൻ അവന്‌ മടി തോന്നുകയില്ല.

രണ്ടുപേർക്കും താത്‌പര്യമുള്ള കാര്യങ്ങൾ ചെയ്യുക

അച്ഛൻ എത്ര ശ്രമിച്ചാലും കൗമാരപ്രായക്കാരായ ചില ആൺകുട്ടികൾ ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ താത്‌പര്യം കാണിച്ചെന്നുവരില്ല. നിങ്ങളുടെ മകൻ നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെന്ന്‌ തോന്നിയാലും പ്രതീക്ഷ കൈവിടരുത്‌. പകരം, നിങ്ങളുടെ സമീപനത്തിൽ അൽപ്പം മാറ്റംവരുത്തിനോക്കൂ. ഒരുപക്ഷേ അവന്റെ മനസ്സറിയാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.

മകൻ ഷെറോമിനോട്‌ അർഥവത്തായ ഒരു സംഭാഷണം നടത്താൻ ചിലപ്പോൾ തനിക്കു ബുദ്ധിമുട്ടായിരുന്നെന്ന്‌ ഫ്രാൻസിലുള്ള ഷാക്ക്‌ ഓർക്കുന്നു. തന്നോടു സംസാരിക്കാൻ അവനെ നിർബന്ധിക്കുന്നതിനുപകരം അദ്ദേഹം എന്താണ്‌ ചെയ്‌തതെന്നോ? തന്റെ സമീപനത്തിനു മാറ്റംവരുത്തി—അവനോടൊപ്പം ഫുട്‌ബോൾ കളിക്കാൻ തുടങ്ങി. “കളി കഴിഞ്ഞ്‌, ഗ്രൗണ്ടിൽ ഇരുന്ന്‌ ഞങ്ങൾ അൽപ്പം വിശ്രമിക്കും. ആ സമയങ്ങളിൽ, അവൻ മനസ്സു തുറന്ന്‌ പലതും സംസാരിക്കുമായിരുന്നു. ഞങ്ങൾ മാത്രമായുള്ള ആ നിമിഷങ്ങൾ, ഞങ്ങൾക്കിടയിൽ ഒരു ആത്മബന്ധം വളർത്തി,” ഷാക്ക്‌.

എന്നാൽ, നിങ്ങളുടെ മകന്‌ സ്‌പോർട്‌സിലൊന്നും താത്‌പര്യമില്ലെങ്കിലോ? രാത്രി മകനോടൊപ്പം നക്ഷത്രങ്ങളെ നോക്കി മണിക്കൂറുകളോളം ഇരുന്നത്‌ ഇന്നും ആൻഡ്രെയുടെ മനസ്സിൽ മായാതെനിൽക്കുന്നു: “നല്ല തണുപ്പുള്ള രാത്രികളിൽ ചാരുകസേരകളിട്ട്‌ ഞങ്ങൾ വെളിയിൽ ഇരിക്കുമായിരുന്നു. കമ്പിളി പുതച്ച്‌, കൈയിലൊരു കപ്പ്‌ ചായയുമായി നക്ഷത്രങ്ങളെ നോക്കി ഞങ്ങൾ അങ്ങനെ ഇരിക്കും. നക്ഷത്രങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച്‌, വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്‌, അങ്ങനെ ഞങ്ങൾ സംസാരിക്കാത്തതായി ഒന്നുംതന്നെയില്ലായിരുന്നെന്നു പറയാം.”—യെശയ്യാവു 40:25, 26.

ഇനി, നിങ്ങളുടെയും മകന്റെയും ഇഷ്ടങ്ങൾ വിഭിന്നങ്ങളാണെങ്കിലോ? അപ്പോൾ, നിങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവെക്കേണ്ടിവരും. (ഫിലിപ്പിയർ 2:4) ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന ഇയൻ പറയുന്നു: “എനിക്ക്‌ സ്‌പോർട്‌സ്‌ വളരെ ഇഷ്ടമായിരുന്നു. എന്നാൽ മകൻ വോണിന്‌ അതിലത്ര താത്‌പര്യമില്ലായിരുന്നു. വിമാനങ്ങളും കമ്പ്യൂട്ടറും ഒക്കെയായിരുന്നു അവന്റെ ഹരം. അതുകൊണ്ട്‌ ഞാനും അവ ഇഷ്ടപ്പെട്ടുതുടങ്ങി. ഞാൻ അവനെ എയർഷോകൾക്ക്‌ കൊണ്ടുപോയി; ഞങ്ങളൊന്നിച്ച്‌ കമ്പ്യൂട്ടറിൽ ഫ്‌ളൈറ്റ്‌ സിമുലേഷൻ ചെയ്‌തു. അങ്ങനെ രസകരമായ പല കാര്യങ്ങളും ഒരുമിച്ചു ചെയ്‌തതുകൊണ്ടായിരിക്കണം, എന്നോട്‌ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തോന്നി വോണിന്‌!”

മകനിൽ ആത്മവിശ്വാസം വളർത്തുക

എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്‌തിട്ട്‌, “ഡാഡീ, ഇതു കണ്ടോ!” എന്ന്‌ ആഹ്ലാദത്തോടെ മകൻ നിങ്ങളോടു പറഞ്ഞത്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ ഇപ്പോൾ അവൻ കൗമാരത്തിലാണെങ്കിൽ, പഴയതുപോലെ എന്തിനും ഏതിനും അവൻ നിങ്ങളുടെ അംഗീകാരം തേടി വന്നെന്നിരിക്കില്ല. പക്ഷേ ഒന്നോർക്കുക: കാര്യപ്രാപ്‌തിയുള്ള ഒരു പുരുഷനായി വളർന്നുവരാൻ അവന്‌ നിങ്ങളുടെ അംഗീകാരം കൂടിയേതീരൂ.

ഇക്കാര്യത്തിൽ യഹോവയാംദൈവം ഒരു ഉത്തമ മാതൃകയാണ്‌. തന്റെ പുത്രനായ യേശുവിനോട്‌ അവൻ ഇടപെട്ട വിധത്തിൽനിന്ന്‌ അതു മനസ്സിലാക്കാം. യേശുവിന്റെ ഭൂമിയിലെ ജീവിതം സുപ്രധാനമായ ഒരു ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പ്‌, അവനോടുള്ള തന്റെ സ്‌നേഹം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട്‌ ദൈവം ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്തായി 3:17; 5:48) മകന്‌ ശിക്ഷണം നൽകാനും അവനെ പഠിപ്പിക്കാനുമുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്‌ എന്നതു ശരിതന്നെ. (എഫെസ്യർ 6:4) എന്നാൽ അതോടൊപ്പം, അവൻ പറയുന്നതും ചെയ്യുന്നതുമായ നല്ല കാര്യങ്ങളെ അംഗീകരിച്ചു സംസാരിക്കാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

അംഗീകാരവും സ്‌നേഹവും പ്രകടിപ്പിക്കാൻ ചില പുരുഷന്മാർക്ക്‌ ബുദ്ധിമുട്ടാണ്‌. അവർ വളർന്ന സാഹചര്യം ആയിരിക്കാം കാരണം. മക്കളുടെ നേട്ടങ്ങളെക്കാൾ അവരുടെ തെറ്റുകുറ്റങ്ങളെ പെരുപ്പിച്ചുകാട്ടുന്ന ഒരു കുടുംബത്തിലായിരിക്കാം അവർ വളർന്നത്‌. അങ്ങനെയൊരു പശ്ചാത്തലമാണോ നിങ്ങളുടേത്‌? എങ്കിൽ, മകനിൽ ആത്മവിശ്വാസം ഉൾനടാൻ നിങ്ങൾ ബോധപൂർവം ശ്രമിക്കേണ്ടതുണ്ട്‌. എങ്ങനെയെന്നല്ലേ? മുമ്പു പരാമർശിച്ച ലൂക്കാ, ദൈനംദിന ജോലികളിൽ 15 വയസ്സുകാരനായ മകൻ മാനുവെലിനെയും കൂട്ടുമായിരുന്നു. അദ്ദേഹം പറയുന്നു: “ചിലപ്പോൾ, ഒരു കാര്യം തനിയെ ചെയ്യാൻ ഞാൻ മാനുവെലിനോട്‌ ആവശ്യപ്പെടും; സഹായം വേണമെങ്കിൽ എന്നെ വിളിക്കാനും പറയും. പലപ്പോഴും, അത്‌ തനിയെ ചെയ്‌തുതീർക്കാൻ അവന്‌ കഴിയാറുണ്ട്‌. ഇത്‌ അവന്‌ സംതൃപ്‌തി നൽകുകയും അവന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. അവൻ കാര്യങ്ങൾ നന്നായി ചെയ്യുമ്പോൾ ഞാൻ അവനെ അഭിനന്ദിക്കും. ചിലപ്പോൾ അവൻ പ്രതീക്ഷിച്ചത്ര നന്നായി കാര്യങ്ങൾ ചെയ്യാൻ അവന്‌ സാധിച്ചെന്നുവരില്ല. പക്ഷേ അപ്പോഴും, അവന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു സംസാരിക്കാൻ ഞാൻ ശ്രദ്ധിക്കും.”

ഇനി, കുറച്ചുകൂടി വലിയ ലക്ഷ്യങ്ങൾ വെക്കാനും അത്‌ കൈവരിക്കാനും മകനെ സഹായിക്കുക. അവന്റെ ആത്മവിശ്വാസം വളർത്താൻ കഴിയുന്ന മറ്റൊരു മാർഗമാണ്‌ അത്‌. എന്നാൽ നിങ്ങൾ ആഗ്രഹിച്ചത്ര വേഗത്തിൽ അവൻ ആ ലക്ഷ്യം കൈവരിക്കുന്നില്ലെങ്കിലോ? അല്ലെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളല്ല അവന്റേതെങ്കിലോ? എന്തായാലും, അവന്റെ ലക്ഷ്യങ്ങൾ ഉചിതമായിരിക്കുന്നിടത്തോളം നിങ്ങളുടെ പ്രതീക്ഷകൾ പുനർവിചിന്തനം ചെയ്യുന്നതായിരിക്കും നല്ലത്‌. മുമ്പുപറഞ്ഞ ഷാക്കിന്റെ അഭിപ്രായം ഇതാണ്‌: “ന്യായമായ ലക്ഷ്യങ്ങൾ വെക്കാൻ മകനെ സഹായിക്കാനാണ്‌ ഞാൻ ശ്രമിക്കുന്നത്‌. എന്നാൽ എന്റെ ലക്ഷ്യങ്ങൾ അവന്റെമേൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതേസമയം, ഞാൻ വിചാരിക്കുന്നത്ര വേഗത്തിൽ അവൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്നില്ല എന്ന കാര്യവും എനിക്ക്‌ അറിയാം.” അതെ, മകന്റെ അഭിപ്രായങ്ങൾക്ക്‌ വിലകൽപ്പിക്കുകയും അവൻ കാര്യങ്ങൾ നന്നായി ചെയ്യുമ്പോൾ അവനെ അഭിനന്ദിക്കുകയും പരാജയങ്ങൾ മറികടക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ, അവന്റെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ അവനെ സഹായിക്കുകയായിരിക്കും നിങ്ങൾ.

മകനുമായുള്ള നിങ്ങളുടെ ബന്ധത്തിൽ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാകും എന്നതു ശരിതന്നെ. എന്നാൽ കാലാന്തരത്തിൽ, നിങ്ങളുടെ സ്‌നേഹം അവൻ തിരിച്ചറിയും; നിങ്ങളോട്‌ അടുക്കാൻ അവൻ ആഗ്രഹിക്കും. അല്ലെങ്കിൽത്തന്നെ, ജീവിതത്തിൽ ഓരോ ചുവടുവെപ്പിലും കൈപിടിച്ചു കൂടെവന്ന ആളോട്‌ അടുക്കാതിരിക്കാൻ ആർക്കാണ്‌ കഴിയുക! (w11-E 11/01)

[അടിക്കുറിപ്പ്‌]

^ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്‌ ഈ ലേഖനത്തിന്റെ പ്രതിപാദ്യമെങ്കിലും, ഇതിലെ തത്ത്വങ്ങൾ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലും ബാധകമാണ്‌.