വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹൂദരോട്‌ ‘മേദസ്സുള്ള ഭക്ഷണം കഴിക്കാൻ’ നെഹെമ്യാവ്‌ 8:10-ൽ (NW) പറഞ്ഞിരിക്കുന്നു, എന്നാൽ ലേവ്യപുസ്‌തകം 3:17-ൽ (NW) ‘മേദസ്സു ഭക്ഷിക്കരുത്‌’ എന്നു പറഞ്ഞിരിക്കുന്നു. ഇതു രണ്ടും തമ്മിൽ എങ്ങനെ പൊരുത്തപ്പെടും?

നെഹെമ്യാവ്‌ 8:10-ൽ ‘മേദസ്സുള്ള ഭക്ഷണമെന്നും,’ ലേവ്യപുസ്‌തകം 3:17-ൽ ‘മേദസ്സ്‌’ എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന പദങ്ങൾ മൂലഭാഷയിൽ വ്യത്യസ്‌തമാണ്‌. ലേവ്യപുസ്‌തകം 3:17-ൽ മേദസ്സ്‌ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖിലെവ്‌ എന്ന എബ്രായ പദം മനുഷ്യരുടെയോ മൃഗങ്ങളുടെയോ മേദസ്സിനെ അല്ലെങ്കിൽ കൊഴുപ്പിനെ അർഥമാക്കുന്നു. (ലേവ്യ. 3:3; ന്യായാ. 3:22) 17-ാം വാക്യത്തിന്റെ പശ്ചാത്തലം കാണിക്കുന്നത്‌, ഇസ്രായേല്യർ “കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും” ഭക്ഷിക്കാൻ പാടില്ല എന്നാണ്‌; കാരണം “മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു.” (ലേവ്യ. 3:14-16) അതുകൊണ്ട്‌, യാഗമൃഗങ്ങളുടെ മേദസ്സു ഭക്ഷിക്കരുതെന്നാണ്‌ കൽപ്പിച്ചിരുന്നത്‌.

എന്നാൽ മഷ്‌മൊനിം എന്ന എബ്രായ പദമാണ്‌ നെഹെമ്യാവ്‌ 8:10-ൽ “മേദസ്സുള്ള ഭക്ഷണം” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. എബ്രായ തിരുവെഴുത്തുകളിൽ ഈയൊരു സന്ദർഭത്തിൽ മാത്രമേ ഈ പദം ഉപയോഗിച്ചുകാണുന്നുള്ളൂ. “തടിക്കുക, കൊഴുക്കുക” എന്ന അർഥമുള്ള ഷാമൻ എന്ന ക്രിയാപദത്തിൽനിന്നാണ്‌ ഈ വാക്ക്‌ ഉരുവായിരിക്കുന്നത്‌. സാധ്യത അനുസരിച്ച്‌ ഈ ക്രിയാപദത്തോടു ബന്ധപ്പെട്ട വാക്കുകൾ തരുന്ന അടിസ്ഥാന ആശയം ഐശ്വര്യം, സമൃദ്ധി എന്നൊക്കെയാണ്‌. (യെശ. 25:6 താരതമ്യം ചെയ്യുക.) ഈ ക്രിയാപദത്തിന്റെ സർവസാധാരണമായ ഒരു നാമരൂപമാണ്‌ ഷെമൻ. ഇത്‌ മിക്കപ്പോഴും എണ്ണ എന്നാണു തർജമ ചെയ്‌തിരിക്കുന്നത്‌. ഉദാഹരണത്തിന്‌ ഷെമൻ സയിത്ത്‌ എന്നത്‌, “ഒലിവെണ്ണ” എന്നു തർജമ ചെയ്യുന്നു. (ആവ. 8:9; ലേവ്യ. 24:2, 3) നെഹെമ്യാവ്‌ 8:10-ൽ മഷ്‌മൊനിം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ ധാരാളം എണ്ണചേർത്തു തയ്യാറാക്കിയ ഭക്ഷണത്തെ പരാമർശിക്കാനാണ്‌, അതിൽ നേരിയ അളവിൽ കൊഴുപ്പടങ്ങിയ മാംസവും ഉൾപ്പെട്ടിരിക്കാം. എന്തായാലും കട്ടകട്ടയായി അടിഞ്ഞുകൂടിയിരിക്കുന്ന മൃഗക്കൊഴുപ്പ്‌ കഴിക്കുന്നതു വിലക്കിയിരുന്നു.

ഇസ്രായേല്യർക്ക്‌ പോഷകസമൃദ്ധവും സ്വാദിഷ്‌ഠവുമായ ആഹാരം കഴിക്കാമായിരുന്നു, എന്നാൽ മൃഗക്കൊഴുപ്പ്‌ ഭക്ഷിക്കുന്നതിന്‌ വിലക്കുണ്ടായിരുന്നു. ധാന്യമാവുകൊണ്ടുള്ള ചില ഭക്ഷണപദാർഥങ്ങൾ ഒലിവെണ്ണപോലുള്ള സസ്യ എണ്ണകളിലായിരുന്നു ഉണ്ടാക്കിയിരുന്നത്‌, മൃഗക്കൊഴുപ്പിലല്ല. (ലേവ്യ. 2:7) തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വിശദീകരിക്കുന്നു, “മേദസ്സുള്ള ഭക്ഷണം” എന്നു പറയുമ്പോൾ അർഥമാക്കുന്നത്‌ മേന്മയേറിയ, മാംസളമായ ഭാഗങ്ങളെയാണ്‌; സസ്യ എണ്ണയിൽ തയ്യാറാക്കിയ രുചികരമായ ഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മേദസ്സ്‌ ഭക്ഷിക്കരുതെന്ന വിലക്ക്‌ ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു എന്ന്‌ ക്രിസ്‌ത്യാനികൾ ഓർക്കണം. മൃഗയാഗങ്ങൾ ഉൾപ്പെടെയുള്ള ന്യായപ്രമാണ നിയമങ്ങൾക്കു കീഴിലല്ല അവർ.—റോമ. 3:20; 7:4, 6; 10:4; കൊലൊ. 2:16, 17.