വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

വരവാലൻ ഗോഡ്‌വിറ്റിന്റെ ദേശാന്തരഗമനം

വരവാലൻ ഗോഡ്‌വിറ്റിന്റെ ദേശാന്തരഗമനം

വരവാലൻ ഗോഡ്‌വിറ്റ്‌—ദേശാന്തരഗമനത്തിൽ മനുഷ്യനെ ഏറ്റവും അധികം വിസ്‌മയംകൊള്ളിച്ചിരിക്കുന്ന ഒരു പക്ഷി. ഒന്നും രണ്ടും കിലോമീറ്ററല്ല അത്‌ യാത്രചെയ്യുന്നത്‌, 11,000 കിലോമീറ്റർ. അതും എട്ടുദിവസത്തിലേറെ നീളുന്ന ഒരു നീണ്ടയാത്ര!

സവിശേഷത: ദിക്ക്‌ അറിയാനുള്ള ചിലതരം പക്ഷികളുടെ പ്രാപ്‌തി കണ്ടാൽ, അവയുടെ കൊച്ചുമസ്‌തിഷ്‌കത്തിൽ കാന്തസൂചി ഘടിപ്പിച്ചിട്ടുണ്ടോ എന്ന്‌ തോന്നിപ്പോകും. ഭൗമകാന്തികമണ്ഡലത്തിന്റെ സഹായത്താലാണ്‌ അവ ദിക്ക്‌ മനസ്സിലാക്കുന്നതെന്ന്‌ ഗവേഷകർ കരുതുന്നു. എന്നാൽ ഗോഡ്‌വിറ്റുകൾക്ക്‌ മറ്റൊരു സവിശേഷത കൂടിയുണ്ട്‌: പകൽ സൂര്യനെയും രാത്രി നക്ഷത്രങ്ങളെയും നോക്കി ദിശ മനസ്സിലാക്കാൻ അവയ്‌ക്കാകും. ആഞ്ഞടിക്കാൻ പോകുന്ന കാറ്റിന്റെ ദിശ മനസ്സിലാക്കി അതിനു ചേർച്ചയിൽ ദേശാന്തരഗമനം നടത്താൻ ഗോഡ്‌വിറ്റുകൾക്ക്‌ കഴിയുമെന്ന്‌ കരുതുന്നു. എങ്കിലും, ഈ പക്ഷി എങ്ങനെ ഇത്ര ദൂരം സഞ്ചരിക്കുന്നു എന്നത്‌ വിദഗ്‌ധർക്ക്‌ ഇന്നും ഒരു അത്ഭുതമാണ്‌. “20 വർഷമായി ഞാൻ അവയെക്കുറിച്ച്‌ പഠിക്കുന്നു. പക്ഷേ, ഇപ്പോഴും ഉത്തരമില്ലാതെ പല ചോദ്യങ്ങളും അവശേഷിക്കുന്നു!” ജീവശാസ്‌ത്രജ്ഞനായ ബോബ്‌ ഗില്ലിന്റെ അഭിപ്രായമാണിത്‌.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? വരവാലൻ ഗോഡ്‌വിറ്റിന്‌ ദേശാന്തരഗമനം നടത്താനുള്ള പ്രാപ്‌തി ലഭിച്ചത്‌ പരിണാമപ്രക്രിയയിലൂടെയാണോ? അതോ ഈ പക്ഷി ആരുടെയെങ്കിലും രൂപകൽപ്പനയോ?