വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ

സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ

മറ്റുള്ളവർക്ക്‌ നന്മ ചെയ്യാൻ ധാരാളം അവസരങ്ങൾ നമുക്ക്‌ ഓരോ ദിവസവും ലഭിക്കാറുണ്ട്‌. പക്ഷേ, സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ്‌ ഇന്ന്‌ പലരും. മറ്റുള്ളവരെ കബളിപ്പിക്കുന്നതിൽ യാതൊരു കൂസലുമില്ലാത്തവർ, അപമര്യാദയായി വാഹനമോടിക്കുന്നവർ, അസഭ്യം പറയുന്നവർ, കോപത്താൽ പൊട്ടിത്തെറിക്കുന്നവർ; ഇവരിലെല്ലാം ‘ഞാൻ മുമ്പൻ’ ഭാവമാണ്‌ കാണുന്നത്‌.

‘ഞാൻ, ഞാൻ’ എന്ന ചിന്ത സമൂഹത്തിൽ മാത്രമല്ല പല കുടുംബങ്ങളിലും ദൃശ്യമാണ്‌. ഈ ചിന്തയാണ്‌ ചില ദമ്പതികളെ വിവാഹമോചനത്തിലേക്കു നയിക്കുന്നത്‌. ഇനി, ചില മാതാപിതാക്കളുടെ കാര്യമെടുക്കുക. മനഃപൂർവമല്ലെങ്കിലും ‘ഞാൻ മുമ്പൻ’ ഭാവം കുട്ടികളുടെ ഉള്ളിൽ പൊട്ടിമുളയ്‌ക്കാൻ അവർ വഴിയൊരുക്കുന്നു. എങ്ങനെ? വേണ്ടത്ര ശിക്ഷണം നൽകി മക്കളെ വളർത്തുന്നതിനു പകരം അവരുടെ ഏത്‌ ഇഷ്ടവും സാധിച്ചുകൊടുത്തുകൊണ്ട്‌.

നേരെമറിച്ച്‌, മക്കളെ നല്ല രീതിയിൽ പരിശീലിപ്പിക്കുന്നവരാണ്‌ മറ്റു പല മാതാപിതാക്കളും. സ്വന്തം ഇഷ്ടങ്ങളെക്കാളുപരി മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക്‌ മുൻതൂക്കം നൽകാൻ അവർ മക്കളെ പഠിപ്പിക്കുന്നു. അതിന്റെ പ്രയോജനങ്ങളാകട്ടെ വലിയതും. മറ്റുള്ളവരോട്‌ പരിഗണന കാണിക്കുന്ന കുട്ടികൾക്ക്‌ സൗഹൃദങ്ങൾ സമ്പാദിക്കാനും അത്‌ നിലനിറുത്തിക്കൊണ്ടുപോകാനും എളുപ്പമായിരിക്കും; ഉള്ളതിൽ തൃപ്‌തരായിരിക്കാനും അവർ പഠിക്കും. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്ന”തിലാണ്‌ എന്നല്ലേ ബൈബിൾ പറയുന്നത്‌!—പ്രവൃത്തികൾ 20:35.

‘എല്ലാം എനിക്കുവേണം’ എന്ന മനോഭാവമാണ്‌ ഇന്ന്‌ സമൂഹത്തിൽ പൊതുവെ. ഇത്തരം മനോഭാവം പിഴുതെറിയാനും മറ്റുള്ളവരോട്‌ പരിഗണനയോടെ ഇടപെടുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിക്കാനും മക്കളെ എങ്ങനെ സഹായിക്കാം? ‘ഞാൻ മുമ്പൻ’ ഭാവം കുട്ടികളിൽ വളരുന്നത്‌ എങ്ങനെയാണ്‌? അതിന്‌ ഇടയാക്കുന്ന മൂന്നുകാരണങ്ങൾ ഏതൊക്കെയാണ്‌? അവ എങ്ങനെ ഒഴിവാക്കാം? നമുക്ക്‌ നോക്കാം.

1 പ്രശംസ അമിതമാകുമ്പോൾ

പ്രശ്‌നം. ചെറുപ്പക്കാർക്കിടയിലുള്ള ഒരു മോശം പ്രവണത ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു: വിജയം നേടാൻ വേണ്ടതൊന്നും ചെയ്യാതെതന്നെ വിജയത്തിനായി കാംക്ഷിക്കുന്നവരാണ്‌ ജോലിയിൽ പ്രവേശിക്കുന്ന മിക്ക ചെറുപ്പക്കാരും; അത്‌ തങ്ങളുടെ അവകാശമാണെന്ന മനോഭാവമാണ്‌ അവർക്ക്‌. മറ്റു ചിലരാകട്ടെ, ജോലിയിൽ വേണ്ടത്ര നൈപുണ്യം ആർജിക്കാതെ സ്ഥാനക്കയറ്റത്തിന്‌ ആഗ്രഹിക്കുന്നു. ‘ഞാൻ വലിയ സംഭവമാണ്‌’ എന്ന തോന്നലാണ്‌ വേറെ ചിലർക്ക്‌. എല്ലാവരും ആ രീതിയിൽ തങ്ങളെ കാണണം എന്ന്‌ അവർ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രതീക്ഷിച്ചതുപോലെ നടക്കാതെ വരുമ്പോൾ അവർ ആകെ തളർന്നുപോകും.

കാരണം. വളർന്നുവരുന്ന ചുറ്റുപാടായിരിക്കാം ഒരു വ്യക്തിയിൽ ‘ഞാൻ മുമ്പൻ’ ഭാവം രൂപപ്പെടാൻ ഇടയാക്കുന്നത്‌. ഉദാഹരണത്തിന്‌, കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്തുക എന്ന ആശയത്തിന്‌ ഈ അടുത്ത പതിറ്റാണ്ടുകളിൽ വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ചില അച്ഛനമ്മമാർ ഇതിന്‌ വേണ്ടതിലേറെ പ്രാധാന്യം നൽകുന്നു. അൽപം പ്രശംസ കുട്ടികൾക്ക്‌ ഗുണം ചെയ്യുമെങ്കിൽ അധികം പ്രശംസ എത്രയധികം എന്ന തത്ത്വമാണ്‌ ഈ ആശയത്തിനു പിന്നിൽ. ഏതെങ്കിലും തരത്തിൽ കുട്ടിയെ അംഗീകരിക്കാതിരിക്കുന്നത്‌ അവന്റെ മനോബലം ചോർത്തിക്കളയുമെന്നാണ്‌ കരുതുന്നത്‌. ആത്മവിശ്വാസം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന ഇന്നത്തെ ലോകത്തിൽ മറിച്ച്‌ എന്തെങ്കിലും ചെയ്യുന്നത്‌ മാതാപിതാക്കളുടെ ഭാഗത്തെ ഉത്തരവാദിത്വമില്ലായ്‌മയായിട്ടാണ്‌ കണക്കാക്കുന്നത്‌. കുട്ടികൾ മോശക്കാരാണെന്ന്‌ തോന്നാൻ ഒരിക്കലും ഇടയാക്കരുതുപോലും—അല്ലെങ്കിൽ അങ്ങനെയാണ്‌ മാതാപിതാക്കളോട്‌ പറഞ്ഞിരിക്കുന്നത്‌.

അതുകൊണ്ടുതന്നെ പ്രശംസിക്കാൻ കാരണമൊന്നുമില്ലെങ്കിലും പല മമ്മിമാരും ഡാഡിമാരും മക്കളുടെമേൽ പ്രശംസയുടെ ശരവർഷം ചൊരിയുന്നു. കുട്ടികൾ നേടുന്ന ഏതൊരു നേട്ടവും അവർ കൊട്ടിഘോഷിക്കുന്നു—അത്‌ എത്ര ചെറുതാണെങ്കിലും. മക്കൾ ചെയ്യുന്ന ഏതൊരു തെറ്റും കണ്ണടച്ചുകളയുന്നു—അത്‌ എത്ര വലുതാണെങ്കിലും. തെറ്റുകൾ അവഗണിക്കുന്നതും തൊട്ടതിനും പിടിച്ചതിനും മക്കളെ അഭിനന്ദിക്കുന്നതും ആണ്‌ അവരുടെ ആത്മവിശ്വാസം വളർത്താനുള്ള ഏകമാർഗമെന്ന്‌ ഈ മാതാപിതാക്കൾ കരുതുന്നു. ശരിക്കും അഭിമാനിക്കുന്നതിന്‌ വകനൽകുന്ന നേട്ടങ്ങൾ കൈവരിക്കാൻ പഠിപ്പിക്കുന്നതിനു പകരം തങ്ങൾ എന്തൊക്കെയോ ആണെന്ന തോന്നൽ മക്കളിൽ ഉളവാക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌.

ബൈബിൾ പറയുന്നത്‌. അഭിനന്ദനം അർഹിക്കുമ്പോൾ അതു നൽകണം എന്നുതന്നെയാണ്‌ ബൈബിൾ പറയുന്നത്‌. (മത്തായി 25:19-21) പക്ഷേ, മക്കൾക്ക്‌ സന്തോഷമാകട്ടെ എന്നു കരുതി വെറുതെ മക്കളെ പ്രശംസിച്ചാൽ അവരിൽ അബദ്ധധാരണകൾ ഉളവാക്കാനേ അത്‌ ഉപകരിക്കൂ. ബൈബിൾ പറയുന്നത്‌ എത്രയോ സത്യമാണ്‌: “താൻ ഒന്നുമല്ലാതിരിക്കെ, മഹാനാണെന്നു നടിക്കുന്നവൻ തന്നെത്തന്നെ വഞ്ചിക്കുന്നു.” (ഗലാത്യർ 6:3) അതുകൊണ്ടാണ്‌, “ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുത്‌” എന്ന്‌ ബൈബിൾ മാതാപിതാക്കളോടു നിർദേശിക്കുന്നത്‌. *സദൃശവാക്യങ്ങൾ 23:13.

ചെയ്യാനാകുന്നത്‌. ശിക്ഷണം ആവശ്യമുള്ളപ്പോൾ അത്‌ നൽകാനും പ്രശംസ അർഹിക്കുമ്പോൾ പ്രശംസിക്കാനും ലക്ഷ്യമിടുക. മക്കളെ സന്തോഷിപ്പിക്കാനായി ഒരു കാരണവുമില്ലാതെ അവരെ പ്രശംസകൊണ്ട്‌ പൊതിയരുത്‌. ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കാം അത്‌ ഉണ്ടാക്കുക. എന്റെ തലമുറ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “വൈദഗ്‌ധ്യം ആർജിച്ചെടുക്കുന്നതിലൂടെയും കാര്യങ്ങൾ പഠിച്ചെടുക്കുന്നതിലൂടെയും ആണ്‌ യഥാർഥ ആത്മവിശ്വാസം ഉടലെടുക്കുന്നത്‌. നിങ്ങൾ എന്ന ഒരാൾ ഈ ലോകത്തുണ്ട്‌ എന്ന ഒറ്റ കാരണത്താൽ ആരെങ്കിലും നിങ്ങളെ മഹാൻ എന്നു വിളിച്ചാൽ നിങ്ങൾ മഹാനാകില്ല.”

“നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ഭാവിക്കരുത്‌.”—റോമർ 12:3

2 സംരക്ഷണം അതിരുകടക്കുമ്പോൾ

പ്രശ്‌നം. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ വേണ്ടത്ര ത്രാണി ഇല്ലാത്തവരാണ്‌ തൊഴിൽ രംഗത്തേക്കു കടന്നുവരുന്ന മിക്ക ചെറുപ്പക്കാരും. ആരെങ്കിലും അൽപ്പമൊന്നു ഗുണദോഷിക്കുമ്പോൾതന്നെ ചിലർ തകർന്നുപോകുന്നു. മറ്റു ചിലർ നിർബന്ധബുദ്ധികളാണ്‌; വലിയ വലിയ പ്രതീക്ഷകൾക്കൊത്ത ജോലികൾ സ്വീകരിക്കാനേ അവർ കൂട്ടാക്കുകയുള്ളൂ. ഉദാഹരണത്തിന്‌, കൗമാരപ്രായക്കാരെക്കുറിച്ചുള്ള ഒരു പുസ്‌തകത്തിൽ ഡോ. ജോസഫ്‌ അലൻ, താൻ അഭിമുഖം നടത്തിയ ഒരു പയ്യന്റെ അഭിപ്രായം എഴുതിയിട്ടുണ്ട്‌. അവൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഈ ജോലി കുറച്ചൊക്കെ ബോറായിരിക്കുമെന്ന്‌ എനിക്കു തോന്നുന്നു. ബോറടിക്കുന്ന ഒരു ജോലിയോട്‌ എനിക്കു താത്‌പര്യമില്ല.” ഡോ. അലൻ എഴുതുന്നു: “എല്ലാ ജോലികളും കുറച്ചൊക്കെ ബോറടിക്കും എന്ന്‌ ആ പയ്യന്‌ അറിഞ്ഞുകൂടാ എന്ന്‌ തോന്നുന്നു. 23 വയസ്സുണ്ടെന്ന്‌ പറഞ്ഞിട്ട്‌ എന്താ കാര്യം?”

കാരണം. മക്കളെ എല്ലാ പ്രശ്‌നങ്ങളിൽനിന്നും സംരക്ഷിക്കാനുള്ള പ്രവണതയാണ്‌ ഇന്നത്തെ മിക്ക മാതാപിതാക്കൾക്കുമുള്ളത്‌. ഉദാഹരണത്തിന്‌, സ്‌കൂളിൽ കുരുത്തക്കേട്‌ കാണിച്ചതിന്‌ മകൻ പിഴയൊടുക്കണം, അല്ലെങ്കിൽ അവൻ ക്ലാസ്സിനു വെളിയിൽ നിൽക്കേണ്ടിവരും. അച്ഛനമ്മമാർ എന്തു ചെയ്യും? പിഴയൊടുക്കും! മകൾ പരീക്ഷയിൽ തോറ്റാൽ കുറ്റം ടീച്ചർക്ക്‌; മകൻ കൂട്ടുകാരനുമായി വഴക്കിട്ടാൽ കൂട്ടുകാരന്റെ കുഴപ്പം.

മക്കൾക്ക്‌ സംരക്ഷണം നൽകാൻ അച്ഛനമ്മമാർ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അത്‌ അതിരുകടന്നാൽ ദോഷം ചെയ്യും, തങ്ങളുടെ ചെയ്‌തികൾക്കൊന്നും തങ്ങൾ ഉത്തരവാദിത്വം പേറേണ്ടതില്ല എന്ന ചിന്ത കുട്ടികളിൽ വളർന്നുവരാൻ അത്‌ ഇടയാക്കും. കൗമാരക്കാർക്ക്‌ ശിക്ഷണം നൽകേണ്ടത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കുന്ന ഒരു പുസ്‌തകം പറയുന്നു: “വിഷമകരമായ സാഹചര്യങ്ങളെ മറികടക്കാനും സംഭവിച്ചതിൽനിന്ന്‌ പാഠം ഉൾക്കൊള്ളാനും ശ്രമിക്കുന്നതിനു പകരം (ഇത്തരം) കുട്ടികൾ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധയുള്ളവരായിത്തീരും. മാതാപിതാക്കളും മറ്റുള്ളവരും തങ്ങൾക്കുവേണ്ടി എല്ലാം ചെയ്യണം എന്ന ചിന്തയായിരിക്കും ഇവർക്ക്‌.”

ബൈബിൾ പറയുന്നത്‌. ജീവിതത്തിൽ വിഷമകരമായ സാഹചര്യങ്ങളുണ്ടാകുന്നത്‌ സാധാരണമാണ്‌. “എല്ലാവർക്കും ദോഷങ്ങളുണ്ടാകുന്നു” എന്ന്‌ ബൈബിൾതന്നെ പറയുന്നു. (സഭാപ്രസംഗി 9:11, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) നല്ല മനുഷ്യരും അതിൽനിന്ന്‌ ഒഴിവുള്ളവരല്ല. ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലോസ്‌ തന്റെ ശുശ്രൂഷയിൽ ഉടനീളം എല്ലാ തരത്തിലുമുള്ള കഷ്ടങ്ങളിലൂടെ കടന്നുപോയി. എന്നാൽ അതെല്ലാം അവന്‌ ഗുണകരമായി. അവൻ പറഞ്ഞു: “ഏതു സാഹചര്യത്തിലും തൃപ്‌തനായിരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്‌. മതിവന്നവനായോ വിശന്നവനായോ ഇരുന്നാലും സമൃദ്ധിയിലോ ദാരിദ്ര്യത്തിലോ കഴിഞ്ഞാലും . . . തൃപ്‌തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”—ഫിലിപ്പിയർ 4:11, 12.

ചെയ്യാനാകുന്നത്‌. “ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (ഗലാത്യർ 6:5, പി.ഒ.സി. ബൈബിൾ) കുട്ടിയുടെ പ്രായവും പക്വതയും അനുസരിച്ച്‌ ഈ ബൈബിൾതത്ത്വം ബാധകമാക്കാൻ ശ്രമിക്കുക. സ്‌കൂളിലെ കുരുത്തക്കേടിന്‌ നിങ്ങൾ പിഴയൊടുക്കുന്നതിനു പകരം അവൻ ക്ലാസ്സിനു വെളിയിൽ നിൽക്കട്ടെ. മകൾ പരീക്ഷയിൽ തോറ്റാൽ നന്നായി പഠിക്കാൻ അവളെ പ്രോത്സാഹിപ്പിക്കുക. മകൻ കൂട്ടുകാരനുമായി വഴക്കിട്ട്‌ വന്നിരിക്കുകയാണെങ്കിലോ? അവനെ ആശ്വസിപ്പിക്കുക. പക്ഷേ സംഭവം വിലയിരുത്തി താൻ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നു ചിന്തിച്ചുനോക്കാൻ അനുയോജ്യമായ മറ്റൊരു അവസരത്തിൽ അവനെ സഹായിക്കുക. ഇങ്ങനെ സ്വന്തം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുന്ന കുട്ടികൾ ആത്മവിശ്വാസവും മനസ്സാന്നിധ്യവും ഉള്ളവരായിത്തീരും. മറ്റുള്ളവർ എപ്പോഴും അവരുടെ പിന്നാലെ നടന്നാൽ ഇത്തരം കഴിവുകൾ അവർക്ക്‌ നേടിയെടുക്കാനായെന്നുവരില്ല.

“ഓരോരുത്തനും താന്താന്റെ പ്രവൃത്തി ശോധനചെയ്യട്ടെ. അപ്പോൾ . . . അവനു തന്നിൽത്തന്നെ അഭിമാനിക്കാൻ വകയുണ്ടാകും.”—ഗലാത്യർ 6:4

3 ചോദിക്കുന്നതെന്തും നൽകുമ്പോൾ

പ്രശ്‌നം. മറ്റുള്ളവരെ സഹായിക്കുക എന്നതല്ല മറിച്ച്‌ ‘പണക്കാരാകുക’ എന്നതാണ്‌ ഇന്നത്തെ ചെറുപ്പക്കാരുടെ മുഖ്യലക്ഷ്യം എന്ന്‌ ഒരു സർവേയിൽ പങ്കെടുത്ത 81 ശതമാനം ചെറുപ്പക്കാരും അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ പണത്തിനു പിന്നാലെയുള്ള ഈ നെട്ടോട്ടം യാതൊരു സംതൃപ്‌തിയും നേടിത്തരുകയില്ല എന്നതാണ്‌ വാസ്‌തവം. ഭൗതികവസ്‌തുക്കളിൽ കണ്ണുംനട്ടിരിക്കുന്നവർ അസന്തുഷ്ടരും നിരാശിതരും ആണെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു. ശാരീരിക-മാനസിക പ്രശ്‌നങ്ങളും അവർക്കു കൂടുതലാണ്‌.

കാരണം. ഭൗതികവസ്‌തുക്കളോട്‌ അമിതതാത്‌പര്യമുള്ള കുടുംബങ്ങളിലാണ്‌ ചില കുട്ടികൾ വളർന്നുവരുന്നത്‌. പൊങ്ങച്ചരോഗം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “മക്കളുടെ സന്തോഷമാണ്‌ മാതാപിതാക്കളുടെ ആഗ്രഹം. മക്കളുടെ ആഗ്രഹമാകട്ടെ ഭൗതികവസ്‌തുക്കളും. അതുകൊണ്ട്‌ അച്ഛനമ്മമാർ അവർക്കുവേണ്ടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. കുട്ടികൾക്ക്‌ അതിൽ സന്തോഷം. പക്ഷേ കുറച്ചു കഴിയുമ്പോൾ അവർക്ക്‌ കിട്ടിയതൊന്നും പോരെന്നാകും. പിന്നെയും സാധനങ്ങൾ വേണം.”

ആർത്തിയോടെ കഴിയുന്ന ഉപഭോക്തൃലോകത്തെ വിഴുങ്ങാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌ ഇന്നത്തെ പരസ്യലോകം. ‘ഏറ്റവും നല്ലത്‌ നിങ്ങൾക്കു കിട്ടണം, അതിന്‌ നിങ്ങൾ അർഹരാണ്‌’ എന്നിങ്ങനെയുള്ള ആശയങ്ങളാണ്‌ പരസ്യങ്ങളിൽ. ഇതിൽ മയങ്ങിവീണിരിക്കുന്ന പല ചെറുപ്പക്കാരും ഇന്ന്‌ കടക്കെണിയിലാണ്‌, “അർഹത”യുള്ള സാധനങ്ങൾപോലും വാങ്ങാൻ പണമില്ലാതെ.

ബൈബിൾ പറയുന്നത്‌. പണം ആവശ്യമാണെന്ന്‌ ബൈബിൾ സമ്മതിക്കുന്നു. (സഭാപ്രസംഗി 7:12) എന്നാൽ അതോടൊപ്പം ഇങ്ങനെയൊരു മുന്നറിയിപ്പും അത്‌ നൽകുന്നുണ്ട്‌: “പണസ്‌നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ. ഈ സ്‌നേഹം ഏറിയിട്ട്‌ ചിലർ പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:10) ഭൗതികവസ്‌തുക്കൾക്കു പിന്നാലെ പോകാനല്ല മറിച്ച്‌ അടിസ്ഥാന ആവശ്യങ്ങളിൽ തൃപ്‌തരായിരിക്കാനാണ്‌ ബൈബിൾ നിർദേശിക്കുന്നത്‌.—1 തിമൊഥെയൊസ്‌ 6:7, 8.

“ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും . . . മൗഢ്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.”—1 തിമൊഥെയൊസ്‌ 6:9

ചെയ്യാനാകുന്നത്‌. മാതാപിതാക്കളേ, പണത്തോടും വസ്‌തുവകകളോടും ഉള്ള നിങ്ങളുടെ മനോഭാവം വിലയിരുത്തുക. നിങ്ങളുടെ ജീവിതത്തിൽ ഇവയ്‌ക്കാണോ പ്രഥമസ്ഥാനം? നിങ്ങളുടെ മുൻഗണനകൾ വ്യക്തമായിരിക്കണം. മക്കളെയും അതു പഠിപ്പിക്കുക. “‘വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ പറ്റുന്നത്‌ എപ്പോഴാണ്‌? വിലക്കുറവ്‌ നോക്കുന്നത്‌ ഗുണം ചെയ്യില്ലാത്തത്‌ എപ്പോൾ?’ ‘പലിശനിരക്ക്‌ എന്നു പറഞ്ഞാൽ എന്താണ്‌?’ ‘മറ്റുള്ളവരുടെ പ്രേരണയ്‌ക്കു വഴങ്ങി സാധനങ്ങൾ വാങ്ങിയത്‌ എപ്പോഴാണ്‌?’ എന്നിങ്ങനെയുള്ള വിഷയങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യാൻ” മേൽപ്പരാമർശിച്ച പുസ്‌തകം (പൊങ്ങച്ചരോഗം) നിർദേശിക്കുന്നു.

കുടുംബപ്രശ്‌നങ്ങൾക്കുള്ള മറുമരുന്നായി ഭൗതികവസ്‌തുക്കളെ കാണാതിരിക്കുക. പദവിയുടെ മൂല്യം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “കുറെ വസ്‌തുവകകൾ വാങ്ങിക്കൊടുത്തതുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കില്ല; അത്‌ തീർത്തും മണ്ടത്തരമാണ്‌.” “പ്രശ്‌നപരിഹാരത്തിന്‌ വേണ്ടത്‌ ഉൾക്കാഴ്‌ചയും ചിന്തയും സഹാനുഭൂതിയും ആണ്‌, അല്ലാതെ പണമല്ല!”

^ ഖ. 11 കുട്ടികളെ ശാരീരികമായോ മാനസികമായോ ദ്രോഹിക്കുന്നതിനെ ബൈബിൾ അനുകൂലിക്കുന്നില്ല. (എഫെസ്യർ 4:29, 31; 6:4) കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലായിരിക്കണം മാതാപിതാക്കൾ ശിക്ഷണം നൽകേണ്ടത്‌. തങ്ങളുടെ ദേഷ്യം മുഴുവൻ തീർക്കാനുള്ള ഒന്നായി അതിനെ കാണരുത്‌.