വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിമുഖം | പൗള ക്യോസി

ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

ഇറ്റലിയിലെ ഫെറാറ സർവകലാശാലയിൽ 20-ലേറെ വർഷങ്ങൾ തന്മാത്രാജീവശാസ്‌ത്രജ്ഞയായി പ്രവർത്തിച്ച വ്യക്തിയാണ്‌ ഡോ. പൗള ക്യോസി. അവരുടെ വിശ്വാസത്തെക്കുറിച്ചും ശാസ്‌ത്രീയവീക്ഷണത്തെക്കുറിച്ചും ഉണരുക! ചോദിച്ചറിയുകയുണ്ടായി.

നിങ്ങളുടെ പശ്ചാത്തലം വിവരിക്കാമോ?

അച്ഛൻ ഒരു ചെരിപ്പുകുത്തിയായിരുന്നു; അമ്മയ്‌ക്ക്‌ കാർഷികവൃത്തിയും. എന്റെ ആഗ്രഹം പക്ഷേ ഒരു ശാസ്‌ത്രജ്ഞയാകണം എന്നതായിരുന്നു. ചുറ്റുപാടും കണ്ട മനോഹരമായ പുഷ്‌പങ്ങളും പക്ഷികളും പ്രാണികളും ഒക്കെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. അവയ്‌ക്കെല്ലാം പിന്നിൽ മനുഷ്യാതീതജ്ഞാനമുള്ളതായി ഉള്ളതായി എനിക്കു തോന്നി.

അപ്പോൾ സ്രഷ്ടാവിൽ നിങ്ങൾക്ക്‌ എല്ലായ്‌പോഴും വിശ്വാസമുണ്ടായിരുന്നു, അല്ലേ?

ഇല്ല. കുട്ടിക്കാലം മുതൽക്കേ എനിക്ക്‌ ദൈവത്തെക്കുറിച്ച്‌ സംശയങ്ങൾ തുടങ്ങി. പെട്ടെന്നാണ്‌ ഒരു ദിവസം എന്റെ അച്ഛൻ മരിക്കുന്നത്‌, ഹൃദയാഘാതംമൂലം. അതിമനോഹരമായി എല്ലാം സൃഷ്ടിച്ചിരിക്കുന്ന ഒരു സ്രഷ്ടാവ്‌ കഷ്ടപ്പാടും മരണവും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ എനിക്കു മനസ്സിലായില്ല.

ശാസ്‌ത്രപഠനം നിങ്ങളുടെ സംശയത്തിന്‌ ഉത്തരം നൽകിയോ?

തുടക്കത്തിൽ ഇല്ല. തൻമാത്രാജീവശാസ്‌ത്രജ്ഞയായപ്പോൾ ഞാൻ മരണത്തെക്കുറിച്ചു പഠിക്കാൻ തുടങ്ങി. കോശങ്ങളുടെ അസ്വാഭാവികമായ നാശത്തെക്കുറിച്ചല്ല (നീരും പഴുപ്പും ഉളവാക്കുന്നത്‌) മറിച്ച്‌ നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന കോശനാശത്തെക്കുറിച്ചാണ്‌ ഞാൻ പഠിച്ചത്‌. നമ്മുടെ ആരോഗ്യത്തിന്‌ അനിവാര്യമായ ഈ പ്രക്രിയയെക്കുറിച്ച്‌ മനസ്സിലാക്കാൻ ഏതാനും വർഷങ്ങൾക്കുമുമ്പുവരെ ശാസ്‌ത്രജ്ഞന്മാർ കാര്യമായി ശ്രമിച്ചിരുന്നില്ല.

കോശങ്ങളുടെ സ്വാഭാവികനാശം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ശതസഹസ്രകോടിവരുന്ന അതിസൂക്ഷ്‌മകോശങ്ങളാൽ നിർമിതമാണ്‌ നമ്മുടെ ശരീരം. ശരിക്കും പറഞ്ഞാൽ ഈ കോശങ്ങളെല്ലാം നശിക്കുകയും പകരം പുതിയവ രൂപപ്പെടുകയും വേണം. വിവിധതരം കോശങ്ങളുടെ ആയുസ്സ്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലത്‌ ആഴ്‌ചയിൽ ഒരിക്കൽ പുതുക്കപ്പെടുമ്പോൾ മറ്റു ചിലത്‌ ഏതാനും വർഷങ്ങൾ കൂടുമ്പോൾ പുതുക്കപ്പെടുന്നു. ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന കോശനാശം എന്ന പ്രക്രിയ ശരിയായ വിധത്തിലായിരിക്കണമെങ്കിൽ കോശനാശവും രൂപീകരണവും സന്തുലിതമായിരിക്കണം.

എങ്കിൽപ്പിന്നെ എന്തായിരിക്കാം കുഴപ്പങ്ങൾക്കു കാരണം?

നശിച്ചുപോകേണ്ട ചില കോശങ്ങൾ നശിക്കാതെവരുമ്പോൾ അത്‌ ചിലതരം വാതരോഗങ്ങൾക്കും (rheumatoid arthritis) കാൻസറിനും വഴിവെച്ചേക്കാമെന്ന്‌ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇനി, സമയത്തിനു മുമ്പെ ചില കോശങ്ങൾ നശിച്ചുപോകുന്നെങ്കിൽ പാർക്കിൻസൺസ്‌ രോഗമോ അൽസൈമേഴ്‌സ്‌ രോഗമോ വരാൻ ഇടയുണ്ട്‌. ഈ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ളതാണ്‌ എന്റെ ഗവേഷണം.

കോശനാശത്തെക്കുറിച്ചുള്ള പഠനം നിങ്ങളെ എങ്ങനെ ബാധിച്ചു?

ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി. നാം ആരോഗ്യത്തോടിരിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ആരോ അത്യത്ഭുതകരമായ ഈ പ്രക്രിയയ്‌ക്കു പിന്നിലുണ്ടെന്ന്‌ എനിക്ക്‌ ബോധ്യമായി. എന്നാൽ ആളുകൾ കഷ്ടപ്പെടുന്നതും മരിക്കുന്നതും എന്തുകൊണ്ട്‌ എന്ന ചോദ്യം പിന്നെയും എന്നെ അലട്ടിക്കൊണ്ടിരുന്നു. പക്ഷേ എനിക്ക്‌ ഉത്തരം കിട്ടിയില്ല.

കോശങ്ങളുടെ സ്വാഭാവികനാശം എന്ന പ്രക്രിയയ്‌ക്കു പിന്നിൽ ആരുടെയോ കരങ്ങളുണ്ടെന്ന്‌ നിങ്ങൾക്കു ബോധ്യമായി, അല്ലേ?

ഉവ്വ്‌. അമ്പരപ്പിക്കുംവിധം സങ്കീർണമാണെങ്കിലും അതിവിശിഷ്ടമായ ഈ പ്രക്രിയയ്‌ക്കു പിന്നിൽ അസാധാരണജ്ഞാനം പ്രകടമാണ്‌. ഇത്‌ ദൈവത്തിന്റെ ജ്ഞാനമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഈ പ്രക്രിയയെ നിയന്ത്രിക്കുന്ന പല സങ്കീർണമായ പ്രവർത്തനങ്ങളും ശക്തിയേറിയ സൂക്ഷ്‌മദർശിനികൾ ഉപയോഗിച്ച്‌ ഞാൻ മനസ്സിലാക്കി. ആവശ്യമെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ കോശനാശമെന്ന പ്രക്രിയ ത്വരിതപ്പെടുത്താൻ ചില പ്രവർത്തനങ്ങൾക്കാകും. കോശങ്ങൾതന്നെ അതിന്റെ നാശത്തിൽ പങ്കുവഹിക്കുന്നു. അതിവിശിഷ്ടമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്രക്രിയ തികച്ചും വിസ്‌മയാവഹമാണ്‌.

നമ്മുടെ കോശങ്ങളെല്ലാംതന്നെ ക്രമമായി പുതുക്കപ്പെടുന്നതിനാൽ എന്നും ജീവിക്കുക തീർച്ചയായും സാധ്യമാണ്‌

ദൈവത്തെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും നിങ്ങൾക്ക്‌ ചോദ്യങ്ങൾ ഉണ്ടായിരുന്നല്ലോ? എങ്ങനെയാണ്‌ ഉത്തരം ലഭിച്ചത്‌?

യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ 1991-ൽ എന്റെ വീട്ടിൽ വന്നു. നാം മരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ ഞാൻ ചോദിച്ചു. ബൈബിളിന്റെ ഉത്തരം അവർ എനിക്കു കാണിച്ചുതന്നു: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.” (റോമർ 5:12) ആദ്യമനുഷ്യൻ ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചില്ലായിരുന്നെങ്കിൽ അവൻ നിത്യം ജീവിക്കുമായിരുന്നു. ഗവേഷണത്തിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ മേൽപ്പറഞ്ഞതുമായി തികച്ചും യോജിപ്പിലാണെന്ന്‌ പെട്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. മനുഷ്യൻ മരിക്കണമെന്ന്‌ ദൈവം ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം എനിക്കു വ്യക്തമായി. നമ്മുടെ കോശങ്ങളെല്ലാംതന്നെ ക്രമമായി പുതുക്കപ്പെടുന്നതിനാൽ എന്നും ജീവിക്കുക തീർച്ചയായും സാധ്യമാണ്‌.

ബൈബിൾ ദൈവവചനമാണെന്ന്‌ നിങ്ങളെ ബോധ്യപ്പെടുത്തിയത്‌ എന്താണ്‌?

സങ്കീർത്തനം 139:16-ൽ ബൈബിൾ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യം ഞാൻ മനസ്സിലാക്കി: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെല്ലാം നിന്റെ പുസ്‌തകത്തിൽ എഴുതിയിരുന്നു.” ഒരു ജീവരസതന്ത്രജ്ഞയായതിനാൽ കോശങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള ജനിതകവിവരങ്ങളെക്കുറിച്ച്‌ ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. പക്ഷേ സങ്കീർത്തനക്കാരൻ ഈ ‘എഴുത്തു’കളെക്കുറിച്ച്‌ എങ്ങനെ അറിഞ്ഞു? ബൈബിൾ കൂടുതലായി പഠിച്ചപ്പോൾ അത്‌ ദൈവത്താൽ നിശ്വസ്‌തമാണെന്ന്‌ എനിക്കു ശരിക്കും ബോധ്യപ്പെട്ടു.

ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്കു സാധിച്ചത്‌ എങ്ങനെ?

യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ എന്നെ ബൈബിൾ പഠിപ്പിച്ചു. ദൈവം കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഒടുവിൽ എനിക്കു മനസ്സിലായി. ബൈബിൾ പറയുന്നതുപോലെ, ‘മരണത്തെ സദാകാലത്തേക്കുമായി നീക്കിക്കളയാൻ’ ദൈവം ഉദ്ദേശിച്ചിരിക്കുന്നെന്നും എനിക്ക്‌ ബോധ്യപ്പെട്ടു. (യെശയ്യാവു 25:8) എന്നേക്കും ജീവിതം ആസ്വദിക്കാനാകുംവിധം ശരീരത്തിലെ അത്യത്ഭുതകരമായ പ്രവർത്തനങ്ങൾ പരിപൂർണമായ വിധത്തിൽ പ്രവർത്തിപ്പിക്കാൻ നമ്മുടെ സ്രഷ്ടാവിന്‌ അനായാസം കഴിയും.

മറ്റുള്ളവരെ സഹായിക്കാൻ ബൈബിളിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?

1995-ൽ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി. അന്നുമുതൽ, ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോട്‌ പറയാൻ ഞാൻ എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌, ഒരു സഹപ്രവർത്തകയുടെ സഹോദരൻ ആത്മഹത്യചെയ്‌തത്‌ അവരെ തകർത്തുകളഞ്ഞു. ആത്മഹത്യചെയ്‌തവരോട്‌ ദൈവം ഒരിക്കലും പൊറുക്കില്ലെന്നാണ്‌ അവരുടെ പള്ളിയിൽ പഠിപ്പിച്ചിരുന്നത്‌. എന്നാൽ പുനരുത്ഥാനപ്രത്യാശയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഞാൻ കാണിച്ചുകൊടുത്തു. (യോഹന്നാൻ 5:28, 29) സ്രഷ്ടാവിന്‌ നമ്മുടെ കാര്യത്തിൽ കരുതലുണ്ടെന്ന അറിവ്‌ അവർക്ക്‌ ഏറെ സാന്ത്വനമേകി. ബൈബിൾസത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതാണ്‌ ശാസ്‌ത്രത്തെക്കാൾ സംതൃപ്‌തി നൽകുന്നതെന്ന്‌ ഇത്തരം സന്ദർഭങ്ങളിൽ എനിക്ക്‌ തോന്നിയിട്ടുണ്ട്‌.