വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മെക്‌സിക്കോ ഉൾക്കടൽ

2010 ഏപ്രിലിൽ എണ്ണഖനിയിൽ ഉണ്ടായ ഒരു അത്യാഹിതത്തെ തുടർന്ന്‌ മൂന്നുമാസത്തോളം വൻതോതിൽ എണ്ണയും വാതകങ്ങളും കടലിലേക്ക്‌ ശക്തമായി പ്രവഹിച്ചുകൊണ്ടിരുന്നു. സംഭവം നടന്ന്‌ ഏതാണ്ട്‌ രണ്ടരമാസത്തിനുശേഷം, മലിനീകരണത്തിനിടയാക്കുന്ന ചില രാസവസ്‌തുക്കൾ അപ്രത്യക്ഷമായതായി ഒരുകൂട്ടം ഗവേഷകർ കണ്ടെത്തി. അവരുടെ നിഗമനത്തിൽ മീഥേൻവാതകം വിഘടിപ്പിക്കുന്ന ബാക്‌ടീരിയകളായിരുന്നു അതിനു പിന്നിൽ. പക്ഷേ, ചില വിദഗ്‌ധർ ഈ അഭിപ്രായത്തോട്‌ യോജിക്കുന്നില്ല. എണ്ണയിൽ അധികപങ്കും കടൽത്തട്ടിലേക്ക്‌ പോയെന്നാണ്‌ അവരുടെ പക്ഷം.

പെറു

ഏറ്റവും പഴക്കംചെന്ന ചോളത്തണ്ടുകൾ (മുകളിൽ കാണിച്ചിരിക്കുന്നത്‌) കണ്ടെത്തിയിരിക്കുന്നു. മൂവായിരം വർഷം മുമ്പുതന്നെ വടക്കൻ പെറുവിലെ ആളുകൾ ചോളപ്പൊടിയും ചോളപ്പൊരിയും ഉപയോഗിച്ചിരുന്നു എന്നുവേണം കരുതാൻ.

റഷ്യ

“ജീവിതവിജയം നേടാൻ ചിലപ്പോഴൊക്കെ സാന്മാർഗികമൂല്യങ്ങളും സദാചാരതത്ത്വങ്ങളും ബലികഴിക്കേണ്ടതായിവരും,” ഒരു സർവേയിൽ പങ്കെടുത്ത 18-നും 35-നും ഇടയ്‌ക്ക്‌ പ്രായമുള്ള 59 ശതമാനം റഷ്യക്കാരും വിശ്വസിക്കുന്നു.—റോസിസ്‌കെയെ ഗസറ്റെ ദിനപത്രം.

ഇറ്റലി

അഡ്രിയ റോവിഗോയിലെ ഒരു കത്തോലിക്കാ മെത്രാൻ ആയ ലൂക്കോ സോറവിറ്റോ ഡി ഫ്രാൻചെസ്‌കിയുടെ അഭിപ്രായത്തിൽ, മതപരമായ സന്ദേശം ആളുകൾ താമസിക്കുന്നിടത്ത്‌ “അവരുടെ അടുക്കൽ നേരിട്ട്‌ എത്തിക്കേണ്ടതാണ്‌.” “നമ്മുടെ ഇടയവേല പള്ളിമണിക്കു പകരം വാതിൽമണി അടിക്കുന്നതിലേക്കു മാറണം,” അദ്ദേഹം പറയുന്നു.

സൗത്ത്‌ ആഫ്രിക്ക

കാണ്ടാമൃഗത്തിന്റെ കൊമ്പ്‌ ചികിത്സാരംഗത്ത്‌ ഉപയോഗിക്കുന്നതിനാൽ അതിനെ അനധികൃതമായി വേട്ടയാടുന്നു. കിലോഗ്രാമിന്‌ ഏകദേശം 34,45,000 രൂപയാണ്‌ ($65,000) കൊമ്പിന്റെ വില. 2011-ൽ സൗത്ത്‌ ആഫ്രിക്കയിൽ മാത്രം 448 കാണ്ടാമൃഗങ്ങളെയാണ്‌ വേട്ടയാടിയത്‌! യൂറോപ്പിലെ മ്യൂസിയങ്ങളിലും ലേലകേന്ദ്രങ്ങളിലും ഗുണ്ടാസംഘങ്ങൾ കൊമ്പിനുവേണ്ടി കവർച്ച നടത്തിയിരിക്കുന്നു. അവിടത്തെ മൃഗശാലകളിലെ കാണ്ടാമൃഗങ്ങളും ഇപ്പോൾ അപകടഭീഷണിയിലാണ്‌.

Courtesy STRI