വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതിസന്ധിയിലും പ്രസന്നത കൈവിടാതെ

പ്രതിസന്ധിയിലും പ്രസന്നത കൈവിടാതെ

പ്രതി​സ​ന്ധി​യി​ലും പ്രസന്നത കൈവി​ടാ​തെ

കൊൺസ്റ്റൻട്യീൻ മറൊ​സോഫ്‌ പറഞ്ഞ പ്രകാരം

1936 ജൂലൈ 20-ാം തീയതി​യാ​ണു ഞാൻ ജനിച്ചത്‌. പിറന്നു വീഴു​മ്പോൾ എനിക്ക്‌ അര കിലോ​ഗ്രാം പോലും തൂക്കം ഉണ്ടായി​രു​ന്നില്ല. എന്റെ ശരീര​ത്തിൽ തലയോ​ടും നട്ടെല്ലും മാത്രമേ അസ്ഥിക​ളാ​യി വളർച്ച പ്രാപി​ച്ചി​രു​ന്നു​ള്ളൂ. ബാക്കി​യെ​ല്ലാം തരുണാ​സ്ഥി​ക​ളാ​യി​രു​ന്നു, അതായത്‌, പ്രായ​പൂർത്തി​യായ ഒരു വ്യക്തി​യു​ടെ ചെവി​യിൽ കാണു​ന്നതു പോലുള്ള ബലംകു​റഞ്ഞ അസ്ഥികൾ. നേരിയ തോതി​ലുള്ള ഹൃദയ​മി​ടി​പ്പും ശ്വാ​സോ​ച്ഛ്വാ​സ​വും വല്ലപ്പോ​ഴു​മുള്ള അനക്കങ്ങ​ളും മാത്ര​മാ​യി​രു​ന്നു എനിക്കു ജീവൻ ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വു​കൾ.

ഒമ്പത്‌ മക്കളുള്ള ഒരു കുടും​ബ​ത്തി​ലെ ഏഴാമത്തെ കുട്ടി​യാ​യി​രു​ന്നു ഞാൻ. റഷ്യയു​ടെ ഹൃദയ​ഭാ​ഗത്തു സ്ഥിതി​ചെ​യ്യുന്ന ഉൾയാ​നെ​ഫ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലുള്ള സെറാ ഗ്രാമ​ത്തി​ലാ​ണു ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌. മൂന്ന്‌ ആഴ്‌ച പ്രായ​മാ​യ​പ്പോൾ മാമ്മോ​ദീ​സാ മുക്കാ​നാ​യി മാതാ​പി​താ​ക്കൾ എന്നെ പള്ളിയിൽ കൊണ്ടു​പോ​യി. പുരോ​ഹി​തൻ തിടു​ക്ക​ത്തിൽ കുറച്ചു വെള്ളം എന്റെ മേൽ തളിച്ചിട്ട്‌ എത്രയും പെട്ടെന്ന്‌ എന്നെ അവി​ടെ​നി​ന്നു കൊണ്ടു​പോ​കാൻ അവരോട്‌ ആവശ്യ​പ്പെട്ടു. കാരണം, ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ ഞാൻ മരിക്കു​മെന്ന്‌ അദ്ദേഹം കരുതി.

1937 ജനുവ​രി​യിൽ മാതാ​പി​താ​ക്കൾ എന്നെ റഷ്യൻ റിപ്പബ്ലി​ക്കായ ടാടർസ്റ്റാ​ന്റെ തലസ്ഥാ​ന​മായ കാസൻ നഗരത്തി​ലെ ചില വൈദ്യ​ശാ​സ്‌ത്ര വിദഗ്‌ധ​രു​ടെ അടുക്കൽ കൊണ്ടു​പോ​യി. ഈ സമയമാ​യ​പ്പോ​ഴേ​ക്കും “മമ്മാ”, “പപ്പാ”, “ബബൂഷ്‌കാ” (മുത്തശ്ശി) എന്നിങ്ങനെ ചില വാക്കു​ക​ളൊ​ക്കെ ഞാൻ പറയാൻ തുടങ്ങി​യി​രു​ന്നു. അതു​പോ​ലെ എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ പേരു​ക​ളും എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പരി​ശോ​ധ​ന​യ്‌ക്കു ശേഷം, എനിക്ക്‌ ഒരു വർഷത്തെ ആയുസ്സേ ഉള്ളൂ എന്ന്‌ ഡോക്ടർമാർ വിധി​യെ​ഴു​തി. അതു​കൊണ്ട്‌ എന്നെ മരിക്കാൻ അനുവ​ദി​ച്ചിട്ട്‌ വൈദ്യ​ശാ​സ്‌ത്ര വിദ്യാർഥി​കൾക്കുള്ള ഒരു പഠനവ​സ്‌തു എന്ന നിലയിൽ ഒരു ഗ്ലാസ്‌ ഫ്‌ളാ​സ്‌കിൽ സൂക്ഷി​ക്കാൻ അവർ നിർദേ​ശി​ച്ചു. എന്നാൽ അതു സാധ്യമല്ല എന്നു പറയാൻ എന്റെ പ്രിയ​പ്പെട്ട മാതാ​പി​താ​ക്കൾക്കു രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കേണ്ടി വന്നില്ല. അതിനു ഞാൻ അവരോട്‌ എത്ര നന്ദിയു​ള്ള​വ​നാ​ണെ​ന്നോ!

ദുരി​ത​പൂർണ​മായ ബാല്യ​കാ​ലം

ഓർമ​വെച്ച നാൾ മുതൽ വേദന തിന്നാത്ത ഒരു ദിവസം പോലും എന്റെ ജീവി​ത​ത്തിൽ ഉണ്ടായി​രു​ന്നി​ട്ടില്ല. എന്നാൽ കൊച്ചു കുട്ടി​യാ​യി​രു​ന്ന​പ്പോൾ പോലും ക്രിയാ​ത്മ​ക​മായ ഒരു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കാൻ ഞാൻ ശ്രമി​ച്ചി​രു​ന്നു, കൂടെ​ക്കൂ​ടെ ചിരി​ക്കാ​നും ജീവിതം ആസ്വദി​ക്കാ​നും ഞാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. ഈ കാഴ്‌ച​പ്പാട്‌ ഞാൻ ഇന്നേവരെ നിലനി​റു​ത്തി​യി​രി​ക്കു​ന്നു. ക്രമേണ എന്റെ അസ്ഥികൾ കൂടുതൽ ബലമുള്ളവ ആയിത്തീർന്നു. എഴു​ന്നേ​റ്റി​രി​ക്കാ​നും കുറച്ചു നേര​മൊ​ക്കെ മുട്ടി​ന്മേൽ ഇഴയാ​നും കഴിയും എന്ന സ്ഥിതി​യാ​യി. വളർച്ച മുരടിച്ച്‌, ഗുരു​ത​ര​മായ വൈക​ല്യം ബാധിച്ച അവസ്ഥയിൽ ആയിരു​ന്നെ​ങ്കി​ലും ഞാൻ പഠിക്കാൻ സമർഥ​നാ​യി​രു​ന്നു. അഞ്ചു വയസ്സാ​യ​പ്പോ​ഴേ​ക്കും ഞാൻ എഴുതാ​നും വായി​ക്കാ​നു​മൊ​ക്കെ പഠിച്ചു.

1941 മേയിൽ അമ്മ എന്നെ വീണ്ടും പള്ളിയിൽ കൊണ്ടു​പോ​യി. അവിടെ ധാരാളം ഭക്തജനങ്ങൾ ഉണ്ടായി​രു​ന്നു. അവരെ​ല്ലാം മുട്ടു​കു​ത്തി നിന്നു പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. ഒരു സേവക വന്നിട്ട്‌ അമ്മ അങ്ങനെ ചെയ്യാ​ത്ത​തി​ന്റെ കാരണം ആരാഞ്ഞു. രോഗി​യായ എന്നെ കാണിച്ചു കൊടു​ത്ത​പ്പോൾ ആ സ്‌ത്രീ നേരെ പുരോ​ഹി​തന്റെ അടുക്കൽ ചെന്ന്‌ എന്തോ പറഞ്ഞു. തിരിച്ചു വന്നിട്ട്‌ അവർ ഞങ്ങളെ വാതി​ലി​ന​ടു​ത്തേക്കു കൊണ്ടു​പോ​യി. എന്നെ വെളി​യി​ലി​രു​ത്തി​യിട്ട്‌ അകത്തേക്കു വരാൻ അവർ അമ്മയോ​ടു പറഞ്ഞു. എന്റെ മാതാ​പി​താ​ക്കൾ ചെയ്‌ത പാപങ്ങൾ നിമിത്തം “അശുദ്ധ​നാ​യവൻ” എന്നെ അവർക്കു നൽകി​യ​താ​ണ​ത്രെ. നിറക​ണ്ണു​ക​ളോ​ടെ അമ്മ വീട്ടി​ലേക്കു മടങ്ങി. ഈ സംഭവം കുറെ കാല​ത്തേക്ക്‌ എന്റെ മനസ്സിൽ തങ്ങിനി​ന്നു. ഞാൻ ചിന്തിച്ചു, ‘ആരാണ്‌ ഈ “അശുദ്ധ​നാ​യവൻ”?’

1948-ൽ എനിക്കു പന്ത്രണ്ട്‌ വയസ്സു​ള്ള​പ്പോൾ അമ്മ എന്നെ വീട്ടിൽ നിന്ന്‌ ഏകദേശം 80 കിലോ​മീ​റ്റർ അകലെ​യുള്ള ചൂവാഷ്‌ റിപ്പബ്ലി​ക്കി​ലെ മെറെങ്കീ ഗ്രാമ​ത്തി​ലേക്കു കൊണ്ടു​പോ​യി. രോഗങ്ങൾ സുഖ​പ്പെ​ടു​ത്താൻ കഴിവുള്ള ചില നീരു​റ​വകൾ അവിടെ ഉള്ളതായി പറയ​പ്പെ​ട്ടി​രു​ന്നു. ആ വെള്ളത്തിന്‌ എന്റെയും രോഗം മാറ്റാൻ കഴി​ഞ്ഞേ​ക്കു​മെന്ന്‌ അമ്മ പ്രത്യാ​ശി​ച്ചു. സൗഖ്യ​മാ​കു​ന്ന​തി​നു ചില നിബന്ധ​ന​ക​ളൊ​ക്കെ പാലി​ക്കേ​ണ്ട​തു​ണ്ടെന്നു പുരോ​ഹി​ത​ന്മാർ പറഞ്ഞു. അവയിൽ, മൂന്നു ദിവസം ഭക്ഷണം കഴിക്കാ​തി​രി​ക്കു​ന്ന​തും പള്ളിയിൽ പോയി കുർബാന കൈ​ക്കൊ​ള്ളു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു. പള്ളിയിൽ വലിയ വിശ്വാ​സം ഒന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും അതെല്ലാം ചെയ്യാ​മെന്നു ഞാൻ സമ്മതിച്ചു. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം നീണ്ട, ദുർഘ​ട​മായ ഒരു യാത്ര​യാ​യി​രു​ന്നു അത്‌. എങ്കിലും പ്രകൃതി ഭംഗി​യെ​ല്ലാം ആസ്വദി​ച്ചു​കൊ​ണ്ടു സമയം തള്ളിനീ​ക്കാൻ ഞാൻ ശ്രമിച്ചു.

പള്ളിയിൽ നല്ല തിരക്കാ​യി​രു​ന്നു. അമ്മ എന്നെയും എടുത്തു​കൊ​ണ്ടു ജനക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ നീങ്ങവെ ഒരു അമ്മച്ചി എന്റെ നേരെ ഒരു മിഠായി നീട്ടി. ഞാനതു വാങ്ങി കീശയി​ലി​ട്ടു. കുർബാന കൈ​ക്കൊ​ള്ളാ​നുള്ള എന്റെ ഊഴം വന്നപ്പോൾ ആ അമ്മച്ചി വിളിച്ചു പറഞ്ഞു: “അച്ചോ, അവന്‌ കുർബാന കൊടു​ക്ക​രുത്‌! ഇപ്പം അവൻ ഒരു മിഠായി അകത്താ​ക്കി​യ​തേ​യു​ള്ളൂ!” മിഠായി എന്റെ പോക്ക​റ്റി​ലാ​ണെന്നു ഞാൻ പറഞ്ഞു. എന്നാൽ പുരോ​ഹി​തൻ ആക്രോ​ശി​ച്ചു: “ധിക്കാരി! കള്ളം പറയു​ന്നോ, അവനെ പിടിച്ചു പള്ളിയിൽ നിന്നു പുറത്താക്ക്‌!” എന്നിരു​ന്നാ​ലും, അടുത്ത ദിവസം മറ്റൊരു പുരോ​ഹി​തൻ എനിക്കു കുർബാന നൽകു​ക​യും “അത്ഭുത” ജലം എന്റെ മേൽ ഒഴിക്കു​ക​യും ചെയ്‌തു. എന്നാൽ അത്ഭുത​മൊ​ന്നും നടന്നില്ല. എന്റെ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ​ല്ലാം പഴയപ​ടി​തന്നെ നിലനി​ന്നു.

ബൗദ്ധിക നേട്ടങ്ങൾ

ഗുരു​ത​ര​മായ ശാരീ​രിക വൈക​ല്യ​ങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും കൗമാ​ര​പ്രാ​യ​ത്തിൽ ഞാൻ വിദ്യാ​ഭ്യാ​സ, ധൈഷ​ണിക പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രു​ന്നു. 1956-ൽ ഞാൻ കൊം​സൊ​മൊ​ളിൽ (യുവ കമ്മ്യൂ​ണിസ്റ്റ്‌ സഖ്യം) ഒരു അംഗമാ​യി. കുറച്ചു കഴിഞ്ഞ​പ്പോൾ ചില യുവാ​ക്കളെ ഞാൻ കൊം​സൊ​മൊൾ ചരിത്രം പഠിപ്പി​ക്കാൻ തുടങ്ങി. ഒരു വികലാം​ഗ സദനത്തി​ലെ ആഭ്യന്തര, സാംസ്‌കാ​രിക സമിതി അംഗമാ​യി​രു​ന്നു ഞാൻ. കൂടാതെ അവിടത്തെ റേഡി​യോ ഡയറക്ട​റും അനൗൺസ​റു​മാ​യി ഞാൻ സേവന​മ​നു​ഷ്‌ഠി​ച്ചു.

അതിനു പുറമേ അന്ധർക്കു വേണ്ടി​യുള്ള ഒരു മൊ​ബൈൽ കാസെറ്റ്‌ ലൈ​ബ്ര​റി​യു​ടെ സൂക്ഷി​പ്പു​കാ​രൻ എന്ന നിലയി​ലും ഞാൻ പ്രവർത്തി​ച്ചു. അതു​പോ​ലെ മദ്യവി​രുദ്ധ പ്രവർത്ത​ന​ങ്ങൾക്കാ​യുള്ള ന്യായാ​ധിപ കമ്മീഷ​നി​ലേക്ക്‌ എന്നെ തിര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. കൂടാതെ ഒരു അമച്ച്വർ ആർട്ടിസ്റ്റ്‌ ക്ലബ്ബിലും ഞാൻ അംഗമാ​യി​രു​ന്നു. അവിടെ ഞാൻ പാടു​ക​യും വ്യത്യസ്‌ത സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കു​ക​യും ചെയ്‌തി​രു​ന്നു.

വികലാം​ഗ സദനത്തിൽ

1957-ൽ എനിക്ക്‌ 21 വയസ്സാ​യ​പ്പോൾ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നിമിത്തം ഒരു വികലാം​ഗ സദനത്തിൽ കഴിയാ​തെ നിവൃ​ത്തി​യി​ല്ലെ​ന്നാ​യി. എന്നാൽ അവി​ടെ​യും അടിയ​റവു പറയാൻ ഞാൻ തയ്യാറ​ല്ലാ​യി​രു​ന്നു. 1963 ഒക്‌ടോ​ബ​റിൽ ഞാൻ മോസ്‌കോ​യി​ലെ പ്രോ​സ്‌തെ​റ്റിക്‌ സയൻസ്‌ റിസർച്ച്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടിൽ പോയി. അവിടെ എന്റെ കാലുകൾ നേരെ​യാ​ക്കു​ന്ന​തിന്‌ ഞാൻ 18 ശസ്‌ത്ര​ക്രി​യ​കൾക്കു വിധേ​യ​നാ​യി.

എന്റെ കാലുകൾ നിവർത്തുക എന്നതാ​യി​രു​ന്നു അവർ ആദ്യം ചെയ്‌തത്‌. എന്നിട്ട്‌ എട്ടു ദിവസം കഴിഞ്ഞ്‌ ശസ്‌ത്ര​ക്രിയ നടത്തി. അതിനെ തുടർന്ന്‌ കാലു​കൾക്കു പ്ലാസ്റ്ററി​ട്ടു, അടുത്ത ശസ്‌ത്ര​ക്രിയ വരെ എല്ലുക​ളു​ടെ സ്ഥാനം തെറ്റാ​തി​രി​ക്കാൻ വേണ്ടി​യാ​യി​രു​ന്നു അത്‌. ഞാൻ അനുഭ​വി​ക്കുന്ന വേദന കണ്ട്‌ നേഴ്‌സ്‌ കരയു​മാ​യി​രു​ന്നു.

അടുത്ത നാലു മാസത്തി​നു​ള്ളിൽ ക്രച്ചസ്സ്‌ ഉപയോ​ഗി​ച്ചു ഞാൻ നടന്നു തുടങ്ങി. അവയുടെ സഹായ​ത്താൽ എഴു​ന്നേറ്റു നിൽക്കു​മ്പോൾ എനിക്കു മൂന്നര അടി​യോ​ളം പൊക്കം ഉണ്ട്‌. എന്റെ തൂക്കമാ​കട്ടെ 25 കിലോ​ഗ്രാ​മി​ലും അൽപ്പം കൂടു​തലേ ഉള്ളൂ. ക്രച്ചസ്സ്‌ ഉപയോ​ഗി​ച്ചു നന്നായി നടക്കാൻ പഠിച്ച​തി​നു ശേഷം 1964-ൽ ഞാൻ വികലാം​ഗ സദനത്തി​ലേക്കു മടങ്ങി. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, എന്റെ ശോഷിച്ച കാലു​കൾക്കു ശരീര​ഭാ​രം താങ്ങാ​നുള്ള ശേഷി ഉണ്ടായി​രു​ന്നില്ല. അധികം താമസി​യാ​തെ എന്റെ അവസ്ഥ വീണ്ടും പഴയപ​ടി​യാ​യി. എങ്ങോ​ട്ടെ​ങ്കി​ലും പോക​ണ​മെ​ങ്കിൽ ഒന്നുകിൽ ചക്രക്ക​സേ​രയെ അഭയം പ്രാപി​ക്ക​ണ​മാ​യി​രു​ന്നു, അല്ലെങ്കിൽ മുട്ടി​ന്മേൽ ഇഴയു​കയേ നിവൃത്തി ഉണ്ടായി​രു​ന്നു​ള്ളൂ. ഇന്നും എന്റെ മുഖ്യ ആശ്രയം ചക്രക്ക​സേര തന്നെ.

നേരത്തേ വിവരിച്ച സംഭവ​ത്തി​നു ശേഷം പിന്നെ​യൊ​രി​ക്ക​ലും ഞാൻ പള്ളിയു​ടെ പടി കണ്ടിട്ടില്ല. ‘അശുദ്ധ​നാ​യ​വ​നിൽ’ നിന്നാണ്‌ ഞാൻ ജനിച്ചത്‌ എന്ന പ്രസ്‌താ​വന എന്റെ മനസ്സിനെ നോവി​ച്ചു​കൊ​ണ്ടി​രു​ന്നു. ഞാൻ എന്റെ പപ്പയെ​യും മമ്മയെ​യും അതിയാ​യി സ്‌നേ​ഹി​ച്ചി​രു​ന്നു. അവരോ ദൈവ​മോ ആണ്‌ എന്റെ അവസ്ഥയ്‌ക്ക്‌ ഉത്തരവാ​ദി​ക​ളെന്ന ആശയം എനിക്ക്‌ ഉൾക്കൊ​ള്ളാൻ കഴിഞ്ഞില്ല. ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും പ്രസന്നത കൈവി​ടാ​തി​രി​ക്കാൻ ഞാൻ ശ്രമിച്ചു. മറ്റുള്ള​വർക്കു നന്മ ചെയ്യാൻ ഞാൻ ആഗ്രഹി​ച്ചു. എന്നാൽ എല്ലാറ്റി​ലും ഉപരി എനിക്കും അങ്ങനെ​യൊ​ക്കെ ചെയ്യാൻ കഴിയു​മെന്ന്‌ എന്നെത്തന്നെ ബോധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എന്റെ ആവശ്യം.

പരസഹാ​യം കൂടാ​തെ​യുള്ള ജീവിതം

1970-ൽ ലിഡി​യയെ ഞാൻ എന്റെ ജീവിത സഖിയാ​ക്കി. കുട്ടി​ക്കാ​ലത്തു തന്നെ അവളുടെ ശരീരം ഭാഗി​ക​മാ​യി തളർന്നു പോയി​രു​ന്നു. ഞങ്ങൾ ഒരു കൊച്ചു വീടു വാങ്ങി. 15 വർഷം ഞങ്ങൾ അവിടെ താമസി​ച്ചു. ആ സമയത്തു ഞങ്ങളി​രു​വ​രും ജോലി ചെയ്‌തി​രു​ന്നു. വാച്ചും റേഡി​യോ​യും ഒക്കെ നന്നാക്കാൻ ഞാൻ പഠിച്ചു.

എനിക്കു രണ്ടു നായ്‌ക്കൾ ഉണ്ടായി​രു​ന്നു—വുൾക്കാ​നും പാമയും. അതിൽ പാമയ്‌ക്കു പ്രത്യേക പരിശീ​ലനം നൽകി​യി​രു​ന്നു. വിലപ്പെട്ട പല സഹായ​ങ്ങ​ളും അവൾ എനിക്കു ചെയ്‌തു തന്നിരു​ന്നു. സാധനങ്ങൾ വഹിച്ചു​കൊ​ണ്ടു പോകു​ന്ന​തി​നു വേണ്ടി അവൾക്കു തുകൽ കൊണ്ടുള്ള ഒരു പ്രത്യേക കോട്ട്‌ ഞാനും ഒരു നായപ​രി​ശീ​ല​ക​നും കൂടി ഉണ്ടാക്കി കൊടു​ത്തു. കടയിൽ ചെല്ലു​മ്പോൾ സാധനങ്ങൾ എടുത്തു തന്നിരു​ന്നത്‌ അവളാണ്‌. അവൾക്കാ​കെ ഇഷ്ടമി​ല്ലാഞ്ഞ ഒരു കാര്യം പണമട​യ്‌ക്കാൻ ക്യൂവിൽ നിൽക്കു​ന്ന​താ​യി​രു​ന്നു. എന്റെ പേഴ്‌സ്‌ അവൾ കടിച്ചു പിടി​ക്കു​മാ​യി​രു​ന്നു. അതു​പോ​ലെ സാധനങ്ങൾ വാങ്ങുന്ന സഞ്ചി അവളുടെ ബെൽറ്റി​ലുള്ള ഒരു ചെറിയ കൊളു​ത്തി​ലാ​യി​രു​ന്നു തൂക്കി​യി​ട്ടി​രു​ന്നത്‌. പാമ അനേകം വർഷം എന്റെ വിശ്വസ്‌ത സഹചാ​രി​യാ​യി​രു​ന്നു.

1973-ൽ അമ്മയ്‌ക്കു തീരെ സുഖമി​ല്ലാ​താ​യി. ഞാൻ എപ്പോ​ഴും വീട്ടിൽത്തന്നെ ഉണ്ടായി​രു​ന്ന​തി​നാൽ അമ്മയെ ഞങ്ങളുടെ അടു​ത്തേക്കു കൊണ്ടു​പോ​രാൻ ഞാനും ഭാര്യ​യും തീരു​മാ​നി​ച്ചു. ആ സമയം ആയപ്പോ​ഴേ​ക്കും അച്ഛനെ​യും എന്റെ അഞ്ചു ചേട്ടന്മാ​രെ​യും എനിക്കു മരണത്തിൽ നഷ്ടമാ​യി​രു​ന്നു. ബാക്കി​യുള്ള മൂന്നു പേർ റഷ്യയു​ടെ വ്യത്യസ്‌ത ഭാഗങ്ങ​ളി​ലാ​യാ​ണു താമസി​ച്ചി​രു​ന്നത്‌. ഞങ്ങളോ​ടൊ​പ്പം താമസി​ച്ചി​രുന്ന സമയത്ത്‌ എന്നാലാ​കു​ന്നത്‌ അമ്മയ്‌ക്കു ചെയ്‌തു കൊടു​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ച്ചി​രു​ന്നു. 85-ാമത്തെ വയസ്സിൽ അമ്മ മരിച്ചു.

എന്റെ ആവശ്യ​ങ്ങൾക്ക്‌ അനു​യോ​ജ്യ​മായ ഒരു വണ്ടി രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കാൻ 1978-ൽ ഞാൻ തീരു​മാ​നി​ച്ചു. പല വണ്ടിക​ളിൽ പരീക്ഷ​ണങ്ങൾ നടത്തിയ ശേഷം ഒടുവിൽ ഒരെണ്ണം ഞാൻ ശരിയാ​ക്കി​യെ​ടു​ത്തു. ഡ്രൈ​വിങ്‌ ടെസ്റ്റ്‌ പാസാ​കു​ന്ന​പക്ഷം വണ്ടി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന വാഹന പരി​ശോ​ധ​ക​സ​മി​തി അനുമതി നൽകി. ഞാനതിന്‌ ഒസാ (കടന്നൽ) എന്നു പേരിട്ടു. അതിൽ ഘടിപ്പി​ക്കു​ന്ന​തി​നു വേണ്ടി ഒരു ചെറിയ ട്രെയി​ലർ കൂടി ഞങ്ങൾ ഉണ്ടാക്കി. അതിൽ 300 കിലോ​ഗ്രാം വരെ ഭാരം കയറ്റാ​മാ​യി​രു​ന്നു. യാത്ര ചെയ്യു​മ്പോൾ സാധനങ്ങൾ കൂടെ കൊണ്ടു​പോ​കു​ന്ന​തും അതു സാധ്യ​മാ​ക്കി​ത്തീർത്തു. ഈ മോ​ട്ടോർ വാഹനം 1985 വരെ ഞങ്ങൾ ഉപയോ​ഗി​ച്ചു.

ഈ സമയം ആയപ്പോ​ഴേ​ക്കും എന്റെ ഇടത്തെ കണ്ണിന്റെ കാഴ്‌ച പൂർണ​മാ​യും നഷ്ടപ്പെ​ട്ടി​രു​ന്നു, വലത്തെ കണ്ണിന്റെ കാഴ്‌ച കുറഞ്ഞു​വ​രി​ക​യും ആയിരു​ന്നു. പിന്നെ ലിഡി​യ​യ്‌ക്ക്‌ ഹൃദയ സംബന്ധ​മായ തകരാ​റു​ക​ളും ഉണ്ടായി. ഇതെല്ലാം കാരണം 1985 മേയിൽ ഡിമി​റ്റ്രോ​ഫ്‌ഗ്രാറ്റ്‌ നഗരത്തി​ലെ ഒരു വികലാം​ഗ സദനത്തി​ലേക്കു ഞങ്ങൾ താമസം മാറ്റി.

എന്റെ ജീവിതം ഇപ്പോൾ ഇത്ര സന്തുഷ്ട​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

1990-ലെ വേനൽക്കാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ ഞങ്ങൾ താമസി​ച്ചി​രുന്ന വികലാം​ഗ സദനം സന്ദർശി​ച്ചു. അവർ പഠിപ്പിച്ച കാര്യ​ങ്ങ​ളിൽ എനിക്കു വളരെ താത്‌പ​ര്യം തോന്നി. ജന്മനാ കുരു​ട​നാ​യി​രുന്ന ഒരു വ്യക്തിയെ കുറി​ച്ചുള്ള വിവരണം യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ നിന്ന്‌ അവർ എനിക്കു കാണിച്ചു തന്നു. അവനെ കുറിച്ച്‌ യേശു പറഞ്ഞു: “അവൻ എങ്കിലും അവന്റെ അമ്മയപ്പ​ന്മാ​രെ​ങ്കി​ലും പാപം ചെയ്‌തി​ട്ടില്ല.” (യോഹ​ന്നാൻ 9:1-3) പാപവും രോഗ​വും നമ്മുടെ പൂർവി​ക​നായ ആദാമിൽ നിന്നു നാം അവകാ​ശ​പ്പെ​ടു​ത്തി​യ​താ​ണെന്ന്‌ അവർ വിശദീ​ക​രി​ച്ചു.—റോമർ 5:12.

തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ ഭൂമി​യിൽ പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മ്പോൾ അവിടെ ജീവി​ക്കാൻ യോഗ്യത നേടുന്ന ഏവരെ​യും ദൈവം പൂർണ​മാ​യും സുഖ​പ്പെ​ടു​ത്തും എന്ന വസ്‌തു​ത​യാണ്‌ എന്നെ ഏറ്റവും സ്‌പർശി​ച്ചത്‌. (സങ്കീർത്തനം 37:11, 29; ലൂക്കൊസ്‌ 23:43; വെളി​പ്പാ​ടു 21:3-5) സന്തോഷം കൊണ്ട്‌ എന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. ഞാൻ എന്നോടു തന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു, അതേ സത്യം, സത്യം തന്നെ!” ഒരു വർഷം യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ഞാൻ ബൈബിൾ പഠിച്ചു. അതിനു​ശേഷം, 1991-ൽ യഹോ​വ​യാം ദൈവ​ത്തി​നുള്ള എന്റെ സമർപ്പണം ഞാൻ ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി.

യഹോ​വ​യെ സേവി​ക്കാ​നും അവന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങളെ കുറിച്ചു പ്രസം​ഗി​ക്കാ​നു​മുള്ള ശക്തമായ ആഗ്രഹം മനസ്സിൽ വളർന്നു​വ​ന്നെ​ങ്കി​ലും വളരെ​യേറെ തടസ്സങ്ങൾ എനിക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​താ​യി വന്നു. മുമ്പൊ​ക്കെ കാര്യ​മാ​യി യാത്ര ചെയ്യേണ്ട ആവശ്യ​മൊ​ന്നും എനിക്ക്‌ ഇല്ലായി​രു​ന്നു. എന്നാൽ ഇപ്പോൾ എന്റെ വിശ്വാ​സം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തിന്‌ ഞാൻ വെളി​യിൽ പോ​കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ എന്റെ ആദ്യത്തെ പ്രസംഗ പ്രദേശം ഞാൻ താമസി​ച്ചി​രുന്ന വികലാം​ഗ സദനം തന്നെയാ​യി​രു​ന്നു. അവിടെ 300 വ്യക്തികൾ ഉണ്ടായി​രു​ന്നു. ആഭ്യന്തര കാര്യങ്ങൾ കൈകാ​ര്യം ചെയ്യുന്ന വിഭാ​ഗ​ത്തിൽ എന്നെ നിയമി​ക്കാൻ ഞാൻ അധികാ​രി​ക​ളോട്‌ അഭ്യർഥി​ച്ചു. കാരണം, അവി​ടെ​യാ​യാൽ വളരെ​യ​ധി​കം ആളുക​ളു​മാ​യി എനിക്കു സമ്പർക്ക​ത്തിൽ വരാൻ സാധി​ക്കു​മാ​യി​രു​ന്നു.

എന്നും രാവിലെ ഞാൻ ഓഫീ​സിൽ പോകു​ക​യും എന്റെ ജോലി​യെ​ല്ലാം ഭംഗി​യാ​യി നിർവ​ഹി​ക്കു​ക​യും ചെയ്യുന്നു. ഈ ജോലി​ക്കി​ട​യിൽ പുതിയ അനേകം സുഹൃ​ത്തു​ക്കളെ നേടാ​നും എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. അവരു​മാ​യെ​ല്ലാം രസകര​മായ ബൈബിൾ ചർച്ചകൾ നടത്താൻ എനിക്കു സാധി​ച്ചി​രി​ക്കു​ന്നു. അവരിൽ അനേക​രും ബൈബിൾ പഠനസ​ഹാ​യി​കൾ സ്വീക​രി​ച്ചി​ട്ടുണ്ട്‌. ബൈബി​ളിൽ നിന്നും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ നിന്നും വായിച്ചു കേൾക്കു​ന്നത്‌ എന്റെ സന്ദർശ​കർക്ക്‌ ഇപ്പോൾ പുത്തരി​യല്ല. മിക്ക​പ്പോ​ഴും ഉച്ചയ്‌ക്കത്തെ ഇടവേ​ള​യ്‌ക്ക്‌ ഞങ്ങളുടെ മുറി സൂചി​കു​ത്താൻ ഇടമി​ല്ലാ​ത്ത​വണ്ണം ആളുക​ളെ​ക്കൊ​ണ്ടു നിറഞ്ഞി​രി​ക്കും.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിലെ എന്റെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പ്രസംഗ വേലയിൽ എന്നെ വളരെ​യ​ധി​കം സഹായി​ച്ചി​രി​ക്കു​ന്നു. അവർ എന്നോ​ടും ഭാര്യ​യോ​ടു​മൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നു, എനിക്കു ബൈബിൾ സാഹി​ത്യ​ങ്ങൾ എത്തിച്ചു തരുന്നു. കൂടാതെ, രാജ്യ​ഹാ​ളിൽ യോഗ​ങ്ങൾക്കു പോകാ​നും അവരെന്നെ സഹായി​ക്കു​ന്നു. എന്നെ കൂടെ കൊണ്ടു​പോ​കാൻ വേണ്ടി​ത്തന്നെ ഒരു സഹോ​ദരൻ സൈഡ്‌കാർ ഉള്ള ഒരു മോ​ട്ടോർ​സൈ​ക്കിൾ വാങ്ങി. ശൈത്യ​കാല മാസങ്ങ​ളി​ലാ​കട്ടെ കാറുള്ള സഹോ​ദ​രങ്ങൾ എന്നെ സന്തോ​ഷ​ത്തോ​ടെ അവരോ​ടൊ​പ്പം കൊണ്ടു​പോ​കു​ന്നു.

ഈ സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുത​ലു​ക​ളു​ടെ ഫലമായി എനിക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമ്മേള​ന​ങ്ങ​ളിൽ സംബന്ധി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. ഇതി​നോ​ടകം അത്തരം ഒരു ഡസനി​ലേറെ വിദ്യാ​ഭ്യാ​സ സെമി​നാ​റു​ക​ളിൽ ഞാൻ പങ്കെടു​ത്തി​ട്ടുണ്ട്‌. 1993 ജൂ​ലൈ​യിൽ മോസ്‌കോ​യിൽ വെച്ചു നടത്തിയ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നാണ്‌ ഞാൻ ആദ്യമാ​യി കൂടി​യത്‌. 30 രാജ്യ​ങ്ങ​ളിൽ നിന്നുള്ള പ്രതി​നി​ധി​കൾ ഉണ്ടായി​രുന്ന ആ കൺ​വെൻ​ഷന്റെ അത്യുച്ച ഹാജർ 23,743 ആയിരു​ന്നു. അതിൽ സംബന്ധി​ക്കു​ന്ന​തി​നാ​യി എനിക്ക്‌ 1,000 കിലോ​മീ​റ്റ​റോ​ളം യാത്ര ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതിനു​ശേഷം ഇതേവരെ ഞാൻ ഒരൊറ്റ കൺ​വെൻ​ഷൻ പോലും മുടക്കി​യി​ട്ടില്ല.

വികലാം​ഗ സദനത്തി​ലെ ഭാരവാ​ഹി​കൾ എന്നോടു നല്ല ആദര​വോ​ടെ പെരു​മാ​റു​ന്നു. അതിനു ഞാൻ അവരോ​ടു നന്ദിയു​ള്ള​വ​നാണ്‌. എന്റെ മത വിശ്വാ​സ​ങ്ങ​ളോ​ടു യോജി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഭാര്യ ലിഡിയ കഴിഞ്ഞ 30 വർഷമാ​യി എനിക്കു താങ്ങും തണലു​മാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ എല്ലാറ്റി​ലും ഉപരി യഹോവ തന്റെ ബലിഷ്‌ഠ​മായ കരങ്ങളാൽ എന്നെ താങ്ങു​ക​യും അത്ഭുത​ക​ര​മായ അനു​ഗ്ര​ഹങ്ങൾ കോരി​ച്ചൊ​രി​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 1997 സെപ്‌റ്റം​ബർ 1-ന്‌ എന്നെ ഒരു പയനി​യ​റാ​യി—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സമയ ശുശ്രൂ​ഷകർ അങ്ങനെ​യാണ്‌ അറിയ​പ്പെ​ടു​ന്നത്‌—നിയമി​ച്ചു.

എന്റെ ഹൃദയ​മി​ടി​പ്പു നിലയ്‌ക്കു​ക​യും ജീവി​ത​ത്തി​നു തിരശ്ശീല വീഴു​ക​യും ചെയ്യു​മാ​യി​രുന്ന എത്ര​യെത്ര സന്ദർഭങ്ങൾ എന്റെ ജീവി​ത​ത്തിൽ ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ അപ്പോൾ അങ്ങനെ​യൊ​ന്നും സംഭവി​ക്കാ​തെ ജീവന്റെ ഉറവായ യഹോ​വ​യാം ദൈവത്തെ അറിയാ​നും സ്‌നേ​ഹി​ക്കാ​നു​മുള്ള അവസരം ലഭിച്ച​തിൽ ഞാൻ എത്രയോ സന്തുഷ്ട​നാണ്‌! അവസാന ശ്വാസം വരെയും യഹോ​വയെ സേവി​ക്കു​ന്ന​തിൽ എന്റെ ലോക​വ്യാ​പക ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം തുടരണം എന്നതാണ്‌ എന്റെ ആഗ്രഹം.

[20-ാം പേജിലെ ചിത്രം]

ഭാര്യ ലിഡി​യ​യു​മൊത്ത്‌

[21-ാം പേജിലെ ചിത്രം]

വികലാംഗ സദനത്തിൽ ഒരു വ്യക്തിയെ പഠിപ്പി​ക്കു​ന്നു