വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 14

വടക്കു​നി​ന്നുള്ള ഒരു ആക്രമണം

വടക്കു​നി​ന്നുള്ള ഒരു ആക്രമണം

“ശക്തരായ ഒരു ജനത എന്റെ ദേശ​ത്തേക്കു വന്നിരി​ക്കു​ന്നു.”​—യോവേ. 1:6.

ഗീതം 95 വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു

പൂർവാവലോകനം *

1. റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും എങ്ങനെ​യാ​ണു ബൈബിൾ പഠിച്ചി​രു​ന്നത്‌, അതു ഫലം കണ്ടോ?

നൂറി​ലേറെ വർഷങ്ങൾക്കു മുമ്പ്‌ സി.റ്റി. റസ്സൽ സഹോ​ദ​ര​നും മറ്റു ചിലരും ഒരുമിച്ച്‌ കൂടി​വന്ന്‌ ദൈവ​വ​ചനം പഠിക്കാൻ തുടങ്ങി. ദൈവ​മായ യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വി​നെ​യും അതു​പോ​ലെ മരിച്ച​വ​രു​ടെ അവസ്ഥ​യെ​യും മോച​ന​വി​ല​യെ​യും കുറിച്ച്‌ ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ കഴിയു​മോ എന്ന്‌ അറിയാൻ അവർ ആഗ്രഹി​ച്ചു. അവരുടെ പഠനരീ​തി ലളിത​മാ​യി​രു​ന്നു. ആരെങ്കി​ലും ഒരു ചോദ്യം ചോദി​ക്കും, എന്നിട്ട്‌ ആ വിഷയ​ത്തെ​ക്കു​റിച്ച്‌ പറയുന്ന എല്ലാ തിരു​വെ​ഴു​ത്തും അവർ നോക്കും. അവസാനം, മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അവർ എഴുതി​വെ​ക്കും. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ, വിശ്വ​സ്‌ത​രായ ആ ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർക്ക്‌ അനേകം അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ആ സത്യങ്ങൾ ഇന്നു നമുക്കും വില​യേ​റി​യ​താണ്‌.

2. ഒരു ബൈബിൾപ്ര​വ​ചനം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​മ്പോൾ തെറ്റായ നിഗമ​ന​ത്തിൽ എത്താൻ ഇടയാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

2 എന്നാൽ, ഒരു അടിസ്ഥാന ബൈബിൾസ​ത്യം മനസ്സി​ലാ​ക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാണ്‌ ഒരു ബൈബിൾപ്ര​വ​ചനം മനസ്സി​ലാ​ക്കി​യെ​ടു​ക്കു​ന്ന​തെന്ന്‌ അധികം വൈകാ​തെ ആ ബൈബിൾവി​ദ്യാർഥി​കൾ തിരി​ച്ച​റി​ഞ്ഞു. എന്തു​കൊണ്ട്‌? ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റുന്ന സമയത്തോ അല്ലെങ്കിൽ നിറ​വേ​റി​ക്ക​ഴി​ഞ്ഞോ ആണ്‌ പലപ്പോ​ഴും നമുക്ക്‌ അവ നന്നായി മനസ്സി​ലാ​ക്കാൻ കഴിയുക. ഇനി, ഒരു പ്രവചനം കൃത്യ​മാ​യി മനസ്സി​ലാ​ക​ണ​മെ​ങ്കിൽ നമ്മൾ ആ പ്രവചനം മുഴു​വ​നാ​യി പരി​ശോ​ധി​ക്കണം. സന്ദർഭം നോക്കാ​തെ പ്രവച​ന​ത്തി​ന്റെ ഏതെങ്കി​ലും ഒരു ഭാഗം മാത്ര​മാ​ണു നമ്മൾ ശ്രദ്ധി​ക്കു​ന്ന​തെ​ങ്കിൽ തെറ്റായ നിഗമ​ന​ത്തിൽ എത്താൻ സാധ്യ​ത​യുണ്ട്‌. യോവേൽ പുസ്‌ത​ക​ത്തി​ലെ ഒരു പ്രവച​ന​ത്തി​ന്റെ കാര്യ​ത്തിൽ ഇതാണു സംഭവി​ച്ച​തെന്നു തോന്നു​ന്നു. നമുക്ക്‌ ആ പ്രവചനം ഒന്നു പരി​ശോ​ധി​ക്കാം, അതെക്കു​റി​ച്ചുള്ള നമ്മുടെ ഇപ്പോ​ഴത്തെ ഗ്രാഹ്യ​ത്തിന്‌ ഒരു മാറ്റം ആവശ്യ​മാ​യി​വ​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നോക്കാം.

3-4. യോവേൽ 2:7-9-ലെ പ്രവചനം, നമ്മൾ ഇതുവരെ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കി​യി​രു​ന്നത്‌?

3 യോവേൽ 2:7-9 വായി​ക്കുക. വലിയ ഒരു കൂട്ടം വെട്ടു​ക്കി​ളി​കൾ ഇസ്രാ​യേൽ ദേശം നശിപ്പി​ക്കു​മെന്നു യോവേൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു. സിംഹ​ത്തി​ന്റേ​തു​പോ​ലെ പല്ലും താടി​യെ​ല്ലും ഉള്ള, ആർത്തി​പൂണ്ട ആ ജീവികൾ കണ്ണിൽ കണ്ടതെ​ല്ലാം തിന്ന്‌ മുന്നേ​റും. (യോവേ. 1:4, 6) യഹോ​വ​യു​ടെ ജനം, ആർക്കും തടയാ​നാ​കാത്ത വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ, പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തി​നെ​യാണ്‌ ഈ പ്രവചനം മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തെന്നു വർഷങ്ങ​ളാ​യി നമ്മൾ കരുതി​യി​രു​ന്നു. ഈ പ്രവർത്തനം മതനേ​താ​ക്ക​ന്മാ​രു​ടെ കീഴി​ലുള്ള ആളുകൾ അടങ്ങുന്ന ‘ദേശത്ത്‌’ വിനാശം വിതയ്‌ക്കും എന്നു നമ്മൾ വിചാ​രി​ച്ചു. *

4 യോവേൽ 2:7-9 മാത്രം വായി​ച്ചാൽ ഈ വിശദീ​ക​രണം ശരിയാ​ണെന്നു നമുക്കു തോന്നും. എന്നാൽ ഈ പ്രവച​ന​ത്തി​ന്റെ മുന്നി​ലും പിന്നി​ലും ഉള്ള വാക്യ​ങ്ങൾകൂ​ടി നോക്കു​മ്പോൾ നമ്മുടെ ഈ ഗ്രാഹ്യ​ത്തിന്‌ ഒരു മാറ്റം ആവശ്യ​മാ​ണെന്നു മനസ്സി​ലാ​കും. അങ്ങനെ പറയു​ന്ന​തി​ന്റെ നാലു കാരണങ്ങൾ നമുക്കു നോക്കാം.

ആ നാലു കാരണങ്ങൾ

5-6. (എ) യോവേൽ 2:20-നെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ, (ബി) യോവേൽ 2:25-നെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ, എന്തു സംശയം തോന്നി​യേ​ക്കാം?

5 ആദ്യമാ​യി, വെട്ടു​ക്കി​ളി​ബാ​ധ​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം നോക്കുക: “ഞാൻ വടക്കു​ള്ള​വനെ (വെട്ടു​ക്കി​ളി​കളെ) ദൂരേക്ക്‌ ഓടി​ക്കും.” (യോവേ. 2:20) പ്രസം​ഗി​ക്കാ​നും ശിഷ്യ​രാ​ക്കാ​നും ഉള്ള യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യാ​ണു വെട്ടു​ക്കി​ളി​കൾ അർഥമാ​ക്കു​ന്ന​തെ​ങ്കിൽ, അവരെ ഓടി​ച്ചു​ക​ള​യും എന്ന്‌ യഹോവ പറയു​മെന്നു തോന്നു​ന്നു​ണ്ടോ? (യഹ. 33:7-9; മത്താ. 28:19, 20) വ്യക്തമാ​യും യഹോവ ഓടി​ച്ചു​ക​ള​യു​ന്നതു തന്റെ വിശ്വ​സ്‌ത​രായ ദാസ​രെയല്ല. പകരം തന്റെ ജനത്തോ​ടു ശത്രു​ത​യുള്ള ആരെയോ അല്ലെങ്കിൽ എന്തി​നെ​യോ ആണ്‌.

6 രണ്ടാമ​താ​യി, യോവേൽ 2:25-ലെ പ്രവചനം നോക്കാം. യഹോവ പറയുന്നു: “കൂട്ടമാ​യി വന്ന വെട്ടു​ക്കി​ളി​ക​ളും ചിറകു വരാത്ത വെട്ടു​ക്കി​ളി​ക​ളും കൊതി​മൂത്ത വെട്ടു​ക്കി​ളി​ക​ളും ആർത്തി​പൂണ്ട വെട്ടു​ക്കി​ളി​ക​ളും തിന്നു​മു​ടിച്ച വർഷങ്ങൾക്ക്‌, എന്റെ ആ വലിയ സൈന്യ​ത്തെ നിങ്ങൾക്കി​ട​യി​ലേക്ക്‌ അയച്ച വർഷങ്ങൾക്ക്‌, ഞാൻ നഷ്ടപരി​ഹാ​രം തരും.” വെട്ടു​ക്കി​ളി​കൾ വരുത്തി​വെച്ച നാശത്തിന്‌ യഹോവ “നഷ്ടപരി​ഹാ​രം തരും” എന്നു വാഗ്‌ദാ​നം ചെയ്യു​ന്നതു ശ്രദ്ധി​ക്കുക. വെട്ടു​ക്കി​ളി​കൾ രാജ്യ​സു​വി​ശേ​ഷ​ക​രാ​ണെ​ങ്കിൽ, അവർ അറിയി​ക്കുന്ന സന്ദേശം നാശം വരുത്തി​വെ​ക്കും എന്നായി​രി​ക്കി​ല്ലേ ഇത്‌ അർഥമാ​ക്കു​ന്നത്‌? പക്ഷേ, ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന ഈ സന്ദേശ​ത്തി​നു ദുഷ്ടരായ ചിലരിൽ നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതാണു സത്യം. (യഹ. 33:8, 19) അതു ശരിക്കും അവർക്ക്‌ ഒരു അനു​ഗ്ര​ഹ​മല്ലേ?

7. യോവേൽ 2:28, 29-ലെ “അതിനു ശേഷം” എന്ന വാക്കു​ക​ളു​ടെ പ്രസക്തി എന്താണ്‌?

7 യോവേൽ 2:28, 29 വായി​ക്കുക. മൂന്നാ​മത്തെ കാരണം നോക്കാം. അതു പ്രവച​ന​ത്തി​ലെ സംഭവ​ങ്ങ​ളു​ടെ ക്രമം ആണ്‌. യഹോവ പറയു​ന്നതു ശ്രദ്ധി​ച്ചോ: “അതിനു ശേഷം,” അതായത്‌, വെട്ടു​ക്കി​ളി​കൾ അവരുടെ ജോലി പൂർത്തി​യാ​ക്കി​യ​തി​നു ശേഷം, “ഞാൻ . . . എന്റെ ആത്മാവി​നെ പകരും.” വെട്ടു​ക്കി​ളി​കൾ രാജ്യ​സു​വി​ശേ​ഷ​ക​രാ​ണെ​ങ്കിൽ, അവരുടെ പ്രസം​ഗ​പ്ര​വർത്തനം പൂർത്തി​യാ​ക്കി​യ​തി​നു ശേഷം യഹോവ തന്റെ ആത്മാവി​നെ അവരുടെ മേൽ പകരു​ന്നത്‌ എന്തിനാണ്‌? സത്യത്തിൽ, ദൈവ​ത്തി​ന്റെ ശക്തമായ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താ​ലാ​ണു വർഷങ്ങ​ളാ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ അവർക്കു കഴിയു​ന്നത്‌, അല്ലെങ്കിൽ എതിർപ്പു​ക​ളും നിരോ​ധ​ന​വും ഒക്കെ വന്നപ്പോൾ അവരുടെ പ്രവർത്തനം നിന്നു​പോ​യേനേ.

ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോദരനും നേതൃത്വമെടുത്തിരുന്ന മറ്റ്‌ അഭിഷിക്തദാസരും ഈ ദുഷ്ടവ്യ​വ​സ്ഥി​തിക്ക്‌ എതി​രെ​യുള്ള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ ധൈര്യ​ത്തോ​ടെ പ്രഖ്യാ​പി​ച്ചു (8-ാം ഖണ്ഡിക കാണുക)

8. വെളി​പാട്‌ 9:1-11-ൽ പറയുന്ന വെട്ടു​ക്കി​ളി​കൾ ആരെയാണ്‌ അർഥമാ​ക്കു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

8 വെളി​പാട്‌ 9:1-11 വായി​ക്കുക. നമുക്ക്‌ ഇനി നാലാ​മത്തെ കാരണ​ത്തി​ലേക്കു പോകാം. യോവേൽ പ്രവച​ന​ത്തിൽ കാണുന്ന വെട്ടു​ക്കി​ളി​ബാധ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്നു നമ്മൾ നേരത്തേ പറഞ്ഞി​രു​ന്ന​തി​ന്റെ കാരണം സമാന​മായ ഒരു പ്രവചനം വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ഉള്ളതു​കൊ​ണ്ടാണ്‌. വെളി​പാ​ടി​ലെ പ്രവച​ന​ത്തി​ലും വെട്ടു​ക്കി​ളി​ക​ളു​ടെ ഒരു കൂട്ട​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. അവയ്‌ക്കു പുരു​ഷ​ന്മാ​രു​ടേ​തു​പോ​ലുള്ള മുഖവും ‘തലയിൽ സ്വർണ​കി​രീ​ടം​പോ​ലെ എന്തോ ഒന്നും’ ഉണ്ടായി​രു​ന്നു. (വെളി. 9:7) “നെറ്റി​യിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത മനുഷ്യ​രെ (ദൈവ​ത്തി​ന്റെ ശത്രു​ക്കളെ)” അവ അഞ്ചു മാസ​ത്തേക്കു ക്രൂര​മാ​യി ഉപദ്ര​വി​ക്കു​ന്നു. ഒരു വെട്ടു​ക്കി​ളി​യു​ടെ ശരാശരി ആയുർ​ദൈർഘ്യ​മാണ്‌ അഞ്ചു മാസം. (വെളി. 9:4, 5) ഈ പ്രവചനം ശരിക്കും യഹോ​വ​യു​ടെ അഭിഷി​ക്ത​ദാ​സ​രെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണു പറയു​ന്ന​തെന്നു തോന്നു​ന്നു. ഈ ദുഷ്ടവ്യ​വ​സ്ഥി​തിക്ക്‌ എതി​രെ​യുള്ള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ അവർ ധൈര്യ​ത്തോ​ടെ പ്രഖ്യാ​പി​ക്കു​ന്നു. അതുവഴി, ഈ വ്യവസ്ഥി​തി​യെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്ക്‌ അസ്വസ്ഥത തോന്നാൻ ഇടയാ​ക്കു​ന്നു.

9. യോ​വേ​ലി​ന്റെ പ്രവച​ന​ത്തി​ലെ​യും യോഹ​ന്നാ​ന്റെ ദർശന​ത്തി​ലെ​യും വെട്ടു​ക്കി​ളി​കൾ തമ്മിലുള്ള പ്രധാ​ന​പ്പെട്ട വ്യത്യാ​സങ്ങൾ എന്തൊ​ക്കെ​യാണ്‌?

9 യോഹ​ന്നാ​നു ലഭിച്ച വെളി​പാ​ടി​ലെ പ്രവച​ന​വും യോ​വേ​ലി​ന്റെ പ്രവച​ന​വും തമ്മിൽ ചില സമാന​ത​ക​ളു​ണ്ടെ​ന്നതു ശരിയാണ്‌. പക്ഷേ പ്രധാ​ന​പ്പെട്ട ചില വ്യത്യാ​സ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യോവേൽ പ്രവച​ന​ത്തി​ലെ വെട്ടു​ക്കി​ളി​കൾ സസ്യങ്ങൾ മുഴുവൻ നശിപ്പി​ക്കു​ന്നു. (യോവേ. 1:4, 6, 7) അതേസ​മയം യോഹ​ന്നാൻ കണ്ട ദർശന​ത്തിൽ, ‘ഭൂമി​യി​ലെ സസ്യങ്ങൾക്കു ദോഷം വരുത്ത​രുത്‌’ എന്നു വെട്ടു​ക്കി​ളി​ക​ളോ​ടു പറയുന്നു. (വെളി. 9:4) വെട്ടു​ക്കി​ളി​കൾ വടക്കു​നിന്ന്‌ വരുന്ന​താ​യി​ട്ടാ​ണു യോവേൽ കാണു​ന്നത്‌. (യോവേ. 2:20) എന്നാൽ യോഹ​ന്നാൻ കാണുന്നവ അഗാധ​ത്തിൽനി​ന്നാ​ണു വരുന്നത്‌. (വെളി. 9:1-3) യോ​വേ​ലി​ന്റെ പ്രവച​ന​ത്തിൽ, വെട്ടു​ക്കി​ളി​കളെ ഓടി​ച്ചു​ക​ള​യു​ന്ന​താ​യി പറയുന്നു. വെളി​പാ​ടിൽ, വെട്ടു​ക്കി​ളി​കളെ ഓടി​ച്ചു​ക​ള​യു​ന്നില്ല, പകരം അവയുടെ ജോലി പൂർത്തി​യാ​ക്കാൻ അവയെ അനുവ​ദി​ക്കു​ന്നു. അവയോട്‌ യഹോ​വ​യ്‌ക്ക്‌ എന്തെങ്കി​ലും അപ്രീ​തി​യു​ള്ള​താ​യി യാതൊ​രു സൂചന​യു​മില്ല.​—“ വെട്ടു​ക്കി​ളി​ക​ളെ​ക്കു​റി​ച്ചുള്ള രണ്ടു പ്രവച​നങ്ങൾ—വ്യത്യാ​സങ്ങൾ” എന്ന ചതുരം കാണുക.

10. യോ​വേ​ലി​ലെ​യും വെളി​പാ​ടി​ലെ​യും വെട്ടു​ക്കി​ളി​കൾക്കു രണ്ടു കാര്യ​ങ്ങളെ അർഥമാ​ക്കാൻ കഴിയു​മോ? അതു തെളി​യി​ക്കുന്ന ഒരു തിരു​വെ​ഴുത്ത്‌ ദൃഷ്ടാന്തം പറയുക.

10 രണ്ടു പ്രവച​നങ്ങൾ തമ്മിലുള്ള ഈ വ്യത്യാ​സങ്ങൾ നോക്കു​മ്പോൾ അവ തമ്മിൽ ബന്ധമി​ല്ലെന്നു നമുക്കു മനസ്സി​ലാ​ക്കാം. അതു​കൊണ്ട്‌ യോവേൽ പ്രവച​ന​ത്തി​ലെ വെട്ടു​ക്കി​ളി​ക​ളും വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ വെട്ടു​ക്കി​ളി​ക​ളും അർഥമാ​ക്കു​ന്നത്‌ ഒരേ കാര്യ​ത്തെയല്ല. അപ്പോൾ രണ്ടിട​ത്തും വെട്ടു​ക്കി​ളി എന്ന ഒരേ വാക്കു​തന്നെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തോ? ബൈബി​ളിൽ ചില​പ്പോൾ ഒരേ കാര്യം​തന്നെ പലതിനെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വെളി​പാട്‌ 5:5-ൽ യേശു​വി​നെ ‘യഹൂദാ​ഗോ​ത്ര​ത്തി​ലെ സിംഹം’ എന്നു വിളി​ച്ചി​രി​ക്കു​ന്നു. അതേസ​മയം 1 പത്രോസ്‌ 5:8-ൽ ‘അലറുന്ന സിംഹം’ എന്നു പിശാ​ചി​നെ​ക്കു​റി​ച്ചും പറയുന്നു. യോവേൽ പ്രവച​ന​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ ഇപ്പോ​ഴത്തെ ഗ്രാഹ്യ​ത്തി​നു ചില പൊരു​ത്ത​ക്കേ​ടു​ക​ളു​ള്ള​താ​യി ഇതുവ​രെ​യുള്ള ചർച്ചയിൽനിന്ന്‌ നമുക്കു മനസ്സി​ലാ​യി. അങ്ങനെ​യെ​ങ്കിൽ അതിന്റെ ശരിക്കുള്ള അർഥം എന്താണ്‌?

എന്താണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌?

11. യോവേൽ 1:6; 2:1, 8, 11 എന്നീ വാക്യങ്ങൾ വെട്ടു​ക്കി​ളി​കൾ ആരാ​ണെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ?

11 യോവേൽ പ്രവച​ന​ത്തി​ലെ മറ്റു വാക്യ​ങ്ങൾകൂ​ടി നോക്കു​മ്പോൾ, പ്രവാ​ചകൻ ഒരു സൈനിക ആക്രമ​ണ​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നെന്നു കാണാം. (യോവേ. 1:6; 2:1, 8, 11) അനുസ​ര​ണ​മി​ല്ലാത്ത ഇസ്രാ​യേ​ല്യ​രെ ശിക്ഷി​ക്കാൻ തന്റെ “വലിയ സൈന്യ​ത്തെ” (ബാബി​ലോ​ണി​ന്റെ പടയാ​ളി​കളെ) ഉപയോ​ഗി​ക്കു​മെന്ന്‌ യഹോവ പറഞ്ഞു. (യോവേ. 2:25) ഈ സൈന്യ​ത്തെ ‘വടക്കു​ള്ളവൻ’ എന്നു വിളി​ക്കാൻ കഴിയും. കാരണം ബാബി​ലോൺകാർ ഇസ്രാ​യേ​ലി​നെ ആക്രമി​ക്കു​ന്നതു വടക്കു​നി​ന്നാണ്‌. (യോവേ. 2:20) സംഘടി​ത​മാ​യി നീങ്ങുന്ന വെട്ടു​ക്കി​ളി​കൾപോ​ലെ​യാണ്‌ ആ സൈന്യം. അവരെ​ക്കു​റിച്ച്‌ യോവേൽ പറയുന്നു: “ഓരോ (പടയാ​ളി​യും) അവരവ​രു​ടെ വഴിയിൽത്തന്നെ മുന്നേ​റു​ന്നു. . . . നഗരത്തി​ലേക്ക്‌ അവർ പാഞ്ഞു​ക​യ​റു​ന്നു, മതിലി​നു മുകളി​ലൂ​ടെ ഓടുന്നു. അവർ വീടു​ക​ളി​ലേക്കു കയറുന്നു, കള്ളന്മാ​രെ​പ്പോ​ലെ ജനലി​ലൂ​ടെ അകത്ത്‌ കടക്കുന്നു.” (യോവേ. 2:8, 9) നിങ്ങൾക്ക്‌ അതൊന്നു സങ്കൽപ്പി​ക്കാ​മോ? പടയാ​ളി​കൾ എല്ലായി​ട​ത്തും നിറഞ്ഞി​രി​ക്കു​ന്നു. ഒളിക്കാൻ ഒരിട​വും ഇല്ല. ബാബി​ലോൺകാ​രു​ടെ കൈയിൽനിന്ന്‌ ആർക്കും രക്ഷപ്പെ​ടാൻ കഴിയില്ല!

12. വെട്ടു​ക്കി​ളി​ക​ളെ​ക്കു​റി​ച്ചുള്ള യോ​വേ​ലി​ന്റെ പ്രവചനം എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌?

12 ബി.സി. 607-ൽ ബാബി​ലോൺകാർ (കൽദയർ) വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ യരുശ​ലേം നഗരം ആക്രമി​ച്ചു. ആ ആക്രമണം ബൈബിൾ ഇങ്ങനെ​യാ​ണു വിവരി​ക്കു​ന്നത്‌: “കൽദയ​രാ​ജാവ്‌ . . . അവർക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു. യുവാ​ക്ക​ളോ​ടോ കന്യക​മാ​രോ​ടോ പ്രായ​മു​ള്ള​വ​രോ​ടോ അവശ​രോ​ടോ കരുണ കാണി​ച്ചില്ല. ദൈവം സകലവും കൽദയ​രാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പിച്ചു. കൽദയ​രാ​ജാവ്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനം തീയിട്ട്‌ നശിപ്പി​ച്ചു; യരുശ​ലേ​മി​ന്റെ മതിൽ ഇടിച്ചു​ക​ളഞ്ഞ്‌ അവിടത്തെ കോട്ട​മ​തി​ലുള്ള മന്ദിര​ങ്ങ​ളെ​ല്ലാം ചുട്ടെ​രി​ച്ചു; വിലപി​ടി​പ്പുള്ള സകലവും നശിപ്പി​ച്ചു​ക​ളഞ്ഞു.” (2 ദിന. 36:17, 19) ബാബി​ലോൺകാർ ദേശം നശിപ്പി​ച്ചു​ക​ഴി​യു​മ്പോൾ ആളുകൾ ഇങ്ങനെ പറയു​മാ​യി​രു​ന്നു: “മനുഷ്യ​നോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടു​ത്തി​രി​ക്കു​ക​യാണ്‌.”​—യിരെ. 32:43.

13. യിരെമ്യ 16:16, 18-ന്റെ അർഥം വിശദീ​ക​രി​ക്കുക.

13 യോവേൽ ഈ പ്രവചനം നടത്തി ഏകദേശം 200 വർഷത്തി​നു ശേഷം ഈ ആക്രമ​ണ​ത്തെ​ക്കു​റിച്ച്‌ മറ്റു ചില കാര്യങ്ങൾ മുൻകൂ​ട്ടി​പ്പ​റ​യാൻ യഹോവ യിരെ​മ്യ​യെ ഉപയോ​ഗി​ച്ചു. ആക്രമി​ക്കാൻ വരുന്നവർ, മോശ​മായ കാര്യങ്ങൾ ചെയ്യുന്ന ഇസ്രാ​യേ​ല്യർക്കു​വേണ്ടി ഒരു തിരച്ചിൽ നടത്തു​മെന്ന്‌ യഹോവ പറഞ്ഞു. അങ്ങനെ​യു​ള്ളവർ ഒടുവിൽ പിടി​ക്ക​പ്പെ​ടു​ക​യും ചെയ്യും. “‘ഇതാ ഞാൻ അനേകം മീൻപി​ടു​ത്ത​ക്കാ​രെ വരുത്തും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘മീൻ പിടി​ക്കു​ന്ന​തു​പോ​ലെ അവർ അവരെ പിടി​ക്കും. പിന്നെ ഞാൻ അനേകം നായാ​ട്ടു​കാ​രെ വരുത്തും; അവർ എല്ലാ മലകളിൽനി​ന്നും കുന്നു​ക​ളിൽനി​ന്നും പാറയി​ടു​ക്കു​ക​ളിൽനി​ന്നും അവരെ വേട്ടയാ​ടി​പ്പി​ടി​ക്കും. . . . ഞാൻ അവരുടെ തെറ്റു​കൾക്കും പാപങ്ങൾക്കും അതേ അളവിൽ മടക്കി​ക്കൊ​ടു​ക്കും.’” പശ്ചാത്താ​പ​മി​ല്ലാത്ത ഇസ്രാ​യേ​ല്യർ സമു​ദ്ര​ത്തി​ലോ വനത്തി​ലോ, എവിടെ പോയി ഒളിച്ചാ​ലും അവർക്കു ബാബി​ലോൺകാ​രു​ടെ കൈയിൽനിന്ന്‌ രക്ഷപ്പെ​ടാൻ കഴിയി​ല്ലാ​യി​രു​ന്നു.​—യിരെ. 16:16, 18.

നാശത്തി​നു ശേഷം ഒരു സന്തോ​ഷ​വാർത്ത

14. യോവേൽ 2:28, 29 എപ്പോ​ഴാ​ണു നിറ​വേ​റി​യത്‌?

14 നാശ​ത്തെ​ക്കു​റിച്ച്‌ പ്രവചി​ച്ച​തി​നു ശേഷം യോവേൽ ഇപ്പോൾ സന്തോ​ഷ​ക​ര​മായ ചില കാര്യങ്ങൾ പറയുന്നു. ദേശം വീണ്ടും ധാരാളം വിളവ്‌ തരും എന്നതാണ്‌ അതി​ലൊന്ന്‌. (യോവേ. 2:23-26) കുറെ കാലം കഴിഞ്ഞ്‌ ആത്മീയാ​ഹാ​രം സമൃദ്ധ​മാ​യി ലഭിക്കാൻ തുടങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും യോവേൽ പ്രവച​ന​ത്തിൽ കാണാം. അതെക്കു​റിച്ച്‌ യഹോവ പറയുന്നു: “ഞാൻ എല്ലാ തരം ആളുക​ളു​ടെ മേലും എന്റെ ആത്മാവി​നെ പകരും; നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും, . . . അന്ന്‌ എന്റെ ദാസീ​ദാ​സ​ന്മാ​രു​ടെ മേൽപോ​ലും ഞാൻ എന്റെ ആത്മാവി​നെ പകരും.” (യോവേ. 2:28, 29) ഇസ്രാ​യേ​ല്യർ ബാബി​ലോ​ണിൽനിന്ന്‌ സ്വദേ​ശത്ത്‌ മടങ്ങി​യെ​ത്തിയ ഉടനെ യഹോവ തന്റെ ആത്മാവി​നെ പകർന്നില്ല. പകരം, നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​ലാണ്‌ ഇതു സംഭവി​ച്ചത്‌. അതു നമുക്ക്‌ എങ്ങനെ അറിയാം?

15. പ്രവൃ​ത്തി​കൾ 2:16, 17-ൽ കാണു​ന്ന​തു​പോ​ലെ, യോവേൽ 2:28 ഉദ്ധരി​ച്ച​പ്പോൾ പത്രോസ്‌ എന്തു മാറ്റം വരുത്തി, അത്‌ എന്തു സൂചി​പ്പി​ച്ചു?

15 ആ ദിവസം അത്ഭുത​ക​ര​മായ ഒരു സംഭവ​മു​ണ്ടാ​യി. ദൈവ​പ്ര​ചോ​ദി​ത​നാ​യി, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ യോവേൽ 2:28, 29-നെ ആ സംഭവ​വു​മാ​യി ബന്ധപ്പെ​ടു​ത്തി. അന്നേ ദിവസം രാവിലെ ഏകദേശം ഒൻപതു മണിയാ​യ​പ്പോൾ, ചിലർക്ക്‌ അത്ഭുത​ക​ര​മായ വിധത്തിൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന്‌ കിട്ടി. അതു ലഭിച്ചവർ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ “ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ” സംസാ​രി​ക്കാൻ തുടങ്ങി. (പ്രവൃ. 2:11) ആ സാഹച​ര്യ​ത്തിൽ പത്രോസ്‌ യോവേൽ പ്രവച​ന​ത്തി​ലെ ഒരു ഭാഗം ഉദ്ധരിച്ചു. ദൈവാ​ത്മാ​വി​നാൽ പ്രചോ​ദി​ത​നാ​യി, ആ ഭാഗത്തെ ചില വാക്കു​കൾക്കു പകരം വേറെ ചില വാക്കു​ക​ളാ​ണു പത്രോസ്‌ ഉപയോ​ഗി​ച്ചത്‌. അദ്ദേഹം വരുത്തിയ മാറ്റം നിങ്ങൾ ശ്രദ്ധി​ച്ചോ? (പ്രവൃ​ത്തി​കൾ 2:16, 17 വായി​ക്കുക.) “അതിനു ശേഷം” എന്നു പറഞ്ഞ്‌ തുടങ്ങു​ന്ന​തി​നു പകരം പത്രോസ്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “അവസാ​ന​കാ​ലത്ത്‌” “എല്ലാ തരം ആളുക​ളു​ടെ മേലും” ദൈവാ​ത്മാവ്‌ പകര​പ്പെ​ടും. ഇവിടെ ജൂതവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തെ​ക്കു​റി​ച്ചാ​ണു പത്രോസ്‌ പറയു​ന്നത്‌. യോവേൽ 2:28, 29-ലെ പ്രവചനം കുറെ കാലം കഴിഞ്ഞാ​ണു നിറ​വേ​റി​യ​തെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.

16. ഒന്നാം നൂറ്റാ​ണ്ടി​ലെ​യും ഇക്കാല​ത്തെ​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ മേൽ പരിശു​ദ്ധാ​ത്മാ​വി​ന്റെ സ്വാധീ​നം എന്താണ്‌?

16 ഒന്നാം നൂറ്റാ​ണ്ടിൽ ദൈവം തന്റെ ആത്മാവി​നെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മേൽ പകർന്ന​തി​നു ശേഷം അവർ വിപു​ല​മായ വിധത്തിൽ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി. ഏകദേശം എ.ഡി. 61-ൽ പൗലോസ്‌ കൊ​ലോ​സ്യർക്കുള്ള കത്ത്‌ എഴുതിയ സമയമാ​യ​പ്പോ​ഴേ​ക്കും സന്തോ​ഷ​വാർത്ത “ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയി​ലും” എത്തി​യെന്നു പൗലോ​സി​നു പറയാൻ കഴിഞ്ഞു. (കൊലോ. 1:23) പൗലോ​സി​നും മറ്റുള്ള​വർക്കും എത്തി​പ്പെ​ടാൻ കഴിയുന്ന ലോക​ത്തി​ന്റെ ഭാഗങ്ങ​ളെ​യാണ്‌ ‘എല്ലാ സൃഷ്ടി​ക​ളും’ എന്നതു​കൊണ്ട്‌ പൗലോസ്‌ ഉദ്ദേശി​ച്ചത്‌. ഇക്കാലത്ത്‌, യഹോ​വ​യു​ടെ ശക്തമായ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ പ്രസം​ഗ​പ്ര​വർത്തനം മുമ്പെ​ന്ന​ത്തെ​ക്കാ​ളും വ്യാപി​ച്ചി​രി​ക്കു​ന്നു. അതെ, സന്തോ​ഷ​വാർത്ത “ഭൂമി​യു​ടെ അറ്റംവരെ” എത്തിയി​രി​ക്കു​ന്നു.​—പ്രവൃ. 13:47; “ ഞാൻ . . . എന്റെ ആത്മാവി​നെ പകരും” എന്ന ചതുരം കാണുക.

മാറ്റം എന്താണ്‌?

17. വെട്ടു​ക്കി​ളി​യെ​ക്കു​റിച്ച്‌ പറയുന്ന യോവേൽ പ്രവച​ന​ത്തെ​പ്പ​റ്റി​യുള്ള നമ്മുടെ ഗ്രാഹ്യ​ത്തിന്‌ എന്തു മാറ്റമാണ്‌ വന്നത്‌?

17 എന്തിനാ​ണു മാറ്റം വന്നത്‌? നമുക്ക്‌ ഇപ്പോൾ യോവേൽ 2:7-9-ലെ പ്രവച​ന​ഭാ​ഗ​ത്തി​നു കുറെ​ക്കൂ​ടി കൃത്യ​മായ ഗ്രാഹ്യം ലഭിച്ചു. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, ഈ വാക്യങ്ങൾ തീക്ഷ്‌ണ​ത​യോ​ടെ​യുള്ള നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെയല്ല, പകരം ബി.സി. 607-ൽ ബാബി​ലോൺ സൈന്യം യരുശ​ലേം ആക്രമി​ച്ച​തി​നെ​യാ​ണു പരാമർശി​ക്കു​ന്നത്‌.

18. യഹോ​വ​യു​ടെ ജനം ചെയ്യുന്ന ഏതു കാര്യ​ത്തി​നു മാറ്റം വന്നിട്ടില്ല?

18 പ്രവച​ന​ത്തി​ന്റെ ഗ്രാഹ്യ​ത്തിൽ മാറ്റം വന്നെങ്കി​ലും യഹോ​വ​യു​ടെ ജനം സാധ്യ​മായ എല്ലാ മാർഗ​ങ്ങ​ളും ഉപയോ​ഗിച്ച്‌ സന്തോ​ഷ​വാർത്ത എല്ലായി​ട​ത്തും പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അതിന്‌ ഒരു മാറ്റവും വന്നിട്ടില്ല. (മത്താ. 24:14) ഗവൺമെ​ന്റു​കൾ എന്തെല്ലാം നിയ​ന്ത്ര​ണങ്ങൾ കൊണ്ടു​വ​ന്നാ​ലും പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ നിയമനം തടയാൻ അതി​നൊ​ന്നും കഴിയില്ല. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ നമ്മൾ ധൈര്യ​ത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു, മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഉത്സാഹ​ത്തോ​ടെ ഈ നിയമനം ചെയ്യുന്നു. അതേസ​മയം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കാ​നുള്ള സഹായ​ത്തി​നാ​യി നമ്മൾ താഴ്‌മ​യോ​ടെ യഹോ​വ​യി​ലേക്കു നോക്കു​ന്നു. കൃത്യ​മായ സമയത്ത്‌ “സത്യം മുഴു​വ​നാ​യി മനസ്സി​ലാ​കും” എന്നു നമുക്ക്‌ ഉറപ്പുണ്ട്‌.​—യോഹ. 16:13.

ഗീതം 97 ജീവന്‌ ആധാരം ദൈവ​വ​ച​നം

^ ഖ. 5 യോവേൽ 1, 2 അധ്യാ​യ​ങ്ങ​ളി​ലെ പ്രവചനം ആധുനി​ക​കാ​ലത്തെ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റി​ച്ചാ​ണു മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തെന്നു വർഷങ്ങ​ളാ​യി നമ്മൾ കരുതി​യി​രു​ന്നു. എന്നാൽ പ്രവച​ന​ത്തി​ന്റെ ഈ ഭാഗ​ത്തെ​പ്പറ്റി നമ്മൾ മനസ്സി​ലാ​ക്കി​യി​രുന്ന കാര്യ​ങ്ങൾക്ക്‌ ഒരു മാറ്റം ആവശ്യ​മാ​ണെന്നു കാണുന്നു. എന്തു​കൊണ്ട്‌? അതിനു നാലു കാരണ​ങ്ങ​ളുണ്ട്‌. എന്തൊ​ക്കെ​യാണ്‌ അവ?

^ ഖ. 3 2009 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “സൃഷ്ടികൾ യഹോ​വ​യു​ടെ ജ്ഞാനം വിളി​ച്ചോ​തു​ന്നു” എന്ന ലേഖന​ത്തി​ലെ 14-16 ഖണ്ഡികകൾ കാണുക.