വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!

ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യം

ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യം

മനുഷ്യർ മറ്റു സൃഷ്ടി​ക​ളിൽനിന്ന് വ്യത്യസ്‌തരാണ്‌​—നമുക്ക് എഴുതാ​നും വരയ്‌ക്കാ​നും നിർമി​ക്കാ​നും കഴിയും. കൂടാതെ, ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട പല ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാ​നും കഴിയും. ഉദാഹ​ര​ണ​ത്തിന്‌, എന്തിനാണ്‌ ഈ പ്രപഞ്ചം? നമ്മൾ ഇവിടെ എങ്ങനെ വന്നു? ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യം എന്താണ്‌? നമ്മുടെ ഭാവി എന്താണ്‌? ഇതു​പോ​ലെ പലതും.

ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടുപി​ടി​ക്കാൻ ചില ആളുകൾ ശ്രമി​ക്കു​ന്നില്ല. കാരണം ഉത്തരങ്ങൾ കണ്ടെത്തുക വളരെ ബുദ്ധി​മു​ട്ടാ​ണെന്ന് അവർ കരുതു​ന്നു. മറ്റു ചിലർ ഇത്തരം ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തിൽ കഴമ്പി​ല്ലെന്നു വിശ്വ​സി​ക്കു​ന്ന​വ​രാണ്‌. കാരണം ജീവൻ പരിണാ​മ​ത്തി​ലൂ​ടെ​യാ​ണ​ല്ലോ വന്നതെന്ന് അവർ പറയുന്നു. “ദൈവ​ങ്ങ​ളില്ല, ഉദ്ദേശ്യ​ങ്ങ​ളില്ല . . . യഥാർഥ​ത്തിൽ മൂല്യ​ങ്ങൾക്ക് അടിസ്ഥാ​ന​മില്ല, ജീവി​ത​ത്തിന്‌ പ്രത്യേ​കിച്ച് ഒരു അർഥവും ഇല്ല.” ഇങ്ങനെ​യാണ്‌ ജീവശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചും ചരി​ത്ര​ത്തെ​ക്കു​റി​ച്ചും പഠിപ്പി​ക്കുന്ന പ്രൊ​ഫ​സ​റായ വില്യം പ്രൊ​വൈൻ അവകാ​ശ​പ്പെ​ടു​ന്നത്‌.

എന്നാൽ മറ്റു ചിലർ മേൽപ്പറഞ്ഞ അഭി​പ്രാ​യ​ത്തോ​ടു യോജി​ക്കു​ന്നില്ല. അവർ പ്രപഞ്ചത്തെ വളരെ കൃത്യ​വും ലളിത​വും ശാസ്‌ത്രീ​യ​വും ആയ നിയമ​ങ്ങ​ളാൽ നിയ​ന്ത്രി​ക്ക​പ്പെ​ടുന്ന ഒന്നായാണ്‌ വീക്ഷി​ക്കു​ന്നത്‌. പ്രകൃ​തി​യി​ലെ വിസ്‌മയം ജനിപ്പി​ക്കുന്ന രൂപക​ല്‌പ​ന​ക​ളിൽ അവർ അത്ഭുത​പ്പെ​ടു​ന്നു. അവയിൽ ചിലത്‌ പകർത്തി​ക്കൊണ്ട് മനുഷ്യർ പലപല വസ്‌തു​ക്കൾ നിർമി​ക്കു​ക​പോ​ലും ചെയ്യുന്നു. ഇതെല്ലാം അവരെ ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌ സങ്കീർണ​മായ രൂപക​ല്‌പ​ന​കൾക്കു പിന്നിൽ ബുദ്ധി​ശ​ക്തി​യുള്ള ഒരു നിർമാ​താവ്‌ ഉണ്ടെന്നാണ്‌. ഇവയെ​ല്ലാം താനേ ഉണ്ടാ​യെന്ന് അവർ വിശ്വ​സി​ക്കു​ന്നില്ല.

ഈ ചിന്ത ചില പരിണാ​മ​വാ​ദി​കളെ അവരുടെ വിശ്വാ​സങ്ങൾ ഒന്നുകൂ​ടി മനസ്സി​രു​ത്തി പരി​ശോ​ധി​ക്കാൻ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. പിൻവ​രുന്ന രണ്ട് ഉദാഹ​ര​ണങ്ങൾ വായി​ക്കുക:

നാഡീ​ശ​സ്‌ത്ര​ക്രി​യാ വിദഗ്‌ധൻ ഡോ. അലക്‌സി മർനോവ്‌. അദ്ദേഹം പറയുന്നു: “ഞാൻ പഠിച്ച സ്‌കൂ​ളു​ക​ളി​ലെ​ല്ലാം നിരീ​ശ്വ​ര​വാ​ദ​വും പരിണാ​മ​വാ​ദ​വും പഠിപ്പി​ച്ചി​രു​ന്നു. ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വരെ വിവര​മി​ല്ലാ​ത്ത​വ​രാ​യാണ്‌ കണ്ടിരു​ന്നത്‌.” എന്നാൽ 1990-കളിൽ, അദ്ദേഹ​ത്തി​ന്‍റെ ചിന്താ​ഗ​തി​ക്കു മാറ്റം വരാൻതു​ടങ്ങി.

അദ്ദേഹം വിശദീ​ക​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “കാര്യ​ങ്ങൾക്കു പിന്നി​ലുള്ള യുക്തി മനസ്സി​ലാ​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമിച്ചു. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​മ​സ്‌തി​ഷ്‌ക​ത്തി​ന്‍റെ കാര്യം. ഈ പ്രപഞ്ച​ത്തിൽവെച്ച് ഏറ്റവും സങ്കീർണ​മായ ഘടനയുള്ള ഒരു അവയവ​മാണ്‌ ഇത്‌. ഒരുപാട്‌ ജ്ഞാനവും വൈദ​ഗ്‌ധ്യ​വും ഒക്കെ നേടാൻ പ്രാപ്‌തി​യുള്ള മനുഷ്യ​മ​സ്‌തി​ഷ്‌കം മരണ​ത്തോ​ടെ നശിച്ചു​പോ​കു​ന്ന​തിന്‌ വേണ്ടി​യാ​ണോ രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നത്‌? ഇത്‌ യുക്തിക്കു നിരക്കു​ന്നതല്ല. ഇത്‌ എന്‍റെ മനസ്സി​ലേക്കു ചില ചോദ്യ​ങ്ങൾ കൊണ്ടു​വന്നു: ‘നമ്മൾ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്? ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യം എന്താണ്‌?’ ഇതെക്കു​റി​ച്ചൊ​ക്കെ ആഴത്തിൽ ചിന്തി​ച്ച​പ്പോൾ എനിക്ക് ഒരു കാര്യം മനസ്സി​ലാ​യി, ഒരു സ്രഷ്ടാ​വു​ണ്ടെന്ന്.”

ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് അറിയാ​നുള്ള ആഗ്രഹം അലക്‌സി​യെ ബൈബിൾ പരി​ശോ​ധി​ക്കാൻ പ്രേരി​പ്പി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ ഭാര്യ ഒരു ഡോക്‌ട​റാ​യി​രു​ന്നു. നിരീ​ശ്വ​ര​വാ​ദി​യായ അവർ പിന്നീട്‌ ബൈബിൾ പഠിച്ചു. ഭർത്താ​വി​ന്‍റെ വിശ്വാ​സത്തെ ഖണ്ഡിക്കാൻവേ​ണ്ടി​യാ​യി​രു​ന്നു പഠനം തുടങ്ങി​യത്‌! എന്നാൽ ഇപ്പോൾ അവർ ഇരുവ​രും ദൈവ​ത്തിൽ ശക്തമായി വിശ്വ​സി​ക്കു​ന്നു. മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം അവർ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് മനസ്സി​ലാ​ക്കി.

പ്ലാസ്‌മ ശാസ്‌ത്രജ്ഞൻ ഡോ. ഹ്വാബി യിൻ. ഭൗതി​ക​ശാ​സ്‌ത്ര​ത്തെ​ക്കു​റിച്ച് പഠിച്ച ഹ്വാബി യിൻ വർഷങ്ങ​ളോ​ളം പ്ലാസ്‌മ​യെ​ക്കു​റിച്ച് ഗവേഷണം ചെയ്‌തു. എന്താണ്‌ പ്ലാസ്‌മ? ദ്രവ്യ​ത്തി​ന്‍റെ നാലാ​മത്തെ അവസ്ഥയാണ്‌ പ്ലാസ്‌മ എന്നു കരുത​പ്പെ​ടു​ന്നു. സൂര്യന്‍റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ധാരാളം ഇലക്‌​ട്രോ​ണു​ക​ളും പോസി​റ്റീവ്‌ അയോ​ണു​ക​ളും ഉള്ള ഒരു അവസ്ഥയാണ്‌ ഇത്‌.

ഹ്വാബി പറയുന്നു: “പ്രകൃ​തി​യി​ലെ പ്രതി​ഭാ​സ​ങ്ങ​ളെ​ക്കു​റിച്ച് പഠിക്കു​മ്പോ​ഴെ​ല്ലാം, അതിൽ അതി​ശ്രേ​ഷ്‌ഠ​മായ അടുക്കും ചിട്ടയും കാണുന്നു. അതിനു കാരണം അതീവ കൃത്യ​ത​യുള്ള നിയമ​ങ്ങ​ളാണ്‌. ‘എങ്ങനെ​യാണ്‌ ഈ നിയമങ്ങൾ ഉണ്ടായത്‌’ എന്നു ഞാൻ ചിന്തി​ച്ചി​ട്ടുണ്ട്. ‘അടുപ്പിൽ പുകയുന്ന തീ പോലും ശ്രദ്ധാ​പൂർവം നിയ​ന്ത്രി​ക്കേ​ണ്ട​തുണ്ട്. അങ്ങനെ​യെ​ങ്കിൽ സൂര്യനെ നിയ​ന്ത്രി​ക്കുന്ന നിയമങ്ങൾ ഉണ്ടാക്കി​യത്‌ ആരായി​രി​ക്കും?’ പിന്നീ​ടാണ്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ആദ്യത്തെ വാചകം അതിനുള്ള കൃത്യ​മായ ഉത്തരം തരു​ന്നെന്ന് ഞാൻ മനസ്സി​ലാ​ക്കി​യത്‌: ‘ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.’”​—ഉൽപത്തി 1:1.

‘എങ്ങനെ’ എന്ന ചോദ്യ​ത്തിന്‌ ശാസ്‌ത്രം ഉത്തരം നൽകി​യി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​മ​സ്‌തി​ഷ്‌ക​ത്തി​ലെ കോശങ്ങൾ പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌, സൂര്യൻ ചൂടും പ്രകാ​ശ​വും ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നീ ചോദ്യ​ങ്ങൾക്ക്. എന്നാൽ ബൈബിൾ ‘എന്തിന്‌’ എന്ന കൂടുതൽ പ്രധാ​ന​പ്പെട്ട ചോദ്യ​ത്തിന്‌ ഉത്തരം തരു​ന്നെന്ന് അലക്‌സി​യും ഹ്വാബി​യും മനസ്സി​ലാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, എന്തിനാണ്‌ ഈ പ്രപഞ്ചം, എന്തിനാണ്‌ അതിനു നിയമങ്ങൾ വെച്ചി​രി​ക്കു​ന്നത്‌, എന്തിനാണ്‌ നമ്മൾ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്നിങ്ങ​നെ​യുള്ള ചോദ്യ​ങ്ങൾക്ക്.

ഭൂമി​യെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നത്‌: “ദൈവം, ഭൂമിയെ വെറുതേ സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസി​ക്കാൻ ഉണ്ടാക്കി” എന്നാണ്‌. (യശയ്യ 45:18) ദൈവ​ത്തിന്‌ ഭൂമി​യെ​ക്കു​റിച്ച് ഒരു ഉദ്ദേശ്യ​മുണ്ട്. അതിൽ നമ്മുടെ ഭാവി​യും ഉൾപ്പെ​ട്ടി​ട്ടുണ്ട്. അതെക്കു​റി​ച്ചാണ്‌ അടുത്ത ലേഖനം വിവരി​ക്കു​ന്നത്‌.