ജീവിതത്തിന്റെ അർഥം എന്താണ്?
ബൈബിളിന്റെ ഉത്തരം
ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് പല ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം. നമ്മൾ ഇവിടെ ആയിരിക്കുന്നത് എന്തിനാണ്, എന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. ദൈവവുമായി ഒരു സൗഹൃദം വളർത്തിയെടുക്കുക എന്നതാണ് ജീവിതത്തിന്റെ ഉദ്ദേശ്യം എന്നു ബൈബിൾ പറയുന്നു. ബൈബിൾ വെളിപ്പെടുത്തുന്ന പിൻവരുന്ന ചില അടിസ്ഥാനസത്യങ്ങൾ ചിന്തിക്കുക.
ദൈവം നമ്മുടെ സ്രഷ്ടാവാണ്. ബൈബിൾ പറയുന്നു: “ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.”—സങ്കീർത്തനം 100:3; വെളിപാട് 4:11.
നമ്മളെ ഉൾപ്പെടെ, എല്ലാം സൃഷ്ടിച്ചതിനു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട്.—യശയ്യ 45:18.
‘ആത്മീയകാര്യങ്ങൾക്കായി ദാഹം’ തോന്നുന്ന വിധത്തിലാണ് ദൈവം നമ്മളെ സൃഷ്ടിച്ചത്. അതിൽ ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള ആഗ്രഹവും ഉൾപ്പെടുന്നു. (മത്തായി 5:3) നമ്മൾ ആ ആഗ്രഹം തൃപ്തിപ്പെടുത്തണമെന്നു ദൈവം ആഗ്രഹിക്കുന്നു.—സങ്കീർത്തനം 145:16.
ദൈവവുമായി ഒരു സൗഹൃദം വളർത്തിയെടുത്തുകൊണ്ടാണ് ആത്മീയകാര്യങ്ങൾക്കായുള്ള ആ ദാഹം നമ്മൾ തൃപ്തിപ്പെടുത്തുന്നത്. ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കുക എന്ന ആശയംതന്നെ പലർക്കും ഒരു അസാധ്യകാര്യമായാണ് തോന്നുന്നത്. എന്നാൽ ബൈബിൾ നൽകുന്ന പ്രോത്സാഹനം ഇതാണ്: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.”—യാക്കോബ് 4:8; 2:23.
ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരുന്നതിന് നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നമ്മൾ ജീവിക്കണം. സഭാപ്രസംഗകൻ 12:13-ൽ ആ ഉദ്ദേശ്യത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “സത്യദൈവത്തെ ഭയപ്പെട്ട് ദൈവകല്പനകൾ അനുസരിക്കുക. മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.”
ഭാവിയിൽ, ദൈവം ദുരിതങ്ങളെല്ലാം നീക്കി തന്നെ ആരാധിക്കുന്ന തന്റെ സുഹൃത്തുക്കൾക്ക് നിത്യമായി ജീവിക്കാനുള്ള പദവി നൽകും. അപ്പോഴായിരിക്കും നമ്മളെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ശരിക്കുമുള്ള ഉദ്ദേശ്യം എന്താണെന്നു പൂർണമായി നമ്മൾ അനുഭവിച്ചറിയുന്നത്.—സങ്കീർത്തനം 37:10, 11.